ഞാൻ ഒരു നിയമവിരുദ്ധനായിരുന്നു
അത് 1947 മേയ് 1 ആയിരുന്നു. സിസിലിയായിരുന്നു സംഭവസ്ഥലം. വാർഷിക തൊഴിലാളി ദിനത്തിന്റെ ആഘോഷത്തിനായി, പിഞ്ചുപൈതങ്ങളോടുകൂടിയ സ്ത്രീകളുൾപ്പെടെ ഏകദേശം 3,000 ആളുകൾ ഒരു ചുരത്തിൽ കൂട്ടംകൂടിയിരുന്നു. സമീപത്തുള്ള കുന്നുകളിൽ പതിയിരുന്നിരുന്ന അപകടത്തെക്കുറിച്ച് അവർക്കറിയില്ലായിരുന്നു. തുടർന്നുണ്ടായ ദുരന്തത്തെക്കുറിച്ചു നിങ്ങൾ വായിക്കുകയോ ചലച്ചിത്രങ്ങളിൽ കാണുകപോലുമോ ചെയ്തിട്ടുണ്ടായിരിക്കാം. 11 പേരുടെ മരണത്തിനിടയാക്കുകയും 56 പേർക്കു പരിക്കേൽപ്പിക്കുകയും ചെയ്ത ആ കൂട്ടക്കൊല പോർട്ടെല്ലാ ഡെല്ലാ ഷിനേസ്ട്രാ സംഹാരം എന്നു വിളിക്കപ്പെടുന്നു.
എനിക്ക് ആ ദുരന്തത്തിൽ ഒരു പങ്കുമില്ലായിരുന്നെങ്കിലും അതിനുത്തരവാദിയായിരുന്ന വിഘടനവാദികളുടെ സംഘത്തിൽ ഞാനുമുൾപ്പെട്ടിരുന്നു. അവരുടെ നേതാവ് സാൽവാറ്റോർ ജൂലിയാനോ ആയിരുന്നു. മോണ്ടെലേപ്രെ ഗ്രാമത്തിൽ ഞങ്ങൾ ഒരുമിച്ചാണു വളർന്നുവന്നത്. അദ്ദേഹം എന്നെക്കാൾ ഒരു വയസ്സു മൂത്തതായിരുന്നു. എനിക്ക് 19 വയസ്സായിരുന്നപ്പോൾ 1942-ലെ രണ്ടാം ലോകമഹായുദ്ധ കാലത്ത് എന്നെ സൈനിക സേവനത്തിനു ക്ഷണിച്ചു. അതിനുമുമ്പ് ആ വർഷംതന്നെ ഞാൻ വിറ്റാ മോറ്റിസിയുമായി സ്നേഹത്തിലാകുകയും അവളെ വിവാഹം ചെയ്യുകയും ചെയ്തിരുന്നു. ഒടുവിൽ, ഞങ്ങൾക്കു മൂന്ന് പുത്രൻമാരുണ്ടായി; ആദ്യത്തെ പുത്രൻ 1943-ലാണു പിറന്നത്.
ഞാനൊരു നിയമവിരുദ്ധനായിത്തീർന്നതിന്റെ കാരണം
രണ്ടാം ലോകമഹായുദ്ധം അവസാനിച്ച വർഷമായ 1945-ൽ ഞാൻ സിസിലിയൻ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സന്നദ്ധ സൈന്യത്തിന്റെ (ഇവിഐഎസ്) പശ്ചിമ ഡിവിഷനിൽ ചേർന്നു. സിസിലിയുടെ സ്വാതന്ത്ര്യ പ്രസ്ഥാനം (എംഐഎസ്) എന്നറിയപ്പെട്ടിരുന്ന വിഘടന രാഷ്ട്രീയപാർട്ടിയുടെ അർധസൈനിക വിഭാഗമായിരുന്നു ഇത്. ഇവിഐഎസ്-ന്റെയും എംഐഎസ്-ന്റെയും ഉന്നത അധികാരികൾ അപ്പോൾത്തന്നെ ഒരു അഭയാർഥിയായിരുന്ന സാൽവാറ്റോർ ജൂലിയാനോയെ ഞങ്ങളുടെ വിഭാഗത്തിന്റെ നായകനായി നിയമിച്ചു.
സിസിലി ദ്വീപിനോടും ഞങ്ങളുടെ ആളുകളോടുമുള്ള സ്നേഹം ഞങ്ങളെ ഒന്നിപ്പിച്ചു. ഞങ്ങളനുഭവിച്ച അനീതികൾ ഞങ്ങളെ കുപിതരാക്കി. അതുകൊണ്ട്, അമേരിക്കൻ ഐക്യനാടുകളുടെ 49-ാം സംസ്ഥാനമായി സിസിലിയെ അതിനോടു സംയോജിപ്പിക്കാനുള്ള ജൂലിയാനോ സംഘത്തിന്റെ പ്രസ്ഥാനത്തെ ഞാൻ സ്വാഗതം ചെയ്തു. ഇത് സാധ്യമാണെന്നു വിശ്വസിക്കാൻ കാരണമുണ്ടായിരുന്നോ? തീർച്ചയായും ഉണ്ടായിരുന്നു. കാരണം, വാഷിങ്ടൺ, ഡി.സി.,-യോട് തങ്ങൾക്ക് അടുത്ത ബന്ധമുണ്ടെന്നും ഐക്യനാടുകളുടെ പ്രസിഡന്റായ ഹാരി എസ്. ട്രുമാൻ അത്തരം സംയോജനത്തിന് അനുകൂലമാണെന്നും എംഐഎസ് അധികാരികൾ ഞങ്ങൾക്ക് ഉറപ്പുതന്നിരുന്നു.
