ചെറുപ്പക്കാർ ചോദിക്കുന്നു. . .
എനിക്ക് വല്ല കുഴപ്പവും ഉണ്ടോ?
എയ്ഡ്സിന്റെ സത്വരവ്യാപനം ലോകശ്രദ്ധയെ സ്വവർഗ്ഗരതിയുടെ വിഷയത്തിൽ കേന്ദ്രീകരിപ്പിക്കുകയും യുവാക്കളുടെ സ്വന്തം ലൈംഗികതയോടു ബന്ധപ്പെട്ട അനേകം ചോദ്യങ്ങളെയും ഭയങ്ങളെയും വെളിച്ചത്തുവരുത്തുകയും ചെയ്തിരിക്കുന്നു. ഈ ലേഖനം മാന്യവും സഹായകവുമായ ഒരു വിധത്തിൽ ഈ ഭയങ്ങളിൽ ചിലത് കൈകാര്യം ചെയ്യാനുതകുന്നു.
‘ഞാൻ ഒരു പെൺകുട്ടിയാണ്. എന്റെ അദ്ധ്യാപകരിൽ ഒരാളെ സംബന്ധിച്ച് എനിക്ക് ഒരു വിചിത്ര വികാരമുണ്ട്. ഞാൻ അവരുമായി പ്രേമത്തിലോ മറെറാ ആണോയെന്ന് ഭയപ്പെടുന്നു.’ ഒരു 13 വയസ്സുകാരി പെൺകുട്ടിയാണ് ഇങ്ങനെ എഴുതിയത്. അവളുടെ ദുരവസ്ഥ അസാധാരണമല്ല. അഡൊലസെൻസ എന്ന പുസ്തകം സ്വവർഗ്ഗ സംഭോഗത്തിന്റെ വിഷയം “അനേകം യുവാക്കളുടെയിടയിൽ ഗണ്യമായ ഉത്ക്കണ്ഠ ഉണർത്തുന്നു . . . തങ്ങൾതന്നെ സ്വവർഗ്ഗസംഭോഗികളാണൊയെന്ന് സംശയിക്കുന്നത് അസാധാരണമല്ല” എന്ന് പ്രസ്താവിക്കുന്നു.
ഇപ്പോൾ പ്രായപൂർത്തിയായ ഒരു ചെറുപ്പക്കാരനായ അലൻ ഇങ്ങനെ ഓർമ്മിക്കുന്നു: “മാർക്ക് ആയിരുന്നു എന്റെ ആദ്യത്തെ യഥാർത്ഥ സുഹൃത്ത്. ഇതിനുമുമ്പ് ഞാൻ സ്കൂളിലെ വിചിത്രസ്വഭാവിയായിരുന്നു, കലകളിലുള്ള എന്റെ താൽപ്പര്യവും കളികളിലുള്ള താൽപ്പര്യക്കുറവും നിമിത്തം ഞാൻ അവഗണിക്കപ്പെട്ടിരുന്നു. മാർക്കിന്റെ സൗഹൃദം എന്നിൽ ആദരവിന്റെ ഊഷ്മള വികാരങ്ങളെ ഉത്തേജിപ്പിച്ചു. അവനേപ്പോലെയാകാൻ ആഗ്രഹിക്കുകയും അവനോടുകൂടെയായിരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന അർത്ഥത്തിൽ ഞാൻ അവനെ സ്നേഹിച്ചു. എന്നാൽ പെട്ടെന്നുള്ള ഈ ശക്തമായ വികാരങ്ങൾ അന്തർലീനമായിരിക്കുന്ന സ്വവർഗ്ഗസംഭോഗപ്രവണതകളുടെ ഒരു പ്രകടനമായിരിക്കാമൊ എന്നു ഞാൻ വ്യാകുലപ്പെട്ടു.”
അങ്ങനെയുള്ള വികാരങ്ങൾ എവിടെനിന്നാണു വരുന്നത്? അവ അവശ്യം തിൻമയാണൊ?
