ശരിയായ സൈന്യത്തെ കണ്ടെത്തുന്നു
അത് 1944 ആയിരുന്നു—രണ്ടാം ലോകമഹായുദ്ധകാലം. ഞാൻ സഖ്യകക്ഷികളാൽ പിടിക്കപ്പെട്ട ഒരു ജർമ്മൻ തടവുകാരനായിരുന്നു. അവിടെനിന്ന് രക്ഷപെടാനുള്ള എന്റെ ആഗ്രഹം ജ്വലിച്ചുകൊണ്ടിരുന്നു. ഒടുവിൽ അത് അനിയന്ത്രിതമായിത്തീർന്നു. അതുകൊണ്ടാണ് മറ്റൊന്നും വകവെക്കാതെ ഞാനും വേറെ 13 തടവുകാരും സ്പാനിഷ് മൊറോക്കോയുടെ അതിർത്തിക്കടുത്തുവച്ച് ചീറിപ്പാഞ്ഞുകൊണ്ടിരുന്ന ഒരു ട്രെയിനിൽ നിന്ന് താഴേക്ക് ചാടിയത്.
ഗുരുതരമായി പരുക്കേറ്റെങ്കിലും ഞങ്ങളെല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നിരുന്നാലും ഞങ്ങളുടെ സ്വാതന്ത്ര്യം അധികം നാൾ നിലനിന്നില്ല. നാല് ദിവസങ്ങൾക്കുശേഷം അറേബ്യൻ മരുഭൂമിയിലെ കുതിരപ്പോലീസ് ഞങ്ങളെ പിടികൂടി. എങ്കിലും സ്വാതന്ത്ര്യത്തിനുള്ള ആഗ്രഹം ജ്വലിച്ചുകൊണ്ടേയിരുന്നു. ഇതിൽ പരുക്കേൽക്കുന്നതിനേക്കാൾ കൂടുതൽ ഉൾപ്പെട്ടിരുന്നു—വീണ്ടും പിടിക്കപ്പെടുന്നതിന്റെ അവമാനവും വീര്യം കെടുത്തുന്ന കഠോരശിക്ഷയും.
മാസങ്ങൾ പിന്നിട്ടു. ഞങ്ങൾ ക്ലാസബ്ലാങ്കായിൽ തടവുകാരായിരുന്നു. രക്ഷപ്പെടാനുള്ള മറ്റൊരു പദ്ധതി. ഇപ്രാവശ്യം ഞങ്ങൾ വളരെ കഷ്ടപ്പെട്ട് 65 അടി (20 മീ.) വരുന്ന ഒരു തുരങ്കം കുഴിച്ചു. അതുണ്ടാക്കാൻ മൂന്ന് മാസത്തെ കഠിന പ്രയത്നം ആവശ്യമായിരുന്നു. അന്തിമമായി രക്ഷപ്പെടാനുള്ള ആ രാത്രി വന്നു ചേർന്നു. വീണ്ടും ഞങ്ങളെല്ലാവരും രക്ഷപ്പെട്ടു.
വീണ്ടും ഞങ്ങളെ നിരാശപ്പെടുത്തുമാറ്, സ്വാതന്ത്ര്യം അധികം നാൾ നീണ്ടുനിന്നില്ല. ചുരുക്കം ദിവസങ്ങൾക്കുശേഷം ഞങ്ങളെ വീണ്ടും പിടികൂടി. ഇപ്രാവശ്യം ഞങ്ങളുടെ ശിക്ഷ ഒരു പ്രത്യേക ജയിലിലെ ഏകാന്തതയും ഒരു മാസത്തെ കഠിന വേലയുമായിരുന്നു. അതിനുശേഷം ഞങ്ങളെ സാധാരണ ജയിലിലേക്കു മാറ്റി.
എനിക്ക് 19 വയസ്സേ ഉണ്ടായിരുന്നുള്ളു. ആ അനുഭവങ്ങൾ എന്റെ മനസ്സിൽ നന്നായി പതിഞ്ഞു. ആ സമയത്ത് ഞാൻ ശരിയായ സൈന്യത്തിലാണെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതുകൊണ്ട് സകല ശ്രമവും മൂല്യവത്താണെന്ന് തോന്നി.
