തെക്കൻ ആഫ്രിക്കയിലെ വിനാശകാരിയായ വരൾച്ച
ആഫ്രിക്കയിലെ ഉണരുക! ലേഖകൻ
ഈ നൂററാണ്ടിൽ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏററവും വലിയ വരൾച്ചയായിരുന്നു ഇതെന്നാണ് അനേകരുടെയും അഭിപ്രായം. തെക്കൻ ആഫ്രിക്കയുടെ ചരിത്രത്തിൽ വെച്ച് ഏററവും മോശമായ സംഭവം ഇതാണെന്നുപോലും ചിലർ പറയുന്നു. തെക്കൻ ആഫ്രിക്കയിൽ ആഞ്ഞടിച്ചതും രണ്ടു വർഷം നീണ്ടുനിന്നതുമായ ഈ വരൾച്ച വിനാശങ്ങളെ ഒന്നൊന്നായി ആനയിച്ചു. “അത് മോശമാണ്. നാം പ്രതീക്ഷിച്ചതിനെക്കാൾ വളരെ വളരെ മോശം. പര്യടനയാത്രകൾ നടത്തുമ്പോൾ നാം ദുരിതത്തിന്റെയും മാനുഷിക കഷ്ടപ്പാടിന്റെയും ഇല്ലായ്മയുടെയും ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുകയാണ്,” തെക്കൻ ആഫ്രിക്കയിലെ ഒരു സ്വകാര്യ സഹായ സംഘമായ ഓപ്പറേഷൻ ഹങ്കറിന്റെ തലവൻ പ്രസ്താവിച്ചു.
“ഇവിടെ ഒന്നും വളരുകയില്ല. ഭൂമി നിർജീവമാണ്,” ഒരു ഗ്രാമീണ കർഷകൻ നിരാശപ്പെട്ടു. ചില സ്ഥലങ്ങളിലാണെങ്കിൽ വിശപ്പു സഹിക്കവയ്യാതെ ഗ്രാമവാസികൾ മണ്ണും കാട്ടുസസ്യങ്ങളുടെ വേരുകളും ഭക്ഷിക്കുകയുണ്ടായി. ഭക്ഷ്യസഹായങ്ങൾ നൽകുന്ന ഏജൻസികൾക്ക് സഹായാഭ്യർഥനകൾ കാരണം ഇരിക്കപ്പൊറുതിയില്ലാതായി. ദ ഗാർഡിയൻ വീക്ക്ലി പറയുന്നതനുസരിച്ച്, “1985-ലെ ഭീകര വരൾച്ചയിൽ എത്യോപ്യക്കും സുഡാനും നഷ്ടമായതിലധികം വിളകൾ തെക്കൻ ആഫ്രിക്കയ്ക്കു നഷ്ടമായി.”
വരൾച്ച ഏതാണ്ട് 1 കോടി 80 ലക്ഷം ആളുകളെ പട്ടിണിയുടെ വക്കത്തെത്തിച്ചു. അംഗോളയുടെ കാര്യത്തിലാണെങ്കിൽ ഇതുപോലെ മോശമായ ഒരു പ്രതിസന്ധി അതിന്റെ ചരിത്രത്തിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ല. പത്തുലക്ഷം കന്നുകാലികൾ ചത്തൊടുങ്ങിയതായും ഒററവർഷംകൊണ്ട് വിളകളുടെ ഏതാണ്ട് 60 ശതമാനം നഷ്ടമായതായും കണക്കാക്കപ്പെടുന്നു. വരൾച്ചയാൽ ഏററവുമധികം ബാധിക്കപ്പെട്ടവർക്കു സഹായം നൽകുന്നതിനായി അവരുടെയടുത്ത് എത്തിപ്പെടാനും കഴിഞ്ഞില്ല. 1992 ആഗസ്ററ് ആയപ്പോഴേക്കും സാംബിയയിലെ വിളകളുടെ മൂന്നിൽ രണ്ടു ഭാഗവും നശിച്ചിരുന്നു. നേരത്തെ തീരുമാനിച്ചിരുന്നതുപോലെ പത്തുലക്ഷം ടൺ ചോളം ഇറക്കുമതി ചെയ്യേണ്ടത് അത്യാവശ്യമായിരുന്നു. ഏതാണ്ട് 17 ലക്ഷം ആളുകൾ പട്ടിണി കിടക്കുകയായിരുന്നു.