ഒരേ ലിംഗവർഗ്ഗ അഭിനിവേശങ്ങളുടെ ഉത്ഭവം
മററുള്ളവരോട് അടുപ്പം തോന്നാൻ ആഗ്രഹിക്കുന്നതിൽ തെററില്ല. “ഒരു സഹോദരനെക്കാൾ അടുത്തു പററിനിൽക്കുന്ന ഒരു സുഹൃത്തുണ്ട്” എന്ന് സദൃശവാക്യങ്ങൾ 18:24 പറയുന്നു. അങ്ങനെ സ്വവർഗ്ഗ സംഭോഗ ചായ്വുകളിൽനിന്ന് വിമുക്തമായ നിരവധി അടുത്ത ബന്ധങ്ങൾ ബൈബിളിൽ ദീപ്തിമത്താക്കപ്പെട്ടിട്ടുണ്ട്; ദൃഷ്ടാന്തത്തിന്, യേശുവും അപ്പോസ്തലനായ യോഹന്നാനും; നവോമിയും രൂത്തും; ദാവീദും യോനാഥാനും.—രൂത്ത് 1:16, 17; 1 ശമുവേൽ 18:1; യോഹന്നാൻ 13:23.
എന്നിരുന്നാലും, ഒരേ ലിംഗവർഗ്ഗ അഭിനിവേശങ്ങൾ സാധാരണയായി ഏകപക്ഷീയമായ വെറും മൂഢപ്രേമങ്ങളായതുകൊണ്ട് സൗഹൃദത്തിലൊ ആദരവിലൊ അധിഷ്ഠിതമായ പക്വമായ ബന്ധങ്ങളിൽനിന്ന് അവ വ്യത്യസ്തമാണ്. അഭിനിവേശത്തിന്റെ ലക്ഷ്യം മിക്കപ്പോഴും യഥാർത്ഥത്തിൽ വിഗ്രഹമാക്കപ്പെട്ടേക്കാവുന്ന പ്രായക്കൂടുതലുള്ള ഒരു യുവാവൊ (ഒരദ്ധ്യാപകനെപ്പോലെയുള്ള) മുതിർന്നയാളൊ ആണ്.
അങ്ങനെയുള്ള അഭിനിവേശം അല്പകാലത്തേക്കുള്ള വളർച്ചയുടെ വേദനയിൽ കവിഞ്ഞതൊന്നുമല്ലെന്ന്, “അധികവും സ്വവർഗ്ഗസംഭോഗശീലത്തെക്കാൾ യൗവനപ്രാപ്തിയിലേക്കുള്ള വികസനപ്രക്രിയയുടെ സൂചനയാണെന്ന്,” മിക്ക വിദഗ്ദ്ധരും വിശ്വസിക്കുന്നു. (കാത്ലിൻ മക്കോയ് രചിച്ച കൗമാരപ്രായ വിഷാദത്തെ നേരിടൽ) യുവാക്കൾ താദാത്മ്യത്തിനുവേണ്ടി, അംഗീകാരത്തിനുവേണ്ടി, തേടുകയാണ്. എഴുത്തുകാരനായ സാലി ഹെൽഗെസൻ പ്രസ്താവിക്കുന്നതുപോലെ: “നാം മിക്കപ്പോഴും നാം ആയിത്തീരാൻ ആഗ്രഹിക്കുന്നവരെ പ്രതിനിധാനംചെയ്യുന്നതായി തോന്നുന്ന മൂത്തവരിലേക്ക് [യുവാക്കളിലേക്ക്] തിരിയുന്നു, അവരെ മാതൃകയാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.”
ഒരേ ലിംഗവർഗ്ഗത്തിൽപ്പെട്ട അംഗങ്ങളോടുള്ള മതിമോഹം ഏകാന്തതയും ആത്മാഭിമാനക്കുറവും നിമിത്തവും അല്ലെങ്കിൽ വൈകാരികപിന്തുണയുടെ ആവശ്യം നിമിത്തവും വളർന്നുവന്നേക്കാം. അലാൻ ഇങ്ങനെ ഓർമ്മിക്കുന്നു: “പ്രധാന കാരണം എന്റെ വൈകാരികമായ അസ്ഥിരതയും എന്റെ മാതാപിതാക്കളിൽനിന്നുള്ള സ്വന്തമായ ഒററപ്പെടലുമായിരുന്നു. എനിക്ക് അവരുമായി ആശയവിനിയമം ചെയ്യാൻകഴിയുമെന്നുള്ള വിചാരമില്ലാതെ, ഞാൻ കൂടുതൽ കൂടുതൽ മാർക്കിനെ വിശ്വസിച്ചു.”