കുട്ടിക്കാല പരിശീലനം
ഞാൻ 1925 സെപ്റ്റംബറിൽ വടക്കേ ജർമ്മനിയിലുള്ള ബ്രിമെനിനടുത്ത് ജനിച്ചു. എന്റെ പിതാവ് ഒരു നീന്തൽ വിദഗ്ദ്ധനും ഐസു പാളികളിൻമേൽ വിദഗ്ദ്ധമായി ചരിക്കുന്നവനും ഒരു വിദഗ്ദ്ധ ഫുട്ട്ബോൾ കളിക്കാരനുമായിരുന്നു. അതുകൊണ്ട് ഞാനും കളികളിൽ അതീവ താല്പര്യത്തോടെ വളർന്നുവന്നു. എനിക്ക് വായനയിലും പ്രിയമായിരുന്നു. എന്റെ മാതാപിതാക്കൾ ക്രിസ്മസ്സിനും ശവസംസ്ക്കാരത്തിനും മറ്റ് പ്രത്യേക അവസരങ്ങളിലും മാത്രമേ പള്ളിയിൽ പോയിരുന്നുള്ളു. ഞാൻ പള്ളിയിൽ പോയപ്പോൾ പാസ്റ്ററുടെ പ്രസംഗസമയത്ത് ഉറക്കംതൂങ്ങുന്ന അനേകരെ കണ്ട് അതിശയിച്ചുപോയി.
ഞാൻ വളരുമളവിൽ, വീരകൃത്യങ്ങൾ വിവരിക്കുന്ന കഥകൾ വായിക്കുന്നതിലും മറ്റ് രാജ്യങ്ങളെക്കുറിച്ച് പഠിക്കുന്നതിലും പുളകംകൊണ്ടിരുന്നു. ഞാൻ ആസ്ട്രേലിയായുടെയും പാപ്പുവാ ന്യൂഗിനിയായുടെയും ഇടയ്ക്കുള്ള ഒരു വലിയ കടലിടുക്കായ റ്റോറസ് സ്ട്രെയിറ്റിനെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കുന്നത് ഓർക്കുന്നു. ഭൂമിയുടെ ഈ വിദൂരത്തിലുള്ള അമ്പരപ്പിക്കുന്ന ഭാഗം എന്റെ മനംകവർന്നു. ഒരു ദിനം ഞാൻ ഈ വിദൂരപ്രദേശം സന്ദർശിച്ചേക്കാമെന്നുള്ള സന്ദിഗ്ദ്ധമായ പ്രതീക്ഷകൾ എനിക്കുണ്ടായിരുന്നു.
ഞങ്ങൾക്ക് ഒരു വിജ്ഞാനകോശമുണ്ടായിരുന്നു. അതിൽ ഞാൻ ലോകത്തിലെ നിരവധി മതങ്ങളെയും അവരുടെ വ്യത്യസ്ത ദൈവങ്ങളെയും കുറിച്ച് വായിക്കുകയുണ്ടായി. ഇവയിൽ ഒരു സത്യദൈവം വാസ്തവത്തിൽ ഉണ്ടായിരിക്കുമോ എന്ന് ഞാൻ ചിലപ്പോൾ ചിന്തിച്ചിട്ടുണ്ട്. തപാലിൽ എന്റെ പിതാവിന് ഡെർ സ്റ്റർമർ എന്നു പേരുള്ള ഒരു ലഘുലേഖ ലഭിച്ചിരുന്നു. അതിൽ ഉപയോഗിച്ചിരിക്കുന്ന ബൈബിളുദ്ധരണികളിൽ കൂടെക്കൂടെ യഹോവ എന്ന അസാധാരണ പേര് ഉപയോഗിച്ചിരുന്നതിനാൽ ഞാൻ അതിശയിച്ചുപോയി. ഇത് യഹൂദൻമാരുടെ ദൈവത്തിന്റെ പേരാണെന്ന് പിതാവ് വിശദീകരിച്ചുതന്നു. ഞാൻ ഒഡിൻ, തോർ, ഫ്രിഗാ തുടങ്ങിയ നിരവധി പുരാതന ദൈവങ്ങളെക്കുറിച്ചും ശിവ, വിഷ്ണു, ബ്രഹ്മ എന്നീ ഹൈന്ദവ ദൈവങ്ങളെക്കുറിച്ചും വായിച്ചിട്ടുണ്ട്. എന്നാൽ യഹോവ എന്ന പേര് ഇതിനുമുമ്പ് ഞാൻ ഒരിക്കലും കണ്ടിട്ടില്ല.
സൈന്യജീവിതത്തിലെ ആദ്യപങ്ക്
നാസി ഭരണകാലത്ത് വളർന്നുവരവെ, ഞാൻ ഹിറ്റ്ലറുടെ യുവപ്രസ്ഥാനത്തിൽ ചേർന്നു. 1939-ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ എനിക്ക് 14 വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഞാൻ യുദ്ധത്തിനുവേണ്ടി പരിശീലിപ്പിക്കപ്പെട്ടു. കാലാന്തരത്തിൽ, വിമാനാക്രമണം എന്റെ ജീവിതവൃത്തിയായിത്തീർന്നു. ഒരിക്കൽ ഒരു തീബോംബ് എന്റെ വീടിന്റെ മേൽക്കൂരയിലൂടെ താഴേക്ക് വന്ന് എന്റെ കിടയ്ക്കയ്ക്കു സമീപം വീണപ്പോൾ ഞാൻ പെട്ടെന്ന് ഉറക്കമുണർന്നു. ഞാൻ അത് മണൽ ചാക്കുകളാൽ കെടുത്തി. അങ്ങനെ ഞങ്ങളുടെ വീട് സംരക്ഷിച്ചു.
