യുവജനങ്ങൾ ചോദിക്കുന്നു. . .
എനിക്ക് എതിർലിംഗവർഗത്തിൽപ്പെട്ടവരെക്കുറിച്ചുള്ള ചിന്ത എങ്ങനെ നിർത്താൻ കഴിയും?
‘ഓരോ ദിവസം കഴിയുന്തോറും ലൈംഗികതയെക്കുറിച്ചുള്ള അസഭ്യമായ സൂചനകളാലും തമാശകളാലും കൗമാരപ്രായക്കാരുടെ ധാർമിക വീര്യത്തെ മാധ്യമങ്ങൾ കാർന്നുതിന്നുകയാണ്; അവരുടെ കാതുകളിൽ ലൈംഗിക വേഴ്ചകളെക്കുറിച്ചുള്ള ആക്രന്ദനങ്ങൾ റോക്ക് സംഗീതരൂപത്തിൽ എത്തുന്നു; ചൂടപ്പംപോലെ വിററഴിയുന്ന പ്രണയനോവലുകൾ ലൈംഗിക യാഥാർഥ്യത്തെ മിഠായിപോലെ വിഴുങ്ങാൻ കഴിയുന്ന മധുരമുള്ള സുന്ദരസങ്കൽപ്പങ്ങളിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നു.’ എഴുത്തുകാരിയായ ലെസ്ലീ ജെയ്ൻ നോൺകിൻ പറഞ്ഞത് അങ്ങനെയാണ്. അതേ, വിപരീതലിംഗവർഗത്തിൽപ്പെട്ടവരെക്കുറിച്ചു ചിന്തിക്കാൻ കൗമാരപ്രായത്തിലുള്ള നിങ്ങളെ മാധ്യമങ്ങളിൽനിന്നുള്ള പ്രോത്സാഹനം വന്നുപൊതിയുകയാണ്.
വിപരീതലിംഗവർഗത്തിൽപ്പെട്ടവരിൽ കുറെയൊക്കെ താത്പര്യം ഉണ്ടായിരിക്കുന്നത് തികച്ചും സാധാരണമാണ്.a കാമോദ്ദീപകമായ ചിന്തകളും ദിവാസ്വപ്നങ്ങളും സങ്കൽപ്പങ്ങളും, നിങ്ങളുടെ ഉറക്കം, പ്രാർഥനകൾ, ഗൃഹപാഠം, ബൈബിൾ വായന, അല്ലെങ്കിൽ ഗൃഹജോലികൾ തുടങ്ങിയ കാര്യങ്ങളെ ബാധിക്കാൻ കഴിയത്തക്കവണ്ണം നിങ്ങളുടെ ചിന്തകളെ ഭരിക്കാൻ തുടങ്ങുന്നെങ്കിൽ കുറെ കാലമായി സ്ഥിതിവിശേഷം അപകടകരമാണ് എന്നതിന്റെ സൂചനയായിരിക്കും അത്. അത്തരം അനാരോഗ്യകരമായ ഒരു ചിന്തയ്ക്ക് തീർച്ചയായും ദുർന്നടത്തയിലേക്കു നയിക്കാൻ കഴിയും.—യാക്കോബ് 1:14, 15.
പെൺകുട്ടികൾ—അല്ലെങ്കിൽ ആൺകുട്ടികൾ—ഉള്ളതായി നിങ്ങൾ പാടേ വിസ്മരിക്കണം എന്നല്ല അതിന്റെ അർഥം. എന്നാൽ സദൃശവാക്യങ്ങൾ 23:12 പറയുന്നതുപോലെ നിങ്ങൾ ‘ഹൃദയത്തെ പ്രബോധനത്തിനു സമർപ്പിക്കേ’ണ്ടതുണ്ട്. ഇക്കാര്യത്തിൽ അത്ര എളുപ്പമുള്ള യാതൊരു പരിഹാരവുമില്ല, നിങ്ങളെ സഹായിക്കുന്നതിന് ഒരു മാന്ത്രിക മരുന്നുമില്ല. എന്നാൽ ശ്രമം ചെലുത്തുന്നപക്ഷം ചിന്തയെ കൂടുതൽ സമനിലയിൽ നിർത്താൻ നിങ്ങൾക്കു കഴിയും. ഇതു ചെയ്യാൻ കഴിയുന്ന ചില പ്രായോഗിക വിധങ്ങൾ നമുക്കു നോക്കാം.