“അഭിനിവേശബന്ധങ്ങൾ അപൂർവമായി മാത്രം അടുത്ത സമ്പർക്കത്തിൽ കലാശിക്കുന്നതുകൊണ്ട് അവ ‘സ്വവർഗ്ഗസംഭോഗപര’മാണെന്ന് പരിഗണിക്കരുത്” എന്ന് ഡോ. ക്രീപ്പേ പറയുന്നു. അതുപോലെതന്നെ, അങ്ങനെയുള്ള പെരുമാററം ഒരു മുതിർന്നയാളെന്ന നിലയിൽ ഭാവിയിലെ സ്വവർഗ്ഗസംഭോഗചായ്വിനെ മുൻകൂട്ടിപ്പറയുന്നുമില്ല.” (മാനുഷ ലൈംഗികത സംബന്ധിച്ച വൈദ്യശാസ്ത്രവശങ്ങൾ.) അങ്ങനെ അലാൻ പറയുന്നു: “മാർക്കിനോടുള്ള എന്റെ വികാരങ്ങൾ സംബന്ധിച്ച എന്റെ ഭയങ്ങൾ കുറഞ്ഞു. ഏതായാലും എനിക്ക് വാസ്തവത്തിൽ യാതൊരു കുഴപ്പവുമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു!”
എന്നിരുന്നാലും ഒരേ ലിംഗവർഗ്ഗ അഭിനിവേശങ്ങൾ മിക്കപ്പോഴും വിഷാദവും ദുശ്ശങ്കകളും സ്വന്തമെന്ന വിചാരവും വിഗ്രഹമാക്കപ്പെടുന്ന ആളിനെസംബന്ധിച്ച യഥാർത്ഥ വ്യാമോഹവും ജനിപ്പിക്കുന്നു—തീർച്ചയായും അനാരോഗ്യകരങ്ങളായ വികാരങ്ങൾതന്നെ! നിങ്ങൾക്ക് അങ്ങനെയുള്ള വികാരങ്ങൾ എങ്ങനെ ഒഴിവാക്കാൻ കഴിയും? നിങ്ങൾ വിഗ്രഹമാക്കുന്ന ആളിനെസംബന്ധിച്ച് നിർവികാരമായ, വസ്തുനിഷ്ഠമായ, ഒരു വീക്ഷണം നടത്തുക. അയാൾ അല്ലെങ്കിൽ അവൾ എല്ലാ രീതിയിലുമുള്ള ദൗർബല്യങ്ങൾക്കും വിധേയരായ മനുഷ്യരിൽപെട്ടവരാണെന്നുള്ളത് സത്യമല്ലയോ? (റോമർ 3:23) സന്തോഷകരമെന്നു പറയട്ടെ, കൗമാരപ്രായക്കാർ പക്വതപ്രാപിക്കുകയും തങ്ങളെക്കുറിച്ചുതന്നെ സുരക്ഷിതത്വബോധം തോന്നുകയും ചെയ്യുമ്പോൾ സാധാരണയായി അങ്ങനെയുള്ള അഭിനിവേശങ്ങളെ തരണംചെയ്യുന്നു.
