ഒരു യുദ്ധനായകൻ ക്രിസ്തുവിന്റെ ഭടൻ ആകുന്നു
ല്വീ ലൊള്യൊ പറഞ്ഞപ്രകാരം
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിനാല് ആഗസ്റ്റ് 16. രണ്ടാം ലോക മഹായുദ്ധത്തിൽ ദക്ഷിണ ഫ്രാൻസിന്റെ തീരങ്ങളിൽ നിലയുറപ്പിച്ച സഖ്യശക്തിയുടെ ഒപ്പമായിരുന്നു ഞാൻ. മെഡിറ്ററേനിയൻ തീരത്തു വെച്ചു നടന്ന ഒരാഴ്ച നീണ്ടുനിന്ന പോരാട്ടത്തിനു ശേഷം എന്റെ ടാങ്ക് വ്യൂഹം മാർസേലിസ് തുറമുഖത്തു പ്രവേശിച്ചു. തുടർന്ന് ഞങ്ങൾ നോട്ടർ ഡാം ദെ ലാ ഗാർഡിലെ ബസിലിക്കയുടെ അടുത്തുള്ള മല വരെ ആക്രമിച്ചു കയറി. അവിടെ ഉണ്ടായിരുന്ന ജർമൻ കോട്ടകൾ പിടിച്ചടക്കുക എന്നതായിരുന്നു ഞങ്ങളുടെ ദൗത്യം.
പോരാട്ടം അതിരൂക്ഷമായിരുന്നു. ഞങ്ങളുടെ ഒരു ടാങ്ക് അപകടത്തിൽ പെട്ടതിന്റെ ഫലമായി മൂന്നു സഹപ്രവർത്തകർ കൊല്ലപ്പെട്ടു. ഒരു മൈൻ പൊട്ടിത്തെറിച്ച് എന്റെ ടാങ്കിന്റെ ചക്രങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ചങ്ങല തകർന്നു. അതിന്റെ പ്രവർത്തനം നിലച്ചു. എങ്കിലും ഒരു തുണ്ടു പ്രദേശം പോലും വിട്ടുകൊടുക്കുകയില്ല എന്ന ദൃഢനിശ്ചയത്തോടെ ഞങ്ങൾ മണിക്കൂറുകളോളം തുടർന്നും പോരാടി.
ഒരു കൈയിൽ മെഷീൻ ഗണ്ണും മറ്റേ കയ്യിൽ ഫ്രഞ്ച് പതാകയുമേന്തി, യുദ്ധത്തിന്റെ രൂക്ഷത കുറഞ്ഞ തക്കം നോക്കി, ഒരു ഫ്രഞ്ച് വിമോചന പോരാളിയോടൊപ്പം ഞാൻ മുന്നോട്ടു നീങ്ങി. ഞാൻ ക്ഷീണിച്ച് അവശനായിരുന്നു, എന്റെ ദേഹമാസകലം വെടിമരുന്നു പറ്റി കറുത്തിരുന്നു. എങ്കിലും ഞാൻ ബസിലിക്കയുടെ കവാടത്തിൽ ഫ്രഞ്ച് പതാക നാട്ടി.
സ്വാതന്ത്ര്യം
തുടർന്നുള്ള ആഴ്ചകളിൽ, പിൻവാങ്ങിക്കൊണ്ടിരുന്ന ജർമൻ സൈന്യത്തെ പിന്തുടർന്നു ഞങ്ങൾ വടക്കു ഭാഗത്തേക്കു മുന്നേറി. ഒളിപ്പോരാളികൾ നിമിത്തവും തലപ്പൊക്കത്തിൽ കമ്പികൾ വലിച്ചു കെട്ടിയിരുന്നതുകൊണ്ടും ടാങ്കുകളുടെ മേൽവാതിലുകൾ അടച്ചായിരുന്നു ഞങ്ങളുടെ മുന്നേറ്റം.
