ലോകം 1914-നുശേഷം
ഭാഗം 3: 1935-1940 സർവരാജ്യസഖ്യം അതിന്റെ മരണത്തിലേക്ക് പ്രാഞ്ചിപ്പോകുന്നു
സർവരാജ്യ സഖ്യം അതിന്റെ ജനനം മുതൽതന്നെ ഒരു രോഗം ബാധിച്ച ശിശുവായിരുന്നു. അതിന്റെ 1920-ലെ ആദ്യത്തെ മീറ്റിംഗ് “രാഷ്ട്രങ്ങളുടെ ഒരു ലോകരാജ്യ സഖ്യത്തേക്കാൾ താണപടിയിൽ, സഖ്യത്തെ തങ്ങളുടെതന്നെ രാഷ്ട്രീയ ഉദ്ദേശ്യങ്ങൾക്കുതകുന്നതാക്കിത്തീർക്കുക എന്ന ലക്ഷ്യത്തിൽ ദേശീയ താല്പര്യങ്ങളെ അനുധാവനം ചെയ്തിരുന്ന പ്രമുഖ യൂറോപ്യൻ ശക്തികളുടെ ഒരു ചർച്ചാ സമ്മേളനമായിരുന്നു” എന്ന് ചരിത്രകാരനായ എച്ച്. ഗാട്ട്സ്കെ പറയുന്നു. ദേശീയത്വചിന്ത തുടച്ചു നീക്കുന്നതുവരെ കുട്ടിയുടെ ജീവൻ മാറ്റമില്ലാതെ അപകടത്തിൽ തുടരുകയായിരുന്നു.
ആയിരത്തിതൊള്ളായിരത്തി മുപ്പതുകളുടെ ആരംഭഘട്ടത്തിൽ സഖ്യത്തിലെ അനേക അംഗങ്ങളും വ്യക്തമായി അസംതൃപ്തരായിരുന്നു. ദൃഷ്ടാന്തത്തിന്, ഇറ്റലിക്ക് ലോകത്തെ അസംസ്കൃത സാധനങ്ങളുടെ ഉചിതമായ വീതം ലഭിക്കുന്നില്ലെന്നും ലോക കമ്പോളങ്ങളിലും നിക്ഷേപ സാദ്ധ്യതകളിലും ഉള്ള അതിന്റെ പ്രവേശം തടയപ്പെട്ടിരിക്കുന്നു എന്നും അതു വിചാരിച്ചു. അതുകൊണ്ട് 1935-ൽ ദേശീയ താല്പര്യത്തെ മുൻനിർത്തി അത് എത്യോപ്യയെ ആക്രമിച്ചു. അതേ പ്രയാസങ്ങളാൽ 1937-ൽ ജപ്പാൻ ചൈനയിലേക്കു നീങ്ങി. രണ്ടു സംഗതികളിലും സഖ്യം ഇടപെടുന്നതിൽ അശക്തമായിരുന്നു.
വ്യക്തമായും, സഖ്യത്തിന്റെ പിന്തുണക്കാർ ആഗ്രഹിച്ചിരുന്നതുപോലെ, അതുവരെ 20 വയസ്സ് തികയാതിരുന്ന അത് വലിയ ആരോഗ്യവാനായ കൗമാര പ്രായക്കാരൻ ആയിരുന്നില്ല. അതിന്റെ കാലികമായ രോഗം, ചരിത്രകാരനായ ഹെർമൽഗ്രാമൽ, “ജനീവയിലെ [സഖ്യത്തിന്റെ മുഖ്യ സ്ഥാനത്തെ] അന്തരീക്ഷം ഒരു ശവസംസ്ക്കാര സ്ഥലത്തേതുപോലുള്ളതായിരുന്നു” എന്ന് പറഞ്ഞപ്പോൾ, 1936-ന്റെ പ്രാരംഭത്തിൽ ഉൽക്കണ്ഠക്കിടയാക്കിയിരുന്നു. ഇറ്റലിയുടെയും ജപ്പാന്റെയും അഹങ്കാരപൂർവ്വകമായ പെരുമാറ്റത്തെ അഭിമുഖീകരിച്ചിരുന്ന സഖ്യം, അഡോൾഫ് എന്നു പേരായ ഒരു മനുഷ്യനെ പരാമർശിക്കാതിരുന്നത് അതിശയമല്ല.
