ലോകത്തെ വീക്ഷിക്കൽ
അവിവാഹിത ഇണകൾ
ഐക്യനാടുകളിൽ ഒരുമിച്ചു പാർക്കുന്ന അവിവാഹിതരായ ആളുകളുടെ സംഖ്യ എല്ലാകാലത്തേതിലും ഉയർന്ന് രണ്ടുലക്ഷത്തിഇരുപത്തീരായിരം ആയിരിക്കുന്നു എന്ന് കഴിഞ്ഞ ഡിസംബറിൽ സെൻസസ് ബ്യൂറോ റിപ്പോർട്ടു ചെയ്തു. അതിനു മുമ്പിലത്തെ വർഷത്തെ സംഖ്യ ഒരുലക്ഷത്തിതൊണ്ണൂറ്റെട്ടായിരം ആയിരുന്നു. അങ്ങനെ, അവിവാഹിത ഇണകളുടെ കുടുംബങ്ങളുടെ, 1985-ൽ താല്ക്കാലികമായി താമസിച്ചവരാണങ്കിലും, വർദ്ധിക്കുന്നതിനുള്ള പ്രവണത തുടരുന്നു. ആ ബ്യൂറോയുടെ കണക്കനുസരിച്ച് ഐക്യനാടുകളിൽ ഇപ്പോൾ മൊത്തമുള്ള ഇണകളുടെ 4.1 ശതമാനം അവിവാഹിത ഇണകളാണ്.
അസാധാരണ “മോചനം”
ആസ്ട്രേലിയായിലെ മെൽബോണിൽ ഒരു 15 വയസ്സുള്ള ആൺകുട്ടി ഈ അടുത്ത കാലത്ത് തന്റെ മാതാപിതാക്കളിൽനിന്ന് ഒരു “വിമോചനം” സമ്പാദിച്ചു. അയാളെ സംസ്ഥാനത്തിന്റെ സംരക്ഷണയിൽ ആക്കുന്നതിന് ഒരു ചിൽഡ്രൻസ് കോർട്ട് ഓർഡറിനുവേണ്ടി അയാൾ അപേക്ഷിച്ചിരുന്നു. കാരണങ്ങളോ? “പൊരുത്തപ്പെടാൻ സാദ്ധ്യമല്ലാത്ത അഭിപ്രായ വ്യത്യാസങ്ങൾ!” ദി ആസ്ട്രേലിയൻ പറയുന്നതനുസരിച്ച്, തങ്ങളുടെ മകൻ ‘ചീത്ത കൂട്ടുകെട്ടിൽ വീണുപോയിരുന്നു’ ക്രമായി സ്കൂളും നഷ്ടപ്പെടുത്തിയിരുന്നു എന്ന് മാതാപിതാക്കൾ തറപ്പിച്ചു പറഞ്ഞു. അവർ അയാളുടെ ദുഷിച്ച നടത്തക്കെതിരെ ഒരു നിലപാട് എടുത്തപ്പോൾ അയാൾ വീട്ടിൽ നിന്ന് ഓടിപ്പോകയും മാതാപിതാക്കൾക്കെതിരെ നിയമപരമായ പടികൾ ആരംഭിക്കയും ചെയ്തു. കുട്ടി അയാളുടെ മാതാപിതാക്കളെ വിശേഷിച്ച് തന്റെ മാതാവിനെ ഭയപ്പെടുന്നു എന്നു പറഞ്ഞതിനാൽ, കോർട്ട് മജിസ്ട്രേറ്റ് കുട്ടിയെ സംസ്ഥാനത്തിന്റെ സംരക്ഷണയിലാക്കാൻ കല്പന നൽകി. ഇപ്പോൾ അയാൾ മെൽബോണിലുള്ള ഒരു വളർത്തു കുടുംബത്തിന്റെ കൂടെ ജീവിക്കുന്നു.