1943-ൽ ഞാൻ പാരട്രൂപ്പിൽ ചേരുകയും ഫ്രാൻസിലേക്ക് പരിശീലനത്തിനായി പോവുകയും ചെയ്തു. അടിസ്ഥാന പരിശീലനത്തിനുശേഷം എന്നെ ഇറ്റലിയിലെ നെറ്റുനോ, അൻസിയോ എന്നിവിടങ്ങളിലുള്ള മുന്നണിയിലേക്കയച്ചു. ഒരു വെടിയുണ്ട എന്റെ കാലിൽ കുത്തിക്കയറിയതിനാൽ ഞാൻ ആറ് ആഴ്ചക്കാലം ബൊളൊഗ്നായിലെ ഒരാശുപത്രിയിലായിരുന്നു. പിന്നീട് ഞാൻ വീണ്ടും ജോലിയിൽ പ്രവേശിച്ചു. അധികം താമസിയാതെ ഇറ്റലിയിലെ സിയനായ്ക്കടുത്തുവച്ച് ഞാൻ തടവുപുള്ളിയായി പിടിക്കപ്പെട്ടു.
എന്നെയും എന്റെ 13 കൂട്ടുകാരെയും ട്രെയിനിൽ ഫ്രഞ്ച് മൊറോക്കോയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഞാൻ ആദ്യമായി രക്ഷപ്പെടാൻ ശ്രമിച്ചത്. ഞങ്ങളെ വീണ്ടും പിടിച്ചശേഷം സഹാറാ മരുഭൂമിയ്ക്കടുത്തുള്ള അറ്റ്ലസ് മലകളിലെ യുദ്ധതടവുകാരുടെ പാളയത്തിലാക്കി. അവിടെ വച്ചാണ് മണ്ണും വൈക്കോലും വെള്ളവും ഉപയോഗിച്ച് ഇഷ്ടികയുണ്ടാക്കുന്ന വിധം ഞാൻ പഠിച്ചത്. പിന്നീട് ഞങ്ങളെ കാസബ്ലാൻകാ ജയിലിലേക്ക് മാറ്റി. അവിടെവച്ചാണ് തുരങ്കമുണ്ടാക്കി രക്ഷപ്പെടാനുള്ള ഞങ്ങളുടെ രണ്ടാമത്തെ ശ്രമം.
ഫ്രഞ്ച് വിദേശ സേന
1945-ൽ യുദ്ധം അവസാനിച്ചെങ്കിലും ഞങ്ങളെ മൊറൊക്കോയിൽ തടവുകാരായി വെച്ചിരുന്നു. 1947-ൽ ഞങ്ങളെ ഫ്രാൻസിലേക്ക് കൊണ്ടുപോയി. അവിടെ 1948 വരെ ഞാൻ ഒരു തടവുകാരനായി കഴിഞ്ഞു. വിമോചനത്തിനുശേഷം എന്റെ ആദ്യത്തെ ജോലി പൈറിനീസിൽ തടിമുറിയ്ക്കലായിരുന്നു. അതിനുശേഷം 1950-ൽ കമ്യൂണിസത്തിനെതിരെ പോരാടാൻ ഞാൻ ഫ്രഞ്ച് വിദേശസേനയിൽ ചേർന്നു. ആദ്യം എന്നെ അൾജീരിയായിലെ സിഡിബൽ അബ്ബസിലേക്കും പിന്നീട് ഫ്രഞ്ച് സേനയിൽ ഒരു പാരട്രൂപ്പ് ഭടനെന്നനിലയിൽ ഫിലിപ്പിയിലേക്കും അയയ്ക്കുകയുണ്ടായി.
അടുത്തതായി, ഇൻഡോ ചൈനയിൽ പോരാടാൻ ഞാൻ നിയമിക്കപ്പെട്ടു. അവിടെവച്ച് പതിയിരുപ്പുകാരുടെ ആക്രമത്താൽ എനിക്ക് പരുക്കേറ്റു. അതിൽ ഞങ്ങൾ രണ്ടുപേരു മാത്രമേ രക്ഷപ്പെട്ടുള്ളു. ഇപ്രാവശ്യം ആറാഴ്ചക്കാലം ഞാൻ ഹാനോയിലെ ഒരാശുപത്രിയിലായിരുന്നു. സൗഖ്യം വന്നശേഷം, വനത്തിലും നെൽപ്പാടങ്ങളിലും പോരാടാൻ എന്നെ വീണ്ടും അയയ്ക്കുകയുണ്ടായി. ഒരു പാരട്രൂപ്പുഭടനെന്നനിലയിൽ ഞാൻ മൊത്തം 20 ചാട്ടങ്ങളിൽ കുതിവെട്ടിയിട്ടുണ്ട്.