ഒക്ടോബറിൽ ഞങ്ങളുടെ സൈന്യം വടക്കു കിഴക്കൻ ഫ്രാൻസിലെ വോസ്ഗെസ് ഗിരി നിരകളിൽ സ്ഥിതി ചെയ്യുന്ന കൊച്ചു പട്ടണമായ റാമൊൻഷാനിൽ എത്തി. പട്ടണം ആളൊഴിഞ്ഞതുപോലെ തോന്നി. ചുറ്റുപാടുകൾ നിരീക്ഷിച്ചുകൊണ്ട് ഞാൻ എന്റെ ടാങ്കിന്റെ മുകളിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് ഒരു ജനാലയിലൂടെ പാഞ്ഞുവന്ന ഒരു റോക്കറ്റ് ഞങ്ങളുടെ ടാങ്കിലിടിച്ചു. അതു പൊട്ടിത്തെറിച്ച് എന്റെ മൂന്നു സൈനികർ തത്സമയം കൊല്ലപ്പെട്ടു. എനിക്കും മറ്റൊരു ഭടനും ഗുരുതരമായ പരിക്കു പറ്റി. ടാങ്കിന്റെ പ്രവർത്തനവും നിലച്ചു. എന്റെ കാലിൽ 17 ചീളുകൾ തറച്ചു കയറിയിരുന്നെങ്കിലും, മറ്റൊരു ടാങ്ക് ഞങ്ങളുടെ ടാങ്കിനെ വലിച്ചുകൊണ്ടു പോയപ്പോൾ ഞാനായിരുന്നു അതു നിയന്ത്രിച്ചിരുന്നത്.
ഈ സംഭവത്തോട് അനുബന്ധിച്ച് പെട്ടെന്നുതന്നെ എനിക്ക് ഒരു അനുമോദന സന്ദേശം ലഭിച്ചു. കുറച്ചു ദിവസം കഴിഞ്ഞ്, ഒന്നാം ഫ്രഞ്ച് പടയുടെ കമാൻഡർ ആയിരുന്ന ജനറൽ ദെ ലാറ്റ്ട്രി ദെ റ്റാസിൻയി, മാർസേലിസിലെ എന്റെ വീരകൃത്യത്തിന് എനിക്ക് ഒരു കീർത്തി മുദ്ര സമ്മാനിച്ചു. അദ്ദേഹം പറഞ്ഞു: “താമസിയാതെ നാം വീണ്ടും കാണും.”
ഏറെ നാൾ കഴിയുന്നതിനു മുമ്പ് ജനറലിന്റെ ഉപസേനാപതി ആയി എന്നെ നിയമിച്ചു. 1945 മേയ് 8-ന് ജർമൻകാർ കീഴടങ്ങിയപ്പോൾ ബെർലിനിൽ ഫ്രാൻസിനെ പ്രതിനിധാനം ചെയ്ത അദ്ദേഹത്തോടൊപ്പം ഞാനും ഉണ്ടായിരുന്നു. അടുത്ത നാലു വർഷത്തേക്ക് ഞാൻ അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തി ആയിരുന്നു.
എന്നാൽ രണ്ടാം ലോക മഹായുദ്ധത്തിലെ മുഖ്യ സംഭവങ്ങളിൽ ഞാൻ ഉൾപ്പെടാൻ ഇടയായത് എങ്ങനെ ആയിരുന്നു?
