യുവജനങ്ങൾ ചോദിക്കുന്നു. . .
സ്വവർഗസംഭോഗം—അത് അത്രയ്ക്കു മോശമാണോ?
“ഞാനൊരു കുട്ടിയായിരുന്നപ്പോൾ മുതൽത്തന്നെ, സ്വവർഗസംഭോഗത്തിലേർപ്പെടാനുള്ള ആഗ്രഹങ്ങൾ എനിക്കുണ്ടായിരുന്നു. അവയെക്കുറിച്ച് എനിക്കു നല്ല ഗ്രാഹ്യമില്ലാഞ്ഞതുകൊണ്ടു ഞാൻ മുൻകരുതലുകളൊന്നും എടുത്തുമില്ല. എന്റെ ഒരു സ്നേഹിതനുമായി വളരെ മോശമായ ഒരു സംഗതി ചെയ്യുന്നതിലേക്ക് ഇതു നയിച്ചു. എനിക്കു ഭയങ്കരമായ കുററബോധമുണ്ടായി, യഹോവ എന്നോട് ഒരിക്കലും ക്ഷമിക്കുകയില്ലെന്നു ഞാൻ വിചാരിക്കുകയും ചെയ്തു.”
“ടിവി നമ്മുടെ കുട്ടികൾക്കു സ്വവർഗസംഭോഗം വിൽക്കാൻ ശ്രമിക്കുന്നു.” പല പത്രങ്ങളിലായി എഴുതുന്ന ഒരു കോളമെഴുത്തുകാരന്റെ ഒരു ലേഖനശീർഷകമായിരുന്നു അത്. ആ എഴുത്തുകാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “സ്വവർഗസംഭോഗ ജീവിതരീതിയെ അനുകൂലിച്ചുകൊണ്ടു കാണിക്കുന്ന അനേകം [അത്യധികം] ടിവി പരിപാടികൾക്കു വിധേയരാണു ടെലിവിഷൻ കാണുന്നവർ.” എന്നാൽ, യുവജനങ്ങളുടെ ഇടയിൽ സ്വവർഗസംഭോഗത്തെ പ്രോത്സാഹിപ്പിക്കാൻ ഇക്കാലത്ത് ഉപയോഗിക്കുന്ന അനേകം മാർഗങ്ങളിൽ കേവലം ഒന്നു മാത്രമാണു ടിവി. സ്വവർഗസംഭോഗത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രചാരണത്തെ അധ്യാപകരും തരപ്പടിക്കാരും ചലച്ചിത്രങ്ങളും പുസ്തകങ്ങളും മാസികകളും പ്രോത്സാഹിപ്പിക്കുകയാണ്.
വൈദ്യശാസ്ത്രവിഭാഗവും ഇപ്പോൾ ആ തേരിലേറിയിരിക്കുന്നു. പരമ്പരാഗതമായി, ഡോക്ടർമാർ സ്വവർഗസംഭോഗത്തെ ഒരു രോഗമായാണു കണ്ടിരുന്നത്. എന്നാൽ, സ്വവർഗസംഭോഗം മേലാൽ ഒരു മാനസിക വൈകല്യമായി കണക്കാക്കുകയില്ലെന്ന് അമേരിക്കൻ സൈക്കിയാട്രിക് അസ്സോസ്സിയേഷൻ 1973-ൽ പ്രഖ്യാപിക്കുകയുണ്ടായി. അന്നുമുതൽ വൈദ്യശാസ്ത്രരംഗത്തുള്ള പലരും സ്വവർഗസംഭോഗ ജീവിതരീതിക്കു തങ്ങളുടെ അംഗീകാരമുദ്ര നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, മനശ്ശാസ്ത്രചികിത്സകനായ ആൽബെർട്ട് എലിസ് “സ്വവർഗസംഭോഗ ബന്ധങ്ങൾ അധമമേയല്ല, പിന്നെയോ ആരോഗ്യപരമായ മാനുഷ ലൈംഗിക പെരുമാററം ഉൾപ്പെടുന്നതാണ്. . . . നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ അവ ആസ്വദിക്കുക, അവ ‘തെററാ’ണെന്നോ ‘മോശമാണെ’ന്നോ നിങ്ങളെ വിശ്വസിപ്പിക്കാൻ പ്രചരണം നടത്താൻ ആരെയും അനുവദിക്കരുത്” എന്നു പ്രഖ്യാപിക്കുകയുണ്ടായി.