“ഹിറ്റ്ലറുടെ ഇഷ്ടപ്പെട്ട വിഷയം”
ജർമ്മനിയും അസംതൃപ്തമായിരുന്നു. അത് യൂറോപ്യൻ നേതൃത്വത്തിൽ ഒരു സ്ഥാനം വീണ്ടെടുക്കുന്നതിനുള്ള കഠിനപോരാട്ടം നടത്തിക്കൊണ്ടിരിക്കയായിരുന്നു. 1920-കളിലെ ജർമ്മനിയുടെ സായുധ സൈന്യത്തിന്റെ തലവനായിരുന്ന ജനറൽ ഹാൻസ് വോൺ സീക്റ്റ്, ഒരു ‘പുതിയ യുദ്ധം കൂടാതെ ജർമ്മനിയുടെ ഒരു നവീന ഉന്നമനം അചിന്തിതമായിരുന്നു എന്ന് തറപ്പിച്ചു പറഞ്ഞു,’ എന്ന് ഒരു ജർമ്മൻ പാഠപുസ്തകം പറയുന്നു; പട്ടാള നടപടിയുടെ സാദ്ധ്യതയുള്ള ആവശ്യത്തെ ഹിറ്റ്ലർ തള്ളിക്കളഞ്ഞുമിരുന്നില്ല. ഒരു ജർമ്മൻ മിലിററ്റി ചരിത്ര ഗവേഷണ സ്ഥാപനം പറയുന്നതനുസരിച്ച്, “എല്ലാ ഭരണകൂടങ്ങളുടെയും പ്രധാന ഉപാധികൾ [1933-നും 1939-നും ഇടയ്ക്ക്] പ്രത്യക്ഷമായോ പരോക്തമായോ പുനഃരായുധീകരണത്തിന്റെ ഉദ്ദേശ്യത്തിന് സേവിച്ചത്” അതുകൊണ്ടാണ്.
ഹിറ്റ്ലറുടെ കാഴ്ചപ്പാടിൽ, “ജർമ്മൻ ‘ജനത’ 8 കോടി 5 ലക്ഷം ആളുകൾ ഉൾപ്പെടുന്ന ഒരു ഏകീകൃത ‘വർഗ്ഗീയ കേന്ദ്ര ബിന്ദു’ ആയി രൂപീകരിക്കപ്പെട്ടവരായിരുന്നു. ഹിറ്റ്ലറുടെ പരിണാമവാദസിദ്ധാന്തത്തോടുള്ള കപടമായ സമീപനം, ഈ ‘വർഗ്ഗീയ കേന്ദ്രബിന്ദു’ അതിന്റെ ‘പ്രദേശത്തെ’ ജയിച്ചടക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. അതുകൊണ്ട്, തുബിജൻ യൂണിവേഴ്സിറ്റിയിലെ ആധുനിക ചരിത്ര വിഭാഗം പ്രൊഫസറായ ഗെർഹാർഡ് ഷൂൾസ് പറയുന്നതുപോലെ: “പുതിയ പ്രദേശത്തിന്റെ ആക്രമിച്ചു കീഴടക്കൽ ഹിറ്റ്ലറുടെ ഇഷ്ടപ്പെട്ട വിഷയമായിരുന്നു.”
യഥാർത്ഥത്തിൽ ഹിറ്റ്ലർ എവിടെ ആരംഭിക്കണമെന്ന് തീരുമാനിക്കാൻ സർവരാജ്യ സഖ്യം സഹായിച്ചു. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഒടുവിൽ, ഫ്രാൻസിനും ജർമ്മനിക്കും ഇടയ്ക്കുള്ളതും നൂറ്റാണ്ടുകളായി അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പന്താടിക്കൊണ്ടിരുന്നതുമായ സാർലാൻഡ് എന്ന പ്രദേശം സർവരാജ്യസഖ്യത്തിന്റെ ഭരണത്തിൻ കീഴിൽ വെച്ചിരുന്നു. എന്നാൽ സാർ പൗരൻമാർക്ക് പിന്നീട് വോട്ടിൽകൂടെ സഖ്യത്തിന്റെ നിയന്ത്രണത്തിൽ നിൽക്കണമോ ഫ്രാൻസിന്റെയോ ജർമ്മനിയുടെയോ ഭാഗമായിത്തീരണമോ എന്ന് തീരുമാനിക്കുന്നതിനുള്ള ഒരു അവസരം വെച്ചിരുന്നു. 1935-ലേയ്ക്ക് ഒരു സാർവ്വത്രിക ജനഹിത പരിശോധന പട്ടികപ്പെടുത്തിയിരുന്നു.
ആ സമയം ഹിറ്റ്ലർ വളരെ ജനസമ്മതിയാർജ്ജിച്ചിരുന്നു. ചെറുപ്പക്കാരായ വിദ്യാർത്ഥികളോട് ചിലപ്പോൾ കേട്ടെഴുത്ത് എഴുതാൻ ആജ്ഞാപിച്ചിരുന്നു, ദൃഷ്ടാന്തത്തിന്: “യേശു മനുഷ്യവർഗ്ഗത്തെ പാപത്തിൽനിന്നും നരകത്തിൽനിന്നും സ്വാതന്ത്ര്യപ്പെടുത്തിയതുപോലെ ഹിറ്റ്ലർ ജർമ്മൻ ജനതയെ നാശത്തിൽനിന്നു രക്ഷിച്ചു. യേശുവും ഹിറ്റ്ലറും പീഡിപ്പിക്കപ്പെട്ടു, എന്നാൽ യേശു ക്രൂശിക്കപ്പെട്ടപ്പോൾ, ഹിറ്റ്ലർ ചാൻസലർ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു . . . യേശു സ്വർഗ്ഗത്തിനുവേണ്ടി പണിതു, ഹിറ്റ്ലർ ജർമ്മൻ ഭൂമിക്കുവേണ്ടി പണിതു.”
