യുവജനങ്ങൾ ചോദിക്കുന്നു. . .
എതിർലിംഗവർഗത്തെക്കുറിച്ചുള്ള ചിന്ത നിർത്താൻ ഇത്ര പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട്?
“ചെറുപ്പമായിരിക്കുമ്പോൾ ലൈംഗികതയെക്കുറിച്ചുള്ള നിങ്ങളുടെ ജിജ്ഞാസ വലിയൊരു കാര്യമാണ്. നിങ്ങൾ കൂടുതൽ സമയവും ലൈംഗികകാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങുന്നു” എന്നു ചെറുപ്പക്കാരിയായ ലോറെയ്ൻ വിശദീകരിച്ചു.
ഉണർന്നിരിക്കുന്ന സമയത്തിന്റെ—അധികഭാഗമല്ലെങ്കിൽ—നല്ലൊരു ഭാഗവും വിപരീതലിംഗവർഗത്തിൽപ്പെട്ടവരെക്കുറിച്ചു ചിന്തിച്ചും സംസാരിച്ചും അല്ലെങ്കിൽ അവരെ നോക്കിയിരുന്നും നിങ്ങൾ ചെലവഴിക്കാറുണ്ടോ? നിങ്ങൾ ഗൃഹപാഠം ചെയ്യാനിരിക്കുന്നു, എന്നാൽ അന്ന് ഉച്ചതിരിഞ്ഞ് നിങ്ങൾ കണ്ട സുന്ദരനായ ഒരു ആൺകുട്ടിയെക്കുറിച്ചോ അഴകുള്ള ഒരു പെൺകുട്ടിയെക്കുറിച്ചോ ഉള്ള ദിവാസ്വപ്നത്തിലേക്കു നിങ്ങൾ വഴുതിവീഴാറുണ്ടോ? സംഭാഷണത്തിനിടെ കടന്നുപോകുന്ന സൗന്ദര്യമുള്ളവരെ നിങ്ങൾ ഒളികണ്ണിട്ടു നോക്കാറുണ്ടോ? വിപരീതലിംഗവർഗത്തിൽപ്പെട്ടവരെക്കുറിച്ചുള്ള ചിന്ത നിർത്താൻ നിങ്ങൾക്കു കഴിയാത്തതു നിമിത്തം വായിക്കാനോ പഠിക്കാനോ ക്രിസ്തീയ യോഗങ്ങളിൽ അല്ലെങ്കിൽ കൺവെൻഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടോ?
അങ്ങനെയെങ്കിൽ ഭ്രാന്തു പിടിക്കുകയാണോ എന്നു നിങ്ങൾ ഭയപ്പെട്ടേക്കാം! ഒരു യുവാവ് ഇപ്രകാരം തുറന്നു പറഞ്ഞു: “എനിക്കു ലൈംഗികഭ്രാന്തോ മറേറാ പിടിപെട്ടിരിക്കയാണെന്നാണു തോന്നുന്നത്. കാരണം ഞാൻ മിക്കവാറുംതന്നെ പെൺകുട്ടികളെക്കുറിച്ചു ചിന്തിക്കുകയും അവരെക്കുറിച്ചു ദിവാസ്വപ്നം കാണുകയും ചെയ്യാറുണ്ട് . . . എനിക്കു കുഴപ്പമൊന്നുമില്ലെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?” എഴുത്തുകാരിയായ ലിൻഡ മഡേറസ് അഭിപ്രായപ്പെടുന്നതുപോലെ, ചെറുപ്പമായിരിക്കുമ്പോൾ “കാമോദ്ദീപകമോ ലൈംഗികമോ ആയ വികാരങ്ങൾ വളരെ ശക്തമായിരിക്കാവുന്നതാണ്. ചിലപ്പോൾ നിങ്ങൾക്കു ചിന്തിക്കാൻ ആകെപ്പാടെ കഴിയുന്ന കാര്യം പ്രേമവും ലൈംഗികതയുമാണെന്നു തോന്നിയേക്കാം!”a
ലൈംഗിക വികാരങ്ങൾ അവയിൽത്തന്നെ ദുഷ്ടമല്ല. പരസ്പരമുള്ള ശക്തമായ ഒരു ആകർഷണത്തോടെയാണ് ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചത്. അവർ വിവാഹം കഴിക്കണമെന്നും നീതിനിഷ്ഠരായ സന്തതികളെ “ഭൂമിയിൽ നിറ”യ്ക്കണമെന്നുമുള്ള അവന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിലായിരുന്നു ഇത്. (ഉല്പത്തി 1:28) വിവാഹിത ദമ്പതികൾക്ക് ലൈംഗികബന്ധങ്ങൾ വലിയ സുഖാനുഭൂതിയുടെ ഒരു ഉറവായിരിക്കാൻ കഴിയുമെന്നു ബൈബിൾ തുറന്നു പറയുകതന്നെ ചെയ്യുന്നുണ്ട്.—സദൃശവാക്യങ്ങൾ 5:19.