മതത്തിലും യുദ്ധത്തിലും പരിശീലിപ്പിക്കപ്പെടുന്നു
എന്റെ ദൈവത്തെയും ദേശത്തെയും സേവിക്കാനുള്ള ആഗ്രഹത്തോടെ, അടിയുറച്ച ഒരു റോമൻ കത്തോലിക്കാ മതവിശ്വാസി ആയിട്ടാണ് ഞാൻ വളർന്നു വന്നത്. ഫ്രാൻസ് രണ്ടാം ലോക മഹായുദ്ധത്തിൽ പ്രവേശിച്ചതിന് ഏതാനും ദിവസം മുമ്പ്, അതായത് 1939 ആഗസ്റ്റ് 29-ന് ഞാൻ സൈന്യത്തിൽ ചേർന്നു. എനിക്കപ്പോൾ 18 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പാരീസിലെ ഏകൊൾ മിലിട്ടെറിൽവെച്ചു ലഭിച്ച അഞ്ചു മാസത്തെ പരിശീലനത്തിനു ശേഷം, കമ്മീഷൻ ചെയ്യപ്പെടാത്ത ഒരു യുവ സൈനികനായി ഫ്രാൻസിന്റെ കിഴക്കൻ പ്രവിശ്യയിലേക്ക് എന്നെ അയച്ചു.
‘കപടയുദ്ധം’ എന്ന് അറിയപ്പെട്ടിരുന്ന കാലമായിരുന്നു അത്. കാരണം, മറ്റു സ്ഥലങ്ങളിൽ പോരാടിക്കൊണ്ടിരുന്ന ജർമൻ സൈന്യം വരുന്നതും കാത്ത് ഇരിക്കുകയായിരുന്നു ഞങ്ങളുടെ പണി. എന്നാൽ, ഒടുവിൽ ജർമൻകാർ ആക്രമിച്ചപ്പോഴാകട്ടെ, 1940 ജൂണിൽ അവർ എന്നെ തടവിലാക്കി. രണ്ടു മാസം കഴിഞ്ഞ് ഞാൻ അവിടെനിന്നു രക്ഷപ്പെട്ടു. ഒടുവിൽ ഉത്തരാഫ്രിക്കയിൽവെച്ച് എനിക്കു ഫ്രഞ്ച് സൈന്യത്തോടു ചേരാൻ സാധിച്ചു.
മരുക്കുറുക്കൻ എന്നറിയപ്പെട്ടിരുന്ന ജനറൽ ഇർവിൻ റോമെലിന്റെ കീഴിലുള്ള ജർമൻ സേനയുമായി ടുണീഷ്യയിൽ വെച്ചു നടന്ന പോരാട്ടത്തിൽ ശരീരത്തിന്റെ 70-ലധികം ശതമാനവും പൊള്ളലേറ്റ ഞാൻ ഒമ്പതു ദിവസത്തേക്ക് അബോധാവസ്ഥയിൽ ആയിരുന്നു. വടക്കു പടിഞ്ഞാറൻ അൾജീരിയയിലെ സിഡി-ബെൽ-അബ്ബീസിലുള്ള ഒരു ആശുപത്രിയിൽ ഞാൻ മൂന്നു മാസം കിടന്നു. ഫ്രഞ്ചു വിദേശ സേനയുടെ ആസ്ഥാനം അവിടെ ആയിരുന്നു. ഉത്തരാഫ്രിക്കയിൽവെച്ച് എനിക്ക് ക്രവാ ദെ ഗെർ സൈനികചക്രം ലഭിച്ചു.
ഞങ്ങളുടെ “ക്രിസ്തീയ ദൗത്യം” നിർവഹിക്കാൻ കത്തോലിക്കാ പുരോഹിതന്മാർ ഞങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നു. അവരുടെ ഉദ്ബോധനങ്ങൾക്കു ചേർച്ചയിൽ, ഫ്രാൻസിനായി എന്റെ ജീവൻ ബലിയർപ്പിക്കാൻ ഞാൻ ഒരുക്കമായിരുന്നു. സാധിച്ചപ്പോഴെല്ലാം യുദ്ധത്തിനു മുമ്പായി ഞാൻ കുർബാന കൈക്കൊണ്ടിരുന്നു. പോരാട്ടം മുറുകുമ്പോൾ ഞാൻ ദൈവത്തോടും കന്യാമറിയത്തോടും പ്രാർഥിച്ചിരുന്നു.
