ഒരു സൈനിക ചരിത്രകാരനെന്ന നിലയിലുള്ള എന്റെ ചിന്തകൾ
തീയതി 1944 ഓഗസ്ററ് 25. സ്ഥലം: ഫ്രാൻസിലെ പാരീസ്. ഞങ്ങളുടെ ജീപ്പ് വിശാല മായ ഷാൻസാലിസ വീഥിയിലേക്കു പ്രവേശിച്ചതോടെ, നാസി ഒളിപ്പോരാളികളിൽ നിന്നു തെരുവിനു കുറുകെ ചീറിപ്പായുന്ന വെടിയുണ്ടകളിൽനിന്നു രക്ഷപെടാൻ ഞങ്ങൾക്കു പലതവണ ജീപ്പിൽനിന്നു പുറത്തിറങ്ങി അഭയം തേടേണ്ടിവന്നു.
രണ്ടാം ലോകമഹായുദ്ധകാലത്തു ഹിററ്ലറുടെ സൈന്യത്തിൽനിന്നുള്ള പാരീസിന്റെ മോചനം ആ ദിവസം ആരംഭിച്ചു, ആ നഗരത്തിൽ പ്രവേശിക്കാനിരുന്ന ആദ്യത്തെ അമേരിക്കക്കാരിൽ ഞാനും ഉണ്ടായിരുന്നു. ആഹ്ലാദിച്ചു തിമർക്കുന്ന ഫ്രഞ്ച് സ്ത്രീ-പുരുഷൻമാരുടെ സംഘങ്ങൾ വിമോചകരായി ഞങ്ങളെ സ്വാഗതം ചെയ്യാൻ തെരുവുകളിലൂടെ പ്രവഹിച്ചു. അന്നു പ്രഭാതത്തിൽ ഉയർന്ന ജർമൻ ഉദ്യോഗസ്ഥൻമാർ തിരക്കിട്ട് ഒഴിഞ്ഞുപോയ ആഡംബരമേറിയ ഹോട്ടലിൽ ഞങ്ങൾ രാത്രി ചെലവഴിച്ചു.
ജനറൽ എസ്സ്. പാററൺ ജൂനിയർ നയിച്ചിരുന്ന യു.എസ്. മൂന്നാം പടയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഒരു രേഖ ഉണ്ടാക്കുന്ന യുദ്ധചരിത്ര സംഘത്തിലെ ഒരംഗമെന്നനിലയിലാണു ഞാൻ യൂറോപ്പിലെത്തിയത്.
യുദ്ധം ഉയർത്തിയ ചോദ്യങ്ങൾ
പാരീസിലേക്കു കടക്കുന്നതിനു കുറച്ചു ദിവസങ്ങൾക്കുമുമ്പ്, ജർമൻ കവചിത വാഹനങ്ങളുടെ കത്തിക്കരിഞ്ഞ വലിയ ഭാഗങ്ങൾ അടുത്തകാലത്തു നീക്കം ചെയ്തിരുന്ന ഇടുങ്ങിയ വഴികളിലൂടെ ഞങ്ങൾ വാഹനമോടിച്ചുപോയി. അടുത്തകാലത്തു യു.എസ്. സൈന്യം അതിക്രമിച്ചുകടന്ന, കിടങ്ങുകൾ തീർത്ത വനത്തിനുള്ളിലെ ഒരു സ്ഥലത്തു ഞങ്ങൾ നിന്നു. ജർമൻ പട്ടാളക്കാരുടെ ശരീരങ്ങൾ അവിടെയുമിവിടെയും ഒടിഞ്ഞും പിണഞ്ഞും ചിന്നിച്ചിതറിക്കിടന്നിരുന്നു. അവരുടെ ബെൽററിന്റെ ബക്കിളുകളിൽ, “ദൈവം ഞങ്ങളോടു കൂടെയുണ്ട്” എന്ന ഒരു അടിസ്ഥാന ആലേഖനം ഉണ്ടായിരുന്നു. എങ്കിൽത്തന്നെയും, അടുത്തുണ്ടായിരുന്ന ഒരു കൽച്ചുവരിൽ ഒരു ജർമൻ പട്ടാളക്കാരൻ ഈ അപേക്ഷ കുത്തിക്കുറിച്ചിരുന്നു: “നായകാ [ഹിററ്ലർ], ഞങ്ങളെ സഹായിക്കേണമേ!”
ആ രണ്ടു പ്രസ്താവനകൾ എന്റെ മനസ്സിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചു. ഒരുവശത്തു ദൈവം തങ്ങളോടു കൂടെയാണെന്നു നാസിഭരണകൂടം പ്രസ്താവിച്ചു, മറുവശത്ത് ഒരു പട്ടാളക്കാരൻ രക്ഷയ്ക്കായി നാസി നേതാവായ ഹിററ്ലറോട് അപേക്ഷിച്ചു. ഈ വിരോധാഭാസം ജർമൻകാരുടെ മാത്രം പ്രത്യേകതയല്ലെന്നു ഞാൻ മനസ്സിലാക്കി. ഈ ഉഗ്രപോരാട്ടത്തിൽ ഇരുപക്ഷത്തിന്റെയും സ്ഥിതി അതായിരുന്നു. അതുകൊണ്ട്, ‘ദൈവം യുദ്ധങ്ങളിൽ പക്ഷം പിടിക്കുന്നുണ്ടോ? ദൈവം ആരുടെ പക്ഷത്താണ്?’ എന്നു ഞാൻ ആശ്ചര്യപ്പെട്ടു.