എന്നാൽ പ്രശ്നം ഇതാണ്, അപൂർണ മനുഷ്യരെന്ന നിലയിൽ നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുക എന്നതു മിക്കപ്പോഴും പ്രയാസമായിത്തീരുന്നു. (താരതമ്യം ചെയ്യുക: ഉല്പത്തി 6:5.) “ജഡമോഹം” വളരെയധികം ശക്തമാണെന്നു തോന്നാവുന്നതാണ്! (1 യോഹന്നാൻ 2:16) നിങ്ങൾ ചെറുപ്പമായിരിക്കുന്നതുകൊണ്ട് വിപരീതലിംഗവർഗത്തിൽപ്പെട്ടവരെക്കുറിച്ചു ചിന്തിക്കാതിരിക്കുക എന്നതു പ്രത്യേകിച്ചും പ്രയാസമായിരിക്കാം. ഇത് എന്തുകൊണ്ടാണ്?
താരുണ്യത്തിലെ സമ്മർദങ്ങൾ
അതിന്റെ ഒരു കാരണം നിങ്ങൾ “നവയൗവന”ത്തോട് അടുക്കുകയാണ് എന്നതാണ്. (1 കൊരിന്ത്യർ 7:36, NW) ആ സമയത്താണ് ലൈംഗികമോഹങ്ങൾ ഏററവും തീവ്രമായിരിക്കുന്നത്. ഡോ. ബെററി ബി. യങ്സ് ഇങ്ങനെ വിശദമാക്കുന്നു: “താരുണ്യത്തിൽ ഹോർമോണുകളുടെ അളവ് കുതിച്ചുയരുന്നു. ഒരു കുട്ടിയുടെ ശരീരത്തെ മുതിർന്ന വ്യക്തിയുടെ ശരീരമായി രൂപാന്തരപ്പെടുത്തുന്ന എല്ലാ ശാരീരിക മാററങ്ങൾക്കും കാരണം ഇവയാണ്. കൗമാരപ്രായത്തിൽ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന വർധനവ് വൈകാരികവും പെരുമാററസംബന്ധവുമായ അനേകം മാററങ്ങൾ ഉളവാക്കുന്നു.”
എന്തുതരം മാററങ്ങൾ? കൊള്ളാം, മിക്കപ്പോഴും ഏററവും വലിയ മാററങ്ങളിലൊന്ന് വിപരീതലിംഗവർഗത്തിൽപ്പെട്ടവരോടുള്ള ഒരുവന്റെ വികാരങ്ങളിൽ വരുന്ന മാററമാണ്. എഴുത്തുകാരിയായ രൂത്ത് ബെൽ പറയുന്നത് ഇങ്ങനെയാണ്: “താരുണ്യത്തിൽ ശരീരത്തിനുണ്ടാകുന്ന മാററങ്ങൾ മിക്കപ്പോഴും തീവ്രമായ ലൈംഗിക വികാരങ്ങൾക്കു കാരണമാണ്. നിങ്ങൾ ലൈംഗികതയെക്കുറിച്ചു വളരെ ചിന്തിക്കുന്നതായും എളുപ്പം ലൈംഗികമായി ഉത്തേജിതനാകുന്നതായും ചിലപ്പോൾ ലൈംഗിക കാര്യത്തിൽ മനസ്സു വ്യാപൃതമായിരിക്കുന്നതായും മനസ്സിലാക്കിയേക്കാം. [ഞങ്ങൾ അഭിമുഖം നടത്തിയ] അനേകം കൗമാരപ്രായക്കാരും തങ്ങൾ തെരുവിലൂടെ നടന്നുപോകുമ്പോഴോ ബസ്സിലിരിക്കുമ്പോഴോ ലൈംഗികമായ തിരത്തള്ളലാലും ആവേശത്താലും മുഴു ശരീരവും ശരിക്കും പൊള്ളുന്നതുപോലെ തോന്നിയതായി വർണിച്ചു.” എതിർലിംഗവർഗത്തെക്കുറിച്ചുള്ള അത്തരം മാനസിക വ്യാപൃതത്വം യുവജനങ്ങൾ തരണം ചെയ്യേണ്ട “യൌവനമോഹങ്ങ”ളിൽ പെടുന്ന ഒന്നാണ്.—2 തിമൊഥെയൊസ് 2:22.
