പ്രകൃതിവിപത്തുകൾ ദൈവം ഉത്തരവാദിയോ?
“ദൈമേ, നീ എന്താണു ഞങ്ങളോടീ ചെയ്തിരിക്കുന്നത്?”
1985 നവംബർ 13-നു കൊളംബിയയിലെ മഞ്ഞുമൂടിക്കിടന്നിരുന്ന നെവാഡോ ഡെൽ റൂയീസ് പൊട്ടിത്തെറിച്ചുണ്ടായ നാശത്തെ അതിജീവിച്ച ഒരാൾ പ്രതികരിച്ചത് അങ്ങനെയായിരുന്നു. അതിന്റെ അനന്തരഫലമായുണ്ടായ മണ്ണിടിച്ചിൽ അർമേരോ നഗരത്തെ മുഴുവനായി മൂടിക്കളയുകയും ഒററ രാത്രികൊണ്ട് 20,000-ത്തിൽ അധികം ആളുകളെ കൊന്നൊടുക്കുകയും ചെയ്തു.
രക്ഷപെട്ടുവരുന്നവൻ അങ്ങനെ പ്രതികരിക്കുന്നതു നമുക്കു മനസ്സിലാക്കാവുന്നതാണ്. ഭയായനകമായ പ്രകൃതിശക്തികൾക്കുമുമ്പിൽ നിസ്സഹായരായി നിന്ന് അത്തരം വിപൽക്കരമായ സംഭവങ്ങൾ ദൈവം വരുത്തുന്നതാണെന്ന് ആളുകൾ പണ്ടുതൊട്ടേ പറഞ്ഞിട്ടുണ്ട്. സമുദ്രം, ആകാശം, ഭൂമി, പർവതം, അഗ്നിപർവതം എന്നിവയ്ക്കും ഭയമുളവാക്കുന്ന മറെറന്തിനും ദൈവങ്ങളുണ്ടെന്നു കരുതിയിരുന്ന പ്രാചീന മനുഷ്യർ അവരെ പ്രസാദിപ്പിക്കാൻ കാഴ്ചകളും ചിലപ്പോൾ നരബലിയുംപോലും അർപ്പിക്കുമായിരുന്നു. വിനാശകാരികളായ പ്രകൃതിസംഭവങ്ങളുടെ ഭവിഷ്യത്ത് കേവലം തങ്ങളുടെ വിധിയായോ ദൈവം വരുത്തിയതായോ കാണുന്ന ചിലർ ഇന്നുമുണ്ട്.
ലോകമെമ്പാടും മനുഷ്യർക്ക് ഒരുപാടു കഷ്ടങ്ങളും നഷ്ടങ്ങളും വരുത്തിവെക്കുന്ന വിപത്തുകൾക്കു വാസ്തവത്തിൽ ദൈവമാണോ ഉത്തരവാദി? അവിടുത്തെയാണോ കുററപ്പെടുത്തേണ്ടത്? ഉത്തരം ലഭിക്കണമെങ്കിൽ അത്തരം ദുരന്തങ്ങളിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നു നാം കൂടുതൽ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. വാസ്തവത്തിൽ നമുക്കറിയാവുന്ന ഏതാനും വസ്തുതകൾ പുനഃപരിശോധിക്കേണ്ടതുമുണ്ട്.
“പ്രകൃതിവിപത്ത്” എന്താണ്?
ചൈനയിലെ ഡങ്ക്ഷാനിൽ ഒരു ഭൂമികുലുക്കമുണ്ടായപ്പോൾ ചൈനയിൽനിന്നുള്ള ഔദ്യോഗിക റിപ്പോർട്ടനുസരിച്ചു മരണമടഞ്ഞത് 2,42,000 പേരായിരുന്നു. ഐക്യനാടുകളിൽ സൗത്ത് ഫ്ളോറിഡയിലും ലൂസിയാനയിലും ആൻഡ്രു കൊടുങ്കാററ് ആഞ്ഞടിച്ചപ്പോഴുണ്ടായ സാമ്പത്തിക നഷ്ടം ആയിരക്കണക്കിനു കോടികളുടേതായിരുന്നു. അത്തരം പ്രകൃതിവിപത്തുകളെ കുറിച്ചുള്ള വാർത്തകൾ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപററി. എന്നുവരികിലും, ആ ഭൂമികുലുക്കം സംഭവിച്ചത് ഡങ്ക്ഷാനിൽനിന്നു 1,100 കിലോമീററർ വടക്കുപടിഞ്ഞാറുള്ള ആൾപ്പാർപ്പില്ലാത്ത ഗോബി മരുഭൂമിയിലായിരുന്നെങ്കിൽ, അല്ലെങ്കിൽ ആൻഡ്രു കൊടുങ്കാററ് അതിന്റെ ഗതിമാറി കരയിലെത്താതെ സമുദ്രത്തിൽ ആഞ്ഞുവീശിയിരുന്നെങ്കിൽ, അവയുടെയൊക്കെ ഫലമെന്താകുമായിരുന്നു? ഇന്ന് ആരും അവ ഓർക്കുമായിരുന്നില്ല.
