ഞാൻ സ്വാതന്ത്ര്യം നേടിയത് തടവിൽ വച്ചായിരുന്നു!
ഞാൻ വിട്ടു പോന്ന തടവിലെ വായുവിൽ നിന്ന് തികച്ചും ഭിന്നമായ ശുദ്ധവായു ഞാനന്ന് ദീർഘമായി ശ്വസിച്ചു. ഞാൻ ഒടുവിലിതാ വിമുക്തനായിരിക്കുന്നു . . . എന്ന് വിശ്വസിക്കുക മിക്കവാറും അസാദ്ധ്യമായി തോന്നി! മില്ലെനെവ്-സർ-ലോട്ടിലെ ഫ്രഞ്ച് തടവ് വിട്ടുപോകാനുള്ള സ്വാതന്ത്ര്യം എനിക്ക് ലഭിച്ചു. എന്റെ ജൻമനാടായ സ്പെയിനിലേക്ക് മടങ്ങാനുള്ള സ്വാതന്ത്ര്യം.
ഞാൻ എന്റെ 23-ാം വയസ്സിൽ ആണ് തടവിൽ പ്രവേശിച്ചത്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്താറിൽ പുറത്തുപോരുമ്പോൾ എനിക്ക് 28 വയസ്സായിരുന്നു പ്രായം.
ആ തടവിൽ നിന്ന് ഞാൻ നടന്നകലുന്തോറും വീണ്ടു കിട്ടിയ സ്വാതന്ത്ര്യത്തിന്റെ ആനന്ദാനുഭൂതി കൂടുതൽ കൂടുതൽ ശക്തി പ്രാപിച്ചുകൊണ്ടിരുന്നു. ആ പേടിപ്പെടുത്തുന്ന മതിലുകളെ ദൂരത്തുനിന്ന് ഒരു നോക്കു കാണാൻ ഒരിക്കൽകൂടെ ഞാൻ തിരിഞ്ഞു. ഒരു ചിന്ത അപ്പോൾ എന്റെ മനസ്സിനെ ഭരിച്ചുകൊണ്ടിരുന്നു—തടവിലായിരിക്കെ തന്നെ എനിക്ക് സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞിരിക്കുന്നു!
എന്റെ തടവിന്റെ വർഷങ്ങളിൽ എന്നെ അഞ്ചു തടവറകളിൽ മാറ്റിമാറ്റി പാർപ്പിച്ചിരുന്നു. ഞാൻ ഫ്രഞ്ച് തടങ്കലിൽ വന്നുപെട്ടതെങ്ങനെയായിരുന്നു? തീർച്ചയായും അത് എന്തെങ്കിലും ആദർശശ്രേഷ്ഠമായ കാരണത്തെ പ്രതിയൊന്നും ആയിരുന്നില്ല. ഞാൻ ഒരു വികൃതി ആയിരുന്നു. ഒരു തകർന്ന കുടുംബത്തിലെ ദുരിതം നിറഞ്ഞ കുട്ടിക്കാലവും പരസ്പരവിരുദ്ധമായ മതപാഠങ്ങളും ആണ് എനിക്ക് ഒരു മൽസരിയുടെയും അക്രമിയുടെയും വ്യക്തിത്വം നൽകിയത്. എനിക്ക് സ്നേഹമുള്ളവനായ ഒരു ദൈവത്തെ കെടാത്ത തീയിൽ തന്റെ സൃഷ്ടികളെ ദണ്ഡിപ്പിക്കുന്ന ഒരുത്തനുമായി ഒരിക്കലും പൊരുത്തപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഞാൻ ഒരു വഴക്കാളിക്കുട്ടിയായിത്തീർന്നു. എന്നെ അഞ്ച് പ്രൈമറി സ്കൂളുകളിൽ നിന്ന് പുറന്തള്ളി.
ബാഴ്സിലോണയിൽ ജനിച്ച ഞാൻ എതിർപ്പു നിറഞ്ഞ ഒരു പരിതസ്ഥിതിയിലാണ് വളർന്നുവന്നത്. എനിക്ക് 6 വയസ്സുണ്ടായിരുന്നപ്പോൾ എന്റെ മാതാപിതാക്കൾ വിവാഹമോചനം നേടി, ഞാൻ എന്റെ അപ്പന്റെ സംരക്ഷണയിൽ ആകുകയും ചെയ്തു. എങ്കിലും അദ്ദേഹം എനിക്ക് ആവശ്യമായ നിഷ്കർഷയോടുകൂടിയ ഒരു മാർഗ്ഗദർശനം നൽകിയില്ല, കാലാന്തരത്തിൽ എന്റെ മൽസര പ്രകൃതവും അസ്ഥിരതയും നിമിത്തം അദ്ദേഹം എന്നെ ഒരു ദുർഗുണ പരിഹാര കേന്ദ്രത്തിലാക്കി.