നിങ്ങളുടെ സഹവാസം സൂക്ഷിക്കുക
നിങ്ങളുടെ സഹവാസം എങ്ങനെയുള്ളതാണെന്ന് അടുത്തു വീക്ഷിക്കുക. ഒരു യുവാവ് ഇപ്രകാരം സമ്മതിച്ചുപറയുന്നു: “ഭക്ഷണം കഴിക്കാൻ പുറത്തു പോകുന്നതുപോലെ സാധാരണമാണെന്നു തോന്നിക്കുംവിധം ചുററുപാടുമുള്ള എല്ലാവരും ലൈംഗിക അധാർമികതയെക്കുറിച്ചു സംസാരിക്കുന്നു.” അത്തരം സംസാരം നിരന്തരം കേട്ടാൽ അതിനു നിങ്ങളെ ബാധിക്കാൻ കഴിയുമോ? നിസ്സംശയമായും. യുവജനങ്ങളെക്കുറിച്ചു നടത്തിയ ഒരു സർവേ പറയുന്നതനുസരിച്ച്, “സമപ്രായക്കാരെപ്പോലെ ആയിരിക്കുന്നത് (അല്ലെങ്കിൽ ആയിരിക്കാത്തത്) ലൈംഗികത സംബന്ധിച്ച അവരുടെ മനോഭാവത്തെ ഭരിക്കുന്നു” എന്ന് നാലിൽ മൂന്നുഭാഗം പേർ സമ്മതിച്ചു.
നിങ്ങളുടെ സ്നേഹിതർ എങ്ങനെയുള്ളവരാണ്? സംഭാഷണം നടത്തുന്ന ഓരോ തവണയും വിപരീതലിംഗവർഗത്തിൽപ്പെട്ട ആരെയെങ്കിലും കുറിച്ച് ആവേശത്തോടെ സംസാരിക്കാൻ പ്രവണത കാട്ടുന്നുണ്ടോ? അത്തരം സംഭാഷണം നിയന്ത്രണം വിട്ട് ലൈംഗികമായി വൃത്തികെട്ടതോ ദുരർഥങ്ങൾ ഉള്ളതോ ആയിമാറാറുണ്ടോ? അങ്ങനെയെങ്കിൽ അത്തരം സംഭാഷണത്തിൽ കൂട്ടുചേരുന്നത്—അല്ലെങ്കിൽ കേവലം ശ്രദ്ധിക്കുന്നത്—നിർമലമായ കാര്യങ്ങളിൽ നിങ്ങളുടെ മനസ്സിനെ കേന്ദ്രീകരിക്കുന്നത് വിഷമമുള്ളതാക്കിത്തീർക്കും. ബൈബിൾ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: “കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.”—കൊലൊസ്സ്യർ 3:8.
എന്നിരുന്നാലും, നിങ്ങളുടെ സുഹൃത്തുക്കൾക്കു ബൈബിൾ തത്ത്വങ്ങളോട് വിലമതിപ്പില്ലെങ്കിൽ ഈ ബുദ്ധ്യുപദേശം ബാധകമാക്കുക ദുഷ്കരമായിരിക്കും; ക്രമേണ അവരുടെ മനോഭാവങ്ങൾ നിങ്ങളെ സ്വാധീനിക്കുമെന്നതിന് സംശയമില്ല. (സദൃശവാക്യങ്ങൾ 13:20) ഒരു ക്രിസ്തീയ പെൺകുട്ടിയുടെ അനുഭവം പരിചിന്തിക്കുക. അവൾ ഇങ്ങനെ പറഞ്ഞു: “ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരുവളാണെന്ന് സ്കൂളിലെ കുട്ടികളോടു പറയാൻ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് അവർ എല്ലായ്പോഴും ലൈംഗികതയെക്കുറിച്ച് നിയന്ത്രണമില്ലാതെ എന്നോട് സംസാരിച്ചു.” ഏറെത്താമസിയാതെ അവൾ ലൈംഗിക ദുർമാർഗത്തിൽ ഏർപ്പെടുകയും ഗർഭിണിയായിത്തീരുകയും ചെയ്തു. അതുകൊണ്ട് സദൃശവാക്യങ്ങൾ 9:6 ജ്ഞാനപൂർവം ഉദ്ബോധിപ്പിക്കുന്നു: “അജ്ഞാനികളുടെ സഖിത്വം വിട്ട് ജീവിക്കുക. പരിജ്ഞാനത്തിന്റെ മാർഗം പിന്തുടരുക.” (ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) ക്രിസ്തീയ ധാർമിക മൂല്യങ്ങളും നിലവാരങ്ങളും പങ്കുവയ്ക്കുന്ന സുഹൃത്തുക്കളോടൊത്തു സഹവസിക്കുക. അവർ നിങ്ങളെ ആത്മീയമായി കെട്ടുപണി ചെയ്യും—തകർക്കുകയില്ല.
