ചെറുപ്പക്കാർ ചോദിക്കുന്നു . . .
അതൊരു അഭിനിവേശം മാത്രമാണെന്ന് ആരു പറയുന്നു?
“നിങ്ങൾ കൗമാരപ്രായത്തിലായിരുന്നപ്പോൾ നിങ്ങൾക്ക് ആരോടെങ്കിലും അഭിനിവേശം തോന്നിയിട്ടുണ്ടോ?” ഉണരുക! ലേഖകൻ, 21 മുതൽ 70 വരെ വയസ്സ് പ്രായമുള്ള മുതിർന്നവരുടെ ഒരു സംഘത്തോടാണ് ഈ ചോദ്യം തൊടുത്തുവിട്ടത്. ഉടനടിയുണ്ടായ പ്രതികരണമോ? ഒരു പൊട്ടിച്ചിരി—തുടർന്ന് ഓർമ്മകളുടെ ഒരു പെയ്ത്തും.
“ഉണ്ടോ എന്നോ!” ജെറിa പറയുന്നു. “ഞാൻ ഒരു കൗമാരപ്രായക്കാരനായിരുന്നപ്പോൾ എന്നെക്കാൾ ആറുവയസ്സ് പ്രായക്കൂടുതലുള്ള ഒരു പെൺകുട്ടിയോട് എനിക്ക് അഭിനിവേശം തോന്നിയിരുന്നു. അവൾ സുന്ദരിയായിരുന്നു—വലിയ തവിട്ടുനിറമുള്ള കണ്ണുകൾ! പക്ഷെ ഞാൻ എന്റെ വികാരത്തെ രഹസ്യമാക്കിവെച്ചു. എന്റെ അമ്മയ്ക്കുപോലും ഞാൻ ആ പെൺകുട്ടിയെ ഇഷ്ടപ്പെട്ടിരുന്ന വിവരം കണ്ടുപിടിക്കുവാൻ കഴിഞ്ഞില്ല.”
“എന്റെ അദ്ധ്യാപകനോട് എനിക്ക് ഭയങ്കര അഭിനിവേശം തോന്നിയിരുന്നു,” എന്ന് ഇപ്പോൾ വിവാഹിതയായിരിക്കുന്ന വലേറി അനുസ്മരിക്കുന്നു. “അദ്ദേഹം അത്ര സുമുഖനായിരുന്നു.” ഒട്ടും മോശക്കാരിയാകണ്ട എന്നു കരുതി രണ്ടു കുട്ടികളുടെ അമ്മയായ ജെയ്ൻ പറയുന്നു: “ചെറുപ്പമായിരുന്നപ്പോൾ എന്റെ ഇഷ്ടഗായകനോട് എനിക്ക് അഭിനിവേശം തോന്നിയിരുന്നു. അദ്ദേഹത്തിന്റെ സംഗീതസദസ്സുകളിൽ മുൻനിരയിൽ സീറ്റ് ലഭിക്കാൻ ഞാൻ അതികാലത്ത് എഴുന്നേൽക്കുമായിരുന്നു. ഒരിക്കൽ രണ്ടു പെൺകുട്ടികളും ഞാനും അദ്ദേഹത്തിന്റെ അണിയറയിൽപോലും കയറുകയുണ്ടായി! പക്ഷെ ഒടുവിൽ അദ്ദേഹത്തെ കണ്ടുകഴിഞ്ഞപ്പോൾ ഞാൻ വായും പൊളിച്ച് അവിടെത്തന്നെ നിന്നുപോയി.” എന്തിന് ഞങ്ങളുടെ സംഘത്തിലെ ഏറ്റവും മുതിർന്ന അംഗംപോലും തനിക്ക് ഒരു ചലചിത്രതാരത്തോട് അഭിനിവേശം ഉണ്ടായിരുന്നതായി അനുസ്മരിക്കുകയുണ്ടായി!