മാധ്യമങ്ങളുടെയും സ്നേഹിതരുടെയും സ്വാധീനം
എന്നിരുന്നാലും, ഈ വികാരജ്വാലയെ ഊതിക്കത്തിക്കുന്നതു മിക്കപ്പോഴും പുറംസ്വാധീനങ്ങളാണ്. ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, പുസ്തകങ്ങൾ, മാസികകൾ, സംഗീതം, സിനിമകൾ എന്നിവയിലൂടെ ലൈംഗികതയ്ക്ക് ഊന്നൽ നൽകാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്നു തോന്നുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ലൈംഗികമായ ദുർന്നടത്തയിലേക്കു വീണുപോയ ഒരു ക്രിസ്തീയ യുവാവ് ഇപ്രകാരം പറയുന്നു: “സ്കൂളിൽ അശ്ലീല സാഹിത്യം വളരെ സാധാരണമാണ്. അതു ലൈംഗികതയോടുള്ള യഥാർഥമായ ഒരു തൃഷ്ണ വളർത്തിയെടുക്കുന്നു. ശരിയായത് എന്തെന്ന് എനിക്കറിയാമായിരുന്നു, എന്നാൽ എന്റെ ലൈംഗിക വികാരങ്ങൾ തീവ്രമായിരുന്നു.”
അതുകൊണ്ട് മാതാപിതാക്കൾക്കായി രചിക്കപ്പെട്ട ഒരു ഗ്രന്ഥം ഇപ്രകാരം പറയുന്നു: “മാധ്യമങ്ങൾക്ക് ആഴമായ സ്വാധീനമുണ്ട്. തങ്ങളുടെ അതേ പ്രായത്തിലുള്ള യുവമോഡലുകൾ ലൈംഗികതയ്ക്കു പ്രാധാന്യം കൊടുക്കുന്നതായും ലൈംഗികമോഹമുളവാക്കുന്ന വസ്ത്രങ്ങൾ വിൽക്കുന്നതായും നമ്മുടെ കൗമാരപ്രായക്കാർ കാണുന്നു; ചലച്ചിത്രങ്ങളിലും ടെലിവിഷനിലും കൗമാരപ്രായക്കാരുടെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതായി അവർ കാണുന്നു.” വാസ്തവത്തിൽ, കേബിൾ ടെലിവിഷനും വീഡിയോ കാസെററ് റെക്കോർഡറുകളും പച്ചയായ അശ്ലീലതയുടെ ലഭ്യത യുവപ്രായക്കാർക്കു എളുപ്പമാക്കിത്തീർക്കുന്നു. “മാധ്യമങ്ങൾ ഒരു യുവവ്യക്തിയുടെ ജിജ്ഞാസയെയും മോഹങ്ങളെയും ഉണർത്തിവിടുന്നു” എന്ന് ഒരു യുവാവ് സമ്മതിച്ചുപറയുന്നു.
എന്നിരുന്നാലും, ഒരു പുസ്തകം മോശമായിരിക്കുന്നതിന് അതിന്റെ എല്ലാ പേജുകളിലും അശ്ലീലത നിറഞ്ഞിരിക്കേണ്ടതില്ല. ഒരു ക്രിസ്തീയ പെൺകുട്ടിയുടെ അനുഭവം പരിചിന്തിക്കുക. അവൾ ഇപ്രകാരം അനുസ്മരിക്കുന്നു: “ഞാൻ ഏറെക്കുറെ മാന്യമായ ഒരു പുസ്തകം വായിച്ചു, അതിന്റെ ഒന്നോ രണ്ടോ ഖണ്ഡികകളിൽ മാത്രമേ ലൈംഗികതയെക്കുറിച്ചു പരാമർശമുണ്ടായിരുന്നുള്ളൂ. ഞാൻ ആ ഖണ്ഡികകൾ ഒഴിവാക്കി വായിക്കാൻ തുടങ്ങി, എന്നാൽ വീണ്ടും തിരികെവന്ന് അവ വായിക്കാനുള്ള എന്തോ ഒരു പ്രേരണ തോന്നി. അത് എത്ര വലിയ മണ്ടത്തരമായിരുന്നു! അതിന്റെ ഫലമായി ഞാൻ പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ കണ്ടു.”