എനിക്ക് എന്റെ അപ്പനോട് കടുത്ത നീരസം തോന്നി. ഉപേക്ഷിക്കപ്പെട്ട ഒരാളെപ്പോലെ എനിക്ക് സ്വയം തോന്നി. ദുർഗുണപരിഹാരകേന്ദ്രത്തിൽ നിന്ന് യാതൊരു സ്വഭാവ സംസ്ക്കരണവും കൂടാതെയാണ് ഞാൻ പുറത്തു പോന്നത് എന്ന് പറയേണ്ടതില്ലല്ലോ.
ഫ്രഞ്ച് സൈന്യമോ അതോ സ്പാനിഷ് തടവോ?
രണ്ടു പ്രാവശ്യം സാധാരണ അക്രമകൃത്യങ്ങളെ പ്രതി ഞാൻ തടവിലായി. അതിനുശേഷം ഞാൻ കള്ളക്കടത്തിൽ ഏർപ്പെടുകയും ഫ്രാൻസിലേക്ക് ഒളിച്ചോടുകയും ചെയ്തു. അന്ന് എനിക്ക് 20 വയസ്സ് പ്രായമായിരുന്നു. ഫ്രഞ്ച് പോലിസ് എന്നെ പിടികൂടി എന്റെ മുമ്പിൽ രണ്ട് തെരഞ്ഞെടുപ്പു വച്ചു.—ഒന്നുകിൽ ഫ്രഞ്ച് സൈന്യത്തിൽ ചേരുക അല്ലെങ്കിൽ സ്പാനിഷ് പോലീസിന്റെ കൈയിൽ അകപ്പെടുക. ഞാൻ സൈന്യം തെരഞ്ഞെടുത്തു.
സൈന്യസേവനത്തിന്റെ മൂന്നുവർഷങ്ങൾ എന്റെ വ്യക്തിത്വത്തിന് മേൻമ വരുത്തിയില്ല. എന്റെ ആദ്യത്തെ സൈനിക പോരാട്ടത്തിന് ശേഷം എനിക്ക് മൂന്നു മാസത്തെ അവധി ലഭിച്ചു. ആ കാലത്ത് ഞാൻ എന്റെ സഹപട്ടാളക്കാരിൽ ചിലരുമായികൂടി അൽപ്പം ഒന്നു മേളിച്ച് ജീവിക്കാൻ തുടങ്ങി. ചെലവുകൾക്ക് വേണ്ട പണം സ്വരൂപിക്കുന്നതിനും ഞങ്ങളുടെ സുഖലോലുപമായ ബൊഫീമിയൻ ജീവിതരീതിയെ പിന്താങ്ങുന്നതിനും വേണ്ടി ഞങ്ങൾക്ക് മോഷ്ടിക്കേണ്ടി വന്നു. എനിക്ക് ആ “തൊഴിൽ” നല്ല വശമായിരുന്നു. കുറെ മാസങ്ങൾക്ക് ശേഷം പോലീസ് ഞങ്ങളെ അറസ്റ്റ് ചെയ്തു.
പല കുറ്റങ്ങൾ അവർ എന്റെമേൽ ചുമത്തി. അവയിൽ രേഖകൾ തിരുത്തിയതു തുടങ്ങി ഏറ്റവും അധികം ഗുരുതരമായ സായുധ കവർച്ചയും തട്ടിക്കൊണ്ട് പോക്കും ഉൾപ്പെട്ടിരുന്നു. ഇപ്രാവശ്യം സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടിയുള്ള എന്റെ ആഗ്രഹത്തിന് എനിക്ക് വലിയ വില കൊടുക്കേണ്ടി വന്നു—ഒരു എട്ടു വർഷ തടവ്! തെക്കേ ഫ്രാൻസിലുള്ള മെഴ്സിലെസ്സിലെ ലെസ് ബോമീറ്റസ്സ് തടവിന്റെ പട്ടാള വിഭാഗത്തിലേക്ക് എന്നെ കൊണ്ടുപോയി. അവിടെ കുറ്റവാളികൾക്ക് അറകൾ തോറും ഊണ് വിളമ്പുന്ന ജോലിയാണ് എന്നെ ഏൽപ്പിച്ചത്. അവിടെ മൊത്തം 63 തടവറകളിൽ ഞാൻ പോകണമായിരുന്നു. തടവറകളും ഇടനാഴികളും വൃത്തിയാക്കേണ്ട ചുമതലയും എനിക്കുണ്ടായിരുന്നു.
