ബാങ്കുകൾ പൊട്ടുന്നതിന്റെ കാരണം
മൈക്രോനേഷ്യൻ ദ്വീപായ യാപ്പിൽ ബാങ്ക് ഓഫ് ഹവായ് 1970-ൽ ഒരു ബ്രാഞ്ച് തുറന്നപ്പോൾ അതിന് ഒരു പ്രശ്നമുണ്ടായിരുന്നു: ബാങ്കിൽ പണം നിക്ഷേപിക്കാൻ യാപ്പിലെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നത്. “ഞങ്ങൾ ടൗൺ മീറ്റിംഗുകൾ നടത്തി അടിസ്ഥാന കാര്യങ്ങൾ മുതൽ തുടങ്ങി” എന്ന് ബാങ്ക് ഉദ്യോഗസ്ഥനായ ഡോമിനിക്ക് ബി. ഗ്രിഫിൻ III വിശദീകരിച്ചു. “ഉപജീവന സമ്പദ് ഘടനയിൽ എന്തിനും പണമായിരിക്കാൻ കഴിയും. ഒരു പന്നി പണമല്ലാത്തതെന്തുകൊണ്ടെന്നും എന്നാൽ ഒരു കടലാസ് തുണ്ടിലെ ഒപ്പ് പണമായിരിക്കുന്നതെന്തുകൊണ്ടെന്നും ഞങ്ങൾ വിശദീകരിക്കേണ്ടിവന്നു.”
ആ പ്രശ്നം ഒരു അടിസ്ഥാന പോയിൻറിന് അടിവരയിടുന്നു: ആധുനിക ബാങ്കിംഗ് വിശ്വാസത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ആളുകൾ—വ്യക്തികളും വ്യാപാര സ്ഥാപനങ്ങളും—തങ്ങൾ ബിസിനസ് നടത്തുന്ന ബാങ്കുകളിലും അവയെ പിന്താങ്ങുന്ന ഏജൻസികളിലും അർപ്പിക്കുന്ന വിശ്വാസത്തിൻമേലാണ് അത് അടിസ്ഥാനപ്പെട്ടിരിക്കുന്നത്.
യാപ്പിൽ അപ്പോൾത്തന്നെ ഒരു ബാങ്ക് ഉണ്ടായിരുന്നു—ശിലാനാണയ ബാങ്ക്. അവിടത്തെ സംസ്ക്കാരം യുഗങ്ങളായി കറൻസി എന്ന നിലയിൽ വലിയ കൽചക്രങ്ങൾ ഉപയോഗിച്ചിരുന്നു. അവയെ സംഭരിച്ചു സൂക്ഷിക്കുന്നതിന് സുരക്ഷിത അറ ആവശ്യമില്ലാത്തവിധം അവ അത്ര വലുതായിരുന്നു. മറിച്ച്, അവ കൊളോണിയായിക്കു പുറത്തെ ഒരു വഴിവക്കിലെ മതിലുകളിലും വൃക്ഷങ്ങളിലും ചാരിനിർത്തിയിരുന്നു. യാപ്പിനു തെക്കുപടിഞ്ഞാറുള്ള ബലാ ദ്വീപുകളിലായിരുന്നു അവ ചെത്തിയുണ്ടാക്കിയത്. അവ സമ്പാദിച്ച് ചെറിയ ബോട്ടുകളിൽ യാപ്പിലേക്കു കൊണ്ടുവരുന്നത് എത്ര പ്രയാസമാണെന്നുള്ളതിനെ അടിസ്ഥാനപ്പെടുത്തി അവയുടെ വില നിശ്ചയിച്ചിരുന്നു. ശിലാനാണയം ഒരിക്കലും മാറ്റിക്കൊണ്ടുപോകുകയില്ല. ഓരോരുത്തർക്കും ഓരോ ഖണ്ഡത്തെയും അതിന്റെ ചരിത്രത്തെയും കുറിച്ച് അറിവുണ്ടായിരുന്നു. വസ്തുവോ ചരക്കുകളോ വാങ്ങുമ്പോൾ (യഥാർത്ഥകല്ലല്ല) ഉടമസ്ഥാവകാശം കുടുംബത്തിൽനിന്ന് കുടുംബത്തിലേക്ക് മാറ്റപ്പെടുമായിരുന്നു.
