മർമ്മത്തിനു പരിഹാരം
സാധാരണാതീത ശക്തികൾ അസാധാരണ പ്രവൃത്തികൾ ചെയ്യാൻ ആളുകളെ പ്രാപ്തരാക്കിയിട്ടുണ്ടെന്നുള്ളത് സുസ്ഥാപിതമാണ്. ബ്രയൻ ഇംഗ്ലീസ് ഇങ്ങനെ പ്രസ്താവിക്കുന്നു: “ക്രമാതീത പ്രതിഭാസങ്ങൾ മദ്ധ്യകാലയുഗങ്ങൾക്കുശേഷം ഇപ്പോൾ ഔദ്യോഗികാംഗീകാരത്തോട് കൂടുതൽ അടുത്തുവന്നിരിക്കുന്നു—അന്ന് അവ അത്ര പ്രവചിക്കാവുന്നവയല്ലെങ്കിലും പ്രകൃതിശക്തികളിൽ മറ്റ് ഏതുംപോലെ സ്വാഭാവികമെന്ന് പരിഗണിക്കപ്പെട്ടിരുന്നു.”
ഈ അസാധാരണ ശക്തികളുടെ ഉറവ് ഏതാണ്? ആയിരക്കണക്കിനു വർഷങ്ങളിൽ മനുഷ്യകുടുംബത്തിലെ മിക്കവരും മരിച്ചവരുടെ ദേഹികൾ അഥവാ ആത്മാക്കൾ ഒരു ആത്മലോകത്തിൽ തുടർന്നു ജീവിക്കുന്നുവെന്ന് വിശ്വസിച്ചിട്ടുണ്ട്. ഇവയാണ് ക്രമാതീത പ്രതിഭാസങ്ങൾക്ക് ഉത്തരവാദികൾ എന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. എന്നാൽ ആണോ?
മരിച്ചവരാണോ ഉത്തരവാദികൾ?
മരിച്ചവർ ബോധരഹിതർ—യഥാർത്ഥത്തിൽ മരിച്ചവർ—ആണെങ്കിൽ, അപ്പോൾ അവർക്ക് നിഗൂഢതക്കു പിന്നിലെ ദുർഗ്രഹശക്തികളായിരിക്കുക അസാദ്ധ്യമായിരിക്കും. ശരി, അപ്പോൾ മരിച്ചവരുടെ അവസ്ഥ എന്താണ്?
മനുഷ്യന്റെ സൃഷ്ടിയെ വർണ്ണിച്ചുകൊണ്ട് തിരുവെഴുത്തുകൾ പറയുന്നു: “മനുഷ്യൻ ഒരു ജീവനുള്ള ദേഹിയായിത്തീർന്നു.” (ഉല്പത്തി 2:7, കിംഗ് ജയിംസ് വേർഷൻ) മനുഷ്യന്റെ ഘടകങ്ങളിലൊന്നായി അവന് ഒരു ദേഹി കൊടുക്കപ്പെട്ടതായി അത്യല്പമായ സൂചനപോലുമില്ലെന്നു കാണുക. എന്നാൽ ദേഹി വ്യക്തമായും മനുഷ്യൻതന്നെയാണ്. അതുകൊണ്ട് മനുഷ്യൻ മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
യേശുക്രിസ്തുവിനെക്കുറിച്ച് ബൈബിൾ ഇങ്ങനെ പ്രവചിച്ചു: “അവൻ മരണത്തിലേക്ക് തന്റെ ദേഹിയെ ഒഴുക്കി.” (യെശയ്യാവ് 53:12, കെ.