അത്തരം വീക്ഷണങ്ങൾ ന്യൂസ്വീക്ക് മാഗസിൻ ഇങ്ങനെ പറയത്തക്കവണ്ണം വളരെ വ്യാപകമാണ്: “മാധ്യമ പ്രതിബിംബങ്ങളാലും സ്വീകാര്യതയുടെ ഒരു പുതിയ മനോഭാവത്താലും പ്രചോദിപ്പിക്കപ്പെട്ട് കൗമാരപ്രായക്കാർ സ്വവർഗസംഭോഗവും ദ്വിലൈംഗികതയുമായി പരീക്ഷണം നടത്തുകയാണ്.” എന്നാൽ കഴിഞ്ഞ കാലങ്ങളിൽ കൗമാരപ്രായക്കാർ ഒരേ ലിംഗ ലൈംഗികബന്ധങ്ങളെ ശക്തമായി എതിർത്തിരുന്നുവെന്നിരിക്കെ, അതു “ഫാഷനാണെന്നു” വീക്ഷിക്കുന്ന യുവജനങ്ങളുടെ എണ്ണം ഇന്നു വർധിച്ചുവരുന്നത് അതിശയോക്തിയല്ല. സ്വവർഗസംഭോഗ നടപടികളിൽ ഏർപ്പെടാത്ത യുവാക്കൾ പോലും മററുള്ളവർ അങ്ങനെ ചെയ്യുന്നതിനു മൗനാനുവാദം കൊടുത്തിട്ടുണ്ട്. “താനൊരു സ്വവർഗസംഭോഗിയാണെന്ന് ഒരു സുഹൃത്ത് എന്നോടു പറയുകയാണെങ്കിൽപോലും ഞാൻ അപ്പോഴും അവന്റെ സുഹൃത്തായിരിക്കും,” ഡാരെൻ എന്നു പേരുള്ള ഒരു യുവാവ് പറയുന്നു. മേലാൽ തന്നെ സാധാരണ സ്വഭാവമുള്ളവനായി കണക്കാക്കാതിരുന്നേക്കാമെന്ന് ഒരു യുവ കോളെജ് വിദ്യാർഥി ഉത്കണ്ഠ പ്രകടമാക്കുകയുണ്ടായി. കാരണം അവൻ “മാത്രമേ പെൺകുട്ടികളെ ഇഷ്ടപ്പെടുന്നുള്ളൂ”!
അതുകൊണ്ട് ഇന്നത്തെ സ്വതന്ത്രാത്മക ചുററുപാടു ക്രിസ്തീയ യുവാക്കൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായിരിക്കാൻ കഴിയും—പ്രത്യേകിച്ചും ഏതെങ്കിലും ഒരു കാരണത്താൽ ഒരേ ലിംഗവർഗത്തിൽ പെട്ടവരോടു ലൈംഗിക ആകർഷണം തോന്നുന്നവർക്ക്.a സ്വവർഗസംഭോഗം ദൈവത്തെ അപ്രീതിപ്പെടുത്തുന്നുവെന്ന് അവർക്കറിയാം, അത് ഒഴിവാക്കാൻ അവർ ആത്മാർഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ചില സമയങ്ങളിൽ തങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാനുള്ള പോരാട്ടം ക്ഷീണിപ്പിക്കുന്നതായിരിക്കാം, അതുകൊണ്ടു ബൈബിളിന്റെ നിലപാട് നല്ലതോ ന്യായയുക്തമോ ആണോയെന്ന് അവർ സംശയിച്ചു തുടങ്ങുകയും ചെയ്തേക്കാം. ‘സ്വവർഗസംഭോഗം അത്രയ്ക്കു മോശമാണോ?’ അവർ സംശയിച്ചേക്കാം.