തെക്കൻ ആഫ്രിക്കയുടെ അപ്പക്കൊട്ട എന്നൊരിക്കൽ അറിയപ്പെട്ടിരുന്ന സിംബാബ്വേയിൽ 40 ലക്ഷം ആളുകൾക്ക്, അതായത് ജനസംഖ്യയുടെ പകുതിക്ക് ഭക്ഷ്യസഹായം ആവശ്യമായിവന്നു. ഒരു സ്ഥലത്തെ സ്കൂൾ അധ്യാപിക ഇപ്രകാരം പറയുകയുണ്ടായി: “ഇവിടെ ഇനി വെള്ളം വളരെ കുറച്ചേ ഉള്ളൂ, ആഹാരമാണെങ്കിൽ ഒട്ടുമില്ല. മണ്ണിൽ പുല്ലിന്റെ ഒരു നാമ്പു പോലും കാണാനില്ല.”
ചില ഗ്രാമങ്ങളിലാണെങ്കിൽ ആളുകൾ മരം കയറി ഇലകൾ പറിച്ചു പാകം ചെയ്തു ഭക്ഷിച്ചു. ആളോഹരി ഒരു മാസം കൊടുക്കേണ്ട ഭക്ഷ്യസഹായത്തിന്റെ അളവ്, ഗവൺമെൻറിന് 15 കിലോഗ്രാമിൽനിന്ന് 5 കിലോഗ്രാമായി കുറയ്ക്കേണ്ടിവന്നു. മനുഷ്യനിർമിത വൻ തടാകമായ കരീബയിലെ വെള്ളം മുമ്പെന്നത്തെക്കാളും വററിപ്പോയിരുന്നു. ബുളവേയോയിൽ വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കപ്പെട്ടു.
വേണ്ടത്ര വെള്ളമില്ലാഞ്ഞതുകൊണ്ട് സിംബാബ്വേയിലെ നായാട്ടുസ്ഥലങ്ങളിൽ മേഞ്ഞിരുന്ന ആയിരക്കണക്കിനു മൃഗങ്ങളെ വെടിവെച്ചുകൊല്ലേണ്ടിവന്നു. ഒരു പത്രം ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “ഉണങ്ങിക്കരിഞ്ഞ മരങ്ങളിൽനിന്നു പക്ഷികൾ ചത്തു വീണു. ആമകളും പാമ്പുകളും എലികളും പ്രാണികളും എല്ലാം അപ്രത്യക്ഷമായി.”
വരൾച്ച അതിഭയങ്കരമായി ബാധിച്ച ദേശങ്ങളിലൊന്നായിരുന്നു മൊസാമ്പിക്. അതിനാവശ്യമായിരുന്ന ആഹാരത്തിന്റെ 80 ശതമാനവും അന്തർദേശീയ സഹായത്തിലൂടെയാണ് ലഭിച്ചത്. 32 ലക്ഷം ആളുകൾ പട്ടിണി കിടന്നതായി കണക്കാക്കപ്പെടുന്നു. അഭയാർഥികൾ മലാവി, ദക്ഷിണാഫ്രിക്ക, സ്വാസീലാൻഡ്, സിംബാബ്വേ എന്നിവിടങ്ങളിലേക്കു പ്രവഹിച്ചു. എന്നാൽ അടുത്തകാലത്ത് വരൾച്ച ശമിച്ചപ്പോൾ മിക്ക അഭയാർഥികളും മടങ്ങിപ്പോരുകയുണ്ടായി.