നിയമവിരുദ്ധ പ്രവർത്തനം
തട്ടിക്കൊണ്ടുപോകുന്നതും പ്രമുഖരായ ആളുകളെ മോചനദ്രവ്യത്തിനുവേണ്ടി പിടിച്ചുവയ്ക്കുന്നതും ആയിരുന്നു ഞങ്ങളുടെ സംഘത്തിന്റെ മുഖ്യമായ പ്രവർത്തനം. ഈ രീതിയിലൂടെ ഞങ്ങൾക്ക് ആവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങാനുള്ള പണം ലഭിച്ചിരുന്നു. ഞങ്ങൾ തട്ടിക്കൊണ്ടുപോയ ഒരാളെപ്പോലും ഒരിക്കലും ഉപദ്രവിച്ചിരുന്നില്ല. ഞങ്ങൾ അവരെ “ഞങ്ങളുടെ അതിഥികൾ” എന്നാണു വിളിച്ചത്. ഞങ്ങൾക്കു തന്ന മോചനദ്രവ്യം തിരികെവാങ്ങുന്നതിന് ഉപയോഗിക്കുന്നതിനുള്ള ഒരു രസീത് മോചന സമയത്തു ഞങ്ങൾ അവർക്കു നൽകിയിരുന്നു. ഞങ്ങൾ വിജയം വരിച്ചുകഴിയുമ്പോൾ പണം തിരികെ ലഭിക്കുന്നതിന് അവർക്ക് ആ രസീത് ഉപയോഗിക്കാൻ കഴിയുമെന്നു ഞങ്ങൾ അവരോടു പറഞ്ഞിരുന്നു.
ഏതാണ്ട് 20 തട്ടിക്കൊണ്ടുപോക്കുകളിലും ദേശീയ സൈനികമേധാവിത്വമുള്ള ഒരു പൊലീസ് സേനയായ കാരാബിന്യേറിയുടെ സേനാഗൃഹങ്ങളിൽ നടത്തിയ സായുധ ആക്രമണങ്ങളിലും ഞാൻ പങ്കെടുത്തു. എന്നാൽ, ഞാൻ ഒരിക്കലും ആരെയും കൊന്നില്ല എന്നു പറയാൻ എനിക്കു സന്തോഷമുണ്ട്. വിഘടനവാദികളായ ഞങ്ങളുടെ ആക്രമണങ്ങൾ പോർട്ടെല്ലാ ഡെല്ലാ ഷിനേസ്ട്രാ ഗ്രാമത്തിൽ ചെയ്ത ഞങ്ങളുടെ ബുദ്ധിശൂന്യമായ പ്രവർത്തനത്തിൽ പര്യവസാനിച്ചു. അത് ജൂലിയാനോ സംഘത്തിലെ പന്ത്രണ്ടോളം പേർ സംഘടിപ്പിച്ചതും കമ്മ്യുണിസ്റ്റ് പാർട്ടിക്കെതിരെ തിരിച്ചുവിട്ടതുമായ ഒരു നടപടിയായിരുന്നു.
അയൽക്കാരും പിന്തുണക്കാരും ഉൾപ്പെടെയുള്ള സാധാരണ ജനങ്ങളെ കൊന്നതു മനഃപൂർവമായിരുന്നില്ലെങ്കിലും ഞങ്ങളെ പിന്തുണച്ചിരുന്നവരും ഞങ്ങളുടെ സംരക്ഷണം ലഭിച്ചിരുന്നവരുമായ ആളുകൾ ഞങ്ങൾ അവരെ വഞ്ചിച്ചതായി വിശ്വസിച്ചു. അന്നുമുതൽ ജൂലിയാനോ സംഘത്തിലെ നിയമവിരുദ്ധർക്കെതിരെയുള്ള വേട്ടയാടൽ കഠിനമായിരുന്നു. പൊലീസിന് മുന്നറിയിപ്പു ലഭിച്ചശേഷം എന്റെ പല സ്നേഹിതരും അറസ്റ്റുചെയ്യപ്പെട്ടു. 1950 മാർച്ച് 19-ന് ഞാൻ ഒരു കെണിയിലകപ്പെടുകയും അറസ്റ്റുചെയ്യപ്പെടുകയും ചെയ്തു. ആ വേനൽക്കാലത്ത് ജൂലിയാനോയും കൊല്ലപ്പെട്ടു.
തടവും ശിക്ഷാവിധിയും
പലെർമോയിലെ ഒരു തടവിൽ എന്നെ അനിശ്ചിത വിചാരണയ്ക്കായി തടഞ്ഞുവച്ചു. എന്റെ യുവതിയായ ഭാര്യയിൽനിന്നും മൂന്നു പുത്രൻമാരിൽനിന്നും വേർപെട്ടുകഴിഞ്ഞതിൽ എനിക്കു വ്യസനം തോന്നി. എങ്കിലും, ശരിയാണെന്നെനിക്കു തോന്നിയതിനുവേണ്ടി പോരാടുന്നതിനുള്ള ആഗ്രഹം തീർത്തും നിരാശനാകുന്നതിൽനിന്നും എന്നെ കാത്തു. സമയം കളയാനായി ഞാൻ വായന തുടങ്ങി. ഒരു പുസ്തകം, ബൈബിൾ വായിക്കാനുള്ള എന്റെ ആഗ്രഹത്തിനു പ്രചോദനമായി. 19-ാം നൂറ്റാണ്ടിൽ രാഷ്ട്രീയ കാരണങ്ങളാൽ തടവിലാക്കപ്പെട്ട ഒരു ഇറ്റലിക്കാരനായ സിൽവ്യോ പെല്ലിക്കോയുടെ ആത്മകഥയായിരുന്നു അത്.
