ജിറാഫിന് രക്തസമ്മർദ്ദ പ്രശ്നങ്ങൾ ഇല്ലാത്തതിന്റെ കാരണം!
മി.ജിറാഫാണ് ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൃഗം! അവന്റെ രക്തചംക്രമണ വ്യവസ്ഥ ഒരു അത്ഭുതമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവന്റെ ഹൃദയം രക്തത്തെ അവന്റെ നീണ്ട കഴുത്തിലേക്ക് പമ്പുചെയ്തു കയറ്റുന്നു, അതിന് വളരെയധികം മർദ്ദം വേണ്ടിവരുന്നു. എന്നിരുന്നാലും, അവൻ അവന്റെ കഴുത്തു കുനിക്കുമ്പോൾ അവന്റെ തലച്ചോറിലെയും കണ്ണുകളിലെയും സിരകൾ പൊട്ടുന്നില്ല. “ഉയർന്ന സമ്മർദ്ദം ആ നേർത്ത സിരകളെ പിളർക്കുകയൊ കുറഞ്ഞപക്ഷം അവ ചോരുന്നതിന് ഇടയാക്കുകയൊ ചെയ്യാത്തതെന്തുകൊണ്ട്?” ഒരു ശാസ്ത്രീയ മാസിക ചോദിച്ചു.
ഭാഗികമായി, ഉചിതമായി “അത്ഭുത വല” എന്നു വിളിക്കാവുന്ന മേത്തരമായ രക്തക്കുഴലുകൾ കൊണ്ടുള്ള ഒരു അത്ഭുത വല ഉള്ളതുകൊണ്ടാണ് എന്നതാണ് ഉത്തരം എന്നു തോന്നുന്നു. കഴുത്തിലെ രക്തധമനികളിൽനിന്നുള്ള രക്തം തലച്ചോറിൽ എത്തുന്നതിനുമുമ്പ് ഈ “അത്ഭുത വല”യിൽകുടി കടന്നുപോകുന്നു. ഇത് തലച്ചോറിനെ പെട്ടെന്നുള്ള ഏതു രക്തപ്രവാഹത്തിൽനിന്നും സംരക്ഷിക്കുന്നു.
ഈ സുന്ദര ജീവികൾ വെള്ളം കുടിക്കുന്നതിനായി കുനിയുന്നതു ദർശിക്കുന്നത് രസാവഹമാണ്. അവയുടെ തലകൾ വെള്ളത്തിൽ എത്തിക്കുന്നതിന് അവ ആദ്യം അവയുടെ മുൻകാലുകൾ അകറ്റുകയൊ വളക്കുകയൊ ചെയ്യണം. ഈ വിഷമകരമായ നിലയിൽ ഒരു ജിറാഫ് അപകടം കാണുകയാണെങ്കിൽ, അതിനു പെട്ടെന്ന് നിവരുന്നതിനും അതിന്റെ തല ഉയർത്തുന്നതിനും കഴിയും. അത്തരം പ്രവർത്തനം, പെട്ടെന്നുള്ള ഒരു രക്തസമ്മർദ്ദത്തിന്റെ താഴ്ചമൂലം തലചുറ്റൽ ഉണ്ടാക്കേണ്ടതാണ്. എന്നാൽ രണ്ടു സെക്കൻറിൽ കുറഞ്ഞ സമയംകൊണ്ട് മി. ജിറാഫിന് കുതിച്ചുപായാൻ കഴിയും. സൗത്താഫ്രിക്കൻ ജേർണൽ ഓഫ് സൈൻസിലെ ഒരു ലേഖനം ഇത് “ജിറാഫിന്റെ തലയിലെ രക്തപ്രവാഹ നിയന്ത്രണ പ്രതിഭാസം” മൂലമാണെന്നു പറയുകയും ഇതു മനസ്സിലാക്കുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് അവകാശപ്പെടുകയും ചെയ്തു.
ശാസ്ത്രജ്ഞൻമാരെ ദീർഘകാലം കുഴപ്പിച്ച മറ്റൊരു പ്രതിഭാസം ജിറാഫിന്റെ കാലുകളെ സംബന്ധിക്കുന്നതായിരുന്നു. സൈൻറിഫിക്ക് അമേരിക്കൻ ഇപ്രകാരം പറയുന്നു: “ഗുരുത്വാകർഷണത്തിന്റെ ഫലം, കാലുകളിലെ രക്തസമ്മർദ്ദം ലോമികകളിൽ നിന്ന് ദ്രാവകം പുറത്തുപോകാൻ നിർബന്ധിതമാക്കത്തക്കവണ്ണം വളരെ ഉയർത്തുമെന്ന് പ്രതീക്ഷിക്കേണ്ടതാണ്.” എന്നാൽ ഇതിന്റെ യാതൊരു തെളിവുമില്ല. ജിറാഫുകൾ സിരാവീക്കവും കലാവീക്കവും അനുഭവിക്കുന്നില്ല. ഇത് എന്തുകൊണ്ടാണ്?
