ലോകത്തെ വീക്ഷിക്കൽ
വത്തിക്കാന്റെ സ്വാധീനം നഷ്ടപ്പെടുന്നു
സ്പെയിൻ, ഫ്രാൻസ് എന്നീ പേരുകൾ നൂറ്റാണ്ടുകളായി നല്ല വീഞ്ഞിന്റെയും അചഞ്ചലമായ കത്തോലിക്കാ മതവിശ്വാസത്തിന്റെയും പര്യായ പദങ്ങളായിരുന്നു. ഈ രണ്ട് ദക്ഷിണ യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ന് വീഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും റോമൻ കത്തോലിക്കാ സഭയുടെ പിൻതുണ വളരെ വേഗത്തിൽ കുറഞ്ഞുകൊണ്ടിരിക്കയാണ്. സ്പെയിൻകാരിൽ 46 ശതമാനം മാത്രമേ കത്തോലിക്കരെന്ന നിലയിൽ പേർ ചാർത്തപ്പെടാൻ ആഗ്രഹിക്കുന്നുള്ളു എന്നും 18 ശതമാനം മാത്രമേ വാരം തോറും പള്ളിയിൽ ഹാജരാകുന്നുള്ളു എന്നും ഒരു ഡച്ച് റോമൻ കത്തോലിക്കാ മാസികയായിരിക്കുന്ന ക്രൂസ്പണ്ട് റിപ്പോർട്ടു ചെയ്യുന്നു. അതുപോലെ ഫ്രാൻസിലെ 55 ശതമാനം കത്തോലിക്കർ തങ്ങൾക്ക് പാപ്പായുടെ കൽപ്പനകൾ അവഗണിക്കുന്നതിനും അതേ സമയം നല്ല കത്തോലിക്കരായി തുടരുന്നതിനും കഴിയുമെന്ന് കരുതുന്നതായി പാരീസിലെ സോഫ്രസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവിക്കുകയുണ്ടായി. ഗർഭച്ഛിദ്രവും വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധവും അനുവാദാത്മകമാണെന്നും “ഒരു പാരീഷ് അല്ലെങ്കിൽ കത്തോലിക്ക് സ്ഥാപനത്തിലംഗമായിരിക്കുന്നത് തികച്ചും അനാവശ്യമാണെന്നും” അവർ വിശ്വസിക്കുന്നു. ഇപ്പോൾ സ്പെയിനിലും ഫ്രാൻസിലും ജനസംഖ്യയിൽ 15 ശതമാനവും മതത്തിൽ നിന്ന് അന്യപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ആയുസ്സ് കുറയ്ക്കുന്ന ഘടകങ്ങൾ
“വികല പോഷണത്തിനും കൂടെക്കൂടെയുള്ള ഗർഭധാരണത്തിനും ഒരു പ്രസവത്തിന് അഞ്ച് വർഷം എന്ന കണക്കിന് ഒരു സ്ത്രീയുടെ ആയുസ്സ് ഹ്രസ്വമാക്കാൻ കഴിയുമെന്ന് ഏഷ്യാവീക്ക് പ്രസ്താവിക്കുന്നു. അന്തർദ്ദേശീയ വിദഗ്ദ്ധർ “ഗർഭധാരണങ്ങൾക്കിടയിൽ 2-3 വർഷങ്ങൾ ശുപാർശ ചെയ്യുന്നു.” ദീർഘമായ ഇടവേള മാതാവിനെ ഗർഭധാരണത്തിൽ നിന്നും മുലയൂട്ടലിൽ നിന്നുമുണ്ടാകുന്ന “മെലിച്ചിലിൽ” നിന്ന് സംരക്ഷിക്കുകയും ശിശുവിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. “വികലപോഷണവും ബാലമരണവും തടയുന്നതിൽ” മുലയൂട്ടലിന്റെ പങ്കിനെക്കുറിച്ചും ആ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഓപ്പറേഷന് സംഗീതം
