പണം—അതിന്റെ ഉൽഭവവും ഉപയോഗവും
അവർ അതിന് 24 ഡോളറേ കൊടുത്തുള്ളു. എന്നാൽ അവർ അത് പണമായി—ഇന്ന് നമുക്ക് അറിയാവുന്ന നാണയമോ ബാങ്ക് നോട്ടോ—നൽകിയില്ല. അവർ വാങ്ങിയത് ന്യൂയോർക്കിലെ മാൻഹറ്റൻ ദ്വീപായിരുന്നു. ഇപ്പോൾ അതിന് കോടിക്കണക്കിന് ഡോളറുകൾ മൂല്യമുണ്ട്. 1626-ൽ ഡച്ച് കുടിയേറ്റക്കാർ റൊട്ടിയും ആഭരണങ്ങളും വസ്ത്രങ്ങളും നൽകി ഇൻഡ്യൻ വംശജരിൽ നിന്ന് അത് വിലക്കെടുത്തു.
പണം ചരിത്രത്തിലുടനീളം, വ്യത്യസ്ത രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സകല ക്രയവിക്രയസാധനങ്ങളും പണമായി ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, മൃഗചർമ്മങ്ങൾ, ധാന്യം, കക്ക, പുകയില, ഉപ്പ്, ആടുമാടുകൾ, രത്നക്കല്ലുകൾ, തൂവലുകൾ, കൊക്കോ ബീൻസ് തുടങ്ങിയവ. “സാലറി” [ശമ്പളം] എന്ന ഇംഗ്ലീഷ് പദം ഉപ്പിന് ഉപയോഗിക്കുന്ന “സാലറിയം” എന്ന ലാറ്റിൻ പദത്തിൽനിന്ന് വന്നിട്ടുള്ളതാണ്. അതുപോലെ പണപരം [പിക്യൂൻയെറി] എന്നത് ആടുമാടുകൾക്കുള്ള “പിക്യൂസ്” എന്ന ലാറ്റിൻ പദത്തിൽ നിന്ന് വന്നിട്ടുള്ളതാണ്. പുരാതന റോമിൽ, പലപ്പോഴും ഉപ്പും ആടുമാടുകളും പണമായി ഉപയോഗിച്ചിട്ടുണ്ട്.
എന്നാൽ വാണിജ്യ വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുത്തുന്നതിന് പണം വ്യാപകമായി അംഗീകരിക്കപ്പെടുന്നതും എല്ലായിടത്തും തുല്യമൂല്യമുള്ളതും കൈകാര്യം ചെയ്യാൻ സൗകര്യമുള്ളതുമായ ഒരു രൂപത്തിലായിരിക്കേണ്ടിയിരുന്നു. ഉദാഹരണത്തിന്, ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് കവടികക്കകൾ പണമായി അംഗീകരിച്ചിരുന്നു. അത് അവിടെ വിരളവും വളരെ മൂല്യമുള്ളതും ഭാരം കുറഞ്ഞതുമായിരുന്നു. ഇന്ന് കള്ളനോട്ടുകൾ ഉണ്ടാക്കുന്നതുപോലെ കള്ളക്കക്കകൾ ഉണ്ടാക്കുക അസാദ്ധ്യമായിരുന്നു—അത് പണത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എന്നാൽ ഇൻഡ്യയുമായുള്ള വ്യാപാരയിടപാടുകളിൽ അവ ഉപയോഗിക്കാൻ കഴിഞ്ഞില്ല. കാരണം ഇൻഡ്യയുടെ കടലോരങ്ങൾ അവയാൽ നിറഞ്ഞിരുന്നു.
കാലക്രമത്തിൽ, സ്വർണ്ണവും വെള്ളിയും പോലുള്ള വിലയേറിയ ലോഹങ്ങൾ പണമായി ഉപയോഗിച്ചു തുടങ്ങി. അവ ഈടുനിൽക്കുന്നതും പരക്കെ അംഗീകരിക്കുന്നതും ആപേക്ഷികമായി ദുർലഭവുമായിരുന്നു. (ഭാരത്തിനനുസരിച്ച് അവയ്ക്ക് സ്ഥായിയായ ഒരു ഉയർന്ന മൂല്യം കൽപ്പിച്ചിരുന്നു.) അത് കൈകാര്യം ചെയ്യുക എളുപ്പമായിരുന്നു; ചെറിയ സംഖ്യകളിൽ വിഭജിക്കുന്നതിനും കഴിയുമായിരുന്നു. എന്നിരുന്നാലും, സകല പണമിടപാടുകളും കൃത്യവും വഞ്ചനയില്ലാത്തതുമാണെന്ന് ഉറപ്പുവരുത്തുന്നതിന് കച്ചവടക്കാർ സൂക്ഷ്മമായ ത്രാസുകൾ കൊണ്ടുനടക്കേണ്ടിയിരുന്നു. പിന്നീട് മുദ്രയുള്ള നാണയങ്ങൾ ആവിഷ്ക്കരിച്ചു. അത് ത്രാസുകളുടെ ആവശ്യം ഇല്ലാതാക്കി.
