ബാങ്കുകൾ എത്ര സുരക്ഷിതമാണ്?
“ഞങ്ങളുടെ അഭിപ്രായത്തിൽ ബാങ്കുകളിൽ ലോകവ്യാപകമായി പൊതുവെ ഒരു നിക്ഷേപ പിൻവലിക്കൽ ഉണ്ടായി. ഫലത്തിൽ എല്ലാ ബാങ്കുകളും അടയ്ക്കുന്നതിന് കുറെ സമയം—താരതമ്യേന കുറഞ്ഞ സമയം—വേണമെന്നേയുള്ളു.”—ഡന്നിസ് റ്റേണറിനാൽ വിരചിതമായ ബാങ്കുകൾ പൊട്ടുമ്പോൾ.
“ബാങ്കിംഗ് വ്യവസ്ഥ തികച്ചും സുരക്ഷിതമാണ്. സംജാതമാകുന്ന വലുതോ ചെറുതോ ആയ ഏതു പ്രശ്നങ്ങളെയും കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം നമുക്കുണ്ട്.”—ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷൂറൻസ് കോർപ്പറേഷന്റെ മുൻ ചെയർമാനായ വില്യം ഐസക്ക്, യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ടിൽ ഉദ്ധരിക്കപ്പെട്ടു.
മേലാൽ മെത്തയുടെ അടിയിൽ അധികംപേർ പണം സൂക്ഷിക്കുന്നില്ല. അഗ്നിബാധയാലോ മോഷണത്താലോ നഷ്ടപ്പെടുന്നതിന്റെ അപകടത്തിനു പുറമേ, അങ്ങനെ സൂക്ഷിക്കപ്പെടുന്ന പണം കെട്ടിക്കിടക്കുകയാണ്. അതു വർദ്ധിക്കുന്നില്ല. പണപ്പെരുപ്പമോ കറൻസിയുടെ മൂല്യ ശോഷണമോ നിമിത്തം മൂല്യം കുറഞ്ഞുപോകാനും ഇടയുണ്ട്.
ഒരുവന്റെ സമ്പാദ്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് പണം ഉപയോഗിക്കേണ്ടതുണ്ട്. പരക്കെ അംഗീകരിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതുമായ മാർഗ്ഗം ബാങ്കിൽ നിക്ഷേപിക്കുകയാണ്—ഭദ്രമായ സൂക്ഷിപ്പിനും ലാഭത്തിനും. മുൻ ഉദ്ധരണികളാൽ പ്രകടമാക്കപ്പെടുന്നതുപോലെ വിവിധങ്ങളായ ഒട്ടേറെ വീക്ഷണങ്ങളുണ്ട്.
ഭയത്തിനു കാരണമുണ്ടോ?
“മുഴു ബാങ്കിംഗ് വ്യവസ്ഥയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു”വെന്ന് ചെയ്സ് മൻഹാട്ടൻ ബാങ്കിന്റെ റിട്ടയാർഡ് ചെയർമാൻ ഡേവിഡ് റോക്ക് ഫെല്ലർ ചൂണ്ടിക്കാണിക്കുന്നു. “ബാങ്കുകൾ അവശ്യം ധാരാളം ബിസിനസ്സ് പരസ്പരം ചെയ്യുന്നുണ്ട്, തന്നിമിത്തം വമ്പിച്ച പരസ്പരാശ്രയമുണ്ട്.” തൽഫലമായി, യാതൊരു ബാങ്കും അല്ലെങ്കിൽ രാഷ്ട്രവും ഒറ്റക്കു നിൽക്കുന്നില്ല. അതുകൊണ്ട് ഒരു ബാങ്കു പൊട്ടുമ്പോഴെല്ലാം, അത് മറ്റു ബാങ്കുകളെയും പൊളിച്ചേക്കുമെന്നോ ബാങ്കിംഗ് വ്യവസായത്തിനാവശ്യമായ വിശ്വാസത്തെ കുറച്ചേക്കുമെന്നോ ഉള്ള ഉൽക്കണ്ഠയുണ്ട്. അപ്പോൾ മറ്റുള്ളടങ്ങളിലെ നിക്ഷേപകർ തങ്ങളുടെ പണം പിൻവലിക്കാൻ പരക്കം പായാനും അങ്ങനെ അനിയന്ത്രിതമായ ഒരു ശൃംഖലാഫലത്താൽ മറ്റു ബാങ്കുകളുടെ പതനത്തിനിടയാക്കാനുമുള്ള സാദ്ധ്യതയുണ്ട്.