നിങ്ങളുടെ സ്നേഹിതർക്കും സഹകാരികൾക്കും നിങ്ങളുടെ ചിന്തയുടെമേൽ വലിയൊരു സ്വാധീനം ചെലുത്താനാകും. കൗമാരപ്രായ വളർച്ചയെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു പുസ്തകം ഇങ്ങനെ പറയുന്നു: “തെരുക്കോണുകളിലും സ്കൂൾ ഹാളുകളിലും ഭോജനശാലകളിലും കച്ചവടസ്ഥലങ്ങളിലും മററും നടക്കുന്ന സാധാരണ നേരംപോക്കുകളാണ് പെൺകുട്ടികളെ നോട്ടവും ആൺകുട്ടികളെ നോട്ടവും.” യുവജനങ്ങൾ വിപരീതലിംഗവർഗത്തിൽപ്പെട്ടവരെ നോക്കിനടക്കാത്തപ്പോൾ അവർ മിക്കപ്പോഴും അവരെക്കുറിച്ചു സംസാരിക്കുന്നു. “ഞാൻ കുറേക്കൂടെ ചെറുപ്പമായിരുന്നപ്പോൾ ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള സമ്മർദങ്ങൾ വളരെ വലുതായിരുന്നു . . . വസ്ത്രം മാറുന്ന മുറിയിൽവെച്ച് മിക്കവാറും എല്ലാവരും സംസാരിക്കുന്നത് അതേപ്പററിയാണ്” എന്ന് 18 വയസ്സുകാരനായ റോബർട്ട് സമ്മതിക്കുന്നു. മറെറാരു യുവതി സമ്മതിച്ചുപറയുന്നത് ഇങ്ങനെയാണ്: “സ്കൂൾ കുട്ടികൾക്കിടയിലെ നമ്പർ വൺ സംസാരവിഷയം ലൈംഗികത ആയിരുന്നു, അക്കാരണത്താൽ മിക്കപ്പോഴും അത് ഒരുവന്റെ ചിന്തയുടെമേൽ അടിച്ചേൽപ്പിക്കപ്പെടുന്നു.”
വ്യത്യസ്തനായി നിലകൊള്ളുക ദുഷ്കരമാണ്. നിങ്ങളുടെ തരപ്പടിക്കാർ നിരന്തരം എതിർലിംഗവർഗത്തിൽപ്പെട്ടവരെക്കുറിച്ച്—ഒരുപക്ഷേ തരംതാഴ്ന്നതോ അധാർമികചുവയുള്ളതോ ആയ ഒരു വിധത്തിൽ—സംസാരിക്കുമ്പോൾ അവരോടൊപ്പം ചേരാൻ പ്രലോഭനം തോന്നിയേക്കാം. എന്നാൽ ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷൻമാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.”—സദൃശവാക്യങ്ങൾ 13:20.
