“അതു സത്യമായിരിക്കാവുന്നതല്ല!”
“മനോഹരമായ ഒരു ദിവസമായിരുന്നു 1982, മെയ് 31. സൂര്യൻ പ്രകാശിച്ചുകൊണ്ടിരുന്നു, ആകാശം നീലയായിരുന്നു. മുറ്റം വൃത്തിയാക്കുന്നതിന് ഇതു തികച്ചും ഉചിതമായ സമയമാണെന്ന് ഞാൻ വിചാരിച്ചു. പഴയ ചൈനീസ് തണൽച്ചെടി ഞങ്ങൾ അടുത്ത കാലത്ത് വെട്ടിക്കളഞ്ഞിരുന്നു. പുൽത്തകിടിയിൽ പിന്നെയും കുറെ ചുള്ളികളും കമ്പുകളും കിടപ്പുണ്ടായിരുന്നു. അങ്ങനെയിരിക്കെ, ജോലി കൂടുതൽ അനായാസമാക്കിത്തീർക്കുന്ന ഒരു മൽഷർ ഞങ്ങളുടെ സുഹൃത്തായ ജോർജ്ജിനുണ്ടെന്ന് ഞാൻ ഓർത്തു. അതുകൊണ്ടു ഞാൻ അയാളെ ഫോണിൽ വിളിച്ചു.
“ജോർജ്ജ് പരിചയസമ്പന്നനായ ഒരു പയലറ്റ് ആയിരുന്നു. അയാൾക്ക് പറക്കൽ ഇഷ്ടമായിരുന്നു. തന്നിമിത്തം താൻ കുറെ സ്നേഹിതരെ വിമാനത്തിൽ കയറ്റാൻ പോകുകയാണെന്ന് പറഞ്ഞപ്പോഴും ഞങ്ങൾ ഒരു സവാരി ഇഷ്ടപ്പെടുന്നുവോയെന്ന് ചോദിച്ചപ്പോഴും ആശ്ചര്യമില്ലായിരുന്നു. മുറ്റം വൃത്തിയാക്കിയ ശേഷം അത് ഒരു വിനോദം ആയിരിക്കുമെന്ന് എന്റെ ഭാര്യ ഡയാനയും ഞാനും തീരുമാനിച്ചു. ഞങ്ങൾ ഞങ്ങളുടെ മൂന്നു വയസ്സുകാരി പുത്രിയെയും കൊണ്ടുപോയി. ഇരുണ്ടു തവിട്ടുനിറമാർന്ന മുടിയുള്ള സുന്ദരിയും മിടുക്കിയുമായ മേരിയാ എന്ന പെൺകുട്ടി തികച്ചും ആവേശഭരിതയായി.
“ഞങ്ങൾ വിമാനത്താവളത്തിലെത്തിയപ്പോൾ മറ്റൊരു സുഹൃത്ത് സവാരിക്കായി തന്റെ ഊഴം കാത്ത് ഇരിക്കുകയായിരുന്നു. അങ്ങനെ ഞങ്ങളെല്ലാം നാലു പേർക്കിരിക്കാവുന്ന ആ വിമാനത്തിൽ കയറിക്കൂടി. ഞങ്ങൾ തടാകത്തിൻമീതെ പറന്ന് പർവ്വതത്തെ ലക്ഷ്യംവെച്ചു നീങ്ങി. അതു മനോഹരമായിരുന്നു. ഞങ്ങൾ പുറത്തേക്കു നോക്കി ദേശത്തെ ലക്ഷ്യങ്ങൾ കണ്ടു. ചിലർ ഒരു കുന്നിൽ പിക്ക്നിക്കിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. മേരിയാ രോമാഞ്ചമണിഞ്ഞു. പിന്നീട് ഞങ്ങൾ കുന്നിൻ ശിഖരത്തിൻമീതെ പൊയ്ക്കൊണ്ടിരുന്നപ്പോൾ വിമാനം പെട്ടെന്ന് കീഴ്പ്പോട്ടുള്ള ഒരു ശക്തമായ കാറ്റിൽ അകപ്പെട്ടു. എൻജിൻ നിലച്ചു. വിമാനം ആകാശത്തുനിന്നു വീണു!
“മേരിയയെ മടിയിലിരുത്തിയിരുന്ന എന്റെ ഭാര്യക്കും മുൻപിലത്തെ സീറ്റിനുമിടയിൽ കടക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചുമാത്രമേ എനിക്കു ചിന്തിക്കാൻ കഴിഞ്ഞുള്ളു. എനിക്ക് ഒരിക്കലും അതു സാധിച്ചില്ല—വിമാനം പർവ്വതത്തിന്റെ വശത്തിടിച്ചു.
“ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. എന്നാൽ അനങ്ങാൻ കഴിഞ്ഞില്ല. സഹായത്തിനായി ഡയാന നിലവിളിക്കുന്നത് എനിക്കു കേൾക്കാൻ കഴിഞ്ഞു. എന്നാൽ എനിക്കു യാതൊന്നും ചെയ്യാൻ കഴിഞ്ഞില്ല. സഹായത്തിനായി മുറവിളിക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളു.
