അസ്വസ്ഥതയിൻ മദ്ധ്യേ സമാധാനവും, ഐക്യവും, സ്നേഹവും
കറുത്തവരും വെളുത്തവരും ഇൻഡ്യക്കാരും, സങ്കരവർഗ്ഗക്കാരും ഇതര രാജ്യങ്ങളിലെ സന്ദർശകരും വർണ്ണവിവേചനത്തിന്റെ നാടായ ദക്ഷിണാഫ്രിക്കയിൽ ഒത്തൊരുമിച്ച് ക്രിസ്തീയ കൂട്ടായ്മ ആസ്വദിച്ചുകൊണ്ടിരിക്കുന്നു! ഏതാനും മണിക്കൂറുകൾ നേരത്തേക്കോ? അല്ല, നാലു ദിവസങ്ങളായി. എത്രപേർ—ഏതാനും ശതങ്ങളോ? അല്ല, 77,000-ത്തിലധികം! എവിടെ? 1985 ഡിസംബർ 26-29 വരെ ജോഹന്നസ്ബർഗിലും ഡർബാനിലും നടന്ന രണ്ടു പ്രത്യേക കൺവെൻഷനുകളിൽ വെച്ച് അത് പുളകപ്രദമായ ഒരു അവിസ്മരണീയ അനുഭവമായിരുന്നു.
അത് “നിർമ്മലതാപാലകർ” എന്ന വിഷയം പ്രതിപാദിച്ച് നടത്തപ്പെട്ട യഹോവയുടെ സാക്ഷികളുടെ പ്രത്യേക കൺവെൻഷനുകളുടെ ഒരു ലോകവ്യാപക ശൃംഖലയുടെ ഭാഗമായിരുന്നു. ശതസഹസ്രക്കണക്കിനായി അവർ ട്രെയിനിലും ബസ്സിലും കാറിലും വിമാനത്തിലുമായി ദക്ഷിണാഫ്രിക്കയുടെ സകല ഭാഗങ്ങളിൽനിന്നും, ലിസോത്തോ, സ്വാസിലാൻറ്, നമീബിയ, ബോട്സ്വാനാ, സാംബിയ, സിംബാബ്വേ എന്നിവിടങ്ങളിൽനിന്നും സംഘർഷപ്രദേശമായ മൊസാംബിക്കിൽ നിന്നുപോലും ഈ രണ്ടു കേന്ദ്രങ്ങളിലേക്ക് പ്രവഹിക്കുകയുണ്ടായി.
ശതക്കണക്കിനാളുകളും യൂറോപ്പിൽനിന്നും ഐക്യനാടുകളിൽനിന്നും, ജപ്പാനിൽ നിന്നും, അറ്റ്ലാൻറിക്കിലെ ചെറുദ്വീപായ സെയിന്റ് ഹെലെനായിൽനിന്നും വന്നുചേർന്നു. അങ്ങനെ മൊത്തം 24 രാജ്യങ്ങൾ. അവരുടെ വരവിങ്കൽ പ്രാദേശിക സാക്ഷികൾ—കറുത്തവരും വെളുത്തവരും ഇരുണ്ടവരും—അവരെ ഊഷ്മളമായി സ്വാഗതം ചെയ്തു അവരുടെ താമസസ്ഥലങ്ങളിലേയ്ക്ക് ആനയിക്കുകയും ചെയ്തു.
ജോഹന്നസ്ബർഗിൽ കൺവെൻഷൻ നടന്ന സ്ഥലം നാഷണൽ എക്സിബിഷൻ സെൻറർ ആയിരുന്നു. നഗരത്തിന് തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം, രമണീയമായ പുൽത്തകിടികളോടും, മരങ്ങളോടും, ഉല്ലാസവിഹാരത്തിനുള്ള സ്ഥലങ്ങളോടും കൂടിയ എക്സിബിഷൻ ഹോളുകളുടെ ഒരു വിശാലമായ ആധുനിക കോംപ്ലക്സ് ആണ്—ഒരു ബഹുഭാഷാസമൂഹം പങ്കെടുക്കുന്ന ഒരു വലിയ കൺവെൻഷന് അനുയോജ്യമായത്. സുളു, സോത്തോ, സ്വാനാ, ഇംഗ്ലീഷ്, ആഫ്രിക്കൻസ് എന്നിവ സംസാരിക്കുന്ന പ്രതിനിധിസംഘങ്ങൾക്കോരോന്നിനും ഓരോ വലിയ ഹോൾ വീതം ഉണ്ടായിരുന്നു. പോർട്ടുഗീസുകാരും ഗ്രീക്കുകാരും ചെറിയ ഹോളുകൾ ഉപയോഗിച്ചു. എല്ലാവരും ഒരേ പരിപാടി ആസ്വദിച്ചു. പരിപാടിയുടെ സമയത്ത് ഭൂരിഭാഗം പേരും സ്വാഭാവികമായും തങ്ങളുടെ സ്വന്തം ഭാഷാകൂട്ടത്തോടൊത്ത് കൂടിയിരുന്നെങ്കിലും, പരിപാടിക്ക് മുൻപും ഇടയ്ക്കും, പിൻപും എല്ലാ ജാതിക്കാരും ദേശക്കാരും ഊഷ്മള സഹവാസത്തിൽ ആനന്ദം കണ്ടെത്തി.
