ദക്ഷിണാഫ്രിക്കയിലെ പ്രതിസന്ധി
തുടർന്നു വരുന്ന മൂന്നു ലേഖനങ്ങളിൽ ദക്ഷിണാഫ്രിക്കയിലെ “ഉണരുക!” ലേഖകൻ, പ്രതിസന്ധിയും അതിന്റെ പ്രതിവിധിയും വിചിന്തനം ചെയ്യുന്നു
“ഉപ നഗരത്തിലെ ലഹളയിൽ 26 പേർ കൊല്ലപ്പെട്ടു.” “മിശ്ര വികാരങ്ങളാൽ അസ്വസ്ഥതയ്ക്കിരയായിത്തീർന്ന 15 പേർ സംസ്ക്കരിക്കപ്പെട്ടു.” “വ്യാപകമായ അക്രമം തുടരുന്നു.” “ദക്ഷിണാഫ്രിക്കയിലെ 10 ദിവസത്തെ മിന്നൽ ബോംബാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു.” ദൈനംദിനമുള്ള മുഖ്യശീർഷകങ്ങളും പത്രവാർത്തകളും രൗദ്രമായ ദുഃഖകഥകൾ പറയുന്നു. ഒരു വിവരണക്കാരൻ പറഞ്ഞപ്രകാരം: “ദക്ഷിണാഫ്രിക്ക ആന്തരികമായും ബാഹ്യമായും അതിന്റെ ചരിത്രത്തിലെ ഏറ്റവും വഷളായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു.”
ലോകവിസ്തൃതമായി ദശലക്ഷക്കണക്കിന് വീടുകളിലേക്കു ഉജ്ജ്വലമായ ചിത്രങ്ങളും വാർത്തകളും പരക്കുന്നു. അതിന്റെ ഫലമായി ദക്ഷിണാഫ്രിക്ക മുഴുവനും പരിപൂർണ്ണമായ കുഴപ്പത്തിലാണെന്നു അനേകരും ചിന്തിക്കുന്നു. എന്നാൽ ഇതു സത്യമല്ല. വെള്ളക്കാരുടെ മിക്ക പ്രദേശങ്ങളിലും കറുത്തവർഗ്ഗക്കാരുടെ ഗ്രാമപ്രദേശങ്ങളിലും ജീവിതം സാധാരണഗതിയിൽ പോകുന്നു.
എന്നിരുന്നാലും ചില കറുത്തവർഗ്ഗക്കാരുടെ ഉപനഗരങ്ങളിൽ ഭയാനക സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കറുത്തവർഗ്ഗത്തിലെ ഒരു ചെറുപ്പക്കാരിയെ പോലീസിനു വിവരം നൽകുന്നവൾ എന്ന കുറ്റംചുമത്തി തൊഴിക്കുകയും ചവിട്ടുകയും ജീവനോടെ ദഹിപ്പിക്കയും ചെയ്യുന്ന കാഴ്ച ടീ.വി. വീക്ഷിക്കുന്ന അനേകരെയും ഭയവിഹ്വലരാക്കി. മിക്കപ്പോഴും ജനക്കൂട്ടത്തിന്റെ രോഷം സർക്കാർ ജോലിക്കാർക്കും സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുന്നവർക്കും എതിരെ തിരിച്ചു വിടുന്നു. കറുത്ത പോലീസുകാരെ വധിക്കുകയും അവരിൽ നൂറുകണക്കിനുപേരുടെ വീടുകൾ കത്തിക്കുകയോ കേടുവരുത്തുകയോ ചെയ്യുകയും ചെയ്യുന്നു.
വിപ്ലവകാരികളിൽ ഭൂരിപക്ഷവും കൗമാരപ്രായക്കാരോ അതിലും ചെറുപ്രായക്കാർപോലുമോ ആണ്. അവരെ സംബന്ധിച്ച് അക്രമം ഒരു ജീവിതചര്യയായിത്തീർന്നിരിക്കുന്നു. കൂടാതെ, അസ്വസ്ഥതയെ, അക്രമികൾ നിരപരാധികളായ ആളുകളെ ആക്രമിക്കുന്നതിനും കൊള്ളയിടുന്നതിനും പ്രയോജനപ്പെടുത്തുന്നു.
