യുവജനങ്ങൾ ചോദിക്കുന്നു. . .
എനിക്ക് ഈവക വികാരങ്ങൾ ഉള്ളത് എന്തുകൊണ്ട്?
“എന്റെ ഉള്ളിൽ ഒരു യുദ്ധം നടക്കുന്നതുപോലെ എനിക്കു തോന്നുന്നു. എങ്ങോട്ടു തിരിയണമെന്ന് എനിക്കറിയില്ല.”—ബോബ്.
യുവപ്രായത്തിലുള്ള പലരും സമാനമായ മാനസിക പീഡനം സഹിക്കുന്നുണ്ട്. എതിർലിംഗവർഗത്തിൽപ്പെട്ടവരിലുള്ള താത്പര്യം കാർന്നുതിന്നുന്നതായി തോന്നുന്ന തങ്ങളുടെ തരപ്പടിക്കാരിൽനിന്നു വ്യത്യസ്തമായി സ്വലിംഗവർഗത്തിൽപ്പെട്ടവരോടുള്ള തങ്ങളുടെ ആകർഷണം വർധിച്ചുവരുന്നതായി അവർ മനസ്സിലാക്കുന്നു. പലരെ സംബന്ധിച്ചും ഇതൊരു വിനാശകരമായ അവബോധമാണ്.
ഒരു സ്ത്രീ തന്റെ മകളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അവളുടെ ആരോഗ്യം കുറയാൻ തുടങ്ങി, ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ അവൾക്കു കഴിയാതായി, മാത്രമല്ല അവൾ വിഷാദമഗ്നയും മ്ലാനവതിയുമായിത്തീർന്നു. ആത്മഹത്യ ചെയ്യാൻ അവൾ ഒരുമ്പെടുകപോലും ചെയ്തു.” ആ കൊടിയ വേദനയുടെ പ്രമുഖ കാരണമെന്തായിരുന്നു? “സ്ത്രീസ്വവർഗസംഭോഗത്തെക്കുറിച്ചുള്ള തോന്നലുകൾ അവൾക്കുണ്ടായിരുന്നു.” അത്തരം ചായ്വുകളെ തരണം ചെയ്യുക ചിലരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ലാതിരുന്നേക്കാം. ഒരു ചെറുപ്പക്കാരൻ തുറന്നുപറയുന്നു, നമുക്കവനെ മാർക്ക് എന്നു വിളിക്കാം: “ഞാൻ കൗമാരപ്രായത്തിലെത്തുന്നതിനു മുമ്പുതന്നെ ചില സുഹൃത്തുക്കളുമായി സ്വവർഗസംഭോഗത്തിൽ ഏർപ്പെട്ടുതുടങ്ങി. യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങുന്നതുവരെ കൗമാരപ്രായത്തിലും ഞാനതു തുടർന്നുപോന്നു. പിന്നെയും ചില സമയങ്ങളിൽ എന്റെയുള്ളിൽ മോശമായ വികാരങ്ങൾ തങ്ങിനിന്നിരുന്നു.”
സ്വലിംഗവർഗത്തിൽപ്പെട്ടവരോട് ആകർഷണം തോന്നാൻ ഒരു യുവവ്യക്തിയെ പ്രേരിപ്പിക്കുന്നത് എന്താണ്? ഒരു യുവവ്യക്തിയെ അത്തരം വികാരങ്ങൾ വ്രണപ്പെടുത്തുന്നുവെങ്കിൽ എന്തു ചെയ്യണം?
സ്വാഭാവികമോ വളർത്തിയെടുത്തതോ?
സ്വവർഗസംഭോഗികൾ ജൻമനാതന്നെ ആ സ്വഭാവക്കാരാണെന്നും ലൈംഗികസ്വഭാവം മാററാൻ സാധിക്കാത്തതാണെന്നുമാണ് ഇക്കാലത്തു പൊതുവേയുള്ള അഭിപ്രായം. ഉദാഹരണത്തിന്, ടൈം മാഗസിൻ വ്യക്തമായി ഇങ്ങനെ പ്രഖ്യാപിച്ചു: “സ്വവർഗസംഭോഗികളായ പുരുഷൻമാരുടെയും സ്വാഭാവികഭോഗികളായ പുരുഷൻമാരുടെയും തലച്ചോറുകൾ തമ്മിൽ ഘടനാപരമായ വ്യത്യാസമുണ്ടെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു.” എന്നിരുന്നാലും, ഈ പഠനം നടത്തിയത് എയ്ഡ്സ് പിടിച്ച് മരിച്ചുപോയ പുരുഷൻമാരുടെ തലച്ചോറുകളിലാണ്. തീർച്ചയായും, അതു വാസ്തവം തെളിയിക്കുന്നില്ല!