വെള്ളക്കാരുടെ പ്രദേശങ്ങളിൽ എന്നപോലെ അവിടെ താമസിച്ചിരുന്ന നിരവധി വിദേശ സന്ദർശകർ അവിടെ യാതൊരു അസ്വസ്ഥതയും കാണാഞ്ഞതിൽ അതിശയിക്കുകയുണ്ടായി. ഒരു ജർമ്മൻ പ്രതിനിധി പറയുകയുണ്ടായി: “അത് ഞങ്ങൾ പ്രതീക്ഷിച്ചതിന്റെ നേരെ വിപരീതമായിരുന്നു.” അത്തരം സമാധാനവും ഐക്യവും ആ സമ്മേളനങ്ങളിൽ കാണപ്പെട്ടതിൽ സകലരും സന്തോഷഭരിതരായിരുന്നു. “സർവ്വ വംശങ്ങളും ഒന്നിച്ചിടപഴകുന്നത് ഒന്നു കാണുക,” ജോഹന്നസ്ബർഗ് കൺവെൻഷനിൽ പങ്കെടുത്ത ഒരു യു. എസ്. പ്രതിനിധി പറഞ്ഞു. “ഇതിന്റെ ഒരു ഫിലിം എടുത്ത് അമേരിക്കൻ ടീ. വി. യിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞെങ്കിൽ കൊള്ളായിരുന്നു,” എന്നദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശസ്ത തുറമുഖവും സമുദ്രതീര സങ്കേതവുമായ ഡർബാനിൽവെച്ചായിരുന്നു മറ്റേ കൺവെൻഷൻ നടത്തപ്പെട്ടത്. അത് ധാരാളം ഇൻഡ്യാക്കാർ താമസിക്കുന്നതെങ്കിലും മുഖ്യമായും ഒരു ഇംഗ്ലീഷ് നഗരമാണ്. അസംബ്ലി സ്ഥലം ഡർബാൻ കടൽതീരത്തിനരികെ സ്ഥിതിചെയ്യുന്ന കിംങ്ങ്സ് പാർക്ക് സ്പോട്ട്സ് കോംപ്ലക്സ് ആയിരുന്നു. രണ്ടു സമീപ സ്റ്റേഡിയങ്ങൾ ഉപയോഗിക്കപ്പെട്ടു. ഒന്ന് സുളു സംസാരിക്കുന്ന സാക്ഷികൾക്കുവേണ്ടിയും മറ്റേത് സോസാ (പോൺടോസ് ഉൾപ്പെടെ) സംസാരിക്കുന്നവർക്കും ഇംഗ്ലീഷ് സംസാരിക്കുന്നവർക്കും (ശതക്കണക്കിന് ഇൻഡ്യാക്കാരും കറുത്തവരും ഉൾപ്പെടെ) വേണ്ടിയും ആയിരുന്നു.