എവിടെയെങ്കിലും നടക്കുന്ന ഒരു ബാങ്കുതകർച്ച അന്താരാഷ്ട്ര ബാങ്കിംഗ് വ്യവസ്ഥയെ പൊളിക്കാനുള്ള സാദ്ധ്യതയുണ്ടോ? “ആസന്നമായിരിക്കുന്നതായി കാണപ്പെടുന്ന ഏതു വലിയ തകർച്ചയെയും തടയാൻ യു. എസിലെയും മറ്റു രാജ്യങ്ങളിലെയും ക്രമപാലകർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തീർച്ചയാണ്. അതു സംഭവിക്കാൻ തീരെ സാദ്ധ്യതയില്ലെന്ന് ഞാൻ വിചാരിക്കുന്നു” എന്ന് റോക്ക് ഫെല്ലർ പറയുന്നു.
ഇത്രത്തോളം, സമീപവർഷങ്ങളിൽ ഗോളത്തിനു ചുറ്റും ഗുരുതരമായ ചില പ്രശ്നങ്ങളും തകർച്ചകളും ഉണ്ടായിട്ടുണ്ടെങ്കിലും ഗവൺമെൻറുകൾ കുഴപ്പത്തിലായ തങ്ങളുടെ സ്ഥാപനങ്ങൾക്ക് ജാമ്യം നിൽക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. “ധന മന്ത്രിമാരും ബാങ്കർമാരും മുമ്പെന്നത്തേതിലുമധികമായി 1929-ലെ ഭൂതത്താൽ ബാധിക്കപ്പെടുന്നുണ്ട്, അമ്പതു വർഷം മുമ്പു സംഭവിച്ച സാമ്പത്തിക വിപത്തിന്റെ ആവർത്തനം ഒഴിവാക്കാൻ അവർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും—അതിന്റെ അനിവാര്യഫലമായി തോന്നുന്ന ലോകയുദ്ധത്തെ ഒഴിവാക്കാമെന്ന് ഏറെക്കുറെ ബോധപൂർവ്വം പ്രത്യാശിച്ചുകൊണ്ടുതന്നെ” എന്ന് ഫ്രഞ്ച് വാരികയായ എൽ എക്സ്പ്രസ്സ് വിശദീകരിക്കുന്നു. എന്നാലും, ആശങ്കക്ക് കാരണമുണ്ട്.
ഋണപ്രശ്നം
ബാങ്കുകൾ സ്വതേ അപകട സാദ്ധ്യതയുള്ള ബിസിനസ്സാണ്. അവ ഏറെയും തങ്ങളുടേതല്ലാത്ത വലിയ പണത്തുകകൾ കൈകാര്യം ചെയ്യുന്നു. കൂടാതെ, അവ അവയുടെ അറ്റമൂല്യത്തെക്കാൾ വളരെയധികം പണം സൃഷ്ടിക്കുകയും വായ്പ കൊടുക്കുകയും ചെയ്യുന്നു. അവ മതിയായ മുൻകരുതലുകൾ സ്വീകരിക്കുന്നുവെന്നിരിക്കെ ചില വായ്പകൾ കിട്ടാക്കുറ്റികളായിത്തീരുമെന്ന് ബാങ്കുകൾക്കറിയാം. തന്നിമിത്തം കിട്ടാക്കുറ്റികൾക്കു പരിഹാരം കാണാൻ വായ്പാ കരുതൽ ധനമെന്നനിലയിൽ ഒരു തുക മാറ്റി വെക്കപ്പെടുന്നു. എന്നാൽ ഒരു അസാധാരണ എണ്ണം വായ്പകൾ കിട്ടാക്കുറ്റികളായിത്തീരുന്നുവെങ്കിൽ, വലിയ ലോൺ നഷ്ടങ്ങൾക്ക് പരിഹാരം കാണാനോ കൂട്ടത്തോടെയുള്ള നിക്ഷേപ പിൻവലിക്കൽ തടയാനോ മാറ്റിവെച്ച കരുതൽ ധനം മതിയാകയില്ല. “വായ്പകൾ തിരിച്ചടക്കാത്തതിനാൽ അപകടത്തിലാകുന്ന മൂല്യം എത്രയധികമാണോ അത്രയധികമായി ബാങ്കുകൾ സാമ്പത്തികമായി ദുർബ്ബലമായിത്തീരുന്നു. ബാങ്ക് മൂല്യമെല്ലാം ഉപയോഗിച്ചുതീരുമ്പോഴാണ് പാപ്പരത്വം (അഥവാ തകർച്ച) സംഭവിക്കുന്നത്” എന്ന് ന്യൂയോർക്ക് മാസിക പ്രസ്താവിക്കുന്നു.