ഒരു അപൂർവ്വ കൂടിക്കാഴ്ച
ഒരു ദിവസം ഞാൻ ചില തടവറകളിൽ ഊണു വിളമ്പിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ എന്റെ കൂടെ വന്ന ഓഫീസർ ഇങ്ങനെ സൂചിപ്പിച്ചു: “ഇവർ സാക്ഷികളാണ്.” ആ നിമിഷം പക്ഷേ, എനിക്കവരെ കാണാൻ കഴിഞ്ഞില്ല. കാരണം തടവറകളുടെ വാതിലിനോടു ചേർന്നുള്ള ഒരു ദ്വാരത്തിലൂടെ ഭക്ഷണപ്പൊതി പെട്ടെന്ന് കൈമാറിപ്പോവുകയായിരുന്നു പതിവ്. പക്ഷേ എന്റെ ആദ്യചിന്ത ‘അവർ എന്തെങ്കിലും അക്രമത്തിന്റെ സാക്ഷികളാണെങ്കിൽ അവർ തടവിലായതെങ്ങനെ? തീർച്ചയായും അവർ യഹോവയുടെ സാക്ഷികളായിരുന്നു, മന:സ്സാക്ഷിപരമായ വിസമ്മതത്തിന്റെ കുറ്റം വഹിച്ചിരുന്നവർ.
കുറെ ദിവസങ്ങൾക്കു ശേഷം അവരുടെ അറകൾ ശുചിയാക്കിയപ്പോൾ എന്റെ സഹകാരിക്ക് നീല പുറംചട്ടയോടുകൂടിയ ഒരു ഫ്രഞ്ച് പുസ്തകം ലഭിച്ചു. സാക്ഷികളെ ആ അറകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു, അവരിൽ ആരോ ഇത് അവിടെ വിട്ടുകളഞ്ഞതായിരിക്കണം. അവൻ അത് എനിക്ക് തന്നു, ഞാനത് എന്റെ വസ്തുവകകളുടെ കൂട്ടത്തിൽ ഇട്ടു. പിന്നീട് വിരസത പിടിച്ച ഒരു മുഷിപ്പൻ ദിവസത്തിൽ ഞാനത് വായിക്കാൻ തുടങ്ങി. അത് നിത്യജീവനിലേക്ക് നയിക്കുന്ന സത്യം ആയിരുന്നു. രണ്ടാം അദ്ധ്യായത്തിന്റെ പകുതി ആയപ്പോൾ ഞാൻ തളർന്നു. എങ്കിലും താഴെ വയ്ക്കുന്നതിന് മുമ്പ് കുറെ താളുകൾകൂടെ മറിച്ചു നോക്കി. അതിന്റെ 95-ാം പുറത്തുള്ള ചിത്രം എന്റെ ശ്രദ്ധ പിടിച്ചുപറ്റി: “1914”, “തലമുറ”, “അന്ത്യം”. എനിക്ക് കൗതുകം തോന്നി. ആ മുഴു അദ്ധ്യായവും വായിച്ചു തീർത്തു.
പിന്നീട്, സാക്ഷികൾ സാധാരണ വന്നിരിക്കാറുള്ള ലൈബ്രറിയിൽ ഞാൻ ചെന്നു. അവരിൽ ഒരാളോട് “1914-നെപ്പറ്റിയുള്ള ഈ കാര്യം നിങ്ങളുടെ ബൈബിളിൽ നിന്ന് എന്നെ കാണിച്ചു തരൂ.” അൽപ്പം ആശ്ചര്യപ്പെട്ടുകൊണ്ട്, സാക്ഷി എന്നോട് ഇങ്ങനെ പറഞ്ഞു: “ആദ്യം വേറൊരു പുസ്തകമായ ഇതൊന്നു വായിച്ചു നോക്കു, നിങ്ങൾക്കു തന്നെ ഉത്തരം കണ്ടെത്താൻ കഴിയും.” അദ്ദേഹം “നിന്റെ ഹിതം ഭൂമിയിൽ ചെയ്യപ്പെടും” എന്ന പുസ്തകം എനിക്കു തന്നു.