ഗ്രാമീണരുടെ ജീവിതത്തെ വരൾച്ച എങ്ങനെയാണ് ബാധിക്കുന്നത് എന്നതു സംബന്ധിച്ച് മിക്കപ്പോഴും നഗരവാസികൾ അജ്ഞരാണ്. ഭക്ഷ്യസഹായ പദ്ധതിയിലെ ഒരു ഉദ്യോഗസ്ഥൻ ഇപ്രകാരം നിരീക്ഷിക്കുകയുണ്ടായി: “ഭക്ഷ്യ-ജല ദൗർലഭ്യത്തിന്റെ കാഠിന്യം എന്തെന്നറിയാത്ത മുഖ്യനഗര പ്രദേശങ്ങളിലെ മിക്ക ആളുകൾക്കും വരൾച്ചയുണ്ടാക്കുന്ന വിനാശം മനസ്സിലാകുന്നില്ല.”
പല സ്ഥലങ്ങളിലും മഴ ഒരു പരിധിവരെ ആശ്വാസം കൈവരുത്തിയെങ്കിലും മൊസാമ്പിക്കിലും സ്വാസീലാൻഡിലും ദക്ഷിണാഫ്രിക്കയിലും ഇനിയും മഴ ആവശ്യമുണ്ട്. ഈ വരൾച്ചയുടെ ഫലങ്ങൾ വരാനിരിക്കുന്ന വർഷങ്ങളിലും അനുഭവവേദ്യമാകും എന്നതിനു സംശയമില്ല.
വരൾച്ചയുടെ ഒരു കാരണം മഴയുടെ അഭാവമാണെന്നുള്ളത് ശരിയാണ്. എന്നാൽ വരൾച്ചയുടെ ആക്കം കൂട്ടുന്ന മററു കാരണങ്ങളുമുണ്ട്. അവയും നാം പരിഗണിക്കേണ്ടിയിരിക്കുന്നു.
മററു സങ്കീർണതകൾ
ആഫ്രിക്കയിൽ രാഷ്ട്രീയ അസ്ഥിരത വരൾച്ചയുടെ ഫലങ്ങൾക്ക് വൻതോതിൽ ആക്കം കൂട്ടുന്നു. ഏററവും കഠിനമായ ഭക്ഷ്യ ദൗർലഭ്യങ്ങൾ കണ്ടിട്ടുള്ള രാജ്യങ്ങൾ അത്തരം അസ്ഥിരത ബാധിച്ചിട്ടുള്ള രാജ്യങ്ങളായിരുന്നു. അംഗോള, എത്യോപ്യ, മൊസാമ്പിക്ക്, സൊമാലിയ എന്നിവ ഉദാഹരണങ്ങളാണ്. യുദ്ധങ്ങൾ കൃഷിയെ അവതാളത്തിലാക്കുകയും അനേകം കർഷകരെ നാടുവിടാൻ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെ അവരുടെ കൃഷിയിടങ്ങൾ ശ്രദ്ധിക്കാൻ ആരുമില്ലെന്നായി.
മനുഷ്യരാലുള്ള അന്തരീക്ഷ മലിനീകരണവും അതിന്റെ ഫലമായുള്ള ആഗോള തപനവും ആണ് വരൾച്ചയ്ക്കുള്ള വിവാദാത്മകമായ മറെറാരു കാരണം. ജനസംഖ്യാവർധനവാണ് മറെറാരു ഘടകം. ആഫ്രിക്കയിലെ പ്രതിവർഷമുള്ള ശരാശരി വളർച്ചാനിരക്ക് 3 ശതമാനമാണ്. ലോകത്തിലെ ഏററവും ഉയർന്ന വളർച്ചാനിരക്കുകളിൽ ഒന്നുതന്നെ. തീററിപ്പോററാനുള്ള വയറുകളുടെ എണ്ണം കൂടിവരുന്നതോടെ കർഷകർ കൃഷിക്ക് അനുയോജ്യമല്ലാത്ത സ്ഥലം കൂടി കൃഷിചെയ്യുന്നു. ഫലപ്രാപ്തി വീണ്ടെടുക്കാൻ തക്കവണ്ണം നിലം ഉഴുതിടുന്നില്ല.
