കൊടുക്കലിന്റെ സന്തോഷം നന്ദിപൂർവം വാങ്ങുന്നതിനാൽ വർദ്ധിക്കുന്നു
ആദ്യ ലേഖനത്തിൽ പറഞ്ഞ നവദമ്പതികളെക്കുറിച്ച് പിന്തിരിഞ്ഞു ചിന്തിക്കുക. അവർ ഓരോ സമ്മാനവും സ്വകാര്യമായി എടുത്തുനോക്കുന്നതും ഓരോന്നും തങ്ങൾക്ക് എത്ര ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്നതും നിങ്ങൾക്ക് കാണാൻ കഴിയുമോ? മണവാട്ടി ശ്രദ്ധാപൂർവം പെട്ടെന്ന് എടുക്കാൻ ഷീറ്റുകളും തലയിണക്കവറുകളും ഒരു പ്രത്യേക ഷെൽഫിലും പാത്രങ്ങൾ അലമാരിയിലും വെള്ളിപ്പാത്രങ്ങൾ ഡ്രോയറുകളിലും റ്റോസ്റ്റർ പെട്ടെന്നുള്ള അനുദിന ഉപയോഗത്തിന് അടുക്കളക്കൗണ്ടറിലും വെക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയുമോ?
രണ്ടുപേരുംകൂടെ ഓരോ പടവും കൃത്യസ്ഥാനത്തും ക്ലോക്കുകൾ ഏറ്റം സൗകര്യപ്രദമായ സ്ഥാനങ്ങളിലും വെക്കുന്നു. അവർ തങ്ങളുടെ പഴയ ഊണുമേശയെ പുതിയ മേശവിരികളിലൊന്നുകൊണ്ട് അലങ്കരിക്കുന്നു. തങ്ങളുടെ സമ്മാനിത നാപ്കിൻവളയങ്ങളിലെ മാച്ച് ചെയ്യുന്ന നാപ്കിനുകൾ ഒരു ശ്രേഷ്ഠത കൂട്ടുന്നു.
അവർക്ക് ഈ സമ്മാനം പ്രത്യേകം ഇഷ്ടപ്പെട്ടു—ഒരു ഇലക്ട്രിക്ക് ക്യാൻ ഓപ്പണർ. ഈ സൗകര്യം മിക്കപ്പോഴും ഉപയോഗിക്കാമെന്ന് മണവാട്ടി പ്രതീക്ഷിക്കുന്നു. തനിക്കുവേണ്ടിത്തന്നെ ഒന്നു വാങ്ങി ഉപയോഗിക്കാൻ നിർവാഹമില്ലെന്ന് അവർക്കറിയാവുന്ന ഒരു പ്രിയസുഹൃത്ത് അവർക്കു കൊടുത്തതാണത്. വാതംപിടിച്ച കൈകൾ കൊണ്ട് വൃദ്ധയായ ഒരു അമ്മായി നിർമ്മിച്ച ഈ വിരി. ഈ അലങ്കാരതയ്യലെല്ലാം നിർവ്വഹിക്കുന്നതിന് അവർ മാസങ്ങളെടുത്തിരിക്കണം. സ്നേഹത്തിന്റെ എന്തോരു പ്രവൃത്തി!
അവർ ഓരോ സമ്മാനവും വിലമതിക്കുന്നു. ഏതെങ്കിലുമൊന്ന് തിരികെ കൊണ്ടുപോയി വെച്ചുമാറുകയോ തിരിച്ചു പണം വാങ്ങുകയോ ചെയ്യണമോ? ഒരിക്കലുമില്ല! ഇനി എല്ലാറ്റിലും വെച്ച് ഏറ്റം സ്നേഹപൂർവകമായ ഭാഗം വരുന്നു—അവരുടെ നന്ദിപ്രകടനങ്ങൾ. അതു ചെയ്യാൻ അവർ സമയമെടുക്കുമോ?