തീർച്ചയായും, പൊതുവേ ദൈവികമായ ഒരു മനോഭാവം പ്രകടമാക്കുന്ന യുവക്രിസ്ത്യാനികൾ പോലും ഇടയ്ക്കിടയ്ക്ക് ‘വാക്കിൽ തെററി’പ്പോകുന്നു. (യാക്കോബ് 3:2) അതു സംഭവിക്കുകയും ഒരു സംഭാഷണം തെററായ ഗതിയിൽ പോകാൻ തുടങ്ങുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? രാജാവായ ശലോമോന് ഒരു യുവ ആട്ടിടയത്തി പെൺകുട്ടിയോട് പ്രേമം തോന്നിയതായി ബൈബിൾ നമ്മോടു പറയുന്നു. എന്നാൽ അവൾ തിരിച്ചു പ്രേമിച്ചില്ല. ചെറുപ്പക്കാരായ ചില സുഹൃത്തുക്കൾ ശലോമോനോടുള്ള അവളുടെ വികാരങ്ങളെ ഉണർത്താൻ ശ്രമിച്ചപ്പോൾ പ്രേമപൂർവകമായ ആ സംഭാഷണത്തിനു വഴങ്ങിക്കൊടുക്കാൻ അവൾ അനുവദിച്ചില്ല. അവൾ ഇങ്ങനെ തുറന്നുപറഞ്ഞു: “പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു, ഉണർത്തുകയുമരുതു.” (ഉത്തമഗീതം 2:7) സമാനമായ വിധത്തിൽ, സംഭാഷണം നിയന്ത്രണം വിടുമ്പോൾ നിങ്ങൾ തുറന്നു പറയേണ്ടതുണ്ടായിരിക്കാം. നിങ്ങൾ കൂട്ടുകാരോട് ഒരു പ്രസംഗം നടത്തേണ്ട ആവശ്യമില്ല. പിന്നെയോ നിങ്ങൾക്കു വിഷയം മാററാം, സംഭാഷണത്തെ ഏറെ ആരോഗ്യാവഹമായ ഒരു വിധത്തിൽ തിരിച്ചുവിട്ടുകൊണ്ട്.
വിനോദം—തിരഞ്ഞെടുപ്പിന്റെ ആവശ്യകത
പരിഗണനാർഹമായ മറെറാരു മണ്ഡലം വിനോദരംഗമാണ്. ഏററവും പുതിയ സിനിമയോ വീഡിയോയോ കോംപാക്ററ് ഡിസ്കോ ഒക്കെ ആകർഷകമായി തോന്നിയേക്കാം. എന്നാൽ ബൈബിൾ നമ്മെ ഇപ്രകാരം അനുസ്മരിപ്പിക്കുന്നു: “ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.” (1 യോഹന്നാൻ 2:16) തുടക്കത്തിൽ പരാമർശിച്ചതുപോലെ, ഇന്നത്തെ വിനോദങ്ങളിലധികവും ലൈംഗിക വികാരങ്ങൾ ഉണർത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. ഉദാഹരണത്തിന്, ജനപ്രീതിയുള്ള ഗാനങ്ങളും സിനിമകളും ലൈംഗികതയെ തുറന്നടിച്ചു കാണിക്കുന്നതും—മിക്കപ്പോഴും അശ്ലീലച്ചുവയുള്ളതും—ആയിത്തീർന്നിട്ടുണ്ട്.