സമനിലയുടെ ആവശ്യം
എതിർലിംഗവർഗത്തിൽപ്പെട്ടവരെ നോക്കുന്നതോ അവരെക്കുറിച്ചു സംസാരിക്കാൻ ആഗ്രഹിക്കുന്നതോ തെററാണെന്നാണോ ഇതിന്റെയെല്ലാം അർഥം? അല്ല, ചില സ്ത്രീപുരുഷൻമാർ അഴകുള്ളവരായിരുന്നുവെന്ന വസ്തുത ബൈബിളെഴുത്തുകാർ പോലും രേഖപ്പെടുത്തിയിട്ടുണ്ട്. (താരതമ്യം ചെയ്യുക: 1 ശമൂവേൽ 9:2; എസ്ഥേർ 2:7.) അതുകൊണ്ട്, സുന്ദരിയായ ഒരു സ്ത്രീയെ നോക്കിയെന്ന ഒററക്കാരണത്താൽ യേശു ആരെയും കുററംവിധിച്ചില്ല. എന്നാൽ ഒരു സ്ത്രീയോട് ‘ലൈംഗികാവേശം ഉണ്ടാകാൻ തക്കവണ്ണം അവളെ തുടർച്ചയായി നോക്കിക്കൊണ്ടിരിക്കാതിരിക്കാൻ’ അവൻ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുകതന്നെ ചെയ്തു. (മത്തായി 5:28, NW) സമാനമായ ഒരു വിധത്തിൽ, അന്ധമായ ലൈംഗികാവേശം നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്. 1 തെസ്സലൊനീക്യർ 4:4, 5-ൽ നമ്മോട് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “വിശുദ്ധവും മാന്യവുമായ ഒരു വിധത്തിൽ സ്വന്തം ശരീരത്തെ നിയന്ത്രിക്കാൻ നിങ്ങളിൽ ഓരോരുത്തരും പഠിക്കണം, ദൈവത്തെ അറിയാത്ത പ്രാകൃതരെപ്പോലെ ലൈംഗികാവേശം പൂണ്ട് കാമവികാരത്തിനധീനപ്പെട്ടല്ല.”—ന്യൂ ഇൻറർനാഷണൽ വേർഷൻ.
കാമോദ്ദീപകമായ ചിന്തകൾ ഇടയ്ക്കിടയ്ക്ക് മനസ്സിലേക്കു വന്നേക്കാമെങ്കിൽത്തന്നെയും അവയെക്കുറിച്ചു നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുന്നത് മിക്കവാറും അവയിൽ പൂർണമായി ആമഗ്നനായിത്തീരുന്നതിലേക്കും പിന്നീട് ഗുരുതരമായ പ്രശ്നങ്ങൾ പൊന്തിവരുന്നതിലേക്കും നയിച്ചേക്കാം. സഭാപ്രസംഗി 5:3 [NW] ഇപ്രകാരം പറയുന്നു: “പ്രവർത്തനബാഹുല്യം നിമിത്തം തീർച്ചയായും സ്വപ്നമുണ്ടാകുന്നു.” അതേ, മിക്കപ്പോഴും വ്യക്തിപരമായ മോഹങ്ങളെക്കൊണ്ടു മനസ്സു നിറച്ചിരിക്കുന്ന ഒരുവൻ അനാരോഗ്യകരമായ മിഥ്യാധാരണകളെയും ദിവാസ്വപ്നങ്ങളെയുംb താലോലിച്ചുതുടങ്ങുന്നു.
ഇടയ്ക്കിടയ്ക്ക് കാമോദ്ദീപകമായ ചിന്തകൾ മനസ്സിലേക്കു കടന്നുവരുന്നതു സ്വാഭാവികമാണെങ്കിൽപ്പോലും അവയെക്കുറിച്ചു നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുന്നതു മറെറാരു സംഗതിയാണ്. “രാപകൽ മുഴുവൻ സ്വപ്നജീവിയായി കഴിയുന്നതായി ഒരാൾ ചിലപ്പോൾ കണ്ടെത്തിയേക്കാം. അവ യാഥാർഥ്യത്തെക്കാൾ കൂടുതൽ യഥാർഥമെന്നു തോന്നിയേക്കാം” എന്ന് എഴുത്തുകാരിയായ രൂത്ത് ബെൽ അഭിപ്രായപ്പെടുന്നു. മതിമോഹത്തിന്റെ പിടിയിലകപ്പെട്ട ഒരു പെൺകുട്ടിയുടെ കാര്യം പരിചിന്തിക്കുക. അവൾ ഇപ്രകാരം പറയുന്നു: “എനിക്ക് 12 1⁄2 വയസ്സുണ്ട്, എന്റെ രാജ്യഹാളിൽ വരുന്ന ഒരു ചെറുക്കനോട് എനിക്കു വളരെ തീവ്രമായ വികാരം തോന്നുന്നു. ഡേററിങ്ങിലേർപ്പെടാൻ വേണ്ട പ്രായം എനിക്കില്ലെന്നറിയാം. എന്നാൽ അവനോടുള്ള എന്റെ വികാരങ്ങളെ നിയന്ത്രിക്കുന്നത് എനിക്കു വളരെ പ്രയാസമാണ്.” സമാനമായി, മനസ്സു നിറയെ കാമോദ്ദീപകമോ ലൈംഗികവികാരമുണർത്തുന്നതോ ആയ ചിന്തകളായിരിക്കുമ്പോൾ വായിക്കുകയോ പഠിക്കുകയോ ക്ലാസ്സിൽ ശ്രദ്ധിക്കുകയോ ക്രിസ്തീയ യോഗങ്ങൾക്കു തയ്യാറാവുകയോ ചെയ്യുന്നത് പ്രയാസകരമാണെന്നു ചില യുവജനങ്ങൾ കണ്ടെത്തുന്നു.
