ലോകത്തെ വീക്ഷിക്കൽ
പുകവലിക്കുന്ന കുട്ടികൾ
ഹൈസ്കൂളിലെയും മിഡിൽ സ്കൂളിലെയും അനേകം വിദ്യാർത്ഥികൾ പുകവരാത്ത പുകയിലയ്ക്ക് ആസക്തരായിരുന്നുവെന്ന് ഗവേഷകർ പണ്ടേ അറിഞ്ഞിരുന്നു. എന്നാൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കും നേഴ്സറിസ്കൂൾ വിദ്യാർത്ഥികൾക്കും യാതൊരു വിവരവുമുണ്ടായിരുന്നില്ല. രോഗനിയന്ത്രണത്തിനുള്ള ഒരു അമേരിക്കൻ കേന്ദ്രം 5,000 കുട്ടികളിൽ നടത്തിയ ഒരു പഠനമനുസരിച്ച് മൂന്നു വയസ്സു പോലുമുള്ള കുട്ടികൾ പുകയിലയുൽപന്നങ്ങൾക്ക് ആസക്തരാണ്. സർവ്വേ ചെയ്ത പെൺകുട്ടികളിൽ 5 വയസ്സുള്ള 17 ശതമാനം പെൺകുട്ടികളും ഒരു വർഷത്തിലധികമായി മൂക്കുപൊടിപോലുള്ള ഉല്പന്നങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. വാഷിംഗ്ടൺ ഡി. സി. യിൽ പ്രസിദ്ധീകരിച്ച ആരോഗ്യ ലേഖനമനുസരിച്ച് “വിപുലമായ പരസ്യവും സൗജന്യമായ സാമ്പിളുകളുടെ വിതരണവും പുകവരാത്ത പുകയില ഉല്പന്നങ്ങളിൽ കുട്ടികളെ ആകർഷിച്ചിരിക്കയാണ്. അവരിൽ മിക്കവർക്കും അവയുടെ ലേബലുകളിൽ കാണുന്ന മുന്നറിയിപ്പുകൾ വായിക്കാൻ പോലും അറിയില്ല. കുട്ടികളെ ഇത്തരം ഉല്പന്നങ്ങൾ പരിചയപ്പെടുത്തിയത് കൂട്ടുകാരോ പ്രായം ചെന്ന ബന്ധുക്കളോ അല്ലെങ്കിൽ തങ്ങളുടെ മാതാപിതാക്കൾപോലുമോ ആയിരിക്കാം.”
തൊഴിലില്ലാത്ത ബിരുദധാരികൾ
“ഒരു സർവ്വകലാശാലാ ബിരുദം ഒരു ജോലിക്കുറപ്പല്ല.” ഇതായിരുന്നു കാനഡായിലെ ഒൻറാറിയോയിലുള്ള 15 സർവ്വകലാശാലകളിൽനിന്നുള്ള 1985 ബിരുദധാരികളുടെ ഒരു സർവ്വേ വെളിപ്പെടുത്തിയത്. ബിരുദധാരികളിൽ 7.3 ശതമാനം തൊഴിലില്ലായ്മയുണ്ടായിരുന്നു, വാസ്തവത്തിൽ ആ സംസ്ഥാനത്തെ ജോലിക്കാരുടെ എണ്ണത്തോളം തന്നെ. അവരുടെ ശമ്പളം 20-24 വയസ്സുകാരുടെ ശമ്പളത്തെക്കാൾ അല്പം ഉയർന്നതായിരുന്നു. എന്നാൽ 20-24 വയസ്സുകാരുടെ തൊഴിലില്ലായ്മ നിരക്ക് 10.6 ശതമാനമാണ്. കൂടാതെ, ഒരു ഡിഗ്രി വേലയ്ക്കനുസരിച്ചുള്ള വേതനത്തിനൊരുറപ്പില്ലെന്നും സർവ്വേ വെളിപ്പെടുത്തി.