സമാധാനവും ഐക്യവും അവിടെയും കളിയാടിയിരുന്നുവോ? കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി 600 കിലോമീറ്റർ (370 മൈ.) സഞ്ചരിച്ച സാക്ഷിയല്ലാത്ത ഒരു സോസാ വനിത പറഞ്ഞു: “ഇവിടെ ദക്ഷിണാഫ്രിക്കയിൽ സർവ്വ വംശക്കാരായ ജനങ്ങൾക്കും ഇത്ര ഐക്യത്തിൽ കഴിയാമെന്നുള്ളത് അതിശയമായിരിക്കുന്നു.” “ഇതു സുന്ദരമായിരിക്കുന്നു. ഇരുണ്ടവരും, ഇൻഡ്യാക്കാരും വെള്ളക്കാരും കറുത്തവരുമായ സകലരും ഒന്നിച്ച് ഇടകലരുന്നത് കാണുന്നത്, ജീവിതത്തെക്കുറിച്ചുള്ള എന്റെ മുഴുവീക്ഷണത്തെയും മാറ്റിയിരിക്കുന്നു,” എന്ന് ഒരു ഇൻഡ്യൻ യുവതി അഭിപ്രായപ്പെടുകയുണ്ടായി.
പ്രശ്നങ്ങൾ തരണം ചെയ്യൽ
വെള്ളക്കാരായ സന്ദർശകരെ ഹോട്ടലുകളിലും വെള്ളക്കാരുടെ പ്രദേശങ്ങളിലും പാർപ്പിക്കുകയെന്നത് താരതമ്യേന എളുപ്പമായിരുന്നു. ആയിരക്കണക്കിന് കറുത്തവർക്ക്, ജോഹന്നസ്ബർഗിന് പടിഞ്ഞാറു സ്ഥിതിചെയ്യുന്ന വലിയ കറുത്ത കോംപ്ലക്സ് ആയ സോവിറ്റോയിൽ പാർപ്പിടസൗകര്യം ഒരുക്കുന്നത് അപ്രകാരമായിരുന്നില്ല. അവിടെ സാഹചര്യം സ്ഫോടനാത്മകമായിരുന്നു. സോവിറ്റോയിലെ സാക്ഷികൾ ഉദാരമായി പ്രതികരിച്ചു. ചില ഭവനങ്ങളിൽ കൺവെൻഷനുവേണ്ടി വന്നു താമസിച്ച 20 സന്ദർശകർവരെയുണ്ടായിരുന്നു. എന്നിരുന്നാലും കൺവെൻഷന്റെ ആദ്യദിവസത്തിന്റെ അവസാനം, ദൂരസ്ഥലങ്ങളിൽനിന്നുള്ള ബസ് ഡ്രൈവർമാർ സോവിറ്റോയിലേക്ക് തങ്ങളുടെ യാത്രക്കാരെ കൊണ്ടുപോകാൻ വിസമ്മതിച്ചു. (ആ കുഴപ്പത്തിൽ നിരവധി ബസുകൾ കത്തിയെരിക്കപ്പെട്ടിരുന്നു) അതുകൊണ്ട് അന്നു രാത്രി പലർക്കും തങ്ങളുടെ ബസുകളിൽ ഉറങ്ങേണ്ടിവന്നു. അവർ യാതൊരു പരാതിയും കൂടാതെ ആ സാഹചര്യത്തെ കൈക്കൊണ്ടു. അടുത്ത രാത്രി ആയപ്പോൾ മറ്റു ക്രമീകരണങ്ങൾ ചെയ്യുകയും എല്ലാവരേയും ഉചിതമായി പാർപ്പിക്കുകയും ചെയ്തു.
ജോഹന്നസ്ബർഗിലെ സാക്ഷികൾ കേപ്പ് ടൗണിൽ നിന്നും അനവധി പേരെ കണ്ടതിൽ ആഹ്ലാദഭരിതരായിരുന്നു. ഈ രണ്ടു നഗരങ്ങൾക്കിടയിൽ ഒന്നു പോയിവരുന്നതിന് 2,864 കിലോമീറ്റർ (1,780 മൈൽ) സഞ്ചരിക്കണം. കറുത്തവരും മിശ്രവർഗ്ഗക്കാരുമായ ചിലർക്ക് വളരെ കുറച്ചു മാത്രമേ വരുമാനമുള്ളു. അവർക്ക് എങ്ങനെ ഇത്തരത്തിൽ ഒരു യാത്ര താങ്ങാൻ കഴിഞ്ഞു? ഒരു മിശ്രജാതി ബസ് കമ്മിറ്റിക്ക്, സാധാരണയുള്ളതിന്റെ പകുതി നിരക്കിൽ 26 ബസുകൾ ക്രമീകരിക്കാൻ കഴിഞ്ഞു. അങ്ങനെയായിരുന്നെങ്കിൽ തന്നെയും, കൺവെൻഷനിൽ പങ്കെടുക്കുന്നതിനുവേണ്ടി കുടുംബഭാരമുള്ള വിധവകളേപ്പോലെയുള്ള ചിലർ അനുഷ്ഠിച്ച ത്യാഗം അത്ഭുതകരമായിരുന്നു. ഐക്യം സംബന്ധിച്ചാണെങ്കിൽ കമ്മിറ്റി ചെയർമാൻ പറഞ്ഞു: “കഴിഞ്ഞ ഏതാനും ആഴ്ചകളിൽ കേപ് ഉപഭൂഖണ്ഡം അസ്വസ്ഥതയാൽ കലുഷിതമായിരുന്നു. എന്നാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം, കറുത്തവരും, മിശ്രവർഗ്ഗക്കാരും വെളുത്തവരുമായ സാക്ഷികൾ പൂർണ്ണമായ യോജിപ്പോടെ ഒരേ ബസിൽ യാത്ര ചെയ്യുകയുണ്ടായി.”