തടവിൽവച്ച് തന്റെയൊപ്പം എല്ലായ്പോഴും ഒരു നിഘണ്ടുവും ബൈബിളും ഉണ്ടായിരുന്നതായി പെല്ലിക്കോ എഴുതി. ഞാനും എന്റെ കുടുംബവും റോമൻ കത്തോലിക്കരായിരുന്നെങ്കിലും ഞാൻ ബൈബിളിനെക്കുറിച്ചു വാസ്തവത്തിൽ ഒന്നുംതന്നെ കേട്ടിരുന്നില്ല. അതുകൊണ്ട് ഒരു പ്രതി കിട്ടാനായി ഞാൻ അധികാരികളോട് അപേക്ഷിച്ചു. അതു നിരോധിച്ചിരിക്കുകയാണെന്ന് എന്നോടു പറഞ്ഞു. പക്ഷേ മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ സുവിശേഷങ്ങളുടെ ഒരു പ്രതി എനിക്കു ലഭിച്ചു. പിന്നീട്, മുഴു ബൈബിളിന്റെയും ഒരു പ്രതി എനിക്കു ലഭിച്ചു. അതിപ്പോഴും ഞാൻ ഒരു വിലയേറിയ സ്മാരകവസ്തുവായി സൂക്ഷിക്കുന്നു.
ഒടുവിൽ, 1951-ൽ റോമിനു സമീപമുള്ള വിറ്റെർബോയിൽവച്ച് എന്റെ വിചാരണ ആരംഭിച്ചു. അത് 13 മാസം നീണ്ടുനിന്നു. രണ്ടു ശിഷ്ടായുസ്സുകളിലേക്കും കൂടാതെ 302 വർഷത്തേക്കും എനിക്കു തടവുശിക്ഷ വിധിച്ചു! ഞാനൊരിക്കലും തടവിൽനിന്നു ജീവനോടെ പുറത്തുവരുകയില്ലെന്ന് അത് അർഥമാക്കി.
ബൈബിൾ സത്യങ്ങൾ പഠിക്കുന്നു
പലെർമോയിലെ തടവിൽ തിരിച്ചെത്തിയപ്പോൾ, ജൂലിയാനോയുടെ ഒരു കസിനായിരുന്ന ഞങ്ങളുടെ സംഘത്തിലെ ഒരു അംഗത്തെ തടവിലാക്കിയിരുന്ന ഭാഗത്താണ് എന്നെയും ആക്കിയത്. എന്നെ അറസ്റ്റുചെയ്തതിനു മൂന്നു വർഷം മുമ്പ് അദ്ദേഹത്തെ അറസ്റ്റുചെയ്തിരുന്നു. അത്ഭുതകരമായ ബൈബിൾ വാഗ്ദാനങ്ങളെക്കുറിച്ചു തന്നോടു സംസാരിച്ച സ്വിറ്റ്സർലൻഡിൽനിന്നുള്ള ഒരു യഹോവയുടെ സാക്ഷിയെ അദ്ദേഹം നേരത്തെ തടവിൽവച്ചു കണ്ടുമുട്ടിയിരുന്നു. ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ മനുഷ്യൻ പലെർമോയിലെ സഹസാക്ഷികളോടൊപ്പം അറസ്റ്റുചെയ്യപ്പെട്ടത്. (മത്തായി 24:14) അദ്ദേഹത്തിന്റെ അറസ്റ്റ് വൈദികാംഗങ്ങളുടെ പ്രേരണയുടെ ഫലമായിരുന്നുവെന്ന് ഞാൻ പിന്നീട് അറിഞ്ഞു.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നെങ്കിലും ഞാൻ ദൈവത്തിലും സഭാ പഠിപ്പിക്കലുകളിലും വിശ്വസിച്ചിരുന്നു. അതുകൊണ്ട്, വിശുദ്ധൻമാർ എന്നു വിളിക്കപ്പെടുന്നവരെ പൂജിക്കുന്നതു തിരുവെഴുത്തുവിരുദ്ധമാണെന്നും പത്തു കൽപ്പനകളിലൊന്ന് ആരാധനയിലെ പ്രതിമകളുടെ ഉപയോഗത്തെ വിലക്കിയിരുന്നുവെന്നും മനസ്സിലാക്കിയത് എന്നെ ഞെട്ടിച്ചു. (പുറപ്പാടു 20:3, 4) ഞാൻ വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ വരിസംഖ്യകൾ സ്വീകരിച്ചു. അവ എനിക്കു വളരെ അമൂല്യമായിത്തീർന്നു. ഞാൻ വായിച്ച എല്ലാ സംഗതികളും എനിക്കു മനസ്സിലായില്ല. എന്നാൽ ഞാൻ എത്രയധികം വായിച്ചുവോ, രക്ഷപ്പെടേണ്ടതിന്റെ ആവശ്യം എനിക്ക് അത്രയധികം അനുഭവപ്പെട്ടു, ജയിലിൽ നിന്നല്ല, പിന്നെയോ മത കാപട്യത്തിന്റെയും ആത്മീയ അന്ധകാരത്തിന്റെയും തടവറയിൽനിന്ന്.