മലനാടൻ ആൾക്കുരങ്ങുകൾ അപകടത്തിൽ
“നാം ഇപ്പോൾ മലനാടൻ ആൾക്കുരങ്ങുകളുടെ സഹായത്തിനെത്തുന്നില്ലെങ്കിൽ അവയെ കണ്ടെത്തിയ ഈ നൂറ്റാണ്ടിൽ തന്നെ അവയുടെ വംശനാശം സംഭവിക്കു”മെന്ന് ലോക വന്യമൃഗസംരക്ഷണ സംഘടന മുന്നറിയിപ്പു നൽകി. എന്തുകൊണ്ട്? കാരണം തടിമുറിക്കുന്നവരും ഖനിത്തൊഴിലാളികളും തെക്കുപടിഞ്ഞാറൻ ഉഗാണ്ടയുടെ തിങ്ങിയ വനപ്രദേശം നശിപ്പിക്കുകയാണെന്ന് ലോക വന്യമൃഗ സംരക്ഷണ സംഘടന റിപ്പോർട്ടു ചെയ്യുന്നു—ലോകത്തുള്ള മലനാടൻ ഗറില്ലകളിൽ ഏതാണ്ട് മൂന്നിലൊരു ഭാഗവും വസിക്കുന്നതിവിടെയാണ്. കൂടാതെ, “ആൾക്കുരങ്ങിന്റെ കൈകൊണ്ടുള്ള പേപ്പർ വെയ്റ്റ് പോലുള്ള മനോഹര വസ്തുക്കൾ”ക്കായും ജീവനുള്ള കുഞ്ഞുങ്ങളെ വ്യാജ കമ്പോളങ്ങളിൽ എത്തിക്കുന്നതിനായും വേട്ടക്കാർ ആൾക്കുരങ്ങുകളെ കൊന്നൊടുക്കുകയാണ്. കഴിഞ്ഞ 20 വർഷങ്ങളിൽ മലനാടൻ ആൾക്കുരങ്ങുകളിൽ ഏതാണ്ട് 400 എണ്ണമേ വനത്തിൽ ശേഷിക്കുന്നുള്ളു.
മദ്യത്തിന്റെ ഉപയോഗം നഷ്ടകാരണം
മദ്യോൽപ്പന്നങ്ങളുടെ മേലുള്ള നികുതി ഗവൺമെൻറിന് നല്ല ഒരു വരുമാനമുണ്ടാക്കുന്നുണ്ടെന്ന് ചില രാഷ്ട്രീയ നേതാക്കൻമാർ വാദിക്കുന്നുണ്ടെങ്കിലും ഇപ്പോൾ ലഭ്യമായിരിക്കുന്ന വിവരങ്ങൾ മറിച്ചാണ് കാണിക്കുന്നത്. കാനഡയിൽ ഒരു വർഷത്തിനുള്ളിൽ “ആരോഗ്യ സംരക്ഷണത്തിനായി 20,000 ലക്ഷം ഡോളർ കൂടുതലായി ചെലവുവരുത്തിയെന്നും . . . സാമൂഹ്യക്ഷേമത്തിനായി വേറെ 14,000 ലക്ഷം ഡോളറും നിയമ നടത്തിപ്പിനായി വേറെ 6,520 ലക്ഷം ഡോളറും ചെലവുവരുത്തിയെന്നും ടൊറാന്റോയിലുള്ള മദ്യഗവേഷണ സ്ഥാപനത്തിലെ ബാർബരാ കോർട്ട്സ് പറയുന്നു. കൂടാതെ, “അതിന്റെ ഉല്പാദനക്ഷമതയ്ക്കുവേണ്ടി ഏതാണ്ട് 12,000 ഗണിക്കാവുന്നതല്ല. ഈ ചെലവുകളെല്ലാം താങ്ങാനുള്ളത് മദ്യത്തിന്റെ നികുതിയിൽ നിന്ന് ലഭിക്കുമോ? അടുത്ത കാലത്ത് ഒൻറാറിയോയിൽ തന്നെ ഒരു വർഷം 16,000 ലക്ഷം ഡോളർ ചെലവും 6,780 ലക്ഷം ഡോളർ വരുമാനവും ലഭിച്ചു. അത് ഏതാണ്ട് ആയിരം ദശലക്ഷം ഡോളറിന്റെ നഷ്ടകാരണമായിരുന്നു.