വിലപിടിപ്പുള്ളതോ അല്ലെങ്കിൽ ഒരു പൂച്ചെണ്ടോ ഒരു കുട്ട പഴമോ ഒരുപക്ഷേ ഒരു ലളിതവീട്ടുചെടിയോ പോലെ വിലകുറഞ്ഞതോ ആയ ഒരു സമ്മാനം കിട്ടിയിട്ടുള്ള ആളാണോ നിങ്ങൾ? നിങ്ങൾ രോഗിയായിരുന്നപ്പോൾ പ്രിയപ്പെട്ട ഏതെങ്കിലും സുഹൃത്ത് നിങ്ങളുടെ വീട് വൃത്തിയാക്കുകയോ, നിങ്ങൾക്ക് സാധിക്കാഞ്ഞപ്പോൾ നിങ്ങളുടെ കുടുംബത്തിനുവേണ്ടി ഭക്ഷണം തയ്യാറാക്കുകയോ ചെയ്തിട്ടുണ്ടോ? നിങ്ങൾ അവർക്ക് നന്ദികൊടുത്തോ?
എന്തോരു ലളിതമായ വാക്കാണ് “നന്ദി.” ഒരു നിസ്സാര നിശ്വാസത്തോടെ ഒരുവന് അതു പറയാൻ കഴിയും. എന്നിരുന്നാലും എത്ര കൂടെക്കൂടെ അതിന്റെ പ്രകടനം അവഗണിക്കപ്പെടുന്നു. ഒരിക്കൽ ഒരു റ്റാക്സിഡ്രൈവർ തന്റെ കാറിൽ ഇട്ടിട്ടുപോയ ഒരു പേഴ്സ് ഉടമസ്ഥന് തിരികെ കൊടുത്തു. എന്തോരു സമ്മാനം! ഉടമസ്ഥൻ ഒരു വാക്കും പറയാതെ പേഴ്സ് വാങ്ങി. ഈ നന്ദിയില്ലായ്മയിൽ ഡ്രൈവർക്ക് എത്ര മനോവേദന ഉണ്ടായെന്നു സങ്കൽപ്പിക്കുക. “അയാൾ ‘നന്ദി’ എന്നു മാത്രമെങ്കിലും പറഞ്ഞിരുന്നെങ്കിൽ,” അയാൾ പരിതപിച്ചു.
ആളുകളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിൽ ഒരു ക്ലബ്ബ് രൂപവൽക്കരിച്ച ഒരു കൂട്ടം ഹൈസ്കൂൾ യുവാക്കളെക്കുറിച്ച് ഈ മാസികയുടെ ഒരു ലക്കം റിപ്പോർട്ടുചെയ്യുകയുണ്ടായി. “അവർ കാറ്റുപോയ റ്റയാറുകൾക്ക് കാറ്റടിച്ചുകൊണ്ട് മോട്ടോർയാത്രക്കാരെ സഹായിക്കുകയും അപ്രതീക്ഷിതമായി ഡീസൽ തീർന്നുപോയാൽ അത് കൊടുക്കുകയും മറ്റു വിധങ്ങളിൽ അവരെ സഹായിക്കുകയും ചെയ്തു”വെന്ന് ലേഖനം പറഞ്ഞു. ‘അവർ സേവനങ്ങൾക്ക് പണം സ്വീകരിച്ചില്ല. തങ്ങളുടെ ക്ലബ്ബ് ഫയലിലേക്ക് “നന്ദിക്കത്ത്” എഴുതാൻ മാത്രമേ അവർ മോട്ടോർഉടമകളോട് ആവശ്യപ്പെട്ടുള്ളു.’ ഫലമെന്തായിരുന്നു? ഒരു ക്ലബ് വക്താവ് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ സംഘടിപ്പിക്കപ്പെട്ടശേഷമുള്ള രണ്ടു വർഷക്കാലത്ത് ഞങ്ങൾ 150-ൽപരം മോട്ടോറിസ്റ്റുകളെ സഹായിച്ചതായി ഞങ്ങളുടെ ക്ലബ് രേഖകൾ പ്രകടമാക്കുന്നുവെങ്കിലും ഇന്നുവരെ രണ്ട് കത്തുകൾമാത്രമാണ് ഞങ്ങൾക്ക് കിട്ടിയിട്ടുള്ളത്.”