ദൈവത്തെ പ്രസാദിപ്പിക്കാനായി ഞാൻ പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുകയും സൗമ്യവും ക്രിസ്തുയേശുവിന്റേതിനോടു സമാനവുമായ പുതിയ ഒന്ന് ധരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഒടുവിൽ ഞാൻ മനസ്സിലാക്കി. (എഫെസ്യർ 4:20-24) എന്റെ മാറ്റം ക്രമേണയായിരുന്നു. എങ്കിലും പെട്ടെന്നുതന്നെ ഞാൻ എന്റെ സഹ തടവുകാർക്കുവേണ്ടി കാര്യങ്ങൾ ചെയ്തുതുടങ്ങി. മനസ്സിലാക്കിക്കൊണ്ടിരുന്ന മഹത്തായ കാര്യങ്ങളെക്കുറിച്ചു ഞാൻ അവരോടു സംസാരിക്കാൻ ശ്രമിച്ചു. അങ്ങനെ 1953-ൽ എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ ഒരു കാലഘട്ടം ആരംഭിച്ചു. എന്നാൽ പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നു.
പുരോഹിതനിൽനിന്നുള്ള എതിർപ്പ്
ഞാൻ വീക്ഷാഗോപുരത്തിനും ഉണരുക!യ്ക്കും വരിസംഖ്യ സ്വീകരിച്ച് ആറു മാസം കഴിഞ്ഞപ്പോൾ അവയുടെ വരവു നിന്നു. ഞാൻ തടവുകാരുടെ കത്തിടപാട് സെൻസർ ചെയ്യുന്ന ഉദ്യോഗസ്ഥന്റെ അടുത്തുപോയി വിവരമറിയിച്ചു. തടങ്കലിലെ പുരോഹിതനാണ് അവയുടെ വരവു തടസ്സപ്പെടുത്തിയതെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.
പുരോഹിതനെ ഒന്നു കണ്ടോട്ടെ എന്നു ഞാൻ അപേക്ഷിച്ചു. ഞങ്ങളുടെ ചർച്ചയുടെ സമയത്ത്, ആരാധനയിലെ പ്രതിമകളുടെ ഉപയോഗത്തെക്കുറിച്ചു പറയുന്ന പുറപ്പാടു 20:3, 4; യെശയ്യാവു 44:14-17 തുടങ്ങിയ തിരുവെഴുത്തുകൾ ഉൾപ്പെടെ ബൈബിളിൽനിന്നു മനസ്സിലാക്കിയ കുറച്ചു കാര്യങ്ങൾ ഞാൻ അദ്ദേഹത്തെ കാണിച്ചുകൊടുത്തു. “ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു” എന്ന, മത്തായി 23:8, 9-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളും ഞാൻ അദ്ദേഹത്തെ വായിച്ചുകേൾപ്പിച്ചു. പഠിപ്പില്ലാത്തവനായതുകൊണ്ട് എനിക്കു ബൈബിൾ മനസ്സിലാകുകയില്ലെന്ന്, നീരസം തോന്നി അദ്ദേഹം മറുപടി നൽകി.
അതിനോടകംതന്നെ ഞാൻ എന്റെ വ്യക്തിത്വത്തിനു മാറ്റംവരുത്താൻ തുടങ്ങിയതു നന്നായി—അല്ലെങ്കിൽ, ഞാൻ എന്താണു ചെയ്യുമായിരുന്നതെന്ന് എനിക്കറിയില്ല. ശാന്തനായി ഞാൻ ഇങ്ങനെ ഉത്തരം നൽകി: “അതേ, ഞാൻ പഠിപ്പില്ലാത്തവനാണെന്നതു സത്യംതന്നെ. എന്നാൽ പഠിപ്പുള്ള നിങ്ങൾ എന്നെ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല.” യഹോവയുടെ സാക്ഷികളുടെ സാഹിത്യം ലഭിക്കണമെങ്കിൽ കത്തോലിക്കാ മതം വിട്ടുപോരുന്നതിനായി ഞാൻ നീതിന്യായ മന്ത്രാലയത്തോട് അപേക്ഷിക്കേണ്ടിവരുമെന്നു പുരോഹിതൻ മറുപടി നൽകി. ഞാൻ അപ്പോൾത്തന്നെ അങ്ങനെ ചെയ്തു. പക്ഷേ അപേക്ഷ സ്വീകരിക്കപ്പെട്ടില്ല. എങ്കിലും, പിന്നീട് യഹോവയുടെ സാക്ഷികളിലൊരാളായി എന്നെ രേഖപ്പെടുത്തിക്കിട്ടാനും വീണ്ടും മാസികകൾ സ്വീകരിക്കാനും കഴിഞ്ഞു. എന്നാൽ എനിക്കു വളരെ നിർബന്ധം പിടിക്കേണ്ടിവന്നു.
തുറുങ്കിൽ ഒരു രാജ്യഹാൾ
എനിക്കു പണം സമ്പാദിച്ചു കുടുംബത്തിന് അയച്ചുകൊടുക്കാൻ കഴിയത്തക്കവണ്ണമുള്ള ഒരു ജോലി തരാമോയെന്നു ഞാൻ കുറേ നാളായി തടവുമേധാവിയോടു ചോദിച്ചിരുന്നു. എനിക്കു ജോലിതന്നാൽ മറ്റുള്ളവർക്കും കൊടുക്കേണ്ടിവരുമെന്നും അതു സാധ്യമല്ലെന്നും അദ്ദേഹം എല്ലായ്പോഴും പറഞ്ഞു. എന്നാൽ 1955 ആഗസ്റ്റ് 5-ന് രാവിലെ മേധാവി എന്നെ ഒരു സന്തോഷവാർത്ത അറിയിച്ചു—തടവിനുള്ളിൽ ക്ലാർക്കായി എനിക്കു ജോലി ലഭിച്ചിരിക്കുന്നു.