സമാധാനവും സംഘട്ടനവും തമ്മിലുള്ള ഈ വൈരുദ്ധ്യം ഡർബാനിലും പ്രകടമായിരുന്നു. കൺവെൻഷൻ ആരംഭിക്കുന്നതിന്റെ തലേ ദിവസം ഡർബാൻ പ്രദേശത്തിന്റെ ഏതാനും മൈലുകൾ മാത്രം അകലെ സുളുക്കാരും പോണ്ടോക്കാരും തമ്മിൽ ശക്തമായ സംഘട്ടനം നടന്നു. പ്രസ് റിപ്പോട്ടുകൾ ഇപ്രകാരം പ്രസ്താവിച്ചു: “2000 സുളുക്കാരും 3000 പോണ്ടോക്കാരും തമ്മിലുണ്ടായ ഒരു ക്രിസ്തുമസ് ദിന സംഘട്ടനത്തിൽ കുറഞ്ഞത് 58 പേർ മൃതിയടഞ്ഞു.” കൺവെൻഷൻ സ്ഥലത്തിന് അധികം അകലെയല്ലാതെ മറ്റൊരു സംഭവം, കൺവെൻഷൻ സമയത്തുതന്നെ ഉണ്ടായി. കറുത്തവരുടെ ഒരു ജനകൂട്ടം, ഗദായുധരായി വന്ന് ഒരു ബീച്ചിൽ ഉല്ലസിച്ചുകൊണ്ടിരുന്ന ഇൻഡ്യാക്കാരെ ആക്രമിച്ച് സംഘർഷം സൃഷ്ടിക്കുകയുണ്ടായി.
കൺവെൻഷന്റെ ആനന്ദവും രോമാഞ്ചവും
ജോഹന്നസ്ബർഗിൽ തുടക്കം മുതലേയുള്ള ഹാജർ പ്രതീക്ഷകളേക്കാൾ വളരെയധികം കവിഞ്ഞതായിരുന്നു. ഇംഗ്ലീഷ് ഹോളിൽ 6000 ഇരിപ്പിടങ്ങളാണ് ക്രമീകരിച്ചിരുന്നത്, എന്നാൽ, 8,942 പേർ ഹാജരായി. പലരും തങ്ങളുടെ സ്വന്തം മടക്കുകസേരകൾ കൊണ്ടുവന്നു. പ്രഥമദിവസത്തെ, രണ്ടു കൺവെൻഷനുകളുടേയും സംയുക്ത ഹാജർ 59,996 ആയിരുന്നു; സമാപന സെഷന് അത്ഭുതകരമായ 77,830! ആഹാരസേവനവും, തുടക്കത്തിൽ വിപുലമായിരുന്നെങ്കിലും സാധനങ്ങൾ തികയാത്ത അവസ്ഥയിൽ എത്തിച്ചേർന്നു.
എന്നാൽ, ആത്മീയ ഭക്ഷണത്തിന് ഒരു കുറവുമില്ലായിരുന്നു. ആ നല്ല തിരുവെഴുത്ത് പ്രസംഗങ്ങൾ, ഈ ദുഷ്ടനാളുകളിൽ നിർമ്മലത പാലിക്കുന്നതിനുള്ള ഗൗരവവും ഹൃദയത്തിലേക്ക് കടന്നുചെല്ലുന്നതുമായ ഉത്ബോധനം, ചെറുപ്പക്കാർക്കുവേണ്ടിയുള്ള പ്രത്യേക ബുദ്ധിയുപദേശം, അനേകരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുക്കിയ രോമാഞ്ചജനകമായ നാടകങ്ങൾ, എല്ലാം തന്നെ ആഴമായി വിലമതിക്കപ്പെട്ടു.