അടുത്ത ദിവസം വ്യായാമവേളയിൽ, കൂടുതൽ വിവരങ്ങൾക്കുവേണ്ടി ഞാൻ അവരോട് ചോദിച്ചു. അങ്ങനെ ഒരു ബൈബിൾ അദ്ധ്യയനം ആരംഭിച്ചു—അതു എന്നും നടന്നുപോന്നു! എന്റെ ചോദ്യങ്ങൾക്ക് അന്തം ഇല്ലായിരുന്നു. “ചൂതു കളിയുടെ കാര്യം എങ്ങനെയാണ്?” എന്നും ഞാൻ ചോദിച്ചു. “അതിൽ അത്യാഗ്രഹവും വ്യാമോഹവും ഉൾപ്പെടുന്നുണ്ട്, അവ ക്രിസ്തീയ ഗുണങ്ങളല്ല” എന്നായിരുന്നു മറുപടി. (കൊലോസ്യർ 3:5) അങ്ങനെ സ്വഭാവശീലങ്ങൾ, സൻമാർഗ്ഗമൂല്യങ്ങൾ, ഉപദേശങ്ങൾ എന്നിവയെപ്പറ്റി ചോദ്യത്തിന് പിറകെ ചോദ്യങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഓരോ ഉത്തരത്തിനും ബൈബിളിന്റെ പിൻബലം ഉണ്ടായിരുന്നു.
എന്റെ ജീവിതത്തിൽ ഏറിയ കാലവും എന്നെ ഞെരിച്ചമർത്തിയിരുന്ന ഒരു ഇടുങ്ങിയ മൂശയിൽ നിന്നു ഞാൻ രക്ഷപ്പെട്ടു പുറത്തുചാടുന്നതുപോലെ അല്ലെങ്കിൽ പാശങ്ങളുടെയും ചങ്ങലകളുടെയും ബന്ധനത്തിൽ നിന്ന് വിടുതൽ പ്രാപിക്കുന്നതുപോലെ എനിക്കു തോന്നി. തടവറയുടെ ഭിത്തികൾ എനിക്ക് മീതെയില്ലെന്നു പോലും എനിക്ക് തോന്നിപ്പോയി. ബൈബിൾ സത്യങ്ങൾ എനിക്ക് ഒരു പുതിയ ചക്രവാളം തുറന്നു തന്നു. ഇന്ന് നിലവിലുള്ള വിധത്തിലുള്ള മനുഷ്യസമുദായം അഥവാ “വ്യവസ്ഥിതി” മാറി പകരം ദൈവനിയമത്തെയും നീതിയെയും സ്നേഹിക്കുന്ന ജനങ്ങളുടെ ഒരു പുതിയ വ്യവസ്ഥിതി വന്നു ചേരും എന്ന് ഞാൻ ഗ്രഹിച്ചു. എന്റെ വ്യക്തിത്വത്തിനു മാറ്റം വന്നു. തടവറയിൽ വച്ച് എന്റെയുള്ളിൽ സ്വാതന്ത്ര്യാനുഭൂതി നാമ്പെടുത്തു!—മത്തായി 24:3; 2 പത്രോസ് 3:13.
അറതോറും ഉള്ള ഒരു പ്രസംഗ പരിപാടി
മതപ്രചരണം തടവിൽ നിരോധിക്കപ്പെട്ടിരുന്നു. പക്ഷേ, തീർച്ചയായും തടവറകളിൽ ഭക്ഷണം വിതരണം ചെയ്യാൻ എന്നെ അധികാരപ്പെടുത്തിയിരുന്നു. ഞാൻ അനുഭവിച്ചുകൊണ്ടിരുന്ന അതേ സ്വാതന്ത്ര്യാനുഭൂതി മറ്റുള്ളവരുമായി പങ്കിടാനുള്ള ഉൾപ്രേരണ എനിക്കുണ്ടായി. (യോഹന്നാൻ 8:32) അതുകൊണ്ട് ഞാൻ തറ തൂത്തുകൊണ്ടിരുന്നാലും ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്നാലും ഭാരിച്ച ഇരുമ്പു വാതിലുകളുടെ കീഴിലൂടെ മാസികകൾ ഇട്ടുകൊടുത്തിരുന്നു. ഞാൻ ഏതെല്ലാം അറകളിൽ എന്തെല്ലാം മാസികകളാണ് ഇട്ടിരുന്നതെന്ന് ഓർത്തിരിക്കാൻ അറതോറും ഉള്ള രേഖ വരെ സൂക്ഷിച്ചുവച്ചു. ആനന്ദത്തിന്റെ നാളുകൾ അങ്ങനെ ആരംഭിച്ചു.