ആ സ്ഥിതിക്ക്, അക്ഷരീയമായിത്തന്നെ യാപ്പിനെ “ശിലായുഗ”ത്തിൽനിന്ന് ആധുനിക ഇലക്ട്രോണിക്ക് യുഗത്തിലേക്ക് എത്തിച്ച് ചെക്കിടപാടും സേവിംഗ്സ് അക്കൗണ്ടുകളും വിദേശവിനിമയവും സേവിംഗ്സ് ബോണ്ടുകളും റ്റെലഗ്രാഫിക്ക് പണമടകളും പരിചയപ്പെടുത്തണമായിരുന്നു. അവിടത്തെ ആളുകൾ അച്ചടിച്ച കടലാസ് തുണ്ടുകളുടെ മൂല്യവും തങ്ങൾക്കു കാണാൻ കഴിയാത്ത പണം കൈകാര്യം ചെയ്യുന്ന ബാങ്കുകളിൽ വിശ്വാസമർപ്പിക്കുന്നതെങ്ങനെയെന്നും പഠിക്കേണ്ടിയിരുന്നു.
ലോകവ്യാപകമായി ഇന്ന് ഈ സാഹചര്യം നിലവിലിരിക്കുന്നു. ആരും ബാങ്കിനോട് തങ്ങളുടെ പണം കാണിക്കാൻ യഥാർത്ഥത്തിൽ ആവശ്യപ്പെടുന്നില്ല. യഥാർത്ഥത്തിൽ മിക്ക പ്രവർത്തനങ്ങളും ഇലക്ട്രോണിക്കലായിട്ടോ ഒരു ചെക്കു മുഖേനയോ ആണു നടക്കുന്നത്. വാഗ്ദത്തം ചെയ്തിരിക്കുന്ന തുകകൾ ആവശ്യപ്പെടുമ്പോൾ ബാങ്കുകൾ നൽകുമെന്ന് അല്ലെങ്കിൽ കാലാവധി തികയുമ്പോൾ നൽകുമെന്ന് ആളുകൾക്കു വിശ്വാസമുണ്ട്. എന്നിരുന്നാലും, പതിവിൻപടി ദിവസേനയുള്ള പണപിൻവലിക്കലിനാവശ്യമായ കറൻസി മാത്രമേ ബാങ്കുകൾ യഥാർത്ഥത്തിൽ അവയുടെ സുരഷാ മുറികളിൽ സൂക്ഷിക്കുന്നുള്ളു. ഒരു പ്രത്യേക സമയത്ത് അല്ലെങ്കിൽ കാലത്ത് എത്രമാത്രം പണം ആവശ്യമുണ്ടെന്ന് അവർക്ക് അനുഭവത്തിൽനിന്ന് അറിയാം. അപ്പോൾ ബാക്കി പണമെല്ലാം എവിടെയാണ്?