അസ്വസ്ഥത ദക്ഷിണാഫ്രിക്കയുടെ സാമ്പത്തികാവസ്ഥയെ ബാധിച്ചിരിക്കുന്നു. പ്രാദേശിക പണത്തിനു ഗൗരവമായ മൂല്യത്തകർച്ച ഭവിച്ചിരിക്കുന്നു. അനേകം വ്യാപാരസ്ഥാപനങ്ങളും അടച്ചിടേണ്ടി വരികയും അതിന്റെ ഫലമായി തൊഴിലില്ലായ്മക്കിടയാക്കുകയും ചെയ്യുന്നു. ദക്ഷിണാഫ്രിക്കയുടെ അന്തർദ്ദേശീയ ബഹുമതിശോഷിച്ചിരിക്കുന്നു. നിക്ഷേപം പിൻവലിക്കലിന്റെയും പിഴ ഈടാക്കലിന്റെയും ഭീഷണി എന്നത്തേതിലുമുപരി പ്രകടമായിരിക്കുന്നു.
ഇത് തങ്ങളുടെ സമ്പദ്ഘടന, ദക്ഷിണാഫ്രിക്കയെ കാര്യമായി ആശ്രയിച്ചിരിക്കുന്ന അയൽ രാജ്യങ്ങളെ—സ്വാസിലാൻഡ്, ബോട്ട്സ്വാനാ, ലെസോതോ, തെക്കുപടിഞ്ഞാറെ ആഫ്രിക്ക⁄നമീബിയാ—യും ബാധിക്കുന്നു. എന്തുകൊണ്ടെന്നാൽ അനേക വർഷങ്ങളായി കഠോരമായ ആഭ്യന്തര കലഹത്താൽ രണ്ടു വലിയ അയൽരാജ്യങ്ങളായ മൊസാംബിക്കിന്റെയും അംഗോളയുടെയും സമ്പദ്ഘടന ദുസ്സഹമായി തകരുകയും അതുമൂലം ദക്ഷിണാഫ്രിക്കയേക്കാൾ ഗൗരവതരമായി പ്രതിസന്ധിയാൽ പ്രയാസപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.
ദക്തിണാഫ്രിക്ക, സമൃദ്ധമായ പ്രകൃതി വിഭവങ്ങളാൽ—നല്ലകൃഷിഭൂമി, സ്വർണ്ണം, രത്നങ്ങൾ, കൽക്കരി, ചെമ്പ്, മറ്റനേക വിലയേറിയ ധാതുക്കൾ എന്നിവയാൽ—സമ്പന്നമായി മനോഹരമായ ഒരു രാജ്യമാണ്. അവിടത്തെ വിവിധ ജനസമുദായ കൂട്ടങ്ങളിൽ—കറുത്തവർ, വെളുത്തവർ, മിശ്രവർഗ്ഗക്കാർ, ഇൻഡ്യാക്കാർ—അനേകം നല്ലവരായ ദയയുള്ള ആളുകൾ ഉണ്ട്.
കൂടാതെ, ദക്ഷിണാഫ്രിക്ക ഒരു വലിയ മതഭക്തിയുള്ള രാജ്യമാണ്. വെളുത്തവരോ കറുത്തവരോ ആയാലും മിക്ക ആളുകളും ദൈവത്തിൽ വിശ്വസിക്കുന്നു. എന്നിരുന്നാലും ആ രാജ്യം ഭയാനകമായി ശിഥിലമാക്കപ്പെട്ടിരിക്കുന്നു. മതത്തെ ഭാഗികമായി കുറ്റപ്പെടുത്താമോ? ഈ വൈഷമ്യം നിറഞ്ഞ അവസ്ഥ കൈവരുത്തിയതെന്താണ്? അതിലെല്ലാം പ്രമുഖമായി ഒരു പരിഹാരമുണ്ടോ? (g86 7/22)