ക്രിസ്തീയ നിഷ്പക്ഷത പാലിക്കുന്നതിൽ നിന്ന് വളരെ അകന്ന് മതനേതാക്കൻമാർ ജനഹിത പരിശോധനാ രാഷ്ട്രീയത്തിൽ ഉത്സാഹത്തോടെ ഉൾപ്പെട്ടു. സാറിലെ പ്രബലമായ കത്തോലിക്കാ നിവാസികൾ തങ്ങളുടെ ബിഷപ്പൻമാർ തങ്ങളോട് ഇപ്രകാരം പറഞ്ഞതിനെ ഹൃദയപൂർവ്വം സ്വീകരിച്ചു: “ജർമ്മൻ കത്തോലിക്കർ എന്ന നിലയിൽ നാം നമ്മുടെ പിതൃരാജ്യത്തിന്റെ മഹത്വത്തെയും സമൃദ്ധിയെയും സമാധാനത്തെയും പിന്താങ്ങാൻ കടപ്പെട്ടിരിക്കുന്നു.” കത്തോലിക്കാ തൊഴിൽ സംഘടനകൾ ഇപ്രകാരം മുന്നറിയിപ്പു നൽകുകയും ചെയ്തു: “തന്റെ പിതൃദേശത്തോട് വിശ്വസ്തതയില്ലാത്തവൻ തന്റെ ദൈവത്തോടും വിശ്വസ്തനല്ല.”
തീർച്ചയായും എല്ലാവരും ഇതിനോട് യോജിക്കയില്ല. ആ കാലത്തെ ഒരു പ്രഖ്യാതനായ എഴുത്തുകാരനായ ഹെൻറിച്ച്മാൻ ഇപ്രകാരം മുന്നറിയിപ്പു നൽകി: “നിങ്ങൾ ഹിറ്റ്ലർക്ക് വോട്ട് ചെയ്യുകയാണെങ്കിൽ നിങ്ങൾ അയാളുടെ ആയുസ്സ് ദീർഘിപ്പിക്കയും അയാളുടെ തെറ്റായ പ്രവർത്തനങ്ങൾക്കുള്ള ഉത്തരവാദിത്തത്തിൽ പങ്കുവഹിക്കുകയും ചെയ്യും. . . . , അയാൾ ഒഴിച്ചുകൂടാൻ പാടില്ലാത്തതാക്കിത്തീർത്ത യുദ്ധത്തിനുപോലും.” എന്നാൽ അത്തരം മുന്നറിയിപ്പിൻ വാക്കുകൾ വളരെ കുറവായിരുന്നു. ഇത് പത്രപ്രവർത്തകനായിരുന്ന കുർട്ട് തുക്കോൾസ്കി ഇപ്രകാരം എഴുതാൻ ഇടയാക്കി, സാറിനെ “ഇംഗ്ലണ്ടും ഫ്രാൻസും സർവരാജ്യസഖ്യവും അന്തർദ്ദേശീയ തൊഴിലാളി സംഘടനകളും ജനങ്ങളും ചേർന്ന് ശൂന്യമാക്കിത്തീർത്തു.”
ഈ സാഹചര്യങ്ങൾ അനുവദിക്കപ്പെട്ടതിനാൽ, ജനഹിത പരിശോധനയിൽ ഹിറ്റ്ലറുടെ വിജയം മുൻകൂട്ടി തീർച്ചപ്പെട്ടിരുന്നതാണ്. അടിപ്പെടുത്തപ്പെട്ട ഒരു 90.8 ശതമാനം ജർമ്മൻ കോമൺവെൽത്തിന്റെ ഭാഗമായിത്തീരുന്നതിനു അനുകൂലമായി വോട്ട് ചെയ്തു.
ഈ ആദ്യത്തെ പ്രമുഖ വിദേശനയ വിജയത്തിനുശേഷം ഹിറ്റ്ലർ മുന്നേറാൻ പ്രേരിതനായിത്തീർന്നു. ഹിറ്റ്ലർ വേഴ്സായ്ൽസ് ഉടമ്പടിയുടെ നിബന്ധനകൾ ലംഘിച്ചുകൊണ്ട് 1936-ൽ റൈൻലാൻഡിനെ പുനഃസൈനീകരിച്ചപ്പോൾ നേരത്തെതന്നെ മരണശയ്യയിലായിരുന്ന സർവരാജ്യസഖ്യം ഇടപെടാൻ കഴിയാത്തവിധത്തിൽ വളരെ ബലഹീനമായിരുന്നു. 1938-ൽ ആസ്ട്രിയ കൈവശപ്പെടുത്തുന്നതിൽ നിന്നോ ആ വർഷം അവസാനത്തോടെ ജർമ്മൻകാർ അധികമായി വസിച്ചിരുന്ന ചെക്കോസ്ലോവാക്യായുടെ ഭാഗമായിരുന്ന സുഡെറ്റൻലാൻഡ്, 1939-ൽ ആ രാജ്യത്തിന്റെ ശേഷിച്ചഭാഗം ആക്രമിക്കുന്നതിന്റെ പ്രാരംഭമായി, അധീനപ്പെടുത്തുന്നതിൽ നിന്നോ ആരും അയാളെ തടഞ്ഞില്ല. നിശ്ചയമായും, ഉച്ചത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു, എന്നാൽ അധികമായി ഒന്നുമുണ്ടായിരുന്നില്ല.
അവസാന റിഹേഴ്സലുകൾ—എന്തിനുവേണ്ടി?