മറെറാരു സിദ്ധാന്തം ഹോർമോണുകൾ ഉൾപ്പെടുന്നതാണ്. പരീക്ഷണശാലകളിൽവെച്ച് പുരുഷ ഹോർമോണുകൾ നീക്കം ചെയ്ത എലികൾ ഇണചേർന്നപ്പോൾ “സ്ത്രൈണ” സ്വഭാവങ്ങൾ കാട്ടിയതായി ശാസ്ത്രജ്ഞർ നിരീക്ഷിച്ചു. സമാനമായി, ഒരു ജീവശാസ്ത്ര അപകടത്തിന്റെ—വളരെയധികം അല്ലെങ്കിൽ വളരെക്കുറച്ചു പുരുഷഹോർമോണുകൾക്കു വിധേയരായതിന്റെ—ഇരകളായിരിക്കാം സ്വവർഗഭോഗികളെന്ന് അവർ നിഗമനം ചെയ്തു. എന്നുവരികിലും, എലികളുടെ ഇടയിലെ ഈ വിചിത്രമായ പെരുമാററം യാന്ത്രികമായ ഒന്നാണെന്ന്—വാസ്തവത്തിൽ ‘സ്വവർഗഭോഗം’ അല്ലെന്ന്—പല ശാസ്ത്രജ്ഞരും വിശ്വസിക്കുന്നു. മാത്രമല്ല, മനുഷ്യർ എലികളല്ലല്ലോ. ദ ഹാർവാർഡ് മെഡിക്കൽ സ്കൂൾ മെൻറൽ ഹെൽത്ത് ലെററർ ഇങ്ങനെ വാദിക്കുന്നു: “ജനിക്കുന്നതിനു മുമ്പുള്ള ഹോർമോണുകൾ . . . എലികളുടെ ഇണചേരൽ സ്വഭാവത്തെ സ്വാധീനിക്കുന്നതുപോലെ മമനുഷ്യന്റെ ലൈംഗികതയെ സ്വാധീനിക്കാനുള്ള സാധ്യത ഒട്ടുമില്ല.”
ജീനുകളെക്കുറിച്ചുള്ള പഠനത്തിനും കൂടുതൽ ശ്രദ്ധ നൽകപ്പെട്ടിട്ടുണ്ട്. സ്വവർഗസംഭോഗികളായ പുരുഷൻമാരുടെയും സ്ത്രീകളുടെയും ഇടയിൽ ഒരേപോലിരിക്കുന്ന ഇരട്ടക്കുട്ടികളിൽ പകുതിയും സമാനമായി സ്വവർഗസംഭോഗികളാണ്. ഒരേ ഭ്രൂണത്തിൽനിന്നുണ്ടായ [ഒരേപോലിരിക്കുന്ന] ഇരട്ടകൾ ജനിതക പകർപ്പുകളായിരിക്കുന്നതിനാൽ ഏതോ നിഗൂഢമായ ജീനാണ് ഈ വ്യത്യാസമുളവാക്കിയതെന്ന് നിഗമനം ചെയ്യുന്നതു യുക്തിസഹമായി തോന്നുന്നു. എന്നാൽ, ഇരട്ടക്കുട്ടികളിൽ പകുതി പേർ സ്വവർഗസംഭോഗികൾ അല്ല എന്ന കാര്യം ശ്രദ്ധിക്കുക. ഈ പ്രവണത ജനിതകപരമായി പ്രോഗ്രാം ചെയ്യപ്പെട്ടതാണെങ്കിൽ എല്ലാ ഇരട്ടകൾക്കും അതു കാണേണ്ടതല്ലേ? ജീനുകളും ഹോർമോണുകളും ഒരു പങ്കു വഹിച്ചേക്കാമെന്നതു സത്യംതന്നെ. “ലൈംഗികസ്വഭാവത്തിൽ പരിസ്ഥിതി പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നു”വെന്നു തെളിവു “ശക്തമായി സൂചിപ്പിക്കുന്ന”തായുള്ള ചിലരുടെ കണ്ടുപിടിത്തങ്ങൾ സയൻറിഫിക് അമേരിക്കൻ റിപ്പോർട്ടു ചെയ്തു.