അത്തരം വിനോദരൂപങ്ങൾ നിങ്ങൾ കാണുന്നെങ്കിൽ അതു നിങ്ങളെ എങ്ങനെ ബാധിച്ചേക്കാം? എഴുത്തുകാരനായ ജോൺ ലാൻഗോൺ ഇപ്രകാരം പറയുന്നു: “കാമോദ്ദീപകമായ വിഷയങ്ങൾ കാണുമ്പോൾ ലൈംഗികതയെക്കുറിച്ചു സംസാരിക്കാൻ നാം കൂടുതൽ പ്രവണത കാണിക്കുന്നു എന്ന് . . . ഗവേഷണങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. ചിലപ്പോൾ ഇതു നാം സാധാരണഗതിയിൽ ചെയ്തുനോക്കാത്ത കാര്യങ്ങൾ ഒന്നു പരീക്ഷിച്ചുനോക്കാൻ നമ്മെ പ്രേരിപ്പിച്ചേക്കാം.” ‘ജഡത്തിനുള്ളതിനെക്കുറിച്ചു ചിന്തിച്ചാൽ’ അതു നിങ്ങൾക്കു ഹാനി വരുത്തുകയേയുള്ളൂ. (റോമർ 8:5) സ്നേഹവും ലൈംഗികതയും സംബന്ധിച്ച നിങ്ങളുടെ വീക്ഷണത്തെ അതു വികലമാക്കുകയും അശുദ്ധമായ സങ്കൽപ്പങ്ങൾക്കൊണ്ട് നിങ്ങളുടെ മനസ്സിനെ നിറയ്ക്കുകയും ചെയ്യും. എന്നാൽ ബൈബിളിന്റെ ബുദ്ധ്യുപദേശം എന്താണ്? “ജഡത്തിലെയും ആത്മാവിലെയും സകല കൻമഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.” (2 കൊരിന്ത്യർ 7:1) അതുകൊണ്ട് കാമോദ്ദീപകമായ മോഹത്തെ ഊട്ടിവളർത്തുന്ന ചലച്ചിത്രങ്ങളും വീഡിയോകളും ഡിസ്കുകളും ഒഴിവാക്കുക.
ഒരു അവിവാഹിത ക്രിസ്ത്യാനി ഒരിക്കൽ പ്രായോഗികമായ ഈ ബുദ്ധ്യുപദേശം നൽകി: “ഉറങ്ങാൻ പോകുന്നതിനു മുമ്പ് അനാരോഗ്യകരമായ കാര്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചുവിടരുത്. ടിവിയിലെ അനേകം പാതിരാപരിപാടികളും ലൈംഗികധ്വനിയുള്ളതാണ്.” അനവധി പുസ്തകങ്ങളും അങ്ങനെതന്നെ. ഷെറി എന്നു പേരുള്ള ഒരു യുവക്രിസ്ത്യാനി ഇപ്രകാരം തുറന്നു പറയുന്നു: “ഞാൻ പ്രേമനോവലുകൾ വായിച്ചിരുന്നു. ലൈംഗികവേഴ്ചയെക്കുറിച്ച് ഞാൻ ദിവാസ്വപ്നം കാണുമായിരുന്നു, ഉൻമാദമായ ജീവിതത്തെക്കുറിച്ചും ഒന്നിലധികം ലൈംഗിക പങ്കാളികളുമായി മേളിക്കുന്നതിനെക്കുറിച്ചും ഞാൻ സ്വപ്നം കാണുമായിരുന്നു.” അവളുടെ മനസ്സുനിറയെ കാമോദ്ദീപകമായ സങ്കൽപ്പങ്ങളായിരുന്നു. അവൾ വളരെയെളുപ്പം ഒരു ചെറുപ്പക്കാരനുമായി ആലിംഗനത്തിലും കെട്ടിപ്പിടുത്തത്തിലും ഏർപ്പെട്ടു. അതുപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും, ആരോഗ്യാവഹമായ വിവരങ്ങൾ—ഈ മാസികയും ഇതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരവും പോലുള്ളവ—വായിക്കുകയാണെങ്കിൽ. അത്തരം വായന വീഴ്ചഭവിച്ച ജഡത്തെക്കുറിച്ചു ചിന്തിക്കുന്നതിനു പകരം ‘ആത്മാവിനുള്ളതു ചിന്തിക്കാൻ’ അനേകം യുവജനങ്ങളെ സഹായിച്ചിട്ടുണ്ട്.—റോമർ 8:5.