“ഒടുവിൽ ഞങ്ങളെ പർവ്വതത്തിൽനിന്നിറക്കാൻ അടിയന്തിരമെഡിക്കൽ റ്റീമുകൾ എത്തി. ഞങ്ങൾ പാഠപ്പുസ്തകം വീഴുന്നതുപോലെയാണു വീണതെങ്കിലും ജോർജ്ജും സുഹൃത്തും മരണമടഞ്ഞു. ശേഷിച്ച ഞങ്ങൾക്ക് പരുക്കേറ്റു. മേരിയായിക്ക് തലയിലും അകത്തും പരുക്കേറ്റു. എന്റെ ആശുപത്രിക്കിടക്കയ്ക്കരികിൽ വന്ന് അവൾ മരിച്ചുപോയെന്ന് എന്നോടു പറയുന്ന വേദനാകരമായ ജോലി എന്റെ അമ്മായിയപ്പന്റേതായിരുന്നു—എന്റെ ഹൃദയത്തിനേറ്റ ഒരു ക്ഷതമായിരുന്നു ആ വാർത്ത. ‘എന്തുകൊണ്ട് അവൾ? അതു ഞാൻ ആയിരിക്കാഞ്ഞതെന്തുകൊണ്ട്? അവളെപ്പോലെയുള്ള ഒരു പെൺകുഞ്ഞ് മരിക്കുന്നത് ഉചിതമല്ല’ എന്നു ഞാൻ വിചാരിച്ചു. ഞാൻ ആ സവാരിക്കു സമ്മതിക്കാതിരുന്നെങ്കിൽ . . .
“ഡയാന നടുവൊടിഞ്ഞ് വളരെ ഗുരുതരമായ ഒരു അവസ്ഥയിലായിരുന്നു. അപകടത്തിനുശേഷം മൂന്നാഴ്ച കഴിഞ്ഞ് അവളും മരിച്ചു. കുന്നിൽചെരുവിലേക്കുള്ള ഒരു വീഴ്ചയിൽ എനിക്ക് എന്റെ കുഞ്ഞും എന്റെ ഭാര്യയും നഷ്ടപ്പെട്ടു. എനിക്കു സകലവും നഷ്ടപ്പെട്ടുവെന്ന് ഞാൻ വിചാരിച്ചു. ഞാൻ എങ്ങനെ അതിജീവിക്കും?”—ജസ് റോമറോ, ന്യൂ മെക്സിക്കോ, യൂ. എസ്. എ. പറഞ്ഞത്.
“എന്റെ മകൻ യോനാഥാൻ സുഹൃത്തുക്കളെ സന്ദർശിക്കാൻ ലോംഗ് അയലണ്ടിൽ പോയിരിക്കുകയായിരുന്നു. എന്റെ ഭാര്യ വാലൻറീനായിക്ക് അവൻ അവിടെ പോകുന്നതു ഇഷ്ടമില്ലായിരുന്നു വാഹനഗതാഗതത്തെ അവൾക്ക് എപ്പോഴും ഭയമായിരുന്നു. എന്നാൽ അവന് ഇലക്ട്രോണിക്ക്സ് ഇഷ്ടമായിരുന്നു. അവന്റെ സുഹൃത്തുക്കൾക്ക് ഒരു വർക്ക്ഷോപ്പുണ്ടായിരുന്നു, അവിടെ അവന് പ്രായോഗിക പരിശീലനം നേടാൻ കഴിഞ്ഞു. ഞാൻ വെസ്റ്റ് മൻഹാട്ടനിലെ വീട്ടിലായിരുന്നു. എന്റെ ഭാര്യ പ്യൂർട്ടോറിക്കോയിലെ അവളുടെ കുടുംബത്തെ സന്ദർശിക്കാൻ പോയി.
ഞാൻ റ്റി.വി.യുടെ മുമ്പിൽ ഉറക്കംതൂങ്ങിക്കൊണ്ടിരുന്നു. ‘യോനാഥാൻ പെട്ടെന്നു തിരിച്ചെത്തു’മെന്നായിരുന്നു എന്റെ വിചാരം. അപ്പോൾ ഡോർബെൽ അടിച്ചു. ‘തീർച്ചയായും അത് അവനായിരിക്കും,’ പക്ഷേ അല്ലായിരുന്നു. അതു പോലീസും പാരാമെഡിക്ക്സും ആയിരുന്നു.
“‘നിങ്ങൾക്ക് ഈ ഡ്രൈവർലൈസൻസ് തിരിച്ചറിയാൻ കഴിയുമോ?’, പോലീസ് ഓഫീസർ ചോദിച്ചു. ‘ഉവ്വ് അത് എന്റെ മകൻ യോനാഥാന്റേതാണ്.’ ‘ഞങ്ങൾക്ക് നിങ്ങൾക്കായി ദുർവാർത്തയാണുള്ളത്. ഒരു അപകടം സംഭവിച്ചു . . . നിങ്ങളുടെ പുത്രൻ, . . . നിങ്ങളുടെ പുത്രൻ കൊല്ലപ്പെട്ടു.’ എന്റെ ആദ്യ പ്രതികരണം ‘നോ പ്യൂഡേ സർ! നോ പ്യൂഡേ സർ!’ എന്നായിരുന്നു—അതു സത്യമായിരിക്കാവുന്നതല്ല!