ഇതര രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളെ കണ്ടുമുട്ടുകയും ശ്രദ്ധിക്കുകയും ചെയ്യുക എന്നത് സകല വംശീയ കൂട്ടങ്ങൾക്കും രോമാഞ്ചജനകമായിരുന്നു. നാട്ടിലുള്ള അവരുടെ സഹോദരങ്ങളിൽ നിന്നുള്ള സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ ഉത്സാഹഭരിതരുമായ കരഘോഷത്തോടെ സ്വീകരിക്കപ്പെട്ടു. രണ്ടു കൺവെൻഷനുകളിലും സംബന്ധിച്ച യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗങ്ങൾ നിർവ്വഹിച്ച ആത്മനിർഭരമായ പ്രസംഗങ്ങൾ എല്ലാവർക്കും ആഹ്ലാദകരമായിരുന്നു. പിന്നീട് പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനമുണ്ടായിരുന്നു. അത് പുളകത്തിനു പുറകെ പുളകമായിരുന്നു!
സ്നാനം യഥാർത്ഥത്തിൽ മുന്തിനിൽക്കുന്ന ഒന്നായിരുന്നു. ജോഹന്നസ് ബർഗിൽ മുൻകാല ഫലങ്ങളുടെ വെളിച്ചത്തിൽ കണക്കാക്കിയതനുസരിച്ച് ഏതാണ്ട് 400 പേർ നിമജ്ഞനം ചെയ്യപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ, പകരം, 921 പുതിയ സാക്ഷികൾ സ്നാനത്താൽ യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണം ലക്ഷ്യമാക്കി. അവർക്കും, ഈ ബഹുജാതി സ്നാനത്തിന് സാക്ഷ്യം വഹിച്ച വലിയ പുരുഷാരത്തിനും ഇത് അവർ ഒരിക്കലും വിസ്മരിക്കാത്ത ഒരു അനുഭവമായിരുന്നു. ഒരു സംഘം കറുത്തസാക്ഷികൾ പൊടുന്നനെ ഒരുമയോടുകൂടി രാജ്യഗീതങ്ങൾ ആലപിച്ചത് സന്ദർഭത്തിന് കൂടുതൽ പകിട്ടേകി. രണ്ടു കൺവെൻഷനുകളിലുമായി മൊത്തം സ്നാനപ്പെട്ടത് 1,363 പേർ ആയിരുന്നു.
വിലമതിപ്പും കൃതജ്ഞതയും
ജാതിഭേദമെന്യെ സ്വതന്ത്രമായി ഇടകലരാനുള്ള അസുലഭാവസരം ഈ കൺവെൻഷനുകൾ സാക്ഷികൾക്കു പ്രദാനം ചെയ്തു. ഉദാഹരണത്തിന്, ജോഹന്നസ്ബർഗിൽ, വമ്പിച്ച ആൾതിരക്കു മൂലം, ചിലപ്പോഴൊക്കെ കുട്ടികൾ മാതാപിതാക്കൻമാരിൽ നിന്നും വേറിട്ടു പോയിരുന്നു. ഒരു രാത്രിയിൽ ഏതാനും കറുത്തകുട്ടികൾ പിന്നിൽ ശേഷിച്ചു. സമീപത്ത് ട്രെയിലറുകളിൽ തങ്ങിയിരുന്ന വെള്ളക്കാരായ സാക്ഷികളുടെ അടുക്കൽ അവരെ ഏൽപ്പിച്ചു. അവർ ആ കുട്ടികളെ സ്നേഹപൂർവ്വം കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത്, കിടത്തിയുറക്കി. അടുത്ത ദിവസം അവരെ അവരുടെ കൃതജ്ഞരായ മാതാപിതാക്കളെ തിരികെ എൽപ്പിച്ചു!
