മരിച്ചവർക്കു പ്രത്യാശ, ദുഃഖിതർക്ക് ആശ്വാസം
ഞങ്ങളുടെ ആദ്യ ലേഖനത്തിൽ പറഞ്ഞിരുന്ന ജസ്സ് റോമറോ ഒടുവിൽ വിവാഹിതനായി. അഗസ്റ്റിന്റെയും വാലൻറീനാ കരാബളോസോയുടെയും കാര്യത്തിൽ യോനാഥാന്റെ മരണം ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്, എന്നാൽ ഒരു ശാന്തത ഉണ്ടായിട്ടുണ്ട്. റാമോനും മേരിയാ സെറോനും സ്പെയിനിൽനിന്നുള്ള പാക്ക്വിറ്റോയുടെ മരണത്തിനുശേഷം 24 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും കണ്ണുനീർ പൊഴിക്കുകയാണ്. എന്നാൽ ഈ കേസുകളിലെല്ലാം അവരെ നിലനിർത്തിയതെന്താണ്? “പുനരുത്ഥാനപ്രത്യാശ” എന്ന് അവർ ഉത്തരം പറയുന്നു!
എന്നാൽ പുനരുത്ഥാനം എന്നതിനാൽ നാം കൃത്യമായി എന്താണർത്ഥമാക്കുന്നത്? ആർ പുനരുത്ഥാനം പ്രാപിക്കും? എപ്പോൾ? നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
യേശു പഠിപ്പിച്ച പ്രകാരം മരിച്ചവർക്കുള്ള പ്രത്യാശ
തന്റെ ഭൂമിയിലെ ശുശ്രൂഷക്കാലത്ത് യേശു പലരെ ഉയർത്തെഴുന്നേൽപ്പിച്ചു. (മർക്കോസ് 5:35-42) ഇത് ദശലക്ഷക്കണക്കിനാളുകൾ “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ”യെന്ന് പ്രാർത്ഥിക്കുമ്പോൾ അപേക്ഷിക്കുന്ന പ്രകാരം ഭൂമി ഒരിക്കൽകൂടെ തികച്ചും ദൈവഭരണത്തിൻകീഴിലായിരിക്കുമ്പോൾ നടക്കുന്ന വലിയ പുനരുത്ഥാനത്തിന്റെ സൂചനയായി ഉതകി.—മത്തായി 6:9, 10.
ഈ കാര്യത്തിലെ ദൈവശക്തിയുടെ ഒരു ദൃഷ്ടാന്തം യേശു തന്റെ സുഹൃത്തായിരുന്ന ലാസറിനെ ഉയർപ്പിച്ചതായിരുന്നു. അതേസമയം വിവരണം മരിച്ചവരുടെ അവസ്ഥയെ വിശദീകരിക്കുകയും ചെയ്യുന്നു. യേശു തന്റെ ശിഷ്യൻമാരോട് പറഞ്ഞു: “നമ്മുടെ സ്നേഹിതനായ ലാസർ ഉറങ്ങുകയാണ്, എന്നാൽ അവനെ ഉണർത്താൻ ഞാൻ അവിടേക്കു സഞ്ചരിക്കുകയാണ്.” അർത്ഥം മനസ്സിലാക്കാതെ ശിഷ്യൻമാർ പറയുകയാണ്: “കർത്താവേ, അവൻ വിശ്രമിക്കുകയാണെങ്കിൽ അവൻ സുഖം പ്രാപിക്കും.” ലാസർ കേവലം ഉറങ്ങുകയാണെന്ന് അവൻ പറയുന്നുവെന്ന് അവർ സങ്കൽപ്പിച്ചു. യഥാർത്ഥത്തിൽ അവൻ മരിച്ചതായിരുന്നു. അങ്ങനെ “ലാസർ മരിച്ചിരിക്കുന്നു”വെന്ന് പറഞ്ഞുകൊണ്ട് യേശു സംശയത്തിനിടം ശേഷിപ്പിച്ചില്ല.