ബാങ്കിംഗ് ബിസിനസ്സ്
ബാങ്കുകൾ ബിസ്സിനസ്സുകളാണ്. മറ്റു സ്ഥാപനങ്ങളെപ്പോലെ അവർ ലാഭമുണ്ടാക്കാൻ തൊഴിൽ ചെയ്യുകയാണ്. എന്നാൽ മറ്റു പല സ്ഥാപനങ്ങളിൽനിന്നും വ്യത്യസ്തമായി അവരുടെ ഉല്പന്നം പണമാണ്. ചുരുക്കിപ്പറഞ്ഞാൽ, അവർ ഒരു ഉറവിൽനിന്ന് പണം കടംവാങ്ങുകയും മറ്റൊന്നിന് കടം കൊടുക്കുകയും ചെയ്യുന്നു. വാങ്ങിയതിനെക്കാൾ കൂടിയ പലിശനിരക്കിൽ കടം കൊടുക്കുന്നതിനാൽ അവർ തങ്ങൾക്കുവേണ്ടിയും തങ്ങളുടെ ഓഹരി ഉടമകൾക്കുവേണ്ടിയും തങ്ങളുടെ നിക്ഷേപകർക്കുവേണ്ടിയും പണമുണ്ടാക്കുന്നു. അവരുടെ പ്രവർത്തനച്ചെലവിനുള്ള പണവും അവരുണ്ടാക്കുന്നു. എന്നാൽ ബാങ്കുകൾ പണം സൃഷ്ടിക്കുകയും ചെയ്യുന്നു. അവർ ഇത് എങ്ങനെ ചെയ്യുന്നു?
നിങ്ങളുടെ ബാങ്കു പൊട്ടുമ്പോൾ എന്ന തന്റെ പുസ്തകത്തിൽ ഡെന്നിസ് റ്റേണർ ഇങ്ങനെ വിശദീകരിക്കുന്നു: “ബാങ്കുകൾ തങ്ങളുടെ നിക്ഷേപങ്ങളുടെ ഒരു ചെറിയ ശതമാനം മാത്രം കൈവശം വെക്കാൻ ഫെഡറൽ റിസേർവ് സിസ്റ്റം അവയോട് ആവശ്യപ്പെടുന്നു. ബാങ്കിന്റെ വലിപ്പത്തെയും നിക്ഷേപത്തിന്റെ സ്വഭാവത്തെയുമാശ്രയിച്ച് കരുതൽ നിധി വ്യവസ്ഥകൾ വ്യത്യാസപ്പെടുന്നുവെന്നിരിക്കെ, അവ ഇപ്പോൾ [1983-ൽ] ശരാശരി 8% ആണ്. ഒരു നിക്ഷേപകൻ തന്റെ കണക്കിൽ 100 ഡോളർ നിക്ഷേപിക്കുന്നുവെങ്കിൽ, അതിൽ 92 ഡോളറും ബാങ്ക് വായ്പ കൊടുത്തേക്കാം. വായ്പ വാങ്ങുന്നയാൾ പണം ചെലവഴിച്ചാലും മറ്റൊരു ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചാലും പുതിയ നിക്ഷേപങ്ങളിൽ 92 ഡോളർ സൃഷ്ടിക്കും. ഈ നിക്ഷേപത്തിൽ 84.64 ഡോളർ വായ്പ കൊടുത്തേക്കാം. അതേസമയം 7.36 ഡോളർ കരുതലായി നീക്കിവെക്കുന്നു. ഈ പിറമിഡ് പ്രക്രിയ തുടരുന്നതു നിമിത്തം 8% എന്ന കരുതൽ വ്യവസ്ഥയുടെ ഫലമായി 100 ഡോളറിന്റെ ഒരു നിക്ഷേപം മൊത്തം 1200 ഡോളറിന്റെ പുതിയ പണം സൃഷ്ടിച്ചേക്കാം.”
സാധാരണയായി ബാങ്കുകൾ അനുവദിക്കപ്പെട്ടിരിക്കുന്ന പരിധിവരെ വായ്പ കൊടുക്കുന്നു. എന്നാൽ ബാങ്ക് അപകടത്തിലാണെന്ന് ഒരു കിംവദന്തി പരക്കുകയാണെങ്കിൽ നിക്ഷേപകർക്ക് ബാങ്കിലുള്ള വിശ്വാസം നഷ്ടപ്പെടുകയും കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കുകയും ചെയ്യുന്നു. നിക്ഷേപകർ ആവശ്യപ്പെട്ടാലുടനെ എല്ലാവർക്കും പണം കൊടുക്കാൻ ബാങ്കിന് കഴികയില്ല. ഗവൺമെൻറ് രക്ഷപെടുത്തുകയോ കൂടുതൽ ബലിഷ്ഠമായ ഒരു ബാങ്കുമായി സംയോജിപ്പിക്കുകയോ ചെയ്യാത്ത പക്ഷം ബാങ്കു പൊട്ടിയേക്കാം. സാമ്പത്തികമായി തകരാറില്ലാഞ്ഞ ബാങ്കുകൾപോലും ഈ വിധത്തിൽ തകർന്നടിഞ്ഞിട്ടുണ്ട്.