അതുവരെയുള്ള ഹിറ്റ്ലറുടെ കേറി ആക്രമിക്കുന്ന യുദ്ധങ്ങൾ രക്തച്ചൊരിച്ചിൽ കൂടാതെ മുന്നേറിയിരുന്നു. എന്നാൽ മുകളിൽ പരാമർശിച്ച ഇറ്റലിയും ജപ്പാനും ഉൾപ്പെടാൻ ഇടയായിത്തീർന്ന പോരാട്ടങ്ങൾ അങ്ങനെയായിരുന്നില്ല. ഇറ്റാലിയൻ പരാമർശനഗ്രൻഥമായ ലൂമോ എയ്ൽടെമ്പോ ഇപ്രകാരം പറയുന്നു, “എത്യോപ്യയുടെമേലുള്ള ഫാസിസ്റ്റ് ഇറ്റലിയുടെ ആക്രമണം അതിന്റെ സൂക്ഷ്മ വിശദാംശത്തിൽ വരെ തയ്യാർ ചെയ്യപ്പെട്ടതും വസ്തുക്കൾ വിപുലമായി ചെലവു ചെയ്തുകൊണ്ടും വിപുലമായ പരസ്യ ഉപാധികളുടെ പിന്തുണയോടുകൂടെയും നിർവ്വഹിക്കപ്പെട്ടതായിരുന്നു.” ആ യുദ്ധം 1935-ൽ ആരംഭിക്കയും 1936-ൽ എത്യോപ്യ പൂർണ്ണമായും കൈവശമാക്കുകയും ചെയ്തു. ലോകം ബോംബാക്രമണങ്ങളെക്കുറിച്ചും വിഷവാതകത്തിന്റെ ഉപയോഗത്തെക്കുറിച്ചും കേട്ട് ഞെട്ടിപ്പോയി.
ഏഷ്യയിൽ, ചൈന 1931-ൽ ദക്ഷിണ മഞ്ചൂറിയൻ ട്രെയിൻ ബോംബു ചെയ്യാൻ ശ്രമിച്ചതായി കുറ്റം ചുമത്തപ്പെട്ടപ്പോൾ ജപ്പാൻ ഇത് ഒരു ഒഴികഴിവായി കടന്നുപിടിച്ചുകൊണ്ട് മഞ്ചൂറിയായിലേക്ക് സൈന്യത്തെ അയയ്ക്കാൻ കഴിയത്തക്കവണ്ണം ജപ്പാന്റെ സൈനീകാശ്രയത്വം അത്ര ശക്തമായിത്തീർന്നിരുന്നു. 1937-ൽ അവർ നേരെ ചൈനയിലേക്ക് കടക്കുകയും ഷാംഗ്ഹായ്, പെക്കിംഗ്, നാൻകിംഗ്, ഹാൻകോവ്, കാൻറൺ എന്നീ നഗരങ്ങൾ ഉൾപ്പെടെ ദേശത്തിന്റെ വിസ്തൃതഭാഗങ്ങൾ പിടിച്ചടക്കുകയും ചെയ്തു.
ഇതിനിടയിൽ യൂറോപ്പിൽ, 1936-ൽ സ്പെയിനിൽ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടു. ഹിറ്റ്ലറും മുസോളിനിയും ഇതിൽ തങ്ങളുടെ ഏറ്റവും ആധുനികങ്ങളായ യുദ്ധായുധങ്ങളും യുദ്ധതന്ത്രങ്ങളും പരീക്ഷിക്കുന്നതിനുള്ള ഒരു അവസരം കണ്ടെത്തി. മഞ്ചൂറിയായിലെയും ചൈനയിലെയും എത്യോപ്യയിലെയും യുദ്ധങ്ങളെപ്പോലെ ഇതും ഭാവിയിലെ വലിപ്പമേറിയ ചിലതിനുവേണ്ടിയുള്ള പൂർണ്ണ റിഹേഴ്സൽ ആയി ഉതകി. ഒരു എഴുത്തുകാരൻ പറയുന്നതനുസരിച്ച്, സ്പാനിഷ് സംഘട്ടനത്തിൽ അക്ഷുലക്ഷത്തിൽ അധികം പേർ മരിച്ചു. ഇത് ലോകശ്രദ്ധ പിടിച്ചുപറ്റിയതിൽ അതിശയമില്ല. ഈ പൂർണ്ണ റിഹേഴ്സൽ മുഖ്യശീർഷകങ്ങളാകാൻ തക്ക പ്രാധാന്യമുള്ളവയായിരുന്നെങ്കിൽ വരാനിരുന്ന പ്രധാന സംഭവത്തെക്കുറിച്ച് എന്ത്?