ജെ) പൊതുമനുഷ്യവർഗ്ഗത്തെ സംബന്ധിച്ച്, “പാപം ചെയ്യുന്ന ദേഹി, അതു മരിക്കും” എന്ന് തിരുവെഴുത്തുകൾ പറയുന്നു. (യെഹെസ്ക്കേൽ 18:4, 20, കെ. ജെ) സകല മനുഷ്യദേഹികളും, ദൈവത്തോട് അനുസരണക്കേടു കാണിച്ചതിനാൽ ഒരു പാപിയായിത്തീർന്ന ആദ്യമനുഷ്യനായ ആദാമിൽനിന്ന് പാപം അവകാശപ്പെടുത്തിയതിനാൽ അവരെല്ലാം മരിക്കുന്നു. “പാപത്തിന്റെ ശമ്പളം മരണമാകുന്നു” എന്ന് ബൈബിൾ പറയുന്നു. (റോമർ 5:12; 6:23 കെ. ജെ) അതുകൊണ്ട് മരണത്തിങ്കൽ ദേഹി, ഇന്ദ്രിയവാഹിയായ വ്യക്തി, മരിക്കുന്നു.a
ആ സ്ഥിതിക്ക്, മരിച്ചവർക്ക് ജീവനുള്ളവരുമായി ആശയവിനിയമം നടത്താൻ കഴിയുമോ? ബൈബിൾ പറയുന്നു: “[മനുഷ്യൻ] തന്റെ അന്ത്യശ്വാസം വലിക്കുന്നു, അവൻ പൊടിയിലേക്കു മടങ്ങിപ്പോകുന്നു; ആ നാഴികയിൽതന്നെ അവന്റെ സകല ചിന്തയും അവസാനിക്കുന്നു.” ബൈബിൾ ഇങ്ങനെയും പറയുന്നു: “കർത്താവിനെ സ്തുതിക്കുന്നത് മരിച്ചവരല്ല, മൗനതയിലേക്കിറങ്ങുന്നവരല്ല, എന്നാൽ ജീവനുള്ള നാമാണ് കർത്താവിനെ വാഴ്ത്തുന്നത്.”—സങ്കീർത്തനം 146:4; 115:17, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ.
മരിച്ചവരുടെ ‘ചിന്ത അവസാനിച്ചിരിക്കുന്നതുകൊണ്ട്’ അവർക്ക് ദൈവത്തെ സ്തുതിക്കാൻ കഴിയാത്തതിനാൽ തീർച്ചയായും അവർക്ക് ജീവിച്ചിരിക്കുന്നവരോട് ആശയവിനിയമം ചെയ്യാൻ കഴികയില്ല. ഏതെങ്കിലും ക്രമാതീത പ്രതിഭാസത്തിന് അവർക്ക് ഉത്തരവാദികളായിരിക്കാനും കഴികയില്ല.
മർമ്മം പരിഹരിക്കപ്പെടുന്നു
മനുഷ്യരല്ല ഏറ്റവും ഉയർന്ന ജീവരൂപം. ദൈവം മനുഷ്യനെയും സ്ത്രീയെയും സൃഷ്ടിച്ചതിന് ദീർഘനാൾ മുമ്പേ അവൻ ഒട്ടേറെ ആത്മപുത്രൻമാരെ, അദൃശ്യരായ ദൂതൻമാരെ, സൃഷ്ടിച്ചിരുന്നുവെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു. പിന്നീട് ഇവരിൽ ഒരാൾ ദൈവത്തോട് എതിർക്കാനും അവനെ ദുഷിക്കാൻ പോലും തുടങ്ങി, അങ്ങനെ സാത്താനും (എതിരാളി) പിശാചും (ദൂഷകൻ) ആയിത്തീരുകയും ചെയ്തു. കാലക്രമത്തിൽ, മറ്റ് ആത്മസൃഷ്ടികൾ പിശാചായ സാത്താന്റെ മത്സരത്തിൽ അവനോടു ചേരുകയും മത്സരികളായ ദൂതൻമാരുടെ അഥവ ഭൂതങ്ങളുടെ ഒരു സംഘടന രൂപവൽക്കരിക്കുകയും ചെയ്തു. നിഗൂഢ വിദ്യയുടെ ക്രമാതീത പ്രതിഭാസങ്ങൾക്ക് ഈ ഭൂതങ്ങളാണോ ഉത്തരവാദികൾ?