ജാഗ്രതപുലർത്തേണ്ടതിന്റെ ആവശ്യം
എന്നാൽ അഭിനിവേശത്തിൽ കാമവിചാരങ്ങളോ ഒരേ ലിംഗവർഗത്തിൽപെട്ട ഒരാളെക്കുറിച്ചുള്ള സ്വപ്നങ്ങളോ ഉൾപ്പെടുന്നുവെങ്കിലോ? നിങ്ങൾ “നവയൗവന”ത്തിലാണെന്ന് ഓർക്കുക—നിങ്ങൾ പുതിയ മോഹങ്ങൾക്കും വിചാരങ്ങൾക്കും വിധേയരാകുന്ന സമയമാണത്. (1 കൊരിന്ത്യർ 7:36) ഇങ്ങനെയുള്ള പ്രചോദനങ്ങളെ കൈകാര്യംചെയ്യാൻ നിങ്ങൾ പഠിക്കുന്നതുവരെ നിങ്ങൾ ആവശ്യമില്ലാത്ത ലൈംഗികഉത്തേജനത്തിന് വിധേയരായിരിക്കും. നിങ്ങളുടെ ലിംഗവർഗ്ഗത്തിൽപ്പെട്ട ഒരാളുമായി ആകർഷിക്കപ്പെടുന്നത് ക്ലേശകരമായിരിക്കാമെന്നിരിക്കെ, നിങ്ങൾ ഒരു സ്വവർഗ്ഗസംഭോഗിയായിത്തീരുമെന്ന് അതിനർത്ഥമില്ല. മിക്ക യുവജനങ്ങളും അത്തരം വികാരങ്ങളെ തരണംചെയ്യുന്നു.
എന്നാലും, സ്വവർഗ്ഗരതിയുടെ കെണിയിലകപ്പെടുന്നതിനെതിരെ ജാഗ്രതപുലർത്തേണ്ടയാവശ്യമുണ്ട്. 1 കൊരിന്ത്യർ 6:9, 10ൽ ബൈബിൾ ഇങ്ങനെ മുന്നറിയിപ്പുനൽകുന്നു: “ദുർവൃത്തരോ വിഗ്രഹാരാധികളോ വ്യഭിചാരികളോ പ്രകൃതിവിരുദ്ധ ഉദ്ദേശ്യങ്ങൾക്കായി സൂക്ഷിക്കപ്പെടുന്ന പുരുഷൻമാരോ പുരുഷൻമാരോടുകൂടെ ശയിക്കുന്ന പുരുഷൻമാരോ (“സ്വവർഗ്ഗസംഭോഗികളായ വികടൻമാർ,” ററുഡേയസ ഇംഗ്ലീഷ വേർഷൻ) . . . ദൈവരാജ്യം അവകാശമാക്കുകയില്ല.”—ലേവ്യർ 18:22; 20:13; റോമർ 1:26, 27 താരതമ്യപ്പെടുത്തുക.
അധാർമ്മിക ചിന്തകൾ വെച്ചുപുലർത്തുന്ന ഒരു യുവാവ് വിചിത്രഭാവന യാഥാർത്ഥ്യമാക്കുന്നതിന്റെ ഗുരുതരമായ അപകടമുണ്ട്. (യാക്കോബ് 1:14, 15) ഒരേ ലിംഗവർഗ്ഗത്തിൽപെട്ട യുവാക്കളുടെ ഇടയിൽ, വിശേഷിച്ച് കൗമാരപ്രായത്തിനു മുമ്പുള്ളവർ “ലൈംഗികകേളി” നടത്തുന്നത് ഭയജനകമാംവിധം സാധാരണമാണെന്ന് സർവ്വേകൾ വെളിപ്പെടുത്തുന്നു. ഇത് അപൂർവമായേ സ്വവർഗ്ഗസംഭോഗജീവിതത്തിലേക്കു നയിക്കുന്നുള്ളുവെന്നതിനോട് മിക്ക വിദഗ്ദ്ധരും യോജിക്കുന്നുവെന്നതു സത്യംതന്നെ. എന്നിരുന്നാലും, അങ്ങനെയുള്ള “ലൈംഗികകേളി” (ഒരുപക്ഷേ അതിന്റെ ധാർമ്മികസൂചനകളെ യഥാർത്ഥമായി ഗ്രഹിക്കാതെ നടത്തുന്നതാണെങ്കിലും) അശുദ്ധമാണ്, പോർണിയായായിത്തീരാവുന്നതുപോലുമാണ്—മറെറാരാളുമായുള്ള അധാർമ്മിക ലൈംഗിക നടത്തയെ വർണ്ണിക്കാൻ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദമാണത്. (യൂദാ 7) അങ്ങനെയുള്ള നടത്ത യഹോവക്ക് അപ്രീതികരമാണെന്നുമാത്രമല്ല, അതിന് ഒരു യുവാവിനെ സ്വവർഗ്ഗരതിപ്രവർത്തനങ്ങളിലേക്ക് നയിക്കാനും നിലനിൽക്കുന്ന വൈകാരികവടുക്കൾ ശേഷിപ്പിക്കാനും കഴിയും.