ഏതെങ്കിലും അമർത്ത്യദേഹി മറ്റൊരവസ്ഥയിലേക്ക് അഥവാ മണ്ഡലത്തിലേക്ക് കടക്കുന്നതിനെക്കുറിച്ചു യേശു പരാമർശിച്ചില്ലെന്ന് ദയവായി ശ്രദ്ധിക്കുക. അവൻ ഗ്രീക്ക്തത്വജ്ഞാനത്താൽ സ്വാധീനിക്കപ്പെട്ടില്ല, എന്നാൽ എബ്രായതിരുവെഴുത്തുകളിലെ വ്യക്തമായ ബൈബിളുപദേശത്താലാണ് സ്വാധീനിക്കപ്പെട്ടത്. ലാസർ മരണത്തിൽ നിദ്ര ചെയ്യുകയായിരുന്നു. യേശു വന്നപ്പോഴേക്ക് അവൻ സ്മാരകക്കല്ലറയിലായിട്ടു നാലു ദിവസമായിരുന്നു. അതുകൊണ്ട് അവന് എന്ത് പ്രത്യാശയാണ് ശേഷിച്ചിരുന്നത്?
യേശു ലാസറിന്റെ സഹോദരിയായ മാർത്തയോടു സംസാരിച്ചപ്പോൾ അവൻ അവളോട് ഇങ്ങനെ പറഞ്ഞു: “നിന്റെ സഹോദരൻ ഉയർത്തെഴുന്നേൽക്കും.” അവൾ എങ്ങനെ ഉത്തരം പറഞ്ഞു? അവന്റെ ദേഹി അപ്പോൾത്തന്നെ സ്വർഗ്ഗത്തിലോ മറ്റെവിടെയെങ്കിലുമോ ആണെന്ന് അവൾ പറഞ്ഞോ? അവളുടെ മറുപടി ഇതായിരുന്നു: “അവസാനനാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയർത്തെഴുന്നേൽക്കുമെന്ന് ഞാൻ അറിയുന്നു.” അവളും ഭൂമിയിലെ ജീവിതത്തിലേക്കുള്ള പുനരുത്ഥാനത്തിന്റെ ബൈബിളുപദേശത്തോട് പറ്റിനിന്നു. “ഞാൻ പുനരുത്ഥാനവും ജീവനുമാകുന്നു. എന്നിൽ വിശ്വാസം പ്രകടമാക്കുന്നവൻ മരിച്ചാലും ജീവനിലേക്കു വരും” എന്നു പറഞ്ഞുകൊണ്ട് യേശു അവൾക്ക് വിശ്വാസത്തിനു കൂടുതലായ കാരണം നൽകി. പിന്നീട് തന്റെ പോയിൻറ് തെളിയിക്കാൻ അവൻ ലാസറിന്റെ കല്ലറയ്ക്കലേക്കു പോയി “ലാസറേ, പുറത്തുവരൂ!” എന്നു വിളിച്ചുപറഞ്ഞു. എന്തു സംഭവിച്ചു?
ചരിത്ര വിവരണം ഇങ്ങനെ പ്രസ്താവിക്കുന്നു: “മരിച്ചിരുന്ന മനുഷ്യൻ പൊതിയലുകളാൽ കൈയും കാലുകളും കെട്ടപ്പെട്ടവനായി പുറത്തുവന്നു, അവന്റെ മുഖം ഒരു തുണി കൊണ്ടു ചുറ്റിക്കെട്ടിയിരുന്നു. യേശു അവരോട്: ‘അവന്റെ കെട്ടഴിക്കുക, അവൻ പോകട്ടെ’ എന്നു പറഞ്ഞു.”—യോഹന്നാൻ 11:1-44.