അതെ, അവരാണ് ഉത്തരവാദികൾ! പ്രളയത്തിന് മുമ്പത്തെ നാളുകളിൽ “സത്യദൈവത്തിന്റെ ഈ പുത്രൻമാർ”ക്ക് ജഡശരീരങ്ങൾ ധരിച്ച് ഭൂമിയിൽ ജീവിക്കാൻ കഴിയുമായിരുന്നു. (ഉല്പത്തി 6:1, 2; യൂദാ 6) എന്നാൽ ആത്മമണ്ഡലത്തിലേക്കു തിരിച്ചുപോയശേഷം മനുഷ്യരുമായുള്ള അവരുടെ സമ്പർക്കം ക്രമാതീത പ്രതിഭാസങ്ങൾക്കിടയാക്കുന്നതിൽ പരിമിതപ്പെട്ടിരിക്കുകയാണ്, അവ മനുഷ്യ ചരിത്രത്തിലുടനീളം വളരെ സാധാരണമാണ്.
ഭൂതങ്ങൾ വിശേഷാൽ മരിച്ചവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളും സ്നേഹിതരുമായി സമ്പർക്കം പുലർത്തുകയും ആത്മലോകത്തിൽ എവിടെയോ മരിച്ചവർ ജീവിക്കുന്നുണ്ടെന്നുള്ള വ്യാജം അവർ വിശ്വസിക്കാനിടയാക്കുകയും ചെയ്തിരിക്കുന്നു. മരിച്ചവരായി വ്യക്തീഭാവം കൈക്കൊള്ളുന്നത് ഭൂതങ്ങൾക്ക് ഒരു പ്രശ്നമല്ല; കാരണം അവർക്ക് ആളുകൾ ജീവിച്ചിരിക്കുമ്പോൾ അവരെ സൂക്ഷ്മായി നിരീക്ഷിക്കാൻ കഴിയും. അങ്ങനെ, ഒരു വ്യക്തിയുടെ സ്വരവും സംസാരരീതിയും ഉൾപ്പെടെ അയാളുടെ ജീവിതത്തിലെ സൂക്ഷ്മവിശദാംശങ്ങൾ കൃത്യമായി മൂർത്തീകരിക്കാൻ കഴിയും.
എന്നാൽ വിശ്വസ്തരായ ദൂതൻമാരെ സംബന്ധിച്ചെന്ത് എന്ന് നിങ്ങൾ ചോദിച്ചേക്കാം. ഒരുപക്ഷേ അവർ ഇന്ന് മനുഷ്യരുമായി ആശയവിനിയമം നടത്തുന്നുണ്ടോ? മുൻകാലങ്ങളിൽ മനുഷ്യരുമായി ആശയവിനിയമം നടത്താൻ ദൈവം ദൂതൻമാരെ ഉപയോഗിച്ചിരുന്നുവെന്നതു സത്യമാണ്. എന്നിരുന്നാലും ഇന്ന് മനുഷ്യരായ നമ്മോടുള്ള ദൈവത്തിന്റെ നേരിട്ടുള്ള മതിയായ സന്ദേശമെന്നനിലയിൽ നമുക്ക് പൂർത്തിയായ ബൈബിളുണ്ട്. (2 തിമൊഥെയോസ് 3:16, 17) അതിൽ ആത്മാക്കളുമായി മനുഷ്യർ ആശയവിനിയമം നടത്തുവാൻ ശ്രമിക്കുന്നതിനെ യഹോവയാം ദൈവം പ്രത്യേകമായി വിലക്കുന്നുണ്ട്.