ശത്രു പക്ഷത്തുണ്ടായിരുന്ന പോരാളികളെ ഞാൻ ആദരിച്ചിരുന്നു. അവരിൽ പലരും ഭക്തരായ റോമൻ കത്തോലിക്കാ മതവിശ്വാസികൾ ആയിരുന്നു. ബക്കിളിൽ ഗോട്ട് മിറ്റ് ഉൺസ് (ദൈവം ഞങ്ങളോടു കൂടെ ഉണ്ട്) എന്ന് ആലേഖനം ചെയ്ത ബെൽറ്റുകൾ ചിലർ ധരിച്ചിരുന്നു. ഇരു പക്ഷത്തുനിന്നും പോരാടുന്ന ഒരേ മതക്കാരായ പടയാളികളുടെ പ്രാർഥനകൾക്കു ദൈവം ഉത്തരം അരുളുമെന്നു പ്രതീക്ഷിക്കുന്നത് വിരോധാഭാസമായി തോന്നുന്നില്ലേ?
യുദ്ധാനന്തര മാറ്റങ്ങൾ
യുദ്ധത്തിനു ശേഷം, 1947 ഏപ്രിൽ 10-ന്, ജനറൽ ദെ ലാറ്റ്ട്രി റ്റാസിൻയീയുടെ ജന്മനാടായ വെൻഡിയിലെ മൂയെറോൺ ആൻ പാരേയിൽ നിന്നുള്ള റാനിനെ ഞാൻ വിവാഹം കഴിച്ചു. ജനറൽ ആയിരുന്നു വിവാഹത്തിന്റെ സാക്ഷി. 1952 ജനുവരിയിൽ അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന് ശവസംസ്കാര ഘോഷയാത്രയിൽ ബഹുമതി പതാക വഹിച്ചതു ഞാനായിരുന്നു.
1952-ന്റെ അവസാനത്തിലെ ഒരു ഞായറാഴ്ച പ്രഭാതം. ഞാനും ഭാര്യയും മോളും കൂടി കുർബാനയ്ക്കു പോകാൻ ഒരുങ്ങുക ആയിരുന്നു. അപ്പോൾ യഹോവയുടെ സാക്ഷികളായ രണ്ടുപേർ ഞങ്ങളുടെ വാതിലിൽ മുട്ടി. ബൈബിളിനെ കുറിച്ച് അവർ പറഞ്ഞ കാര്യങ്ങൾ ഞങ്ങളുടെ താത്പര്യത്തെ തൊട്ടുണർത്തി. ഞാനും ഭാര്യയും തികഞ്ഞ മതഭക്തർ ആയിരുന്നെങ്കിലും, ഞങ്ങൾക്ക് ബൈബിളിനെ കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. കാരണം ബൈബിൾ വായിക്കുന്നതിനെ സഭ നിരുത്സാഹപ്പെടുത്തിയിരുന്നു. ഫ്രാൻസിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിന്റെ അന്നത്തെ മേൽവിചാരകൻ ആയിരുന്ന ലെയൊപോൾ ഷോന്റെ ആയിരുന്നു ഞങ്ങളെ ബൈബിൾ പഠിപ്പിച്ച ആ സാക്ഷി. അവസാനം ഞങ്ങളുടെ ബൈബിൾ പഠനത്തിൽനിന്ന്, ചെറുപ്പം മുതലേ എന്നെ സംബന്ധിച്ചിടത്തോളം കീറാമുട്ടിയായിരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ സാധിച്ചു.