പൊട്ടലിന്റെ മറ്റു കാരണങ്ങൾ
മിക്കപ്പോഴും വായ്പകളാണ് ഒരു ബാങ്കിനെ അപകടത്തിലാക്കുന്നത്, വിശേഷിച്ച് താണ പലിശനിരക്കുകളിൽ ദീർഘകാല വായ്പകൾ കൊടുക്കുമ്പോൾ. സാധാരണയായി, സമ്പദ്ഘടന ഉറപ്പുള്ളതായിരിക്കുമ്പോഴും നിക്ഷേപകരിൽനിന്നോ മറ്റ് ഉറവുകളിൽനിന്നോ സ്വീകരിക്കുന്ന പണത്തിന് ബാങ്കു കൊടുക്കുന്ന പലിശനിരക്കുകൾ വായ്പകൾക്ക് വാങ്ങുന്ന പലിശയെക്കാൾ കുറവായിരിക്കുമ്പോഴും പ്രശ്നമില്ല. എന്നാൽ അടുത്ത കാലത്ത് അമേരിക്കയിൽ സംഭവിച്ചതുപോലെ പണത്തിനു കൊടുക്കുന്ന പലിശ ഉയരുമ്പോൾ, ബാങ്ക് സ്വീകരിക്കുന്നതിനെക്കാൾ കൂടുതൽ വെളിയിൽ കൊടുക്കേണ്ടിവരുന്നു.
വായ്പ വാങ്ങിയവർക്ക് തിരികെ അടയ്ക്കാൻ കഴിയാത്തപ്പോൾ കൂടുതൽ കുഴപ്പമുണ്ടാകുന്നു. ഐക്യനാടുകളിലെ അനേകം കർഷകരെ സംബന്ധിച്ച് ഇപ്പോൾത്തന്നെ ഇതാണ് സാഹചര്യം. അങ്ങനെയുള്ള വീഴ്ച അനേകം പ്രാദേശിക ബാങ്കുകൾ പൊട്ടാനിടയാക്കുകയാണ്. “1985-ൽ പൊട്ടിയ ബാങ്കുകളുടെ ലിസ്റ്റിൽ കൃത്യം പകുതിയും കാർഷിക ബാങ്കുകൾ എന്നു നാമകരണം ചെയ്യപ്പെട്ടു, അതായത് അവയുടെ വായ്പകളുടെ 25% കൃഷിയോടു ബന്ധപ്പെട്ടിരുന്നു” എന്ന് അമേരിക്കൻ ബാങ്കർ എന്ന സാമ്പത്തിക വർത്തമാനപ്പത്രം പറയുന്നു.