തടവുമേധാവിയുടെ ആദരവു പിടിച്ചുപറ്റാൻ എന്റെ ജോലി എന്നെ പ്രാപ്തനാക്കി. ബൈബിളധ്യയന യോഗങ്ങൾ നടത്താനായി ഒരു സ്റ്റോർ മുറി ഉപയോഗിക്കാനുള്ള അനുവാദവും അദ്ദേഹം ദയാപൂർവം എനിക്കു നൽകി. അങ്ങനെ, ഉപയോഗശൂന്യമായ ഫയൽ അലമാരകളിൽനിന്നുള്ള തടിയുപയോഗിച്ച് 1956-ൽ ഞാൻ, രാജ്യഹാൾ—യഹോവയുടെ സാക്ഷികളുടെ യോഗസ്ഥലങ്ങൾ അങ്ങനെയാണു വിളിക്കപ്പെടുന്നത്—ആയി കണക്കാക്കാൻ കഴിയുന്ന ഒന്നിനുവേണ്ടി ബഞ്ചുകൾ തയ്യാറാക്കി. ഞാൻ എല്ലാ ഞായറാഴ്ചയും മറ്റ് അന്തേവാസികളോടൊപ്പം അവിടെ ഒന്നിച്ചുകൂടി. ബൈബിൾ ചർച്ചകൾക്കുള്ള ഞങ്ങളുടെ അത്യുച്ച ഹാജർ 25-ഓളമെത്തി.
കാലക്രമത്തിൽ, ഞാൻ യോഗങ്ങൾ നടത്തുന്നതു പുരോഹിതൻ കണ്ടെത്തി, അദ്ദേഹം രോഷാകുലനായിത്തീർന്നു. അതിന്റെ ഫലമായി, 1957-ലെ വേനൽക്കാലത്ത് എന്നെ പലെർമോയിൽനിന്നും എൽബ ദ്വീപിലുള്ള പോർട്ടോ ആറ്റ്സുറോയിലെ കാരാഗൃഹത്തിലേക്കു മാറ്റി. ഈ സ്ഥലം വളരെ കുപ്രസിദ്ധമായ ഒന്നായിരുന്നു.
തടവിൽവെച്ച് സ്നാപനമേൽക്കുന്നു
അവിടെ എത്തിച്ചേർന്നപ്പോൾ എന്നെ 18 ദിവസം ഏകാന്ത തടവിലിട്ടു. അവിടെയായിരിക്കുമ്പോൾ ബൈബിൾ കൈവശം വയ്ക്കാൻപോലും എനിക്ക് അനുവാദമില്ലായിരുന്നു. പിന്നീട്, കത്തോലിക്കാ മതം വിട്ടുപോരാൻ എന്നെ അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടു വീണ്ടും ഞാൻ നീതിന്യായ മന്ത്രാലയത്തിന് എഴുതി. എന്നാൽ ഇത്തവണ ഞാൻ റോമിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിനോടു സഹായം ആവശ്യപ്പെട്ടിരുന്നു. പത്തുമാസം കഴിഞ്ഞപ്പോൾ, ദീർഘനാൾ കാത്തിരുന്ന ആ ഉത്തരം ലഭിച്ചു. മന്ത്രാലയം എന്റെ മതം മാറ്റം അംഗീകരിച്ചു! ബൈബിളും മാസികകളും മറ്റു ബൈബിൾ സാഹിത്യങ്ങളും എനിക്കു ലഭിക്കുമെന്നു മാത്രമല്ല, യഹോവയുടെ സാക്ഷികളുടെ ഒരു ശുശ്രൂഷകൻ എന്നെ ക്രമമായി സന്ദർശിക്കുമെന്നും ഇത് അർഥമാക്കി.
ഇറ്റലിയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽനിന്നുള്ള ജൂസെപ്പേ റൊമാനൊ എന്നെ ആദ്യമായി സന്ദർശിച്ചപ്പോൾ എനിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. യഹോവയ്ക്കുള്ള എന്റെ സമർപ്പണം ജലസ്നാപനം വഴി ഒടുവിൽ പ്രതീകപ്പെടുത്താനുള്ള ക്രമീകരണങ്ങൾ തടവ് അധികാരികളുടെ അനുവാദത്തോടെ ചെയ്യപ്പെട്ടു. 1958 ഒക്ടോബർ 4-ന് റൊമാനൊ സഹോദരൻ, തടവുമേധാവിയുടെയും ശിക്ഷണത്തിന്റെ മേൽനോട്ടമുള്ള അധികാരിയുടെയും മറ്റ് അധികാരികളുടെയും സാന്നിധ്യത്തിൽ, തടവിലെ പൂന്തോട്ടം നനയ്ക്കുന്നതിന് ഉപയോഗിക്കുന്ന വലിയ ടബ്ബിൽവച്ച് എന്നെയും മറ്റൊരു അന്തേവാസിയെയും സ്നാപനപ്പെടുത്തി.
വീക്ഷാഗോപുരം ഒട്ടുമിക്കപ്പോഴും മറ്റ് അന്തേവാസികളോടൊപ്പമിരുന്ന് എനിക്കു പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിലും ക്രിസ്തുവിന്റെ മരണത്തിന്റെ വാർഷിക സ്മാരകാഘോഷം സൂര്യാസ്തമയത്തിനു ശേഷമായതിനാൽ എനിക്ക് അത് എന്റെ തടവറയിൽ ഒറ്റയ്ക്കിരുന്ന് ആചരിക്കേണ്ടിവന്നു. സഹവിശ്വാസികളോടൊപ്പം ആയിരിക്കുന്നതായി സങ്കൽപ്പിച്ചുകൊണ്ടു ഞാൻ കണ്ണുകളടയ്ക്കുകയും പ്രാർഥിക്കുകയും ചെയ്തു.