അന്തിമമായി, എനിക്ക് മഞ്ഞപ്പിത്തം പിടിപെട്ട് ഞാൻ ഗുരുതരാവസ്ഥയിലായി. ആർമി ഡോക്ടർമാർക്ക് എന്റെ ജീവനെക്കുറിച്ചുള്ള ആശ നശിച്ചു. എന്നിരുന്നാലും ഞാൻ രോഗത്തിൽനിന്ന് സുഖംപ്രാപിച്ചു. വീണ്ടും ജോലിയിൽ പ്രവേശിക്കാൻ വയ്യാത്ത ഒരവസ്ഥയിലായിരുന്നെങ്കിലും എനിക്ക് നീതിപൂർവ്വം ജോലിയിൽനിന്ന് വിമുക്തനാകാൻ കഴിഞ്ഞില്ല. സന്ദർഭവശാൽ, വടക്കേ ആഫ്രിക്കയിലേക്ക് പോകാൻ എനിക്ക് ദീർഘമായ അവധി അനുവദിച്ചു.
അവിടെയായിരിക്കുമ്പോൾ രക്ഷപ്പെടാൻ ഞാൻ മറ്റൊരു ശ്രമം നടത്തി. പക്ഷേ ഇപ്രാവശ്യം ഒറ്റയ്ക്കാണ്. രക്ഷപ്പെട്ട നൂറു പേരിൽ 99 പേരെയും വീണ്ടും പിടികൂടുന്നതായി ഞാൻ മനസ്സിലാക്കി. അതുകൊണ്ട് എന്റെ പ്ലാനുകൾ അതിശ്രദ്ധയോടെയായിരുന്നു. ഞാൻ ഒരു തരത്തിൽ ലയോറ്റി തുറമുഖത്തെത്തി. ഒരു ജർമ്മൻ ബോട്ടിൽ കയറി. അങ്ങനെ ഒരിക്കൽ സമുദ്രത്തിലൂടെ ജർമ്മനിയിലേക്കു പോയാൽ ഞാൻ രക്ഷപ്പെട്ടു.
പത്ത് വർഷങ്ങൾക്കുശേഷം ഞാൻ വീണ്ടും സന്തോഷപൂർവ്വം ജർമ്മനിയിലെ എന്റെ കുടുംബാംഗങ്ങളോടു ചേർന്നു. എന്റെ സ്കൂളിലെ പഴയ ഒരു കൂട്ടുകാരൻ ബ്രിട്ടീഷ് സേനയുടെ ജർമ്മൻ യൂണിറ്റിൽ ചേരാൻ എന്നെ സഹായിച്ചു. അങ്ങനെ അത് എന്റെ മൂന്നാമത്തെ സേനയായിത്തീർന്നു. ഞാൻ വളരെ പണം സമ്പാദിച്ചെങ്കിലും എനിക്ക് സൈന്യജീവിതത്തിൽ കൂടുതൽ മടുപ്പ് തോന്നിത്തുടങ്ങി.
ഒരു പുതുനാട്ടിൽ ഒരു പുതുജീവിതം
കാനഡയിലോ ആസ്ട്രേലിയായിലോ കുടിയേറിപ്പാർക്കാനുള്ള അവസരം എനിക്ക് കൈവന്നു. ഞാൻ ആസ്ട്രേലിയ തെരഞ്ഞെടുത്തു. ഞാൻ 1955 ജൂണിൽ ന്യൂ സൗത്ത് വെയ്ൽസിന്റെ തലസ്ഥാന നഗരമായ സിഡ്നിയിൽ എത്തിച്ചേർന്നു. സിഡ്നിയിൽനിന്ന് 300 മൈൽ (480 കി.മീ.) അകലെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മഞ്ഞുമലകളിലെ ഒരു വലിയ ജലവൈദ്യുത പദ്ധതിയിൽ ജോലി ലഭ്യമാണെന്ന് ഞാൻ മനസ്സിലാക്കി. ഇത് വിഷമമേറിയ ജോലിയാണെന്നും അതേസമയം നല്ല ശമ്പളം ലഭിക്കുമെന്നും ഞാൻ മനസ്സിലാക്കി. ആ പദ്ധതിയിൽ നിരവധി ജർമ്മൻകാരും മറ്റ് യൂറോപ്യൻ കുടിയേറ്റക്കാരും ജോലിചെയ്യുന്നുണ്ടെന്നും ഞാൻ കേട്ടു.