ബാങ്ക് പൊട്ടലിന്റെ മറ്റൊരു കാരണമാണ് നേരിട്ടുള്ള വഞ്ചനയും അപഹരണവും. ഇലക്ട്രോണിക്ക് കൈമാറ്റങ്ങളുടെ യുഗം പഴയകാലത്തെ ബാങ്ക് മോഷണങ്ങളെ താരതമ്യേന മര്യാദയുള്ളതാക്കുന്നതരം പണാപഹരണങ്ങൾ സാദ്ധ്യമാക്കിയിരിക്കുന്നു. “ഈ വിധത്തിൽ അമേരിക്കൻ സമ്പദ്ഘടനക്ക് 50 കോടി ഡോളറിലധികം വരുന്ന വാർഷിക നഷ്ടം നേരിടുന്നു”വെന്ന് പാരീസ് ദിനപ്പത്രമായ ലേ ഫിഗാറോ പ്രസ്താവിക്കുന്നു. “യൂറോപ്പിൽ വലിയ ബാങ്കുകൾ തങ്ങളുടെ പ്രശ്നങ്ങൾ വെളിപ്പെടുത്താനാഗ്രഹിക്കാത്തതിനാൽ സംഖ്യകൾ സംബന്ധിച്ച് കൂടുതൽ വിവേകം പാലിക്കുന്നു. എന്നിരുന്നാലും, കംപ്യൂട്ടർ വഞ്ചനയിൽനിന്ന്, കൊള്ളയിൽ നിന്നും സാധാരണ കവർച്ചയിൽ നിന്നുമുള്ളതിനെക്കാൾ കൂടുതൽ നഷ്ടമുണ്ടാകുന്നുണ്ടെന്ന് അവ സമ്മതിക്കുന്നു. കംപ്യൂട്ടർ വഞ്ചന നമ്മുടെ ആധുനിക സമ്പദ് ഘടനയുടെ ബാധയായിത്തീർന്നിരിക്കുകയാണ്. . . . കംപ്യൂട്ടർ വിദഗ്ദ്ധൻമാർ എതിർ നീക്കങ്ങൾ കണ്ടുപിടിച്ചാലുടനെ പുതിയ പഴുതുകൾ വെളിച്ചത്തുവരുകയും ചില വ്യക്തികൾ സ്വന്തം പ്രയോജനത്തിനുവേണ്ടി സത്വരം അവയെ ചൂഷണം ചെയ്യുകയും ചെയ്യുന്നു.”
ഏതു ബിസിനസ്സിലുമെന്നപോലെ, ദുർഭരണവും മോശമായ തൊഴിൽനടപടികളും തകർച്ചക്കിടയാക്കിയേക്കാം. യഥാർത്ഥത്തിൽ, മിക്ക ബാങ്കുതകർച്ചകളിലും ദുർഭരണം ഒരു നിർണ്ണായക പങ്കു വഹിക്കുന്നതായി പറയപ്പെടുന്നു. ബാങ്കു ഡയറക്ടറൻമാർ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഈടിൻമേലല്ലാതെ വായ്പ കൊടുത്തിരിക്കാം. അല്ലെങ്കിൽ അവർ കൂടുതൽ അഭിവൃദ്ധിയുള്ള സമയങ്ങളിൽ അമിതമായി വികസിപ്പിച്ചിരിക്കാം. അല്ലെങ്കിൽ അത്യാഗ്രഹവും പെട്ടെന്നു ധനികരാകാനുള്ള സാഹസശ്രമവും മൗഢ്യമായ ചില മുതൽ മുടക്കുകളെ പ്രോത്സാഹിപ്പിച്ചിരിക്കാം.
ചില കേസുകളിൽ, ഭയങ്കരമത്സരം അസാധാരണ ഭാഗ്യപരീക്ഷണങ്ങൾ നടത്തുന്നതിലേക്ക് ബാങ്കുകളെ നയിച്ചിട്ടുണ്ട്. ചിലത് അമിതമായ സ്വന്തം ആക്രമണോത്മുഖ വായ്പാനയങ്ങൾക്ക് ഇരകളായിത്തീരുന്നു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മൂടിവെക്കുന്നതിനും കരുതൽനിധിയും പണനീക്കവും മെച്ചപ്പെടുത്തുന്നതിനുമുള്ള ആവശ്യം നേരിടുമ്പോൾ ചില ബാങ്കുകൾ അസാധാരണമായി ഉയർന്ന പലിശനിരക്കുകൾ വാഗ്ദാനം ചെയ്തുകൊണ്ട് നിക്ഷേപകരെ ആകർഷിക്കാൻ ശ്രമിക്കുന്നു അല്ലെങ്കിൽ അപകടകരമായ സംരംഭങ്ങളിൽ പിന്നെയും മുതൽ മുടക്കുന്നു.