ദൈവവചനം പറയുന്ന കാര്യം
അതിന്റെ ഉത്തരമായി നിങ്ങൾത്തന്നെ അപ്പോസ്തലനായ പൗലോസ് 1 കൊരിന്ത്യർ 6:9, 10-ൽ പറഞ്ഞിരിക്കുന്നതു വായിക്കുക: “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ [“പുരുഷ വേശ്യകൾ,” ന്യൂ ഇൻറർനാഷണൽ വേർഷൻ; “സ്ത്രൈണസ്വഭാവം കാട്ടുന്നവർ,” ജയിംസ് രാജാവിന്റെ ഭാഷാന്തരം], പുരുഷകാമികൾ [“സോദോമ്യർ,” ജറൂസലേം ബൈബിൾ; “സ്വവർഗഭോഗ വികടൻമാർ,” ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ], കള്ളൻമാർ, അത്യാഗ്രഹികൾ, മദ്യപൻമാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” തെളിവനുസരിച്ച്, തങ്ങളുടെ അധാർമിക ബന്ധങ്ങളിൽ കേവലമായ ഒരു ലൈംഗിക പങ്കു വഹിക്കുന്നവരെയും സജീവമായ “പുരുഷ” ധർമം വഹിക്കുന്നവരെയും പൗലോസ് പ്രത്യേകം പ്രത്യേകം പരാമർശിച്ചതായി ശ്രദ്ധിക്കുക. അങ്ങനെ ദൈവം എല്ലാ സ്വവർഗസംഭോഗപരമായ പ്രവർത്തനങ്ങളെയും വെറുക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
റോമർ 1:18-27-ലെ പൗലോസിന്റെ വാക്കുകളിലും ഇതു വ്യക്തമാണ്: “അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്ഷിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു. . . . ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു. . . . ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. അവ്വണ്ണം പുരുഷൻമാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു.” ഇവിടെ പൗലോസ് പുരുഷസ്വവർഗസംഭോഗത്തെയും സ്ത്രീസ്വവർഗസംഭോഗത്തെയും പ്രത്യേകമായി കുററം വിധിച്ചു. സ്വവർഗലൈംഗിക നടപടികൾ അസ്വാഭാവികവും “അവലക്ഷണ”വും ആയിരിക്കുന്നതായി അദ്ദേഹം കുററം വിധിച്ചു.
രോഗഗ്രസ്തമോ ആരോഗ്യകരമോ?
ബൈബിളിന്റെ വീക്ഷണം പഴഞ്ചനാണ്, അസ്വീകാര്യമാണ്, എന്നു പറഞ്ഞുകൊണ്ട് പലരും ഇതിനോടു പ്രതികരിച്ചേക്കാം. എന്നാൽ ഇതു ചിന്തിക്കുക, നമ്മുടെ ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ ഘടനയെക്കുറിച്ചു നമ്മുടെ സ്രഷ്ടാവിനെക്കാൾ മെച്ചമായി ആർക്കാണ് അറിയാവുന്നത്? ദൈവം പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ച് പരസ്പരമുള്ള ശക്തമായ ആകർഷണം അവരിൽ വെച്ചു. (ഉല്പത്തി 1:27, 28) ഒരേ ലിംഗവർഗത്തിൽപ്പെട്ട ആരോടെങ്കിലും ലൈംഗിക ആകർഷണം തോന്നത്തക്കവിധമല്ല ദൈവം അവരെ സൃഷ്ടിച്ചത്. മാത്രമല്ല, ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗിക ബന്ധങ്ങൾ വിവാഹക്രമീകരണത്തിനുള്ളിൽ മാത്രം നടക്കേണ്ടതാണെന്നു ദൈവം നിശ്ചയിച്ചു.—എബ്രായർ 13:4.