അവർ സമാധാനത്തിനുവേണ്ടി പ്രാർത്ഥിച്ചു
ജോൺ പോപ്പ് II-ാമന്റെ അഭ്യർത്ഥനയനുസരിച്ച് 12 വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നുള്ള, ലോകത്തിലെ എല്ലാ വലിയ മതങ്ങളെയും പ്രതിനിധീകരിക്കുന്ന, ആത്മീയ നേതാക്കൻമാർ കഴിഞ്ഞ ഒക്ടോബറിൽ ഇറ്റലിയിലെ അസ്സീസിയിൽ സമ്മേളിച്ചു. അവർ “സമാധാനത്തിനുവേണ്ടിയുള്ള ലോക പ്രാർത്ഥനാദിന”ത്തിലേക്കുള്ള പ്രതിനിധികളായിട്ടായിരുന്നു വന്നത്. അവരുടെ ലക്ഷ്യം: 24 മണിക്കൂർ ആഗോള സമാധാനം. കുറഞ്ഞത് 11 രാഷ്ട്രങ്ങൾ താല്ക്കാലികമായി പോരാട്ടം നിർത്തിയെന്നു റിപ്പോർട്ടു ചെയ്തു, എന്നാൽ വടക്കൻ അയർലണ്ട്, ലെബാനോൻ തുടങ്ങിയ മറ്റുള്ളവയിൽ അക്രമം നിലനിന്നു.
ലോകവ്യാപക സമാധാനത്തിനുവേണ്ടിയുള്ള തങ്ങളുടെ തിരച്ചിലിൽ യോജിച്ചെങ്കിലും, ആ പ്രതിനിധികൾ മതപരമായ നിരകളിൽ വിഭജിക്കപ്പെട്ടിരുന്നു. അവർ ഒരുമിച്ചു പ്രാർത്ഥിക്കുന്നതിനല്ല വന്നത്, എന്നാൽ പാപ്പാ പറഞ്ഞതുപോലെ, “പ്രാർത്ഥിക്കുന്നതിൽ ഒരുമിക്കുന്നതിന്” ആയിരുന്നു. 155-ഓ അധികമോ മതനേതാക്കൻമാർ, ഓരോ വിശ്വാസത്തിലുള്ളവരും തിരിഞ്ഞു പ്രാർത്ഥിക്കുന്നതിന് 12 കൂട്ടങ്ങളായി പിരിഞ്ഞു. പ്രതിനിധീകരിച്ചിരുന്ന “മത കുടുംബങ്ങളിൽ” ചിലവ: ബുദ്ധമതക്കാർ, ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ഷിന്റോമതക്കാർ, സൊറാസ്ട്രിയൻ മതക്കാർ, ആഫ്രിക്കൻ അനിമിസ്റ്റുകൾ, യഹൂദൻമാർ, അമേരിക്കൻ ഇൻഡ്യാക്കാർ എന്നിവർ ആയിരുന്നു. ന്യൂയോർക്ക് ടൈംസ് അനുസരിച്ച്, ബുദ്ധമത നേതാവായ ദലൈ ലാമാ, “സാൻ പിയെട്രോയിലെ പള്ളിയുടെ കൂടാരത്തിന്റെ മുകളിൽ ഒരു ചെറിയ ബുദ്ധ വിഗ്രഹം വെച്ചശേഷം അതിനുചുറ്റും പ്രാർത്ഥനാ ചുരുളുകളും എരിയുന്ന ധൂപവർഗ്ഗങ്ങളും അർപ്പിച്ചുകൊണ്ട് ബലിപീഠത്തെ രൂപാന്തരപ്പെടുത്തി.” കാകൻ വർഗ്ഗത്തിലെ രണ്ട് അമേരിക്കൻ ഇൻഡ്യാക്കാരായ ജോണും ബർട്ടൺ പ്രിറ്റിയും, “അവസാന ചടങ്ങിൽ മുകളിലത്തെ അറ്റത്ത് ഒരു സമാധാന കുഴൽ പുകച്ചു.”