യുദ്ധങ്ങളും യുദ്ധത്തിന്റെ ദുഃസൂചനകളും
അമേരിക്ക ഒന്നാം ലോകമഹായുദ്ധത്തിൽ പ്രവേശിച്ച വർഷമായ 1917-ൽ മോൺടാനായിലെ ബട്ടയിൽ ഞാൻ ജനിച്ചു. ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തിയാറിൽ ഒരു സ്വകാര്യ സ്കൂളിൽനിന്നു ബിരുദമെടുത്തശേഷം, ഞാൻ കാലിഫോർണിയായിലെ സ്ററാൻഫോർഡ് യൂണിവേഴ്സിററിയിൽ ചേർന്നു. പക്ഷേ, ഗോളത്തിനുചുററും നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളോടു താരതമ്യം ചെയ്യുമ്പോൾ, അനിവാര്യമായിരുന്ന പ്രാരംഭവർഷ കോഴ്സുകൾ മുഷിപ്പനായി എനിക്ക് അനുഭവപ്പെട്ടു. ജപ്പാൻ ചൈനയെ ആക്രമിച്ചു, മുസ്സോളിനി എത്യോപ്യ കീഴടക്കി, കൂടാതെ സ്പാനീഷ് ആഭ്യന്തരയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയുമായിരുന്നു. ആ യുദ്ധത്തിൽ നാസികളും ഫാസിസ്ററുകാരും കമ്മ്യൂണിസ്ററുകാരും രണ്ടാം ലോകമഹായുദ്ധത്തിനുള്ള തയ്യാറെടുപ്പിൽ തങ്ങളുടെ ആയുധങ്ങളുടെയും യുദ്ധതന്ത്രങ്ങളുടെയും മാററുരച്ചുനോക്കിക്കൊണ്ടിരിക്കെ, സർവരാജ്യസഖ്യം ഒന്നും ചെയ്യാൻ നിർവാഹമില്ലാതിരുന്നുപോയി.
സർവകലാശാലയിലെ രണ്ട് സെമസ്റററിനുശേഷം, ഞാൻ കോളേജ് വിട്ടു, എന്നിട്ട് എന്റെ വിദ്യാഭ്യാസത്തിനുവേണ്ടി നീക്കിവെച്ചിരുന്ന പണം ഉപയോഗിച്ച് അച്ഛന്റെ സമ്മതത്തോടെ യൂറോപ്പിലും ആഫ്രിക്കയിലും യാത്ര ചെയ്യാൻ തീരുമാനിച്ചു. ഡോയിക്ലാൻഡ് എന്ന ഒരു ജർമൻ കപ്പലിൽ, 1938-ലെ ശരത്ക്കാലത്ത് ഞാൻ അററ്ലാൻറിക് സമുദ്രം കുറുകെ കടന്നു. ബ്രിട്ടീഷ്, ഫ്രഞ്ച് സാമ്രാജ്യങ്ങൾക്കെതിരെയുള്ള ഹിററ്ലറുടെ ആപേക്ഷിക ശക്തിയെക്കുറിച്ചു യുവജർമൻ ഉദ്യോഗസ്ഥൻമാരുമായി കപ്പൽത്തട്ടിൽവെച്ചു ഞാൻ ദീർഘമായ സംവാദങ്ങൾ നടത്തി. പാരീസിൽ ആളുകൾ ഹിററ്ലറുടെ ഏററവും പുതിയ ഭീഷണികളെയും വമ്പുപറച്ചിലുകളെയും വാഗ്ദാനങ്ങളെയുംകുറിച്ചു സംസാരിച്ചു, എങ്കിലും ജീവിതം സാധാരണപോലെ മുന്നോട്ടുനീങ്ങി. ആഫ്രിക്കയിലെ ടാൻജിയർ സന്ദർശിക്കവേ, ആഭ്യന്തരയുദ്ധത്താൽ ചീന്തപ്പെട്ട സ്പെയിനിലെ പോരാട്ടത്തിന്റെ ശബ്ദങ്ങൾ ചിലപ്പോഴൊക്കെ ജിബ്രാൾട്ടർ കടലിടുക്കിനു കുറുകെ എനിക്കു കേൾക്കാൻ കഴിഞ്ഞു.
ആയിരത്തിത്തൊള്ളായിരത്തിമുപ്പത്തൊമ്പതിൽ ഞാൻ ഐക്യനാടുകളിലേക്കു മടങ്ങിയപ്പോൾ, നമ്മുടെ കാലത്തിന്റെ ദുഃസൂചനകൾ എനിക്കു ലഭിച്ചുകഴിഞ്ഞിരുന്നു. ഐക്യനാടുകളെ രണ്ടാം ലോകമഹായുദ്ധത്തിലേക്കു വലിച്ചിഴച്ചുകൊണ്ട് 1941 ഡിസംബറിൽ ജപ്പാൻകാർ പേൾ ഹാർബർ ആക്രമിച്ചതിനുശേഷം, സൈന്യത്തിലെ ഗതാഗത സേവനവിഭാഗത്തിൽ ഒരു സിവിലിയനായി ഞാൻ ചേർന്നു. ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിരണ്ടിൽ ഞാൻ അലാസ്ക്കയിൽ ആയിരിക്കുമ്പോൾ, സൈനിക സേവനത്തിന്റെ നിയമനാധികാരസമിതിയിൽനിന്ന് എനിക്കൊരു സമൻസ് ലഭിച്ചു.