പ്രവാചകനായ യെശയ്യാവു മുഖാന്തരം ദൈവം പറയുന്നു: “എന്നാൽ ചിലക്കുകയും മുറുമുറുക്കുകയും ചെയ്യുന്ന ഭാഗ്യംപറയുന്നവരോടും മദ്ധ്യവർത്തികളോടും സന്ദേശങ്ങൾക്കായി അപേക്ഷിക്കാൻ ആളുകൾ നിങ്ങളോടു പറയും. ‘ഏതായാലും ആളുകൾ ആത്മാക്കളിൽനിന്ന് സന്ദേശങ്ങൾക്കായി അപേക്ഷിക്കുകയും ജീവനുള്ളവർക്കുവേണ്ടി മരിച്ചവരോട് ആലോചന കഴിക്കുകയും ചെയ്യേണ്ടതാണെ’ന്ന് അവർ പറയും. ‘കർത്താവു നിങ്ങളെ പഠിപ്പിക്കുന്നതിനു ശ്രദ്ധകൊടുക്കുക! മദ്ധ്യവർത്തികളെ ശ്രദ്ധിക്കരുത്—അവർ നിങ്ങളോടു പറയുന്നത് നിങ്ങൾക്ക് ഗുണം ചെയ്യുകയില്ല‘ എന്ന് നിങ്ങൾ അവർക്ക് ഉത്തരം കൊടുക്കേണ്ടതാണ്.”—യെശയ്യാവ് 8:19, 20, റ്റുഡേയ്സ് ഇംഗ്ലീഷ് വേർഷ്യൻ.
നിഗൂഢ നടപടികൾ ഒഴിവാക്കുന്നതു സംബന്ധിച്ച് ദൈവം യിസ്രായേൽ ജനതക്ക് വിശദമായ നിർദ്ദേശങ്ങൾ കൊടുത്തത് അതിശയമല്ല. വാഗ്ദത്തദേശത്തു പ്രവേശിച്ചപ്പോൾ കനാന്യരുടെ “വെറുക്കത്തക്ക ആചാരങ്ങ”ളിൽ ഉൾപ്പെടാതിരിക്കാൻ അവൻ അവർക്കു മുന്നറിയിപ്പു കൊടുത്തു. (ലേവ്യപുസ്തകം 18:3, 30) ഈ ആചാരങ്ങളുടെ അഥവാ നടപടികളുടെ വിശദാംശങ്ങൾ ആവർത്തനം 18:10, 11-ൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവയിൽ ആഭിചാരം ചെയ്യുന്നതും മന്ത്രവിദ്യ നടത്തുന്നതും ശകുനം നോക്കുന്നതും ക്ഷുദ്രപ്രയോഗം ചെയ്യുന്നതും മയക്കുവിദ്യയാൽ ബന്ധിക്കുന്നതും സംഭവങ്ങൾ മുൻകൂട്ടിപ്പറയുന്ന തൊഴിൽക്കാരോട് ആലോചന കഴിക്കുന്നതും മരിച്ചവരോട് അന്വേഷണം നടത്തുന്നതും ഉൾപ്പെടുന്നു.
നിഗൂഢതയെ സൂക്ഷിക്കുക!
ആദ്യനോട്ടത്തിൽ ആ “വെറുക്കത്ത ആചാരങ്ങൾ” നിരുപദ്രവകരമാണെന്നു തോന്നിയേക്കാം. എന്നാൽ അവിടെ അപകടങ്ങൾ പതിയിരുപ്പുണ്ട്. എങ്ങനെ? കാരണം ആ ആചാരങ്ങൾക്ക് ഭൂതങ്ങളുമായുള്ള ഇടപാടുകളിലേക്ക് നയിക്കാൻ കഴിയും. കനാന്യരുടെ വഷളത്തവും ലൈംഗികതയിലും അക്രമത്തിലുമുള്ള അവരുടെ ആസക്തിയും ഇതിന്റെ തെളിവായിരുന്നു.