ഉണരുക! കൂടിക്കാഴ്ച നടത്തിയ അനേകം മരണദുഃഖാർത്തരുടെ പ്രത്യാശ സ്ഥിതിചെയ്യുന്നത് അവിടെയാണ്. അതേ പ്രത്യാശ സമീപഭാവിയിലേക്കു നോക്കിപ്പാർത്തിരിക്കുന്നതിനു അവരെ പ്രോത്സാഹിപ്പിക്കുന്നു, അന്ന് ഭൂമി പുതുക്കപ്പെട്ട ഒരു പരദീസായായിത്തീരും, യേശുവിന്റെ പ്രത്യാശാജനകമായ ഈ വാക്കുകൾ നിവർത്തിക്കപ്പെടുകയും ചെയ്യും: “ഇതിങ്കൽ ആശ്ചര്യപ്പെടരുത്, എന്തുകൊണ്ടെന്നാൽ സ്മാരകക്കല്ലറയിലുള്ള എല്ലാവരും അവന്റെ ശബ്ദം കേൾക്കുകയും പുറത്തുവരുകയും ചെയ്യുന്ന നാഴിക വരുന്നു, നല്ല കാര്യങ്ങൾ ചെയ്തവർ ഒരു ജീവന്റെ പുനരുത്ഥാനത്തിലേക്ക്, ചീത്ത കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നവർ ന്യായവിധിയുടെ ഒരു പുനരുത്ഥാനത്തിലേക്ക്” എന്ന യേശുവിന്റെ പ്രത്യാശാജനകമായ വാക്കുകൾ നിവർത്തിക്കപ്പെടുകയും ചെയ്യും.—യോഹന്നാൻ 5:28, 29.
“എന്റെ ഇഷ്ടവാക്യം . . . ”
കുടുംബത്തിലെ ഒരു കുട്ടിയുടെ മരണത്തെസംബന്ധിച്ച് ഉണരുക! മാതാപിതാക്കളെയും ചെറുപ്പക്കാരെയും ഇൻറർവ്യൂ നടത്തിയിട്ടുണ്ട്.a തങ്ങളുടെ ദുഃഖത്തെ അവർ എങ്ങനെ നേരിട്ടുവെന്ന് വിശദീകരിക്കവേ “എന്റെ ഇഷ്ടവാക്യം ഞാൻ നിങ്ങളോടു പറയട്ടെ” എന്ന് അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിങ്ങൾ ദുഃഖിക്കുകയാണെങ്കിൽ ഈ വാക്യങ്ങൾ നിങ്ങളെയും സഹായിച്ചേക്കാം.
കൊറിയാറിപ്പബ്ളിക്കിലെ സോളിൽനിന്നുള്ള പതിന്നാലുകാരി യൂനി 1985-ൽ രക്താർബ്ബുദം ബാധിച്ചു മരിച്ചു. അവളുടെ പിതാവായ ചുങ്വാംഗ്-കുക്ക് യൂനിയുടെ അവസാന ജീവിതവാരങ്ങളിൽ അവളെ താൻ എങ്ങനെ ആശ്വസിപ്പിച്ചുവെന്ന് ഉണരുക!യോടു വിശദീകരിക്കുകയുണ്ടായി: “ഞാൻ അവളോടു ലാസറിനെക്കുറിച്ചു പറഞ്ഞു. ലാസർ ഉറങ്ങുകയാണെന്ന് യേശു പറഞ്ഞു. അവന്റെ കാര്യത്തിലെന്നപോലെ ‘യൂനീ! ഉണരൂ!’ എന്ന് യേശു വിളിച്ചുപറയുമ്പോൾ അവളും ഉറക്കത്തിൽനിന്ന് ഉണരും.”
ഇംഗ്ലണ്ടിലെ ജാനറ്റ് ഹെർക്കോക്ക് 1966-ൽ കാൻസർ ബാധിച്ചു മരിച്ചപ്പോൾ അവൾക്ക് 13 വയസ്സായിരുന്നു. അവളുടെ മാതാപിതാക്കളും ഡേവിഡ് തീമൊത്തി എന്നിങ്ങനെ രണ്ടു സഹോദരൻമാരും ശേഷിച്ചു. തനിക്ക് ഏതു വാക്യം ഏറ്റവും സഹായകമായിരുന്നുവെന്ന് ഡേവിഡ് ഉണരുക!യോടു പറയുകയുണ്ടായി. അതു പ്രവൃത്തികൾ 17:31 ആയിരുന്നു, അതിങ്ങനെ പറയുന്നു: ‘എന്തുകൊണ്ടെന്നാൽ താൻ നിയമിച്ചിരിക്കുന്ന ഒരു പുരുഷൻ മുഖാന്തരം നിയമിത ഭൂമിയെ നീതിയിൽ ന്യായംവിധിക്കാൻ താൻ ഉദ്ദേശിച്ചിരിക്കുന്ന ഒരു ദിവസം [ദൈവം] നിശ്ചയിച്ചു, അവനെ മരിച്ചവരിൽനിന്ന് ഉയർപ്പിച്ചതിനാൽ സകല മനുഷ്യർക്കും അവൻ ഒരു ഉറപ്പു കൊടുത്തിരിക്കുന്നു’. യേശുവിന്റെ പുനരുത്ഥാനം ഒരു ഭാവി പുനരുത്ഥാനത്തിന്റെ ഉറപ്പാണെന്ന് ശവസംസ്ക്കാര വേളയിൽ പ്രസംഗകൻ ഊന്നിപ്പറഞ്ഞു. അത് എനിക്ക് ശക്തിയുടെ ഒരു വലിയ ഉറവായിരിക്കുന്നു.”