ഉദാഹരണത്തിന്, ‘കർത്താവിന്റെ പ്രാർഥന’ എല്ലായ്പോഴും എന്നിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഒരു കത്തോലിക്കൻ എന്ന നിലയിൽ, മരിക്കുമ്പോൾ എല്ലാ നല്ല ആളുകളും സ്വർഗത്തിൽ പോകുമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. അങ്ങനെയാണെങ്കിൽ “അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകേണമേ” എന്ന് പ്രാർഥിക്കുന്നതിന്റെ കാരണം കണ്ടെത്താൻ എനിക്കു സാധിച്ചിരുന്നില്ല. (മത്തായി 6:9, 10, പി. ഒ. സി. ബൈബിൾ; ചെരിച്ചെഴുത്ത് ഞങ്ങളുടേത്.) ഞാൻ ഇക്കാര്യം സംസാരിച്ച പുരോഹിതന്മാർ ഒന്നുകിൽ എന്റെ ചോദ്യം അവഗണിക്കുകയോ അല്ലെങ്കിൽ എല്ലാവരും റോമൻ കത്തോലിക്കർ ആകുമ്പോൾ ഈ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കും എന്നു പറയുകയോ ആണ് ഉണ്ടായത്. എന്നാൽ അതെന്നെ തൃപ്തിപ്പെടുത്തിയില്ല.
ത്രിത്വത്തെ സംബന്ധിച്ചുള്ള എന്റെ ചോദ്യങ്ങൾക്കും പുരോഹിതന്മാർ സംതൃപ്തികരമായ ഉത്തരം നൽകിയില്ല. ഈ കത്തോലിക്കാ ഉപദേശം പറയുന്നത്, സഭാ പ്രമാണം അനുസരിച്ച്, ‘പിതാവും ദൈവമാണ്, പുത്രനും ദൈവമാണ്, പരിശുദ്ധാത്മാവും ദൈവമാണ്; എന്നിരുന്നാലും മൂന്നു ദൈവങ്ങളില്ല, ഒരു ദൈവമേയുള്ളു’ എന്നാണ്. അതുകൊണ്ട് യേശു ദൈവപുത്രനാണെന്നും അവൻ സർവശക്തൻ അല്ലെന്നുമുള്ള ബൈബിൾ പഠിപ്പിക്കൽ മനസ്സിലാക്കിയത് എനിക്കും ഭാര്യയ്ക്കും വലിയ സന്തോഷത്തിനു കാരണമായി.—മർക്കൊസ് 12:30, 32; ലൂക്കൊസ് 22:42; യോഹന്നാൻ 14:28; പ്രവൃത്തികൾ 2:32; 1 കൊരിന്ത്യർ 11:3.
ആദ്യമായി ഞങ്ങളുടെ കണ്ണുകൾ തുറന്നെന്നും ഏതൊരു ത്യാഗത്തിനും മതിയായ, അമൂല്യമായ ഒരു മുത്ത് കണ്ടെത്തിയിരിക്കുന്നുവെന്നും ഞങ്ങൾക്കു തോന്നി. (മത്തായി 13:46) ആ മുത്ത് സ്വന്തമാക്കുന്നതിന് ചില തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. സകല കാര്യങ്ങളും “ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും ചേതം എന്നു” എണ്ണുന്നു എന്നു പ്രസ്താവിച്ച അപ്പൊസ്തലനായ പൗലൊസിന്റെ വീക്ഷണം ഞങ്ങൾ പെട്ടെന്നു തന്നെ കൈക്കൊണ്ടു. അങ്ങനെ, ദൈവത്തെ സേവിക്കാനായി ഞങ്ങൾ ജീവിതത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തി.—ഫിലിപ്പിയർ 3:8.
ഞാൻ ഉറച്ചു നിലകൊള്ളുന്നു
സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ. 1953 ഏപ്രിലിൽ, ഇൻഡോചൈനയിൽ പോരാട്ടത്തിനായി അയയ്ക്കുന്ന ഫ്രഞ്ച് പ്രത്യേക ദൗത്യ സേനയിൽ ചേരാൻ എനിക്ക് ഓർഡർ ലഭിച്ചു. അപ്പോൾ ഞാൻ പാരീസ് സെനറ്റിലെ കമാൻഡിങ് ഓഫീസറുടെ സഹായ സേനാപതിയായി സേവിക്കുക ആയിരുന്നു. എന്നാൽ അപ്പോഴേക്കും നിഷ്പക്ഷത സംബന്ധിച്ചുള്ള ബൈബിൾ തത്ത്വം മനസ്സിലാക്കിയിരുന്നതിനാൽ, ഒരു തീരുമാനം എടുക്കേണ്ടതുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. (യോഹന്നാൻ 17:16) മേലാൽ യുദ്ധത്തിൽ പങ്കെടുക്കാതിരിക്കാനുള്ള തീരുമാനം വ്യക്തമാക്കിക്കൊണ്ട്, ഇൻഡോചൈനയിൽ പോരാടാനുള്ള ഓർഡർ നിരസിക്കുകയാണെന്ന് ഞാൻ എന്റെ മേലുദ്യോഗസ്ഥരെ അറിയിച്ചു.—യെശയ്യാവു 2:4.