അപ്പോൾ സുവ്യക്തമായും പ്രകൃതിവിപത്തുകളെപ്പററി സംസാരിക്കുമ്പോൾ നാം കേവലം പ്രകൃതിശക്തികളുടെ നാടകീയമായ പ്രകടനത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. ഓരോ വർഷവും വലുതും ചെറുതുമായ ആയിരക്കണക്കിനു ഭൂകമ്പങ്ങളും ഡസൻകണക്കിനു കൊടുങ്കാററുകളും ചുഴലിക്കാററുകളും അഗ്നിപർവതസ്ഫോടനങ്ങളും ഉപദ്രവം വരുത്തിവെക്കുന്ന മററു പ്രതിഭാസങ്ങളും ഉണ്ടാകാറുണ്ട്, എന്നാൽ അവയെല്ലാം കേവലം സ്ഥിതിവിവരക്കണക്കിൽ കയറിപ്പററുന്നതല്ലാതെ മറെറാന്നും ചെയ്യുന്നില്ല. എന്നിരുന്നാലും, അത്തരം സംഭവങ്ങൾ ജീവനും സ്വത്തിനും വൻനാശങ്ങൾ വരുത്തി സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുമ്പോൾ അവ വിപത്തുകൾ ആയിത്തീരുന്നു.
കെടുതികളും നഷ്ടങ്ങളും എല്ലായ്പോഴും അവയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രകൃതിശക്തികളോട് ആനുപാതികമായിട്ടായിരിക്കില്ലെന്നു നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഏററവും വലിയ ദുരന്തത്തിനു കാരണം പ്രകൃതിശക്തികളുടെ ഏററവും ശക്തമായ പ്രകടനമാകണമെന്നില്ല. ഉദാഹരണത്തിന്, ഐക്യനാടുകളിൽ കാലിഫോർണിയയിലെ സാൻ ഫെർനാണ്ടോയിൽ 1971-ലുണ്ടായ ഭൂമികുലുക്കം റിക്ററർ സ്കെയിലിൽ 6.6 എന്നു രേഖപ്പെടുത്തിയിരുന്നെങ്കിലും ആൾനാശം സംഭവിച്ചതു 65 പേർക്കായിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞ് നിക്കാരാഗ്വയിലെ മനാഗ്വയിൽ 6.2 എന്നു രേഖപ്പെടുത്തിയ ഭൂമികുലുക്കമാകട്ടെ കൊന്നൊടുക്കിയത് 5,000 പേരെയും!
അതിനാൽ, പ്രകൃതിവിപത്തുകളുടെ വർധിച്ചുവരുന്ന സംഹാരശേഷി കണക്കിലെടുക്കുമ്പോൾ നാം ഇങ്ങനെ ചോദിക്കണം, പ്രകൃതിഘടകങ്ങൾ കൂടുതൽ അക്രമകാരികൾ ആയിത്തീർന്നിരിക്കുകയാണോ? അതോ മാനുഷിക ഘടകങ്ങൾ പ്രസ്തുത പ്രശ്നത്തിനു വളംവെച്ചിരിക്കുകയാണോ?
ആരാണ് ഉത്തരവാദി?
ഈ ഭൂമിയിലെ പ്രകൃതിശക്തികൾ ഉൾപ്പെടെ സകലത്തിന്റെയും മഹാസ്രഷ്ടാവായി ബൈബിൾ യഹോവയാം ദൈവത്തെ തിരിച്ചറിയിക്കുന്നു. (ഉല്പത്തി 1:1; നെഹെമ്യാവു 9:6; എബ്രായർ 3:4; വെളിപ്പാടു 4:11) എന്നാൽ കാററിന്റെ ഓരോ ചലനവും അഥവാ ഓരോ മഴയും തൊടുത്തുവിടുന്നത് അവിടുന്നാണെന്ന് ഇതിനർഥമില്ല. നേരെമറിച്ച്, ഭൂമിയെയും അതിന്റെ പരിസ്ഥിതിയെയും നിയന്ത്രിക്കുന്ന നിശ്ചിത നിയമങ്ങൾ അവിടുന്നു ക്രമീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഭൂമിയിൽ ജീവൻ സാധ്യമാക്കുന്ന അടിസ്ഥാന പ്രവർത്തനങ്ങളിൽ മൂന്നെണ്ണത്തെക്കുറിച്ചു സഭാപ്രസംഗി 1:5-7-ൽ നാം വായിക്കുന്നു—ദിവസേനയുള്ള സൂര്യോദയവും സൂര്യാസ്തമയവും, സ്ഥിരമായ കാററുവീശലുകളുടെ രീതി, ജലപരിവൃത്തികൾ. അവയെക്കുറിച്ചു മനുഷ്യവർഗം ബോധവാൻമാർ ആണെങ്കിലും ഇല്ലെങ്കിലും ഈ പ്രകൃതിവ്യവസ്ഥകളും ഭൂമിയുടെ കാലവസ്ഥ, ഭൂവിജ്ഞാനം, പരിസ്ഥിതി വിജ്ഞാനം എന്നിവ ഉൾക്കൊള്ളുന്നതുപോലുള്ള മററു വ്യവസ്ഥകളും ആയിരക്കണക്കിനു വർഷങ്ങളായി പ്രവർത്തനത്തിലുണ്ട്. വാസ്തവത്തിൽ സഭാപ്രസംഗിയുടെ എഴുത്തുകാരൻ സൃഷ്ടിയുടെ സ്ഥിരവും അനന്തവുമായ വിധങ്ങളും മനുഷ്യജീവിതത്തിന്റെ പരിവർത്തനാത്മകവും താത്കാലികവുമായ സ്വഭാവവും തമ്മിലുള്ള വലിയ വൈരുദ്ധ്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കുകയായിരുന്നു.