ആ തടവിൽ നിന്ന് ഞാൻ പാരീസിലെ തടവുൾപ്പടെ മറ്റ് പലതിലേക്ക് സ്ഥലം മാറ്റപ്പെട്ടു. ഞാൻ എത്രമാത്രം അപകടകാരിയാണെന്ന് നിർണ്ണയിക്കുന്നതിന് എന്നെ കുറെനാൾ നിരീക്ഷണ വിധേയനാക്കി നിർത്തിയിരുന്നു. എനിക്ക് ഒരു തടവുമാറ്റം കൂടെ ഉണ്ടായേക്കുമെന്ന് അറിയാനിടവന്നപ്പോൾ എന്നെ ഫ്രാൻസിന്റെ തെക്ക് കിഴക്കുള്ള ഐസസ്സിലേക്ക് അയക്കണമെന്ന് അപേക്ഷിച്ചു. അവിടെ സാക്ഷികളുണ്ടെന്ന് എന്നോട് പറയപ്പെട്ടിരുന്നു.
തീർച്ചയായും അവിടെ ഒരു സഹോദരൻ ഉണ്ടായിരുന്നു. പക്ഷേ ഞാൻ ആ തടവിലായിരുന്ന മൂന്നു വത്സരക്കാലത്ത് ഞങ്ങളുടെ സഞ്ചാരപഥങ്ങൾ തമ്മിൽ സന്ധിച്ചിട്ടില്ല. അദ്ദേഹം എനിക്ക് പ്രവേശനം ഇല്ലാതിരുന്ന ഒരു ഭാഗത്തായിരുന്നു പാർപ്പിക്കപ്പെട്ടിരുന്നത്. എങ്കിലും ഞാൻ എന്റെ പ്രവൃത്തനപരിപാടി എന്നാലാവും വിധം സംഘടിത രൂപത്തിലാക്കി. ഞാൻ തടവിൽ നിരവധി മാസികകൾ വിതരണം ചെയ്യുകയും അനവധി ബൈബിൾ അദ്ധ്യയനങ്ങൾ ആരംഭിക്കുകയും ചെയ്തു. അവിടത്തെ രണ്ടു അന്തേവാസികളെ കൂട്ടികൊണ്ട് ഓരോ ഞായറാഴ്ചയും വീക്ഷാഗോപുര അദ്ധ്യയനം വരെ നടത്താൻ എനിക്ക് കഴിഞ്ഞിരുന്നു. കാലാന്തരത്തിൽ എന്റെ ബൈബിൾ അദ്ധ്യയനങ്ങൾ മൂന്നായിത്തീർന്നു—ഒന്ന് ഒരു ഫ്രഞ്ചുകാരനുമൊത്ത്, മറ്റൊന്ന് ഒരു സ്പെയിൻകാരനുമൊത്ത്, മൂന്നാമതൊന്ന് ഒരു മൊറോക്കോക്കാരനുമൊത്ത്.
തടവിൽ നിഷ്പക്ഷതയുടെ പരിശോധനകൾ
ഏതു തടവിലും ഒരുമയുടെ ആത്മാവ് കുറ്റവാളിയുടെ ധർമ്മശാസ്ത്രത്തിന്റെ ഭാഗമാണ്. നിങ്ങളുടെ ഭൂതകാലം, വംശം, ദേശം എന്നിവയെല്ലാം അപ്രത്യക്ഷമായിട്ട് ഓരോ അന്തേവാസിയും ഒരു പൊതു “പൊക്കിൾകൊടി” വഴി തടവാകുന്ന “മറുപിള്ള”യുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നിയിരുന്നു. അക്രമലോകത്തേക്ക് ഒരാൾ ഉപനയനം ചെയ്യപ്പെട്ടാൽ അയാൾ അതിലൂടെ “കുറ്റവാളിസമുദായ”ത്തിലെ അംഗം ആയിത്തീരുന്നതുപോലെയാണത്. ആ പൊതു താത്പര്യം ഭൂരിപക്ഷ അംഗങ്ങൾ തീരുമാനം എടുക്കുമ്പോഴൊക്കെ തടവിലെ ലഹളകളിൽ പങ്കെടുക്കാൻ ഒരാളെ കടപ്പെട്ടവനാക്കുന്നു. തടവറക്ക് തീ കൊളുത്തുക, അക്രമം നടത്തുക, സ്തംഭനം വരുത്തുക തുടങ്ങിയവ. പക്ഷേ അപ്പോഴേക്ക് ഞാൻ ആ “സമുദായ”ത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് പോന്നിരുന്നു. നിഷ്പക്ഷത കാത്തുകൊണ്ട് മറ്റു കുറ്റവാളികളുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടാതെ എനിക്കവിടെ കഴിയേണ്ടതുണ്ടായിരുന്നു.