പരിഹാരം കണ്ടെത്തി
ബേത്ളഹേമിൽ യേശുവിന്റെ ജനനസ്ഥലത്ത് നിൽക്കുന്നു എന്ന് പറയപ്പെടുന്ന പള്ളിയുടെ പൊതു വാർഷികശുദ്ധീകരണം അന്തിമമായി സമാധാനത്തോടെ പര്യവസാനിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ശുദ്ധീകരണത്തിനുള്ള അവകാശം ഉടമസ്ഥതയുടെ ഒരടയാളമാണോ എന്നതിനെച്ചൊല്ലി പുരോഹിതൻമാരുടെ മത്സരഗ്രൂപ്പുകൾ തമ്മിൽ മുഷ്ടിയുദ്ധങ്ങളും അക്രമാസക്തമായ വാദപ്രതിവാദങ്ങളും നടന്നിട്ടുണ്ട്. എങ്ങനെയാണ് അത് പരിഹരിക്കപ്പെട്ടത്? സഭകളുടെ ലോകകൗൺസിലിന്റെ വാർത്താ ഏജൻസി ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “യിസ്രായേലി അധികാരികളുടെ നിർണ്ണായക ചർച്ചകൾ രാത്രിയിൽ വളരെ വൈകിയാണവസാനിച്ചത്. തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ രണ്ട് പാർട്ടികളും—ഗ്രീക്കും (പൂർവ്വ ഓർത്തഡോക്സ്) അർമേനിയനും (പൗരസ്ത്യ ഓർത്തഡോക്സ്)—ജൻമസ്ഥാനത്തിന്റെ ഗുഹയിലേക്കുള്ള കവാടത്തിന്റെ മുകളിലുള്ള തർക്കപ്രദേശം ഇരുകക്ഷികളും ശുദ്ധി ചെയ്യാതെ വിടാൻ തീരുമാനിച്ചു.”
പേരിന്റെ തെരഞ്ഞെടുപ്പ്
1986-ന്റെ ആരംഭത്തിൽ ഫിൻലണ്ടിൽ കുടുംബപ്പേരുകളോടുള്ള ബന്ധത്തിൽ ഒരു പുതിയ നിയമം പ്രാബല്യത്തിൽ വന്നു. വിവാഹം കഴിഞ്ഞ് ഭാര്യയ്ക്ക് തന്റെ കുടുംബപ്പേര് നിലനിർത്തുന്നതിനോ, രണ്ടുപേർക്കും ഭാര്യയുടെ കുടുംബപ്പേര് നിലനിർത്തുന്നതിനോ കഴിയും. അതിന്റെ ഫലമെന്താണ്? ജനസംഖ്യ രേഖപ്പെടുത്തുന്ന കേന്ദ്രത്തിന്റെ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞവർഷം വിവാഹിതരായ 26,000 ദമ്പതികളിൽ 24,000 പേരും ഭർത്താവിന്റെ അവസാനത്തെ പേര് ഉപയോഗിക്കുന്ന പരമ്പരാഗത രീതി പിൻതുടരാൻ തീരുമാനിച്ചു. 1950 വിവാഹങ്ങളിൽ ഓരോ വ്യക്തികളും തങ്ങളുടെ സ്വന്തം കുടുംബപ്പേരുകൾ നിലനിർത്താൻ തീരുമാനിച്ചു. 116 ദമ്പതികളേ ഭാര്യയുടെ കുടുംബപേർ തങ്ങളുടെ പൊതുപേരായി തെരഞ്ഞെടുത്തുള്ളു.
