പ്രളയവും വരൾച്ചയും—ദൈവത്തിന്റെ ചെയ്തികളോ?
“എനിക്ക് തലചുറ്റലും എന്റെ വയറ്റിന് വെറുങ്ങലിപ്പും തോന്നും.” പട്ടിണി കിടന്നാൽ എങ്ങനെയിരിക്കും എന്ന് ആഫ്രിക്കക്കാരിയായ ആ സ്ത്രീ ഒരു ഉണരുക! ലേഖകനോട് വർണ്ണിക്കാൻ ശ്രമിക്കുകയായിരുന്നു. തെക്കെ ആഫ്രിക്കയിലെ വരൾച്ച ബാധിത മേഖലയിലെ മറ്റൊരു നിവാസി ഇങ്ങനെ പറഞ്ഞു: “ചിരിക്കാനോ കരയാനോ കാണാനോ ശ്വസിക്കാനോ പോലും കഴിയാതവണ്ണം ഞങ്ങളുടെ സർവ്വശക്തിയും ക്ഷയിക്കുന്നു.”
ഈ വ്യക്തികൾക്കനുഭവപ്പെട്ട ഇതേ യാതന, ഒരു നിർണ്ണയം അനുസരിച്ച്, ആഫ്രിക്കയിൽ മാത്രമായ് 350 ലക്ഷം പേർ ഈയ്യിടെ പങ്കിടുകയുണ്ടായി. അവരെല്ലാം ഭൂഖണ്ഡവ്യാപകമായ വിനാശത്തിന്റെ ഭീഷണിയുമായ് വന്ന ഒരു വരൾച്ചയുടെ ഇരകളായിരുന്നു.
ഈ ദുരിതം ഒരിക്കലും ശ്രദ്ധിക്കപ്പെടാതിരുന്നില്ല. പട്ടിണി കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ബിഭത്സരൂപങ്ങൾ—മിക്കവാറും അസ്ഥിക്കോലങ്ങൾ മാത്രമായ് മാറിക്കഴിഞ്ഞവ—സംപ്രേക്ഷണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും ചെയ്തത് വമ്പിച്ച ദുരിതാശ്വാസപ്രവൃത്തനങ്ങൾക്ക് കളമൊരുക്കിയിട്ടുണ്ട്. അത്തരം നടപടികൾ പക്ഷേ, അവശതയനുഭവിച്ചിരുന്ന അനേകരുടെ കാര്യത്തിൽ വൈകിപ്പോയിരുന്നു, അവ വളരെ തുച്ഛവും ആയിരുന്നു. ദുരിതാശ്വാസത്തിനുള്ള വകയുമായെത്തിയ കപ്പലുകൾക്ക് മരിച്ചവരെ തിരികെ ജീവനിലേക്ക് വരുത്താൻ കഴിയുകയില്ല. വിനാശമനുഭവിച്ച കർഷകർക്ക് സാമ്പത്തിക സമൃദ്ധി പുനസ്ഥാപിച്ചു കൊടുക്കാനും അവർക്ക് കഴിയില്ല.
ഒരു തുള്ളി മഴക്കുവേണ്ടി വരണ്ടുകീറിയ ചുണ്ടുകൾകൊണ്ട് ചിലർ യാചിക്കുമ്പോൾ ജീവനും സ്വത്തുക്കൾക്കും ഇതിലേറെ വിനാശം വിതക്കുന്നതായ് ചിലർ കരുതുന്ന വേറൊരു പ്രകൃതി വിപത്തിന്റെ കൈകളിൽ മറ്റനേകർ യാതനയനുഭവിക്കുന്നു.—പ്രളയം. ചരിത്രപരമായ അത്യാഹിതങ്ങൾ: ക്ഷാമങ്ങൾ എന്ന പുസ്തകം ഇങ്ങനെ നിരീക്ഷണം നടത്തി “വൻ വിളനാശങ്ങളിലനവധിയും . . . വെള്ളത്തിന്റെ ആധിക്യം കൊണ്ടാണ് ഉണ്ടായിരിക്കുന്നത്.”