ഇക്കാലത്ത് ക്രമാതീത പ്രതിഭാസത്തിലുള്ള താൽപ്പര്യത്തെ പിന്തുടരുന്നതിൽ സമാനമായ അപകടമുണ്ട്. അത് ഭൂതശക്തികളുടെ കെണിയിലേക്കു നയിക്കുന്ന ഇരയായിരിക്കാൻ കഴിയും. നമ്മുടെനാളിലെ നിഗൂഢാചാരങ്ങളോടു ബന്ധപ്പെട്ട ലൈംഗികതയേയും അക്രമത്തേയും സംബന്ധിച്ച റിപ്പോർട്ടുകൾ കാണാൻ നിങ്ങൾ ദൂരെ നോക്കേണ്ടതില്ല. തന്നിമിത്തം മുന്നറിയിപ്പു അനുസരിക്കുന്നത് നിങ്ങളുടെ അത്യുത്തമ താത്പര്യങ്ങൾക്കനുഗുണമാണ്.
പുരാതന യിസ്രായേലിനോടുള്ള ദൈവത്തിന്റെ കല്പന നിഗൂഢതയെ വർജ്ജിക്കേണ്ടതിന്റെ പ്രാധാന്യമേറിയ ഒരു കാരണത്തെ ദീപ്തിമത്താക്കുന്നു. “എന്തെന്നാൽ ഈ കാര്യങ്ങൾ ചെയ്യുന്ന ഏവനും യഹോവയ്ക്കു വെറുപ്പാകുന്നു.” (ആവർത്തനം 18:12) നിശ്വസ്ത ക്രിസ്തീയ ബൈബിളെഴുത്തുകാർ ഈ മൗലികസത്യത്തോടു യോജിക്കുന്നു. അപ്പോസ്തലനായ പൗലോസ് “ക്തുദ്രപ്രയോഗ”ത്തെ “[വീഴ്ചഭവിച്ച] ജഡത്തിന്റെ പ്രവൃത്തികളിൽ” ഒന്നായി പട്ടികപ്പെടുത്തുന്നു. (ഗലാത്യർ 5:19, 20) “ആത്മവിദ്യ ആചരിക്കുന്നവരുടെ” ഓഹരി “തീയും ഗന്ധകവും കത്തുന്ന തീപ്പൊയ്കയിലായിരിക്കും. അതിന്റെ അർത്ഥം രണ്ടാം മരണം എന്നാണ്” എന്ന ദൈവത്തിന്റെ മുന്നറിയിപ്പ് അപ്പോസ്തലനായ യോഹന്നാൻ എഴുതിവെക്കുകയുണ്ടായി.—വെളിപ്പാട് 21:8.
വീജാബോർഡുപോലെ നിർദ്ദോഷമായി കാണപ്പെടുന്ന എന്തെങ്കിലും കൊണ്ടു കളിക്കുന്നതിനാൽ അപകടകരമായ പരിണതഫലങ്ങൾ ഉണ്ടാകാവുന്നതല്ലെന്ന് ചിലയാളുകൾ വിശ്വസിച്ചേക്കാം. എന്നിരുന്നാലും, ഇംഗ്ലണ്ടിലെ ബസ് ഡ്രൈവറൻമാരുടെ ഒരു സംഘം വിശ്രമവേളകളിൽ ഒരു വീജാബോർഡുപയോഗിച്ചു കളിച്ചപ്പോൾ അന്യോന്യമുള്ള അവരുടെ മനോഭാവത്തിനു മാറ്റം വന്നതായി കണ്ടെത്തി. ചിലർ പതിവില്ലാത്തവിധം ആക്രമണോത്സുകരായി. ഈ മനോഭാവം അവരുടെ ഡ്രൈവിംഗിനെയും ബാധിച്ചു. യാതൊരു കാരണവും കൂടാതെ മുമ്പിലൂടെ വരുന്ന വാഹനങ്ങളുടെ നേരെ തങ്ങളുടെ വണ്ടികൾ ഡ്രൈവു ചെയ്യാൻ ഒരു ശക്തമായ പ്രേരണ തോന്നിയതായി അവർ റിപ്പോർട്ടു ചെയ്തു.