ഇതുകൂടാതെ, കൂടുതൽ കൃഷിഭൂമിയുണ്ടാക്കുക എന്ന മുഖ്യ ലക്ഷ്യത്തിൽ വനങ്ങൾ വെട്ടിനശിപ്പിക്കപ്പെടുന്നു. ആഫ്രിക്കൻ ഇൻസൈററ് എന്ന മാഗസിൻ പറയുന്നതനുസരിച്ച് 20 വർഷം മുമ്പ് എത്യോപ്യയുടെ 20 ശതമാനം വനമായിരുന്നു; എന്നാൽ ഇപ്പോൾ 2 ശതമാനം മാത്രമേ വനമുള്ളൂ. ഭൂമിക്കു ഭീഷണിയായിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ വെച്ച് ഏററവും ഗുരുതരം വനനശീകരണമാണെന്ന് ചില പ്രാമാണികർ പറയുന്നു. അത് കാലാവസ്ഥാക്രമങ്ങളെ ബാധിക്കുകയും മണ്ണൊലിപ്പിന് ഇടയാക്കുകയും ചെയ്യുന്നു. ഇത് മരുപ്രദേശങ്ങളുടെ വ്യാപനത്തിനും ഇടവരുത്തുന്നു.
ചില ആഫ്രിക്കൻ ഗവൺമെൻറുകൾ പട്ടണവാസികളുടെ പ്രീതി നേടാനായി ഭക്ഷണത്തിന്റെയും കന്നുകാലികളുടെയും വിലയിടിക്കുകയുണ്ടായി. ഇങ്ങനെ ചെയ്യുമ്പോൾ കൃഷിയിൽനിന്നു ലാഭം കൊയ്യാൻ കഴിയാതെ കർഷകർ നിരുത്സാഹിതരാകുന്നു. എന്നാൽ ഉത്പാദനം വർധിപ്പിക്കുന്നതിന് കർഷകർക്ക് ഒരു പ്രചോദനമായി ചോളവില 64 ശതമാനം വർധിപ്പിച്ചുകൊണ്ട് സിംബാബ്വേ ഗവൺമെൻറ് അവർക്കനുകൂലമായി പ്രതികരിച്ചു.
എന്താണ് പരിഹാരം?
വിദഗ്ധർക്ക് നിർദേശങ്ങൾ പലതാണുള്ളത്. പാശ്ചാത്യ കൃഷിമാതൃകകൾ അവലംബിക്കാൻ അവർ ആഫ്രിക്കൻ രാജ്യങ്ങളെ ചിലപ്പോൾ ഉപദേശിച്ചിട്ടുണ്ട്. എന്നാൽ അത് ആഫ്രിക്കൻ ചുററുപാടിനു പററിയതല്ലെന്നു തെളിഞ്ഞു.
പ്രായോഗികമായ പരിഹാരങ്ങൾ ഉടനടി ആവശ്യമായിരിക്കുന്നു. ആഫ്രിക്കയ്ക്കു വേണ്ടിയുള്ള യുഎൻ സാമ്പത്തിക കമ്മീഷന്റെ ഒരു സീനിയർ ആഫ്രിക്കൻ ഉദ്യോഗസ്ഥൻ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: “ഇതുവരെ നാം കണ്ടിട്ടുള്ള എല്ലാ സാമ്പത്തിക പദ്ധതികളുടെയും അടിസ്ഥാനത്തിൽ നോക്കുമ്പോൾ, 2000 വർഷം ആകുമ്പോഴേക്കും ആഫ്രിക്ക അതിപ്പോഴായിരിക്കുന്ന കുഴിയിൽ ആയിരിക്കില്ല. പിന്നെയോ ആഴമേറിയ ഒരു ഇരുട്ടറയുടെ അടിഭാഗത്തെങ്ങോ ആയിരിക്കും.”
രാഷ്ട്രീയ സ്ഥിരത കൈവരിക്കേണ്ടതും യുദ്ധവും അക്രമവും അവസാനിപ്പിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. അയൽ രാജ്യങ്ങളുമായുള്ള സഹകരണം വളർത്തിയെടുക്കേണ്ടതും ആവശ്യമാണ്.