വേദനാ ചെലവുകൾ
“വേദനയുടെ ഉയർന്ന ചെലവിനെ”ക്കുറിച്ച് ദി ന്യൂപ്രിൻ പെയിൻ റിപ്പോർട്ട്, ഐക്യനാടുകളിൽ ജോലിക്കാർ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള വേദന അനുഭവിക്കുന്നതുമൂലം ഓരോ വർഷവും 55 കോടി ജോലി ദിവസങ്ങൾ നഷ്ടപ്പെടുന്നു എന്നു കാണിച്ചു. 15 കോടി 70 ലക്ഷം ജോലി ദിവസം നഷ്ടപ്പെടുത്തിക്കൊണ്ട് തലവേദന ലിസ്റ്റിന്റെ ആദ്യം വരുന്നു. വിവിധതരം അസ്ഥി—സന്ധി വേദനകൾ 10 കോടി 80 ലക്ഷം പ്രവൃത്തി ദിവസങ്ങൾ നഷ്ടപ്പെടുത്തിക്കൊണ്ട് രണ്ടാമതും വരുന്നു. തുടർന്ന് വയറുവേദനകൾ 9 കോടി 90 ലക്ഷവും, പുറംവേദനകൾ 8 കോടി 90 ലക്ഷവും പേശിവേദനകൾ ആർത്തവസംബന്ധമായ വേദനകൾ 2 കോടി 50 ലക്ഷവും പല്ലുവേദനകൾ 1 കോടി 50 ലക്ഷവും വീതം പ്രവൃത്തി ദിവസങ്ങൾ നഷ്ടപ്പെടുത്തുന്നു.
ശൂന്യാകാശ ചവറ്റുകൂന
ആയിരത്തിത്തൊള്ളായിരത്തി അൻപത്തിയേഴ് ഒക്ടോബർ 4-ാം തീയതി ഒരു പരീക്ഷണത്തിൽ സ്പുട്ട്നിക്ക് പൊട്ടിത്തെറിച്ചതു മുതൽ മനുഷ്യൻ ഏതാണ്ട് 3,500 ശൂന്യാകാശവാഹനങ്ങൾ ഭ്രമണപഥത്തിലേക്ക് തൊടുത്തു വിട്ടുട്ടുണ്ട്. കഴിഞ്ഞവർഷം മദ്ധ്യത്തിൽ, സഞ്ചാരപഥത്തിൽ 1,619 കൃത്രിമോപഗ്രഹങ്ങളും ശൂന്യാകാശ ഗവേഷണ വാഹനങ്ങളും ഉണ്ടായിരുന്നു, 1,876 എണ്ണം തകർന്നിട്ടുമുണ്ട് എന്ന് ഒരു അപഗ്രഥനം വെളിപ്പെടുത്തി. കൂടാതെ, അസംഖ്യം റോക്കറ്റ് സ്റ്റേജുകളും കൃത്രിമോപഗ്രഹം ഭ്രമണപഥത്തിൽ വിടുമ്പോൾ ആവശ്യമായ കവറുകൾ ബോൾട്ടുകൾ മുതലായ മറ്റു അവശിഷ്ടങ്ങളും ഇപ്പോഴും ഭൂമിയെ വലയം ചെയ്തുകൊണ്ടിരിക്കുന്നു. ജർമ്മൻ മാസികയായ ലഫ്റ്റ്—ഉൺഡ് റാംഫാർട്ട് അനുസരിച്ച് 1986 ജൂൺ 30-ന് ഈ തരത്തിലുള്ള പൊട്ടിത്തെറിച്ച അവശിഷ്ടങ്ങൾ രേഖപ്പെടുത്തപ്പെട്ടവയായി 4,457 എണ്ണമുണ്ട്.