ആസിഡ് മഴ പരക്കുന്നു
അപകടകരമായ ആസിഡ് മഴ ഐക്യനാടുകളുടെ ദക്ഷിണഭാഗത്തേക്ക് പരക്കുന്നതായി ഐക്യനാടുകളുടെ പാരിസ്ഥിതിക സംരക്ഷണ കേന്ദ്രത്തിന്റെ “പുതുവാർത്തകൾ” ഉദ്ധരിച്ചുകൊണ്ട് ടൊറൊന്റോ സ്റ്റാറിന്റെ ഒരു റിപ്പോർട്ട് അവകാശപ്പെടുന്നു. ഇത് ഇപ്പോൾ മിസ്സിസ്സിപ്പിയുടെയും കരോളിനാസിന്റെയും വിർജ്ജീനിയായുടെയും ജോർജിയായുടെയും ഫ്ളോറിഡായുടെയും ചില ഭാഗങ്ങളെ ബാധിക്കുന്നുണ്ട്. “ദക്ഷിണ കരോളിനായിലെ ഏറ്റവും മോശമായ മഴ തക്കാളി ജൂസിനെക്കാൾ കൂടുതൽ അമ്ലതയുള്ളതായിരുന്നു—സാധാരണയുള്ളതിനെക്കാൾ 275 മടങ്ങ് മോശമായിരുന്നു” എന്ന് റിപ്പോർട്ട് പറയുകയുണ്ടായി. ഈ വർഷത്തിന്റെ ആദ്യ ഭാഗത്ത് “ഫ്ളോറിഡായിലെ ആസിഡ് മഴ വളരെ മോശമായിരുന്നുവെന്നും അത് ജാക്സൺ വില്ലിലെ തുറമുഖത്ത് ഇറക്കിയിരുന്ന BMW കാറുകളുടെ പെയ്ൻറ് കാർന്നെടുത്തെന്നും” സ്റ്റാർ റിപ്പോർട്ട് ചെയ്തു.
“ആന്തരിക ആയാസം”
“ചിരിയും ആഹ്ലാദവും ശരീരഘടനയുടെ മിക്ക പ്രമുഖഭാഗങ്ങളെയും ബാധിക്കുന്ന”തായി ചിരിയെക്കുറിച്ചുള്ള ശരീരശാസ്ത്ര വിദഗ്ദ്ധനായിരിക്കുന്ന ഡോക്ടർ വില്യം ഫ്രയ് അവകാശപ്പെടുന്നു. വ്യായാമം ചെയ്യുമ്പോഴുണ്ടാകുന്നതുപോലെ ചിരിക്കുമ്പോഴും മസിലുകൾ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ന്യൂയോർക്ക് ഡെയ്ലി ന്യൂസിനോട് പറഞ്ഞു. ഉണ്ടാക്കിചിരിക്കുമ്പോൾപോലും, “ആന്തരിക ആയാസം” എന്ന് ഫ്രയ് പേരിട്ടിരിക്കുന്ന ചിരിക്ക് പ്രയോജനം നൽകാൻ കഴിയും. അത് 3-5 മിനിറ്റ് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നെന്നും അത് ഉരസ്സിനും കഴുത്തിനും മുഖത്തിനും ഒരത്തിനും വയറിനും പുറന്തൊലിക്കും ഗുണം ചെയ്യുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു ഹൃദയംഗമമായ ചിരി പേശികളുടെ സമ്മർദ്ദം കുറയ്ക്കുന്നുവെന്നും അധികമുള്ള കാർബൺ ഡൈയോക്സൈഡിനെ ശരീരത്തുനിന്ന് പുറന്തള്ളുന്നതിന് സഹായിക്കുന്നുവെന്നും ഫ്രയ് അവകാശപ്പെടുന്നു. അത് ഞരമ്പുകളെ പ്രവർത്തനക്ഷമമാക്കുകയും വേദനകുറയ്ക്കാനുള്ള ശരീരത്തിലെ സ്വാഭാവിക വസ്തുക്കളെ പ്രവർത്തിപ്പിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് വേദന ഇല്ലായ്മ ചെയ്യുകയും മാനസ്സിക പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. “വാസ്തവത്തിൽ നിങ്ങൾക്കിതിൽ നിന്ന് നല്ല പ്രയോജനം നേടാൻ കഴിയും” എന്ന് ഫ്രയ് പറയുന്നു.
കാപ്പിയാണോ കുറ്റക്കാരൻ?