യുദ്ധ സമയം മുതൽ ഞാൻ മതത്തെക്കുറിച്ച് അധികമൊന്നും ചിന്തിച്ചിട്ടില്ല. യുദ്ധസമയത്ത് കണ്ട കാര്യങ്ങൾ നിമിത്തം അതിലെ എന്റെ വിശ്വാസം നഷ്ടപ്പെട്ടു. ഞാൻ യഹോവയുടെ സാക്ഷികളെക്കുറിച്ച് ഒരിക്കലും കേട്ടിരുന്നില്ല. എന്നാൽ ഒരു സാക്ഷിയാണെന്ന് എന്നോടു പറഞ്ഞ എന്റെ ഒരു സഹജോലിക്കാരൻ ലോകാവസ്ഥകളുടെ പരിഹാരത്തെക്കുറിച്ച് എന്നോട് പലപ്പോഴും സംസാരിക്കുകയുണ്ടായി. അയാൾ പറഞ്ഞത് വളരെ അർത്ഥവത്തായിരുന്നു. എന്നാൽ അധികം താമസിയാതെ അയാൾ സിഡ്നിയിലേക്ക് പോവുകയും അയാളുമായുള്ള എന്റെ സമ്പർക്കം നഷ്ടപ്പെടുകയും ചെയ്തു.
ഈ സമയത്ത് ഞാൻ ക്രിസ്റ്റയെ കണ്ടുമുട്ടുകയും അവളെ വിവാഹം കഴിക്കയും ചെയ്തു. ഞാൻ സാക്ഷി എന്നോടു പറഞ്ഞ കാര്യങ്ങൾ എന്റെ ഭാര്യയോടു പറഞ്ഞു. അവൾക്കും അതിൽ താല്പര്യമായി. അതുകൊണ്ട് ഞങ്ങൾ സിഡ്നി സന്ദർശിച്ചപ്പോൾ അയാളെ വീണ്ടും കണ്ടെത്തി. അയാൾ ജർമ്മൻകാരനായിരുന്നെങ്കിലും അയാൾക്ക് ഇംഗ്ലീഷ് നന്നായി എഴുതാനും വായിക്കാനും അറിയാമായിരുന്നു. അയാൾ ഞങ്ങൾക്ക് നഷ്ടപ്പെട്ട പറുദീസ മുതൽ വീണ്ടുകിട്ടിയ പറുദീസ വരെ എന്ന ഒരു ഇംഗ്ലീഷ് പുസ്തകം തന്നു. ഞാനും ക്രിസ്റ്റയും അപ്പോഴും ഇംഗ്ലീഷ് പഠിച്ചുകൊണ്ടിരുന്നതിനാൽ ആ പുസ്തകത്തിൽ വിവരിച്ച സകലതും മനസ്സിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും അതിലെ ചിത്രങ്ങളിൽനിന്ന് ഞങ്ങൾക്ക് വളരെയധികം മനസ്സിലാക്കാൻ കഴിഞ്ഞു.
ആ പുസ്തകം ജർമ്മൻ ഭാഷയിലും ലഭ്യമാണെന്ന് സാക്ഷി എന്നോട് പറഞ്ഞപ്പോൾ, മഴയുള്ള ഒരു വാരാന്ത്യത്തിൽ ഞങ്ങൾ ഉടനടി സ്ട്രാത്ത് ഫീൽഡിലുള്ള വാച്ച്ടവർ സൊസൈറ്റിയുടെ ആസ്ട്രേലിയൻ ബ്രാഞ്ചാഫീസിലേക്ക് തിരിച്ചു. അവിടെ ഞങ്ങൾ ജർമ്മൻ ഭാഷയിലുള്ള പുസ്തകം സമ്പാദിക്കുകയും ഒരു രാത്രിയിൽ തന്നെ അത് വായിച്ചു തീർക്കുകയും ചെയ്തു. പിന്നീട് സ്ട്രാത്ത് ഫീൽഡിലുള്ള രാജ്യഹോളിൽ മീറ്റിംഗ് പങ്കുപറ്റാൻ ഞങ്ങൾ വീണ്ടും അങ്ങോട്ടു പോയി. അവിടെ എല്ലാവരും സൗഹൃദഭാവമുള്ളവരായിരുന്നു. അത് യഥാർത്ഥ സൗഹൃദമായി ഞങ്ങൾക്ക് തോന്നി—കപടമായിരുന്നില്ല. ഞങ്ങൾ അവിടെനിന്ന് ജർമ്മൻഭാഷയിലുള്ള മറ്റനേകം പുസ്തകങ്ങളും വീക്ഷാഗോപുരം, ഉണരുക! മാസികകളും വാങ്ങി മടങ്ങി.