സ്വവർഗ്ഗരതി സംബന്ധിച്ച വത്തിക്കാന്റെ വീക്ഷണം
കത്തോലിക്കാസഭ ഒരു പുതിയ പ്രമാണത്തിലൂടെ സ്വവർഗ്ഗരതിയെ സംബന്ധിച്ച അതിന്റെ മുൻ ഉപദേശങ്ങൾ പ്രബലപ്പെടുത്തി. ആദ്യമായി, സഭ സ്വവർഗ്ഗരതിയോടുള്ള കേവല ചായ്വിനെ ഒരു “ഉദ്ദേശ്യപൂർവ്വകമായ അച്ചടക്കമില്ലായ്മ” എന്നനിലയിൽ വ്യക്തമായി കുറ്റംവിധിച്ചു. മുൻ പ്രസ്താവനകളിൽ സഭ സ്വവർഗ്ഗരതി ക്രിയകളുടെ പാപപൂർണ്ണതയിൽ കേന്ദ്രീകരിച്ചിരുന്നു. അതു നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും ആ പ്രമാണം സ്വവർഗ്ഗരതിയെ പിൻതാങ്ങുന്നതിനെ വിമർശിച്ചപ്പോൾ എയ്ഡ്സ് എന്ന പകർച്ചവ്യാധിയെ സംബന്ധിച്ചു സൂചിപ്പിച്ചു. വത്തിക്കാന്റെ വിശ്വാസപ്രമാണത്തിനുവേണ്ടിയുള്ള വിശുദ്ധ സഭ പ്രസിദ്ധീകരിക്കയും ലോകത്തിനുചുറ്റുമുള്ള എല്ലാ കത്തോലിക്കാ ബിഷപ്പൻമാർക്കും അയച്ചുകൊടുക്കയും ചെയ്ത ആ പ്രമാണം സ്വവർഗ്ഗ രതിക്രിയകളിൽ ഏർപ്പെടുന്ന ആളുകൾ ഒരു “യഥാർത്ഥ ധാർമ്മിക ദുഷ്കൃത്യം” ആണ് ചെയ്യുന്നതെന്നും പറയുന്നു. വത്തിക്കാൻ ഉദ്യോഗസ്ഥൻമാർ, ഈ മാർഗ്ഗനിർദ്ദേശത്തിനുള്ള ഒരു കാരണം, ചില പാസ്റ്ററൻമാർക്കും ദൈവശാസ്ത്രജ്ഞൻമാർക്കും സ്വവർഗ്ഗരതി സംബന്ധിച്ച സഭയുടെ നിലപാട് സംബന്ധിച്ച് തെറ്റായ വീക്ഷണം ഉണ്ടായിരുന്നേക്കാം എന്ന് വത്തിക്കാൻ ഉൽക്കണ്ഠപ്പെടുന്നു എന്നതാണ് എന്നു പറയുന്നു.
ചരിത്രം സൃഷ്ടിച്ച പറക്കൽ
കഴിഞ്ഞ ഡിസംബറിൽ വോയേജർ എന്നു പേരുള്ള തൂവൽപോലെ ഭാരം കുറഞ്ഞ ഒരു വിമാനം നിറുത്താതെ, ഇന്ധനം നിറക്കാതെ ലോകം ചുറ്റി ആദ്യത്തെ പറക്കൽ വിജയപൂർവ്വം പൂർത്തിയാക്കിക്കൊണ്ട് വ്യോമയാന ചരിത്രത്തിലേക്ക് പറന്നുവന്നു. വായുവിൽ ആപൽക്കരമായ ഒൻപതു ദിവസം കഴിച്ചുകൊണ്ടും 40,252 കിലോമീറ്റർ സഞ്ചരിച്ചുകൊണ്ടും ഒരു പുരുഷനും സ്ത്രീയും ചേർന്ന് വിദഗ്ദ്ധമായി ഓടിച്ചിരുന്ന വിമാനം കാലിഫോർണിയായിൽ ഇറങ്ങി. ഈ പറക്കൽ മുമ്പ് 1962-ൽ ഇട്ടിരുന്ന 20,168 കിലോമീറ്റർ ദൂരത്തിന്റെ റിക്കാർഡ് തകർത്തു. ഈ പ്രത്യേക ആകൃതിയുള്ള ആനത്തുമ്പിയോട് സാമ്യമുള്ളതെന്നും മിക്കവാറും കട്ടിയുള്ള കടലാസും പ്ലാസ്റ്റിക്കും ഉപയോഗിച്ചു നിർമ്മിച്ചതെന്നും വർണ്ണിക്കപ്പെട്ട വോയേജർ അതിന്റെ തൂക്കമായ 1,216 കി. ഗ്രാമിന്റെ മൂന്നിരട്ടി തൂക്കം ഇന്ധനം വഹിച്ചിരുന്നു. വിമാനത്തിന്റെ രൂപസംവിധായകൻ അതിന്റെ ഏറ്റവും വലിയ ശക്തിയായി ലാളിത്യത്തെ ചൂണ്ടിക്കാട്ടി. “ഓരോന്നും ഏറ്റവും കുറഞ്ഞ അളവിൽ ചെത്തിമിനുക്കിയതിനാൽ ഞങ്ങൾ വിജയിച്ചു,” എന്ന് അയാൾ പറഞ്ഞു.