ബ്രിട്ടീഷ് ദ്വീപുകളിലേക്ക്
വീട്ടിലെ ഒരു സന്ദർശനത്തിനുശേഷം, എന്നെ സൈന്യത്തിലെടുക്കുകയും ഒരു വർഷത്തേക്ക് ഐക്യനാടുകളിൽ നിർത്തുകയും ചെയ്തു. അതിനുശേഷം എന്നെ ഇംഗ്ലണ്ടിലേക്കു കപ്പലിൽ അയച്ചു, 1944-ലെ വസന്തത്തിൽ ഞങ്ങളുടെ കപ്പൽവ്യൂഹം ഐക്യനാടുകളുടെ പൂർവതീരം വിട്ടു യാത്രയായി. ഒരു ജർമൻ മുങ്ങിക്കപ്പൽ ഞങ്ങളുടേതിനു തൊട്ടടുത്തുണ്ടായിരുന്ന കപ്പലിനെ മുക്കിയപ്പോൾ ആദ്യമായി ഞാൻ യുദ്ധത്തിന്റെ രുചിയറിഞ്ഞു. ഞങ്ങളുടെ കപ്പൽവ്യൂഹം ശിഥിലമായി, അവിടുന്നങ്ങോട്ടു ലിവർപൂൾവരെ ഓരോ കപ്പലും അകമ്പടിയില്ലാതെ ഒററയ്ക്കു നിങ്ങേണ്ടിവന്നു.
ഇംഗ്ലണ്ടിലെ ഒരു സൈനികത്താവളത്തിൽ നിയമനവും കാത്തുകഴിയവേ, ഒരു സൈനിക പുരോഹിതന്റെ പ്രസംഗം കേൾക്കാൻ പട്ടാളത്തെ കൂട്ടിവരുത്തി. ശത്രുപക്ഷത്തുള്ള സ്വന്തം മതസ്ഥാപനങ്ങളിലെ അംഗങ്ങൾക്കെതിരെ പോരാടാൻ പുരോഹിതൻമാർ പുരുഷൻമാരെ പ്രോത്സാഹിപ്പിച്ചിട്ട്, പോരാട്ടത്തിൽ പക്ഷേ ദൈവം തങ്ങളുടെ പക്ഷത്തെ സഹായിക്കുകയാണെന്ന് അവർ എപ്പോഴും അവകാശപ്പെട്ടത് എന്നെ അസ്വസ്ഥനാക്കി. ഇരുപക്ഷത്തിനും ദൈവത്തിന്റെ പിന്തുണ ഉണ്ടായിരിക്കാൻ കഴിയുമായിരുന്നില്ലെന്നതു സ്പഷ്ടമായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിനാലിലെ വസന്തമായപ്പോഴേക്കും ബ്രിട്ടീഷ് ദ്വീപുകൾ അമേരിക്കയിലെയും ബ്രിട്ടണിലെയും പട്ടാളക്കാരെയും യുദ്ധസന്നാഹത്തെയും കൊണ്ടു തിങ്ങിനിറഞ്ഞിരുന്നു. സിസിലിയനിലെയും തെക്കേ അമേരിക്കയിലെയും ദൗത്യങ്ങളിലെ വീരോചിതമായ തന്ത്രങ്ങൾക്കു പേരുകേട്ട ജനറൽ പാററൺ [താഴെ] ആത്മവീര്യം ഉണർത്തുന്ന തീപ്പൊരി പ്രസംഗങ്ങൾ നടത്തി, തങ്ങൾ എന്തുകൊണ്ട് അവിടെ ആയിരിക്കുന്നു എന്നതു സംബന്ധിച്ചു സൈന്യത്തിന് ഒരു സംശയവും അവശേഷിപ്പിച്ചില്ല—വിജയം നേടുന്നതുവരെ ലഭ്യമായ എല്ലാ ആയുധവും ഉപയോഗിച്ചു സാധ്യമാകുന്നിടത്തോളം ശത്രുക്കളെ കൊല്ലാൻ. ഒരു ആധുനിക ദ്വന്ദയോദ്ധാവിനെപ്പോലെ പാററൺ കാണപ്പെട്ടു; ആയുധവും തലപ്പാവും ധരിച്ചു കുററമററവിധം യൂണിഫോറം ധരിച്ച ദീർഘകായനായ ഒരാൾ—അദ്ദേഹത്തിന്റെ യുദ്ധവസ്ത്രം ഖചിതമായ നക്ഷത്രങ്ങളാലും മുദ്രകളാലും തിളങ്ങി. അദ്ദേഹത്തിൽ അസാമാന്യ പ്രേരണാശക്തിയും, പ്രാകൃതമായ പരുക്കൻ സംഭാഷണശീലവും മതഭക്തിയും മുററിനിന്നു.—അയാൾ യുദ്ധത്തിനുമുമ്പു പ്രാർഥിക്കുമായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിനാല് ജനുവരി 1-ലെ “പട്ടാളക്കാരുടെ പ്രാർഥന”യിൽ പാററൺ ഇങ്ങനെ അപേക്ഷിച്ചു: “കരയിലും കടലിലും ഞങ്ങളെ എപ്പോഴും വിജയത്തിലേക്കു നയിച്ചിട്ടുള്ള ഞങ്ങളുടെ പിതാക്കൻമാരുടെ ദൈവമേ, ഞങ്ങളുടെ പോരാട്ടങ്ങളിൽ ഏററവും വലിയ ഈ പോരാട്ടത്തിൽ അവിടുത്തെ ഉത്തേജകമായ വഴിനടത്തിപ്പു തുടർന്നും ഉണ്ടായിരിക്കേണമേ. . . . കർത്താവേ, ഞങ്ങൾക്കു വിജയം നൽകേണമേ.”