പാരിസ്ഥിതിക ഘടകങ്ങൾ
പുരാതന ഗ്രീസിലെ പാരിസ്ഥിതിക ഘടകം കണക്കിലെടുക്കുക. പൗരാണിക ദൈവങ്ങളെക്കുറിച്ചുള്ള പ്രേമകഥകൾ, പ്ലേറേറാ പോലുള്ള തത്ത്വചിന്തകൻമാരുടെ എഴുത്തുകൾ, യുവാക്കൾ തുണിയുടുക്കാതെ നിന്ന് അഭ്യാസം നടത്തിയിരുന്ന ജിംനേഷ്യത്തിലെ സംസ്കാരം: ഇവയാലെല്ലാം പ്രചോദനം ലഭിച്ചപ്പോൾ സ്വവർഗസംഭോഗം ഗ്രീക്കു സംസാരിക്കുന്ന ശ്രേഷ്ഠവർഗത്തിനിടയിൽ ഒരു ഫാഷനായിത്തീർന്നു. പുരാതന ഗ്രീസിലെ പ്രേമം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതനുസരിച്ച്, “കുലീനകുടുംബത്തിൽ പിറന്ന ഒരാൺകുട്ടിക്ക് ഒരു കാമുക[ൻ] ഇല്ലാതിരുന്നാൽ അതു ലജ്ജാകരമെന്നു ക്രേത്തയിൽ കരുതപ്പെട്ടിരുന്നു.” അത്തരത്തിലുള്ള അധോഗതിക്കു നിഗൂഢമായ ഏതെങ്കിലും ജീനോ ഹോർമോണോ ആയിരുന്നില്ല കാരണം. അതു തഴച്ചുവളരാൻ കാരണം ഗ്രീക്കു സംസ്കാരം അത് അനുവദിച്ചതുകൊണ്ടായിരുന്നു, അതേ അതിനെ പ്രോത്സാഹിപ്പിച്ചതുകൊണ്ടായിരുന്നു! പരിസ്ഥിതിക്കു വഹിക്കാൻ കഴിയുന്ന പങ്ക് എത്ര ശക്തമാണെന്ന് ഇതു നന്നായി ചിത്രീകരിക്കുന്നു.
സ്വവർഗസംഭോഗത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രചാരണത്തിന്റെ ബാഹുല്യം ഇന്ന് ആ വീക്ഷണം വ്യാപകമായിത്തീരാൻ കാരണമായിരിക്കുന്നു. സ്വവർഗസംഭോഗത്തെക്കുറിച്ചുള്ള സൂചനകൾ ടിവിയിലും സിനിമകളിലും സംഗീതത്തിലും മാസികകളിലും ധാരാളമാണ്. കേബിൾ ടെലിവിഷൻ പച്ചയായ അശ്ലീലം ചില ചെറുപ്പക്കാർക്ക് അനായാസം ലഭ്യമാക്കിയിരിക്കുന്നു. ദ്വിലിംഗ (പുരുഷനോ സ്ത്രീയോ എന്നു തിരിച്ചറിയാൻ കഴിയാത്ത) വസ്ത്രധാരണരീതികളും ചമയവും സ്റൈറലായിത്തീർന്നിരിക്കുകയാണ്. ചില സ്ത്രീവിമോചനവാദികൾ പ്രോത്സാഹിപ്പിക്കുന്ന പുരുഷവിരുദ്ധ പ്രചരണവും സ്ത്രീസ്വവർഗസംഭോഗത്തിന്റെ വർധനവിനു കാരണമായിട്ടുണ്ടെന്നു ചില വിദഗ്ധർ കരുതുന്നു. സ്വവർഗസംഭോഗ ജീവിതരീതിക്കു വേണ്ടി പരസ്യമായി വാദിക്കുന്ന സഹപാഠികളുമായുള്ള സഹവാസവും യുവജനങ്ങൾ മോശമായ സ്വാധീനങ്ങൾക്കു വിധേയരാകാൻ ഇടയാക്കിയേക്കാം.—1 കൊരിന്ത്യർ 15:33.