യഹോവ പ്രകൃതിശക്തികളുടെ സ്രഷ്ടാവ് മാത്രമല്ല, അവയെ നിയന്ത്രിക്കാൻ ശക്തിയുള്ളവനുമാണ്. തന്റെ ഉദ്ദേശ്യനിവൃത്തിക്കായി അത്തരം ശക്തികളെ യഹോവ നിയന്ത്രിക്കുന്നതിന്റെയോ ഉപയോഗപ്പെടുത്തുന്നതിന്റെയോ വിവരണങ്ങൾ ബൈബിളിലുടനീളം നാം കാണുന്നു. മോശയുടെ നാളിൽ ചെങ്കടൽ മുറിച്ചുകടന്നതും യോശുവായുടെ നാളിൽ സൂര്യനെയും ചന്ദ്രനെയും ആകാശത്തിലെ അവയുടെ പന്ഥാവിൽ പിടിച്ചുനിർത്തിയതും ഇവയിൽ ഉൾപ്പെടുന്നു. (പുറപ്പാട് 14:21-28; യോശുവ 10:12, 13) ദൈവപുത്രനും വാഗ്ദത്ത മിശിഹയുമായ യേശുക്രിസ്തുവും പ്രകൃതിശക്തികളുടെ മേലുള്ള തന്റെ അധികാരം പ്രകടമാക്കി. ഉദാഹരണത്തിന്, ഗലീലാ കടലിൽ വെച്ചുണ്ടായ കൊടുങ്കാററിനെ അവിടുന്നു ശാന്തമാക്കി. (മർക്കൊസ് 4:37-39) ഇതുപോലുള്ള വിവരണങ്ങൾ യഹോവയാം ദൈവത്തിനും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനും ഇവിടെ ഭൂമിയിൽ ജീവനെ ബാധിക്കുന്ന സകലതിനെയും പൂർണമായി നിയന്ത്രിക്കാനാകും എന്നതിന് ഒരു സംശയവും അവശേഷിപ്പിക്കുന്നില്ല.—2 ദിനവൃത്താന്തം 20:6; യിരെമ്യാവു 32:17; മത്തായി 19:26.
സത്യം ഇതായതുകൊണ്ട്, ഈ നാളുകളിലെ പ്രകൃതിവിപത്തുകൾ വരുത്തിക്കൂട്ടിയ വർധിച്ച കെടുതികൾക്കും നാശത്തിനും ഉത്തരവാദിയായി നമുക്കു ദൈവത്തെ കാണാനാകുമോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനു നാം ആദ്യമായി പ്രകൃതിശക്തികൾ ഈയിടെ നാടകീയമായി കൂടുതൽ തീക്ഷ്ണമോ നിയന്ത്രണാതീതമോ ആയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്.
