തിൻമയ്ക്കുള്ള ദൈവത്തിന്റെ അനുവാദത്തെ ചിലർ വിശദീകരിക്കുന്ന വിധം
ദൈവം—മനുഷ്യദുരിതത്തിന്റെ ഉല്പാദകനെന്നനിലയിൽ കുറ്റക്കാരനോ നിർദ്ദോഷിയോ? വ്യക്തിപരമായാലും, സാൻ റാമോനിലെപ്പോലെ വൻതോതിലായാലും, നേരിടുന്ന വിപത്തുകളെ പ്രതി ഈ ചോദ്യം വ്യാപകമായി ചോദിക്കപ്പെടുന്നുണ്ട്. ഇവാൻജലിക്കൽ ക്വാർട്ടേർലി എന്ന ബ്രിട്ടീഷ് ജേർണൽ ഇങ്ങനെ പറയുന്നു: “സർവ്വശക്തനും സർവ്വസ്നേഹിയുമായ ഒരു ദൈവത്തിലെ വിശ്വാസത്തിനുള്ള ഏറ്റം വലിയ തടസ്സം പ്രത്യക്ഷത്തിൽ അർഹിക്കപ്പെടാത്ത ലോകദുരിതമാണ്.”
തന്നിമിത്തം, ദുരിതത്തെ അനുവദിക്കുന്നതിന്—യഥാർത്ഥത്തിൽ വരുത്തിക്കൂട്ടുന്നതിനുതന്നെ—ചിലർ ദൈവത്തെ കുറ്റപ്പെടുത്തുന്നു. ദൈവശാസ്ത്രജ്ഞനായ ജോൺ കെ. റോത്ത് ഇങ്ങനെ എഴുതി: “ചരിത്രംതന്നെ ദൈവത്തിന്റെ കുറ്റപത്രമാണ് . . . ദൈവത്തിന്റെ ഉത്തരവാദിത്തത്തിൽ അന്തർഭവിച്ചിരിക്കുന്നതിനെ നിസ്സാരീകരിക്കരുത്.”
അഗസ്റ്റിന്റെ കാലം മുതലുള്ള അനേകം ചിന്തകൻമാർ ദൈവത്തിന്റെ നിർദ്ദോഷിത്വത്തിനനുകൂലമായി വാചാലമായി വാദിച്ചിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ തത്വശാസ്ത്രജ്ഞനായിരുന്ന ലീബ്നിസ് ഈ ശ്രമത്തിന് ഒരു പദം പുതുതായി നിർമ്മിച്ചു: തിയോഡിസി, അഥവാ “ദൈവത്തിന്റെ ന്യായീകരണം.”—6-ാം പേജ് കാണുക.
ആധുനിക ദൈവശാസ്ത്രം സാക്ഷിക്കൂട്ടിൽ
ദൈവത്തെ നിർദ്ദോഷീകരിക്കാനുള്ള ശ്രമങ്ങൾ ആധുനിക കാലങ്ങളിലേക്കും തുടർന്നിരിക്കുന്നു. ക്രിസ്ത്യൻ സയൻസ് ചർച്ചിന്റെ സ്ഥാപകയായ മേരി ബേക്കർ എഡി, ആദ്യംതന്നെ, തിൻമ സ്ഥിതിചെയ്യുന്നുവെന്നതിനെ നിഷേധിച്ചുകൊണ്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു! തിരുവെഴുത്തുകളുടെ താക്കോൽ സഹിതം ശാസ്ത്രവും ആരോഗ്യവും എന്ന പുസ്തകത്തിൽ അവർ ഇങ്ങനെ എഴുതി: “പാപം ചെയ്യാനുള്ള പ്രാപ്തിയോടെ ദൈവം . . . മനുഷ്യനെ ഒരിക്കലും സൃഷ്ടിച്ചില്ല. തന്നിമിത്തം തിൻമ ഒരു മിഥ്യ മാത്രമാണ്, അതിന് യഥാർത്ഥ അടിസ്ഥാനമില്ല.”—ഇറ്റാലിക്സ് ഞങ്ങളുടേത്.
കഷ്ടപ്പാടിൽ നൻമ ഉണ്ടെന്നുള്ള സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽ മറ്റുചിലർ ദൈവത്തെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്. ഒരു റബ്ബി ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “മനുഷ്യനു കഷ്ടപ്പാടു നേരിടുന്നത് അവനെ മെച്ചപ്പെടുത്തുന്നതിനാണ്, അവന്റെ അഹങ്കാരത്തിന്റെയും ബാഹ്യഭാവത്തിന്റെയും ചിന്തകൾ നീക്കി ശുദ്ധീകരിക്കാനാണ്.” ഇതേ രീതിയിൽ ഭൂമിയിലെ കഷ്ടപ്പാട് “ഭാവി സ്വർഗ്ഗീയ രാജ്യത്തിലെ ജീവിതത്തിനുവേണ്ടി നമ്മെ ധാർമ്മിക വ്യക്തികളായി ഒരുക്കുന്നതിന് ആവശ്യമാണ്” എന്ന് ചില ദൈവശാസ്ത്രജ്ഞൻമാർ സിദ്ധാന്തവൽക്കരിച്ചിട്ടുണ്ട്.
എന്നാൽ ആളുകളെ ശുദ്ധീകരിക്കാനും ശിക്ഷിക്കാനും ദൈവം വിപത്തുകൾ വരുത്തിക്കൂട്ടുകയോ അനുവദിക്കുകയോ ചെയ്യുന്നുണ്ടെന്ന് വിശ്വസിക്കുന്നത് ന്യായാനുസൃതമാണോ? തീർച്ചയായും സാൻ റാമോനിൽ ജീവനോടെ കുഴിച്ചിടപ്പെട്ടവർക്ക് തങ്ങളുടെ ധാർമ്മിക വളർച്ചക്ക് അവസരം കിട്ടിയില്ല. അതിജീവകരെ ഒരു പാഠം പഠിപ്പിക്കാൻ ദൈവം അവരെ ബലി ചെയ്തോ? അങ്ങനെയാണെങ്കിൽ പാഠം എന്തായിരുന്നു?
അപ്പോൾ നല്ല ആളുകൾക്ക് തിൻമകൾ ഭവിക്കുമ്പോൾ എന്ന കുഷ്നറുടെ പുസ്തകത്തിന് ജനസമ്മതി ഉള്ളത് മനസ്സിലാക്കാം. അതിന്റെ രചയിതാവ് കഷ്ടപ്പാടിന്റെ വേദന വ്യക്തിപരമായി അറിഞ്ഞതുകൊണ്ട് ദൈവം നല്ലവനാണെന്ന് തന്റെ വായനക്കാർക്ക് വീണ്ടും ഉറപ്പുകൊടുത്തുകൊണ്ട് അവരെ ആശ്വസിപ്പിക്കാൻ അയാൾ ശ്രമിച്ചു. എന്നിരുന്നാലും, നിർദ്ദോഷികൾ കഷ്ടപ്പെടാൻ ദൈവം അനുവദിക്കുന്നതെന്തുകൊണ്ടെന്നു വിശദീകരിക്കുമ്പോൾ കുഷ്നറുടെ ന്യായവാദം വിചിത്രമായിത്തീർന്നു. “നീതിമാൻമാർ സമാധാനപരവും സന്തുഷ്ടവുമായ ജീവിതം നയിക്കാൻ ദൈവം ആഗ്രഹിക്കുന്നു, എന്നാൽ ചിലപ്പോൾ അവനുപോലും അതു കൈവരുത്താൻ കഴികയില്ല” എന്ന് കുഷ്നർ വിശദീകരിച്ചു.
അങ്ങനെ കുഷ്നർ, ദുഷ്ടനല്ലെങ്കിലും ദുർബ്ബലനായ ഒരു ദൈവത്തെ, സർവ്വശക്തനിൽ കുറഞ്ഞ ഒരു ദൈവത്തെ, സൂചിപ്പിച്ചു. അപ്പോഴും, ദിവ്യസഹായത്തിനായി പ്രാർത്ഥിക്കാൻ കുഷ്നർ തന്റെ വായനക്കാരെ പ്രോത്സാഹിപ്പിച്ചത് കൗതുകകരംതന്നെ. എന്നാൽ സങ്കൽപ്പമനുസരിച്ച് പരിമിതനായ ഈ ദൈവത്തിന് എങ്ങനെ എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെന്ന് കുഷ്നർ വ്യക്തമായി പറയുന്നില്ല.