ഡർബാനിലേക്കും തിരിച്ചും കൊണ്ടുപോകാൻ ഒരു പ്രത്യേക ട്രെയിൻ ക്രമീകരിച്ചുകൊണ്ട് വെള്ളക്കാരായ സാക്ഷികൾ പൂർവ്വ ലണ്ടനിലെ അഞ്ചു കറുത്ത സഭകളെ സഹായിച്ചു. എത്തിയശേഷം ആ ട്രെയിൻ കൺവെൻഷൻ സ്ഥലത്തിന് സമീപം ഒരു പാർശ്വ പാളത്തിൽ ഷണ്ട് ചെയ്തു നിർത്തിയിരുന്നു. അത് അവിടെത്തന്നെ കിടക്കാനും അനുവദിക്കപ്പെട്ടിരുന്നു. അതിന്റെ നിരവധി കോച്ചുകൾ മുഴുവൻ സമയവും അവരുടെ വാസസ്ഥലമായിത്തീരുകയും ചെയ്തു—വളരെ സൗകര്യപ്രദവും വിലമതിക്കപ്പെട്ടതും!
ഡർബാൻ കൺവെൻഷൻ സ്ഥലത്തെ ഒരു ബോംബ് ഭീഷണി നിമിത്തം ഒരു സ്റ്റേറ്റ് സെക്യൂരിറ്റി ഓഫീസർ അന്വേഷണത്തിനു വരുകയുണ്ടായി. അത് ഒരു വ്യാജ മുന്നറിയിപ്പായിരുന്നു. പിന്നീട് അദ്ദേഹം ഒരു വെള്ളക്കാരനായ സാക്ഷിയോട് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ആളുകൾ സമാധാനം പുരോഗമിപ്പിക്കുന്ന രീതിയിൽ എനിക്ക് വളരെയധികം മതിപ്പ് തോന്നുന്നു. ആ കറുത്ത മനുഷ്യനോട് നിങ്ങൾ ‘സഹോദരാ’ എന്നു പറയുന്നത് ഞാൻ കേട്ടു. അതെങ്ങനെ ചെയ്യണം എന്ന് നിങ്ങൾക്ക് അറിയാം.” കൺവെൻഷനുശേഷം , കിംങ്ങ്സ് പാർക്കിന്റെ ഗ്രൗണ്ട് മാനേജർ കൺവെൻഷൻ ചെയർമാനോട് പറഞ്ഞു: “നിങ്ങളുടെ സംഘടനയുടെ പരിപാകതയിൽ ഞാൻ മതിപ്പുള്ളവനാണ്. നിങ്ങൾ ചെയ്യുന്നതുപോലെ ശുചിയായി ഒരു സംഘടനയും ഈ സ്റ്റേഡിയം വിട്ടിട്ടു പോകാറില്ല. അത് പുതുപുത്തനാക്കി തിരികെ ഏൽപ്പിക്കും എന്നതിന് എനിക്ക് ഒരിക്കലും സംശയമില്ല.”
ജോഹന്നസ്ബർഗ്ഗിൽ അവിടത്തെ സമാധാനപരമായ അന്തരീക്ഷത്തിൽ കറുത്തവരായ സെക്യൂരിറ്റി ഗാർഡുകളും വളരെ സന്തുഷ്ടരായിരുന്നു. ഒരുവൻ പറയുകയുണ്ടായി: “ഇതുപോലെ വമ്പിച്ച ഒരു ജനക്കൂട്ടത്തിൽ ഇത്രയും അനായാസകരമായ ജോലി ഞങ്ങൾക്ക് ഒരിക്കലും ഉണ്ടായിട്ടില്ല.
ജോഹന്നസ്ബർഗ് കൺവെൻഷനിലെ അനേകം കറുത്തവരെ സംബന്ധിച്ചിടത്തോളം അത്, വെളുത്തവരായ സാക്ഷികളുമായി എന്നെങ്കിലും സഹവസിക്കുന്നത് ആദ്യമായിട്ടായിരുന്നു. ഒരു കറുത്തവർഗ്ഗക്കാരൻ മൂപ്പൻ ഇപ്രകാരം അഭിപ്രായപ്പെട്ടു. “അത് അത്യന്തം രോമാഞ്ചജനകമായിരുന്നു,” “ഞാൻ വളരെ, വളരെ സന്തോഷവാനാണ്,” സാംബിയായിൽ നിന്നുള്ള ഒരു കറുത്ത വർഗ്ഗക്കാരൻ സാക്ഷി കുറിക്കൊണ്ടു. “എന്റെ ജീവിതത്തിലൊരിക്കലും ഇങ്ങനെയൊരു കൺവെൻഷനിൽ ഞാൻ പങ്കെടുത്തിട്ടില്ല.” അത് യേശുവിന്റെ വാക്കുകളുടെ ഒരു ജീവിക്കുന്ന ദൃഷ്ടാന്തമായിരുന്നു: “നിങ്ങൾക്ക് നിങ്ങളുടെ ഇടയിൽതന്നെ സ്നേഹമുണ്ടെങ്കിൽ, ഇതിനാൽ നിങ്ങളെന്റെ സാക്ഷികൾ എന്ന് സകലരും അറിയും.”—യോഹന്നാൻ 13:35.