ഈ വിഷയം സംബന്ധിച്ചു പ്രകൃതിവിപത്തുകൾ—ദൈവത്തിന്റെ പ്രവൃത്തികളോ മമനുഷ്യന്റെ പ്രവൃത്തികളോ? [ഇംഗ്ലീഷ്] എന്ന പുസ്തകത്തിനു പറയാനുള്ളതെന്തെന്നു ശ്രദ്ധിക്കുക: “വരൾച്ചകൾ, പ്രളയങ്ങൾ, ചുഴലിക്കാററുകൾ എന്നിവയുമായി ബന്ധപ്പെട്ട കാലാവസ്ഥയുടെ പ്രവർത്തനവിധങ്ങൾക്കു മാററം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നതിന് ഒരു തെളിവുമില്ല. ഭൂകമ്പങ്ങൾ, അഗ്നിപർവതങ്ങൾ, ഭൂകമ്പ തരംഗങ്ങൾ എന്നിവയോടു ബന്ധപ്പെട്ട ഭൂചലനങ്ങൾ കൂടുതൽ തീവ്രമായിത്തീരുകയാണെന്ന് ഒരു ഭൂതത്ത്വശാസ്ത്രജ്ഞനും അവകാശപ്പെടുന്നില്ല.” അതുപോലെ ഭൂകമ്പനം [ഇംഗ്ലീഷ്] എന്ന പുസ്തകം ഇങ്ങനെ നിരീക്ഷിക്കുന്നു: “വലുതും ചെറുതുമായ എണ്ണമററ ഭൂവിജ്ഞാനീയ സംഭവങ്ങളുടെ ഒരു രേഖ ഓരോ ഭൂഖണ്ഡത്തിലെയും പാറക്കെട്ടുകളിൽ അടങ്ങിയിട്ടുണ്ട്. അവ ഇപ്പോൾ സംഭവിച്ചിരുന്നെങ്കിൽ മനുഷ്യവർഗത്തിന് അത് ഒരു അതിഭയങ്കര വിപത്താകുമായിരുന്നു—ഭാവിയിൽ അത്തരം സംഭവങ്ങൾ ആവർത്തിച്ച് ഉണ്ടാകുമെന്നതു ശാസ്ത്രീയമായി തീർച്ചയുള്ളതുമാണ്.” മറെറാരു വിധത്തിൽ പറഞ്ഞാൽ ഭൂമിയും അതിന്റെ ചലനാത്മക ശക്തികളും നൂററാണ്ടുകളായി ഏറെക്കുറെ മാററമില്ലാതെ നിലനിന്നുപോന്നിട്ടുണ്ട്. അതുകൊണ്ട്, ചില സ്ഥിതിവിവരക്കണക്കുകൾ ഭൂവിജ്ഞാനീയമോ മറേറാ ആയ ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനത്തിൽ ഒരു വർധനവു സൂചിപ്പിച്ചാലും അല്ലെങ്കിലും ഈ നാളുകളിൽ ഭൂമി നിയന്ത്രണാതീതമായി അക്രമകാരിയായിത്തീർന്നിട്ടില്ല.
അപ്പോൾപ്പിന്നെ നാം വായിച്ചറിയുന്ന പ്രകൃതിവിപത്തുകളുടെ ആവർത്തനസ്വഭാവത്തിലും സംഹാരശേഷിയിലും വന്ന വർധനവിന് എന്താണു കാരണം? പഴി ചാരേണ്ടതു പ്രകൃതിശക്തികളെയല്ലെങ്കിൽപ്പിന്നെ കുററമാരോപിക്കാൻ വിരൽ ചൂണ്ടേണ്ടത് മനുഷ്യരുടെ നേർക്കാണെന്നു വരുന്നു. തീർച്ചയായും മമനുഷ്യന്റെ പ്രവർത്തനങ്ങൾ നമ്മുടെ പരിസ്ഥിതിയെ പ്രകൃതിവിപത്തുകൾക്കു ചായ്വുള്ളതാക്കുകയും അവയ്ക്കു വിധേയമാകാൻ പാകത്തിലാക്കുകയും ചെയ്തിരിക്കുന്നു എന്ന് പണ്ഡിതൻമാർ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു. വികസ്വര രാഷ്ട്രങ്ങളിൽ ഭക്ഷണത്തിനായുള്ള വർധിച്ചുവരുന്ന ആവശ്യം നിമിത്തം കർഷകർ തങ്ങളുടെ നിലത്തിൽ അമിതമായി കൃഷിയിറക്കാനോ ജീവത്പ്രധാനമായ കാടു വെട്ടിത്തെളിച്ചെടുക്കാനോ നിർബന്ധിതരാകുന്നു. ഇതു വൻതോതിലുള്ള മണ്ണൊലിപ്പിലേക്കു നയിക്കുന്നു. ചേരിപ്രദേശങ്ങളുടെയും തോന്നിയ വിധത്തിൽ സുരക്ഷിതമല്ലാത്തിടങ്ങളിൽ പണിതിരിക്കുന്ന കുടിലുകളുടെയും വ്യാപനത്തിന്റെ ആക്കം കൂട്ടാൻ ജനസംഖ്യാപെരുപ്പവുമുണ്ട്. കൂടുതൽ വികസിത രാഷ്ട്രങ്ങളിൽപ്പോലും സ്ഥിതി വ്യത്യസ്തമല്ല. വ്യക്തമായ മുന്നറിയിപ്പു കൊടുത്തിട്ടും കാലിഫോർണിയയിലെ സാൻ അൻഡ്രയാസ് ഫാൾട്ടിന്റെ ഓരംചേർന്നു ജീവിക്കുന്ന ദശലക്ഷങ്ങളെപ്പോലുള്ള ആളുകൾ തങ്ങളേത്തന്നെ അപകടസാധ്യതയിൻ കീഴിലാക്കിയിരിക്കുന്നു. അത്തരം സാഹചര്യങ്ങളിൽ അസാധാരണമായ ഒരു സംഭവം—ഒരു കൊടുങ്കാറേറാ, പ്രളയമോ, ഭൂമികുലുക്കമോ—ഉണ്ടാകുമ്പോൾ അതിന്റെ ഭവിഷ്യത്തിനെ വാസ്തവത്തിൽ “സ്വാഭാവിക”മെന്നു വിളിക്കാനാവുമോ?