അതെ, ഏത് മുതിർന്ന ആളിനോടും നിങ്ങൾ ചോദിച്ചു നോക്കൂ, അതിൽ മിക്കവാറും എല്ലാവർക്കുംതന്നെ തങ്ങൾ ചെറുപ്പമായിരുന്നപ്പോൾ അനുരാഗാവേശമോ അഭിനിവേശമോ ഉണ്ടായിരുന്നിട്ടുള്ളതായി നിങ്ങൾ മനസ്സിലാക്കും. മിക്കപ്പോഴും ഇവ അപ്രാപ്യരായ ആളുകളെ ചുറ്റിപ്പറ്റിയാണ് ഉണ്ടായിട്ടുള്ളത്—അദ്ധ്യാപകർ, ഗായകർ, പ്രായകൂടുതലുള്ള പരിചയക്കാർ. മനശ്ശാസ്ത്രജ്ഞയായ കാതി മോറിക്ക പറയുന്നു: “അഭിനിവേശം വളർച്ചയുടെ ഒരു ഭാഗമാണ്. മിക്കവാറും എല്ലാ ചെറുപ്രായക്കാർക്കും അതുണ്ട്.” ഭൂരിഭാഗവും തങ്ങളുടെ വിഭ്രാന്തികളെ അതിജീവിക്കുകയും ചെയ്യുന്നുണ്ട്—തങ്ങളുടെ അന്തസ്സിനും അഭിമാനത്തിനും ഒരു കേടും തട്ടാതെ തന്നെ. തീർച്ചയായും, വർഷങ്ങൾക്കുശേഷം മിക്കവർക്കും ഈ അനുഭവങ്ങളെ ഒരു തമാശയായി തള്ളിക്കളയുവാൻ കഴിയും.
എന്നിരുന്നാലും, നിങ്ങൾ ഒരു അഭിനിവേശത്തിന്റെ പിടിയിൽ പെട്ടുകഴിഞ്ഞാൽ, അതിൽ തമാശയായിട്ടെടുക്കുവാൻ കാര്യമായി ഒന്നുമില്ലെന്നാണ് കാണപ്പെടുന്നത്. “ഞാൻ ആകെ ഇച്ഛാഭംഗത്തിലായി, കാരണം അത് സംബന്ധിച്ച് എനിക്കു ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഇതെല്ലാം നിമിത്തം ഞാൻ ആകെക്കൂടെ രൂപം കെട്ടുപോയി.” എന്ന് ജെറി അനുസ്മരിക്കുന്നു. വലേറി തുടർന്നു പറയുന്നു: “ഞാൻ എന്റെ അദ്ധ്യാപകനെ വിവാഹം ചെയ്തതായി ഭാവനയിൽ കണ്ടു. ഞങ്ങൾക്ക് നാലു കുട്ടികളുണ്ടായിരിക്കും, ഒരു നല്ല ഭവനത്തിൽ താമസിക്കുകയും ചെയ്യും. അദ്ദേഹത്തെ പ്രാപിക്കുകയെന്നത് വളരെ പ്രയാസകരമായിരുന്നു.
നിങ്ങൾക്ക് ഒരിക്കലും ലഭിക്കുകയില്ലാത്ത ഒരാൾക്കുവേണ്ടി കരുതുക എന്നത് മുറിപ്പെടുത്തുന്ന ഒന്നാണ്. നിങ്ങൾക്ക് അനുഭവപ്പെടുന്നത് കേവലം ബാലിശമായ ഒരഭിനിവേശമാണെന്ന് പറഞ്ഞുതന്നാൽ പോലും ആശ്വാസം തോന്നുകയില്ല. നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ വികാരങ്ങൾ യഥാർത്ഥം ആണ്! ‘ഞാൻ സ്നേഹത്തിലാണ് എന്നു പറയുമ്പോൾ ആരും വിശ്വസിക്കാത്തതെന്താണ്? നിങ്ങൾ അത്ഭുതപ്പെട്ടേക്കാം.
അഭിനിവേശത്തിന്റെ ശരീരശാസ്ത്രം
“സ്നേഹം ദൈവത്തിൽനിന്നാകുന്നു.” എന്ന് അപ്പോസ്തലനായ യോഹന്നാൻ പറയുന്നു. (1 യോഹ. 4:7) ആയതിനാൽ മറ്റൊരാളോട് ശക്തമായ വികാരങ്ങൾ—അത്തരം വികാരങ്ങൾ അനുചിതമോ അധാർമ്മികമോ അല്ലാത്തിടത്തോളം (വിവാഹിതരായ ആരോടെങ്കിലും പോലെയുള്ളത്)—ഉണ്ടായിരിക്കുന്നതിൽ ഒരു പാപവുമില്ല. എന്നിരുന്നാലും, ക്രിസ്തീയ സ്നേഹം തത്വത്തിലാണധിഷ്ഠിതമായിരിക്കുന്നത്, ആവേശത്തിലല്ല. (1 കൊരിന്ത്യർ 13:4-7 വരെ താരതമ്യപ്പെടുത്തുക) അത്തരം സ്നേഹത്തെ ബൈബിൾ ബന്ധപ്പെടുത്തുന്നത് യുവാക്കളോടല്ല, പ്രത്യുത ആത്മീയമായി പക്വതയുള്ള, അല്ലെങ്കിൽ “പൂർണ്ണവളർച്ചയെത്തിയ” ക്രിസ്ത്യാനികളോടാണ്.—എഫേസ്യർ 4:13-15.
നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ, “യൗവനസഹജമായ മോഹങ്ങൾ” പലപ്പോഴും നിങ്ങളുടെ ചിന്തകളേയും പ്രവർത്തികളേയും ഭരിക്കുന്നു. (2 തിമൊഥെയോസ് 2:22) തീർച്ചയായും, കൗമാരം പുതിയതും വീര്യമേറിയതുമായ വികാരങ്ങളെ ഇളക്കി വിടുന്നു. അത്തരം മോഹങ്ങളെ എപ്രകാരം നിയന്ത്രണത്തിൽ കൊണ്ടുവരാം എന്നു മനസ്സിലാക്കുന്നതിന് നമ്മിൽ മിക്കവർക്കും വർഷങ്ങൾ തന്നെ വേണ്ടിവരുന്നു. രസകരമെന്നു പറയട്ടെ, വ്യക്തിയും വിവാഹവും കുടുംബവും എന്ന ഗ്രന്ഥം ഇപ്രകാരം നിരീക്ഷിക്കുന്നു: “കാല്പനിക പ്രേമത്തിന്റെ പ്രാധാന്യത്തിലുള്ള നമ്മുടെ സമൂഹത്തിന്റെ ഊന്നൽ നിമിത്തം, ചെറുപ്പക്കാരനായ വ്യക്തി . . . കാല്പനികപ്രേമത്തിന് സ്വയം പക്വമാകുന്നതിനോ, അഥവാ അതിന്റെ ഉചിതമായ ഒരു വിഷയത്തെ അഭിമുഖീകരിക്കുകയോ ചെയ്യുന്നതിന് വളരെ മുമ്പ് തന്നെ പ്രേമത്തിന്റെ സാക്ഷാത്കാരത്തെ സ്വപ്നം കാണുന്നു.”
കാല്പനിക വികാരങ്ങളെ ഇളക്കിവിട്ടിട്ട് അവ പ്രയോഗിക്കാൻ ഒരാളെ ലഭിക്കാതെ വരുക എത്ര ഇച്ഛാഭംഗം കൈവരുത്തുന്നതാണ്! കൂടാതെ, പതിനേഴ് എന്ന മാസിക നിരീക്ഷിക്കുന്നപ്രകാരം, “പെൺകുട്ടികൾ മിക്കപ്പോഴും, ആൺകുട്ടികളേക്കാൾ ചെറുപ്രായത്തിൽ തന്നെ സമനില പ്രാപിക്കുകയും സാമൂഹ്യമായി അനായാസനിലയിലായിത്തീരുകയും ചെയ്യുന്നു.” അതിന്റെ ഫലമായി” അവർ മിക്കപ്പോഴും തങ്ങളുടെ പുരുഷ സഹപാഠികളെ, അദ്ധ്യാപകരോടുള്ള താരതമ്യത്തിൽ അപക്വരോ അരസികരോ ആയി കണ്ടെത്തുന്നു,” അല്ലെങ്കിൽ മറ്റ് പ്രായമേറിയ അപ്രാപ്യരായ പുരുഷൻമാരോടുള്ള താരതമ്യത്തിൽ. അങ്ങനെ ഒരു പെൺകുട്ടി, പ്രിയപ്പെട്ട ഒരദ്ധ്യാപകനോ, പോപ് ഗായകനോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രായമേറിയ പരിചയക്കാരനോ ആണ് “തികഞ്ഞ” പുരുഷൻ എന്നു വിഭാവന ചെയ്തേക്കാം. ആൺകുട്ടികളും സമാനമായി മായാമോഹിതരായിത്തീരാൻ ഇടയുണ്ട്.