“തനിക്ക് പേരുദോഷം ഉണ്ടാകുമെന്നും തന്റെ ഭാവി അവതാളത്തിലാകുമെന്നും അറിയാമോ?” എന്റെ മേലുദ്യോഗസ്ഥർ ചോദിച്ചു. ആലങ്കാരികമായി പറഞ്ഞാൽ, ആ നിമിഷം മുതൽ എന്നെ തഴയാൻ തുടങ്ങി. എന്നാൽ അതൊരു സംരക്ഷണം ആയിരുന്നു, കാരണം മേലാൽ ഒരിക്കലും എന്നെ സൈനിക പ്രവർത്തനങ്ങൾക്കു വിളിച്ചതേയില്ല. സമൂഹത്തിലെ ഒരു വിശിഷ്ട പദവിയായി എന്റെ മിക്ക കുടുംബാംഗങ്ങളും സുഹൃത്തുക്കളും കരുതിയിരുന്ന സ്ഥാനം വലിച്ചെറിയാൻ എനിക്ക് എങ്ങനെ കഴിഞ്ഞു എന്ന് അവർക്കു മനസ്സിലായില്ല.
എന്റെ വിശ്വാസം വ്യത്യസ്തമായിരുന്നെങ്കിലും, സൈന്യത്തിലുള്ള എന്റെ പ്രവർത്തനം സംബന്ധിച്ച രേഖ നിമിത്തം, എന്നെ ആദരിച്ചിരുന്ന അധികാരികളിൽനിന്ന് എനിക്കു നല്ല രീതിയിലുള്ള പെരുമാറ്റം ലഭിച്ചു. തുടർന്നുവന്ന രണ്ടിലധികം വർഷം എനിക്ക് ചികിത്സാവധി ലഭിച്ചു. പിന്നെ എനിക്ക് എന്റെ പ്രവർത്തനങ്ങൾ ഒന്നും പുനരാരംഭിക്കേണ്ടി വന്നതേയില്ല. അതിനിടയിൽ ഞാനും ഭാര്യയും യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിൽ യോഗങ്ങൾക്കു സംബന്ധിക്കാൻ തുടങ്ങി. മാത്രമല്ല, പുതിയതായി കണ്ടെത്തിയ വിശ്വാസത്തെ കുറിച്ച് ഞങ്ങൾ മറ്റുള്ളവരോടു സംസാരിക്കുക പോലും ചെയ്യുന്നുണ്ടായിരുന്നു.
ഒടുവിൽ ക്രിസ്തുവിന്റെ ഒരു ഭടൻ എന്നനിലയിൽ!