എന്റെ നിഷ്പക്ഷത നിമിത്തം എനിക്ക് ചില കടന്നാക്രമണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. മൂന്നു പ്രാവശ്യം ഞാൻ അടികൊണ്ട് വീണു, ഒരു പ്രാവശ്യം ഒരു തൊട്ടി വെള്ളം എന്റെ തലയിൽ കമഴ്ത്തിയൊഴിക്കപ്പെട്ടു, എനിക്ക് വധഭീഷണി ലഭിക്കുകയും ചെയ്തിരുന്നു. എങ്കിലും എനിക്ക് അത്ഭുതം തോന്നി. എനിക്ക് പ്രതീക്ഷിക്കാൻ കഴിഞ്ഞിരുന്നതിൽ വച്ചേറ്റവും ലഘുവായ കാര്യങ്ങളായിരുന്നു ഈ വകയെല്ലാം. മറ്റു പലരെയും കുത്തിക്കൊന്നിട്ടുണ്ട്, അതല്ലെങ്കിൽ ലഹളകളിൽ ഏർപ്പെടാൻ വിസമ്മതിച്ചതു നിമിത്തം മാരകമായി അടിച്ചു പരുക്കേൽപ്പിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് ഇത്ര നിസ്സാര ആക്രമണങ്ങളോടെ എനിക്ക് രക്ഷപെടാൻ കഴിഞ്ഞതെങ്ങനെയാണ്? കാലം കടന്നുപോയതോടെ എനിക്ക് ഒരു സംരക്ഷകൻ ഉണ്ടായിരുന്നു എന്ന് ഞാൻ തിരിച്ചറിയാനിടയായി. അതെങ്ങനെയായിരുന്നു?
പാരീസിൽ നിന്നും ഐസസ്സ് തടവിലേക്ക് എന്നെ മാറ്റിയപ്പോൾ ഞാൻ എന്റെ സംഘത്തിലുള്ള മറ്റൊരു തടവുപുള്ളിയോട് സാക്ഷീകരിച്ചു. അയാൾ വമ്പിച്ച സ്വാധീന ശേഷിയുള്ള ഒരു മാഫിയാസംഘാംഗം ആയിരുന്നു. ഞങ്ങൾ ഒരു ബൈബിൾ അദ്ധ്യയനം തുടങ്ങി. രാജ്യസന്ദേശം അയാളിൽ മതിപ്പുളവാക്കി, പക്ഷേ തന്റെ ജീവിതത്തിനു പരിവർത്തനം വരുത്തത്തക്ക അളവിലൊട്ടില്ലതാനും. അയാൾ പഠനം നിർത്തി. എങ്കിലും അയാൾ എന്റെ സംരക്ഷകനായിത്തീർന്നു! എപ്പോഴെല്ലാം കുറ്റവാളികൾ എനിക്കെതിരെ അക്രമപ്രകടനം സംഘടിപ്പിക്കുമോ അപ്പോഴെല്ലാം അയാൾ എനിക്ക് വേണ്ടി ഇടപെടുകയും എന്നെ വെറുതെ വിടാൻ താക്കീത് കൊടുക്കുകയും ചെയ്യുമായിരുന്നു. പക്ഷേ പിന്നീട് അയാളെ മറ്റൊരു തടവിലേക്ക് മാറ്റി.
ഏതാണ്ട് ഈ സമയത്ത് മറ്റൊരു ലഹളക്ക് പരിപാടി ഇടുന്നുണ്ടായിരുന്നു. അവർ തടവിന് തീ വെക്കാൻ ഉദ്ദേശിച്ചിരുന്നു. പ്രതികാര നടപടികൾക്കുള്ള സാദ്ധ്യതകൾ ഒഴിവാക്കുന്നതിനുവേണ്ടി എന്നെ ഏകാന്ത തടവിലിടാൻ ഞാൻ അഭ്യർത്ഥിച്ചു. ഞാൻ ആരോടും ആശയവിനിയമം ചെയ്യാനാകാത്ത നിലയിൽ ഒമ്പത് ദിവസം ചെലവഴിച്ചു. പത്താം ദിവസം ഒരു പൊതു അസ്വസ്ഥത പൊട്ടിപ്പുറപ്പെട്ടു, അത് വലിയ അഗ്നിബാധയിൽ കലാശിച്ചു. വിനാശം പരിപൂർണ്ണമായിരുന്നു; സുരക്ഷാസേനക്ക് ഇടപെടേണ്ടി വന്നു. ഭാഗ്യവശാൽ എനിക്ക് ശാരീരിക ഹാനി ഒന്നും സംഭവിച്ചില്ല.