ഞാൻ ജാഗ്രതയോടെ മുന്നേറുന്നു
ഞങ്ങൾ പഠിച്ച കാര്യങ്ങൾ വളരെ അത്ഭുതകരമായി തോന്നിയെങ്കിലും, ഏതെങ്കിലും വിധത്തിൽ അതിൽ ഉൾപ്പെടുന്നതിനെക്കുറിച്ച് ഞാൻ ജാഗ്രതയുള്ളവനായിരുന്നു. ഇത്, ഭാഗികമായി, സംഘടിതമതത്തിലെ എന്റെ അമ്മയുടെ അനുഭവം നിമിത്തമായിരുന്നു. 1936-ൽ എന്റെ അമ്മ ലൂഥറൻ സഭയിൽ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങൾ നിമിത്തം നിരാശപ്പെട്ട് അതിൽനിന്ന് രാജിവെക്കുകയുണ്ടായി. എന്നിരുന്നാലും അവൾ തന്റെ ദൈവവിശ്വാസം വെടിഞ്ഞില്ല. ദൈവത്തെക്കുറിച്ച് എന്നോട് ചിലപ്പോൾ സംസാരിക്കുകയും ചെയ്തിരുന്നു.
1943-ൽ ഞാൻ പട്ടാളത്തിൽ ചേർന്നപ്പോൾ ഞങ്ങളെല്ലാവരും പള്ളിയിൽ പോകേണ്ടിയിരുന്നു. അവിടെ ഞങ്ങൾ പുരോഹിതന്റെ ഒരു പ്രസംഗം ശ്രദ്ധിച്ചു. ഞങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെട്ടാൽ ഞങ്ങൾ പെട്ടെന്ന് സ്വർഗ്ഗത്തിലേക്ക് പോകുമെന്നും അവിടെ ഞങ്ങൾ പുരാതന കാലത്തെ എല്ലാ വീരൻമാരോടും ഒത്തുചേരുമെന്നും പുരോഹിതൻ ഞങ്ങൾക്ക് ഉറപ്പു നൽകി. പിന്നീട്, സൈനിക കിടങ്ങുകളിൽ നിരവധി പട്ടാളക്കാർ സംരക്ഷണത്തിനായി കുരിശുകൾ ധരിക്കുന്നതും ഞാൻ നിരീക്ഷിച്ചു. എന്റെ തൊട്ടു മുമ്പിൽ വച്ച് എന്റെ കൂട്ടുകാരൻ കൊല്ലപ്പെട്ടപ്പോൾ അവൻ കുരിശ് ധരിച്ചിരുന്നു. യുദ്ധ ഭീതിക്കുശേഷം എന്റെ ചിന്ത ഇതായിരുന്നു: ‘കുരിശ് അവനുവേണ്ടി എന്തു ചെയ്തു?’
ബ്രിട്ടീഷ് പട്ടാളക്കാരും കുരിശ് ധരിച്ചിരിക്കുന്നതു കണ്ട് ഞാൻ അതിശയിച്ചുപോയി. ഞാൻ ഇപ്രകാരം ചിന്തിച്ചു: ‘ഇതാണ് ക്രിസ്ത്യാനിത്വമെങ്കിൽ എനിക്ക് ക്രിസ്തീയ മതം വേണ്ട.’ എന്തിനധികം, ക്രിസ്ത്യാനികളാണെന്ന് അവകാശപ്പെടുന്നവർ ഇരുപക്ഷത്തുമുണ്ടായിരുന്നു—അവർ പരസ്പരം കൊല്ലുന്നു!
അടുത്ത പ്രാവശ്യം ഞാൻ ആ പുരോഹിതനെ കണ്ടപ്പോൾ, ഞാൻ ഇതു സംബന്ധിച്ച് ചോദിച്ചു. ഒരു യുദ്ധം നടക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ രാജ്യത്തിനുവേണ്ടി പോരാടണമെന്നും യുദ്ധശേഷം എല്ലാവരും തങ്ങളുടെ സഭകളിലേക്ക് മടങ്ങിപ്പോകണമെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഇതിലധികം ആവശ്യമായിരുന്നില്ല! ‘നിശ്ചയമായും ഇതിൽ എന്തോ കുഴപ്പമുണ്ട്’ എന്ന് ഞാൻ മനസ്സിലാക്കി. എന്റെ അമ്മ സഭയിൽനിന്ന് രാജിവെച്ചതെന്തുകൊണ്ടെന്നും എനിക്കിപ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞു.