എന്നിരുന്നാലും, ആ സുഭഗനായ അദ്ധ്യാപകനോ പ്രേമഗായകനോ ഒത്തുള്ള പ്രണയത്തിന്റെ സാദ്ധ്യത തീരെ ഇല്ലെന്നുതന്നെ പറയാം. അപ്പോൾ, സുനിശ്ചിതമായും, അത്തരത്തിലുള്ള അകന്ന വ്യക്തികളോട് തോന്നുന്ന പ്രേമം യാഥാർത്ഥ്യത്തിലുപരിയായി മിഥ്യാബോധത്തിൽ അധിഷ്ഠിതമാണ്. വ്യക്തിയും വിവാഹവും കുടുംബവും എന്ന ഗ്രൻഥം, അത്തരം മോഹവിഭ്രാന്തികൾ കേവലം “ക്തണികം” ആണെന്നു പറയുന്നത് വെറുതെ അല്ല! അല്ലെങ്കിൽ റ്റീൻ മാസിക പറഞ്ഞതുപോലെ: “മിക്ക കൗമാരപ്രായക്കാർക്കും അഭിനിവേശം ജലദോഷം പോലെ സാധാരണമാണ്.” ചില യുവാക്കൾ, എന്നാലും, തങ്ങൾക്ക് യഥാർത്ഥ പ്രേമം തോന്നുന്നു എന്ന് ശഠിച്ചുകൊണ്ട് തങ്ങളുടെ മിഥ്യാലോകത്തിൽ തുടരുന്നു.
അഭിനിവേശം നിരുപദ്രവകരമോ ഉപദ്രവകരമോ?
‘എന്നാൽ പിന്നെ, മിക്കവാറും എല്ലാവർക്കുംതന്നെ അഭിനിവേശത്തിന്റെ അനുഭവങ്ങളുണ്ടെങ്കിൽ, അതുകൊണ്ടെന്താണ് കുഴപ്പം?’ നിങ്ങൾ ചോദിച്ചേക്കാം. ശരിയാണ്, ‘മിക്കവാറും എല്ലാവർക്കും അഞ്ചാം പനിയും ഉണ്ടായിരുന്നിട്ടുണ്ട്. വസ്തുത എന്താണെന്നുവെച്ചാൽ അഭിനിവേശത്തിന് ഉപദ്രവകരമായിരിക്കാൻ കഴിയും എന്നതാണ്.
ഒരു സംഗതി, കൗമാരപ്രേമത്തിന്റെ പല ലക്ഷ്യങ്ങളും ഒരു ക്രിസ്ത്യാനിയുടെ അന്തസ്സിന് യോജിച്ചതല്ല. ഒരു ജ്ഞാനിയായ മനുഷ്യൻ ഇപ്രകാരം പ്രസ്താവിച്ചു: “ബുദ്ധിശൂന്യത അനേകം ഉന്നത പദവികളിൽ വെയ്ക്കപ്പെട്ടിരിക്കുന്നു.” (സഭാപ്രസംഗി 10:6) അങ്ങനെ, ഒരു ഗായകൻ ആരാധ്യപുരുഷനാകുന്നത്, അയാളുടെ ശബ്ദമാധുര്യമോ കാഴ്ചയിലുള്ള സൗന്ദര്യമോ നിമിത്തമാണ്. എന്നാൽ അയാളുടെ സദാചാരം സംബന്ധിച്ചെന്ത്? പല റോക്ക് താരങ്ങളുടെയും ജീവിതശൈലി മൗഢ്യമായ ഒന്നല്ലേ? ബൈബിളും ക്രിസ്ത്യാനികളെ ഇപ്രകാരം മുന്നറിയിക്കുന്നു: “ലോകത്തോടുള്ള സഖിത്വം ദൈവത്തോട് ശത്രുത്വമാകുന്നു.” (യാക്കോബ് 4:4) ദൈവം കുറ്റംവിധിക്കുന്ന നടത്തയുള്ള ഒരു വ്യക്തിയിൽ നിങ്ങൾ നിങ്ങളുടെ ഹൃദയം അർപ്പിക്കുകയാണെങ്കിൽ ദൈവവുമായുള്ള നിങ്ങളുടെ സൗഹൃദത്തെ അത് തകിടം മറിക്കുകയില്ലേ? വിവാഹിതരായ ആരോടെങ്കിലും ശൃംഗാരവികാരങ്ങൾ മനസ്സിൽ വെച്ചു പുലർത്തുന്നതും തെറ്റാണ്.—സദൃശവാക്യം 5:15-18.