അതുകൊണ്ട് ഒരേ ലിംഗവർഗ്ഗത്തിൽപെട്ട മററുള്ളവരെക്കുറിച്ചുള്ള ചിന്തകൾ ഉണ്ടാകുന്നുവെങ്കിൽ നിങ്ങളുടെ മനസ്സുകളെ ‘നീതിനിഷ്ഠവും നിർമ്മലവും പ്രിയങ്കരവുമായ’ കാര്യങ്ങളിൽ വ്യാപരിപ്പിക്കാൻ കഠിനശ്രമംചെയ്യുക. (ഫിലിപ്യർ 4:8) ചില ററി.വി. പ്രദർശനങ്ങളും അശ്ലീലഫിലിമുകളും ഒരുപക്ഷേ ഏതെങ്കിലും ഫാഷ്യനും ലഘുവായി വസ്ത്രംധരിച്ച മോഡലുകളെ വിശേഷവൽക്കരിക്കുന്ന ബോഡിബിൽഡിംഗ് മാസികകളുംപോലെ, അധാർമ്മികമോഹങ്ങൾ ഉണർത്തുന്ന വസ്തുക്കൾ ഒഴിവാക്കുക. ഒരു യുവാവായിരുന്നപ്പോൾ സ്വവർഗ്ഗസംഭോഗഭാവനകളും സ്വപ്നങ്ങളും ബാധിച്ചിരുന്ന ഡേവ് ഇങ്ങനെ സമ്മതിക്കുന്നു: “സ്വയം ഭോഗവും അശ്ലീല ചിത്രവും നേരിട്ട് ഈ സ്വപ്നങ്ങൾക്കു സംഭാവനചെയ്തെന്ന് എനിക്ക് ഉറപ്പുണ്ട്, എന്തുകൊണ്ടെന്നാൽ ഞാൻ കാമവികാരമുണർത്തുന്ന സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും കാണുന്ന കാര്യങ്ങൾ മിക്കപ്പോഴും രാത്രിയിൽ ആവർത്തിക്കുമായിരുന്നു.” ഉചിതമായ കാര്യങ്ങൾകൊണ്ട് അയാളുടെ മനസ്സ് നിറച്ചതിനാൽമാത്രമേ അയാൾക്ക് ഭോഗാസക്തമായ വിചിത്രഭാവനകളെ കുറയ്ക്കാൻ കഴിഞ്ഞുള്ളു.
അതുപോലെതന്നെ ഇപ്പോൾ ഒരു ക്രിസ്തീയമൂപ്പനായിരിക്കുന്ന ജയ്സൻ ചെറുപ്പമായിരുന്നപ്പോൾ സ്വന്തം ലിംഗവർഗ്ഗത്തിൽപെട്ടവരോട് അയാൾക്ക് ഒരു ലൈംഗികാകർഷണംതോന്നി. അദ്ദേഹം ഇങ്ങനെ സമ്മതിക്കുന്നു: “സ്വയം ഭോഗം ഒരേ ലിംഗവർഗ്ഗത്തിൽപെട്ടവരെപ്പററിയുള്ള എന്റെ വിചിത്രഭാവനകളെ ശക്തമാക്കിയെന്ന് ഞാൻ വിചാരിക്കുന്നു. അത് ദിവസവും തികച്ചും അസാൻമാർഗ്ഗികമായ രീതിയിലുള്ള ചിന്ത എന്നിൽ ഉളവാക്കി. ഇത് കൂടുതലായ അശുദ്ധമോഹങ്ങൾക്കുള്ള വാഞ്ഛയെ വർദ്ധിപ്പിച്ചു.” നിങ്ങൾ ‘ദുർവൃത്തിസംബന്ധിച്ച് നിങ്ങളുടെ ശരീരാവയവങ്ങളെ മരിപ്പിക്കേണ്ട’ ആവശ്യമുണ്ട്. (കൊലോസ്യർ 3:5) സ്വയംഭോഗം ദുർമ്മോഹങ്ങളെ പോഷിപ്പിക്കുകമാത്രമെ ചെയ്യുന്നുള്ളു.a