യൂറോപ്പിൻമേലുള്ള ആക്രമണം
ലോകം എക്കാലവും കണ്ടിട്ടുള്ള ഏററവും വലിയ പടക്കപ്പൽവ്യൂഹത്തോടെ, 1944 ജൂൺ 6-ന് സഖ്യസേനകൾ ഇംഗ്ലീഷ് ചാനൽ മുറിച്ചുകടന്നു, ശക്തമായ ജർമൻ സൈനിക ആക്രമണത്തിനു വിധേയമായ നോർമാൻഡി തുറമുഖങ്ങളിൽ അവർ ഇറങ്ങി. മുപ്പതു ദിവസത്തിനുശേഷം ഞങ്ങളുടെ മൂന്നാം പട വന്നിറങ്ങിയപ്പോൾ പിടിച്ചടക്കിയ ശത്രുതീരം പോരാതെ വന്നു. ജർമൻ വിമാനങ്ങൾ ആ പ്രദേശത്തു ശക്തമായ ബോംബാക്രമണം നടത്തിക്കൊണ്ടിരിക്കെ ഞങ്ങൾ രാത്രി കിടങ്ങുകളിൽ കഴിച്ചുകൂട്ടി.
ജൂലൈ 25-ന് സഖ്യസേനകൾ ശത്രുതീരത്തുനിന്ന് ആക്രമിച്ചു മുന്നേറി, ഒരാഴ്ചയ്ക്കുശേഷം ബ്രിട്ടാണി ഉപദ്വീപിലേക്കു നീങ്ങാൻ ഞങ്ങളുടെ മൂന്നാം പടയെ അനുവദിച്ചു. അതിനുശേഷം ജർമൻ സേനയെ പാരീസിനു സമീപമുള്ള സെയിൻ നദിക്കടുത്തേയ്ക്കു തിരിച്ചോടിച്ചുകൊണ്ടു ഞങ്ങൾ കിഴക്കോട്ടു മുന്നേറി. ആധുനിക ചരിത്രത്തിലെ ഏററവും ശ്രദ്ധേയമായ സൈനിക ദൗത്യങ്ങൾക്കുശേഷം സെപ്ററംബർ ആയപ്പോഴേക്ക്, പാററണിന്റെ ടാങ്കുകളും സൈന്യങ്ങളും കിഴക്കൻ ഫ്രാൻസിന്റെ ഉൾപ്രദേശത്തു കഴിയുകയായിരുന്നു. ജയഘോഷത്തോടെ, യുദ്ധത്തിന്റെ അവസാനം ആസന്നമായെന്നു ഞങ്ങൾ വിചാരിച്ചു.
എന്നാൽ, സൈന്യത്തിലെയും ശേഖരത്തിലെയും അധികഭാഗം വടക്കൻ യുദ്ധമുഖത്തുള്ള ബ്രിട്ടീഷ് ഫീൽഡ് മാർഷൽ മോൺട്ഗൊമേറിയുടെ സേനയിലേക്കു തിരിച്ചുവിട്ടപ്പോൾ അതിനുള്ള ഏതൊരു സാധ്യതയും അപ്രത്യക്ഷമായി. അവിടെ അവർ ഹോളണ്ടിൽ ജർമൻ അണികൾക്കുമേൽ ഒരു വലിയ ആക്രമണം നടത്തി. എന്നാൽ ഒരു സഖ്യവ്യോമഘടകം അബദ്ധം പിണഞ്ഞു ശക്തമായ ഒരു ജർമൻ കവചിതപ്പടയുടെ മദ്ധ്യേ അകപ്പെട്ടു പരാജയമടഞ്ഞത് ഒരു വൻവിപത്തായി. സഖ്യഘടകങ്ങളിൽ ശേഷിച്ചവക്കു തെല്ലും മുമ്പോട്ടു പോകാനാകാതെ വഴിമുട്ടി, കടന്നാക്രമണം പരാജയപ്പെടുകയും ചെയ്തു.
ബൾജ് യുദ്ധം
യു.എസ്. സൈന്യം ഏററവും കുറവായിരുന്നിടത്ത്, കരുതൽ സൈന്യത്തെ വിളിച്ചുകൂട്ടി പുനഃസംഘടിപ്പിക്കാനും കവചിത ടാങ്കുകളുടെ ഒരു വ്യൂഹത്തെ സംഘടിപ്പിക്കാനും ഹിററ്ലറും അദ്ദേഹത്തിന്റെ സൈന്യാധിപൻമാരും ഈ അവസരം ഉപയോഗിച്ചു. ബൾജ് യുദ്ധം എന്നു വിളിക്കപ്പെടുന്ന നാസികളുടെ കടന്നാക്രമണം കനത്ത മേഘാവരണത്തിനു കീഴിൽ, ഡിസംബർ 16-ന് ആരംഭിച്ചു. സഖ്യസേനകളെ രണ്ടായി പിളർന്നുകൊണ്ടു ജർമൻ കവചിതസേനയെ ദക്ഷിണ സമുദ്രത്തോളം പായിച്ച് അവരുടെ മുഖ്യപിന്തുണത്തുറമുഖം പിടിച്ചെടുക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ആ മുന്നേററം.