മിന്നൽ യൂറോപ്പിൻമേൽ അടിക്കുന്നു
ലോകരംഗത്തെ വികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരുന്ന ജനാധിപത്യരാഷ്ട്രങ്ങൾ ഉൽക്കണ്ഠാകുലരായിത്തീർന്നു. ഗ്രേറ്റ് ബ്രിട്ടൻ നിർബന്ധ പട്ടാള സേവനം ആനയിച്ചു. പിന്നീട്, 1939-ൽ ജർമ്മനിയും സോവിയറ്റ് യൂണിയനും ഒരു അനാക്രമണ സന്ധി ഒപ്പിട്ടുകൊണ്ട് ലോകത്തെ അതിശയിപ്പിച്ചു. യഥാർത്ഥത്തിൽ അത് പോളണ്ടിനെ അവർ തമ്മിൽ വിഭജിച്ചെടുക്കുന്നതിനുള്ള ഒരു രഹസ്യ ഉടമ്പടി ആയിരുന്നു. പടിഞ്ഞാറൻ ജനാധിപത്യ രാഷ്ട്രങ്ങൾ ഇടപെടാതിരിക്കാൻ ഒരിക്കൽ കൂടി ചൂതാട്ടം നടത്തിക്കൊണ്ട് ഹിറ്റ്ലർ 1939 സെപ്റ്റംബർ 1-ാം തീയതി അതിരാവിലെ 4:45-ന് തന്റെ സൈന്യത്തെ പോളണ്ടിലേക്ക് അയച്ചു.
എന്നാൽ ഈ പ്രാവശ്യം അയാൾക്കു തെറ്റുപറ്റി. രണ്ടു ദിവസത്തിനുശേഷം ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. സെപ്റ്റംബർ 17-ാം തീയതി സോവിയറ്റ് സൈന്യം പോളണ്ടിനെ കിഴക്കുനിന്ന് ആക്രമിച്ചു, ആ മാസാവസാനം, എല്ലാ പ്രായോഗിക ഉദ്ദേശ്യങ്ങൾക്കും വേണ്ടി പോളിഷ് പ്രശ്നം പരിഹരിക്കപ്പെട്ടു. “മിന്നൽ യുദ്ധം” എന്നർത്ഥമുള്ള ബ്ലിറ്റ്സ്ക്രേഗ് എന്ന ജർമ്മൻ വാക്കിന് അർഹമായ ഒരു ത്വരിത സൈനിക പ്രസ്ഥാനത്തിന്റെ സമാരംഭത്തോടെ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചിരുന്നു. വിജയത്തിന്റെ തിളക്കത്തിൽ ഹിറ്റ്ലർ പാശ്ചാത്യശക്തികളുമായി സമാധാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്തു. “അയാൾ ഇതു കാര്യമായി എടുത്തിരുന്നോ” എന്നതിനെക്കുറിച്ച് ജർമ്മൻ ചരിത്രകാരനായ വാൾത്തർ ഹോഫർ ഇപ്രകാരം എഴുതുന്നു, “യാതൊരു ഉറപ്പോടുംകൂടെ ഉത്തരം പറയാൻ കഴിയാത്ത ഒരു ചോദ്യമാണ്.”
ആദ്യത്തെ ഏതാനും യുദ്ധ വർഷങ്ങൾ വിനാശകഫലങ്ങൾ ഉളവാക്കിക്കൊണ്ട് മിന്നൽ വേഗതയിൽ നടത്തപ്പെട്ട അവിചാരിത ആക്രമണങ്ങളാൽ വിശേഷമാക്കപ്പെട്ടിരുന്നു. സോവിയറ്റുകൾ പെട്ടെന്ന് എസ്തോണിയായിലും ലാറ്റ്വിയായിലും ലിതുന്യയിലും സോവിയറ്റ് സൈന്യത്തെ അവരുടെ മണ്ണിൽ നിലയുറപ്പിക്കുന്നതിന് അനുവദിക്കുന്നതിനു നിർബന്ധിതമാക്കി. അതുതന്നെ ചെയ്യുന്നതിന് ഫിൻലാൻഡിനോടാവശ്യപ്പെട്ടപ്പോൾ തിരസ്ക്കരിക്കയും സോവിയറ്റുകളാൽ 1939 നവംബർ 30-ാം തീയതി പിടിച്ചടക്കപ്പെടുകയും ചെയ്തു. തുടർന്നുവന്ന മാർച്ചിൽ ഫിൻലാൻഡ് സോവിയറ്റ് നിബന്ധനകളിൻ കീഴിൽ സമാധാനത്തിനുവേണ്ടി അപേക്ഷിച്ചു.
എന്നാൽ ഇതിനിടയിൽ, ബ്രിട്ടനും ഫ്രാൻസും ഫിൻലാൻഡിനെ സഹായിക്കാൻ നിഷ്പക്ഷമായ നോർവേയിൽ കൂടെ പോകുന്നതിനുവേണ്ടി പരിചിന്തിച്ചു. എന്നാൽ ഫിൻലാൻഡ് സമാധാനാഭ്യർത്ഥന നടത്തിയപ്പോൾ, അപ്രകാരം ചെയ്യുന്നതിന് യാതൊരു ന്യായീകരണവുമില്ലാതിരുന്നതിനാൽ സഖ്യകക്ഷികൾ ആ പദ്ധതികൾ നീട്ടിവെച്ചു. പിന്നീട് കരയ്ക്കിറങ്ങുന്നതിനുള്ള ഒരു പ്രാരംഭ പടി എന്ന നിലയിൽ അവർ 1940 ഏപ്രിൽ 8-ാം തീയതി നോർവീജിയൻ ജലാശയത്തിൽ മൈൻ വിതറാൻ ആരംഭിച്ചു. അടുത്ത ദിവസം, നോർവീജിയക്കാർ ഈ മൈൻ വിതറൽ ക്രിയയെ എതിർക്കുന്നതിനു മുഴുശ്രദ്ധയും നൽകിയിരുന്നപ്പോൾ, ജർമ്മൻകാർ അപ്രതീക്ഷിതമായി നോർവേയിലും ഡെൻമാർക്കിലും സൈന്യത്തെ ഇറക്കി. ഒരാഴ്ചക്കകം, ബ്രിട്ടീഷ് സൈന്യം നോർവേയിൽ ഇറങ്ങി, എന്നാൽ പല വിജയങ്ങൾക്കുംശേഷം, തെക്കുനിന്നുള്ള അസ്വസ്ഥമായ റിപ്പോർട്ടുകൾമൂലം അവർ പിൻമാറാൻ നിർബന്ധിതരായിത്തീർന്നു.