ആഫ്രിക്കൻ സഹേലിലെ വരൾച്ച ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. വരൾച്ചയെന്നാൽ മഴയുടെയോ വെള്ളത്തിന്റെയോ അഭാവമാണെന്നും അതു ക്ഷാമം, പട്ടിണി, മരണം എന്നിവയിലേക്കു നയിക്കുന്നു എന്നുമാണു നാം സാധാരണഗതിയിൽ ചിന്തിക്കുന്നത്. പക്ഷേ ആ പ്രദേശത്തെ കടുത്ത ക്ഷാമവും പട്ടിണിയും കേവലം വെള്ളമില്ലാത്തതുകൊണ്ടാണോ? ആക്രമണത്തിനിരയാകുന്ന പ്രകൃതി [ഇംഗ്ലീഷ്] എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “ഇന്നത്തെ ക്ഷാമം തുടരുന്നത് ഏറിയപങ്കും ദീർഘനാളത്തെ വരൾച്ചകൊണ്ടല്ല, മറിച്ച് നിലത്തിന്റെയും ജലവിഭവങ്ങളുടെയും ദീർഘനാളത്തെ ദുരുപയോഗംകൊണ്ടാണ് എന്നു ശാസ്ത്രജ്ഞരും ദുരിതാശ്വാസ ഏജൻസികളും ശേഖരിച്ച തെളിവുകൾ സൂചിപ്പിക്കുന്നു. . . . സഹേൽ അനുസ്യൂതം മരുഭൂമിയായി വളരുന്നതു തികച്ചും മനുഷ്യനിർമിതമായ ഒരു പ്രതിഭാസമാണ്.” ഒരു ദക്ഷിണാഫ്രിക്കൻ പത്രമായ ദ നേററൽ വിററ്നസ് ഇങ്ങനെ നിരീക്ഷിക്കുന്നു: “ക്ഷാമം ഭക്ഷണമില്ലായ്മയല്ല; ഭക്ഷണം എത്തിപ്പിടിക്കാൻ കഴിയാത്ത അവസ്ഥയാണ്. മററു വാക്കുകളിൽ പറഞ്ഞാൽ അതു ബന്ധപ്പെട്ടുകിടക്കുന്നതു ദാരിദ്ര്യവുമായിട്ടാണ്.”
മററു വിപത്തുകൾ വരുത്തുന്ന നാശങ്ങളിൽ അധികപങ്കിനെക്കുറിച്ചും ഇതുതന്നെ പറയാവുന്നതാണ്. പ്രകൃതിവിപത്തുകളുടെ ഫലമായുള്ള മരണനിരക്കു ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങളിലേതിനെക്കാൾ ദരിദ്ര രാഷ്ട്രങ്ങളിലാണ് ആനുപാതികമല്ലാത്തവിധം കൂടുതലായി അനുഭവപ്പെടുന്നതെന്നു പഠനങ്ങൾ കാണിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഒരു പഠനമനുസരിച്ച് ജപ്പാനിൽ 1960 മുതൽ 1981 വരെ അനുഭവപ്പെട്ട 43 ഭൂകമ്പങ്ങളിലും മററു ദുരന്തങ്ങളിലുമായി മരണമടഞ്ഞത് 2,700 പേരായിരുന്നു, അതായത് ഓരോ ദുരന്തത്തിലും മരണമടഞ്ഞത് ശരാശരി 63 പേർ. അതേ കാലഘട്ടത്തിൽ പെറുവിൽ 31 ദുരന്തങ്ങളിലായി മരണമടഞ്ഞത് 91,000 പേരായിരുന്നു, അല്ലെങ്കിൽ ഓരോ ദുരന്തത്തിലും 2,900 പേർ. എന്തുകൊണ്ടാണീ വ്യത്യാസം? കാരണം പ്രകൃതിവിപത്തുകൾ ആയിരിക്കാം, പക്ഷേ തത്ഫലമായി സംഭവിച്ച ജീവനാശത്തിലും വസ്തുനഷ്ടത്തിലും കാണുന്ന ഈ വൻവ്യത്യാസത്തിന് ഉത്തരവാദിത്വം പേറേണ്ടതു മമനുഷ്യന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നയങ്ങളാണ്.