ഇതു നമുക്കു ബുദ്ധിമുട്ടുകൾ വരുത്തിവെക്കുന്നില്ല. യെശയ്യാവു 48:17-ൽ [NW] ദൈവം പറയുന്നു അവൻ “നിങ്ങൾക്കുതന്നെ പ്രയോജനം ചെയ്യാൻ നിങ്ങളെ പഠിപ്പിക്കുന്നവനാണ്” എന്ന്. അതേ, നമ്മേ സഹായിക്കുന്നത് എന്താണെന്നും നമുക്കു ഹാനി വരുത്തുന്നത് എന്താണെന്നും അവനറിയാം. ബൈബിൾ പഠിപ്പിക്കലുകൾ പിൻപററുക എന്നതു പ്രയാസകരമാണെന്നു ചിലർക്കു തോന്നിയാൽപോലും അവ എല്ലായ്പോഴും ‘ആരോഗ്യാവഹമായ പഠിപ്പിക്കലുക’ളാണ്, അതായത് മനസ്സിനും ശരീരത്തിനും പ്രയോജനം ചെയ്യുന്നവ. (തീത്തൊസ് 2:1) നേരേമറിച്ച്, സ്വവർഗസംഭോഗം ഒരുവന്റെ ശാരീരികവും വൈകാരികവും ആത്മീയവുമായ ക്ഷേമത്തിനു ഹാനി വരുത്തുകയേ ഉള്ളൂ.
സ്വവർഗസംഭോഗ ജീവിതരീതി എത്ര അനാരോഗ്യകരമാണ് എന്നതിന്റെ ഒരു ഉദാഹരണമാണ് എയ്ഡ്സ് പ്രതിസന്ധി. വടക്കേ അമേരിക്കയിൽ, സ്വവർഗസംഭോഗികളായ പുരുഷൻമാർക്കാണ് ഈ രോഗം പിടിപെടാൻ ഏററവുമധികം സാധ്യതയുള്ളത്. രോഗപരമ്പരയിൽ കേവലം ഒന്നു മാത്രമാണ് എയ്ഡ്സ്; ഹെപ്പറെറററിസ്, കരൾ രോഗങ്ങൾ, ഗൊണേറിയ, സിഫിലിസ്, വായുസംബന്ധമായ കുടൽ രോഗങ്ങൾ തുടങ്ങിയവയാണു സ്വവർഗസംഭോഗികളെ ബാധിക്കാറുള്ളവ. രോഗത്തിന്റെ ഈ വ്യാപനത്തിനു കാരണം എന്താണ്? ഡോ. ജോസഫ് നിക്കളോസി ഇങ്ങനെ വിശദീകരിക്കുന്നു: “സ്വവർഗസംഭോഗ ജീവിതരീതിയുടെ നിർബന്ധപൂർവകമായ, ആസക്തമായ, ഘടകങ്ങളെക്കുറിച്ചു പല എഴുത്തുകാരും എഴുതിയിട്ടുണ്ട്.” വളരെ വ്യാപകമായി നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയത് “28 ശതമാനം പുരുഷസ്വവർഗസംഭോഗികൾക്ക് ആയിരമോ അതിൽക്കൂടുതലോ പങ്കാളികൾ ഉണ്ടായിരുന്നു എന്നാണ്. . . . വെള്ളക്കാരായ സ്വവർഗസംഭോഗികളിൽ പകുതിയും തങ്ങൾക്കു ചുരുങ്ങിയത് 500 വ്യത്യസ്ത ലൈംഗിക പങ്കാളികൾ ഉണ്ടായിരുന്നതായി പറഞ്ഞു.”