പ്രാദേശിക അസ്വസ്ഥതയും ക്രിസ്തീയ സമാധാനവും ഐക്യവും തമ്മിലുള്ള വൈരുദ്ധ്യം ശ്രദ്ധേയമായിരുന്നു. അവരുടെ വിലമതിപ്പും, ഭാവിയിൽ ഇതിലും മെച്ചമായിപ്പോലും വർത്തിക്കുവാനുള്ള നിശ്ചയവും പരസ്യമായി പ്രകടിപ്പിക്കുന്നതിനായി, പിൻവരുന്ന പ്രഖ്യാപനം ഇരു കൺവെൻഷനുകളിലും വായിക്കുകയും ആവേശത്തോടെ സ്വീകരിക്കപ്പെടുകയും ചെയ്തു:
“1985 ഡിസം. 26-29 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിലും ഡർബാനിലും വെച്ച്, ‘നിർമ്മലതാപാലകർ’ കൺവെൻഷനുകളിൽ പങ്കെടുക്കുന്ന ഞങ്ങൾ, യഹോവയുടെ സാക്ഷികൾ, പ്രകാശനത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഇത്രയും സമൃദ്ധമായ ആത്മീയ വിരുന്നിന്, ഞങ്ങളുടെ സ്വർഗ്ഗീയ പിതാവായ യഹോവയ്ക്ക് ഞങ്ങളുടെ അഗാധമായ കൃതജ്ഞത രേഖപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു. യഹോവയുടെ ജനത്തിന്റെ ലോകവ്യാപക സഹോദരവർഗ്ഗത്തിന്റെ സ്നേഹവും ഐക്യവും പ്രകടിപ്പിക്കുന്ന മറ്റ് 24 രാജ്യങ്ങളിലെ പ്രതിനിധികളുടെ സാന്നിദ്ധ്യത്തെ ഞങ്ങൾ ഊഷ്മളമായി വിലമതിക്കുന്നു. ഈ രാജ്യത്തെ ഗുരുതരമായ പ്രശ്നങ്ങളും അസ്വസ്ഥതയും ഉണ്ടായിരുന്നിട്ടും, ഇതരരാജ്യങ്ങളിലേയും പോലെ, ഞങ്ങളുടെ കൺവെൻഷനുകൾ സമാധാനപരമായി നടന്നതിൽ ഞങ്ങൾ കൃതജ്ഞതയുള്ളവരാണ്. ദക്ഷിണാഫ്രിക്കയിലെ എല്ലാ പ്രമുഖ വംശീയവും ഭാഷാപരവുമായ സമൂഹങ്ങളിലെ സഹോദരീസഹോദരൻമാരോടൊത്ത് കൂട്ടായ്മ ആചരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ ആനന്ദിക്കുന്നു. വർഗ്ഗവർണ്ണഭേദമെന്യേ സ്നേഹത്തിന്റെയും സഹവാസത്തിന്റെയും ബന്ധങ്ങൾ ബലപ്പെടുത്തുന്നതിനും, ഈ പ്രക്ഷുബ്ധമായ ദേശത്ത് രാജ്യത്തിന്റെ സുവാർത്തയുടെ പ്രസംഗം വർദ്ധിച്ച തീക്ഷ്ണതയോടെ മുമ്പോട്ട് കൊണ്ടുപോകുന്നതിനും, യഹോവയുടെ നാമത്തിന്റെ ബഹുമതിക്കായി ഞങ്ങളുടെ നിർമ്മലത കാത്തുസൂക്ഷിക്കുന്നതിനും ഞങ്ങൾ നിശ്ചയം ചെയ്തിരിക്കുന്നു.”