ഇതെല്ലാം ഉണ്ടായിരുന്നിട്ടും തടവിനുള്ളിൽ എനിക്ക് പ്രസംഗപരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രമുഖമായ കാര്യം. മതപ്രചരണം തടയപ്പെട്ടിരുന്നുവെങ്കിലും തടവിന്റെ ഡയറക്ടർ എന്നെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു, “ഈ ആശയങ്ങൾ ഒരുത്തർക്കും ഒരു ദ്രോഹവും ചെയ്യുകയില്ല.” ഞാൻ ഓരോ സെക്ഷനിലും ഉള്ള ഉറ്റ ചങ്ങാതിമാരായ തടവുകാരോട് ഞാൻ ടൈപ്പ് ചെയ്ത ലഘുലേഖകൾ വിതരണം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് അവരുമായി സംസാരിക്കുമായിരുന്നു. എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഭാഗങ്ങളിൽ അവർക്ക് പ്രവേശനം ഉണ്ടായിരുന്നു. അവരുടെ സഹായത്തിനുള്ള നന്ദി പ്രകടനമായി ഞാൻ ജാറുകൾ നിറയെ കാപ്പിയുണ്ടാക്കി അവർക്കു കൊടുക്കുമായിരുന്നു.
സ്നാനവും നൻമ ചെയ്യാനുള്ള സ്വാതന്ത്ര്യവും
പ്രദേശത്തെ ഫ്രഞ്ച് സഭയിലെ സഹോദരൻമാർ എന്നെ സന്ദർശിച്ചു. കാലാന്തരത്തിൽ സ്നാനം ഏൽക്കുന്നതിനുള്ള എന്റെ ആഗ്രഹം ഞാൻ ആ സഹോദരൻമാരോട് സൂചിപ്പിച്ചു. പക്ഷേ, ഞങ്ങൾക്ക് എങ്ങനെ അത് ചെയ്യാനാകും? തടവിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരു കാരണത്തെപ്രതി അവർ എന്നെ പുറത്തുവിടുമോ? അക്കാര്യം എനിക്ക് ഒരു സ്വപ്നം പോലെ തോന്നി. തടവിന് വളരെ അടുത്തുള്ള റോഡെസ് എന്ന നഗരത്തിൽ ഒരു സർക്കീട്ട് സമ്മേളനം നടക്കാനിരുന്നു. ഏതായാലും ഞാൻ ധൈര്യം അവലംബിച്ച് അതിൽ സംബന്ധിക്കാനുള്ള അനുവാദം തേടി.
എല്ലാ പ്രതീക്ഷകൾക്കും വിപരീതമായി എനിക്ക് മൂന്നു ദിവസക്കാലത്തെ അവധി ലഭിച്ചു, അത് കൂടാതെ പ്രദേശത്തെ സഭയിലുള്ള സഹോദരങ്ങളാൽ മാത്രം അനുഗതനായി പോകുന്നതിനും നിർദ്ദേശിക്കപ്പെട്ടു. ഈ തീരുമാനത്തോട് ചില തടവ് അധികൃതർക്ക് എതിർപ്പുണ്ടായിരുന്നു. ഞാൻ മടങ്ങിവരികയില്ലെന്ന് അവർ വിശ്വസിച്ചിരുന്നു. പക്ഷേ അനുമതി അപ്പോഴേക്ക് തന്നു കഴിഞ്ഞിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തഞ്ച് മെയ് 18-ാം തീയതി ജലസ്നാനത്താൽ ദൈവത്തോട് ഞാൻ ചെയ്ത എന്റെ സമർപ്പണം പ്രതീകപ്പെടുത്തി. നൻമയ്ക്കിതാ ഞാൻ സ്വതന്ത്രനായിക്കഴിഞ്ഞിരുന്നു! ഞാൻ തടവിലേക്ക് മടങ്ങിച്ചെന്നു—എനിക്കുള്ള അനുമതിയെ എതിർത്തവർക്കെല്ലാം ആശ്ചര്യമായി. അതിനുശേഷം ആറ് ദിവസങ്ങളോളം വീതം വരുന്ന അനുമതികൾ രണ്ടു പ്രാവശ്യം എനിക്കു ലഭിച്ചു. ഞാൻ ആ ദിവസങ്ങൾ പ്രസംഗിക്കുന്നതിനും സഹോദരങ്ങളുമായി കണ്ടുമുട്ടുന്നതിനും ഉപയോഗിച്ചു. യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ എന്തോരനുഭൂതി!