ഒടുവിൽ 1955-ന്റെ ആരംഭത്തിൽ, എല്ലാ സൈനിക ചുമതലകളിൽനിന്നും എന്നെ സ്വതന്ത്രനാക്കി. പതിനഞ്ചു ദിവസം കഴിഞ്ഞ് മാർച്ച് 12-ന് ഞാനും ഭാര്യയും വേഴ്സൈയിലിയിലെ ഒരു സമ്മേളനത്തിൽ വെച്ച് യഹോവയാം ദൈവത്തിനുള്ള ഞങ്ങളുടെ സമർപ്പണം ജല സ്നാപനത്തിലൂടെ പ്രതീകപ്പെടുത്തി. എന്റെ പഴയ തൊഴിൽ വിട്ട സ്ഥിതിക്ക് കുടുംബത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ എനിക്കു മറ്റൊരു തൊഴിൽ കണ്ടെത്തേണ്ടിവന്നു. അടുത്ത നാലു വർഷം ഞാൻ പാരീസിലെ ആളിൽ (സെൻട്രൽ മാർക്കറ്റ്) ഒരു ചുമട്ടു തൊഴിലാളി ആയി പണിയെടുത്തു. അത്തരമൊരു മാറ്റം എളുപ്പമല്ലായിരുന്നെങ്കിലും, യഹോവ എന്റെ ശ്രമങ്ങളെ അനുഗ്രഹിച്ചു.
കടന്നുപോയ വർഷങ്ങളിൽ, ബൈബിൾ സന്ദേശം സ്വീകരിക്കാൻ നിരവധി ആളുകളെ സഹായിക്കുന്നതിന് എനിക്കും ഭാര്യയ്ക്കും സാധിച്ചിട്ടുണ്ട്. വ്യത്യസ്ത സൈനിക-ആഭ്യന്തര അധികാരികളോട് നിഷ്പക്ഷത സംബന്ധിച്ചുള്ള ക്രിസ്തീയ വീക്ഷണം വിശദീകരിക്കാനുള്ള അവസരം എനിക്കു ലഭിച്ചിട്ടുണ്ട്. യഹോവയുടെ സാക്ഷികളെ കുറിച്ച് പലർക്കുമുള്ള മുൻവിധികൾ മാറ്റുന്നതിൽ ഒരു പടയാളി എന്ന നിലയിലുള്ള എന്റെ മുൻ ജീവിതവൃത്തി സഹായകമെന്നു തെളിഞ്ഞിരിക്കുന്നു. ക്രിസ്തുവിന്റെ ആദ്യകാല അനുഗാമികളുടെ നിലപാട് ഇതായിരുന്നു എന്നു വ്യക്തമാക്കിക്കൊണ്ട്, യുദ്ധത്തോടുള്ള ബന്ധത്തിൽ നമ്മുടെ ക്രിസ്തീയ നിഷ്പക്ഷതാ നിലപാട് വിവരിക്കാൻ ഇത് എനിക്ക് അവസരം പ്രദാനം ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ആദിമ സഭയും ലോകവും (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പ്രൊഫസർ സി. ജെ. കാഡൂ ഇപ്രകാരം എഴുതി: “ചുരുങ്ങിയപക്ഷം, മാർക്കസ് ഔറേലിയസിന്റെ ഭരണം വരെ [പൊ.യു. 161-180] ഒരു ക്രിസ്ത്യാനിയും തന്റെ സ്നാപനശേഷം പട്ടാളക്കാരൻ ആകുമായിരുന്നില്ല.”
1977-ൽ എന്റെ ഭാര്യ മരിച്ചു. ഞാൻ നേരിട്ട ഏറ്റവും പ്രയാസമേറിയ പരിശോധനകളിൽ ഒന്നായിരുന്നു അത്. ഒരു വർഷം രോഗശയ്യയിൽ കിടന്ന അവൾ, മരണത്തോളം തന്റെ വിശ്വാസം ധീരമായി പ്രകടിപ്പിച്ചു. പുനരുത്ഥാനത്തിന്റെ അത്ഭുത പ്രത്യാശ എന്നെ താങ്ങി നിർത്തി. (യോഹന്നാൻ 5:28, 29) ഒരു നിരന്തര പയനിയർ—യഹോവയുടെ സാക്ഷികൾക്ക് ഇടയിലെ ഒരുകൂട്ടം മുഴുസമയ ശുശ്രൂഷകർ അറിയപ്പെടുന്നത് അങ്ങനെയാണ്—ആയി പേർ ചാർത്തിയതായിരുന്നു ദുഃഖം തരണം ചെയ്യാൻ എന്നെ സഹായിച്ച മറ്റൊരു ഘടകം. ലൗകിക ജോലിയിൽനിന്നു വിരമിച്ച ശേഷം 1982-ലാണ് ഞാൻ പയനിയർ ആയത്. പിന്നീട്, 1988-ൽ പയനിയർമാരെ പരിശീലിപ്പിക്കാനുള്ള സ്കൂളിൽ പ്രബോധകനായി സേവിക്കാൻ സാധിച്ചതിൽ ഞാൻ എത്ര സന്തോഷവാനാണെന്നോ!