തടവിൽ ശിഷ്യരെ ഉളവാക്കുന്നു
1968-ൽ എന്നെ പേസരോ പ്രവിശ്യയിലുള്ള ഫോസോംബ്രോനേയിലെ തടവറയിലേക്കു മാറ്റി. അവിടെവച്ചു ഞാൻ ബൈബിൾ സത്യങ്ങളെക്കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതിന്റെ നല്ല ഫലങ്ങൾ ആസ്വദിച്ചു. ഞാൻ ആതുര ശുശ്രൂഷാ വിഭാഗത്തിലാണു ജോലിചെയ്തത്. അവിടെ സാക്ഷീകരണത്തിനുള്ള അവസരങ്ങൾ കണ്ടെത്തുക എളുപ്പമായിരുന്നു. ഏമാൻവെലേ ആൾറ്റാവില്ലാ എന്ന ഒരു അന്തേവാസിയുടെ പുരോഗതി കാണുന്നതു പ്രത്യേകിച്ചും സന്തോഷപ്രദമായിരുന്നു. പ്രവൃത്തികൾ 19:19-ലെ ബുദ്ധ്യുപദേശം ബാധകമാക്കുകയും മാന്ത്രിക കലകളെ സംബന്ധിച്ച തന്റെ പുസ്തകം നശിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നു രണ്ടുമാസത്തെ പഠനത്തിനുശേഷം അദ്ദേഹം മനസ്സിലാക്കി. പിന്നീട് ഏമാൻവെലേ ഒരു യഹോവയുടെ സാക്ഷിയായിത്തീർന്നു.
അടുത്തവർഷം എന്നെ നേപ്പിൾസിന് അകലെ ഉൾക്കടലിലുള്ള പ്രോചിഡാ ദ്വീപിലുള്ള തടവറയിലേക്കു മാറ്റി. നല്ല നടത്ത കാരണം ഒരിക്കൽക്കൂടി ആതുര ശുശ്രൂഷാ വിഭാഗത്തിൽ എന്നെ നിയമിച്ചു. അവിടെവച്ച് ഞാൻ മാര്യോ മോറേനോ എന്നു പേരുള്ള സ്ഥൈര്യലേപനം ലഭിച്ച കത്തോലിക്കനായ ഒരു അന്തേവാസിയെ കണ്ടുമുട്ടി. കണക്കെഴുത്തു ഡിപ്പാർട്ടുമെൻറിൽ ജോലിചെയ്യുന്ന അദ്ദേഹവും ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്തായിരുന്നു.
ഒരു ദിവസം വൈകുന്നേരം മാര്യോ വായിക്കാൻ എന്തെങ്കിലും കൊടുക്കാമോയെന്നു ചോദിച്ചു. നിത്യജീവനിലേക്കു നയിക്കുന്ന സത്യംa എന്ന പുസ്തകം ഞാൻ അദ്ദേഹത്തിനു കൊടുത്തു. അദ്ദേഹം പെട്ടെന്നുതന്നെ താൻ വായിച്ച കാര്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി. ഞങ്ങൾ ഒരു ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്തു. ദിവസവും മൂന്നു പായ്ക്കറ്റ് സിഗരറ്റു വലിച്ചിരുന്ന മാര്യോ ആ ശീലം നിർത്തി. കൂടാതെ, തടവിൽ ചെയ്യുന്ന കണക്കെഴുത്തു ജോലിയിൽ സത്യസന്ധതയുള്ളവനായിരിക്കണമെന്നും അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം തന്റെ പ്രതിശ്രുതവധുവിനു സാക്ഷ്യം നൽകാൻ തുടങ്ങി. അവളും ബൈബിൾ പഠിപ്പിക്കലുകൾ സ്വീകരിച്ചു. അധികം താമസിയാതെ, അവർ തടവിൽവച്ച് വിവാഹിതരായി. 1975-ൽ നേപ്പിൾസിലെ ഒരു കൺവെൻഷനിൽവച്ച് മാര്യോയുടെ ഭാര്യ സ്നാപനമേറ്റു. അവളുടെ ഭർത്താവ് തടവിൽവച്ച് അതേ ദിവസംതന്നെ സ്നാപനമേറ്റു എന്നു കേട്ടപ്പോൾ അവൾക്കു വളരെ സന്തോഷമനുഭവപ്പെട്ടു!
എന്നെ പ്രോചിഡായിൽ വന്നു സന്ദർശിച്ച സാക്ഷികളോടൊപ്പം വാരംതോറും സംഭാഷണങ്ങൾ നടത്തുന്നതിന് എനിക്ക് അനുവാദം ലഭിച്ചു. ഭക്ഷണം തയ്യാറാക്കി സന്ദർശക ഹാളിൽവച്ച് അവരോടൊപ്പമിരുന്നു കഴിക്കാനും എനിക്ക് അനുവാദം ലഭിച്ചു. ഒരു സമയത്തു പത്തോളം പേർക്ക് അവിടെ വരാൻ കഴിയുമായിരുന്നു. യഹോവയുടെ സാക്ഷികളുടെ സഞ്ചാര മേൽവിചാരകൻമാർ സന്ദർശിച്ചപ്പോൾ അവരുടെ സ്ലൈഡ് പ്രദർശനങ്ങൾ കാണിക്കാനുള്ള അനുവാദം എനിക്കു ലഭിച്ചു. ഒരിക്കൽ 14 സാക്ഷികൾ സന്ദർശിച്ചപ്പോൾ വീക്ഷാഗോപുര അധ്യയനം നടത്തുന്നതിന്റെ ആനന്ദം അനുഭവിക്കാൻ എനിക്കു കഴിഞ്ഞു. അധികാരികൾ എന്നെ പൂർണമായി വിശ്വസിക്കുന്നതായി തോന്നി. നിയമിത ദിവസങ്ങളിൽ വൈകുന്നേരം ആകാറാകുമ്പോൾ ഞാൻ തടവിലെ മുറികൾതോറും നടന്നു പ്രസംഗിക്കുമായിരുന്നു.