അടുത്തകാലത്ത് ശാസ്ത്രജ്ഞൻമാരുടെ ഒരു അന്തർദ്ദേശീയ സംഘം ജിറാഫിൻമേൽ ഒരു പുതിയ നിരീക്ഷണം നടത്തുകയും അതിന്റെ അത്ഭുതകരമായ രൂപകല്പന സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കണ്ടുപിടിക്കയും ചെയ്തു. അവർ ധമനികൾ അളന്നുനോക്കുകയും ഹൃദയത്തിൽനിന്ന് കാലുകൾവരെ സഞ്ചരിക്കുന്നവയുടെ വ്യാസത്തിലും ഭിത്തിയുടെ കനത്തിലും വർദ്ധനവുള്ളതായി കണ്ടെത്തുകയും ചെയ്തു. സൗത്താഫ്രിക്കൻ പനോരമ പറയുന്നതനുസരിച്ച്, “ജിറാഫിന്റെ കാലുകളിലെ . . . സിരകളിൽ രക്തം കെട്ടിക്കിടക്കുന്നതിനെയും സിരാവീക്കത്തെയും” ഇത് തടയുന്നു. കൂടാതെ, ധമനികളുടെ കട്ടികൂടിയ ഭിത്തികളും ജിറാഫിന്റെ കാലുകൾക്കു ചുറ്റുമുള്ള കട്ടികൂടിയ മാംസപേശിയുടെ ത്വക്കും അതിന്റെ സമ്മർദ്ദത്തെ നിലനിർത്താൻ സഹായിക്കുന്നു.
ജിറാഫുകൾ ഇപ്പോഴും വനാന്തരങ്ങളിൽ വസിക്കുന്ന ഏക ഭൂഖണ്ഡം ആഫ്രിക്കയാണ്. നിങ്ങൾ അവിടെ ഒരു വന്യമൃഗസങ്കേതം സന്ദർശിക്കുകയാണെങ്കിൽ നിങ്ങൾ ഈ ശാന്തതയുള്ള തടിയൻമാർ പുൽപ്രദേശങ്ങളിലൂടെ മനോഹരമായി കുതിച്ചുപായുന്നതൊ വൃക്ഷശിഖരങ്ങളിൽനിന്ന് ശാന്തമായി ഇലകൾ അടർത്തിത്തിന്നുന്നതൊ നിരീക്ഷിക്കും. അങ്ങനെയെങ്കിൽ മി. ജിറാഫിന്റെ, ഭൂമിയിൽനിന്ന് 18 അടി മുകളിൽ എത്തുന്ന അത്ഭുതകരമായ രക്തചംക്രമണ വ്യവസ്ഥയെക്കുറിച്ച് ഓർക്കുക. നിങ്ങൾക്ക് ജിറാഫ് വെള്ളം കുടിക്കുന്നതിനുവേണ്ടി കുനിഞ്ഞുനിൽക്കുന്നത് നിരീക്ഷിക്കുന്ന ഒരു അപൂർവ വിനോദത്തിനുള്ള സന്ദർഭം ലഭിക്കുന്നെങ്കിൽ ഗുരുത്വാകർഷണത്തിന്റെ അതിയായ വ്യതിയാനത്തെ തരണംചെയ്യുന്നതിന്റെ രഹസ്യം കണ്ടുപിടിക്കുന്നതിന് മനുഷ്യൻ ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കയാണെന്ന് ഓർക്കുക. ജിറാഫുകൾ ഉയർന്നതൊ താഴ്ന്നതൊ ആയ രക്തസമ്മർദ്ദം അനുഭവിക്കാത്തതെന്തുകൊണ്ടാണ്? അവയുടെ നിർമ്മാതാവായ യഹോവയാം ദൈവം മാത്രം അറിയുന്നു! അവ അവന്റെ അത്ഭുതകരമായി രൂപകല്പന ചെയ്യപ്പെട്ട സൃഷ്ടികളാണ്.—ഇയ്യോബ് 37:14, 16. (g87 11/8)