വെറും 14 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ഇളപ്പമായ ജോർജ്ജ് 1975 ഡിസംബറിൽ തന്റെ പിതാവിന്റെ തോക്കെടുത്തു സ്വയം വെടിവെച്ചു. തന്റെ പുത്രന്റെ മരണനഷ്ടത്തെ പിതാവായ റസ്സൽ എങ്ങനെ സഹിച്ചു?b
“ചില തിരുവെഴുത്തുകൾ എനിക്ക് ഒരു നങ്കൂരമായിത്തീർന്നു. ദൃഷ്ടാന്തമായി, സദൃശവാക്യങ്ങൾ 3:5-ലെ വാക്കുകൾ: ‘നിന്റെ മുഴു ഹൃദയത്തോടുംകൂടെ യഹോവയെ ആശ്രയിക്കുക, നിന്റെ സ്വന്തം വിവേകത്തിൽ ഊന്നരുത്.’ സംഭവിച്ചതിനോട് എന്നേത്തന്നെ പൊരുത്തപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഞാൻ എന്റെ സ്വന്തം വിവേകത്തിൽ കുറേയളവിൽ ഊന്നുകയായിരുന്നു.”
തങ്ങളുടെ പുത്രനായ ഡാറൽ പെട്ടെന്നു രോഗിയായിത്തീർന്നപ്പോൾ ഇംഗ്ലണ്ടിൽനിന്നുള്ള മോർഗൻ കുടുംബം സ്വീഡനിലായിരുന്നു. സ്റ്റോക്ക്ഹോമിൽവെച്ച് ഒരു അടിയന്തിര ശസ്ത്രക്രിയ നടത്തപ്പെട്ടു. ഒടുവിൽ അവനെ തിരികെ ഇംഗ്ലണ്ടിലേക്ക് വിമാനത്തിൽ കൊണ്ടുപോയി. അവിടെ അവൻ 24-ാം ജൻമദിനത്തിനു തൊട്ടുമുൻപു മരിച്ചു. അവന്റെ അമ്മ നെൽ പറയുന്നു: “എന്റെ മനസ്സിൽ മുന്തിനിൽക്കുന്ന ഒരു തിരുവെഴുത്ത് മത്തായി 22:32 ആണ്, അവിടെ ദൈവം ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’വെന്ന് പറയുന്നതായി യേശു ഉദ്ധരിച്ചു. അനന്തരം അവൻ തുടർന്നു: ‘അവൻ മരിച്ചവരുടെയല്ല, ജീവനുള്ളവരുടെ ദൈവമാകുന്നു.’ ഡാറൽ ദൈവത്തിന്റെ ഓർമ്മയിൽ നിലനിൽക്കുന്നുവെന്നാണ് ആ വാക്കുകളുടെ അർത്ഥമെന്ന് എനിക്കറിയാം.”
