ചെറുപ്പക്കാർ ചോദിക്കുന്നു . . .
എനിക്ക് ഒരു അഭിനിവേശത്തെ ഒഴിവാക്കാൻ കഴിയുന്നതെങ്ങനെ?
“ഞാൻ എന്റെ അനുരാഗം പ്രകടിപ്പിച്ചുകൊണ്ട് അവന് പല കത്തുകളെഴുതി. അവന്റെ വികാരത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം അവന് എന്നോട് യാതൊരു പ്രീതിയുമില്ലെന്ന് അവൻ പറയുന്നു. എന്നാൽ അവന്റെ നോട്ടവും പ്രവർത്തനങ്ങളും ഇത് സത്യമല്ലെന്ന് വിളിച്ചറിയിക്കുന്നതായി എനിക്ക് പറയാൻ കഴിയും” എന്ന് ഒരു യുവതി പറയുന്നു.
അന്ധമായ അനുരാഗം വെച്ചുപുലർത്തുന്നവർ യാഥാർത്ഥ്യം പരിഗണിക്കുന്നേയില്ല. ഇവിടെ വിവരിച്ച ചെറുപ്പക്കാരൻ ദയാപൂർവ്വം അവന്റെ താല്പര്യമില്ലായ്മ പ്രകടിപ്പിക്കാൻ ശ്രമിച്ചു. അതിന് ക്രിസ്തീയ മൂപ്പൻമാരുടെ സഹായം സ്വീകരിക്കുകപോലും ചെയ്തു. എന്നിരുന്നാലും യുവതി അവന്റെ നിരാകരണം കണക്കിലെടുക്കുന്നേയില്ല. മറിച്ച് അവന്റെ നിഷ്ക്കളങ്കമായ വാക്കുകളും പ്രവർത്തനങ്ങളും അവളോടുള്ള പ്രീതിയുടെ ഗുപ്തമായ അടയാളങ്ങളായി അവൾക്ക് കാണപ്പെട്ടു. അങ്ങനെ അവളുടെ പ്രീതി അതിൽത്തന്നെ പരിപോഷിപ്പിക്കപ്പെടുന്നു.
ഒരുപക്ഷേ നിങ്ങളും ആരോടെങ്കിലും ഹൃദയംഗമമായി പ്രീതി കാട്ടുന്നതായി കണ്ടെത്തിയേക്കാം. ആ വ്യക്തി അതേ വികാരം നിങ്ങളുമായി പങ്കിടുന്നില്ലായിരിക്കാം. അല്ലെങ്കിൽ, അതിലും പരിതാപകരമായ സംഗതി, നിങ്ങൾ എന്ന ഒരു വ്യക്തി ഉള്ളതായി അയാൾക്ക് യാതൊരറിവുപോലും ഇല്ലായിരിക്കാം. പക്ഷേ അവന്റെയോ അവളുടെയോ ശ്രദ്ധ ആകർഷിക്കാനുള്ള നിങ്ങളുടെ എല്ലാശ്രമങ്ങളും നിഷ്ഫലമാകുന്നു. വാസ്തവത്തിൽ ശ്രദ്ധയാകർഷിക്കാനുള്ള നിങ്ങളുടെ ശ്രമത്തിൽ നിങ്ങൾ നിങ്ങളെത്തന്നെ ഇതികർത്തവ്യതാമൂഢരാക്കുകപോലും ചെയ്തേക്കാം. എന്നിരുന്നാലും, സംഗതികൾക്ക് എങ്ങനെയെങ്കിലും മാറ്റമുണ്ടാകുമെന്ന് നിങ്ങൾ തികച്ചും ആശിക്കുന്നു.