കൂടുതലായി, ബൈബിൾ പ്രസ്താവിക്കുന്നു: “വിഗ്രഹങ്ങളിൽനിന്ന് നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾക.” (1 യോഹ. 5:21) ഇത്, വിഗ്രഹമാക്കപ്പെടുന്ന വ്യക്തി സാമാന്യം സ്വീകാര്യമായ ജീവിതം നയിക്കുന്നുവെങ്കിൽ പോലും സത്യമാണ്. ഒരു യുവാവിന്റെ മുറിയിലെ ഭിത്തികൾ ആകമാനം ഒരിഷ്ടഗായകന്റെ ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുകയാണെങ്കിൽ നിങ്ങൾ അതിനെ എന്തു വിളിക്കും? അത് വിഗ്രഹാരാധനയോട് അപകടകരമായി ബന്ധമുള്ളതല്ലേ?. “ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നൊന്നുമില്ല,” തന്റെ ഇഷ്ടഗായകനെക്കുറിച്ച് ഒരു പെൺകുട്ടി പറയുന്നു. പക്ഷെ അവൾ ഇത് സമ്മതിക്കുന്നു: “ഞാൻ എല്ലായ്പ്പോഴും ഈ വ്യക്തിയെക്കുറിച്ചു വിചാരിക്കുന്നു . . . എനിക്ക് ഈ വ്യക്തിയെ എന്റെ മനസ്സിൽനിന്ന് നീക്കണം.”
ചിലർ തങ്ങളുടെ മിഥ്യാബോധം ന്യായബോധത്തെ മറിച്ചുകളയാൻ അനുവദിക്കുന്നു. ഒരു പ്രശസ്ത ഗായകനോടുള്ള തന്റെ അനുരാഗത്തെക്കുറിച്ച് മറ്റൊരു പെൺകുട്ടി എഴുതുന്നു: ‘അദ്ദേഹമെന്റെ ബോയ്ഫ്രണ്ട് ആകണം എന്നു ഞാനാശിക്കുന്നു. അതു സത്യമായി ഭവിക്കണേ എന്ന് ഞാൻ പ്രാർത്ഥിക്കുകയും ചെയ്തു! ഞാൻ അദ്ദേഹത്തിന്റെ ആൽബവുമൊത്താണ് കിടന്നുറങ്ങാറുള്ളത്, കാരണം അദ്ദേഹവുമായി ഏറ്റവും അടുത്തെത്താൻ കഴിയുന്നത് അങ്ങനെയായിരുന്നു. എനിക്ക് അദ്ദേഹത്തെ കിട്ടിയില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും എന്ന അവസ്ഥയിലാണ് ഞാനിപ്പോൾ.’ അത്തരം ബോധശൂന്യമായ ആവേശം, “ഒരു സുബോധമുള്ള മനസ്സോടെ” തന്നെ സേവിക്കാൻ നമ്മോട് കല്പ്പിക്കുന്ന ദൈവത്തിന് പ്രിയംകരമായിരിക്കുമോ—റോമർ 12:3.
ബൈബിൾ സദൃശവാക്യം 13:12-ൽ ഇപ്രകാരം പ്രസ്താവിക്കുന്നു: “ആശാ വിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു.” അസാദ്ധ്യമായ ഒരു ബന്ധത്തിനു വേണ്ടിയുള്ള പ്രണയപ്രതീക്ഷകൾ വളർത്തുന്നത് അക്ഷരാർത്ഥത്തിൽ നിങ്ങളെ രോഗിയാക്കാൻ കഴിയുന്ന ഒന്നാണ്. പ്രതികരണമില്ലാത്ത സ്നേഹത്തെ ഡോക്ടർമാർ, “മ്ലാനത, ഉത്ക്കണ്ഠ, അസ്വസ്ഥത . . . ഉറക്കമില്ലായ്മ അല്ലെങ്കിൽ ആലസ്യം, നെഞ്ചുവേദന അല്ലെങ്കിൽ ശ്വാസതടസ്സം” എന്നീ രോഗങ്ങൾക്ക് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നു.
ഒരു മിഥ്യാബോധം നിങ്ങളുടെ ജീവിതത്തെ അധീനപ്പെടുത്താൻ അനുവദിക്കുമ്പോൾ നിങ്ങൾ വരുത്തിക്കൂട്ടുന്ന നാശത്തെക്കുറിച്ചും കൂടെ ഒന്നു ചിന്തിക്കുക. ഒരു ക്ഷിപ്രാഭിനിവേശത്തിന്റെ ആദ്യലക്ഷണങ്ങളിൽ ഒന്ന് “പഠനപ്രയത്നത്തിലുള്ള മന്ദത ആണ് എന്ന് ഡോക്ടർ ലോറൻസ് ബോമാൻ നിരീക്ഷിക്കുന്നു. ഒരഭിനിവേശത്തിൽ പിടിക്കപ്പെട്ടിരിക്കുന്നതിന്റെ മറ്റൊരു സാധാരണ ഫലം സുഹൃത്തുക്കളിൽനിന്നും കുടുംബത്തിൽ നിന്നുമുള്ള ഒറ്റപ്പെടലാണ്. (സദൃശവാക്യങ്ങൾ 18:1) “എന്റെ പെരുമാറ്റത്തിൽ എന്റെ കുടുംബം പോലും ആകുലമായിത്തീർന്നു,” ഏവരുടെയും അവഗണനയ്ക്കു പാത്രമായിക്കൊണ്ട് ഒരു പ്രസിദ്ധ ഗായകനെ “പ്രേമിച്ച” ഒരു പെൺകുട്ടി ഏറ്റുപറഞ്ഞു.