ആക്രമിക്കപ്പെട്ട പ്രദേശത്തുകൂടി ജർമൻ കവചിത വിഭാഗം കടക്കുകയും അധികംതാമസിയാതെ ബാസ്റേറാണയിൽ വച്ച് അവർ അമേരിക്കൻ സേനയെ ഉപരോധിക്കുകയും ചെയ്തിരുന്നു. പെട്ടെന്നുതന്നെ ജനറൽ പാററണിന്റെ കീഴിലുള്ള മൂന്നാം പട അതിന്റെ ഗതി തിരിച്ചുവിട്ടു, ദീർഘമായ ഒരു മാർച്ചിനുശേഷം, കവചിത ടാങ്കുനിരകൾക്കുനേരെ ശക്തമായ ആക്രമണങ്ങൾ നടത്താൻ ഞങ്ങൾ ഒടുവിൽ എത്തിച്ചേർന്നു. എന്നാൽ, ഏകദേശം ഒരാഴ്ചയോളം നീണ്ടുനിന്ന കനത്ത മേഘവും മഴയും നിമിത്തം വ്യോമസേനയെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല.
പാററണിന്റെ പ്രാർഥന
എന്റെ ആത്മീയ വിഷമസന്ധിയെ അതിന്റെ കാതലിൽ സ്പർശിച്ച ഒരു കാര്യം ഡിസംബർ 22-നു സംഭവിച്ചു. റൈൻ നദിക്കു പടിഞ്ഞാറ് നീണ്ടുകിടന്ന ജർമൻ പ്രതിരോധനിരകളിൽ പിന്നീട് ഉപയോഗിക്കാൻ ലഘുലേഖ രൂപത്തിൽ ജനറൽ പാററൺ അഴ്ചകൾക്കുമുമ്പേ തന്റെ മുഖ്യ പുരോഹിതനെക്കൊണ്ട് ഒരു പ്രാർഥന തയ്യാറാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പാററൺ മണിക്കൂറുകൾക്കുള്ളിൽ 3,50,000 പ്രതികൾ വിതരണം ചെയ്തു, മൂന്നാം പടയിലെ ഓരോ പട്ടാളക്കാരനും ഒന്നുവീതം. “ഞങ്ങളുടെ ശത്രുക്കളുടെ മർദനവും ദുഷ്ടതയും തകർത്ത് അവിടുത്തെ നീതി മനുഷ്യരുടെയും രാഷ്ട്രങ്ങളുടെയും ഇടയിൽ സ്ഥാപിക്കാൻ” യു.എസ്. സൈന്യത്തിനാകുമാറ് “ഈ അമിതമായ മഴയെ പിടിച്ചുനിർത്തി യുദ്ധത്തിനായി ഞങ്ങൾക്കു നല്ല കാലാവസ്ഥ തരേണമേ” എന്ന് അതു പിതാവിനോട് അപേക്ഷിച്ചു.
ശ്രദ്ധേയമായി ആ രാത്രി ആകാശം തെളിഞ്ഞു, അടുത്ത അഞ്ചു ദിവസത്തേക്ക് അതു തെളിഞ്ഞുതന്നെ നിൽക്കുകയും ചെയ്തു. നാസി നിരകളുടെമേൽ ആശയക്കുഴപ്പവും നാശവും വിതച്ചുകൊണ്ട് അവരെ മുഴുനീളം ആക്രമിക്കാൻ സഖ്യപോരാളികളെയും ബോംബർ വിമാനങ്ങളെയും ഇത് അനുവദിച്ചു. ഇതു ഹിററ്ലറുടെ അന്തിമ മിന്നലാക്രമണത്തിന്റെ അന്ത്യത്തെ അർഥമാക്കി, അദ്ദേഹത്തിന്റെ ചിതറിപ്പോയ സേനകൾ പിൻവാങ്ങാൻ തുടങ്ങി.
പാററൺ അതിരററ സന്തോഷമുള്ളവനായിരുന്നു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “മറെറാരു 1,00,000 പ്രാർഥനകൾകൂടി അച്ചടിക്കണമെന്നു ഞാൻ വിചാരിക്കുന്നു.” “കർത്താവ് നമ്മുടെ പക്ഷത്താണ്, നമുക്കാവശ്യമുള്ളതു നാം അവിടുത്തെ അറിയിച്ചുകൊണ്ടിരിക്കേണ്ട ആവശ്യമുണ്ട്.” എന്നാൽ ഞാൻ ആശ്ചര്യപ്പെട്ടു, ‘പ്രാർഥനകൾ വിതരണം ചെയ്താലും ഇല്ലെങ്കിലും ഡിസംബർ 23-ാം തീയതി ആകാശം തെളിയുമായിരുന്നില്ലേ?’ റഷ്യയിലെ സ്റെറപ്പീസ് പുൽപ്രദേശത്തുനിന്ന് ഒരു ശീതക്കാററ് നീങ്ങിയെന്നും മേഘപടലത്തെ ചിതറിച്ചുകളഞ്ഞുവെന്നും കാലാവസ്ഥാവിഭാഗം വിശദീകരിച്ചു.