ഓപ്പറേഷന്റെ സമയത്ത് സംഗീതത്തിന് രോഗികളെ സഹായിക്കാൻ കഴിയുമോ? കഴിയുമെന്ന് വാഷിംഗ്ടണിലെ പോർട്ട് ടൗൺസെണ്ടിലുള്ള ജഫർസൺ ജനറൽ ആശുപത്രിയിൽ നടത്തിയ ഗവേഷണ പഠനങ്ങൾ നിർദ്ദേശിക്കുന്നു. ഓപ്പറേഷൻ മുറിയിൽ സംഗീതം 25 വ്യത്യസ്ത രോഗികളിൽ ഉളവാക്കിയ ഫലത്തേക്കുറിച്ച് ഡോക്ടർ ഹെലൻ ലിൻസ് ക്വിസ്റ്റ് ബോണിയും നേഴ്സ് നോറീൻ മക്രോണും പഠിക്കുകയുണ്ടായി. ഓപ്പറേഷനു മുമ്പ് പലപ്പോഴും ഉണ്ടാകുന്ന ഉൽക്കണ്ഠയുടെ കാരണമായിരിക്കുന്ന ശബ്ദത്തെ ഓപ്പറേഷൻ മുറിയിൽ വെച്ചുതന്നെ അമർത്തുന്നതിനുവേണ്ടി ശമനൗഷധത്തിനു പകരം സംഗീതം ഉപയോഗിക്കപ്പെട്ടു. മധുര സംഗീതം രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയ്ക്കുന്നതായും രോഗികളെ ശാന്തമാക്കുന്നതിനുവേണ്ട ശമനൗഷധത്തിൽ പകുതി ലാഭിച്ചതായും അമേരിക്കൻ ആരോഗ്യം എന്ന മാസിക കുറിക്കൊള്ളുന്നു. ജർമ്മനിയിലെ സമാനമായ പഠനം ഇതേ സംഗതി ചൂണ്ടിക്കാണിക്കുകയുണ്ടായി. സാഹിത്യസംഗീതവും 40-കളിലെയും 50-കളിലെയും സാധാരണ സംഗീതവും കവിതകളും ഗാനങ്ങളും പോലും ഉപയോഗിക്കപ്പെട്ടു. ആവേശഭരിതവും പരുഷവുമായ സ്വരം ഒഴിവാക്കി. സംഗീതത്തിന്റെ സാന്ത്വനശക്തി 2.5 മില്ലിഗ്രാം വേലിയത്തിന് (മയക്കുമരുന്ന്) സമാണ്. സംഗീതം കേൾക്കുന്ന രോഗികൾക്ക് ഓപ്പറേഷനുശേഷം സുഖം തോന്നുകയും അവർ പെട്ടെന്ന് വീട്ടിലേക്ക് പോവുകയും ചെയ്തു.
വലുതാകുന്ന മരുഭൂമികൾ
“പ്രതിവർഷം ബൽജിയത്തിന്റെ ഇരട്ടി വലിപ്പത്തിലുള്ള പ്രദേശം—60,000 ചതുരശ്ര കിലോമീറ്റർ—മരുഭൂമിയായിത്തീരുന്നു” എന്ന് ന്യൂ സയൻറിസ്റ്റ് മാസിക പറയുന്നു: “മരുഭൂമിയ്ക്ക് പരിവർത്തനം വരുത്തുന്നുവെന്ന് 10 വർഷങ്ങൾക്കു മുമ്പ് 94 രാഷ്ട്രങ്ങൾ വാഗ്ദാനം ചെയ്തിരിക്കെത്തന്നെയാണ് ഇത് സംഭവിക്കുന്നത്.” ദേശം മരുഭൂമിയായിത്തീരുന്നത് തടയുന്നതിനുവേണ്ടി സമ്പന്ന രാഷ്ട്രങ്ങൾ ഇതുവരെ നൽകിയ 600 കോടി ഡോളറിൽ ഭൂരിഭാഗവും പൊതുജനാരോഗ്യ സംരക്ഷണത്തിനും റോഡ് നിർമ്മാണത്തിനുമായി ഉപകരിച്ചിരിക്കയാണ്. ചില സ്ഥലങ്ങളിൽ കുറെ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും മരുഭൂമിയുടെ വളർച്ച തടയുന്നതിന് ഇതുവരെ യാതൊരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല.