മാസങ്ങളോളം അവിടെ നിലനിന്നിരുന്ന ചോദ്യമിതായിരുന്നു: ജർമ്മനി ഫ്രാൻസിനെതിരെ എപ്പോൾ എതിലെ നീങ്ങും? മിക്ക സൈനികനടപടികളും നാവിക യുദ്ധങ്ങളിൽ ഒതുക്കിനിർത്തിക്കൊണ്ട് സമയം കടന്നുപോയി. കരയിൽ എല്ലാം ശാന്തമായിരുന്നു. ചില പത്രപ്രവർത്തകർ ഒരു “കപടയുദ്ധ”മെന്നു പറയാൻ തുടങ്ങി, മേലാൽ ഒരു ബ്ലിറ്റ്സ്ക്രേഗ് അല്ല, എന്നാൽ, പകരം ഒരു സിറ്റ്സ്ക്രേഗ്, അർത്ഥം “ഇരുന്നുകൊണ്ടുള്ള യുദ്ധം,” ആയിരുന്നു.
എന്നിരുന്നാലും, 1940 മെയ് 10-ാം തീയതി ജർമ്മനിയുടെ പെട്ടെന്നുള്ള ആക്രമണത്തിൽ അവാസ്തവികം ഒന്നും ഉണ്ടായിരുന്നില്ല. അവർ ഫ്രാൻസിനെ ജർമ്മനിയിൽനിന്ന് അതിന്റെ അതിർത്തിയിൽ പ്രതിരോധിക്കുന്ന രേഖയായ മാഗിനോട്ട് രേഖ കുറുകെ കടന്നുകൊണ്ട് താഴ്ന്ന പ്രദേശങ്ങളിലൂടെ തുളച്ചു കയറിക്കൊണ്ട് ബൽജിയത്തിൽകൂടി വേഗത്തിൽ നീങ്ങുകയും മെയ് 12-ന് ഫ്രാൻസിന്റെ അതിർത്തിയിൽ എത്തുകയും ചെയ്തു. മെയ് 14-ലോടെ നെതർലാൻഡ്സ് വീണു. പിന്നീട് ഉത്തര ഫ്രാൻസിൽകൂടി ശക്തിയായി മുന്നോട്ട് കുതിച്ചുകൊണ്ട് ജർമ്മൻപട ആയിരക്കണക്കിനു ബ്രിട്ടീഷ്, ഫ്രഞ്ച്, ബൽജിയൻ പടയാളികളെ, തങ്ങളുടെ പിന്നിൽ ഇംഗ്ലീഷ് ചാനൽ ഉണ്ടായിരുന്നതിനാൽ, കുടുക്കിൽ അകപ്പെടുത്തി. ഒരു സിറ്റ്സ്ക്രേഗ് ആയിരിക്കുന്നതിനേക്കാൾ വളരെ ഉയർന്ന് ഇത് പൂർണ്ണ അളവിലുള്ള ബിറ്റ്സ്ക്രേഗ് ആയിരുന്നു!
മെയ് 26-ാം തീയതി ഫ്രാൻസിലെ ഡെൻകെർക്കിൽ യുദ്ധചരിത്രത്തിലെ ഏറ്റവും രംഗപ്പകിട്ടുള്ള വിമോചന പ്രവർത്തനങ്ങളിൽ ഒന്ന് ആരംഭിച്ചു. പത്തു ദിവസങ്ങളിൽ നേവി വാഹനങ്ങളും നൂറുകണക്കിനു അസൈനികബോട്ടുകളും ഉദ്ദേശം 3,40,000 സൈനികരെ ഇംഗ്ലീഷ് ചാനലിനു കുറുകെ ബ്രിട്ടനിലേക്ക് സുരക്ഷിതമായി കടത്തി. എന്നാൽ എല്ലാവരും രക്ഷപ്പെട്ടില്ല. മൂന്നാഴ്ചയ്ക്കുള്ളിൽ ജർമ്മൻകാർ പത്തുലക്ഷം പേരെ തടങ്കലിൽ ഇട്ടു.