എന്താണു പരിഹാരം?
പ്രകൃതിവിപത്തുകളെ നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ വർഷങ്ങളോളം ശാസ്ത്രജ്ഞൻമാരും വിദഗ്ധരും പാടുപെട്ടിട്ടുണ്ട്. ഭൂമികുലുക്കങ്ങളും അഗ്നിപർവതസ്ഫോടനങ്ങളും എങ്ങനെ സംഭവിക്കുന്നു എന്നതിനെ സംബന്ധിച്ച ഗ്രാഹ്യം ലഭിക്കാൻ അവർ ഭൂമിയുടെ അഗാധങ്ങളിലേക്ക് ആഴ്ന്നിറങ്ങി കൂലങ്കഷമായി പരിശോധിക്കുന്നു. ചുഴലിക്കാററുകളുടെയോ കൊടുങ്കാററുകളുടെയോ ഗതി മനസ്സിലാക്കാനോ പ്രളയമോ വരൾച്ചയോ മുൻകൂട്ടിപറയാനോ വേണ്ടി ബഹിരാകാശ ഉപഗ്രഹങ്ങൾ ഉപയോഗിച്ചുകൊണ്ട് അവർ കാലാവസ്ഥയിലെ വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നു. ഈ ഗവേഷണങ്ങളിലൂടെ ലഭിച്ചിട്ടുള്ള വിവരങ്ങളെല്ലാംതന്നെ പ്രകൃതിവിപത്തുകളുടെ സ്വാധീനത്തെ കുറച്ചുകൊണ്ടുവരാൻ തങ്ങളെ പ്രാപ്തരാക്കുമെന്നാണ് അവരുടെ പ്രത്യാശ.
അത്തരം ശ്രമങ്ങൾക്കു ഫലമുണ്ടായിട്ടുണ്ടോ? ചെലവേറിയതും ഉന്നത സാങ്കേതികവിദ്യ ആവശ്യമുള്ളതുമായ ഇത്തരം നടപടികളെക്കുറിച്ച് ഒരു പരിസ്ഥിതി നിരീക്ഷണ സ്ഥാപനം ഇങ്ങനെ വിലയിരുത്തുന്നു: “അവയ്ക്ക് അവയുടെ സ്ഥാനമുണ്ട്. എന്നാൽ അവയ്ക്കുവേണ്ടി താരതമ്യേന വലിയ അളവിൽ പണവും ശ്രമവും ചെലവഴിക്കേണ്ടിവരുന്നെങ്കിൽ—ഇരകളാകുന്നവർ വസിക്കുന്ന സമൂഹത്തിനുമേൽ സ്ഥിരമായി ഉരുണ്ടുകൂടുന്ന അപകടത്തെ അവഗണിക്കാൻ അവ ഒരു ഒഴികഴിവായി ഉതകുകയും അവ വിപത്തുകളെ കൂടുതൽ വഷളാക്കുകയും ചെയ്യുന്നെങ്കിൽ—അപ്പോൾ അവർ ചെയ്യുന്നതു നൻമയെക്കാളേറെ ദ്രോഹമായിരിക്കും.” ഉദാഹരണത്തിന്, ബംഗ്ലാദേശിന്റെ തീരപ്രദേശം തുടരെത്തുടരെ പ്രളയങ്ങളുടെയും കടലാക്രമണങ്ങളുടെയും ഭീഷണിയിലാണ് എന്നറിയുന്നത് ഉപകാരപ്രദമാണ്, എന്നാൽ ആ അറിവു ലക്ഷക്കണക്കിനു ബംഗ്ലാദേശികളെ അവിടെത്തന്നെ വസിക്കുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നില്ല. ഫലമാകട്ടെ, ആവർത്തിച്ചുള്ള വിപത്തുകളും ലക്ഷങ്ങളുടെ മരണവും.
സാങ്കേതികമായ അറിവ് ഒരു പരിധിവരെ മാത്രമേ പ്രയോജനപ്രദമാവൂ എന്നതാണു യാഥാർഥ്യം. അപകടങ്ങൾ ഒഴിയാബാധയായിട്ടുള്ള പ്രദേശങ്ങളിലോ പരിസ്ഥിതിയെ താറുമാറാക്കുന്ന വിധത്തിലോ ജീവിച്ചാലും മറെറാരിടത്തും പോയി ജീവിക്കാൻ കഴിയാത്തവരുണ്ട്, അവരുടെ സമ്മർദത്തെ ലഘൂകരിക്കാനുള്ള പ്രാപ്തിയാണ് ആവശ്യമായിരിക്കുന്ന മറെറാരു സംഗതി. മറെറാരു വിധത്തിൽ പറയുകയാണെങ്കിൽ, ഈ ഘടകങ്ങൾ വരുത്തിക്കൂട്ടുന്ന കെടുതികൾക്ക് ഒരു ശമനം വരണമെങ്കിൽ നാം ജീവിക്കുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥിതിയെ ഉടച്ചുവാർക്കേണ്ടിവരും. ആർക്കാണ് അത്തരമൊരു കൃത്യം സാധിക്കുക? പ്രകൃതിവിപത്തുകൾക്കു കാരണമായിരിക്കുന്ന ശക്തികളെപ്പോലും നിയന്ത്രിക്കാനാവുന്നവനു മാത്രം.