ഭാര്യയുടെ മരണശേഷം, എനിക്കു മിക്കപ്പോഴും വിഷാദവുമായി മല്ലിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതു തരണം ചെയ്യാൻ ആത്മീയമായി ശക്തരായ സുഹൃത്തുക്കൾ എന്നെ സഹായിച്ചിരിക്കുന്നു. അത്തരം പരിശോധനകളിലെല്ലാം, തന്നെ ശരണമാക്കുന്ന എല്ലാവരെയും പരിരക്ഷിക്കുന്ന യഹോവയുടെ സഹായവും സ്നേഹദയയും ഞാൻ അനുഭവിച്ചറിഞ്ഞിരിക്കുന്നു. (സങ്കീർത്തനം 18:2) നാം നേരിടുന്ന പരിശോധനകൾ ആത്മീയ പോരാട്ടത്തിൽ മുന്നേറുന്നതിന് നമ്മെ സഹായിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്. (1 പത്രൊസ് 1:6, 7) ഒരു സഭാ മൂപ്പൻ എന്ന നിലയിൽ, വിഷാദത്തിലായിരിക്കുന്ന മറ്റാളുകളെ സഹായിക്കാൻ എനിക്കു സാധിച്ചിരിക്കുന്നു.—1 തെസ്സലൊനീക്യർ 5:14.
കുട്ടിയായിരുന്നപ്പോൾ, ഒരു പട്ടാളക്കാരൻ ആകുന്നതു ഞാൻ സ്വപ്നം കണ്ടിരുന്നു. ഒരർഥത്തിൽ ഇന്നുവരെ ഞാനൊരു പടയാളിയായി നില കൊണ്ടിരിക്കുന്നു. “ക്രിസ്തുയേശുവിന്റെ നല്ല ഭടനായി”ത്തീർന്നുകൊണ്ട് ഞാൻ ഒരു സൈന്യത്തിൽനിന്നു മറ്റൊരു സൈന്യത്തിൽ ചേർന്നിരിക്കുന്നു. (2 തിമൊഥെയൊസ് 2:3) ഇന്ന്, ആരോഗ്യസ്ഥിതി ആശാവഹം അല്ലെങ്കിലും, ആത്യന്തിക വിജയത്തിലേക്കു നയിക്കുന്ന, യഹോവയാം ദൈവത്തിനു ബഹുമതിയും മഹത്ത്വവും കരേറ്റുന്ന “നല്ല യുദ്ധസേവ”യിൽ ക്രിസ്തുവിന്റെ ഒരു ഭടനായി പോരാട്ടം നടത്താൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ കഠിനാധ്വാനം ചെയ്യുന്നു.—1 തിമൊഥെയൊസ് 1:18.
ഈ ലേഖനം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കവേ, 1998 മാർച്ച് 1-ന് ല്വീ ലൊള്യൊ നിര്യാതനായി.
[13-ാം പേജിലെ ചിത്രം]
ഞങ്ങളുടെ വിവാഹത്തിന് ജനറൽ ദെ ലാറ്റ്ട്രി ദെ റ്റാസിൻയീ സംബന്ധിച്ചിരുന്നു
[15-ാം പേജിലെ ചിത്രം]
ല്വീ ലൊള്യൊയും ഭാര്യ റാനും 1976-ൽ