വ്യത്യസ്ത തടവുകളിലായി 24 വർഷം ചെലവഴിച്ചശേഷം 1974-ൽ ഒരു ജഡ്ജി എന്നെ സന്ദർശിച്ചു. ക്ഷമാപണത്തിനായി അപേക്ഷ കൊടുക്കാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. അപ്രകാരം ചെയ്യുന്നത് പോർട്ടെല്ലാ ഡെല്ലാ ഷിനേസ്ട്രാ സംഹാരത്തിൽ ഉൾപ്പെട്ടുവെന്നതിന്റെ സമ്മതമായിരിക്കുമായിരുന്നതുകൊണ്ട് അത് അത്ര ഉചിതമായി ഞാൻ കണക്കാക്കിയില്ല. കാരണം ഞാൻ അതിൽ പങ്കെടുത്തിട്ടില്ലായിരുന്നു.
വലിയ സന്തോഷത്തിന്റെ അവസരങ്ങൾ
1975-ൽ ഒരു പുതിയ നിയമം തടവിൽനിന്ന് ഒരു നിശ്ചിത കാലയളവിലേക്കു പുറത്തുപോകാനുള്ള അനുവാദം നൽകി. അങ്ങനെ, നേപ്പിൾസ് നഗരത്തിൽ വച്ചുനടന്ന, യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ പങ്കെടുക്കാനുള്ള അവസരം എനിക്കു ലഭിച്ചു. അത് ഞാൻ പങ്കെടുത്ത ആദ്യത്തെ കൺവെൻഷൻ ആയിരുന്നു. മറക്കാനാവാത്ത അഞ്ചു ദിനങ്ങൾ ഞാൻ ആസ്വദിച്ചു. മുമ്പെങ്ങും കണ്ടിട്ടുള്ളതിനെക്കാളധികം ക്രിസ്തീയ സഹോദരീ സഹോദരൻമാരെ ആ സമയത്തു ഞാൻ കണ്ടുമുട്ടി.
എനിക്കു പ്രത്യേക സന്തോഷം കൈവരുത്തിയത് ഒടുവിൽ, വളരെയധികം വർഷങ്ങൾക്കുശേഷം എന്റെ കുടുംബവുമായി വീണ്ടും ഒന്നിക്കുന്നതായിരുന്നു. എന്റെ ഭാര്യ വിറ്റാ എന്നോടു വിശ്വസ്തയായി നിലകൊണ്ടു, എന്റെ പുത്രൻമാർ തങ്ങളുടെ 20-കളിലും 30-കളിലുമുള്ള യുവാക്കളായിത്തീർന്നിരുന്നു.
തടവിൽനിന്ന് അനേകം തവണ അവധിക്കു പോരാൻ കഴിഞ്ഞ പിറ്റേവർഷം, മോചനത്തിനായി ഞാൻ അപേക്ഷിക്കണമെന്ന് ഒരു നിർദേശം ലഭിച്ചു. എന്നെക്കുറിച്ചുള്ള പ്രൊബേഷൻ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിൽ എന്റെ അപേക്ഷ സ്വീകരിക്കണമെന്ന് അദ്ദേഹം ശുപാർശചെയ്തു. അദ്ദേഹം ഇപ്രകാരം എഴുതി: “ജൂലിയാനോയുടെ കൽപ്പനകൾ നടപ്പാക്കിയ രക്തദാഹിയായ യുവാവിനോടുള്ള താരതമ്യത്തിൽ മാന്നിനോ ഇന്ന് മറ്റൊരു മനുഷ്യനാണ്; അദ്ദേഹം പാടേ മാറിയിരിക്കുന്നു എന്നു സുനിശ്ചിതമായി പറയാൻ കഴിയും.”
കാലക്രമേണ, പ്രോചിഡായിലെ തടവ് അധികാരികൾ എനിക്കുള്ള മോചനത്തിനായി അപേക്ഷിച്ചു. ഒടുവിൽ മോചനം അനുവദിക്കപ്പെട്ടു. 1978 ഡിസംബർ 28-ന് ഞാൻ തടവിൽനിന്നും മോചിതനായി. 28 വർഷത്തിലധികം കാരാഗൃഹ ജീവിതം നയിച്ചശേഷം സ്വതന്ത്രനാകുന്നത് എത്ര സന്തോഷകരമായിരുന്നു!
നീതിക്കുള്ള ഏക പ്രത്യാശ
സാൽവാറ്റോർ ജൂലിയാനോയുടെ നേതൃത്വത്തിൻ കീഴിലെ ഒരു തട്ടിക്കൊണ്ടുപോക്കുകാരൻ എന്നനിലയിൽ ഞാൻ, എന്റെ കുടുംബത്തിനും രാജ്യക്കാർക്കും യഥാർഥ സ്വാതന്ത്ര്യം കൊണ്ടുവരുമെന്നു ഞാൻ വിശ്വസിച്ചതിനുവേണ്ടി പോരാടി. എന്നാൽ, മനുഷ്യർ എത്ര ആത്മാർഥരായിരുന്നാലും ഒരു യുവാവായിരുന്നപ്പോൾ ഞാൻ അത്യധികം ആഗ്രഹിച്ച നീതി അവർക്ക് ഒരിക്കലും കൊണ്ടുവരാൻ കഴിയില്ലെന്നു ഞാൻ ബൈബിളിൽനിന്നു മനസ്സിലാക്കാനിടയായി. ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ കൈകളിലെ ദൈവരാജ്യത്തിനു മാത്രമേ വളരെ അത്യാവശ്യമായിരിക്കുന്ന, അനീതിയിൽനിന്നുള്ള മോചനം പ്രദാനം ചെയ്യാൻ കഴിയുകയുള്ളുവെന്നു മനസ്സിലാക്കാൻ ബൈബിളിന്റെ അറിവ് എന്നെ സഹായിച്ചതിന് ഞാൻ നന്ദിയുള്ളവനാണ്.—യെശയ്യാവു 9:6, 7; ദാനീയേൽ 2:44; മത്തായി 6:9, 10; വെളിപ്പാടു 21:3, 4.