ജർമൻ കീഴടങ്ങലും യുദ്ധാനന്തര ജർമനിയും
സഖ്യകക്ഷികളുടെ വസന്തകാല കടന്നാക്രമണം ഹിററ്ലറുടെ സാമ്രാജ്യത്തിന് അന്തം കുറിച്ചു, കീഴടങ്ങൽ 1945 മെയ് 7-ന് ഉണ്ടായി. ആ ദിവസം റൈൻലാണ്ടിലെ ഒരു ജർമൻ ഗ്രാമത്തിൽവച്ചു ഞാൻ എന്റെ സുന്ദരിയായ ഭാവിവധു ലില്ലിയെ കണ്ടുമുട്ടി, അവൾ ബെൽജിയത്തിൽനിന്നു മാറിത്താമസിച്ചതായിരുന്നു. ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തഞ്ച് നവംബറിൽ, പട്ടാളത്തിൽനിന്നുള്ള വിരാമ സർട്ടിഫിക്കററ് എനിക്കു ലഭിച്ചു, ജർമനിയിൽ അധിനിവേശം നടത്തിയ യു.എസ്. സൈന്യത്തിലെ ചരിത്രവിഭാഗത്തിൽ ഞാൻ ചേരുകയും ചെയ്തു. ഡിസംബറിൽ ഫ്രാങ്ക്ഫർട്ടിലെ മേയർ, ലില്ലിയും ഞാനും തമ്മിലുള്ള വിവാഹം നടത്തിത്തന്നു.
ചരിത്രവിഭാഗത്തിന് അധിനിവേശത്തിന്റെ ചരിത്രം രൂപീകരിക്കുക എന്ന ദൗത്യം ഉണ്ടായിരുന്നു. ജർമൻപക്ഷത്തുനിന്നുള്ള യുദ്ധത്തിന്റെ ചരിത്രം എഴുതുന്നതിന്, പിടിക്കപ്പെട്ട നൂറുകണക്കിനു ജർമൻ പട്ടാളമേധാവികളെ അത് ഉപയോഗപ്പെടുത്തി. പുരാലിഖിത സംരക്ഷണത്തിന്റെ മുഖ്യമേധാവിയായ ഞാൻ അഞ്ചു വർഷം ജർമനിയിൽ തങ്ങി. അതിനുശേഷം ഞങ്ങളുടെ രണ്ടു കുട്ടികളായ ഗാരിയോടും ലിസററയോടുമൊപ്പം ഞങ്ങൾ ഐക്യനാടുകളിലേക്കു നീങ്ങി.
എന്റെ മാതാപിതാക്കളെ സന്ദർശിച്ചശേഷം ഞാൻ മോൺടാന സർവകലാശാലയിൽ ചേർന്നു. സൈന്യവുമായുള്ള എന്റെ ബന്ധം അവസാനിച്ചുവെന്നു ഞാൻ നിഗമനം ചെയ്തു. എന്നിരുന്നാലും, 1954-ലെ വസന്തത്തിൽ, നരവംശശാസ്ത്രത്തിൽ മാസ്റേറഴ്സ് ബിരുദം ലഭിക്കാറായപ്പോൾ, എന്റെ മുൻ സഹപ്രവർത്തകരിൽ രണ്ടുപേർ, ഓക്ലഹോമയിലെ ആർമി ആർട്ടിലറി ആൻഡ് മിസൈൽ സെൻറർ മ്യൂസിയത്തിൽ ഒരു ഡയറക്ടർ⁄ഭാരവാഹി തസ്തിക ഉണ്ടെന്ന് എന്നെ അറിയിച്ചു. ഞാൻ അപേക്ഷിക്കുകയും എന്നെ വിളിക്കുകയും ചെയ്തു, ഞങ്ങൾ അവിടേക്കു നീങ്ങി.
സൈനിക പ്രദർശനമന്ദിരത്തിലെ പ്രവർത്തനങ്ങൾ
ഒരിക്കൽക്കൂടി സൈനിക ചരിത്രവുമായി ഞാൻ ബന്ധപ്പെടുകയായിരുന്നു. ഗവേഷണത്തിലും, കരകൗശല-പ്രദർശന വസ്തുക്കൾ ശേഖരിക്കുന്നതിലും, പര്യടനങ്ങളിലും, പ്രസംഗങ്ങൾ നടത്തുന്നതിലും, പുരാവസ്തുക്കൾ ഖനനം ചെയ്യുന്നതിലും, സൈനികവും ചരിത്രപരവുമായ ചടങ്ങുകളിലും ഞാൻ ആമഗ്നനായി. ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിലെ ആചാരപരമായ വസ്ത്രം ധരിച്ച പുരുഷൻമാരുടെയും കുതിരകളുടെയും ഒരു സംഘത്തെ ഞാൻ സംഘടിപ്പിച്ചു, അത് 1973-ൽ വാഷിംഗ്ടൺ ഡി.സിയിൽ നടന്ന പ്രസിഡണ്ടിന്റെ ഉദ്ഘാടന പരേഡിൽ പങ്കെടുത്തു. ദേശീയ പതാകയുടെയും സൈനിക യൂണിററുകളുടെ പതാകകളുടെയും പാരമ്പര്യവും ചരിത്രവും വ്യക്തമായി കാണിക്കുന്ന, പതാകകളുടെ ഒരു പ്രദർശനശാല ഞാൻ സ്ഥാപിച്ചു. ഒരൊററക്കെട്ടിടമായിരുന്ന ഈ പീരങ്കി പ്രദർശനമന്ദിരം വർഷങ്ങളിലൂടെ രാജ്യത്തെ ഏററവും വലിയ സൈനിക മ്യൂസിയമായി വികസിച്ചു.