ഇന്ന് അധികമധികം ബാങ്കുകൾ ആ അവസ്ഥയിൽ എത്തിയിരിക്കുകയാണ്—അവയുടെ ഒട്ടേറെ വായ്പകൾ കിട്ടാക്കുറ്റികളായിത്തീരുന്നു. അവയ്ക്കു പിന്താങ്ങൽ കൊടുക്കാൻ വേണ്ടത്ര മൂലധനമില്ല. നൽകപ്പെടുന്ന കാരണങ്ങൾ നിരവധിയാണ്: എണ്ണപ്രതിസന്ധി, വ്യാപാരനിയന്ത്രണങ്ങളും കമ്മികളും, സമ്പദ്ഘടനയിലെ അധോഗതി, അസ്ഥിരമായ പലിശനിരക്കുകൾ, മൂലധന പാച്ചിൽ, പണപ്പെരുപ്പം, പണപ്പെരുപ്പനിയന്ത്രണം, അവധിവെക്കലുകൾ, അമിതമായ പണം കടം കൊടുക്കൽ നയങ്ങൾ, കോർപ്പറ്റേറ് പാപ്പരത്വങ്ങൾ, ഭീകര മത്സരം, അവ്യവസ്ഥ,—അജ്ഞതയും മൂഢത്വവും പോലും.
എന്നാൽ ജീവനോടെ പിടിച്ചുനിൽക്കാൻ വഴികളുണ്ട്—കടലാസിൽ. മിക്കപ്പോഴും ഉപയോഗിക്കപ്പെടുന്നതും ആവർത്തിച്ചുപയോഗിക്കുന്നതുമായ ഒരു മാർഗ്ഗമാണ് കടത്തിന്റെ കാലാവധി ദീർഘിപ്പിച്ച് വായ്പകൾ പുനഃസംവിധാനം ചെയ്യുന്നത്. മുതൽ പൂർണ്ണമായി കിട്ടുമെന്നുള്ള പ്രത്യാശയില്ലാതെയാണെങ്കിലും വായ്പകളുടെ പൂർണ്ണമൂല്യം പട്ടികപ്പെടുത്തുകയാണ് മറ്റൊരു മാർഗ്ഗം. മിക്കപ്പോഴും ഉപയോഗിക്കപ്പെടുന്ന ഒരു നയം വായ്പ വാങ്ങുന്നവർക്ക് പലിശ അടയ്ക്കാൻ കഴിയത്തക്കവണ്ണം കൂടുതൽ പണം അവർക്കു കടം കൊടുക്കുകയാണ്.
മൂന്നാം ലോക കടത്തിന്റെ കാര്യത്തിൽ ഇപ്പോൾ ബാങ്കുകൾ ഈ രീതികളെല്ലാം ഉപയോഗിക്കുന്നുണ്ട്. അന്താരാഷ്ട്ര ബാങ്കിംഗ് വ്യവസ്ഥക്ക് ഈ കടം ഏറ്റവും വലിയ ഭീഷണിയാണെന്ന് അനേകർ കരുതുന്നു. ഒരു ലോകബാങ്ക് സർവ്വേ അനുസരിച്ച്, ആറിലധികം വികസ്വര രാഷ്ട്രങ്ങളുടെ ബാഹ്യകടം 1985-ന്റെ ഒടുവിൽ മൊത്തം 95000 കോടി ഡോളറിലെത്തി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 4.6 ശതമാനത്തിന്റെ വർദ്ധനവാണ്. ഇപ്പോൾത്തന്നെ വളരെ കൂടിയതെങ്കിലും അത് 1986-ന്റെ ഒടുവിൽ 100100,00,00,000 ഡോളർ ആകുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ആ രാഷ്ട്രങ്ങളിൽ പലതിനും കേവലം തിരിച്ചടയ്ക്കാൻ കഴിവില്ല. അവ കൂടുതൽ സമയവും പണവും അനുവദിക്കാൻ നിർബ്ബന്ധിക്കുകയാണ്. അവയുടെ വായ്പകളുടെ വലിപ്പം പരിഗണിച്ച് ബാങ്കുകൾ വഴങ്ങി. ഒരു വ്യക്തി പറഞ്ഞ പ്രകാരം “ഞാൻ നിങ്ങൾക്ക് ഒരു ഡോളർ തരാനുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അധികാരത്തിൻ കീഴിലാണ്; എന്നാൽ ഞാൻ പത്തുലക്ഷം തരാനുണ്ടെങ്കിൽ, നിങ്ങൾ എന്റെ അധികാരത്തിൻ കീഴിലാണ്.”