നിങ്ങളുടെ ജീവൻ രക്ഷിച്ച ആർക്കെങ്കിലും നിങ്ങൾ എത്ര ഉദാരമായി നന്ദിപറയും? അയാൾ എന്തോരു സമ്മാനമാണ് നിങ്ങൾക്ക് തന്നതെന്ന് സങ്കൽപ്പിക്കുക! എന്നിരുന്നാലും, മുങ്ങിക്കൊണ്ടിരുന്ന ഒരു കപ്പലിലെ 17 യാത്രക്കാരെ മരണവക്ത്രത്തിൽനിന്നു രക്ഷിക്കാൻ ഒരു മനുഷ്യൻ തന്റെ ജീവനെ അപകടത്തിലാക്കി. പിന്നീട് അയാളെ ക്ഷീണിതനായി വീട്ടിലേക്കു എടുത്തുകൊണ്ടുപോകേണ്ടിവന്നു. അത്ര ധീരമായ ഒരു രക്ഷാപ്രവർത്തനത്തെക്കുറിച്ച് തന്റെ ഓർമ്മയിൽ മുന്തിനിൽക്കുന്നതെന്താണെന്ന് വർഷങ്ങൾക്കുശേഷം അയാളോടു ചോദിച്ചപ്പോൾ: ‘ഇതു മാത്രം, സാർ. ഞാൻ രക്ഷിച്ച പതിനേഴു പേരിൽ ഒരാൾ പോലും ഒരിക്കലും എനിക്ക് നന്ദിപറഞ്ഞില്ല’ എന്ന് അയാൾ മറുപടി പറഞ്ഞു.
ഒരു ദയാപ്രവൃത്തിക്കുവേണ്ടിയോ ഒരു ഭൗതികദാനത്തിനുവേണ്ടിയോ ജീവന്റെ ഒരു ദാനത്തിനുവേണ്ടിയോ “നിങ്ങൾക്കു നന്ദി” എന്നു പറയുന്നത് ദൗർബല്യത്തിന്റെ ഒരു അടയാളമാണോ? തങ്ങളുടെ സ്വന്തം ജീവനുവേണ്ടി ഇവർ വലിയ ജീവദാതാവായ യഹോവയാം ദൈവത്തിന് എന്നെങ്കിലും നന്ദികൊടുക്കുമോ? തങ്ങൾക്ക് കാണാൻ കഴിയുന്ന ഒരാൾക്ക് നന്ദിപറയാൻ അവർക്ക് കഴികയില്ലെങ്കിൽ തങ്ങൾക്ക് കാണാൻ കഴിയാത്ത ഒരുവന് അവർ നന്ദികൊടുക്കാനിടയുണ്ടോ?—1 യോഹന്നാൻ 4:20.
ഇന്നത്തെ യുവാക്കളിൽ വളരെയധികം പേർ കിട്ടിയ ഒരു ദാനത്തിനോ ചെയ്യപ്പെട്ട ഒരു ദയക്കോ ഹൃദയംഗമമായ നന്ദി പ്രകടമാക്കുന്നത് പ്രയാസമാണെന്ന് കണ്ടെത്തുന്നതിൽ എന്തെങ്കിലും ആശ്ചര്യമുണ്ടോ? “ദയവായി” എന്നോ “നിങ്ങൾക്കു നന്ദി” എന്നോ മാതാപിതാക്കൾ പറയുന്നില്ലെങ്കിൽ അവരുടെ മക്കൾ അങ്ങനെ ചെയ്യാനിടയില്ല.
നന്ദിയില്ലായ്മ നാം “അന്ത്യനാളുകളിൽ” ജീവിക്കുന്നുവെന്നതിന്റെ തിരിച്ചറിയൽ അടയാളങ്ങളിലൊന്നാണ്. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ മുന്നറിയിപ്പു നൽകി: “അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമായ വിഷമകാലങ്ങൾ വരും. എന്തെന്നാൽ മനുഷ്യർ സ്വസ്നേഹികളും, . . . നന്ദികെട്ടവരുമായിരിക്കും.”—2 തിമൊഥെയോസ് 3:1, 2.
എങ്ങനെ വിലമതിപ്പു പ്രകടമാക്കാം
നന്ദിക്കാർഡുകൾ രൂപകൽപ്പനചെയ്ത് വിൽക്കുന്നത് വലിയ ബിസിനസ്സാണ്. കാർഡുകളിലനേകവും ഭാവവികാരങ്ങളെ മനോഹരമായി പ്രകടമാക്കുന്നു. സമ്മാനങ്ങൾ തരികയോ ദയാപ്രവൃത്തികൾ ചെയ്യുകയോ ചെയ്തവർക്ക് ഇവ വാങ്ങി അയച്ചുകൊടുക്കുന്നത് സൗകര്യപ്രദമാണ്. എന്നാൽ അതിനുപുറമേ, നമ്മുടെ വിലമതിപ്പിന്റെ സ്വന്തം വാക്കുകൾ സ്വന്തം കൈയക്ഷരത്തിൽ എഴുതി വ്യക്തിപരമായ ഒരു സ്പർശനം നടത്തുന്നത് സ്നേഹപൂർവകവും ദയാപൂർവകവുമായ ഒരു സംഗതി ആയിരിക്കുകയില്ലേ—ഒരുപക്ഷേ കിട്ടിയ സമ്മാനമെന്തെന്നും അത് നാം എത്ര വിലമതിക്കുന്നുവെന്നും അതിന്റെ ഉപയോഗത്തിൽനിന്ന് നമുക്ക് എന്തു സന്തോഷം കിട്ടിയെന്നും അല്ലെങ്കിൽ കിട്ടാൻ പ്രതീക്ഷിക്കുന്നുവെന്നും അറിയിച്ചുകൊണ്ടുതന്നെ.
ഇതിനോടുകൂടെ സാദ്ധ്യമാകുന്നടത്ത് സന്തോഷപ്രദമായ ഒരു വാചിക നന്ദിപ്രകടനമോ ഒരു ഹസ്തദാനമോ ഒരു ഊഷ്മളമായ ആശ്ലേഷമോ മറ്റു സ്നേഹപ്രകടനമോ ദാതാവ് വിലമതിക്കുകയില്ലേ? നാം അതു ചെയ്യാൻ സമയമനുവദിക്കുന്നില്ല എന്ന് നാം പരാതി പറയുന്നുവെങ്കിൽ ദാതാവ് നിങ്ങൾക്കുവേണ്ടി ചെലവഴിച്ച സമയത്തെയും ശ്രമത്തെയും പണത്തെയുംകുറിച്ച് ചിന്തിക്കുക. കൊടുക്കുന്നതിലുള്ള ദാതാവിന്റെ സന്തോഷം നമ്മൾ പ്രകടമാക്കുന്ന വിലമതിപ്പിനാൽ വർദ്ധിക്കുന്നു.
എല്ലാവരിലുംവെച്ച് ഏറ്റവും വലിയ ദാതാവായ യേശുവിന്റെ വാക്കുകൾ നാം ഓർക്കുന്നത് നല്ലതാണ്: “സ്വീകരിക്കുന്നതിലുള്ളതിനെക്കാൾ കൂടുതൽ സന്തോഷം കൊടുക്കുന്നതിലുണ്ട്.” (പ്രവൃത്തികൾ 20:35) പെട്ടെന്നുതന്നെ, വരാനിരിക്കുന്ന നീതിയുള്ള ഭൗമികപറുദീസയിൽ സകല മനുഷ്യനിവാസികളും ജീവന്റെ ദാനത്തിനുവേണ്ടി യഹോവയാം ദൈവത്തിന് അനുദിനം നന്ദികൊടുക്കുമെന്നു മാത്രമല്ല, അയൽസ്നേഹപരമായ ദയാപ്രവൃത്തികൾക്കായി അവർ അന്യോന്യം സ്നേഹപൂർവ്വമായ വിലമതിപ്പു പ്രകടമാക്കുകയും ചെയ്യും. ഇപ്പോൾ നമുക്കു വിലമതിപ്പു പ്രകടമാക്കുകയും യഹോവയുടെയും നമ്മുടെ അയൽക്കാരന്റെയും അംഗീകാരം നേടുകയും ചെയ്യാം. (g87 11/22)