ഭൂമിയുടെ പരിമിതികൾ വർദ്ധിക്കുന്നു
ജീവജാലങ്ങളെ നിലനിർത്തുന്ന ഭൂമിയുടെ അവസ്ഥകൾക്ക് സമൂല പരിവർത്തനം വരുന്നതായി ലോക നിരീക്ഷണ സംഘടന മുന്നറിയിപ്പു നൽകുന്നു. “ജീവിത നിലവാരങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾതന്നെ ഭൂമിയുടെ സാമ്പത്തിക വ്യവസ്ഥയെ ഭീഷണിപ്പെടുത്താൻ തുടങ്ങിയിരിക്കയാണ്” എന്ന് 1987-ലെ ലോകാവസ്ഥ എന്ന പുസ്തകത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ജീവജാലങ്ങളുടെ വിനാശവും ഇന്ധനത്തിന്റെയും ആഹാര സാധനങ്ങളുടെയും ഉൽപ്പാദനത്തിലെ കുറവും മലിനീകരണവും നിമിത്തം “ഭാവി തലമുറകൾക്ക് ഭൂമി അധിവാസയോഗ്യമല്ലാതായിത്തീരുകയാണ്” എന്ന് റിപ്പോർട്ട് പറയുകയുണ്ടായി. “പെട്ടെന്നുള്ള ശ്രദ്ധ ആവശ്യമായിരിക്കുന്ന ഇത്തരം സങ്കീർണ്ണ പ്രശ്നങ്ങൾ മറ്റൊരു തലമുറയും ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. മുൻതലമുറകൾ ഭാവിയെക്കുറിച്ച് എല്ലായ്പ്പോഴും ഉൽക്കണ്ഠപ്പെട്ടിട്ടുണ്ട്. എന്നാൽ നമ്മുടെ കുട്ടികൾ ജീവിക്കേണ്ട ഭൂമി അധിവാസയോഗ്യമായിരിക്കുമോ എന്നുള്ള തീരുമാനത്തെ ആദ്യമായി അഭിമുഖീകരിക്കുന്നത് നമ്മുടെ തലമുറയാണ്” എന്ന് റിപ്പോർട്ടു കൂട്ടിച്ചേർത്തു.
വിഷവില
പല വിഷങ്ങൾക്കും സ്വർണ്ണത്തേക്കാളും രത്നത്തേക്കാളും വിലയുണ്ട് എന്ന് സോവ്യറ്റ് മാസികയായിരിക്കുന്ന സ്പുട്ട്നിക്ക് പറയുന്നു. “ഉദാഹരണത്തിന് മൂർഖന്റെ ഒരൗൺസ് വിഷത്തിന് 9,000 ഡോളറും കയ്റലിയസിന്റെ വിഷത്തിന് 14,000 ഡോളറും ഒരു കടൽപ്പാമ്പിന്റെ വിഷത്തിന് 43,000ഡോളറും വടക്കേ അമേരിക്കയിലെ സിലണ്ടർ പാമ്പിന്റെ വിഷത്തിന് 56,000 ഡോളറും ആഫ്രിക്കയിലെ ബൂംസ്ലാഗ് പാമ്പിന്റെ വിഷത്തിന് 2,83,000 ഡോളറും ബംബിളിബിയുടെ വിഷത്തിന് 11,34,000 ഡോളറും അമേരിക്കയിലെ കറുത്ത സ്പൈഡർ പാമ്പിന്റെ വിഷത്തിന് 23,60,000 ഡോളറും വിലവരും.” ഇത്രമാത്രം വിലയുള്ളതെന്തുകൊണ്ട്? ഇവയിൽ ചില വർഗ്ഗങ്ങൾ വളരെ വിരളമായിരിക്കുന്നതിനാൽ അവ ലഭിക്കുന്നത് വളരെ പ്രയാസമായിരിക്കുന്നതിനാൽ തന്നെ. കൂടാതെ ചെറുജീവികളിൽ നിന്ന് വളരെ കുറച്ചു വിഷമേ ലഭിക്കയുള്ളു. അവയിൽ നിന്ന് വീണ്ടും വിഷം ലഭിക്കുന്നതിന് മറ്റൊരു മാസം കാത്തിരിക്കേണ്ടി വരും. എന്നാൽ പാമ്പുകളിൽ നിന്ന് ഏകദേശം 10 തുള്ളി ലഭിക്കും. വില എന്തുതന്നെയായിരുന്നാലും, പാമ്പുകടിയേറ്റവരെ രക്ഷിക്കുന്നതിനും രോഗനിവാരണങ്ങൾക്കുമായി സിറെത്തിൽ ഉപയോഗിക്കാൻ ഈ വിഷങ്ങൾ വളരെ അത്യാവശ്യമാണ്.