ആഴമായി കടത്തിൽ ആണ്ടിരിക്കുന്ന ചില രാഷ്ട്രങ്ങൾ ചെലവു ചുരുക്കൽ പരിപാടികളുടെ പ്രയാസങ്ങളിൽ മടുത്ത് വായ്പ ഒട്ടും തിരിച്ചടക്കാതിരിക്കുന്നതിന് തീരുമാനിക്കാനുള്ള സാദ്ധ്യത എല്ലായ്പ്പോഴും മുന്നിലുണ്ട്. പണമടച്ചുതീർക്കാൻ പരമാധികാര രാഷ്ട്രങ്ങളെ ബാങ്കുകൾക്ക് നിർബ്ബന്ധിക്കാൻ സാദ്ധ്യമല്ല. സാവി മാഗസിൻ ഇങ്ങനെ പ്രസ്താവിക്കുന്നു. “ബാങ്കുകളെ സംബന്ധിച്ചടത്തോളം ആഗോള ഋണപ്രതിസന്ധിയുടെ അർത്ഥം ലളിതമാണ്. അവ തങ്ങളുടെ ലാഭങ്ങളിൽ അധികവും നേടുന്നത് വായ്പകൾ കൊടുക്കുന്നതിനാലാണ്. രാജ്യങ്ങൾക്ക് അവയുടെ ഭീമായ വായ്പകൾ തിരിച്ചടക്കാൻ കഴിവില്ലെങ്കിൽ ബാങ്കിന്റെ ലാഭങ്ങളും മൂലധന അടിത്തറകളും സ്റ്റോക്ക് വിലകളും കുത്തനെ ഇടിഞ്ഞേക്കാം . . . ഗണ്യമായ മൂന്നാം ലോക കുടിശ്ശികകൾക്ക് സാമ്പത്തിക വ്യവസ്ഥയെ തകർച്ചയുടെ ഘട്ടം വരെ എത്തിക്കാൻ കഴിയും, വലിയ ബാങ്കുകളുടെ തകർച്ചയിൽ കലാശിക്കാനുമിടയുണ്ട്.”
വെറും നാലു രാഷ്ട്രങ്ങൾ—മെക്സിക്കോയും ബ്രസീലും ആർജൻറീനായും വെനിസ്വേലയും—വീഴ്ച വരുത്തിയാൽ ഐക്യനാടുകളിലെ ഏറ്റവും വലിയ ഒൻപതു ബാങ്കുകളുടെ തകർച്ച ഉണ്ടാകാവുന്നതാണ് എന്ന് വിദഗ്ദ്ധൻമാർ മുന്നറിയിപ്പു കൊടുക്കുന്നു. “ആ യഥാർത്ഥ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നുള്ളത് ശ്രദ്ധേയമാണ്” എന്ന് ദ ന്യൂയോർക്ക് റ്റൈംസ് മാഗസിൻ പ്രസ്താവിക്കുന്നു.” തീർച്ചയായും ഒരുവന് അത് അർത്ഥവ്യാപ്തി നിമിത്തമാണെന്ന് പറയാൻ കഴിയും. മേലാൽ യുദ്ധങ്ങൾ ‘പ്രഖ്യാപിക്കപ്പെടുന്നില്ല,’ അതുപോലെ, ഇപ്പോൾ ആരും ‘നിയമപരമായി’ വീഴ്ചവരുത്തിയതായി പ്രഖ്യാപിക്കപ്പെടുന്നില്ല.”
“എന്റെ ബാങ്കു ഭദ്രമാണോ?
ഒരു ബാങ്ക് ശക്തവും കടം വീട്ടാൻ കഴിവുള്ളതുമാണെന്ന് ഒരുവന് പറയാൻ കഴിയുമോ? “ഒരു ബാങ്ക് ഏതവസ്ഥയിലാണെന്ന് കണ്ടുപിടിക്കുക മിക്ക നിക്ഷേപകർക്കും പ്രയാസമാണ് അല്ലെങ്കിൽ അസാദ്ധ്യമാണ്” എന്ന് മാറിവരുന്ന കാലങ്ങൾ എന്ന മാസിക പറയുന്നു. ദ ന്യൂയോർക്ക് റ്റൈംസ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പുറത്തുള്ളവർക്ക് ഒരു ബാങ്കിന്റെ ഭദ്രതയെ വിധിക്കുക അങ്ങേയറ്റം പ്രയാസമാണെന്ന് അടുത്തകാലത്തെ അനുഭവം പ്രകടമാക്കിയിരിക്കുന്നു. സമീപ വർഷങ്ങളിൽ തകർന്നതോ തകരാറായതോ ആയ മിക്കവാറും എല്ലാ വലിയ ബാങ്കുകളും ബാങ്ക്—സ്റ്റോക്ക് വിശകലന വിദഗ്ദ്ധരാൽ വളരെയധികം പരിശോധനാവിധേയമാക്കപ്പെട്ടിരുന്നു. ബാങ്ക് ക്രമപാലകർക്കും ഓഡിറ്റർമാർക്കും പോലും തീരെ വൈകിപ്പോകുന്നതുവരെ ഗുരുതരമായ കുഴപ്പങ്ങൾ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.”
സാധാരണയായി ഒരു പതിവുകാരൻ ഏറ്റവും കൂടിയാൽ ബാങ്കിന്റെ ബാഹ്യാകാരമാണ് പരിശോധിക്കുക: ഏതു തരം സേവനം അർപ്പിക്കുന്നു, എത്ര സൗഹാർദ്ദപരമായും വേഗത്തിലും അയാളെ സേവിക്കുന്നു എന്നിങ്ങനെ. യഥാർത്ഥത്തിൽ, ബാങ്കുകൾ പരസ്യം കൊടുക്കുന്നടത്ത് അവ ആ വക കാര്യങ്ങളാണ് ഊന്നിപ്പറയുന്നത്—സൗഹൃദമുള്ള ബാങ്കർ, കാലവിളംബം കൂടാതെയുള്ള വായ്പ, പ്രത്യേക അക്കൗണ്ടുകൾ അല്ലെങ്കിൽ സേവനങ്ങൾ, സൗകര്യം എന്നിവ. ചിലപ്പോൾ പുതിയ നിക്ഷേപകരെ ആകർഷിക്കാൻ സമ്മാനങ്ങൾ വാഗ്ദാനം ചെയ്യപ്പെടുന്നു. എന്നാൽ ബാങ്കിന്റെ സാമ്പത്തികനിലയെക്കുറിച്ച് അധികമൊന്നും പറയുന്നില്ല. തീർച്ചയായും ഒരു ബാങ്കിന്റെ സേവനങ്ങൾ പ്രധാനമാണ്. കൊടുക്കപ്പെടുന്ന പലിശയും അതു കൂട്ടുന്നരീതിയും ശ്രദ്ധിക്കേണ്ടതാണ്; കാരണം ആദായം വ്യത്യാസപ്പെടും. നിക്ഷേപകന് അത്യന്തം പ്രധാനമായത് അയാളുടെ പണത്തിന്റെ ഭദ്രതയാണ്.
ഇവിടെ നിക്ഷേപ ഇൻഷുറൻസാണ് താക്കോൽ. “നിക്ഷേപ ഇൻഷുറൻസ് നിമിത്തം, ബാങ്കിംഗ് വ്യവസ്ഥയുടെ ഒരു സമ്പൂർണ്ണ തകർച്ച ഇല്ലാത്തപക്ഷം ഇവ നിക്ഷേപകരുടെയല്ല, പിന്നെയോ ബാങ്കർമാരുടെയും ഓഹരിയുടമകളുടെയും പ്രശ്നങ്ങളാണ്” എന്ന് ദ അറ്റ്ലാൻറിക്ക് മന്ത്ലി പറയുന്നു. “ഇന്നത്തെ ബാങ്കുതകർച്ചകൾ വ്യക്തികളുടെ ആജീവനാന്ത സമ്പാദ്യങ്ങളെ മുപ്പതുകളിലെ രീതിയിൽ നഷ്ടപ്പെടുത്താൻ തീരെ സാദ്ധ്യതയില്ല.”
അതുകൊണ്ട് അക്കൗണ്ടുകൾ ഇൻഷ്വർ ചെയ്തിട്ടുണ്ടോയെന്നും ആരാണ് ചെയ്തിരിക്കുന്നതെന്നും പരിശോധിക്കുന്നതു നല്ലതാണ്. തീർച്ചയായും സർക്കാർ ഇൻഷുറൻസാണ് ഏറ്റവും നല്ലത്. ഇതിന്റെ ഒരു ദൃഷ്ടാന്തമാണ് ഐക്യനാടുകളിലെ ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ. തങ്ങളുടെ അക്കൗണ്ടുകൾ ഇൻഷ്വർ ചെയ്തിട്ടുണ്ടെന്ന് പറയപ്പെട്ട ചിലർ അത് ഒരു സ്വകാര്യ ഏജൻസിയാലാണെന്ന് പിന്നീടു കണ്ടെത്തി. ബാങ്കു പൊട്ടിയപ്പോൾ എല്ലാ നിക്ഷേപകർക്കും തിരികെ കൊടുക്കാൻ വേണ്ടത്ര പണം ആ ഏജൻസിക്കില്ലായിരുന്നു. ഇൻഷ്വർ ചെയ്ത തുകയും പരിശോധിക്കുക. നിങ്ങളുടെ അക്കൗണ്ട് ആ പരിധിയെ കവിയുന്നുവെങ്കിൽ, നിങ്ങളുടെ പണം മുഴുവൻ ഉൾപ്പെടുത്താൻ മറ്റു ബാങ്കുകളിൽ അക്കൗണ്ടുകൾ തുടങ്ങുന്ന കാര്യം പരിഗണിക്കുക.
ഭാവിയിൽ സ്ഥിതിചെയ്യുന്നത്
ഒറ്റപ്പെട്ട ബാങ്കുതകർച്ചകൾ തുടരുമെന്നും എണ്ണം വർദ്ധിച്ചേക്കാമെന്നുപോലും പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ബാങ്കിംഗ് വ്യവസ്ഥയ്ക്ക് ഏറ്റവും പ്രധാനമായിരിക്കുന്നത് അതിലുള്ള വിശ്വാസം നിലനിർത്തുകയാണ്. “ഈ സാമ്പത്തിക വിഷമഘട്ടങ്ങളെ, ബാധിക്കപ്പെട്ടിരിക്കുന്ന ബാങ്കുകളിൽനിന്ന് തങ്ങളുടെ പണം പിൻവലിക്കുന്നതിനുള്ള കാരണമായി വ്യാഖ്യാനിച്ചെങ്കിൽ മാത്രമേ ഒരു പ്രതിസന്ധി സംജാതമാകുകയുള്ളു” വെന്ന് ഫോർച്ച്യൂൺ മാസിക പ്രസ്താവിക്കുന്നു. അതുകൊണ്ട്, ബാങ്കിംഗ് പദ്ധതിയെ ബലിഷ്ഠമാക്കാനും ആ വിശ്വാസത്തെ ശക്തമായി നിലനിർത്താനും സമഗ്രമായ ശ്രമങ്ങൾ ചെയ്യുന്നുണ്ട്.
മൂന്നാം ലോക രാജ്യങ്ങളുടെ കടങ്ങളെ താങ്ങാവുന്ന തലങ്ങളിലേക്കു കുറച്ചുകൊണ്ടുവരാനും അവയുടെ കടപ്പാടുകൾ നിറവേറ്റാൻ സഹായിക്കാനുമുള്ള പദ്ധതികളും പ്രവർത്തനത്തിലുണ്ട്. “അന്തിമ വിശകലനത്തിൽ, ഭീമായ സാമ്പത്തിക കമ്മി ലോകവ്യാപകമായുള്ള നികുതിദായകരാൽ നികത്തപ്പെടു”മെന്ന് വ്യാവസായിക ആസൂത്രണത്തിന്റെ മുൻ ഫ്രഞ്ച് മന്ത്രിയായ ആൽബിൻ ചലൻഡൻ പ്രസ്താവിക്കുന്നു.
അപ്പോൾ ബാങ്കുകൾ എത്ര ഭദ്രമാണ്? ഒരു ബാങ്ക് ഉദ്യോഗസ്ഥൻ അത് ഈ വിധത്തിൽ പ്രസ്താവിച്ചു: “ബാങ്കുകൾ അവയെ പിന്തുണക്കുന്ന ഗവൺമെൻറുകളോളം തന്നെ ഭദ്രമാണ്.” അത് ഇപ്പോൾ ഉറപ്പുനൽകുന്നതായി തോന്നിയേക്കാമെങ്കിലും, ചിന്താശീലരായ ആളുകൾക്ക് നിന്നു ചിന്തിക്കാൻ അതു കാരണമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സകല ഭൗമിക ഗവൺമെൻറുകളുടെയും സമ്പൂർണ്ണനാശത്തെയും തൽസ്ഥാനത്ത് വരുന്ന ദൈവത്തിന്റെ നിത്യരാജ്യത്തെയും കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറയുന്നു. (ദാനിയേൽ 2:44) ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ സമാപനത്തെ അടയാളപ്പെടുത്തുന്നവയെന്നനിലയിൽ അത് ഈ 20-ാം നൂറ്റാണ്ടിലെ സംഭവങ്ങളിലേക്കു വിരൽ ചൂണ്ടുന്നു.—മത്തായി 24:3, 6, 7, 21, 22.