യുഎൻ ഭക്ഷ്യ-കാർഷിക സംഘടന പറയുന്നതനുസരിച്ച് ആഫ്രിക്കയ്ക്ക് അതിന്റെ ഇപ്പോഴുള്ള ജനസംഖ്യയുടെ മൂന്നിരട്ടിയെ തീററിപ്പോററാനുള്ള പ്രാപ്തിയുണ്ട്. എന്നാൽ ദശകങ്ങളായിട്ട് അവിടത്തെ ഉത്പാദനം കുറഞ്ഞുവരികയാണ്. ഇപ്പോഴത്തെ വളർച്ചാനിരക്ക് അനുസരിച്ചാണെങ്കിൽ അതിന്റെ ജനസംഖ്യ 30 വർഷംകൊണ്ട് ഇരട്ടിയായിത്തീരും.
വിദേശരാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യസഹായം അനേകരെ പട്ടിണിയിൽനിന്നു കരകയററിയിട്ടുണ്ടെന്നതിനു സംശയമില്ല. എന്നിരുന്നാലും, എന്നും അങ്ങനെ സഹായം തേടുന്നത് പ്രശ്നത്തിനു പരിഹാരമാകുന്നില്ലല്ലോ. മാത്രമല്ല ഈ രീതി പ്രാദേശിക കർഷകരെ നിരുത്സാഹപ്പെടുത്തുന്നതിനാൽ അതിനൊരു പ്രതികൂല ഫലവുമുണ്ട്. അവർക്കു തങ്ങളുടെ ഉത്പന്നങ്ങൾ ന്യായമായ വിലയ്ക്ക് വിൽക്കാൻ കഴിയാതെവരുന്നു. പലപ്പോഴും ആളുകൾ ഇറക്കുമതിചെയ്യപ്പെട്ട ഭക്ഷണപദാർഥങ്ങളോട് കൂറു വളർത്തിയെടുക്കുകയും തങ്ങളുടെ പ്രദേശത്തുണ്ടാകുന്ന ധാന്യങ്ങൾ മേലാൽ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നു.
എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?
ആഫ്രിക്കൻ ജനതയെ സഹായിക്കുന്നതിന് ആത്മാർഥരായ അനേകമാളുകൾ നടത്തുന്ന അക്ഷീണ ശ്രമങ്ങൾ പ്രശംസാർഹങ്ങളാണ്. ചില പ്രദേശങ്ങളിൽ അത്തരം ശ്രമങ്ങൾ ഫലമുളവാക്കിയിട്ടുണ്ട്. സിംബാബ്വേയിലാണെങ്കിൽ ഒരു അന്തർദേശീയ ഗവേഷണ സംഘം ഒരു പദ്ധതി നടപ്പാക്കുകയുണ്ടായി. ഉണക്കുള്ള പ്രദേശങ്ങളിൽ നല്ലരീതിയിലും താരതമ്യേന വേഗത്തിലും വളരുന്ന മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയായിരുന്നു അത്. ഇന്ധന പ്രതിസന്ധിയെ തരണം ചെയ്യാൻ തക്കവണ്ണം ഈ മരങ്ങൾ വൻതോതിൽ നട്ടുപിടിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്തുകൊണ്ടെന്നാൽ അവിടെ 80 ശതമാനം ആളുകളും പാചകം ചെയ്യാൻ വിറകാണ് ഉപയോഗിക്കുന്നത്.
പച്ചക്കറികളുടെയും ഫലവൃക്ഷങ്ങളുടെയും ചുവട്ടിൽ പാറക്കഷണങ്ങൾ ഇടാൻ സിംബാബ്വേയിലെ വരൾച്ച ബാധിത പ്രദേശമായ മാസ്വിങ്കോയിലെ ചാരിഞ്ച് ഗ്രാമത്തിലെ കർഷകരോട് നിർദേശിക്കുകയുണ്ടായി. ഇതിന്റെ ഫലമായി ചെടികൾക്ക് വളരെ കുറച്ചു ജലം മാത്രമേ ആവശ്യമായി വരുന്നുള്ളൂ. വിളകൾ വളരെ നന്നായി വളരുകയും ചെയ്തു. അവർക്കു ഭക്ഷ്യപദാർഥങ്ങൾ വിൽക്കാനും ഉണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ ഒരു വലിയ കമ്പനി കൽക്കരിയിൽനിന്നു പെട്രോളിയം ഉണ്ടാക്കുന്ന അതിന്റെ വ്യവസായശാല പരിഷ്കരിക്കുകയുണ്ടായി. അതിന്റെ ഫലമായി, ഉപയോഗം കഴിഞ്ഞ മുഴുവൻ ജലവും ശക്തമായ രാസപ്രവർത്തനങ്ങൾക്കുശേഷം വീണ്ടും ഉപയോഗിക്കാവുന്ന പരുവത്തിലാവുന്നു. വ്യവസായ ജലത്തിന്റെ ശുദ്ധീകരണം ചെലവേറിയതാണെങ്കിലും കാലക്രമേണ 70 ശതമാനത്തോളം വ്യവസായ ജലം ശുദ്ധീകരിക്കുകയെന്ന ലക്ഷ്യത്തിലാണ് ദക്ഷിണാഫ്രിക്ക ഇപ്പോൾ.