ബൈബിളിന്റെ അത്തരം അറിവുമൂലം എന്റെ വ്യക്തിത്വത്തിലുണ്ടായ മാറ്റത്തെക്കുറിച്ചു പല പത്രങ്ങളും എഴുതി. ഉദാഹരണത്തിന്, പ്രോചിഡായിലുള്ള തടവിലെ വാർഡൻ ഇപ്രകാരം പറഞ്ഞതായി പായേസെ സേറാ ഉദ്ധരിച്ചു: “എല്ലാ തടവുകാരും ഫ്രാങ്കിനെപ്പോലെയായിരുന്നെങ്കിൽ തടവറകൾ അപ്രത്യക്ഷമാകുമായിരുന്നു; അദ്ദേഹത്തിന്റെ പെരുമാറ്റം കുറ്റമറ്റതായിരുന്നു, അദ്ദേഹം ഒരിക്കലും വഴക്കുണ്ടാക്കിയിരുന്നില്ല, തീരെ നിസ്സാരമായ ശാസനംപോലും അദ്ദേഹത്തിന് ഒരിക്കലും ലഭിച്ചിരുന്നില്ല.” ആവേനിർ എന്ന മറ്റൊരു പത്രം ഇങ്ങനെ പറഞ്ഞു: “അദ്ദേഹം സാധാരണക്കാരിൽനിന്നു വ്യത്യസ്തമായ ഒരു മാതൃകാ തടവുകാരനാണ്. അദ്ദേഹത്തിന്റെ പുനരധിവാസം പ്രതീക്ഷിച്ചതിലുമധികമാണ്. അദ്ദേഹത്തിനു സ്ഥാപനങ്ങളോടും തടവ് ഉദ്യോഗസ്ഥൻമാരോടും ആദരവുണ്ട്, മാത്രമല്ല അസാധാരണമായ ആത്മീയതയും ഉണ്ട്.”
പ്രതിഫലദായകമായ ഒരു ജീവിതം
യഹോവയുടെ സാക്ഷികളുടെ ഒരു സഭയിൽ ഞാൻ 1984 മുതൽ ഒരു മൂപ്പനും പയനിയറുമായി—മുഴുസമയ ശുശ്രൂഷകരെ അങ്ങനെയാണു വിളിക്കുന്നത്—സേവനമനുഷ്ഠിക്കുകയാണ്. ഞാൻ 15 വർഷംമുമ്പ് ബൈബിളിനെക്കുറിച്ചുള്ള അറിവു പങ്കിട്ട ഒരു തടവു കാവൽക്കാരൻ 1990-ൽ എനിക്കു ഫോൺ ചെയ്ത് താനും തന്റെ മുഴു കുടുംബവും യഹോവയുടെ സാക്ഷികളായിത്തീർന്നതായി പറഞ്ഞു.
എന്നാൽ എന്റെ ഏറ്റവും വലിയ സന്തോഷാനുഭവം 1995 ജൂലൈയിലാണു സംഭവിച്ചത്. എന്റെ പ്രിയ പത്നി വിറ്റായുടെ സ്നാപനത്തിൽ പങ്കെടുക്കുന്നതിന്റെ വലിയ സന്തോഷം ഞാൻ ആ വർഷം ആസ്വദിച്ചു. വളരെയധികം വർഷങ്ങൾക്കുശേഷം അവൾ ബൈബിൾ പഠിപ്പിക്കലുകൾ തന്റെ സ്വന്തമാക്കുകയുണ്ടായി. എന്റെ വിശ്വാസം ഇപ്പോൾ പങ്കിടാത്ത എന്റെ മൂന്നു പുത്രൻമാരും, ദൈവവചനത്തിൽനിന്നു ഞാൻ പഠിച്ച കാര്യങ്ങൾ ഒരുനാൾ സ്വീകരിക്കുമായിരിക്കും.
ബൈബിൾ സത്യങ്ങൾ മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ടുള്ള എന്റെ അനുഭവങ്ങൾ അനുപമമായ സന്തോഷം എനിക്കു പ്രദാനം ചെയ്തിരിക്കുന്നു. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം സ്വന്തമാക്കാനിടയാകുന്നതും ആത്മാർഥഹൃദയരായവരോട് അതു പങ്കിടാൻ കഴിയുന്നതും എത്ര പ്രതിഫലദായകമായിരിക്കുന്നു!—യോഹന്നാൻ 17:3.—ഫ്രാങ്ക് മാന്നിനോ പറഞ്ഞപ്രകാരം.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
[18-ാം പേജിലെ ചിത്രം]
സിസിലിയിലെ സംഹാരം നടന്ന ചുരം
[19-ാം പേജിലെ ചിത്രം]
1942-ൽ ഞങ്ങൾ വിവാഹിതരായപ്പോൾ
[21-ാം പേജിലെ ചിത്രം]
ഞാൻ തടവു കാവൽക്കാരുമായി പലപ്പോഴും ബൈബിൾ സത്യങ്ങൾ പങ്കുവച്ചു
[23-ാം പേജിലെ ചിത്രം]
എന്റെ ഭാര്യയോടൊപ്പം