മലിനീകരണത്തിന്റെ ഭാരിച്ച മരണനിരക്ക്.
“ദേശത്തിന്റെ ഏതാണ്ട് പകുതി ഭാഗവും പർവ്വതവും വനങ്ങളുമുള്ള സ്വിറ്റ്സർലണ്ടിൽ ആസിഡ് മഴ ശരാശരി 50 ശതമാനം വൃക്ഷങ്ങളുടെ വിനാശം കൈവരുത്തുന്നു” എന്ന് അന്തർ ദേശീയ ഹെരാൾഡ് ട്രിബ്യൂൺ റിപ്പോർട്ടു ചെയ്യുന്നു. “ചിലയിടങ്ങളിൽ നശിക്കുന്ന വൃക്ഷങ്ങളുടെ എണ്ണം ഏതാണ്ട് 65 ശതമാനം വരെ എത്തിയിട്ടുണ്ട്. ആസിഡ് മഴ ഉത്തരയൂറോപ്പിലെ ഒരു ഗുരുതരമായ പ്രശ്നമാണെന്ന് വീക്ഷിക്കുന്ന പാരിസ്ഥിതിക വിജ്ഞാനികൾക്ക് അത്തരം സ്ഥിതിവിവരക്കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. ഉദാഹരണത്തിന് ജർമ്മനിയിലെ 50 ശതമാനം മരങ്ങൾ നശിക്കുകയാണ്. ഫ്രാൻസിലെ വോസ്ഗെസ് പ്രദേശത്ത് ഇത് സത്യമാണ്. പോളണ്ടിൽ ആസിഡ് മഴ നിമിത്തമുള്ള നാശം ഏതാണ്ട് 40 ശതമാനമാണ്. ഫ്രഞ്ച് വീക്കിലിയായിരിക്കുന്ന എക്സ്പ്രസ്സിൽ ഉദ്ധരിച്ചിരിക്കുന്ന പോളണ്ടിലെ സാമൂഹ്യ ശാസ്ത്ര അക്കാദമിയിലെ ഒരു രേഖയനുസരിച്ച് വായുവിന്റെയും ജലത്തിന്റെയും മലിനീകരണവും പോളണ്ടിൽ വിപത്ത് വർദ്ധിപ്പിക്കുകയാണ്. യൂറോപ്പിൽ മലിനീകരണത്തിന്റെ ഗുരുതരമായ പ്രശ്നം ഉണ്ടായിരിക്കെ, ആസിഡ് മഴയുടെ ഒരു വിദഗ്ദ്ധനായിരിക്കുന്ന ഡോക്ടർ ക്ലോഡി മാർട്ടിൻ ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “അതിനുവേണ്ടി പ്രവർത്തിക്കുന്നതിനോ വേണ്ടത്ര കാര്യമായി ശ്രമിക്കുന്നതിനോ ഉള്ള ഒരു മടിയുണ്ട്.”