ആയിരത്തിത്തൊള്ളായിരത്തി എഴുപത്താറ് ജനുവരി മാസത്തിൽ നല്ല നടപ്പിനുള്ള 3 വർഷത്തെ ഇളവിന്റെ ആനുകൂല്യത്തോടു കൂടെ എന്നെ സ്വതന്ത്രനാക്കി. ഒടുവിൽ ഞാൻ ഫ്രഞ്ച്-സ്പാനീഷ് അതിർത്തി കടന്നു. എന്റെ ജീവിതത്തിന്റെ അഞ്ച് അതികഠിന വർഷങ്ങൾ ആണ് ഞാൻ പിന്നിട്ടത്. ഞാൻ ബാഴ്സിലോണയിൽ തിരിച്ചെത്തിയപ്പോൾ ഉടനെ ഞാൻ യഹോവയുടെ സാക്ഷികളുടെ സഭയുമായി ബന്ധപ്പെട്ടു. സാധാരണ ജീവിതം നയിക്കാൻ എനിക്കെന്തൊരു ദാഹം ആയിരുന്നെന്നോ!
യഥാർത്ഥ രൂപാന്തരീകരണത്തിനുള്ള വഴി
ഞാൻ ഇന്നു വിവാഹിതനാണ്. എനിക്ക് ചെറുപ്രായത്തിലുള്ള രണ്ടു പുത്രൻമാരും ഒരു പുത്രിയും ഉണ്ട്, എന്റെ കുട്ടിക്കാലത്ത് എനിക്ക് ആസ്വദിക്കാൻ കഴിയാതെ പോയ ഒരു കാര്യം—ഒരുമയുള്ള ഒരു സന്തുഷ്ട കുടുംബം—ഇന്ന് ആസ്വദിക്കാൻ കഴിയുന്നു. യഹോവ സമൃദ്ധമായി എന്നോട് കരുണ കാണിച്ചു എന്നു ഞാൻ തിരിച്ചറിയുന്നു. സങ്കീർത്തനം 103-ന്റെ 8 മുതൽ 14 വരെയുള്ള ഭാഗത്ത് ‘അവൻ നമ്മുടെ പാപങ്ങൾക്കൊത്തവണ്ണം നമുക്ക് അർഹിക്കുന്നത് നമ്മുടെ മേൽ ഭവിക്കാൻ ഇടയാക്കിയിട്ടില്ല, അവന്റെ സ്നേഹദയ ശ്രേഷ്ഠമല്ലൊ,’ എന്ന് വായിക്കുമ്പോൾ ഒരു സ്നേഹനിധിയായ ദൈവത്തിനുമാത്രമേ ഈ മലീമസമായ വ്യവസ്ഥിതിയെ മാറ്റി അതിന് പകരം മറ്റൊന്ന് സ്ഥാപിക്കാൻ കഴിയുകയുള്ളു എന്ന് ഞാൻ മനസ്സിലാക്കുന്നു.
എന്റെ അനുഭവങ്ങളിൽ നിന്ന് തടവറകൾക്ക് സ്വഭാവപരിഷ്കരണത്തിനുള്ള സ്വാധീന ശക്തിയില്ല എന്നും അവ അതു ചെയ്യുകയില്ല എന്നും എനിക്ക് ബോധ്യമായി. ആ സ്വാധീനം മനസ്സിനെ പ്രവൃത്തനോൽസുകമാക്കുന്ന ഒരു ആന്തരിക ശക്തിയിൽ നിന്നും പ്രേരണയിൽ നിന്നും ആണ് വരേണ്ടത്. (എഫേസ്യർ 4:23) തടവിൽ വച്ച് കൂടുതൽ വഷളാകുന്ന അനേകരുണ്ട്. അവർ വിമുക്തരാകുമ്പോഴേക്ക് പരിഹരിക്കാനാകാത്തവിധം ധാർമ്മികവും വൈകാരികവുമായി തകരാറ് ഭവിച്ചവരായിത്തീർന്നിരിക്കും.
സന്തോഷവശാൽ, എന്റെ കാര്യത്തിൽ ഞാൻ വിമുക്തനാകുന്നതിന് വളരെ നാൾ മുമ്പേ തന്നെ ആ ഉയർന്ന തടവുഭിത്തികൾ തകർന്നടിഞ്ഞിരുന്നു. ദൈവവചനത്തിന്റെ സത്യത്തെ തടുക്കാനോ അതിനെ തടവിലടക്കാനോ യാതൊന്നിനും സാദ്ധ്യമല്ല. എനിക്കതറിയാം, കാരണം എനിക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഞാൻ തടവിൽ ആയിരിക്കവെ തന്നെ ആയിരുന്നു! എൻറിക് ബാർബർ ഗൊൺസാലസ് പറഞ്ഞ പ്രകാരം. (g87 9/22)
[25-ാം പേജിലെ ചിത്രങ്ങൾ]
മുൻ കുറ്റവാളിയായ എൻറിക് ബാർബർ ഗൊൺസാലസ് തന്റെ ഭാര്യയോടും മക്കളോടും ഒപ്പം ബൈബിൾ പഠിക്കുന്നു.