“ആ ബോംബ്ഷെൽ ഞങ്ങളുടെ ഹൃദയത്തിൽ ഒരു മുറിവുണ്ടാക്കി, അത് രണ്ടു വർഷം കഴിഞ്ഞ് ഇപ്പോഴും ഭേദമായിക്കൊണ്ടിരിക്കുന്നതേയുള്ളു.” അഗസ്റ്റിൻ കാരാബളോസോ ന്യൂയോർക്ക്, യു. എസ്. എ. പറഞ്ഞത്.
“അന്ന് 1960-കളിൽ ഞങ്ങൾ ഒരു സന്തുഷ്ട കുടുംബമായിരുന്നു. സാക്ഷികളായിരുന്നതുകൊണ്ട് മതപീഡനം ഞങ്ങൾ ഗണ്യമാക്കിയില്ല. എന്റെ ഭാര്യ മേരിയായും 13-ഉം 11-ഉം 9-ഉം വയസ്സുണ്ടായിരുന്ന ഞങ്ങളുടെ മൂന്നു മക്കളായിരുന്ന ഡേവിഡും പക്ക്വിറ്റോയും ഇസബേലും കൂടെയുണ്ടായിരുന്നു.
“1963 മാർച്ച് മാസത്തിൽ ഒരു ദിവസം പാക്ക്വിറ്റോ കഠിനമായ തലവേദനയുണ്ടെന്നു പരാതിപ്പെട്ടുകൊണ്ട് വീട്ടിൽ വന്നു. കാരണമെന്തായിരിക്കുമെന്നു ചിന്തിച്ചു ഞങ്ങൾ അന്ധാളിച്ചു—എന്നാൽ അധികനേരത്തേക്കില്ലായിരുന്നു. മൂന്നു മണിക്കൂർ കഴിഞ്ഞ് അവൻ മരിച്ചു. ഒരു മസ്തിഷ്ക്കസ്രാവം അവന്റെ ജീവനെ ഹനിച്ചു.
പാക്ക്വിറ്റോയുടെ മരണം സംഭവിച്ചത് 24 വർഷം മുൻപായിരുന്നു. എന്നിട്ടും ആ നഷ്ടത്തിന്റെ അഗാധ വേദന ഇന്നോളം ഞങ്ങളോടുകൂടെ തങ്ങിനിൽക്കുകയാണ്. മാതാപിതാക്കൾക്ക് ഒരു കുട്ടി നഷ്ടപ്പെട്ടിട്ട് തങ്ങളുടെതന്നെ ഒരു ഭാഗം നഷ്ടപ്പെട്ടുവെന്നു വിചാരിക്കാതിരിക്കാൻ മാർഗ്ഗമില്ല—എത്ര കാലം കടന്നുപോയാലും അല്ലെങ്കിൽ അവർക്ക് എത്ര കുട്ടികളുണ്ടായിരുന്നാലും അങ്ങനെതന്നെ.—റാമോൻ സെറാനോ ബാർസെലോണാ, സ്പെയിൻ പറഞ്ഞപ്രകാരം.
ലോകത്തെമ്പാടുമുള്ള കുടുംബങ്ങളിൽ പ്രഹരിക്കുന്ന ദശലക്ഷക്കണക്കിനു ദുരന്തങ്ങളിൽ ചുരുക്കം ചിലതു മാത്രമാണിവ. ദുഃഖിതരായ മിക്ക മാതാപിതാക്കളും സാക്ഷീകരിക്കുന്നതുപോലെ മരണം ഒരു കുട്ടിയെ പിടികൂടുമ്പോൾ അതു യഥാർത്ഥത്തിൽ ഒരു ശത്രുവാണ്.—1 കൊരിന്ത്യർ 15:25, 26.
ഇപ്പോൾ ഉദ്ധരിച്ച കേസുകളിൽ ദുഃഖാർത്തരായ ഈ ആളുകൾ എങ്ങനെ പ്രശ്നത്തെ കൈകാര്യംചെയ്തു? അങ്ങനെയുള്ള ഒരു നഷ്ടത്തിനുശേഷം ഒരു സാധാരണഗതിയിലുള്ള ജീവിതം എന്നെങ്കിലും സാദ്ധ്യമാണോ? നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവരെ വീണ്ടും എന്നെങ്കിലും കാണാമെന്നുള്ള എന്തെങ്കിലും പ്രത്യാശയുണ്ടോ? ഉണ്ടെങ്കിൽ എവിടെ, എങ്ങനെ? തുടർന്നുവരുന്ന ലേഖനങ്ങളിൽ ഇവയും മറ്റു ബന്ധപ്പെട്ട ചോദ്യങ്ങളും പരിചിന്തിക്കപ്പെടും. (g87 8/8)
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
The Daily Herald, Provo, Utah