ദൈവത്തിന്റെ പ്രവൃത്തികൾ ആസന്നം
യഹോവയാം ദൈവം ചികിത്സിക്കാൻ പോകുന്നത് രോഗലക്ഷണങ്ങളെയല്ല. മറിച്ച്, മനുഷ്യദുരിതങ്ങളുടെ മൂലകാരണത്തെയാണ്. “മനുഷ്യന്റെമേൽ അധികാരം സ്ഥാപിച്ച് ദ്രോഹിക്കുന്ന” അത്യാർത്തിപൂണ്ടതും മർദകവുമായ രാഷ്ട്രീയ, വാണിജ്യ, മത വ്യവസ്ഥിതികൾക്ക് അവിടുന്ന് അറുതി വരുത്തും. (സഭാപ്രസംഗകൻ 8:9, പി.ഒ.സി. ബൈ.) ഭൂമിയിൽനിന്നു ദുഷ്ടതയും കഷ്ടപ്പാടും നീക്കി സമാധാനവും നീതിയും കളിയാടുന്ന ഒരു ഭൗമിക പറുദീസ വീണ്ടെടുക്കാൻ ദൈവം നടപടി എടുക്കുന്ന സമയത്തെ ചൂണ്ടിക്കാട്ടുന്ന നിരവധി പ്രവചനങ്ങൾ ബൈബിളിന്റെ പേജുകളിലുടനീളം കാണാം. ബൈബിൾ പരിചിതമായിരിക്കുന്ന ആരും അതു ശ്രദ്ധിക്കാതെ പോകയില്ല.—സങ്കീർത്തനം 37:9-11, 29; യെശയ്യാവു 13:9; 65:17, 20-25; യിരെമ്യാവു 25:31-33; 2 പത്രൊസ് 3:7; വെളിപ്പാടു 11:18.
ഫലത്തിൽ അതു യേശു തന്റെ അനുഗാമികളെ പ്രാർഥിക്കാൻ പഠിപ്പിച്ച “അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ” എന്ന സംഗതിതന്നെയാണ്. (മത്തായി 6:10, പി.ഒ.സി. ബൈ.) “ആ രാജാക്കൻമാരുടെ നാളുകളിൽ, ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറെറാരു ജനതയ്ക്കും വിട്ടുകൊടുക്കാത്തതുമായ ഒരു രാജ്യം സ്വർഗ്ഗസ്ഥനായ ദൈവം പടുത്തുയർത്തും. മേല്പറഞ്ഞ രാജ്യങ്ങളെ എല്ലാം തകർത്ത്, ഇല്ലാതാക്കി, അത് എന്നേക്കും നിലനിൽക്കും” എന്ന് ദാനിയേൽ പ്രവാചകനിലൂടെ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ മിശിഹൈക രാജ്യം സകല അപൂർണ മനുഷ്യഭരണത്തെയും നീക്കിക്കളയും.—ദാനിയേൽ 2:44, പി.ഒ.സി. ബൈ.
രാഷ്ട്രങ്ങൾക്ക് ഇന്നു കഴിയാത്ത ഏതു കാര്യങ്ങളായിരിക്കും ദൈവരാജ്യം കൈവരിക്കുക? വരാനിരിക്കുന്ന സംഗതികളുടെ ഒരു പുളകപ്രദമായ ഭാവിദർശനം ബൈബിൾ നൽകുന്നുണ്ട്. ക്ഷാമത്തിനും പട്ടിണിക്കും പകരം “ഭൂമിയിൽ ധാന്യസമൃദ്ധി ഉണ്ടാകട്ടെ! മലകളിൽ കതിർക്കുല ഉലയട്ടെ!,” “വയലിലെ വൃക്ഷങ്ങൾ ഫലം നല്കും; ഭൂമി വിളവു തരും; അവർ തങ്ങളുടെ ദേശത്തു സുരക്ഷിതരായിരിക്കും.” (സങ്കീർത്തനം 72:16എ; എസെക്കിയേൽ 34:27, പി.ഒ.സി. ബൈ.) പരിസ്ഥിതിയെ സംബന്ധിച്ചു ബൈബിൾ നമ്മോട് ഇങ്ങനെ പറയുന്നു: “വിജനദേശവും വരണ്ട പ്രദേശവും സന്തോഷിക്കും; മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും. . . . വരണ്ട ഭൂമിയിൽ ഉറവകൾ പൊട്ടിപ്പുറപ്പെടും. മരുഭൂമിയിലൂടെ നദികൾ ഒഴുകും. തപിച്ച മണലാരണ്യം ജലാശയമായി മാറും. ദാഹിച്ചിരുന്ന ഭൂമി അരുവികളായി മാറും.” (ഏശയ്യാ 35:1, 6, 7, പി.ഒ.സി. ബൈ.) മേലാൽ യുദ്ധങ്ങൾ ഉണ്ടായിരിക്കില്ല.—സങ്കീർത്തനം 46:9.