ഒരു യുവവ്യക്തി അത്തരം ലൈംഗികോദ്ദീപനത്തെ സ്വയംഭോഗത്തിലൂടെ കുറയ്ക്കാൻ ഒരുമ്പെടുമ്പോൾ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ക്രിസ്ത്യാനികളെ ബൈബിൾ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം [“ലൈംഗിക തൃഷ്ണ,” NW], ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.” (കൊലൊസ്സ്യർ 3:5) ക്രിസ്ത്യാനികൾ ഒഴിവാക്കേണ്ട അശുദ്ധമായ ഒരു ശീലമാണ് സ്വയംഭോഗം. ‘ലൈംഗിക തൃഷ്ണയെ മരിപ്പി’ക്കുന്നതിന് എതിരാണത്. നേരേമറിച്ച്, സ്വയംഭോഗം ലൈംഗിക തൃഷ്ണയെ ഉദ്ദീപിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. സാധാരണമായി, അത്തരം മോഹം യാഥാർഥ്യമായിത്തീരുന്നു. ബൈബിളെഴുത്തുകാരനായ യാക്കോബ് ഇപ്രകാരം വിശദീകരിക്കുന്നു: “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു.”—യാക്കോബ് 1:14, 15.
അപ്പോൾ, എതിർലിംഗവർഗത്തിൽപ്പെട്ടവരെക്കുറിച്ചുള്ള ചിന്ത നിർത്താൻ എന്തിനു നിങ്ങളെ സഹായിക്കാൻ കഴിയും? ഈ പരമ്പരയിലെ അടുത്ത ലേഖനം ദയവായി വായിക്കുക.
[അടിക്കുറിപ്പുകൾ]
a നേരേമറിച്ച് എഴുത്തുകാരനായ ആൽവിൻ റോസൻബോം യുവജനങ്ങളെ ഇങ്ങനെ അനുസ്മരിപ്പിക്കുന്നു: “ലൈംഗിക വികാരങ്ങളും മനോഭാവങ്ങളും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലർക്കു ലൈംഗികമായി യാതൊരു വികാരവും തോന്നാത്തപ്പോൾ മററു ചിലർക്കു ലൈംഗികതയെക്കുറിച്ചുള്ള ചിന്ത നിർത്താൻ കഴിയുന്നില്ല. . . . ഈ രണ്ടുതരം പ്രതികരണങ്ങളും സാധാരണമാണ്.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ഓരോ വ്യക്തിയിലും വ്യത്യസ്തമായ തോതിലാണ് അതു വളർന്നുവരുന്നത്.”
b ഈ പത്രികയുടെ 1993 ജൂലൈ 8, ജൂലൈ 22 എന്നീ [ഇംഗ്ലീഷ്] ലക്കങ്ങളിൽ വന്ന ദിവാസ്വപ്നത്തെക്കുറിച്ചുള്ള ലേഖനങ്ങൾ കാണുക.
[25-ാം പേജിലെ ആകർഷകവാക്യം]
“കാമോദ്ദീപകമോ ലൈംഗികമോ ആയ വികാരങ്ങൾ വളരെ ശക്തമായിരിക്കാവുന്നതാണ്”
[26-ാം പേജിലെ ചിത്രം]
ടിവി പരിപാടികളും മാസികാ പരസ്യങ്ങളും മിക്കപ്പോഴും എതിർലിംഗവർഗത്തിൽപ്പെട്ടവരിൽ അനാരോഗ്യകരമായ ഒരു താത്പര്യം വളർത്തിയെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു