നല്ല ആളുകൾക്ക് തിൻമകൾ ഭവിക്കുന്നതെന്തുകൊണ്ട്?
എൽസാൽവഡോറിലെ സാൻസാൽവഡോർ അഗ്നിപർവ്വതത്തിന്റെ അടിവാരത്തിലാണ് സാൻ റാമോൻ പട്ടണം സ്ഥിതിചെയ്യുന്നത്. 1982 സെപ്റ്റംബർ 19-ലെ പ്രഭാതത്തിൽ ചെളിയുടെ മൂന്നു പടുകൂറ്റൻ തിരകൾ അതിൻമേൽ ആഞ്ഞടിച്ചു. ആദ്യതിര കോരിയൊഴിക്കുന്ന മഴയാൽ പോഷിതമായി രണ്ടു നിലകളോളം ഉയർന്നു. അതു പാറകളും വൃക്ഷങ്ങളും ഒഴുക്കിക്കൊണ്ടുവന്നു. 160 അടി ആഴവും 250 അടി വീതിയുമുള്ള ഒരു ഗർത്തം വെട്ടിയെടുത്തുകൊണ്ട് അത് അഗ്നിപർവ്വത പാർശ്വത്തിലൂടെ ഉരുണ്ടു നീങ്ങുകയും ആക്കവും വലിപ്പവും ആർജ്ജിക്കുകയും ചെയ്തു. അത് അടിവാരത്തിലെത്തി അതിന്റെ പാതയിലെ ചുടുകട്ടകൊണ്ടുള്ള വീടുകളെ കൊട്ടിയടച്ചു.
പിൻമാറാതെ ആഞ്ഞടിച്ച ഒരു തിരത്തള്ളലിൽ ആനായുടെ വീട് തകർന്നു വീണു. ആനായുടെ പുത്രിമാർ അവരെ കെട്ടിപ്പിടിച്ച് “ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക” എന്ന് മുറവിളിച്ചു. ചെളി അവരെ മൂടി . . .
എന്നാൽ ഒരു മേൽക്കൂര ഓട് ആനായുടെ മുഖത്തിനു മുമ്പിൽ യാദൃച്ഛികമായി തങ്ങിനിന്നു. അവൾക്ക് ശ്വാസം വിടാൻ അല്പം ഇടം കിട്ടി. “ഞാൻ സഹായത്തിനായി വിളിച്ചുകൊണ്ടേയിരുന്നു,” അവൾ പറയുന്നു. നാലു മണിക്കൂറോളം കഴിഞ്ഞ് അയൽക്കാർ അവളുടെ നിലവിളി കേട്ട് അവളെ വലിച്ചൂരിയെടുക്കാൻ തുടങ്ങി. അവൾ കക്ഷം വരെ ചെളിയിൽ താണുപോയിരുന്നു. ശ്വാസം മുട്ടിക്കുന്ന ചെളിയിൽ അവളുടെ പുത്രിമാരുടെ ശരീരങ്ങൾ അവളോട് പറ്റിച്ചേർന്നു നിന്നിരുന്നു.
സാൻ റാമോനിലെ ആളുകൾ വളരെ വിനയവും സൗഹൃദവുമുള്ളവരായിരുന്നു. മരിച്ചവരിൽ നിരവധി സമർപ്പിത ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. അവരിൽ മിഗുവൽ എന്നും സിസിലിയാ എന്നും പേരുണ്ടായിരുന്ന നവദമ്പതികളും ഉണ്ടായിരുന്നു. വേറെ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ശരീരങ്ങൾ ആശ്ലേഷത്തിൽ ഉടക്കിക്കിടക്കുന്നതായി കാണപ്പെട്ടു.
വിപത്ത് നല്ലയാളുകളും ചീത്തയാളുകളും തമ്മിൽ വ്യത്യാസം കല്പിക്കുന്നില്ല. ഇത് സ്നേഹവാനായ ഒരു ദൈവത്തിൽ വിശ്വാസമുള്ള അനേകർക്ക് പൊരുത്തപ്പെടുത്താൻ പ്രയാസമുള്ള ഒരു വസ്തുതയാണ്. ‘ഏതു തരം ദൈവമാണ് അനാവശ്യമായ അത്തരം ജീവനഷ്ടം സംഭവിക്കാൻ അനുവദിക്കുന്നത്?’ എന്ന് അവർ ചോദിക്കുന്നു. അല്ലെങ്കിൽ പ്രായമുള്ളവർക്കു സംരക്ഷണം കിട്ടാതെ പോകുന്നതും കഠിനാദ്ധ്വാനം ചെയ്യുന്ന കുടുംബങ്ങളുടെ ജീവകാല സമ്പാദ്യങ്ങൾ നഷ്ടപ്പെടുന്നതും യുവതീയുവാക്കൾ നവയൗവനത്തിൽതന്നെ മാരകരോഗങ്ങളാൽ വീഴിക്കപ്പെടുന്നതും കണ്ടുകൊണ്ട് യാതൊന്നും ചെയ്യാതിരിക്കാൻ ഒരു സർവ്വശക്തനായ ദൈവത്തിന് എങ്ങനെ കഴിയും?
തന്റെ പുത്രൻ ഒരു അപൂർവ്വരോഗത്താൽ മരണമടയുമെന്ന് ഒരു യഹൂദറബ്ബിയായ ഹാരോൾഡ് എസ്. കുഷ്നർ മനസ്സിലാക്കിയപ്പോൾ അദ്ദേഹം അങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. ഇതിലെ അനീതി കുഷ്നറെ അന്ധാളിപ്പിച്ചു. “ഞാൻ ഒരു നല്ല മനുഷ്യനായിരുന്നു. ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ ഞാൻ ശ്രമിച്ചിരുന്നു . . . ഞാൻ ദൈവത്തിന്റെ വഴികൾ അനുസരിക്കുന്നുണ്ടെന്നും അവന്റെ വേല ചെയ്യുന്നുണ്ടെന്നും ഞാൻ വിശ്വസിച്ചു. ഇത് എന്റെ കുടുംബത്തിൽ എങ്ങനെ സംഭവിക്കാൻ കഴിയും?,” അദ്ദേഹം ഓർമ്മിക്കുകയാണ്. ഉത്തരങ്ങൾക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ അന്വേഷണത്തിൽനിന്ന് സംജാതമായതാണ് നല്ല ആളുകൾക്ക് തിൻമകൾ ഭവിക്കുമ്പോൾ എന്ന അദ്ദേഹത്തിന്റെ ജനപ്രീതിയുള്ള പുസ്തകം.
ദൈവം തിൻമ അനുവദിക്കുന്നത് എന്തുകൊണ്ടെന്നുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ ശ്രമിച്ചിട്ടുള്ള അനേകം ദൈവശാസ്ത്രജ്ഞൻമാരിൽ ഒരാൾ മാത്രമാണ് കുഷ്നർ. ഫലത്തിൽ, മനുഷ്യർ ദൈവത്തെ വിസ്തരിക്കുകയാണ്. കുഷ്നറും മറ്റു ദൈവശാസ്ത്രജ്ഞൻമാരും എന്തു തീരുമാനത്തിൽ എത്തിയിരിക്കുന്നു? അവരുടെ വിധി നീതിപൂർവ്വകമാണോ? (g87 10/8)