ഭയങ്കരമായ പ്രത്യാഘാതങ്ങൾ ഇല്ലാത്തിടത്തുപോലും, സ്വയം ഒരു വിഡ്ഢിയാക്കിയതിന്റെ മാനക്കേടും ഉണ്ട്. എഴുത്തുകാരനായ ഗിൽ ഷ്വാർട്ട്സ് പറയുന്നു: “ഇത് സമ്മതിച്ച് പറയുവാൻ എനിക്ക് സംഭ്രമമാണ്, പക്ഷേ ജൂഡിയോടുള്ള എന്റെ അഭിനിവേശത്തിൽ ഞാൻ ഒരു ബഫൂണിനെപ്പോലെ പെരുമാറി.” അഭിനിവേശമെല്ലാം കെട്ടടങ്ങി വളരെ കഴിഞ്ഞിട്ടും, നിങ്ങൾ ആരുടെയെങ്കിലും പിന്നാലെ നടക്കുന്നതായിട്ടോ അല്ലെങ്കിൽ പരസ്യമായി എന്തെങ്കിലും രംഗങ്ങൾ സൃഷ്ടിക്കുന്നതായോ ഉള്ള ഓർമ്മകൾ തങ്ങി നിന്നേക്കാം.
അനുഗ്രഹവശാൽ, ആരംഭത്തിൽ മുതിർന്നവർ പറഞ്ഞതുപോലെ, മിക്ക യുവാക്കളും തങ്ങളുടെ അഭിനിവേശങ്ങളെ എളുപ്പത്തിൽ അതിജീവിച്ചുപോരുന്നു. അങ്ങനെ അല്ലാത്തവരെ ഭാവിയിൽ വരുന്ന ഒരു ലേഖനം സഹായിക്കും. അതുവരെയ്ക്കും, അഭിനിവേശം എന്നത് എന്താണ് എന്ന് തിരിച്ചറിയുക എന്നതാണ് ഏറ്റവും മെച്ചമായ ഉപദേശം—ഒരു കൗമാര മിഥ്യാസങ്കൽപം.
ഒരുപക്ഷെ, ‘സ്നേഹിക്കുകയും നഷ്ടപ്പെടുകയും ചെയ്തിരിക്കു’ന്നതിൽ എന്തെങ്കിലും പ്രയോജനകരമായ മൂല്യം ഉണ്ടായിരിക്കാം. എന്നിരുന്നാലും, നിരാശാജനകമായ ഒരു അനുരാഗാവേശം നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനോ നിങ്ങളുടെ വികാരങ്ങളെ വ്യർത്ഥമാക്കുന്നതിനോ ഒരിക്കലും അനുവദിക്കരുത്. എഴുത്തുകാരൻ ഗിൽ ഷ്വാർട്ട്സ് ഇതെത്ര നിഷ്ഫലമാണെന്ന് അനുസ്മരിക്കുന്നു. “ഞാൻ ജൂഡിയിൽ അർപ്പിച്ച എല്ലാ ആവേശത്തിനും വിചാരത്തിനും പകരം, അവൾ എന്നെക്കുറിച്ച് രണ്ടാമതൊന്ന് ചിന്തിച്ചു കാണില്ല എന്ന് ഞാൻ പന്തയം വെയ്ക്കാം.“ (g87 1/8)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്ക് മാറ്റം വരുത്തിയിട്ടുണ്ട്
[15-ാം പേജിലെ ചിത്രം]
പ്രായക്കൂടുതലുള്ള—ലഭ്യമല്ലാത്ത—വിപരീത ലിംഗത്തിൽപെട്ട അംഗങ്ങളോടുള്ള അഭിനിവേശം സർവ്വസാധാരണമാണ്