ഇന്നത്തെ നമ്മുടെ നാണയങ്ങൾക്ക് അരുക്വെട്ടൽ (കൊത) ഉള്ളതും അത് രൂപഭംഗിയുള്ളതായിരിക്കുന്നതും എന്തുകൊണ്ടെന്ന് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പുരാതന നാണയങ്ങൾ പൂർണ്ണമായും വൃത്താകൃതിയിലായിരുന്നില്ല. അത് കൈമാറ്റം ചെയ്യുന്നതിനുമുമ്പ്, വളരെയെളുപ്പത്തിൽ, അതിന്റെ അരികുവെട്ടിയെടുക്കുന്നതിനോ ചീവിയെടുക്കുന്നതിനോ കഴിയുമായിരുന്നു. അപ്രകാരം വിലപിടിപ്പുള്ള ഓരോ ലോഹത്തിൽനിന്നും ചെറുപാളികൾ വെട്ടിയെടുത്ത് ഒരു വ്യവസായിക്ക് സാമാന്യം വലിയ ഒരു സംഖ്യ സമ്പാദിക്കാൻ കഴിയുമായിരുന്നു. ഇത്തരം വഞ്ചന തടയുന്നതിന് അരിക് കൊതയുന്ന രീതി ഏർപ്പെടുത്തി. അത് പാർശ്വപാളികൾ വെട്ടിയെടുത്താൽ എളുപ്പം കണ്ടുപിടിക്കാൻ സഹായകമായിത്തീർന്നു.
പൊതുയുഗത്തിനുമുമ്പ് 9-ാം നൂറ്റാണ്ടിലും റോമൻ ഭരണകാലത്തും കടച്ചീട്ടുകളുടെയും നോട്ടുകളുടെയും രൂപത്തിൽ ചൈനയിൽ കടലാസ് നാണയം അറിയപ്പെട്ടിരുന്നു. എന്നാൽ യൂറോപ്പിൽ ആധുനിക ബാങ്ക് നോട്ടുകൾ ഉപയോഗത്തിലായി. ലണ്ടനിലെ സ്വർണ്ണപ്പണിക്കാർ മറ്റുള്ളവർക്കുവേണ്ടി സ്വർണ്ണവും രത്നവും സൂക്ഷിച്ചുവെക്കുന്നതിനായി തങ്ങളുടെ സുരക്ഷിതമായ നിലവറകൾ ഉപയോഗിച്ചുതുടങ്ങി. നിക്ഷേപിക്കുന്ന ഓരോ ഇനത്തിനും ഒരു രസീത് നൽകിയിരുന്നു. സ്വർണ്ണപ്പണിക്കാരുടെ നിർമ്മലതയിലെ വിശ്വാസം വർദ്ധിച്ചപ്പോൾ വസ്തുക്കൾ നൽകുന്നതിനു പകരം കേവലം രസീതുകൾ പണമെന്നനിലയിൽ കൈമാറ്റം ചെയ്യപ്പെടാൻ തുടങ്ങി. കൂടാതെ, ഒരു പ്രത്യേക വ്യക്തിയുടെ കയ്യിൽ കുറെ സ്വർണ്ണം ഏൽപ്പിക്കുന്നതിനുവേണ്ടി തട്ടാൻമാർക്ക് നൽകുന്ന കൈയൊപ്പിട്ട രേഖകൾ ഇന്നത്തെ നമ്മുടെ ചെക്കുകൾക്ക് മുന്നോടിയായിത്തീർന്നു.
ഉത്തരവാദിത്വത്തോടും വിശ്വാസത്തോടുംകൂടെ കൈകാര്യം ചെയ്യുന്നിടത്തോളം കാലം, കടലാസ് നോട്ടുകളുടെ ഉപയോഗം വളരെ സൗകര്യപ്രദവും അപകടം കുറഞ്ഞതുമാണ്—പ്രത്യേകിച്ച് വലിയ സംഖ്യകൾ കൈകാര്യം ചെയ്യുമ്പോൾ. അക്ഷരാഭ്യാസമില്ലാത്തവരെ സഹായിക്കുന്നതിനുവേണ്ടി ചിത്രങ്ങളുള്ള നോട്ടുകൾ പോലും നിർമ്മിച്ചിട്ടുണ്ട്. ഇന്ന് ലോകമെമ്പാടുമുള്ള വ്യാപാരയിടപാടുകളിൽ കടലാസ് നാണയങ്ങളും വരവുചിലവുകണക്കുകളുടെ രേഖകളും ഇലക്ട്രോണിക് പണമിടപാടുകളും പ്രമുഖ വസ്തുതകളാണ്.
ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈനംദിനയിടപാടുകൾക്കായി എന്ത് കയ്യിൽ കൊണ്ടുനടക്കും: ആടുമാടുകളോ, രത്നക്കല്ലുകളോ, കക്കകളോ, ധാന്യങ്ങളോ, ലോഹങ്ങളോ, കടലാസ് നോട്ടുകളോ? (g87 2/8)