പല സ്വവർഗസംഭോഗികളുടെ ഇടയിലും “വ്യക്തിബന്ധങ്ങളിലെ പ്രതിബദ്ധതയോ അടുപ്പമോ ഉത്തരവാദിത്വമോ സംബന്ധിച്ച ഭയമുണ്ട് . . . അമൂർത്തമായ ലൈംഗികതയോടുള്ള വാഞ്ഛയ്ക്കു ചിലപ്പോൾ തികച്ചും നിർബന്ധകരമായ ഒരു സ്വഭാവമാണുള്ളത്. ഒരൊററ ദിവസമോ അല്ലെങ്കിൽ ഒററ രാത്രിയിലോ ഇത്തരക്കാരിൽ ചിലർ ഒരു ഡസനോ അതിലധികമോ ലൈംഗിക ഇടപാടുകളിൽ ഏർപ്പെട്ടേക്കാം” എന്ന് സ്വവർഗസംഭോഗ പെരുമാററം (ഇംഗ്ലീഷ്) എന്ന പുസ്തകം വിശദീകരിക്കുന്നു. കെട്ടഴിച്ചുവിട്ട അത്തരം പെരുമാററം ആരോഗ്യകരമായിരിക്കുമോ? മറിച്ച്, അത് രോഗഗ്രസ്തവും അധഃപതിപ്പിക്കുന്നതുമല്ലേ? അത്തരം വിവേചനാശൂന്യമായ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർ ‘നാശത്തിന്റെ അടിമക’ളാണ്.—2 പത്രൊസ് 2:19.
കൂടാതെ, അനേകം സ്വവർഗസംഭോഗ ലൈംഗിക നടപടികൾ പേടിപ്പെടുത്തുന്നതും അക്രമാസക്തവും തികച്ചും ക്രൂരമായ ആനന്ദം കണ്ടെത്തുന്നവയുമാണ്. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “അവർ ഗൂഢമായി ചെയ്യുന്നതു പറവാൻപോലും ലജ്ജയാകുന്നു.” (എഫെസ്യർ 5:12) അത്തരം അക്രമം പ്രകടമാക്കുന്നത് “സ്വവർഗലൈംഗിക” ജീവിതരീതി എന്നു കരുതപ്പെടുന്നതിന്റെ ഉപരിതലത്തിനടിയിൽ മറഞ്ഞുകിടക്കുന്ന കോപത്തെയും വേദനയെയുമാണ്. തങ്ങൾ അനുവാദാത്മക ജീവിതം നയിക്കുന്നവരല്ലെന്നു ചില സ്വവർഗസംഭോഗികൾ അവകാശപ്പെടുന്നു എന്നത് സത്യംതന്നെ. എന്നാൽ “ഒരാളോടു മാത്രം” സ്വവർഗസംഭോഗം നടത്തുന്നവർ ചുരുക്കമാണ്—അവരുടെ ബന്ധങ്ങൾ പൊതുവേ അധിക നാളത്തേക്കു നീണ്ടുനിൽക്കാറുമില്ല. ഒരേ ലിംഗവർഗത്തിൽപ്പെട്ടവരുടെ ലൈംഗികബന്ധങ്ങൾ നീണ്ടുനിൽക്കുമ്പോൾ പോലും, ബൈബിളിൽ പരാമർശിച്ചിരിക്കുന്ന സ്നേഹത്തിന്റെ ഒരു പരിണതഫലമായിരിക്കാൻ കഴിയില്ല അവയ്ക്ക്. അത്തരം സ്നേഹം “മാന്യരഹിതമായി പെരുമാറുന്നില്ല.”—1 കൊരിന്ത്യർ 13:4, 5, NW.