പിതാവും പുത്രനും
മാത്രമല്ല, ചിലപ്പോൾ തെററായ കുടുംബാന്തരീക്ഷവും ഒരു മുഖ്യ പങ്കു വഹിക്കുന്നതായി തോന്നുന്നു, പ്രത്യേകിച്ച് ആണുങ്ങളുടെ ഇടയിൽ.a ഒരു കുട്ടിയുടെ വൈകാരിക വളർച്ചയിൽ ഒരു പിതാവിനുള്ള സ്ഥാനം വളരെ വലുതാണ്. (എഫെസ്യർ 6:4) നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “പിതാവിന്റെ പുരുഷത്വഗുണങ്ങളുടെ സ്വാധീനത്തിന് തികവും സമനിലയുമുള്ള വ്യക്തിത്വത്തിന്റെ വികാസത്തിന് മർമ്മപ്രധാനമായ സംഭാവന ചെയ്യാൻ കഴിയും.”b ഒരാൺകുട്ടിക്ക് അവന്റെ പിതാവിന്റെ സ്നേഹവും അംഗീകാരവും ആവശ്യമാണ്. (താരതമ്യം ചെയ്യുക: ലൂക്കൊസ് 3:22.) ആവശ്യമായ ഈ ശ്രദ്ധ ഒരു പിതാവ് അയാളുടെ കുട്ടിക്കു കൊടുക്കാൻ പരാജയപ്പെടുന്നതിന്റെ ഫലമെന്തായിരിക്കാം? വൈകാരിക ദുഃഖം. “മിക്കപ്പോഴുംതന്നെ കുടുംബബന്ധങ്ങളിലെ, പ്രത്യേകിച്ച് പിതാവും പുത്രനും തമ്മിലുള്ള ബന്ധങ്ങളിലെ, പ്രശ്നങ്ങളുടെ ഫലമാണ്” പുരുഷസ്വവർഗസംഭോഗം എന്ന് മാനസികാരോഗ്യ വിഭാഗത്തിലെ എഴുത്തുകാരനായ ജോസഫ് നിക്കളോസി അവകാശപ്പെടുന്നു.
ഭർത്താവിനെ തരംതാഴ്ത്തുകയോ മകന്റെമേൽ അമിതമായ അവകാശഭാവം കാട്ടുകയോ ചെയ്യുന്ന ഒരു മാതാവ് സാഹചര്യത്തെ അറിയാതെതന്നെ വഷളാക്കിയേക്കാം. സ്ത്രൈണസ്വഭാവം കാട്ടിയ ആൺകുട്ടികളെക്കുറിച്ചു നടത്തിയ ഒരു പഠനം ഇങ്ങനെ നിരീക്ഷിച്ചു: “ചില മാതാപിതാക്കൾ ആഗ്രഹിച്ചത് ആൺകുട്ടിയല്ല, ഒരു പെൺകുട്ടി ജനിക്കാനാണ്, അതുകൊണ്ട് പെൺകുട്ടിയെപ്പോലെ വസ്ത്രം ധരിക്കാൻ അവർ തങ്ങളുടെ കൊച്ചുമകനെ തന്ത്രപൂർവം പ്രോത്സാഹിപ്പിക്കുകയോ ആ വിധത്തിൽ അവനെ വസ്ത്രമണിയിക്കുകയോ ചെയ്തിരുന്നു.”
വികലമായ ലൈംഗികവികാരങ്ങളുടെ ഉത്തരവാദിത്വം സ്വതവേതന്നെ ഒരുവന്റെ മാതാപിതാക്കളുടെമേൽ കെട്ടിവെക്കാം എന്നു കാണിക്കാനല്ല ഇതു പറഞ്ഞത്. അമിതമായ അവകാശഭാവം കാട്ടുന്ന അമ്മമാരുടെയും അവഗണന കാട്ടുകയോ വീട്ടിലില്ലാതിരിക്കുകയോ ദ്രോഹിക്കുകയോ ചെയ്യുന്ന പിതാക്കൻമാരുടെയും കൂടെ വളർന്നുവന്നിട്ടുപോലും അനേകം പുരുഷൻമാർ ആണുങ്ങൾക്കു ചേർന്ന വ്യക്തിത്വങ്ങൾ വളർത്തിയെടുത്തിട്ടുണ്ട്. മാത്രമല്ല, സ്വവർഗസംഭോഗത്തോടു ചായ്വുള്ള എല്ലാവരും താറുമാറായ കുടുംബങ്ങളിൽനിന്നുള്ളവരാണ് എന്ന് അവശ്യം കരുതേണ്ടതില്ല. എന്നാൽ, ചില ആൺകുട്ടികൾ വളരെ പ്രത്യേകമായ ഒരു വിധത്തിൽ വ്രണിതരാകുന്നതായി കാണപ്പെടുന്നുണ്ട്. “പിതാവു ത്യജിച്ചു എന്ന ആദ്യകാല ബോധത്തിന്റെ ഫലമായി . . . പുരുഷത്വത്തോടു ബന്ധപ്പെട്ട ആ ഗുണങ്ങളുടെ കാര്യത്തിൽ അതായത് ശക്തി, ദൃഢത, ബലം എന്നിവയുടെ കാര്യത്തിൽ സ്വവർഗസംഭോഗി ബലഹീനതയും അപര്യാപ്തതാബോധവും കൂടെ കൊണ്ടുനടക്കുന്നു. സ്വന്തം പുരുഷത്വത്തോടുള്ള അബോധപൂർവകമായ ഒരു പോരാട്ടം നിമിത്തം അയാൾ പുരുഷശക്തിയിലേക്ക് ആകർഷിക്കപ്പെടുന്നു” എന്ന് ഡോ. നിക്കളോസി അവകാശപ്പെടുന്നു.