കാപ്പികുടി ഹൃദ്രോഗം ഉണ്ടാക്കാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു എന്ന അവകാശവാദത്തെ ഹൃദ്രോഗ ഗവേഷണ സംഘത്തിലെ ഡോക്ടർ കാട് സുഹിക്കോയാനോ വെല്ലുവിളിച്ചിരിക്കയാണ്. 15 വർഷത്തെ ഈ ഗവേഷണ പരിപാടിയിൽ 7,194 ജപ്പാൻ പുരുഷൻമാരെ ഉൾപ്പെടുത്തുകയുണ്ടായി. അതിൽ 6,055 പേരും കാപ്പികുടിക്കാരായിരുന്നു. യാനോ പറയുന്നതനുസരിച്ച് അമിതമായി കാപ്പികുടിക്കുന്നത് ഹൃദ്രോഗ സാദ്ധ്യതയെ വർദ്ധിപ്പിച്ചിരിക്കാം. എന്നാൽ പുകവലിപോലുള്ള മറ്റ് അപകടസാദ്ധ്യതകൾ പരിഗണിക്കുമ്പോൾ ഹൃദ്രോഗവും കാപ്പികുടിയും തമ്മിലുള്ള ബന്ധം അപ്രത്യക്ഷപ്പെടുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. കാപ്പി കുടിക്കാരുടെയിടയിലെ ഹൃദ്രോഗം അവരുടെ കാപ്പി കുടി നിമിത്തമല്ല മറിച്ച് പുകവലി നിമിത്തമാണ്.
പുരാതന ചേരുവകൾ പ്രചാരത്തിലാക്കുന്നു
ആയിരക്കണക്കിന് വർഷം നിലനിന്ന ഈജിപ്റ്റുകാരുടെ സിമൻറിന്റെ നിർമ്മാണവസ്തുക്കൾ താൻ കണ്ടുപിടിച്ചിരിക്കുന്നുവെന്ന് ഫ്രഞ്ച് രസതന്ത്രജ്ഞനായിരിക്കുന്ന ജോസഫ് ഡേവിഡോവിറ്റ്സ് അവകാശപ്പെടുന്നതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. ഈ പുരാതന സിമിൻറിന്റെ കൃത്യ അനുപാതത്തിലുള്ള ചേരുവകൾ ഈജിപ്റ്റിലെ പിരമിഡുകളെ ദീർഘമായി നിലനിർത്തിയിരിക്കുന്നുവെന്ന് പുരാവസ്തു ഗവേഷകനായിരിക്കുന്ന മാർഗി മോറിസ് കുറിക്കൊള്ളുന്നു. താരതമ്യത്തിൽ ആധുനിക വെള്ള സിമൻറ് 200-ലധികം വർഷം നിലനിൽക്കാതിരുന്നേക്കാം. സോഡിയം കാർബണേറ്റും ചുണ്ണാമ്പും ചേർത്ത ഒരു ലായനി ഉപയോഗിച്ചുകൊണ്ട് ഈജിപ്റ്റുകാർ കോസ്റ്റിക്ക് സോഡാ ഉൽപ്പാദിപ്പിച്ചതായി മാർഗി മോറിസ് വിശദീകരിക്കുന്നു. അവർ അതിനെ സീനായ് മരുഭൂമിയിലെ വെള്ളക്കല്ലിനോടും അലുമിനിയം അടങ്ങിയിരിക്കുന്ന നൈൽ നദിയിലെ എക്കലിനോടും ചേർത്തു. അതിനോടുകൂടെ ആഴ്സനിക ധാതുക്കൾപോലുള്ള മറ്റ് ധാതുക്കൾ കൂട്ടിച്ചേർത്ത് പ്രകൃതി കല്ലുണ്ടാക്കുന്നതുപോലുള്ള അതേ വിധത്തിൽ പെട്ടെന്ന് ഉറയ്ക്കുന്നതും ഈടുനിൽക്കുന്നതുമായ സിമൻറ് രുപപ്പെടുത്തി. ഇതിന്റെ പുതിയ ആവിഷ്ക്കരണം പെട്ടെന്ന് കട്ടിയാകുമെന്നും ദീർഘമായി നിലനിൽക്കുമെന്നും വിശ്വസിക്കുന്നതായി ഈ പുരാതന സിമിൻറിന്റെ പുതിയ പതിപ്പ് വികസിപ്പിച്ചെടുത്ത കമ്പനി പറയുന്നു. (g87 11/8)