ജിറാഫ് ആക്രമിക്കുന്നു
“ജിറാഫ് ഒരു ഇണക്കമുള്ള മൃഗമാണെന്ന് ഞാൻ വിചാരിച്ചിരുന്നു,” എന്ന് ദക്ഷിണാഫ്രിക്കയിലെ ഒരു ഗെയിം പാർക്ക് സന്ദർശിച്ച ഒരാൾ പറഞ്ഞു. ഒരു മിനി ബസ്സിൽ സഞ്ചരിച്ചിരുന്ന അയാളുടെ സംഘത്തിന്, റോഡിൽ ഒരു ജിറാഫ് മാറാൻ കൂട്ടാക്കാതെ നിന്നിരുന്നതിനാൽ ബസ്സ് നിറുത്തേണ്ടിവന്നു. അതുകൊണ്ട് വിനോദ സഞ്ചാരികളിൽ ഒരുവൻ വെളിയിൽ കടന്ന് അതിനെ ഓടിക്കാൻ ശ്രമിച്ചു. പകരം, ജിറാഫ് കടന്നാക്രമിച്ചു. അയാൾ രക്ഷപെടാൻ വേണ്ടി പെട്ടെന്ന് മിനിബസ്സിനടിയിലേക്ക് ഇഴഞ്ഞുകയറി. ആ മൃഗം മുൻപിലെ ഗ്ലാസ്സിലേക്ക് കാൽ കുളമ്പുകൾ കൊണ്ട് ശക്തിയായി തൊഴിച്ചുകൊണ്ട് അതിന്റെ ആക്രമണം തുടർന്നു. അതിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. ഒടുവിൽ ജിറാഫിന്റെ കോപം ശമിക്കയും അത് കുറ്റിക്കാട്ടിലേക്ക് പോകുകയും ചെയ്തു. ഈ ആക്രമണത്തിനു കാരണമെന്തായിരുന്നു? ആ മിനിബസ്സ് ആ ജിറാഫിനും അതിന്റെ ഇണയ്ക്കും മദ്ധ്യേയാണ് നിറുത്തിയിരുന്നത് എന്ന് പ്രകടമാക്കുന്നു.
വ്യാപാരികൾ ഭീകരരുടെ ലക്ഷ്യം
ഭീകരർ ഇപ്പോൾ തങ്ങളുടെ പ്രഥമ ലക്ഷ്യങ്ങളിൽ ഒന്നായി വ്യാപാരികളിൽ കണ്ണുവെക്കുന്നു. “ഭീകരർ തട്ടിക്കൊണ്ടു പോയവരിൽ നാല്പത്തെട്ടു ശതമാനം വ്യാപാരികൾ ഉൾപ്പെട്ടിരുന്നു” എന്ന് ലീഡേഴ്സ് മാസികയിൽ റാൻഡ് കോർപ്പറേഷന്റെ സെക്യൂരിറ്റി ഡയറക്ടറായ ബ്രെയ്ൻ എം. ജൻകിൻസ് പറയുന്നു. ഭീകരർ അക്രമ പ്രവർത്തനങ്ങൾക്ക് പണം നേടുന്നതിന് കമ്പനി ഭരണനിർവ്വാഹകരെ തട്ടിക്കൊണ്ടു പോകുന്നു. 1970-കളുടെ ആരംഭത്തെക്കാൾ 1980-കളിൽ ഇരട്ടി വ്യാപാരികൾക്കെതിരായ ഭീകരാക്രമണങ്ങൾ ഉണ്ടായി. അയാൾ ഇങ്ങനെ തുടർന്നു, “ചില നിരീക്ഷകർ മുൻകൂട്ടിപ്പറഞ്ഞതുപോലെ ഭീകരർ, രാസ, ജീവശാസ്ത്ര, അഥവാ ആണവ ആയുധങ്ങൾപോലും ഉപയോഗിച്ചുകൊണ്ട് അർമ്മഗെദ്ദോൻ ജ്വലിപ്പിക്കുന്നില്ലെങ്കിൽ, വൻതോതിലുള്ള വിവേചനാരഹിതമായ കൊലപാതക സംഭവങ്ങൾ വർദ്ധിക്കും.”
കൂടുതൽ ശാന്തമായ വ്യായാമങ്ങൾ
ഓട്ടത്തിനും എയ്റോബിക്ക് ഡാൻസിംഗിനും അനുചരൻമാർ വർദ്ധിച്ചുവരുന്നു. എന്നാൽ ദുർബ്ബലമായ മുട്ടുകളും കുഴകളും അല്ലെങ്കിൽ പുറം വേദന എന്നിവയാൽ പ്രയാസപ്പെടുന്നവർക്ക് അത്തരം വ്യായാമങ്ങൾ തങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായിരുന്നേക്കാം. “മിക്ക ആളുകളും ഓടരുതാത്തവരാണ്, എന്നാൽ സത്യാവസ്ഥ കഴിയുന്നതിന് മുമ്പ് അവർ ഇത് മനസ്സിലാക്കുന്നില്ല,” എന്ന് ഒരു ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിലെ അസ്ഥിരോഗ ശസ്ത്രക്രിയാ വിദഗ്ദ്ധനും കളികൾ, ചികിത്സ, കായികാഭ്യാസ ആഘാതം എന്നിവയുടെ സ്ഥാപനത്തിന്റെ ഡയറക്ടറുമായ ഡോ. ജയിംസ് എ. നിക്കോളാസ് ദി ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ശാരീരിക യോഗ്യത സംബന്ധിച്ച പ്രസിഡൻഡിന്റെ കൗൺസിലിന്റെ കൺസൾട്ടൻറ് ആയ മറ്റൊരു ഡോക്ടർ ഇതിനോട് യോജിക്കുന്നു. അദ്ദേഹം പറയുന്നു, “ഓട്ടം ശരീരത്തിന് കഠിനമാണ്, എന്നാൽ ഉയർന്നവേഗതയിലുള്ള എയ്റോബിക്ക് ഡാൻസിലെ ചാട്ടത്തിന്റെ പടികളോളം മോശമല്ല. നീന്തലും സൈക്കിൾ സഞ്ചാരവും നടപ്പും അധികം മെച്ചമാണ്.” ഈ കാരണങ്ങളാൽ, കൂടുതൽ ശാന്തമായ വ്യായാമങ്ങൾക്ക്—ആരോഗ്യത്തിനു വേണ്ടിയുള്ള നടപ്പും കുറഞ്ഞ ആഘാതമോ ആഘാതമില്ലാത്തതോ ആയ എയ്റോബിക്കുകൾ—ആരോഗ്യബോധം ഉള്ള ജനങ്ങളുടെയിടയിൽ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു. (g87 3/22)