ആ സങ്കൽപ്പങ്ങളെ വിട്ടുകളയുക!
ചിലപ്പോൾ വിപരീതലിംഗവർഗത്തിൽപ്പെട്ടവരെക്കുറിച്ചുള്ള ചിന്തകൾ യാതൊരു മുന്നറിയിപ്പും കൂടാതെ നിങ്ങളുടെ മനസ്സിലേക്കു കടന്നുവന്നേക്കാം. 17 വയസ്സുള്ള സ്കോട്ട് ഇപ്രകാരം സമ്മതിച്ചുപറയുന്നു: “ലൈംഗികതയെക്കുറിച്ചു ചിന്തിക്കാതിരിക്കുന്നതു വളരെ പ്രയാസകരമായ ചില സമയങ്ങളുണ്ട്.” അല്ലെങ്കിൽ ഒരുപക്ഷേ കാണാൻ കൊള്ളാവുന്ന ഒരു ആൺകുട്ടിയെയോ പെൺകുട്ടിയെയോ നിങ്ങൾ കേവലം കണ്ടേക്കാം. നിങ്ങൾ തിരിച്ചറിയുന്നതിനു മുമ്പുതന്നെ അവനെക്കുറിച്ച് അല്ലെങ്കിൽ അവളെക്കുറിച്ചു നിങ്ങൾ ചിന്തിച്ചുതുടങ്ങുന്നു. സൗന്ദര്യമുള്ള ആരെയെങ്കിലും നിരീക്ഷിക്കുന്നത് ഒരു സംഗതി. എന്നാൽ ‘ഒരു സ്ത്രീയോടു ലൈംഗികമോഹം ഉണ്ടാകത്തക്കവണ്ണം അവളെ തുടർച്ചയായി നോക്കിക്കൊണ്ടിരിക്കുന്നത്’ മറെറാരു സംഗതി, അതിനെതിരെയാണു യേശു മുന്നറിയിപ്പു നൽകിയത്. (മത്തായി 5:28, NW; താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 6:25.) നിങ്ങൾക്കു വിവാഹം കഴിക്കാൻ പ്രായമായില്ലെങ്കിൽ വ്യാമോഹിപ്പിക്കുന്ന കാമോദ്ദീപക സങ്കൽപ്പങ്ങളിൽ മുഴുകരുത്, അങ്ങനെ ചെയ്താൽ അതു നിങ്ങളെ വിഷാദമഗ്നനും നിരുത്സാഹിതനും ആക്കുക മാത്രമേ ചെയ്യുകയുള്ളൂ.—താരതമ്യം ചെയ്യുക: സദൃശവാക്യങ്ങൾ 13:12.
സ്കോട്ട് ഇപ്രകാരം പറയുന്നു: “എന്നെ സഹായിക്കുന്നത് വിഷയം മാററലാണ്—ഉൻമാദാവസ്ഥ തോന്നാൻ ഇടയാക്കുന്ന ചിന്തകളിൽനിന്നു മനസ്സിനെ തിരിച്ചുവിടുക എന്നത്. ക്രമേണ വികാരങ്ങളും ഉത്തേജനങ്ങളും കെട്ടടങ്ങുമെന്ന് ഞാൻ എന്നെത്തന്നെ ഓർമിപ്പിക്കും.” (താരതമ്യം ചെയ്യുക: ഫിലിപ്പിയർ 4:8.) അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞു: “ഞാൻ . . . എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.” (1 കൊരിന്ത്യർ 9:27) സമാനമായി, വിപരീതലിംഗവർഗത്തിൽപ്പെട്ടവരെക്കുറിച്ചുള്ള ചിന്തകൾ വേരുപിടിക്കാൻ തുടങ്ങുമ്പോൾ നിങ്ങളോടുതന്നെ കർക്കശമനോഭാവം പുലർത്തേണ്ടതുണ്ടായിരിക്കാം. അത്തരം ചിന്തകൾ തുടർന്നും മനസ്സിലേക്കു വരുന്നെങ്കിൽ, എന്തെങ്കിലും ശാരീരിക വ്യായാമം ചെയ്തുനോക്കുക. “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ.” വേഗത്തിലുള്ള നടത്തമോ കുറെ സമയത്തേക്കുള്ള വ്യായാമമോ നിങ്ങളുടെ മനസ്സിനെ സാധാരണ അവസ്ഥയിലേക്കു കൊണ്ടുവരാൻ സഹായിച്ചേക്കാം.—1 തിമൊഥെയൊസ് 4:8.
“കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാൻ” ഉണ്ടായിരിക്കുന്നത് വിശേഷാൽ സഹായകമാണെന്ന് അനേകം യുവജനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. (1 കൊരിന്ത്യർ 15:58, NW) യുവതിയായ ഡെബ്ര അതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ക്ഷീണിച്ചുവശാകുന്നതുവരെ തിരക്കുള്ളവരായി കഴിയുക എന്നതാണ് പരിഹാരമെന്നു ഞാൻ മനസ്സിലാക്കുന്നു.” ക്രിസ്തീയ സഭയോടൊത്തും അതിന്റെ എല്ലാ പ്രവർത്തനങ്ങളിലും മുഴുകിയിരിക്കുന്നത് നിങ്ങളുടെ ചിന്തയെ സമനിലയിൽ നിർത്താൻ സഹായിക്കും.
ശ്രമം നടത്തിനോക്കുക. എന്നിട്ടും വിപരീതലിംഗവർഗത്തിൽപ്പെട്ടവരെക്കുറിച്ചുള്ള ചിന്ത നിർത്താൻ ചിലപ്പോൾ പ്രയാസകരമായിരിക്കാം. അങ്ങനെയെങ്കിൽ പ്രായമുള്ള ആരുടെയെങ്കിലും സഹായം തേടുക. ഒരുപക്ഷേ മാതാപിതാക്കളിൽ ഒരാളോട് നിങ്ങൾക്ക് ഈ വിഷയത്തെക്കുറിച്ചു സംസാരിക്കാൻ കഴിയും. യുവാവായ കാൾ പറഞ്ഞതു പരിചിന്തിക്കുക: “പ്രായക്കൂടുതലും അനുഭവപരിചയവുമുള്ള ആരോടെങ്കിലും തുറന്നു സംസാരിക്കുന്നത് എന്നെ സഹായിച്ചിട്ടുണ്ട്. സംഭാഷണം എത്രത്തോളം തുറന്നതായിരിക്കുന്നുവോ മെച്ചവും അത്ര കൂടുതലായിരിക്കും.” സർവോപരി, നിങ്ങളുടെ സ്വർഗീയ പിതാവിൽനിന്നു ലഭിക്കാൻ കഴിയുന്ന സഹായത്തെ തള്ളിക്കളയരുത്. “ലൈംഗിക തിരത്തള്ളൽ ഉണ്ടാകുന്നതായി തോന്നുമ്പോൾ ഞാൻ കണിശമായും പ്രാർഥിക്കുന്നു” എന്ന് ഏകാകിയായ ഒരു ക്രിസ്തീയ പുരുഷൻ പറയുന്നു. “കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക” എന്നു ബൈബിൾ പറയുന്നു. (എബ്രായർ 4:16) ഇല്ല, എതിർലിംഗവർഗത്തിൽപ്പെട്ടവരിലുള്ള നിങ്ങളുടെ താത്പര്യത്തെ ദൈവം നീക്കം ചെയ്യുകയില്ല. എന്നാൽ അവന്റെ സഹായത്തോടെ, ചിന്തിക്കുന്നതിന് മററനവധി കാര്യങ്ങൾ ഉണ്ടെന്നു നിങ്ങൾക്കു കണ്ടെത്താനാകും.
[അടിക്കുറിപ്പുകൾ]
a ഞങ്ങളുടെ 1994 ജൂലൈ 22 ലക്കത്തിൽ വന്ന “യുവജനങ്ങൾ ചോദിക്കുന്നു . . . എതിർലിംഗവർഗത്തിൽപ്പെട്ടവരെക്കുറിച്ചുള്ള ചിന്ത നിർത്താൻ ഇത്ര പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
[17-ാം പേജിലെ ചിത്രം]
എതിർലിംഗവർഗത്തിൽപ്പെട്ടവരെക്കുറിച്ചുള്ള സംസാരം നിയന്ത്രണം വിട്ടുപോകുന്നെങ്കിൽ വിഷയം മാററാനുള്ള ധൈര്യമുണ്ടായിരിക്കുക