അങ്ങനെയെങ്കിൽ അത് സാദ്ധ്യതയനുസരിച്ച് യുവസഹജമായ പ്രീതിയുടെയോ ഒരനുരാഗത്തിന്റെയോ അനുഭൂതിയാണ്. അത് നിയതമായ അടുപ്പത്തിൽനിന്നുള്ളതല്ല മറിച്ച് തികഞ്ഞ പ്രേമത്തിൽ അധിഷ്ഠിതമായിരിക്കുന്ന ഒരു വ്യാജമായ സ്നേഹമാണ്. വാസ്തവത്തിൽ, ചെറുപ്പക്കാരുടെ അനുരാഗത്തിന് പാത്രമായിത്തീരുന്നവർ പലപ്പോഴും അവരുടെ എത്തുപാടിനതീതമായിരിക്കും—ഒരു സിനിമാനടൻ, ഒരു പ്രശസ്തഗായകൻ, ഒരദ്ധ്യാപകൻ അല്ലെങ്കിൽ പ്രായം ചെന്ന ഒരു പരിചയക്കാരൻ.a സന്ദർഭവശാൽ, ചിലരുടെ ഈ മോഹങ്ങൾ ക്രമാധികമായി വളരുന്നു. എന്നാൽ ചിലരെ സംബന്ധിച്ചിടത്തോളം ഒരനുരാഗത്തിന് വിരാമമിടുന്നത് വേദനാജനകമായ പ്രതിസംഹരണ ലക്ഷണങ്ങൾക്കിടയാക്കുന്നു. വേദന ശമിപ്പിക്കുന്നതിന് ഏതെങ്കിലും മാർഗ്ഗമുണ്ടോ?
നിങ്ങൾ ഒറ്റയ്ക്കല്ല
പ്രീതികാട്ടിയിട്ട് ഇങ്ങോട്ട് സ്നേഹം ലഭിക്കാത്ത അനുഭവം നിങ്ങൾക്കു മാത്രമല്ല ഉണ്ടായിട്ടുള്ളത് എന്ന യാഥാർത്ഥ്യത്തിൽ ആദ്യമായി ആശ്വാസം കണ്ടെത്തുക. ലോകത്തിൽ ജീവിച്ചിരുന്നിട്ടുള്ളതിലെ ഏറ്റവും ജ്ഞാനികളായവരിലൊരാളായ ശലോമോൻ സുന്ദരിയായ ഒരു യിസ്രായേല്യ പെൺകുട്ടിയിൽ അതീവ സ്നേഹം കാട്ടി. താൻ എഴുതിയിട്ടുള്ള ഏറ്റവും മനോഹരമായ കവിതകളിൽ ചിലത് അവൻ അവളെ കേൾപ്പിച്ചു. അവൾ “പൂർണ്ണ ചന്ദ്രനെപ്പോലെ സുന്ദരിയും ഉദയസൂര്യനെപ്പോലെ നിർമ്മലയും” ആണെന്ന് അവൻ അവളോട് പറഞ്ഞു—എന്നിരുന്നാലും അവൾ അവനോട് അശേഷം പ്രീതികാട്ടിയില്ല!—ഉത്തമഗീതം 6:10.
അതുകൊണ്ട് നിങ്ങളുടെ പല കൂട്ടുകാരും—നിങ്ങളുടെ മാതാപിതാക്കൾപോലും—ഒരുപക്ഷേ ഇതേ സംഗതി അനുഭവിച്ചിട്ടുണ്ടെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം. അതിനാൽ നിങ്ങളുടെ വികാരം അവശ്യം അസാധാരണമായിരിക്കണമെന്നില്ല. എന്നാൽ, അനുരാഗം തോന്നുന്നത് സാധാരണമായിരിക്കെ, അവയ്ക്ക് നിയന്ത്രണം ഭേദിക്കാൻ കഴിയുമെന്ന് മനസ്സിൽ പിടിക്കുക.
ഉദാഹരണത്തിന്, അമ്നോൻ എന്നു പേരുള്ള ഒരു യുവാവിനെക്കുറിച്ച് ബൈബിൾ പറയുന്നു. അവൻ ഒരു യുവതിയിൽ അത്തരം നിയന്ത്രണാതീതമായ പ്രീതി കാട്ടി. “അവൻ രോഗിയായിത്തീർന്നു.” (2 ശമുവേൽ 13:1-14) അതുപോലെ അനുരാഗം തോന്നിയ ഒരു പെൺകുട്ടി ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “എനിക്ക് ഭക്ഷിക്കുന്നതിനോ പഠിക്കുന്നതിനോ കഴിയുന്നില്ല. ഞാൻ അവനെ സ്വപ്നം കാണുന്നു. . . . ഞാൻ നിസ്സഹായയാണ്.“ അതെ, ഒരനുരാഗത്താൽ നിങ്ങളുടെ ആരോഗ്യവും വൈകാരികബലവും വളരെ മോശമായി ബാധിക്കപ്പെട്ടേക്കാം. അങ്ങനെയെങ്കിൽ നിങ്ങൾക്ക് അത്തരം സാഹചര്യത്തിൻമേൽ നിയന്ത്രണം നേടാൻ കഴിയുന്നതെങ്ങനെ?
യാഥാർത്ഥ്യം അഭിമുഖീകരിക്കൽ
“സ്വന്ത ഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ” എന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യം 28:26) നിങ്ങൾ കാല്പനികമായ ഒരു പ്രേമത്തിൽ കുടുങ്ങിയിരിക്കുമ്പോൾ ഇത് വിശേഷാൽ സത്യമാണ്. നിങ്ങൾക്കു അന്ധമായ വൈകാരികാനുഭൂതിയുള്ളപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്നതു മാത്രമേ നിങ്ങൾ കാണുകയുള്ളു. എന്നിരുന്നാലും സദൃശവാക്യങ്ങൾ തുടർന്നു പറയുന്നു: “ജ്ഞാനത്തോടെ നടക്കുന്നവനാണ് രക്ഷപ്പെടുന്നത്.” ഇത് കാര്യങ്ങൾ അവ ആയിരിക്കുന്നതുപോലെ കാണുന്നത് അർത്ഥമാക്കുന്നു.
“നിങ്ങൾ അടിസ്ഥാനമില്ലാത്ത പ്രതീക്ഷയും ന്യായമായ പ്രതീക്ഷയും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുന്നതെങ്ങനെ?” എന്ന് ഡോക്ടർ ഹോവാർഡ് ഹാൽപെൻ ചോദിക്കുന്നു. “യാഥാർത്ഥ്യങ്ങൾ സാവധാനം ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നതിനാൽതന്നെ.” ഇത് പരിഗണിക്കുക: ഈ വ്യക്തിയിൽ യഥാർത്ഥ ഒരനുരാഗം വികാസം പ്രാപിക്കാൻ എത്രമാത്രം സാദ്ധ്യതയുണ്ട്? അവനോ അവളോ വിവാഹം കഴിച്ചതാണോ? അത്തരം വ്യക്തികളോടുള്ള വൈകാരിക പ്രീതി നിശ്ചയമായും വ്യർത്ഥവും തികച്ചും അനുചിതവുമാണ്. ആ വ്യക്തി അല്പം പ്രശസ്തനാണോ? അങ്ങനെയെങ്കിൽ നിങ്ങളുടെ അനുരാഗം പ്രകടിപ്പിക്കുന്നതിനുവേണ്ടി അയാളെ എന്നെങ്കിലും കണ്ടുമുട്ടുക പ്രയാസമാണ്! ഒരദ്ധ്യാപകനെപ്പോലെ പ്രായം ചെന്ന ആരെങ്കിലുമാണ് ഉൾപ്പെട്ടിരിക്കുന്നതെങ്കിൽ അപ്പോഴും സാദ്ധ്യതകൾ മങ്ങിയതാണ്.
ആരെങ്കിലും നിങ്ങളോട് താല്പര്യം കാണിക്കുന്നില്ലെങ്കിൽ, ഭാവിയിൽ കാര്യങ്ങൾക്ക് മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കാൻ എന്തെങ്കിലും തക്കതായ കാരണമുണ്ടോ? ‘ഹൃദയം കപട’മാണെന്നോർക്കുക. (യിരെമ്യാവ് 17:9) നിഷ്ക്കളങ്കമായ വാക്കുകളിലും പ്രവർത്തനങ്ങളിലും ശൃംഗാരപരമായ താല്പര്യം ഗൗനിക്കുന്നതുവഴി ‘സ്വയം കബളിപ്പിക്കപ്പെട്ടേക്കാം.’ അതുവഴി സമയവും വികാരവും നഷ്ടപ്പെട്ടേക്കാം. മിക്ക ദേശങ്ങളിലും ശൃംഗാരപരമായ താല്പര്യം പ്രകടിപ്പിക്കുന്നതിൽ മുൻകൈയെടുക്കുന്നത് മിക്കപ്പോഴും പുരുഷൻമാരാണെന്ന് ഈ സന്ദർഭത്തിൽ പറയേണ്ടിയിരിക്കുന്നു. അതുകൊണ്ട് ഒരു യുവതി താല്പര്യമില്ലാത്ത ആരുടെയെങ്കിലും പിന്നാലെ പോയാൽ സ്വയം അവമാനിതയായേക്കാം.
അന്തിമമായി, ഒരു യുവ വ്യക്തിയെന്നനിലയിലുള്ള നിങ്ങളുടെ സ്വന്തം പരിമിതികളെ അഭിമുഖീകരിക്കുക. നിങ്ങൾ പ്രീതി കാട്ടുമ്പോൾ ആ വ്യക്തി തിരിച്ച് നിങ്ങളോടും പ്രീതി കാട്ടിയാൽ നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ വിവാഹത്തിന്റെ സമ്മർദ്ദങ്ങൾക്കും ഉത്തരവാദിത്ത്വങ്ങൾക്കും തയ്യാറാണോ? തയ്യാറല്ലെങ്കിൽ, പ്രേമത്തിൽ കഴിയാതെ “നിങ്ങളുടെ ഹൃദയത്തിൽനിന്ന് ശല്യം അകറ്റുക.” “സ്നേഹിക്കാൻ ഒരു സമയമുണ്ട്.” നിങ്ങളുടെ സംഗതിയിൽ, അത് വർഷങ്ങൾക്കുശേഷം പ്രായമാകുമ്പോഴായിരിക്കാം.—സഭാപ്രസംഗി 11:10; 3:8.
നിങ്ങളുടെ വികാരങ്ങൾ പരിശോധിക്കുക
‘എന്നാൽ എനിക്ക് ഇപ്പോഴുള്ള വികാരങ്ങൾ സംബന്ധിച്ചെന്ത്?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. നിങ്ങളുടെ വികാരം എന്താണെന്നും എങ്ങനെയുള്ളതാണെന്നും പരിശോധിക്കുക. ഉദാഹരണത്തിന് ഡോ. ചാൾസ് സാസ്ത്രോ ഇപ്രകാരം പറയുന്നു: “ഒരു വ്യക്തി മറ്റൊരാളെ ഒരു മികച്ച കാമുകനോ കാമുകിയോ എന്നനിലയിൽ പരിപൂർണ്ണ മാതൃകയായി സങ്കൽപ്പിക്കുമ്പോൾ അനുരാഗത്തിന് തുടക്കമിടുന്നു. അതായത്, മറ്റേയാൾക്ക് ഒരു ഇണയിൽ ഉണ്ടായിരിക്കേണ്ട എല്ലാ സ്വഭാവ ഗുണങ്ങളും ഉണ്ടെന്ന് അപ്പോൾ അനുമാനിക്കുന്നു.” എന്നിരുന്നാലും അത്തരം ‘പൂർണ്ണനായ ഒരു കാമുകനോ കാമുകിയോ’ സ്ഥിതി ചെയ്യുന്നേയില്ല. “കാരണം എല്ലാവരും പാപം ചെയ്ത് ദൈവതേജസ്സിൽ കുറവുള്ളവരാണെന്ന്” ബൈബിൾ പറയുന്നു.—റോമർ 3:23.
അതുകൊണ്ട് നിങ്ങളോടുതന്നെ ചോദിക്കുക: “ഞാൻ ഹൃദയം നട്ടിരിക്കുന്ന ഈ വ്യക്തിയെ എനിക്കെത്ര നന്നായറിയാം? എന്റെ വികാരങ്ങൾ പരിജ്ഞാനത്തിൽ അധിഷ്ഠിതമാണോ? ഞാൻ പ്രേമത്തിലായിരിക്കുന്നത് ഒരു സാങ്കല്പിക വ്യക്തിയുമായിട്ടാണോ? ഞാൻ ‘കാര്യങ്ങൾ മുഖവിലക്കെടുക്കുന്നുവോ?’ (2 കൊരിന്ത്യർ 10:7) ഞാൻ ആ വ്യക്തിയുടെ ന്യൂനതകൾ വ്യക്തമായി കാണുന്നുണ്ടോ? അതോ അവ എനിക്ക് മറഞ്ഞിരിക്കുന്നുവോ?” നിങ്ങൾ സ്വപ്നം കാണുന്ന നിങ്ങളുടെ കാമുകനെയോ കാമുകിയേയോ വസ്തുനിഷ്ഠമായി വീക്ഷിക്കുന്നത് നിങ്ങളെ ‘പ്രേമജ്വര’ത്തിൽനിന്ന് രക്ഷിച്ചേക്കാം!
നിങ്ങൾക്കനുഭവപ്പെടുന്ന സ്നേഹം ഏതുതരത്തിലുള്ളതാണെന്നും പരിശോധിക്കുക. ബൈബിൾ പറയുന്നു: “സ്നേഹം ദീർഘമായി ക്ഷമിക്കുന്നു, ദയ കാട്ടുന്നു. സ്നേഹം അസൂയപ്പെടുന്നില്ല . . . സ്വന്ത താല്പര്യങ്ങൾ തേടുന്നില്ല.” (1 കൊരിന്ത്യർ 13:4, 5) ഇത്തരത്തിലുള്ള സ്നേഹമാണോ നിങ്ങൾക്കുള്ളത്? അതോ “അപക്വസ്നേഹം” എന്ന് ലേഖകനായ കാത്തി മക്കോയി വിളിക്കുന്ന സ്നേഹമാണോ നിങ്ങൾക്കുള്ളത്? മക്കോയി ഇപ്രകാരം വിവരിക്കുന്നു: “അപക്വസ്നേഹം നിമിഷനേരത്തിനുള്ളിൽ വരികയും പോകയും ചെയ്തേക്കാം . . . കേന്ദ്രബിന്ദു നിങ്ങളാണ്. സ്നേഹത്തിലായിരിക്കുന്നതിനുവേണ്ടി നിങ്ങൾ കേവലം സ്നേഹത്തിലാണ് . . . അപക്വ സ്നേഹത്തിൽ സങ്കോചവും ആവേശവും അസൂയയുമുണ്ട് . . . അപക്വ സ്നേഹം പൂർണ്ണത ആവശ്യപ്പെടുന്നു.”
നിങ്ങൾ വെറുമൊരു സ്വപ്നത്തിൻമേൽ നിങ്ങളുടെ വികാരം ശൂന്യമാക്കിയെന്നറിയുന്നത് വേദനാജനകമായിരിക്കും. എന്നിരുന്നാലും, ഡോക്ടർ ഡേവിഡ് എൽക്കിൻസ് ഇപ്രകാരം പറയുന്നു: “സങ്കൽപ്പങ്ങളിൽനിന്നുളവായ ഈ ആഘാതങ്ങൾക്ക് പ്രയോജനപ്രദങ്ങളായ അനുഭവപാഠങ്ങളായിരിക്കാൻ കഴിയും. അത് ശരീരാകർഷണവും വ്യക്തിപരമായ ചേർച്ചയും തമ്മിലുള്ള വ്യത്യാസം കാണുന്നതിന് യുവാക്കളെ സഹായിക്കാനുതകും.”
അവനെ⁄അവളെ നിങ്ങളുടെ മനസ്സിൽ നിന്നിറക്കുക
ലോകത്തിലുള്ള മുഴുന്യായങ്ങളും നിങ്ങളുടെ വികാരം പരിപൂർണ്ണമായി മായ്ക്കപ്പെടുകയില്ലെന്ന് വെളിവാക്കുന്നു. എന്നാൽ മാനസ്സികാഘാതത്തിൽനിന്ന് രക്ഷപ്പെടാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില സംഗതികളുണ്ട്. ആദ്യമായി പ്രശ്നം വലുതാക്കാതിരിക്കുക! ചലിപ്പിക്കുന്ന ശൃംഗാരപരമായ നോവലുകൾ വായിക്കുന്നതും ടെലിവിഷനിലെ പ്രേമകഥകൾ ദർശിക്കുന്നതും അല്ലെങ്കിൽ ചില പ്രത്യേക തരത്തിലുള്ള സംഗീതം ശ്രദ്ധിക്കുന്നതും നിങ്ങളുടെ ഏകാന്തതയുടെ അനുഭൂതികൾ വഷളാക്കിയേക്കാം. അതുകൊണ്ട് അത്തരം സാഹചര്യങ്ങളിലായിരിക്കുന്നത് ഒഴിവാക്കുക. “വിറകില്ലാത്തിടത്ത് തീ കെട്ടുപോകുന്നു.”—സദൃശവാക്യം 26:20.
ആത്മാർത്ഥമായ സൗഹൃദം വികസിപ്പിച്ചെടുക്കുക. ശൃംഗാരപരമായ പ്രീതി നിങ്ങളെ യഥാർത്ഥമായി സ്നേഹിക്കുകയും നിങ്ങൾക്കുവേണ്ടി കരുതുകയും ചെയ്യുന്ന ആളുകളുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ തക്കവണ്ണം അത്ര മൂല്യവത്തല്ല. ‘സ്വയം ഒറ്റപ്പെടുത്താതിരിക്കുക.’ (സദൃശവാക്യം 18:1) നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയുമെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം, വിശേഷിച്ച് അവർ ക്രിസ്ത്യാനികളാണെങ്കിൽ. “ഞാൻ എന്റെ പ്രേമകാര്യങ്ങളെക്കുറിച്ച് അവസാനം പറയുന്നത് അവരോടായിരിക്കും” എന്ന് ഒരു യുവാവ് പറഞ്ഞു. പക്ഷേ നിങ്ങളുടെ വികാരങ്ങൾ മറയ്ക്കാൻ നിങ്ങൾ പൂർണ്ണമായി ശ്രമിച്ചാലും എന്തോ പ്രശ്നം നിങ്ങളെ കാർന്നുതിന്നുന്നുണ്ടെന്ന് അവർ ഒരുപക്ഷേ അതിനോടകം മനസ്സിലാക്കിയിരിക്കണം. അതുകൊണ്ട്, എന്തുകൊണ്ട് അവരെ സമീപിച്ച് ‘അവരോട് ഹൃദയം തുറന്ന്’ സംസാരിച്ചുകൂടാ? (സദൃശവാക്യം 23:26) ക്രിസ്തീയ സഭയിലെ പക്വതയുള്ള ഒരംഗത്തിനും നല്ല ഒരു ശ്രോതാവായിരിക്കാൻ കഴിയും.
യുവാക്കളെക്കുറിച്ചെഴുതുന്ന എസ്തേർ ഡേവിഡോവിറ്റ്സ് “തിരക്കുള്ളവരായിരിക്കാൻ” തുടർന്ന് ബുദ്ധിയുപദേശിക്കുന്നു. അല്പം ശരീരാഭ്യാസം ചെയ്യുകയോ ഒരു വിനോദം തെരഞ്ഞെടുക്കുകയോ ഒരു പുതിയ ഭാഷ പഠിക്കുകയോ ഒരു ബൈബിൾ ഗവേഷണ പരിപാടി തുടങ്ങുകയോ ചെയ്യുക. പ്രയോജനപ്രദങ്ങളായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ നിരാശയുടെ കിരണങ്ങൾ അല്പാല്പം ഉൻമൂലനം ചെയ്യാൻ കഴിഞ്ഞേക്കും.
ഒരനുരാഗാനുഭൂതിയെ അതിജീവിക്കുക അത്ര നിസ്സാരമല്ല. എന്നാൽ സമയം കടന്നു പോകുന്നതനുസരിച്ച് മാനസ്സികവേദന കുറഞ്ഞുകൊണ്ടിരിക്കും. അതിനോടകം നിങ്ങൾ നിങ്ങളെക്കുറിച്ചും നിങ്ങളുടെ വികാരങ്ങളെക്കുറിച്ചും വളരെയധികം പഠിച്ചിരിക്കും. ഒരുപക്ഷേ ഈ പാഠങ്ങൾ ഹൃദയഭേദകമായ അനുരാഗാനുഭൂതിയുടെ വേദനകൾക്ക് തക്ക മൂല്യവത്താണ്. (g87 1/22)
[അടിക്കുറിപ്പുകൾ]
a 1988 ജനുവരി 8-ലെ ഉണരുക!യിൽ പ്രത്യക്ഷപ്പെടുന്ന “ചെറുപ്പക്കാർ ചോദിക്കുന്നു. . . . അതൊരു അഭിനിവേശം മാത്രമാണെന്ന് ആരു പറയുന്നു?” എന്ന ലേഖനം കാണുക.
[10-ാം പേജിലെ ചിത്രം]
ചിലരെ സംബന്ധിച്ചിടത്തോളം, ഒരനുരാഗത്തിന് വിരാമമിടുന്നത് വേദനാജനകമാണ്