ഉദാഹരണത്തിന് ചൈനയുടെ മഞ്ഞനദി, കെട്ടിഉയർത്തിയ ഒരു വൻപാതകണക്കെ കടലിലേക്ക് വളഞ്ഞുപുളഞ്ഞൊഴുകുന്നു. അതിന്റെ ഇരു തീരങ്ങളിലും ഉള്ള ഭിത്തികൾ താഴെ സമതലത്തിൽ ജീവിക്കുന്ന കർഷകരെ സംരക്ഷിക്കുന്നു. പക്ഷേ പ്രളയകാലങ്ങളിൽ ചിലപ്പോൾ ഈ ഭിത്തികൾ പിളരുന്നതോടെ താഴ്സമതലം ഒരു ഭീകരസമുദ്രം ആയിത്തീരുന്നു. നൂറ്റാണ്ടുകളായ് പ്രളയങ്ങളിൽ ഏതാണ്ട് ഒരു കോടി ചൈനാക്കാർ മരണമടഞ്ഞിട്ടുണ്ട്, അങ്ങനെ മഞ്ഞനദി ഭൂമിയിലെ മറ്റേതൊരു പ്രകൃതിവിശേഷങ്ങളേയുകാൾ അധികമായ് മാനുഷയാതനയുടെ കാരണമായിത്തീർന്നിരിക്കുന്നു!
സാങ്കേതിക വിദ്യ ഉണ്ടായിരുന്നിട്ടും പ്രളയവും വരൾച്ചയും മനുഷ്യന് ഭീഷണിയായിത്തുടരുന്നു. നിങ്ങൾ അവയുടെ ഭീകരത നേരിട്ടനുഭവിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളെ അവ ബാധിച്ചിട്ടുണ്ട്. കാരണം വരൾച്ചയും പ്രളയവും ഭക്ഷ്യക്ഷാമങ്ങൾ അനിവാര്യമായി സൃഷ്ടിക്കുകയും അവ ഭക്ഷ്യവസ്തുക്കളുടെ വില വാനത്തോളം ഉയരാൻ ഇടയാക്കുകയും ചെയ്യുന്നു. ഈ വിപത്തുകളെ ദൈവത്തിന്റെ ചെയ്തികൾ എന്ന് പൊതുവെ പേർ വിളിക്കത്തക്കവണ്ണം ഇവയുടെ മുമ്പിൽ മനുഷ്യൻ അത്ര നിസ്സഹായനാണ്. പക്ഷേ ഈ പേർ എത്ര സാർത്ഥകമാണ്?
ഉത്തരവാദി ആർ?
ആഗോള വികസന പ്രശ്നങ്ങളുടെയും പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങളുടെയും വാർത്താവിവരങ്ങൾ ശേഖരിച്ച് പ്രസിദ്ധം ചെയ്യുന്ന ഒരു സംഘടനയായ ഏർത്ത് സ്കാൻ, “പ്രകൃതി വിപത്തുകൾ ദൈവത്തിന്റെ ചെയ്തികളോ മനുഷ്യന്റെ ചെയ്തികളോ എന്ന അഭിധാനത്തിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. രേഖപ്പെടുത്തപ്പെട്ട പ്രളയങ്ങളുടെ എണ്ണം 1960-കളിലെ പ്രതിവർഷം 15.1-ൽനിന്ന് 1970 കളിൽ പ്രതിവർഷം 22.2 ആയിട്ട് ലോകവ്യാപകമായ് വർദ്ധിച്ചുവെന്നു കാണിക്കുന്ന ഒരു സ്ഥിതിവിവരക്കണക്ക് അത് അവതരിപ്പിച്ചു. അതേ കാലയളവിൽ വരൾച്ച പ്രതിവർഷം 5.2-ൽ നിന്ന് 9.7 ലേക്കും വർദ്ധിച്ചു. ഇതിനേക്കാൾ വളരെയേറേ ഭയപ്പാടുണ്ടാക്കുന്ന സംഗതി ഈ വിനാശങ്ങൾ നിമിത്തം കൊല്ലപ്പെട്ട ആളുകളുടെ എണ്ണം ആറ് മടങ്ങായി വർദ്ധിച്ചുവെന്നതാണ്!