നിങ്ങളുടെ മാതാപിതാക്കളിലോ പക്വതയുള്ള ഒരു ക്രിസ്ത്യാനിയിലോ വിശ്വാസമർപ്പിച്ചുകൊണ്ട് തുറന്നുസംസാരിക്കുന്നതും സഹായകമാണ്. അങ്ങനെയുള്ളവർക്ക് പ്രായോഗികബുദ്ധിയുപദേശം നൽകാനുണ്ടായിരിക്കാം, ഈ വികാരങ്ങളെ തരണംചെയ്യുന്നതിലുള്ള നിങ്ങളുടെ പുരോഗതിയെ നിരീക്ഷിക്കാനും അവർക്കു കഴിയും. ജയ്സൻ ഒരു പക്വതയുള്ള ക്രിസ്ത്യാനിയോടും പിന്നീട് ചില സഭാമൂപ്പൻമാരോടും സംസാരിച്ചു. (സദൃശവാക്യങ്ങൾ 11:14) അയാൾ ഇങ്ങനെ ഓർമ്മിക്കുന്നു: “ഒരേ ആളുകളുമായി എന്റെ സമയം ചെലവഴിക്കാതെ ആണുങ്ങളും പെണ്ണുങ്ങളുമടങ്ങിയ എന്റെ സുഹൃദ്വലയത്തെ, വിപുലപ്പെടുത്താൻ [എന്റെ സുഹൃത്ത്] എന്നോടു പറഞ്ഞു.”
ജയ്സൻ തന്റെ ലൈംഗികവികാരങ്ങളുടെമേൽ നിയന്ത്രണം നേടുന്നതുവരെ കൂടുതലായ ജാഗ്രത ബുദ്ധിപൂർവമായിരിക്കുമെന്ന് തോന്നി. അയാൾ ഇങ്ങനെ ഓർമ്മിക്കുന്നു: “എന്റെ ലിംഗവർഗ്ഗത്തിൽപെട്ടവരും എന്നെ ലൈംഗികമായി ഉണർത്തുന്നതായി കണ്ടെത്തുന്നവരുമായവരോട് പ്രിയം കാണിക്കാതിരിക്കുന്നതിന് ജാഗ്രത പുലർത്താൻ ഞാൻ പഠിക്കേണ്ടിയിരുന്നു. പ്രിയം കാണിക്കുകയെന്നതിനാൽ ഞാൻ അർത്ഥമാക്കുന്നത് ലളിതമായ വിനോദത്തെയും ആശ്ലേഷത്തെയുമാണ്.” അങ്ങനെയുള്ള ആത്മശിക്ഷണം ‘നിങ്ങളുടെ ശരീരത്തോട് പരുഷമായി പെരുമാറിക്കൊണ്ട് അതിനെ ദണ്ഡിപ്പിക്കുകയും അതു ചെയ്യാൻ ആഗ്രഹിക്കുന്നതല്ല അതുചെയ്യേണ്ടത് ചെയ്യാൻ അതിനെ പരിശീലിപ്പിക്കുകയും ചെയ്യുക’ എന്ന അപ്പോസ്തലനായ പൗലോസിന്റെ ഉത്ബോധനത്തോട് യോജിപ്പിലാണ്.—1 കൊരിന്ത്യർ 9:27, ദി ലിവിംഗ് ബൈബിൾ.
കുററവിചാരങ്ങൾ നീക്കുക
ചില യുവജനങ്ങൾ തങ്ങളുടെ മതിമോഹങ്ങൾ തണുത്തശേഷം വളരെക്കാലം കഴിഞ്ഞും കുററവിചാരങ്ങളാലും സംശയങ്ങളാലും ക്ലേശിക്കുന്നു. ചിലർ കൊച്ചുകുട്ടികളായിരുന്നപ്പോൾ സ്വവർഗ്ഗരതി രീതിയിലുള്ള ലൈംഗികകേളിയിൽ അറിയാതെ ഏർപ്പെട്ടതിനെസംബന്ധിച്ച സ്മരണകളാൽ ദണ്ഡിപ്പിക്കപ്പെടുന്നു.