അതുകൊണ്ട് ഞാൻ തികച്ചും ജാഗ്രതയുള്ളവനായിരുന്നു. എന്നിരുന്നാലും സത്യത്തിന്റെ ബൈബിൾ ദൂത് വ്യത്യസ്തമാണെന്ന് അധികം താമസിയാതെ എനിക്ക് ബോദ്ധ്യം വന്നു. സംഘടിത മതത്തിന്റെ കപടഭക്തി ബൈബിൾ പഠിപ്പിക്കുന്നതല്ല. ഇപ്പോൾ ലോകത്തിൽ ഇത്രമാത്രം കുഴപ്പങ്ങളും കലഹങ്ങളുമുള്ളതെന്തുകൊണ്ടെന്ന് എനിക്കു മനസ്സിലായി. അന്തിമമായി യഹോവ ആരാണെന്നു പഠിക്കാൻ ഞാൻ സന്തുഷ്ടനായിരുന്നു. എന്റെ പിതാവ് എന്നോട് പറഞ്ഞതുപോലെ അവൻ യഹൂദൻമാരുടെ മാത്രം ദൈവമല്ല, സകലരുടെയും സത്യദൈവമാണ്.
യേശുക്രിസ്തുവിന്റെ സ്ഥാനമെന്തെന്നും ഞാൻ പഠിച്ചു. അവൻ യഹോവയുടെ ഇഷ്ടപുത്രനാണ്. നാം ചെയ്യേണ്ടതെന്തെന്ന് കാണിക്കേണ്ടതിനും നാം നിത്യജീവൻ നേടേണ്ടതിന് ഒരു മറുവില നൽകേണ്ടതിനുമായി യഹോവ അവനെ ഭൂമിയിലേക്കയച്ചു. ദൈവരാജ്യം ഭൂമിയെ ഒരു പറുദീസയാക്കുമെന്നും അത് എന്നേക്കും നിലനിൽക്കുമെന്നും ഞാൻ കണ്ടെത്തി.
അവസാനം ശരിയായ സൈന്യം
ക്രിസ്തീയ മീറ്റിംഗുകൾക്ക് ക്രമായി ഹാജരാകാൻ ഞങ്ങൾ ഞങ്ങളുടെ വാരാന്ത്യയാത്രകൾ നിർത്തണമെന്ന്, അല്ലെങ്കിൽ കുറഞ്ഞപക്ഷം കുറയ്ക്കണമെന്ന് അധികം താമസിയാതെ തിരിച്ചറിഞ്ഞു. എനിക്കുണ്ടായിരുന്ന മറ്റൊരു പ്രശ്നം പുകവലിയായിരുന്നു. 16 വർഷക്കാലം ഞാൻ പ്രതിദിനം 40-60 സിഗരറ്റുകളും ഒരു പൈപ്പും ഒരു സിഗറും ഒരു ചുരുട്ടും വലിച്ചിരുന്നു. മനുഷ്യശരീരത്തിന്റെ അത്തരം അശുദ്ധി ദൈവത്തെ സന്തോഷിപ്പിക്കുന്നില്ലെന്ന് മനസ്സിലാക്കിയപ്പോൾ ഞാൻ ഒരു ദിവസത്തിനുള്ളിൽ തന്നെ പുകവലി ഉപേക്ഷിച്ചു.
1963 ഫെബ്രുവരിയിൽ ഞാനും ക്രിസ്റ്റയും യഹോവയ്ക്കുള്ള ഞങ്ങളുടെ സമർപ്പണം ജലസ്നാനത്താൽ ലക്ഷ്യപ്പെടുത്തി. അധികം താമസിയാതെ പയനിയർമാരെന്ന നിലയിൽ ഞങ്ങൾ മുഴുസമയ ശുശ്രൂഷ തുടങ്ങി. 1965-ൽ ഞങ്ങൾ പ്രത്യേക പയനിയർമാരായി നിയമിക്കപ്പെട്ടു. ഇപ്പോൾ ഞാൻ യഹോവയുടെ ക്രിസ്തീയ “സൈന്യ”ത്തിലെ ഒരു പടയാളിയാണ്.
1967-ൽ ഞങ്ങൾ പാപ്പുവാന്യൂഗിനിയായിലേക്ക് പോയി. ആദ്യം മോർസ്ബിയിലും പിന്നീട് പോപ്പെൻഡെറ്റയിലും സേവിച്ചു. ചുരുക്കം കാലത്തേക്ക് ഞങ്ങൾ ആസ്ട്രേലിയായിലേക്ക് മടങ്ങിവന്നെങ്കിലും 1970-ൽ പാപ്പുവാന്യൂഗിനിയായിലേക്ക് തിരിച്ചുപോയി. അവിടെ ഞങ്ങൾ 1981 സെപ്റ്റംബർ വരെ സേവിച്ചു. ഒരിക്കൽ ഞങ്ങൾ രണ്ട് രാജ്യഹോളുകളുടെ നിർമ്മാണത്തിൽ സഹായിക്കുകയുണ്ടായി, ബൈബിൾ സത്യം പഠിക്കാൻ നിരവധിയാളുകളെ സഹായിച്ചിട്ടുമുണ്ട്. മിക്ക സ്ഥലങ്ങളിലേക്കും എൻജിൻ വെളിയിൽ വച്ചിട്ടുള്ള വഞ്ചികളിലാണ് ഞങ്ങൾ യാത്ര ചെയ്തിരുന്നത്. മൂന്നരവർഷങ്ങൾക്കുള്ളിൽ ഞങ്ങൾ സഹായിച്ച 29 പേർ സ്നാനമേറ്റു.