ഇന്ന് അനേകർക്ക് ഭാവി ഭയാനകവും പ്രത്യാശയറ്റതുമായി കാണപ്പെടുന്നു. എന്നാൽ യഹോവയുടെ സാക്ഷികൾക്ക് അങ്ങനെയല്ല. അധികമധികം ശോഭിച്ചു വരുന്ന ബൈബിൾ പ്രവചനത്തിന്റെ പ്രകാശത്താൽ അവർക്ക് ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം സത്വരം സമീപിക്കുന്നത് കാണാൻ കഴിയുന്നുണ്ട്. ആ മഹാവിപത്തിനെ അതിജീവിച്ച്, ദൈവരാജ്യത്തിൻ കീഴിലെ നൂതന വ്യവസ്ഥിതിയിലേക്ക് പ്രവേശിക്കുകയെന്നത്, ജലപ്രളയത്തെ അതിജീവിച്ച നോഹയുടെയും അവന്റെ കുടുംബത്തിന്റെയും പദവിയേക്കാൾ മഹത്തായ ഒന്നായിരിക്കും. (സെഫന്യാവ് 2:3) അതിജീവകരുടെ കൂടെ ആയിരിക്കാൻ നിങ്ങളാഗ്രഹിക്കുമോ? എങ്കിൽ ഏകസത്യദൈവമായ യഹോവയെ ഇപ്പോൾ ആരാധിച്ചുകൊണ്ടിരിക്കുന്ന സന്തുഷ്ട അന്തർദ്ദേശീയ സഹോദരവർഗ്ഗത്തോട് ചേരുവിൻ. (g86 7/22)
“നാളുകളുടെ അന്ത്യഭാഗത്ത് യഹോവയുടെ ആലയമുള്ള പർവ്വതം, പർവ്വതങ്ങളുടെ ശിഖരത്തിനുമീതെ ഉറപ്പായി സ്ഥാപിതമാകും; അത് തീർച്ചയായും കുന്നുകൾക്കുമീതെ ഉന്നതമാക്കപ്പെട്ടിരിക്കും; അതിലേക്ക് സകല ജനതകളും പ്രവഹിക്കേണ്ടതാണ്. അനേകം ജനങ്ങൾ തീർച്ചയായും ചെന്ന്: ‘ജനങ്ങളേ, നിങ്ങൾ വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്ക്, യാക്കോബിന്റെ ദൈവത്തിന്റെ ആലയത്തിലേക്ക് കയറിച്ചെല്ലാം, അവൻ അവന്റെ വഴികളെക്കുറിച്ചു നമ്മെ പ്രബോധിപ്പിക്കും, നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും’ എന്നു പറയും.”—യെശയ്യാവ് 2:2, 3.
[19-ാം പേജിലെ ചിത്രം]
മുകളിൽ: രണ്ടു മുഴുസമയ ശുശ്രൂഷകർ—കറുത്തസാക്ഷിക്ക് 101 വയസ്സുപ്രായമുണ്ട്
താഴെ: ആഫ്രിക്കൻ പ്രതിനിധികൾ, വർണ്ണപ്പകിട്ടാർന്ന വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട്
[20-ാം പേജിലെ ചിത്രം]
പ്രതിനിധികൾ ഡർബാൻ സമ്മേളനത്തിൽ ഒരു പരിപാടി ആസ്വദിക്കുന്നു
[21-ാം പേജിലെ ചിത്രം]
മുകളിൽ: പുതുതായി വരുന്നവർ തങ്ങളുടെ ലഗ്ഗേജു ചുമന്നുകൊണ്ടുവരുന്നു, ആഫ്രിക്കൻ സ്റ്റൈൽ
താഴെ ഇടത്ത്: അവളുടെ കുട്ടിയെ വഹിച്ചിരിക്കുന്നു, ആഫ്രിക്കൻ സ്റ്റൈൽ
താഴെ വലത്ത്: ഒരാൾ തന്റെ ബ്രീഫ്കെയ്സ് പരിശോധിക്കുന്നതിന് മറ്റൊരാൾ താങ്ങിക്കൊണ്ട് സഹായിക്കുന്നു
[22-ാം പേജിലെ ചിത്രം]
മൊത്തം സ്നാനപ്പെട്ടവർ, 1,363
[23-ാം പേജിലെ ചിത്രം]
ജപ്പാൻകാരായ രണ്ടു സമ്മേളിതർ തങ്ങളുടെ സഹ സാക്ഷികളോടൊത്ത് സന്തോഷിക്കുന്നു