നിക്ഷേപങ്ങളുടെ ഗവൺമെൻറ് ഇൻഷുറൻസും—എന്തു സംഭവിച്ചാലും നിക്ഷേപകർക്കു പണം തിരികെ കൊടുക്കുമെന്നുള്ള ഉറപ്പു—ചില ബാങ്കുകളെ ജാഗ്രത കാറ്റിൽ പറത്താൻ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഭാവി പ്രവചനാതീതമാണ്. ഓയിലും മറ്റ് ഊർജ്ജമണ്ഡലങ്ങളും തഴക്കുകയും വിലകൾ ഉയർന്നുനിൽക്കുകയും ചെയ്തപ്പോൾ അവയിൽ മുതൽ മുടക്കിയ ചിലർ വിലതാഴുകയോ സംരംഭങ്ങൾ പരാജയപ്പെടുകയോ ചെയ്തപ്പോൾ പാപ്പരായിപ്പോയി. അല്ലെങ്കിൽ പണപ്പെരുപ്പം കുറയുമ്പോൾ, നേരത്തെ വായ്പ വാങ്ങിയ പണം പണപ്പെരുപ്പമുള്ളപ്പോഴത്തെ വിലയിടിഞ്ഞ ഡോളർകൊണ്ടു വീട്ടിത്തീർക്കാമെന്നു പ്രതീക്ഷിച്ചവരെ അതു കുഴപ്പത്തിലാക്കിയേക്കാം.
ബാങ്കുതകർച്ചകളിലേക്കു നയിക്കുന്ന ഈ പ്രശ്നങ്ങൾ ചെറിയ ബാങ്കുകൾക്കു പരിമിതപ്പെട്ടിരിക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനങ്ങളിൽ ചിലതും വിഷമസ്ഥിതിയിലാണ്. അനേകർ ദശലക്ഷക്കണക്കിനല്ല, ശതകോടിക്കണക്കിനുപോലും ഡോളറിന്റെ വായ്പകൾ മൂന്നാം ലോക രാജ്യങ്ങൾക്കു കൊടുത്തിട്ടുണ്ട്. അവയ്ക്കു ഇപ്പോൾ പലിശ തിരിച്ചടക്കാൻ കഴിവില്ല, മുതലിന്റെ കാര്യം പറയുകയും വേണ്ട. സമീപവർഷങ്ങളിലെ ബാങ്കുതകർച്ചകളുടെ തിടുക്കം ലോകവ്യാപകമായി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. നമ്മുടെ വിശ്വാസം അസ്ഥാനത്താണോ? ബാങ്കുകൾ എത്ര സുരക്ഷിതമാണ്? (g86 10/22)
[6-ാം പേജിലെ ചാർട്ട്/ചിത്രം]
യു. എസ്. ബാങ്ക് തകർച്ചകൾa
1977 - 6
1978 - 7
1979 - 10
1980 - 10
1981 - 10
1982 - 42
1983 - 48
1984 - 79
1985 - 120
[അടിക്കുറിപ്പുകൾ]
a എഫ്. ഡി. ഐ. സി (ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷൂറൻസ് കോർപ്പറേഷൻ) ഇൻഷ്വർ ചെയ്ത ബാങ്കുകൾ. മറ്റ് സമ്പാദ്യസ്ഥാപനങ്ങളുടെ തകർച്ചകൾ ഇതിൽ ഉൾപ്പെടുന്നില്ല. 1986 മാർച്ച് 11-ലെ എഫ്. ഡി. ഐ. സി. പ്രശ്ന ലിസ്റ്റിൽ 1196 ബാങ്കുകൾ ഉണ്ടായിരുന്നു.
[5-ാം പേജിലെ ചിത്രം]
യാപ്പിലെ ശിലാനാണയം ഈ വീടിനു വെളിയിൽ കാണാം