യഹോവ ഇതെല്ലാം എങ്ങനെ നിവർത്തിക്കുമെന്നും മേലാൽ ഒരു ഉപദ്രവവും ഉണ്ടാക്കാത്തവിധത്തിൽ പ്രകൃതിശക്തികളെ അവിടുന്ന് എങ്ങനെ മെരുക്കിയെടുക്കുമെന്നും ബൈബിൾ പറയുന്നില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്, ആ നീതിനിഷ്ഠമായ ഗവൺമെൻറിൻ കീഴിൽ ജീവിക്കുന്നവരുടെ “അദ്ധ്വാനം വൃഥാ ആവുകയില്ല. അവർക്കു ജനിക്കുന്ന ശിശുക്കൾ അത്യാഹിതത്തിന് ഇരയാവുകയില്ല. അവർ കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും; അവരുടെ സന്തതികളും അവരോടൊപ്പം അനുഗൃഹീതരാകും.”—ഏശയ്യാ 65:23, പി.ഒ.സി. ബൈ.
ദൈവരാജ്യം 1914 എന്ന വർഷത്തിൽ സ്വർഗത്തിൽ സ്ഥാപിതമായി എന്ന് ഈ മാഗസിനിലൂടെയും വാച്ച് ടവർ സൊസൈററിയുടെ മററു പ്രസിദ്ധീകരണങ്ങളിലൂടെയും യഹോവയുടെ സാക്ഷികൾ ആവർത്തിച്ചു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ രാജ്യത്തിന്റെ മാർഗനിർദേശത്തിൻ കീഴിൽ ഏതാണ്ട് 80 വർഷത്തോളമായി ഒരു ആഗോള സാക്ഷ്യം കൊടുത്തിട്ടുണ്ട്, നാം ഇപ്പോൾ വാഗ്ദത്തം ചെയ്യപ്പെട്ട ഒരു “പുതിയ ആകാശ”ത്തിന്റെയും ഒരു “പുതിയ ഭൂമി”യുടെയും കവാടത്തിലാണ്. പ്രകൃതിവിപത്തുകളുടെ കെടുതികളിൽനിന്നു മാത്രമല്ല കഴിഞ്ഞ ആറായിരം വർഷത്തോളമായി മനുഷ്യവർഗത്തെ ക്ലേശിപ്പിച്ചുകൊണ്ടിരുന്ന സകല വേദനകളിൽനിന്നും കഷ്ടപ്പാടുകളിൽനിന്നും മനുഷ്യവർഗം സ്വതന്ത്രമാകും. “പഴയതെല്ലാം കടന്നുപോയി” എന്ന് ആ സമയത്തെക്കുറിച്ചു നമുക്കു സത്യമായും പറയാനാവും.—2 പത്രൊസ് 3:13; വെളിപ്പാടു 21:4, പി.ഒ.സി. ബൈ.
അങ്ങനെയെങ്കിൽ ഇപ്പോഴോ? സാഹചര്യങ്ങളാലോ മററു കാരണങ്ങളാലോ അരിഷ്ടതയിലായിരിക്കുന്നവർക്കുവേണ്ടി ദൈവം പ്രവർത്തിക്കുന്നുണ്ടോ? നിസ്സംശയമായും അവിടുന്നു പ്രവർത്തിക്കുന്നുണ്ട്, എന്നാൽ അതു മിക്കയാളുകളും പ്രതീക്ഷിക്കുന്ന വിധത്തിലായിക്കൊള്ളണമെന്നില്ല.
[8, 9 പേജുകളിലെ ചിത്രങ്ങൾ]
മമനുഷ്യന്റെ പ്രവർത്തനങ്ങൾ നമ്മുടെ പരിസ്ഥിതിയെ പ്രകൃതിവിപത്തുകൾക്കു കൂടുതൽ ചായ്വുള്ളതാക്കിയിരിക്കുന്നു
[കടപ്പാട്]
Laif/Sipa Press
Chamussy/Sipa Press
Wesley Bocxe/Sipa Press
Jose Nicolas/Sipa Press