സാംബിയയിലെ ലൂയാൻഷായിൽ പകര പോഷകാഹാരമെന്ന നിലയിൽ സോയാബീൻസ് ഉപയോഗിച്ചു തുടങ്ങി. ഒരു ഭക്ഷ്യസഹായ പ്രവർത്തകൻ ഇപ്രകാരം പറയുകയുണ്ടായി: “പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന പ്രധാന ആഹാരപദാർഥങ്ങളുടെ വിതരണം കുറഞ്ഞുവരുന്ന മാർച്ചിലും ജൂണിലുമാണ് പോഷകാഹാരക്കുറവുകൊണ്ടുള്ള മിക്ക മരണങ്ങളും സംഭവിക്കുന്നത്. എന്നാൽ സോയാബീൻസിന്റെ വിളവെടുപ്പ് ഏപ്രിൽ മാസത്തിലാണ്. ചോളം, കാക്കച്ചോളം തുടങ്ങിയ പ്രധാന ആഹാരപദാർഥങ്ങളെക്കാളധികംനാൾ ഇരിക്കുകയും ചെയ്യുന്നു.”
വരൾച്ചയുടെയും ഭക്ഷ്യ ദൗർലഭ്യത്തിന്റെയും പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനുള്ള ഇത്തരം ശ്രമങ്ങൾ വിലപ്പെട്ടതുതന്നെ. എന്നാൽ മമനുഷ്യന്റെ എല്ലാത്തരത്തിലുമുള്ള സാങ്കേതിക വിദ്യയും പുരോഗതിയും ഉണ്ടായിട്ടും ആഫ്രിക്കയിലെ വരൾച്ചയൊന്നു ശമിപ്പിക്കാൻ കഴിയുന്നില്ല. എന്നാൽ ഇതിന്റെ ശമനത്തിന് നടപ്പിലാക്കേണ്ട എല്ലാക്കാര്യങ്ങളും അറിയാവുന്ന ഒരാളുണ്ട്. ഒരേ ഒരാൾ. അവൻ ഇതിന് പരിഹാരം വരുത്തുന്നതിനെക്കുറിച്ച് ദീർഘനാൾ മുമ്പേ മുൻകൂട്ടിപ്പറഞ്ഞിട്ടുമുണ്ട്. തന്റെ നിയമിത രാജാവായ യേശുക്രിസ്തുവിലൂടെയുള്ള യഹോവയാം ദൈവത്തിന്റെ രാജ്യഭരണത്തിൻ കീഴിൽ പ്രവാചകനായ യെശയ്യാവിന്റെ ഈ വാക്കുകൾ ഗോളമാസകലം അക്ഷരീയമായി നിറവേറും: “മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും. മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും; കുറുക്കൻമാരുടെ പാർപ്പിടത്തു, അവ കിടന്ന സ്ഥലത്തുതന്നെ, പുല്ലും ഓടയും ഞാങ്ങണയും വളരും.”—യെശയ്യാവു 35:6, 7.
[12-ാം പേജിലെ ചിത്രം]
ചെളിക്കുഴികളിൽ അവശേഷിച്ച അൽപ്പം ജലത്തിനുവേണ്ടി ഗ്രാമവാസികളും കന്നുകാലികളും തമ്മിൽ മത്സരിച്ചു
[കടപ്പാട്]
The Star, Johannesburg. S.A.