ഞങ്ങൾക്ക് രണ്ടുപേർക്കും മസ്തിഷ്ക മലമ്പനി പിടിച്ചു. ഞാൻ 48 മണിക്കൂർ അബോധാവസ്ഥയിലായിരുന്നു, ജീവിച്ചിരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ല. അന്തിമമായി, 1981-ൽ ആസ്ട്രേലിയായിലേക്ക് മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. അവിടെ ബ്രിസ്ബനിലും പിന്നീട് ഉത്തര ക്യൂൻസ്ലാണ്ടിലെ കെയ്റിൻസിലും പ്രത്യേകപയനിയർമാരായി ഞങ്ങൾ തുടർന്ന് സേവിച്ചു. ഞങ്ങളുടെ ഇപ്പോഴത്തെ നിയമനം ടോറസ് സ്ട്രെയിറ്റിലെ തേഷ്ഡേ ദ്വീപിലാണ്. ഈ വിദൂര സ്ഥാനത്തെക്കുറിച്ചായിരുന്നു ഞാൻ ബാലനായിരുന്നപ്പോൾ വായിച്ചത്. എന്നെങ്കിലും എനിക്കിവിടെ വരാൻ കഴിയുമെന്ന് ഞാൻ വാസ്തവത്തിൽ വിശ്വസിച്ചിരുന്നില്ല.
23 വർഷത്തെ ഞങ്ങളുടെ പയനിയറിംഗിലേക്ക് പിൻതിരിഞ്ഞുനോക്കിയാൽ, ഈ “സൈന്യ”ത്തിൽ ചേർന്നതു നിമിത്തം ഞങ്ങൾക്ക് ദുഃഖിക്കാൻ യാതൊരു കാരണവുമില്ല. യഹോവയാം ദൈവത്തിന് തങ്ങളുടെ ജീവിതം സമർപ്പിക്കാൻ 60 പേരെ സഹായിക്കാൻ കഴിഞ്ഞതിൽ ഞങ്ങളുടെ ഹൃദയം സന്തോഷിക്കുന്നു. ഞങ്ങൾ മുഴുസമയ പ്രസംഗവേലയിൽ വലിയ സന്തുഷ്ടി കണ്ടെത്തുന്നു, ഈ അനുഗൃഹീത വേല ഏറ്റെടുക്കാൻ മറ്റുള്ളവരെ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
മൂന്ന് ദേശീയ സേനകളിൽ സേവിച്ചശേഷം യഹോവയുടെ വിജയപ്രദ സേനയിൽ ക്രിസ്തുവിന്റെ ഒരു പടയാളിയെന്ന നിലയിൽ ചേർക്കപ്പെടാൻ കഴിഞ്ഞതിൽ ഞാൻ എല്ലായ്പ്പോഴും യഹോവയ്ക്ക് നന്ദി നൽകുന്നു. ദേശീയ സേനകളിൽ എല്ലായ്പ്പോഴും നിരാശകളും മരണത്തോടടുത്ത അനുഭവങ്ങളുമായിരുന്നു എനിക്കുണ്ടായിരുന്നത്. (2 തിമൊഥെയോസ് 2:3) അതെ, ഞാൻ അന്തിമമായി ശരിയായ സൈന്യത്തെ കണ്ടെത്തി, ഞാൻ എന്നുമെന്നേക്കും ഒരു വിശ്വസ്ത പടയാളിയെന്നനിലയിൽ സേവിക്കട്ടെ എന്നാണെന്റെ പ്രാർത്ഥന.—സിഗ്മാർ സൂസ്റ്റ്മേയർ പറഞ്ഞപ്രകാരം. (g87 4/22)
[25-ാം പേജിലെ ആകർഷകവാക്യം]
ഒരു തീബോംബ് ഞങ്ങളുടെ മേൽക്കൂരയിലൂടെ താഴേക്ക് വന്നപ്പോൾ ഞാൻ പെട്ടെന്ന് ഉറക്കമുണർന്നു
[26-ാം പേജിലെ ആകർഷകവാക്യം]
ക്രിസ്ത്യാനികളെന്നവകാശപ്പെടുന്ന പുരുഷൻമാർ ഇരുപക്ഷത്തുമുണ്ടായിരുന്നു—അവർ പരസ്പരം കൊല്ലുന്നു!
[24-ാം പേജിലെ ചിത്രം]
ഞാൻ ഫ്രഞ്ച് വിദേശ സേനയിൽ സേവിക്കുമ്പോൾ