ജൂൺ 10-ന് ഇറ്റലി ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസിനും എതിരെ യുദ്ധം പ്രഖ്യാപിച്ചു. പിന്നീട് നാലുദിവസങ്ങൾക്കുശേഷം പാരീസ് ജർമ്മനിയോട് തോറ്റു. ആ മാസം അവസാനിക്കുന്നതിനു മുമ്പ്, ഒരു താല്ക്കാലിക ഫ്രാൻകോ-ജർമ്മൻ സന്ധി ഒപ്പുവെക്കപ്പെട്ടു. ഇപ്പോൾ ബ്രിട്ടൻ ഒറ്റയ്ക്കു നിന്നു. ഹോഫർ വിവരിച്ച പ്രകാരം: “ഹിറ്റ്ലർ പോലും സാദ്ധ്യമെന്നു വിചാരിക്കാതിരുന്ന ഒരു ബ്ലിറ്റ്സ്ക്രേഗ് വേഗതയിൽ, അയാൾ പശ്ചിമ യൂറോപ്പിന്റെ യജമാനൻ ആയിത്തീർന്നു.”
ഹിറ്റ്ലർ പ്രതീക്ഷിച്ചതിനു വിപരീതമായി, ബ്രിട്ടൻ സമാധാനത്തിനുവേണ്ടി അപേക്ഷിച്ചില്ല. അതുകൊണ്ട് അയാൾ ജൂലൈ 16-ാം തീയതി ബ്രിട്ടീഷ് ദ്വീപുകളുടെ പിടിച്ചടക്കലിനുവേണ്ടി “ഓപ്പറേഷൻ സീ ലയൻ” എന്ന പരിപാടിക്ക് ആജ്ഞ നൽകി. ബ്രിട്ടൻ വീണ്ടുമുണ്ടായ കടന്നാക്രമണം ഹേതുവായി മിന്നലിനുവേണ്ടി ശക്തിമുഴുവൻ സംഭരിച്ചു.
ഇപ്പോൾ എന്ത്?
വർഷങ്ങളോളം യഹോവയുടെ സാക്ഷികൾ സർവരാജ്യസഖ്യത്തിന്റെ മരണം പരസ്യമായി മുൻകൂട്ടിപ്പറഞ്ഞുകൊണ്ടിരുന്നു.a ഇപ്പോൾ രണ്ടാം ലോകമഹായുദ്ധത്തിന്റെ മിന്നൽപോലുള്ള പൊട്ടിപ്പുറപ്പെടൽ, അതിന്റെ ജീവിക്കാൻ വേണ്ടിയുള്ള വേദനാജനകമായ പോരാട്ടം അവസാനിപ്പിച്ചു. ഒരു ദീർഘമായ അവധികഴിഞ്ഞുള്ള സംസ്ക്കാരം നടക്കണമായിരുന്നു. വെളിപ്പാട് 17:7-11-വരെ പറഞ്ഞിരിക്കുന്നതുപോലെ ശരീരം അഗാധകൂപത്തിൽ വിശ്രമിക്കാൻ വെക്കണമായിരുന്നു, ആ തിരുവെഴുത്തിന്റെ അടിസ്ഥാനത്തിൽ സാക്ഷികൾ അതിന്റെ പരാജയം മുൻകൂട്ടി പറഞ്ഞിരുന്നു.
എന്നാൽ മരിച്ചശേഷം, ഇപ്പോൾ എന്ത്? സാദ്ധ്യതയനുസരിച്ച് ആ യുദ്ധം വലിപ്പമേറിയ എന്തിലേക്കെങ്കിലും, ഒരുപക്ഷേ അർമ്മഗെദ്ദോൻ എന്നു വിളിക്കപ്പെടുന്ന “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തിലേക്ക് നയിക്കുമോ? (വെളിപ്പാട് 6:4; 16:14, 16 താരതമ്യപ്പെടുത്തുക.) യുദ്ധം തുടർന്ന് എപ്രകാരം വികാസം പ്രാപിക്കുമെന്ന് അറിയാൻ ആകാംക്ഷയുണ്ടായിരുന്നെങ്കിലും, യഹോവയുടെ സാക്ഷികൾ വ്യക്തിപരമായി ഇടപെടുകയില്ലെന്ന് തീരുമാനം ചെയ്തിരുന്നു. അവർ ക്രിസ്തീയ നിഷ്പക്ഷത പാലിക്കേണ്ടിയിരുന്നു, ഇത് അവർക്ക്—സ്വേച്ഛാധിപത്യരാജ്യങ്ങളിലും ജനാധിപത്യരാഷ്ട്രങ്ങളിലും—നിരോധനങ്ങൾക്കും തടവിനും കോടതി നടപടികൾക്കും പൊതുജന ആക്രമണത്തിനും ഇടവരുത്തിയെങ്കിലും. ആ യുദ്ധവർഷമായ 1940-ൽ ഒരു ലക്ഷത്തിൽ കുറവായിരുന്നെങ്കിലും അവർ ദൈവത്തിന്റെ സ്ഥാപിക്കപ്പെട്ട രാജ്യത്തിന്റെ ദൂത്, യഥാർത്ഥ പ്രത്യാശയുടെ ദൂത് പരത്തുന്നതിൽ മുന്നേറി.