ആ കാലത്ത് ആളുകൾ തങ്ങളെ രക്ഷിക്കുന്നതിൽ വിലയില്ലാത്തവയെന്നനിലയിൽ തങ്ങളുടെ പൊന്നും വെള്ളിയും തെരുവിൽ എറിഞ്ഞുകളയുന്നതിനെക്കുറിച്ചു ബൈബിൾ പറയുന്നു. (യെഹെസ്ക്കേൽ 7:19; സെഫന്യാവ് 1:18) ഈ കൂടുതൽ വിലയേറിയ വസ്തുക്കളെ സംബന്ധിച്ചു അതു സത്യമായിരിക്കുന്നതുകൊണ്ട് ദേശീയ കറൻസികളിലോ അവയെ ആശ്രയിച്ചുനിൽക്കുന്ന സാമ്പത്തിക സ്ഥാപനങ്ങളിലോ എത്രമാത്രം ആശ്രയം വെക്കാൻ കഴിയും? അവയെ പിന്താങ്ങുന്ന ഗവൺമെൻറുകൾ പൊയ്പ്പോയിരിക്കും!
തന്നിമിത്തം യേശു ഉചിതമായി മുന്നറിയിപ്പുനൽകി: “പുഴുവും തുരുമ്പും തിന്നുന്നടവും കള്ളൻമാർ ഭേദിച്ചുകടന്നു മോഷ്ടിക്കുന്നടവുമായ ഭൂമിയിൽ നിങ്ങൾക്കു നിക്ഷേപങ്ങൾ ശേഖരിക്കുന്നതു നിർത്തുക. മറിച്ച്, പുഴുവോ തുരുമ്പോ തിന്നാത്തടവും കള്ളൻമാർ ഭേദിച്ചുകടന്നു മോഷ്ടിക്കാത്തടവുമായ സ്വർഗ്ഗത്തിൽ നിങ്ങൾക്ക് നിക്ഷേപങ്ങൾ ശേഖരിക്കുക. എന്തെന്നാൽ നിങ്ങളുടെ നിക്ഷേപമുള്ളടത്ത് നിങ്ങളുടെ ഹൃദയവുമിരിക്കും. . . . നിങ്ങൾക്ക് ദൈവത്തിനും ധനത്തിനും വേണ്ടി അടിമവേല ചെയ്യാൻ കഴികയില്ല.”—മത്തായി 6:19-21, 24. (g86 10/22)
[9-ാം പേജിലെ ചതുരം]
ബാങ്കിംഗ് സാഹചര്യം—മറ്റുള്ളവർ പറയുന്നത്
● കടംബാധിച്ചിട്ടുള്ള ഡസൻ കണക്കിനു ഗവൺമെൻറുകളും അന്താരാഷ്ട്രീയ നാണയ നിധിയും ഫെഡറൽ റിസേർവ് ബോർഡും അമേരിക്കയിലെയും വിദേശങ്ങളിലെയും ശതക്കണക്കിനു ബാങ്കുകളും ആകെകൂടി 1930-കൾക്കുശേഷം ഉണ്ടായിട്ടുള്ള അതികഠിനവും അതിവിപുലവുമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.”—ന്യൂയോർക്ക് മാഗസിൻ.
● ഇപ്പോഴത്തെ നയങ്ങൾ ഏറ്റവും ഗുരുതരാവസ്ഥയിലുള്ള ഒരു സംരക്ഷണം മാത്രമാണ് നൽകുന്നത്. ലോകത്തിലെ സാമ്പത്തിക ഭദ്രത ഒരു പിച്ചാത്തിവായ്ത്തലയിലാണ് തുലനം ചെയ്യുന്നത്. ഋണ പ്രതിസന്ധി വികസ്വര രാഷ്ട്രങ്ങളിലെ വികസനത്തെ മാത്രമല്ല, വ്യാവസായിക രാജ്യങ്ങളിലെ ബാങ്കിംഗ് വ്യവസ്ഥകളുടെ സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്നു.”—വിദഗ്ദ്ധരുടെ ഒരു കോമൺവെൽത്ത് സംഘത്തിന്റെ റിപ്പോർട്ട്, ദി ഗാർഡിയൻ ഓഫ് ലണ്ടൻ.