പരിണതഫലങ്ങൾ
റോമർ 1:27-ൽ പൗലോസ് ഇങ്ങനെ പറയുന്നു: “പുരുഷൻമാർ പുരുഷൻമാരോടു ചേർന്നു ലജ്ജാകരമായ ഭീതിദകാര്യങ്ങൾ പ്രവർത്തിച്ചു, തീർച്ചയായും അവരുടെ വ്യക്തിത്വങ്ങളിൽ ലൈംഗിക വികടത്തത്തിന്റെ പരിണതഫലങ്ങൾ ഏററുവാങ്ങിക്കൊണ്ടുതന്നെ.” (ദ ന്യൂ ടെസ്ററമെൻറ് ഇൻ മോഡേൺ ഇംഗ്ലീഷ്, ജെ. ബി. ഫിലിപ്സിന്റേത്) ഏതു വിധങ്ങളിൽ? ഒരു കാര്യം സ്വവർഗസംഭോഗ പെരുമാററം (ഇംഗ്ലീഷ്) റിപ്പോർട്ടു ചെയ്യുന്നു: “മദ്യം അമിതമായി ഉപയോഗിക്കുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നതിന്റെ ദൂഷ്യഫലം സ്വാഭാവികഭോഗികളായ സ്ത്രീകളെക്കാളും കൂടുതലുള്ളതു സ്വവർഗസംഭോഗികളായ സ്ത്രീകൾക്കാണ്.” സ്വവർഗസംഭോഗികളായ യുവാക്കളുടെ ഇടയിൽ ആത്മഹത്യാശ്രമങ്ങൾ സാധാരണമാണെന്നു ചില ഗവേഷകർ അവകാശപ്പെടുന്നു.
ഏററവും ഗുരുതരമായ ഹാനി തട്ടുന്നത് ഒരുവന്റെ ആത്മീയതയ്ക്കാണ്. തങ്ങൾ “ദൈവത്തിന്റെ ജീവനിൽനിന്ന് അകന്നുപോയി മാനസികമായി അന്ധകാരത്തിലാണെന്ന്” സ്വവർഗസംഭോഗികൾ മനസ്സിലാക്കുന്നു. (എഫേസ്യർ 4:18, NW) ബൈബിൾ തത്ത്വങ്ങൾ സംബന്ധിച്ച അറിവ് ഉണ്ടായിരുന്നിട്ടും സ്വലിംഗവർഗത്തിൽപ്പെട്ടവരോട് ആകർഷണം തോന്നുന്നതായി മനസ്സിലാക്കുന്ന ദൈവഭയമുള്ള യുവജനങ്ങളെ സംബന്ധിച്ചെന്ത്? വ്യക്തമായും, അവർ ഒരു കഠിന പോരാട്ടം നടത്തേണ്ടതുണ്ട്. സ്വവർഗസംഭോഗത്തെ ദൈവം എങ്ങനെ വീക്ഷിക്കുന്നു എന്നറിയുന്നത് “ദുഷ്ടമായതിനെ വെറുക്കാൻ” തീർച്ചയായും അവരെ സഹായിക്കും. (റോമർ 12:9, NW) തെററായ മോഹങ്ങൾക്കു വഴിപ്പെടുന്നത് ഒഴിവാക്കാൻ അവർക്ക് അവലംബിക്കാൻ കഴിയുന്ന ഒട്ടനവധി പ്രായോഗിക മാർഗങ്ങളുണ്ട്. ഒരു ഭാവി ലേഖനത്തിന്റെ വിഷയം അതായിരിക്കും.
[അടിക്കുറിപ്പുകൾ]
a ഞങ്ങളുടെ കഴിഞ്ഞ ലക്കത്തിൽ വന്ന “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് ഈവക വികാരങ്ങൾ ഉള്ളത് എന്തുകൊണ്ട്?” എന്ന ലേഖനം കാണുക.
[13-ാം പേജിലെ ചിത്രം]
സ്വവർഗസംഭോഗ ജീവിതരീതിയുടെ കൂടപ്പിറപ്പുകളാണു വിവേചനാരഹിതമായ ലൈംഗികതയും വൈകാരിക ദുഃഖവും രോഗവും