“ഭയത്താൽ നയിക്കപ്പെട്ട്, അതിവേദന അനുഭവിക്കുന്ന രാഷ്ട്രങ്ങൾക്ക്” കൃത്യമായും ആവശ്യമായിരിക്കുന്നത് പ്രത്യാശയാണ്. ഞങ്ങളുടെ അടുത്ത ലക്കത്തിലെ, “ലോകം 1914-നുശേഷം” എന്ന ഈ പരമ്പരയിലെ ഭാഗം 4-ന്റെ ശീർഷകം ഇതാണ്. (g87 4/8)
[അടിക്കുറിപ്പുകൾ]
a ദൃഷ്ടാന്തത്തിന്, 1922 ഏപ്രിൽ 1-ലെ വാച്ച്ടവർ പേജ് 108 ഇപ്രകാരം പറഞ്ഞു: “സാത്താൻ . . . ഇപ്പോൾ ഒരു സർവരാജ്യസഖ്യം അഥവാ രാഷ്ട്രങ്ങളുടെ സമിതി എന്നു നാമകരണം ചെയ്യപ്പെട്ട ഒരു ക്രമീകരണത്തിൻ കീഴിൽ ഒരു അഖിലാണ്ഡ സാമ്രാജ്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. . . . ഈ സഖ്യം അവിശുദ്ധമായ ഒന്നാണ്, പെട്ടെന്നുതന്നെ തകരുകയും ചെയ്യും.”
[16-ാം പേജിലെ ചതുരം]
വാർത്ത ഉളവാക്കിയ മറ്റ് ഇനങ്ങൾ
1935—ചൈനയിലെ യാംഗ്റ്റ്സ് നദിയിലെ വെള്ളപ്പൊക്കത്തിൽ 2,00,000-ൽ പരം ആളുകൾ മരിച്ചു
1936—ദി ക്വീൻ മേരി ഓഷൻ ലൈനർ 95 മണിക്കൂർ 57 മിനിറ്റ് എന്ന റിക്കാർഡ് സമയംകൊണ്ട് അറ്റ്ലാൻറിക്ക് കുറുകെ കടന്നു
ബർലിൻ ഒളിംപിക്ക് ഗെയിംസിൽ കറുത്ത അമേരിക്കക്കാരിയായ ജസി ഓവെൻ നാലു സ്വർണ്ണമെഡൽ നേടിയപ്പോൾ ഹിറ്റ്ലർ രോഷാകുലനായിത്തീർന്നു
1937—ഡ്യൂപോണ്ട്, നൈലോൺ എന്ന ഒരു പുതിയ ഉല്പന്നത്തിന്റെ നിർമ്മാണാവകാശക്കുത്തക സുരക്ഷിതമാക്കി
ഹിൻഡെൻബർഗ് എന്ന ജർമ്മൻ വിമാനം അറ്റ്ലാൻറിക്കിനു കുറുകെ പറന്നശേഷം ന്യൂജേഴ്സിയിൽ കടന്നപ്പോൾ തീപിടിച്ച് 36 പേർ മരിച്ചു
1938—വത്തിക്കാൻ ഫ്രാങ്കോ ഭരണകൂടത്തെ ഔദ്യോഗിക സ്പാനിഷ് ഗവൺമെൻറായി അംഗീകരിച്ചു
ഹാൻ, സ്ട്രാസ്മാൻ എന്നീ ശാസ്ത്രജ്ഞൻമാർ യുറേനിയം വിഘടിപ്പിക്കുന്നതിന് ന്യൂട്രോൺസ് ഉപയോഗിക്കാൻ കഴിയുമെന്ന് കണ്ടുപിടിച്ചു
ജർമ്മനിയിലെ യഹൂദ കടകൾ കൊള്ളയടിക്കയും നശിപ്പിക്കയും ചെയ്ത ക്രിസ്റ്റൽനാച്ച് (സ്ഫടിക രാത്രി എന്നു വിളിക്കപ്പെട്ട രാത്രി
1939—ടർക്കി ഭൂകമ്പത്തിൽ ദശസഹസ്രക്കണക്കിനാളുകൾ കൊല്ലപ്പെട്ടു
ആദ്യത്തെ ജറ്റ് വിമാന എഞ്ചിൻ വികസിപ്പിക്കുകയും ആദ്യത്തെ ഹെലികോപ്റ്റർ നിർമ്മിക്കുകയും ചെയ്യുന്നു
1940—ബ്രിട്ടീഷുകാർ പുതുതായി വികസിപ്പിച്ചെടുത്ത റഡാർ വ്യോമയുദ്ധത്തിൽ ഉപയോഗിക്കുന്നു
[15-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
1940 വരെയുള്ള അച്ചുതണ്ടു ശക്തികളുടെ യൂറോപ്പിലെ വികസനം
അച്ചുതണ്ട് രാഷ്ട്രങ്ങളും പിടിച്ചടക്കിയ സ്ഥലങ്ങളും
നോർവേ
ഡെൻമാർക്ക്
നെതർലാൻഡ്സ്
ബൽജിയം
ലുക്സെംബർഗ്—
സുഡെറ്റെൻലാൻഡ്
പോളണ്ട്
റൈൻലാൻഡ്
ഫ്രാൻസ്
ആസ്ട്രിയ
ചെക്കോസ്ലോവാക്യ
ഹങ്കറി
റൊമേനിയ
അൽബേനിയ
[13-ാം പേജിലെ ചിത്രങ്ങൾ]
യുദ്ധം സഖ്യത്തിന്റെ മരണമണിമുഴക്കി
[കടപ്പാട്]
U.S. National Archives photo
[കടപ്പാട്]
U.S. Army photo