ഏർത്ത്സ്കാൻ റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “വിനാശങ്ങൾ മനുഷ്യനിർമ്മിതം ആണ്. ചില വിപത്തുകൾക്ക് (പ്രളയം വരൾച്ച, ക്ഷാമം) കാരണം, കോരിച്ചൊരിയുന്ന മഴയോ മഴയുടെ ലോപമോ അല്ല മറിച്ച് പരിസ്ഥിതിയുടെയും പ്രകൃതിവിഭവങ്ങളുടെയും ദുർവ്വിനിയോഗം ആണ് . . . വിപത്തുകൾ തടയാവുന്നതും പലപ്പോഴും തടയപ്പെടുന്നതും ആയ സാമൂഹ്യ രാഷ്ട്രീയ സ്വഭാവമുള്ള സംഭവങ്ങൾ ആണ്. തങ്ങളുടെ നിലം കടും കൃഷിക്കുപയോഗിക്കാനും അപകടനിലങ്ങളിൽ ജീവിക്കാനും ദരിദ്രർ നിർബ്ബന്ധിതരായിരിക്കുന്ന മൂന്നാം ലോകത്ത് വിപത്തുകൾ അവയുടെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കൊയ്ത്തു തുടരുന്നു.”
ദൈവത്തിന്റെ ചെയ്തികൾ എന്ന വിളിക്കപ്പെടുന്ന വിപത്തുകളെ മനുഷ്യന്റെ സ്വന്ത ചെയ്തികൾ എങ്ങനെ വരുത്തിവച്ചിരിക്കുന്നുവെന്നു പരിചിന്തിക്കാം. ജർമ്മനിയുടെ പശ്ചിമഭാഗത്തെ താഴ്വരകളിലേക്ക് 1942 മെയ് മാസത്തിലെ ഒരു രാത്രിയിൽ 3,300 ലക്ഷം ടൺ വെള്ളം ഒഴുകി. അത് ദൈവത്തിന്റെ ഒരു ചെയ്തിയായിരുന്നോ? അല്ല. രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ മോഹ്ൺ ഈഡർ എന്നീ ഡാമുകൾക്ക് മേൽ നടത്തിയ ബോംബ് വർഷം മൂലമാണ് അത് സംഭവിച്ചത്. ആ പ്രളയത്തിൽ 1294 പേർ മുങ്ങി മരിച്ചു, അവരിൽ ഏറിയപങ്കും പടയാളികളല്ലാത്ത സാധാരണക്കാർ ആയിരുന്നു.
ആ നാളുകൾക്ക് വെറും അഞ്ചുവർഷങ്ങൾക്ക് മുമ്പ് ഹിരോഷിമ നാഗസാക്കി എന്നിവിടങ്ങളിൽ ആറ്റം ബോംബ് വർഷിച്ചതിനേക്കാൾ വിനാശകരമെന്ന് ചിലർ വിശ്വസിക്കുന്ന ഒരു മഹാനാശം ഉണ്ടായി! സിപ്രിയിൽ നിന്ന് (SIPRI സ്റ്റോക് ഹോമിലെ അന്തർദ്ദേശീയ സമാധാന ഇൻസ്റ്റിറ്റ്യൂട്ട്) വന്ന ഒരു റിപ്പോർട്ടിനെപ്പറ്റി അഭിപ്രായപ്പെട്ടുകൊണ്ട് ന്യൂ സയൻറിസ്റ്റ് എന്ന മാസിക ഇങ്ങനെ പറഞ്ഞു: “അത് ചൈനയിലൂടെയുള്ള ജപ്പാൻ പടയുടെ മുന്നേറ്റം തടയാൻ 1938-ൽ മഞ്ഞനദിയിൽ കെട്ടിയുയർത്തിയ ഹ്വായാംകോവ് ചിറ ഡയനാമിറ്റ് കൊണ്ട് തകർത്ത സംഭവമായിരുന്നു. പക്ഷേ അത് നിരവധി ശതസഹസ്രങ്ങൾ വരുന്ന ചൈനയുടെ സ്വന്തജനങ്ങളെ മുക്കിക്കൊന്നു.” ഇതിലധികമായി ദശലക്ഷങ്ങൾ ഭവനരഹിതരായിത്തീരുകയും ചെയ്തു.
അതുപോലെ, ഒരു ആഫ്രിക്കൻ പത്രം ഇങ്ങനെ കുറ്റം ആരോപിച്ചു: “[വരൾച്ചയുടെ] യാതനക്കെല്ലാം കാലാവസ്ഥയെ പഴിചാരാനാകില്ല. . . . ആഫ്രിക്കയുടെ പൂർവ്വതീരം മുതൽ അറ്റ്ലാൻറിക് തീരം വരെയും തിരികെ മൊസാമ്പിക് വരെയും യുദ്ധങ്ങൾ, കർഷകരെ അവരുടെ കൃഷിയിടങ്ങളിൽ നിന്ന് ഓടിപ്പോകാൻ ഇടയാക്കിയിരിക്കുന്നു.” ഉദാഹരണത്തിന് എത്യോപ്യയുടെ വരൾച്ച വർഷങ്ങൾ നീണ്ടുനിന്ന, പുൽപ്രദേശങ്ങൾ നശിപ്പിച്ച, ആഭ്യന്തരയുദ്ധങ്ങളാൽ വഷളായ്ത്തീർന്നിരിക്കുന്നു.
ദൈവമോ അത്യാഗ്രഹമോ?
പരിസ്ഥിതിവിദഗ്ദ്ധൻമാർ ഉഴാനേ പാടില്ല എന്ന് പറഞ്ഞിരിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടെ വലിയ തുണ്ട് നിലങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ കാരുണ്യം കൊണ്ട് കർഷകർക്ക് ഇന്ന് ഉഴാൻ സാധിക്കുന്നു. വടക്കേ അമേരിക്കയിലെ മഹാസമതലങ്ങളുടെ ഭാഗങ്ങളെക്കുറിച്ച് നാഷണൽ ജ്യോഗ്രാഫിക് മാസിക പിൻവരുന്ന പ്രകാരം പറഞ്ഞു: “ഊഹക്കച്ചവടക്കാരും കടുത്ത സമ്മർദ്ധം നേരിടുന്ന വൻകിട കൃഷിക്കാരും ലക്ഷക്കണക്കിന് ഏക്കർ വരുന്ന ദുർബ്ബലമായ പുൽപ്രദേശങ്ങൾ കോതമ്പ് കൃഷിക്കുവേണ്ടി ഉഴുതുമറിച്ചുകൊണ്ടിരിക്കുന്നു . . . വരണ്ടു കഴിഞ്ഞാൽ ഈ മണ്ണ് എളുപ്പം പറന്നു പടലം സൃഷ്ടിക്കും, കൂടാതെ ഡസ്റ്റ് ബൗൾ [ഐക്യനാടുകളുടെ, 1930-ൽ, വരൾച്ചയിലാണ്ട ഒരു ഭൂവിഭാഗം] രൂപം കൊള്ളുന്നതിലേക്ക് നയിച്ചവിധത്തിലുള്ള നീണ്ടു നിൽക്കുന്ന വരൾച്ച വെറും സമയത്തിന്റെ പ്രശ്നം മാത്രമായി അവശേഷിക്കുന്നു.”
ഇപ്പോൾതന്നെ ആ മേഖലയിലുള്ള ചില മേച്ചിൽ സ്ഥലങ്ങൾ അവിടത്തെ വേലികളിൽ നാട്ടിയിരിക്കുന്ന സ്തംഭങ്ങളുടെ മുകൾ ഭാഗം വരെ ഉയർന്ന ധൂളീകരിമ്പടം കൊണ്ട് മൂടപ്പെട്ട് കിടക്കുകയാണ്. ഈ ദുരിതം അനുഭവിക്കേണ്ടി വന്ന ഒരു കാലിവളർത്തലുകാരൻ ഇങ്ങനെ പറഞ്ഞു: “ഇത് ദൈവത്തിന്റെ ചെയ്തിയല്ല. ഇത് അത്യാഗ്രഹത്തിന്റെ പ്രവൃത്തിയാണ്. ദൈവത്തിന് കൊഴു ഇല്ല.” മോഹൻദാസ് ഗാന്ധി ശ്രേഷ്ഠമായ ഭാഷയിൽ ഇങ്ങനെ പറഞ്ഞു: “ഓരോരുത്തന്റെയും ആവശ്യത്തിന് തക്കവണ്ണം ഉണ്ട്, പക്ഷേ ആർത്തിക്കു തക്കവണ്ണം ഇല്ല.”
പക്ഷേ ചിലർ പറയുന്നത് കാലിവളർത്തലുകാരാണ് അത്യാഗ്രഹികൾ എന്നാണ്. ചിലയാളുകൾ ധാരാളമായി കാലികളെ വളർത്തി മേടുകൾ അതിരുകവിഞ്ഞ മേച്ചിലിന് വിധേയമാക്കുന്നു. കുറേ വർഷങ്ങൾ അങ്ങനെ ചെയ്തുകൊണ്ട് അവർക്ക് തള്ളിനീക്കാനായേക്കും പക്ഷേ വരൾച്ച പ്രഹരിക്കുമ്പോൾ മേച്ചിൽ കൊണ്ട് തരിശായ സ്ഥലങ്ങൾ ഒരു സ്ഥിരം മരുഭൂമിയായ് രൂപാന്തരപ്പെടും. സഹാറാ മരുഭൂമിയുടെ ചുറ്റുപാടും സംഭവിച്ചതെന്ത് എന്ന് പരിചിന്തിക്കുക. അവിടെ ഈ നൂറ്റാണ്ടിന്റെ ആരംഭത്തിങ്കൽ ജലം കൂടുതൽ ലഭിക്കുന്നതിനു ആയിരക്കണക്കിന് കിണറുകൾ കുഴിക്കുകയുണ്ടായി. ആഫ്രിക്കൻ കാലിവളർത്തലുകാർ സന്തോഷിച്ചു. കാരണം ഇത് കാലികളുടെ എണ്ണം വർദ്ധിപ്പിക്കാൻ അവർക്ക് സൗകര്യം ഉണ്ടാക്കികൊടുത്തു. പക്ഷേ ദൗർഭാഗ്യത്തിന്, ഈ പെരുപ്പം ഉൾക്കൊള്ളാൻ തക്ക മേച്ചിലിടം ഉണ്ടായിരുന്നില്ല!
“സാഹേൽ പ്രദേശം, 1968-ൽ വരൾച്ച ആരംഭിച്ചപ്പോഴേ അവശയായിരുന്നു” എന്ന് നമ്മുടെ വിശക്കുന്ന ഭൂമി-ലോക ഭക്ഷ്യപ്രതിസന്ധി എന്ന ഗ്രന്ഥം പറയുന്നു. “പുല്ലു ക്ഷയിച്ചുപോയതോടെ മേച്ചിലുകാർ മരങ്ങൾ വെട്ടി കാലികൾക്ക് തീറ്റി നൽകി. വരൾച്ച തുടർന്നു, പുൽപ്രദേശങ്ങളും കർഷകരുടെ വയലുകളും മരുഭൂമികളായ് മാറിക്കൊണ്ടിരുന്നു. സഹാറാ “കഴിഞ്ഞ 50 വർഷങ്ങൾ കൊണ്ട് തെക്കോട്ട് 650,000 ചതുരശ്ര കിലോമീറ്റർ [250,000 ചതു. മീ.] വ്യാപിച്ചു” എന്ന് ന്യൂ സയൻറിസ്റ്റ് മാസിക പറയുന്നു. ഇത് സ്പെയിനും പോർച്ചുഗലും കൂടിച്ചേർന്നാലുള്ള വിസ്തീർണ്ണത്തേക്കാൾ അധികം ആണ്!
പരിസ്ഥിതിയിൻമേലുണ്ടാവുന്ന പ്രത്യാഘാതങ്ങൾ ചിന്തിക്കാതെ മരങ്ങൾ വെട്ടിമുറിക്കുന്ന വികസന പ്രവർത്തകരും ഉണ്ട്. “ഈ വാചകം വായിക്കാൻ നിങ്ങളെടുക്കുന്ന സമയം കൊണ്ട് ആഗോള അടിസ്ഥാനത്തിൽ മൂന്ന് ഹെക്ടർ (7.4 ഏക്കർ) വനം അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കും. . . . വിറകിനും നിർമ്മാണത്തിനും ഉള്ള ആവശ്യം നിമിത്തം വേണ്ടിവരുന്ന നഷ്ടത്തിലും അധികം ആണിത്. വനനശികരണം അരുവികളിലും പുഴകളിലും എക്കൽ വന്നടിയുന്നതിനും ഭൂഗർഭജലം വറ്റുന്നതിനും രൂക്ഷമായ പ്രളയമുണ്ടാകുന്നതിനും വേനൽക്കാലങ്ങളിൽ ജലക്ഷാമം തീവ്രമായിത്തീരുന്നതിനും ഇടയാക്കിക്കൊണ്ട് കാലങ്ങളായി നിലനിൽക്കുന്ന ജല പരിവൃത്തികൾ നശിപ്പിച്ചു കളയുന്നു” എന്ന് തെക്കെ ആഫ്രിക്കയിലെ പീറ്റർ മാരിറ്റ്സ് ബർഗ്ഗിലെ പ്രകൃതി വിഭവ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ആയ പ്രൊഫസ്സർ ഹാങ്ക്സ് പറയുന്നു.
ഹിമാലയപർവ്വതങ്ങളിൽ ഇതിന്റെ ഒരുദാഹരണം കാണാം. നമ്മുടെ വിശക്കുന്ന ഭൂമി—ലോകഭക്ഷ്യപ്രതിസന്ധി എന്ന പുസ്തകം, “കുന്നിൻ ചരിവുകളിലെ വനങ്ങൾ അതിവേഗം അപ്രത്യക്ഷമാവുകയാണ്. തൽഫലമായി തെക്കേ ഏഷ്യയിൽ പ്രളയങ്ങൾ വഷളായ്ത്തീരുന്നു. പാക്കിസ്ഥാനിൽ 1973-ലുണ്ടായ വെള്ളപ്പൊക്കം ഭക്ഷ്യധാന്യങ്ങളുടെ വൻശേഖരം തന്നെ നശിപ്പിച്ചു കളയുകയാണ് ചെയ്തത്. ബംഗ്ലാദേശിലും ഇൻഡ്യയിലും ഉണ്ടായ പ്രളയങ്ങൾ 1974-ൽ കാർഷിക വിളകളിൻമേൽ വരൾച്ച എത്രത്തോളം വിനാശം വരുത്തുമായിരുന്നോ അത്രത്തോളം നാശം വരുത്തിവച്ചു” എന്നു പറയുന്നു.
ദിവ്യശിക്തയോ?
വരൾച്ചയുടെയും പ്രളയത്തിന്റെയും വിനാശഫലങ്ങൾക്കുത്തരവാദി മനുഷ്യനാണ്—ദൈവമല്ല എന്നു മേൽപ്പറഞ്ഞ ഏർത്ത് സ്കാൻ റിപ്പോർട്ട് നിഗമനം ചെയ്തു. സത്യംതന്നെ, മനുഷ്യൻ കാലാവസ്ഥയെ നിയന്ത്രിക്കുന്നില്ലെങ്കിലും ന്യൂക്ലിയർ പരീക്ഷണങ്ങളിലൂടെയും അതുപോലുള്ള മറ്റു കാര്യങ്ങളിലൂടെയുമുള്ള മനുഷ്യന്റെ അശ്രദ്ധമായ പ്രവൃത്തികൾ കാലാവസ്ഥയുടെ സംവിധാനത്തിന് വ്യതിയാനം വരുത്തിയിട്ടുണ്ട് എന്ന് കരുതുന്നവർ ഉണ്ട്. എങ്കിലും ഏർത്ത്സ്ക്കാൻ റിപ്പോർട്ട് പറയുന്നപ്രകാരം:
“ജനങ്ങൾ അവരുടെ പരിസ്ഥിതിയെ കൂടുതൽ വിനാശോൻമുഖം ആക്കിത്തീർത്തുകൊണ്ടിരിക്കുകയാണ്. അത്തരം അപകടങ്ങൾക്ക് അവർ തങ്ങളെത്തന്നെ ഏറെ വിധേയരും ആക്കുന്നു. പെരുകുന്ന മൂന്നാം ലോക ജനസംഖ്യ കടുംകൃഷി നടത്താനും വനനശീകരണം നടത്താനും അവരുടെ നിലം അമിതോപയോഗത്തിനു വിധേയമാക്കാനും നിർബ്ബന്ധിതരായിത്തീർന്നിരിക്കുന്നതുകൊണ്ട് അവ പ്രളയങ്ങൾക്കും വരൾച്ചക്കും ഏറെ ഇരകളായിത്തീരുന്നു.”
‘എന്നാൽ ഭൂമിയുടെമേൽ മനുഷ്യൻ നടത്തുന്ന ദുർഭരണത്തിന് അവനെ ശിക്ഷിക്കാൻ ദൈവം ഈ വിപത്തുക്കളെ ഒരു വിധത്തിൽ ഉപയോഗിക്കുകയാവാൻ സാദ്ധ്യതയില്ലേ? മുൻകാലങ്ങളിൽ ദൈവം അത്തരം വിപത്തുകൾ വരുത്തിയിട്ടുള്ളതായ് ബൈബിൾ കാണിക്കുന്നില്ലേ? എന്നിങ്ങനെ ചിലർ ചോദിച്ചേക്കാം. പക്ഷെ ദൈവം ഇടയാക്കിയ നോഹയുടെ നാളിലെ ജലപ്രളയത്തിന് മുമ്പ് മുന്നറിയിപ്പ് നൽകപ്പെട്ടിരുന്നുവെന്ന് ഓർമ്മിക്കുക. മരണത്തിൽനിന്ന് നീതിമാനായ നോഹയെയും കുടുംബത്തെയും സംരക്ഷിക്കാൻ ദൈവം കരുതൽ ചെയ്തു. (ഉല്പത്തി 6:13, 14, 17) അടുത്തകാലത്ത് നടന്ന വിനാശങ്ങളെപ്പറ്റി തീർച്ചയായും ഇങ്ങനെ പറയാൻ കഴിയുകയില്ല കാരണം, പല സമയത്തും ദൈവത്തിന്റെ വിശ്വസ്തദാസൻമാരും കൂടെ ഇവ നിമിത്തം ദുരിതങ്ങളും മരണവും അനുഭവിച്ചിട്ടുണ്ട്.
എന്നാൽ, മനുഷ്യൻ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത് ദൈവം നിർവ്വികാരനായി നോക്കിക്കൊണ്ടിരിക്കുകയാണ് എന്ന് ഇതിനർത്ഥം ഇല്ല. ദൈവം തന്റെ രാജ്യത്തിലൂടെ അവന്റെ തക്ക സമയത്ത് ഇതിനു പരിഹാരം വരുത്തും എന്ന് ബൈബിൾ സൂചിപ്പിക്കുന്നു. എന്തു സംഭവിക്കുമെന്നു ബൈബിൾ പറയുന്നതിപ്രകാരമാണ്: “ഈ രാജാക്കൻമാരുടെ [ഇന്നത്തെ ഗവൺമെൻറുകൾ] നാളുകളിൽ സ്വർഗ്ഗസ്ഥനായ ദൈവം ഒരിക്കലും നാശത്തിലേക്ക് വരുത്തപ്പെടുകയില്ലാത്ത ഒരു രാജ്യം [തന്റെ സ്വർഗ്ഗീയ ഗവൺമെൻറ്] സ്ഥാപിക്കും. . . . അത് ഈ രാജ്യങ്ങളെ എല്ലാം തകർത്തുനശിപ്പിക്കുകയും അനിശ്ചിതകാലത്തോളം നിലനിൽക്കുകയും ചെയ്യും.”—ദാനിയേൽ 2:44.
നൂറ്റാണ്ടുകളായി സത്യക്രിസ്ത്യാനികൾ ദൈവരാജ്യത്തിനുവേണ്ടി നോക്കിപ്പാർത്തിരുന്നിട്ടുണ്ട്. യേശു അവന്റെ ശിഷ്യൻമാരെ പഠിപ്പിച്ചതിങ്ങനെയാണ്: “പിതാവേ, . . . നിന്റെ രാജ്യം വരേണമേ.” (ലൂക്കോസ് 11:12) സ്വർഗ്ഗീയ ഗവൺമെൻറിന് വിനാശകരങ്ങളായ പ്രളയങ്ങളെയും വരൾച്ചകളെയും തടയാൻ കഴിയുമെന്ന് വിശ്വസിക്കാൻ ന്യായമുണ്ടോ? തീർച്ചയായും ഉണ്ട്. ദിനാന്തരീക്ഷസ്ഥിതി നിയന്ത്രിക്കുന്നതിനുള്ള ശാസ്ത്രീയ ശ്രമങ്ങൾ ഇന്നുവരെയും പരാജയം അടഞ്ഞിരിക്കുന്നു എന്നിരിക്കെ കാലാവസ്ഥയെ ക്രമീകരിക്കാൻ സൃഷ്ടാവിന് ശക്തിയുണ്ടെന്നുള്ളതാണ് ഒരു സംഗതി. തന്റെ പുരാതന ജനതയോട് അവൻ ഇങ്ങനെ വാഗ്ദത്തം ചെയ്തു: “ഞാൻ നിങ്ങൾക്ക് യഥാകാലത്ത് മഴ നൽകും, നിലം അതിന്റെ വിളവ് തീർച്ചയായും നൽകും, വയലിലെ വൃക്ഷം അതിന്റെ ഫലവും നൽകും.”-ലേവ്യപുസ്തകം 26:4.
ഈ ഗവൺമെൻറിന്റെ രാജാവായി ദൈവത്താൽ നിയമിതനായിരിക്കുന്ന പുനരുത്ഥാനം ചെയ്ത യേശുക്രിസ്തുവും കാലാവസ്ഥയെ നിയന്ത്രിക്കാനുള്ള തന്റെ ശക്തി പ്രകടമാക്കിയിട്ടുണ്ട്! ഒരു “വിനാശകമായ കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെട്ട” സംഭവത്തെപ്പറ്റി ബൈബിൾ പറയുന്നു. യേശു അപ്പോൾ ഒരു ഗാഢ നിദ്രയിൽ നിന്ന് ഉണർത്തപ്പെട്ടു, “അവൻ എഴുന്നേറ്റ് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോട് പറഞ്ഞു: ‘ശ്ശ്! ശാന്തമായിരിക്കുക!’” എന്തുസംഭവിച്ചു? “കാറ്റ് അടങ്ങി ഒരു വലിയ സ്വസ്ഥത കൈവന്നു.” ഭയപ്പെട്ടുപോയ യേശുവിന്റെ ശിഷ്യൻമാർ ഇങ്ങനെ പറയാൻ പ്രേരിതരായി: “കാറ്റും കടലും പോലും ഇവനെ അനുസരിക്കത്തക്കവണ്ണം ഇവൻ വാസ്തവത്തിൽ ആരാകുന്നു?—മർക്കോസ് 4:36-41.
ദൈവരാജ്യഭരണകാലത്ത് ഭൂമിയുടെ കാലാവസ്ഥ ഇതുപോലെതന്നെ യേശുവിന്റെ കല്പനകൾ അനുസരിക്കുകയും പൂർണ്ണ സന്തുലിതാവസ്ഥയിൽ കാക്കപ്പെടുകയും ചെയ്യും. ഭൂമിയുടെ പരിസ്ഥിതി സംബന്ധിച്ചെന്ത്? ഭൂമിയുടെ വനങ്ങൾ തുടച്ചുനീക്കുന്നതിനോ അതിന്റെ അന്തരീക്ഷം മലിനമാക്കുന്നതിനോ ഒരുമ്പെടുന്ന യാതൊരു അത്യാഗ്രഹിയും അന്ന് കാണുകയില്ല. ബൈബിൾ ഇങ്ങനെ പറയുന്നു: “സമുദ്രം വെള്ളം കൊണ്ട് മൂടപ്പെട്ടിരിക്കുന്നതുപോലെ ഭൂമി നിശ്ചയമായും യഹോവയുടെ പരിജ്ഞാനം കൊണ്ട് നിറക്കപ്പെടും.” (യെശയ്യാവ് 11:9) ആ ഭരണത്തിൻ കീഴിൽ മനുഷ്യർ ഭൂമിയുടെ പരിസ്ഥിതിയെ താറുമാറാക്കാതെവണ്ണം ഭവനങ്ങൾ പണിയുന്നതിനും അതിനെ വികസിപ്പിക്കുന്നതിനും സംശയമെന്യെ പഠിച്ചിരിക്കും. (യെശയ്യാവ് 65:21) അങ്ങനെ ഭൂമി ഒരു മനോഹര സ്ഥലമായി രൂപാന്തരപ്പെടും—ഒരു യഥാർത്ഥ പറുദീസ ആയിത്തന്നെ!—ലൂക്കോസ് 23:43. (g86 6/22)
[26-ാം പേജിലെ ചിത്രം]
ആഫ്രിക്കയിലേതുപോലുള്ള ഇത്തരം മരുഭൂമികൾ അതിവേഗം വളരുന്നതെന്തുകൊണ്ടാണ്?
[കടപ്പാട്]
FAO photo