ഇനി വീജാബോർഡുകൊണ്ടു പരീക്ഷണം നടത്തി ഭൂതകാലവുമായി ഒരു ആസക്തി വളർത്തിയ ഒരു ചെറുപ്പക്കാരി സ്ത്രീ ഉണ്ടായിരുന്നു. 300 വർഷം മുമ്പു മരിച്ച ഒരു മനുഷ്യനോടു താൻ പ്രേമത്തിലാണെന്ന് അവൾ വിശ്വസിച്ചു. അയാളുമായി സമ്പർക്കം പുലർത്താൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു. അവളുടെ ജ്വരം ഒടുവിൽ ഒരു റെയിൽവേ ട്രാക്കിൽ കിടന്നു ആത്മഹത്യ ചെയ്യാൻ അവളെ നയിച്ചു. തന്റെ പ്രിയപ്പെട്ടവനോടു ചേരാൻ മരിക്കുന്നതിന് താൻ ആഗ്രഹിച്ചതായി സൂചിപ്പിച്ച ഡയറികൾ കേസ് അന്വേഷിച്ച പോലീസ് കണ്ടെത്തുകയുണ്ടായി.
അതുകൊണ്ട് നിഗൂഢതയിൽ നിങ്ങൾ അനുചിതമായി ആകൃഷ്ടനാകുന്നില്ലെന്ന് നിങ്ങൾ വിചാരിച്ചാൽത്തന്നെ സൂക്ഷിക്കുക! “ജാഗ്രതപാലിക്കുക, ഉണർന്നിരിക്കുക” എന്ന തിരുവെഴുത്തു ബുദ്ധിയുപദേശം അനുസരിക്കുക. നിഗൂഢതയുടെ പിമ്പിൽ ആരാണെന്ന് ഓർക്കുക. “നിങ്ങളുടെ ശത്രുവായ പിശാച് ആരെയെങ്കിലും വിഴുങ്ങാൻ ശ്രമിച്ചുകൊണ്ട് അലറുന്ന ഒരു സിംഹത്തെപ്പോലെ അങ്ങുമിങ്ങും നടക്കുകയാകുന്നു.” (1 പത്രോസ് 5:8) ആ ‘ആരെങ്കിലും’ നിങ്ങളായിരിക്കാൻ അനുവദിക്കരുത്!
പിശാചും അവന്റെ ഭൂതങ്ങളും യഥാർത്ഥത്തിൽ സ്ഥിതിചെയ്യുകതന്നെ ചെയ്യുന്നുവെന്നും അവർക്കു തീർച്ചയായും ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെന്നും അടുത്ത ലേഖനം വിശദമാക്കുന്നു. (g86 8/22)
[അടിക്കുറിപ്പുകൾ]
a വിശദമായ ഒരു ചർച്ചക്ക് ഈ ജീവിതം മാത്രമാണോ ഉള്ളത്? എന്ന പുസ്തകം ദയവായി വാങ്ങുക, ഈ മാസികയുടെ 32-ാം പേജിൽ കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ എഴുതുന്നുവെങ്കിൽ അതിന്റെ ഒരു പ്രതി ലഭിക്കും.
[10-ാം പേജിലെ ആകർഷകവാക്യം]
അവർ ആശയവിനിയമം ചെയ്യുന്നത് മരിച്ചവരുമായിട്ടാണോ?
[9-ാം പേജിലെ ചിത്രം]
300 വർഷം മുമ്പ് മരിച്ച ഒരു മനുഷ്യനോട് താൻ പ്രേമത്തിലാണെന്ന് അവൾ വിശ്വസിച്ചു