മരിച്ചവരുടെ പ്രത്യാശ—താമസിയാതെ ഒരു യാഥാർത്ഥ്യം
അനുസരണമുള്ള മനുഷ്യവർഗ്ഗത്തിനുവേണ്ടി സമാധാനവും നിത്യജീവനും പുനഃസ്ഥാപിക്കുന്നതിനു ദൈവം നടപടി സ്വീകരിക്കുന്ന സമയത്തോടു നാം സമീപിച്ചിരിക്കുന്നുവെന്ന് ബൈബിൾപ്രവചനം സൂചിപ്പിക്കുന്നു. ദൈവം വാഗ്ദത്തംചെയ്യുന്നു: “ഞാൻ അവരുടെ വിലാപത്തെ കുതൂഹലമാക്കിമാറ്റും, ഞാൻ അവരെ ആശ്വസിപ്പിക്കുകയും അവരുടെ ദുഃഖം മാറ്റി സന്തോഷിപ്പിക്കുകയും ചെയ്യും.” “‘കരയുന്നതിൽനിന്ന് നിന്റെ ശബ്ദത്തെയും കണ്ണുനീരിൽനിന്നു നിന്റെ കണ്ണുകളെയും തടയുക, എന്തുകൊണ്ടെന്നാൽ നിന്റെ പ്രവർത്തനത്തിനു ഒരു പ്രതിഫലമുണ്ട്, അവർ തീർച്ചയായും ശത്രുവിന്റെ ദേശത്തുനിന്നു [മരണം] മടങ്ങിവരും’ എന്നാണ് യഹോവയുടെ അരുളപ്പാട്.”—യിരെമ്യാവ് 31:13-17.
മനുഷ്യചരിത്രത്തിലുടനീളം മരിച്ചിട്ടുള്ളവരെ യഹോവ ആ സമയത്തു തുടർച്ചയായി പുനരുത്ഥാനത്തിലൂടെ ജീവനിലേക്കു പുനഃസ്ഥിതീകരിക്കും. ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലെ സ്വർഗ്ഗീയഗവൺമ്മെൻറിൻകീഴിൽ ആ കാലത്തെ ജീവനെ ബാധിക്കുന്ന ദൈവകൽപ്പനകൾ അനുസരിക്കുന്നതിനാൽ നിത്യജീവനെ തെരഞ്ഞെടുക്കുന്നതിനുള്ള അവസരം അവർക്കു ലഭിക്കും. അങ്ങനെ നാം ബൈബിളിലേക്കു തിരിയുന്നുവെങ്കിൽ മരിച്ചവർക്ക് ഒരു യഥാർത്ഥ പ്രത്യാശയും ജീവനുള്ളവർക്ക് ആശ്വാസവും ഉണ്ടെന്ന് നാം കണ്ടെത്തും.—പ്രവൃത്തികൾ 24:15; വെളിപ്പാട് 20:12-14; 21:1-4. (g87 8/8)
[അടിക്കുറിപ്പുകൾ]
a ഉണരുക!യുടെ ഒരു ഭാവി ലക്കം ഒരു സഹോദരന്റെയൊ സഹോദരിയുടെയൊ മരണത്തോടുള്ള ഒരു കുട്ടിയുടെ പ്രതികരണം ചർച്ചചെയ്യും.
b ഉണരുക!യുടെ ഒരു ഭാവി ലക്കത്തിൽ ആത്മഹത്യയും മാതാപിതാക്കളുടെ ദുഃഖവും എന്ന വിഷയം ചർച്ച ചെയ്യും.
[14-ാം പേജിലെ ചതുരം]
ഞങ്ങളുടെ രണ്ടാമത്തെ ലേഖനത്തിൽ തന്റെ പുത്രനായ ഡേവിഡിന്റെ മരണത്തെക്കുറിച്ചു പറയുന്ന ഡയാന ക്രിച്ച് കടുത്ത ദുഃഖത്തിലും നിരസന പ്രതികരണങ്ങളിലുംകൂടി കടന്നുപോയി. അവൾ ഡേവിഡിനെഴുതി 13 വർഷം സൂക്ഷിച്ച കത്തുകളിൽനിന്നു ഇതു തെളിയുന്നു. അവൾ ശുശ്രൂഷിച്ചിരുന്ന സ്വന്തം പിതാവിന്റെ മരണത്തിന്റെ യാഥാർത്ഥ്യത്തെ അഭിമുഖീകരിച്ചപ്പോഴാണ് അവൾ എഴുത്തു നിർത്തിയത്. (ഉണരുക! ഒരു ആശ്വാസരീതിയിൽ കത്തെഴുതുന്നതിനു ശുപാർശ ചെയ്യുന്നില്ല. എന്നിരുന്നാലും, പുനരുത്ഥാനപ്രത്യാശ അവൾക്ക് എങ്ങനെ നങ്കൂരമായിരുന്നുവെന്നും പിന്നീട് എക്കാലവും അവളെ അതെങ്ങനെ പുലർത്തിയെന്നും വിശദമാക്കുന്നതിനു ഞങ്ങൾ ആദ്യകത്ത് ഉദ്ധരിക്കുന്നു.)