ഒരുവൻ ഒരേ ലിംഗവർഗ്ഗത്തിൽപെട്ടവരോടുള്ള ആകർഷണത്തെ പണ്ടേ തരണംചെയ്തിരിക്കുന്ന സ്ഥിതിക്ക് വിദൂരപൂർവകാലത്തെ സംബന്ധിച്ച് അസ്വസ്ഥനാവുന്നതുകൊണ്ട് ഒന്നും നേടുന്നില്ല.b ഏതായാലും, യഹോവ ‘ഒരു വലിയ വിധത്തിൽ ക്ഷമിക്കയും’ ഒരു കുട്ടിയായിരിക്കുമ്പോഴത്തെ ഒരുവന്റെ ലൈംഗികകാര്യങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം എത്ര പരിമിതമാണെന്ന് പരിഗണിക്കുകയും ചെയ്യുന്നു. (യെശയ്യാവ് 55:7) അങ്ങനെ ‘ദൈവം നമ്മുടെ ഹൃദയങ്ങളെക്കാൾ വലിയവനായിരിക്കുന്നതുകൊണ്ടും സകലവും അറിയുന്നതുകൊണ്ടും നമ്മുടെ ഹൃദയങ്ങൾ നമ്മെ കുററംവിധിക്കുമ്പോഴെല്ലാം ദൈവമുമ്പാകെ നമുക്ക് നമ്മുടെ ഹൃദയങ്ങൾക്ക് ഉറപ്പുകൊടുക്കാൻ കഴിയും.’ (1 യോഹന്നാൻ 3:19, 20) എന്നാലും, കാര്യങ്ങൾ ഒരുവന്റെ മാതാപിതാക്കളോടൊ ക്രിസ്തീയമൂപ്പൻമാരോടോ സംസാരിക്കുന്നത് സഹായകമെന്ന് തെളിഞ്ഞേക്കാം.
ഒരേ ലിംഗവർഗ്ഗത്തിൽപെട്ട ഒരാളോടുള്ള അഭിനിവേശം ബുദ്ധിമുട്ടിപ്പിക്കുന്നതും ക്ലേശകരവുമായ ഒരനുഭവമായിരിക്കാം. എന്നാൽ അത് ഒരു ആജീവനാന്ത വടു അവശേഷിപ്പിക്കേണ്ടതില്ല. അത് ആത്മശിക്ഷണത്താലും യഹോവയാം ദൈവത്തിന്റെ സഹായത്താലും തരണംചെയ്യാൻ കഴിയുന്ന യുവസഹജമായ മറെറാരു പരിശോധനമാത്രമാണ്. (g89 4/8)
[അടിക്കുറിപ്പുകൾ]
a ഉണരുക!യുടെ 1988 ഒക്ടോബർ 8; 1988 ഡിസംബർ 8; 1989 മാർച്ച് 8 എന്നീ ലക്കങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സ്വയംഭോഗത്തെക്കുറിച്ചുള്ള ലേഖനങ്ങൾ കാണുക.
b ഒരേ ലിംഗവർഗ്ഗത്തോടുള്ള ആകർഷണവികാരങ്ങൾ തുടർന്നിരിക്കുന്നുവെങ്കിൽ അല്ലെങ്കിൽ ഒരു ക്രിസ്ത്യാനിയായുള്ള ഒരുവന്റെ സ്നാപനശേഷം ലൈംഗിക ദുർന്നടത്തയുടെ പ്രവൃത്തികൾ സംഭവിച്ചെങ്കിൽ ആ യുവാവ് അല്ലെങ്കിൽ യുവതി ക്രിസ്തീയ മാതാപിതാക്കൻമാരുടെയും സഭാമൂപ്പൻമാരുടെയും സഹായം തേടേണ്ടത് അത്യാവശ്യമാണ്.—യാക്കോബ് 5:14, 15.
[23-ാം പേജിലെ ചിത്രം]
മാതാപിതാക്കളിലൊരാളോടൊ പക്വതയുള്ള ഒരു ക്രിസ്ത്യാനിയോടൊ നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഈ സംഗതിയെ ശരിയായ കാഴ്ചപ്പാടിൽ നിർത്താൻ നിങ്ങളെ സഹായിച്ചേക്കും.