ഇതിനിടയിൽ ഞങ്ങളുടെ കുട്ടികൾ വളർന്നുകൊണ്ടിരുന്നു. ഞങ്ങളുടെ മകനു ഹൈസ്കൂളിൽനിന്നു ബിരുദമെടുത്തശേഷം എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവൻ നാവികസേനയിൽ ചേരുകയും വിയററ്നാം യുദ്ധത്തിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. മറുനാട്ടിൽ രണ്ടുവർഷക്കാലം ചെലവഴിച്ചശേഷം അവൻ വീണ്ടും വീട്ടിൽ തിരിച്ചെത്തിയതിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു. വ്യക്തമായും സമാധാനം നിലനിർത്താൻ യുദ്ധം പരാജയപ്പെടുന്നു. പകരം, ദാരിദ്ര്യവും രോഗവും തങ്ങളുടെ ജനതയെ കാർന്നുതിന്നുമ്പോൾ ഐക്യരാഷ്ട്രങ്ങളിലെ അംഗരാജ്യങ്ങൾ പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന നിരന്തര കാഴ്ച നാം കണ്ടിരിക്കുന്നു.
വിരമിക്കലും വിഫലതാബോധവും
ഒടുവിൽ, സൈന്യവുമായുള്ള 33 വർഷത്തെ അടുത്ത ബന്ധത്തിനുശേഷം വിരമിക്കാനുള്ള സമയമായെന്നു ഞാൻ തീരുമാനിച്ചു. അപ്പോഴത്തെ പട്ടാളമേധാവിയും സ്ററാഫും എനിക്കുവേണ്ടി ഒരു പ്രത്യേക സ്ഥാനവിയോഗച്ചടങ്ങു നടത്തി. ഓക്ലഹോമ സംസ്ഥാന ഗവർണർ എന്റെ പേരിൽ ഒരു ദിവസം പ്രഖ്യാപിച്ചു, 1979 ജൂലൈ 20. സൈനിക ചരിത്രത്തിന്റെ മേഖലകളിലും മ്യൂസിയങ്ങളിലും ഞാൻ ചെയ്ത സേവനങ്ങൾക്കായി പ്രശംസാക്കത്തുകൾ എനിക്കു ലഭിച്ചു.
എന്റെ സന്തോഷത്തിന്റെ ചഷകം നിറഞ്ഞുതുളുമ്പേണ്ടതായിരുന്നു. എന്നിരുന്നാലും, ഞാൻ കഴിഞ്ഞകാലത്തെക്കുറിച്ചു ചിന്തിച്ചപ്പോൾ, എനിക്കു സന്തോഷം തോന്നിയില്ല. യുദ്ധത്തിന്റെ ഭയാനകമായ യാഥാർഥ്യങ്ങളെ വെളിപ്പെടുത്തുന്നതിനുപകരം, എന്റെ ജോലി, പാരമ്പര്യങ്ങൾക്കും, യൂണിഫോമുകൾക്കും മെഡലുകൾക്കും, ആയുധങ്ങൾക്കും തന്ത്രങ്ങൾക്കും, ആചാരങ്ങൾക്കും ചടങ്ങുകൾക്കും, പ്രതാപത്തിനും ഘോഷയാത്രയ്ക്കും ഊന്നൽ നൽകിക്കൊണ്ട് യുദ്ധത്തിന്റെ മഹത്ത്വീകരണത്തിന് അർപ്പിക്കപ്പെട്ടിരുന്നു. പിന്നീട് 34-ാമത്തെ യു.എസ്. പ്രസിഡൻണ്ട് ആയിത്തീർന്ന ജനറൽ ഡ്വെററ് ഡി. ഐസനോവർ പോലും ഇപ്രകാരം പറഞ്ഞു: “യുദ്ധത്തിന്റെ അന്തസത്ത തീയും ക്ഷാമവും മഹാമാരിയുമാണ്. . . . ഞാൻ യുദ്ധത്തെ വെറുക്കാൻ ഇടയായിത്തീർന്നിരിക്കുന്നു. യുദ്ധം യാതൊന്നും പരിഹരിക്കുന്നില്ല.”
കാലക്രമത്തിൽ, ഐസനോവറിന്റെ അമ്മ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നു ഞാൻ മനസ്സിലാക്കി—സാക്ഷികളോടൊത്ത് എന്റെ ഭാര്യ ബൈബിൾ പഠിക്കുന്നതിലൂടെ എന്നെ അപ്പോൾത്തന്നെ ബാധിച്ചുകൊണ്ടിരുന്ന ഒരു വിശ്വാസമായിരുന്നു അത്. എന്റെ സ്ഥാനവിയോഗത്തിന് ആറുമാസം മുമ്പ്, 1979-ൽ അവൾ സ്നാപനമേററ ഒരു സാക്ഷിയായിത്തീർന്നു. അവൾക്കു പരിവർത്തനം വന്നതുപോലെ തോന്നി. ഞങ്ങളുടെ മകനും അദ്ദേഹത്തിന്റെ ഭാര്യ കാരനും ബൈബിൾ പഠനം ആരംഭിക്കത്തക്കവണ്ണം, താൻ പഠിച്ച കാര്യങ്ങൾ പങ്കുവയ്ക്കാൻ അത്രയ്ക്കു സന്തോഷവും ആഗ്രഹവും അവൾക്കുണ്ടായിരുന്നു. ഒരു വർഷത്തിനുള്ളിൽ അവരും സ്നാപനമേററ സാക്ഷികളായിത്തീർന്നു.
എന്നിരുന്നാലും ഞാൻ സംശയാലുവായിരുന്നു. ദൈവം മമനുഷ്യന്റെ കാര്യങ്ങളിൽ ഇടപെടുമെന്നുള്ളതും ഈ ലോകത്തിന് ഒരു അന്തം വരുത്തി പുതിയ, യുദ്ധരഹിതമായ ഒരു ലോകം ആനയിക്കും എന്നുള്ളതും അവിശ്വസനീയമായി എനിക്കു തോന്നി. എങ്കിൽത്തന്നെയും ഞാനും സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി, പ്രാഥമികമായി അവരുടെ മതവിശ്വാസങ്ങൾക്ക് എന്തെങ്കിലും ഉറപ്പുള്ള അടിസ്ഥാനം ഉണ്ടോ എന്നറിയാൻ. എന്റെ പശ്ചാത്തലം, പരിശീലനം സിദ്ധിച്ച ഗവേഷണപ്രാപ്തികൾ എന്നിവയുടെ പിൻബലത്തോടെ അധികം താമസിയാതെ അവരുടെ വിശ്വാസങ്ങളിൽ പിശകുകളും പരസ്പരവൈരുദ്ധ്യങ്ങളും എനിക്കു കണ്ടുപിടിക്കാനാകുമെന്നു ഞാൻ നിഗമനം ചെയ്തു.
ഒരു പുതിയ ജീവിതമാർഗം
ഏതായാലും, എന്റെ ബൈബിൾ പഠനം പുരോഗമിച്ചു വന്നതോടെ എനിക്ക് എത്രമാത്രം തെററുപററിയെന്നു ഞാൻ തിരിച്ചറിഞ്ഞു. എന്റെ കണ്ണുകളിൽനിന്ന് അജ്ഞതയുടെ ശല്ക്കങ്ങൾ പൊഴിഞ്ഞു വീഴാൻ തുടങ്ങിയപ്പോൾ സംശയം മങ്ങിത്തുടങ്ങി. നിശ്ചയമായും നീതിയുള്ള ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദത്തത്തിൽ വിശ്വസിക്കുന്നതിന് ഉറപ്പുള്ള അടിസ്ഥാനം ഉണ്ടെന്ന് എനിക്കു കാണാൻ കഴിഞ്ഞു. (2 പത്രൊസ് 3:13; വെളിപ്പാടു 21:3, 4) ഇപ്പോൾ മനുഷ്യവർഗത്തിൻമദ്ധ്യേ ദുഷ്ടതയും അനീതിയും വ്യാപകമായിരിക്കുന്നതിനു കാരണം സർവശക്തനായ ദൈവത്തിനു പകരം സാത്താൻ ഈ വ്യവസ്ഥിതിയുടെ ഭരണാധിപനായിരിക്കുന്നതുകൊണ്ടാണ് എന്നു മനസ്സിലാക്കിയത് എന്തൊരു ആശ്വാസമായിരുന്നു! (യോഹന്നാൻ 14:30; 2 കൊരിന്ത്യർ 4:4) അതുകൊണ്ട്, യഹോവയാം ദൈവം രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിൽ ഒരു പക്ഷത്തും നിൽക്കുന്നില്ല, എങ്കിലും അവിടുന്നു മനുഷ്യവർഗത്തെപ്രതി കരുതുക തന്നെ ചെയ്യുന്നു.—യോഹന്നാൻ 3:16.
യഹോവയ്ക്കുള്ള എന്റെ സമർപ്പണത്തെ പ്രതീകപ്പെടുത്തിക്കൊണ്ട്, 1983-ൽ മൊൺടാന ബില്ലിംഗ്ടണിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനിൽ ഞാൻ സ്നാപനമേററു. എന്റെ മകൻ ഗാരിയും ഞാനും ഞങ്ങളുടെ ബന്ധപ്പെട്ട സഭകളിൽ മൂപ്പൻമാരായി സേവിക്കുന്നു. ഈ തലമുറയെ അടയാളപ്പെടുത്തുന്ന വിപത്ക്കരമായ സംഭവങ്ങളുടെ അർഥം മനസ്സിലാക്കാൻതക്കവണ്ണം ബൈബിളിന്റെ സത്യം സംബന്ധിച്ച്, അവിടുത്തെ വചനത്താലും സാക്ഷികളാലും ഞങ്ങളുടെ ഹൃദയം തുറന്നതിനു ലില്ലിയും ഞാനും യഹോവയോട് ആഴമായ നന്ദിയുള്ളവരാണ്. (മത്തായി 24:3-14; 1 യോഹന്നാൻ 2:17)—ജെലെററ് ഗ്രിസ്വോൾഡ് പറഞ്ഞപ്രകാരം. (g93 4/22)
[9-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
ജർമൻ ഒളിപ്പോരാളികൾ വെടിവെക്കാൻ തുടങ്ങിയപ്പോൾ പാരീസിലെ ആളുകൾ ചിതറിയോടുന്നു, 1944 ഓഗസ്ററ് (യു.എസ്. നാഷണൽ ആർക്കൈവ്സ് ഫോട്ടോ)
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
യു.എസ്. നാഷണൽ ആർക്കൈവ്സ് ഫോട്ടോ
[11-ാം പേജിലെ ചിത്രം]
പീരങ്കി ആക്രമണത്തിനിരയായതും കത്തിക്കരിഞ്ഞതും ആയ ജർമൻ കവചിത വാഹനങ്ങളുടെ അവശിഷ്ടങ്ങൾ, ഫ്രാൻസ്, 1944
[കടപ്പാട്]
യു.എസ്. പ്രതിരോധ വകുപ്പ്
[12-ാം പേജിലെ ചിത്രം]
1947-ൽ എന്റെ ഭാര്യയോടും മകളോടുമൊപ്പം