ഒരു പുരാതന സംവാദം
അങ്ങനെ ലോക മതചിന്തകർ ദൈവത്തിന് അനുകൂലമായി ബോദ്ധ്യംവരുമാറു പ്രതിവാദം ചെയ്യുന്നതിലും തിൻമകളുടെ ഇരകൾക്ക് യഥാർത്ഥ ആശ്വാസം പകരുന്നതിലും പരാജയപ്പെട്ടിരിക്കുകയാണ്. ഒരുപക്ഷേ, വിചാരണ ചെയ്യേണ്ടത് ദൈവത്തെയല്ല, ദൈവശാസ്ത്രത്തെയാണ്! എന്തെന്നാൽ ഈ വിരുദ്ധസിദ്ധാന്തങ്ങൾ ഏതാണ്ട് നാലു സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഉച്ചരിക്കപ്പെട്ട പൊള്ളയായ ന്യായവാദങ്ങളെ പ്രതിദ്ധ്വനിപ്പിക്കുകമാത്രമാണു ചെയ്യുന്നത്. ആ കാലത്ത് ദൈവഭയമുണ്ടായിരുന്ന ഇയ്യോബ് എന്ന മനുഷ്യന്റെ കഷ്ടപ്പാടുകളെ കേന്ദ്രീകരിച്ച് ഒരു വാദപ്രതിവാദം നടന്നു. അയാൾ വിപത്തുകളുടെ ഒരു പരമ്പരക്ക് ഇരയായ സമ്പന്നനും പ്രമുഖനുമായ ഒരു പൗരസ്ത്യനായിരുന്നു. ഇയ്യോബിന് പെട്ടെന്ന് തുടരെതുടരെ അവന്റെ സമ്പത്തും മക്കളും നഷ്ടപ്പെട്ടു. ഒടുവിൽ അവനെ അറയ്ക്കത്തക്ക ഒരു രോഗം പിടിപ്പെട്ടു.—ഇയ്യോബ് 1:3, 13-19; 2:7.
സ്നേഹിതരെന്നു വിളിക്കപ്പെട്ട മൂന്നുപേർ ഇയ്യോബിന്റെ സഹായത്തിനെത്തി. ആശ്വാസം കൊടുക്കുന്നതിനു പകരം അവർ ദൈവശാസ്ത്രംകൊണ്ട് അവനെ ആക്രമിച്ചു. അവരുടെ വാദത്തിന്റെ സാരം ഇതായിരുന്നു: ‘ഇയ്യോബേ, ദൈവമാണ് ഇതു നിന്നോടു ചെയ്തിരിക്കുന്നത്! എന്തോ തെറ്റു ചെയ്തതിന് നിന്നെ ശിക്ഷിക്കുകയാണെന്നു സ്പഷ്ടം! മാത്രവുമല്ല, ദൈവത്തിനു തന്റെ ദാസൻമാരിൽ അശേഷം വിശ്വാസമില്ല.’ (ഇയ്യോബ് 4:7-9, 18) തോന്നലനുസരിച്ച്, ദൈവം ‘അവനെ ഒരു ഇരയാക്കി’യതെന്തുകൊണ്ടെന്ന് ഇയ്യോബിന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. (ഇയ്യോബ് 16:11, 12) ഇയ്യോബ് നിർമ്മലത പാലിച്ചതും ഒരിക്കലും തിൻമയ്ക്ക് ദൈവം ഉത്തരവാദിയാണെന്ന് നേരിട്ട് ആരോപിക്കാതിരുന്നതും അവന് ബഹുമതി കൈവരുത്തി.
എന്നിരുന്നാലും, ഇയ്യോബിന്റെ ആശ്വാസകർ ‘ദൈവത്തെ ദുഷ്ടനെന്ന് പ്രഖ്യാപിച്ചു’ വിപത്തനുഭവിക്കുന്ന ഏതൊരുവനും ദുഷ്പ്രവൃത്തിക്കുവേണ്ടി ശിക്ഷിക്കപ്പെടുകയാണെന്ന് സൂചിപ്പിച്ചുകൊണ്ടുതന്നെ. (ഇയ്യോബ് 32:3) എന്നാൽ പെട്ടെന്നുതന്നെ ദൈവം അവരുടെ തെറ്റായ വീക്ഷണങ്ങളെ തിരുത്തി. (g87 10/8)