പീററർ എന്നു പേരുള്ള ഒരു ക്രിസ്തീയ യുവാവ് ഇപ്രകാരം എഴുതുന്നു: “മദ്യാസക്തനായിരുന്ന എന്റെ പിതാവ് അമ്മയെ ദിവസവും തല്ലുമായിരുന്നു, ചിലപ്പോൾ കുട്ടികളായ ഞങ്ങളെയും. എനിക്ക് 12 വയസ്സുള്ളപ്പോൾ അദ്ദേഹം വീടുവിട്ടുപോയി. ഒരു പിതാവിന്റെ അഭാവം എനിക്കു ഭയങ്കരമായി അനുഭവപ്പെട്ടു. എല്ലാ ദിവസവും അനുഭവപ്പെട്ട ആ വിടവു നികത്താൻ ഒരാളുണ്ടായിരുന്നെങ്കിൽ എന്ന അഭിലാഷം സദാ എന്നിലുണ്ടായിരുന്നു. ഒടുക്കം ഒരു നല്ല ക്രിസ്തീയ മനുഷ്യനുമായി ഞാൻ സൗഹൃദം വളർത്തിയെടുത്തു, അദ്ദേഹം ആ ആവശ്യത്തിന് ഉതകുമെന്നു ഞാൻ കരുതി, എന്നാൽ എനിക്ക് അദ്ദേഹത്തോടു ലൈംഗിക വികാരങ്ങൾ തോന്നിത്തുടങ്ങുകയാണു ചെയ്തത്.”
രസാവഹമെന്നു പറയട്ടെ, വളരെയധികം സ്വവർഗസംഭോഗികൾ ശൈശവകാലത്തെ ലൈംഗിക ദുരുപയോഗത്തിന്റെ ഇരകളാണ്.c അത്തരം ലൈംഗിക ദുരുപയോഗത്തിനു നീണ്ടുനിൽക്കുന്ന ശാരീരികവും വൈകാരികവുമായ വിന വരുത്തിവെക്കാൻ കഴിയും. അതു ചിലരിൽ, ഒരു എഴുത്തുകാരി “വികലമായ ലൈംഗിക താദാത്മ്യം” എന്നു വിളിച്ച സംഗതി ഉളവാക്കിയേക്കാം. പുരാതന സോദോമിൽ ഇതു സംഭവിച്ചു എന്നതു സ്പഷ്ടം. അവിടത്തെ ബാലൻമാർ വികലമായ ലൈംഗിക ബന്ധങ്ങളോട് അത്യാർത്തി പൂണ്ട വിശപ്പു പ്രകടമാക്കി. (ഉല്പത്തി 19:4, 5) വ്യക്തമായും അവർ മുതിർന്നവരുടെ ചൂഷണത്തിന്റെ ഒരു ഉത്പന്നമായിരുന്നു.
ധാർമിക വിവാദവിഷയം
ഒരേ ലിംഗവർഗത്തിൽപ്പെട്ടവരോടുള്ള ആകർഷണത്തിൽ പ്രകൃതിയും വളർത്തിയെടുത്ത സ്വഭാവവും എത്രമാത്രം പങ്കു വഹിക്കുന്നുവെന്ന പ്രശ്നം ശാസ്ത്രജ്ഞർ ഒരിക്കലും പരിഹരിച്ചില്ലെന്നുവരാം. എന്നാൽ, ഒരു കാര്യം വ്യക്തമാണ്: മോശമായ ചിന്തയോടും ചായ്വുകളോടും ഇഴുകിച്ചേരാനുള്ള ഒരു പ്രവണതയോടെയാണ് സകല മനുഷ്യരും ജനിക്കുന്നത്.—റോമർ 3:23.
അതുകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്ന ഒരു യുവാവ് ദൈവത്തിന്റെ ധാർമിക നിലവാരങ്ങളോടു പൊരുത്തപ്പെടുകയും അധാർമിക പെരുമാററത്തെ ത്യജിക്കുകയും ചെയ്യേണ്ടതുണ്ട്, അങ്ങനെ ചെയ്യുന്നതു കൊടിയ വേദന വരുത്തുംവിധം ദുഷ്കരമായിരിക്കാമെങ്കിലും. ചിലർ “ക്രോധത്തിനു പ്രവണത”യുള്ളവരാണെന്നു ബൈബിൾ പറയുന്നു. (തീത്തോസ് 1:7, NW) അതുപോലെ ചിലർ സ്വവർഗരതിയോടു വളരെയധികം ആഭിമുഖ്യം പുലർത്തിയേക്കാമെന്നതു സത്യംതന്നെ. എന്നിട്ടും ബൈബിൾ പിന്നെയും നീതിരഹിതമായ കോപപ്രകടനങ്ങളെ കുററംവിധിക്കുകതന്നെ ചെയ്യുന്നു. (എഫെസ്യർ 4:31) അതുപോലെതന്നെ, ‘ജൻമനാ അങ്ങനെയാണ്’ എന്നു പറഞ്ഞുകൊണ്ട് ഒരു ക്രിസ്ത്യാനിക്ക് അധാർമിക പെരുമാററത്തിന് ഒഴികഴിവു കണ്ടെത്താനാവില്ല. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർ കുട്ടികളോടുള്ള തങ്ങളുടെ തൃഷ്ണ “സഹജ”മാണെന്നു പറയുമ്പോൾ ദൈന്യമായ അതേ ഒഴികഴിവാണു കണ്ടെത്തുന്നത്. എന്നാൽ, അവരുടെ ലൈംഗിക തൃഷ്ണ വികലമാണ് എന്ന കാര്യം ആർക്കെങ്കിലും നിഷേധിക്കാനാവുമോ? അങ്ങനെതന്നെയാണ് ഒരേ ലിംഗവർഗത്തിൽപ്പെട്ട ആരോടെങ്കിലുമുള്ള ലൈംഗിക മോഹവും.
ആയതിനാൽ ഒരേ ലിംഗവർഗത്തിൽപ്പെട്ടവരോട് ആകർഷണം തോന്നുന്നുവെന്നു മനസ്സിലാക്കുന്ന യുവജനങ്ങൾ തങ്ങളുടെ വികാരങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നത് ഒഴിവാക്കണം. എന്നാൽ, എന്തുകൊണ്ടാണു ബൈബിൾ സ്വവർഗരതിയെ ഇത്ര വ്യക്തമായി കുററംവിധിക്കുന്നത്? ആ ജീവിതരീതി വാസ്തവത്തിൽ അനാരോഗ്യകരവും വികലവുമാണോ? അങ്ങനെയെങ്കിൽ, അതൊഴിവാക്കാൻ ഒരു യുവാവിന് എന്തു ചെയ്യാനാകും? ഉണരുക!യുടെ ഒരു ഭാവിലക്കത്തിൽ ഈ ചോദ്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a സ്ത്രീസ്വവർഗസംഭോഗത്തിന്റെ വളർച്ചയെക്കുറിച്ചു താരതമ്യേന കാര്യമായ ഗവേഷണമൊന്നും നടന്നിട്ടില്ല. എന്നാൽ, കുടുംബസ്വാധീനങ്ങളും ഈ സംഗതിയിൽ ഒരു പങ്കു വഹിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
c പുരാതന ഗ്രീസിൽ സ്വവർഗരതിയുടെ വളർച്ചയ്ക്കുള്ള ഒരു ഘടകം കുട്ടികളെ ചൂഷണം ചെയ്യുന്നതായിരുന്നുവെന്നു തോന്നുന്നു. ബാലൻമാരെ വശീകരിച്ചിരുന്ന പ്രായമുള്ളവരെ സാധാരണമായി പരാമർശിച്ചിരുന്നത് “അത്യാർത്തിയുടെയും ധിക്കാരപരമായ നിഷ്ഠൂരതയുടെയും പ്രതീക”മായ “ചെന്നായ്ക്കൾ” എന്നാണ്. അവർക്ക് ഇരകളായ ബാലൻമാരെ വിളിച്ചിരുന്നത് “കുഞ്ഞാടുകൾ” എന്നും.