ഏറ്റവും പ്രിയപ്പെട്ട ഡേവിഡിന്,
ഇപ്പോൾ 46 ദിവസമായി നീ ഉറങ്ങുകയാണ്. ഞാൻ നിന്നെ കണ്ടിട്ടും പിടിച്ചിട്ടും വർഷങ്ങളായെന്നു തോന്നുന്നു. എന്നാൽ നിന്റെ ഉറക്കത്തിനുള്ള നാളുകൾ പരിമിതമാണ്. എണ്ണം അറിയാമായിരുന്നെങ്കിൽ ഞാൻ ഓരോ ദിവസവും അടയാളപ്പെടുത്തുമായിരുന്നു. ഞങ്ങളെസംബന്ധിച്ച് അതു നീണ്ട ക്ലേശകരമായ ഏകാന്ത കാത്തിരിപ്പാണ്. എന്നാൽ നിനക്ക് അത് ഏതാനും ചില മിനിറ്റുകൾ പോലെ തോന്നും. അതിനു എനിക്കു നന്ദിയുണ്ട്. നൂതന ക്രമത്തിൽ യഹോവ നിന്നെ ഉറക്കത്തിൽനിന്ന് ഉണർത്തുന്ന ദിവസത്തിനുവേണ്ടി ഞങ്ങൾ നോക്കിപ്പാർത്തിരിക്കുകയാണ്. നീ കണ്ടിട്ടുള്ളതിലേക്കും വലിയ വിരുന്നു ഞങ്ങൾ കഴിക്കും. അതു കുറഞ്ഞപക്ഷം മൂന്നു ദിവസം നീണ്ടുനിൽക്കും. ഞങ്ങൾക്കറിയാവുന്ന എല്ലാവരെയും ക്ഷണിക്കും. അതു നിന്റെ വിരുന്നായിരിക്കും. ഞങ്ങൾ വളരെ ദീർഘമായി കാത്തിരിക്കേണ്ടിവരില്ലെന്നു മാത്രം ഞാനാശിക്കുന്നു. ഡേവിഡ്, നിന്നെ കൈകളിലെടുക്കുന്നതിനു എനിക്കു കാത്തിരിക്കാവുന്നതല്ല. ഞങ്ങൾക്കെല്ലാം നിന്റെ നഷ്ടം ഭയങ്കരമായി അനുഭവപ്പെടുന്നുണ്ട്. നിന്നെക്കൂടാതെ വീട് ശൂന്യമാണ്. നീ ഞങ്ങളോടുകൂടെ വീട്ടിൽ തിരിച്ചെത്തുന്നതുവരെ യാതൊന്നും പഴയതുപോലെയായിരിക്കുകയില്ല.
അതുകൊണ്ടു എന്റെ പ്രിയമകനേ, ഞങ്ങൾ ക്ഷമയോടെ നിന്റെ തിരിച്ചുവരവിനായി യഹോവക്കുവേണ്ടി കാത്തിരിക്കാൻ ശ്രമിക്കും, അതിനിടയിൽ നീ ഉറങ്ങവേ സംഭവിക്കുന്നതിൽ നിന്റെ കുറവു നികത്താൻ ഞങ്ങൾ നിനക്കു ചെറിയ കുറിപ്പുകൾ എഴുതുന്നതായിരിക്കും.
മുഴുസ്നേഹത്തോടെ,
മമ്മി
[15-ാം പേജിലെ ചിത്രങ്ങൾ]
മേരിയായെയും ഡേവിഡിനെയും പോലെയുള്ള മരിച്ചവർ പുനരുത്ഥാനം പ്രാപിക്കുമെന്ന് ബൈബിൾ വാഗ്ദാനംചെയ്യുന്നു