● ഐക്യനാടുകളിലെ ബാങ്കുകൾക്ക് മൂന്നാം ലോകരാഷ്ട്രങ്ങൾ കൊടുത്തുതീർക്കാനുള്ള വമ്പിച്ച കടം അമേരിക്കൻ ബാങ്കിംഗ് വ്യവസ്ഥയുടെമേൽ വരാൻ സാദ്ധ്യതയുള്ള ഒരു വമ്പിച്ച ഹിമരാശിപോലെ നിലകൊള്ളുകയാണ്.”—ദി ന്യൂയോർക്ക് റ്റൈംസ് മാഗസിൻ
● അന്താരാഷ്ട്ര ബാങ്കിംഗ് വ്യവസ്ഥയിൽ ഒരു ഒന്നാംകിട ഋണപ്രതിസന്ധിക്ക് അടിത്തറ പാകത്തക്കവണ്ണം മൊത്തത്തിലുള്ള ആഗോള ഋണബാദ്ധ്യത അത്ര വമ്പിച്ചതാണ്.” “മുഴു പദ്ധതിയെയും താഴെ തള്ളിയിടാതെ കരകയറാൻ കഴിയാത്തവിധം ബാങ്കുകൾ അത്ര അഗാധത്തിലാണ്ടിരിക്കുന്നുവെന്നതാണ് ആഗോള ഋണ പ്രതിസന്ധി സംബന്ധിച്ച വിരോധാഭാസം.”—സാവി മാഗസിൻ
● “ഇന്നത്തെ സാഹചര്യം 1930-കളിലേതിനെക്കാൾ നിർണ്ണായകവും അപകടകരവുമാണ്.”—പഞ്ചിമജർമ്മൻ സാമ്പത്തിക ശാസ്ത്രജ്ഞൻ, കുർട്ട് റിച്ചെബാക്കർ, യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട്.
ഭാരിച്ച കടമുള്ള പതിനേഴു വികസ്വര രാജ്യങ്ങൾ
[10-ാം പേജിലെ ചാർട്ട്]
രാജ്യം വിദേശകടം സ്വകാര്യ
($ യു. എസ്. കേന്ദ്രങ്ങൾക്ക് ശതകോടികളിൽ) കടപ്പെട്ടിരിക്കുന്ന ശതമാനംa
ആർജൻറീനാ 50.8 86.8
ബൊളീവിയാ 4.0 39.3
ബ്രസീൽ 107.3 84.2
ചിലി 21.0 87.2
കൊളംബിയാ 11.3 57.5
കോസ്റ്റാറിക്കാ 4.2 59.7
ഇക്വഡോർ 8.5 73.8
ഐവറികോസ്റ്റ് 8.0 64.1
ജമയ്ക്കാ 3.4 24.0
മെക്സിക്കോ 99.0 89.1
മൊറോക്കോ 14.0 39.1
നൈജീറിയാ 19.3 88.2
പെറു 13.4 60.7
ഫിലിപ്പീൻസ് 24.8 67.8
ഉറുഗ്വേ 3.6 82.1
വെനീസ്വേല 33.6 99.5
യൂഗോസ്ലാവ്യ 19.6 64.0
മൊത്തം 445.9 80.8
[അടിക്കുറിപ്പുകൾ]
a മിക്കതും വാണിജ്യ ബാങ്കുകൾ
അവലംബം: ലോക കടപ്പട്ടികകൾ, 1985-86 പതിപ്പ്, വേൾഡ് ബാങ്ക്, വാഷിംഗ്ടൺ ഡി. സി. പ്രസിദ്ധപ്പെടുത്തിയത്.
[8-ാം പേജിലെ ചിത്രം]
അനേകം ബാങ്കുകൾ തകരുന്നുവെങ്കിൽ ഒരു ശൃംഖലാ ഫലം മുഴു ബാങ്കിംഗ് വ്യവസ്ഥയുടെയും പതനത്തിനിടയാക്കിയേക്കാം
[8-ാം പേജിലെ ചിത്രം]
അനേകം ബാങ്കുകൾ തകരുന്നുവെങ്കിൽ ഒരു ശൃംഖലാ ഫലം മുഴു ബാങ്കിംഗ് വ്യവസ്ഥയുടെയും പതനത്തിനിടയാക്കിയേക്കാം