“ഉറച്ച ശ്രമം”
എത്ര തരത്തിലുള്ള ചെടികളും മൃഗങ്ങളും ആസ്തിക്യത്തിലുണ്ടെന്ന് കൃത്യമായി അറിയില്ല. കണക്കുകൂട്ടലുകളനുസരിച്ച് 50 മുതൽ 30 ലക്ഷമുണ്ടെങ്കിലും ഇതുവരെ ഏതാണ്ട് 16 ലക്ഷത്തോളമേ തിരിച്ചറിയപ്പെട്ടിട്ടുള്ളു. “ശാസ്ത്രീയ പാഠങ്ങൾക്കും സാമ്പത്തിക ഉപയോഗത്തിനുമായി വളരെ കുറച്ച് വർഗ്ഗങ്ങളെക്കുറിച്ച് മാത്രമേ പഠനം നടത്തിയിട്ടുള്ളു എന്ന കാരണത്താൽ “വംശനാശം വരുന്നതിനു മുമ്പ് അവശേഷിക്കുന്ന ദശലക്ഷക്കണക്കിന് വർഗ്ഗങ്ങളെ കണ്ടുപിടിക്കുന്നതിന് ഒരുറച്ച ശ്രമത്തിന്റെ അല്ലെങ്കിൽ കൂലങ്കഷമായ പരിശോധനയുടെ ഒരു പുതുയുഗം തുറക്കേണ്ടതാവശ്യമാണ്” എന്ന്, ജീവശാസ്ത്രജ്ഞൻമാർ പറയുന്നതായി ന്യൂയോർക്ക് ടൈംസ് വിശദീകരിക്കുന്നു. ഈ വർഗ്ഗങ്ങളിൽ മിക്കതും തിങ്ങിനിറഞ്ഞ വനപ്രദേശങ്ങളിലുണ്ട്. അത്തരം വനങ്ങൾ മിക്കതും തടിക്കായും കൃഷിസ്ഥലങ്ങൾക്കായും ഭവനങ്ങൾ നിർമ്മിക്കുന്നതിനായും വെട്ടിനശിപ്പിക്കുകയാണ്. തിമിംഗലങ്ങളെയോ കരടിപ്പൂച്ചകളെയോ പോലെ ചെറുജീവികളും ചെടികളും പൊതുജനങ്ങളുടെ അനുകമ്പ പിടിച്ചു പറ്റുന്നില്ലെങ്കിലും അവ “മനുഷ്യനുൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളെയും ആത്യന്തികമായി നിലനിർത്തുന്ന അടിസ്ഥാന ഘടകങ്ങളാണ്” എന്ന് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
രക്തത്തിന്റെ പുതുഭീഷണി
ഐക്യനാടുകളിലെ ഡോക്ടർമാർ കാൻസറിനിടയാക്കുന്ന വളരെ വിരളമായ ഒരു വൈറസ്—എയ്ഡ്സിനിടയാക്കുന്നതുപോലുള്ള ഒരു വൈറസ്—പലയിടങ്ങളിലേക്കും പരന്നേക്കാം എന്ന ഭീതിയിലാണ്. “ഗുരുതരമായ രോഗത്തോട് ബന്ധപ്പെട്ടിരിക്കുന്നതും രക്തത്തിലൂടെ പരക്കുന്നതുമായ ഒരു വൈറസിനെ ഐക്യനാടുകളിൽ കണ്ടു പിടിച്ചിരിക്കുന്നതായി ഞങ്ങൾക്ക് തെളിവുണ്ടെന്ന്” റെഡ്ക്രോസ്സിന്റെ മെഡിക്കൽ ഡയറക്ടറായിരിക്കുന്ന എസ്. ജറാൾഡ് സാൻഡ്ലർ പറയുന്നു. ഹ്യൂവൻ റ്റി-സെൽലൂക്കേവിയ വൈറസ് വൺ അല്ലെങ്കിൽ എച്ച്. റ്റി. എൽ. വി-വൺ എന്നു പറയുന്ന വൈറസാണ് മനുഷ്യരിൽ കാൻസറിനിടയാക്കുന്നതെന്ന് ആദ്യം കണ്ടു പിടിക്കപ്പെട്ടു. ഒരു തരത്തിലുള്ള ലൂക്കേമിയായ്ക്കിടയാക്കുന്നതു കൂടാതെ അത് ഒരു നാഡിരോഗത്തോടും ബന്ധപ്പെട്ടിരിക്കുന്നു—മരപ്പ്പോലുള്ള റ്റി. എസ്. പി. യോട് അല്ലെങ്കിൽ പാരപരേസിസിനോട്. “ഈ വൈറസ് ഗുപ്തമായി അധികകാലം നിലനിൽക്കുന്നതിനാൽ അസാധാരണമായ ഒരു ഭീഷണിയുണ്ട്. ഈ വൈറസ് ബാധിക്കുന്നവരിൽ നിരവധി വർഷത്തേക്ക് ലൂക്കേമിയ വികസിക്കയില്ലായിരിക്കാം” എന്ന് വോൾസ്ട്രീറ്റ് ജേർണൽ പറയുന്നു. എന്നാൽ ഒരിക്കൽ രോഗം ഉണ്ടായാൽ ആ വ്യക്തി സാധാരണയായി മൂന്നു മാസമേ ജീവിച്ചിരിക്കയുള്ളു. (g87 7/8)