ലോകത്തെ വീക്ഷിക്കൽ
ഫലപ്രദമായ അവധികൾ
മാതാപിതാക്കൾ കുട്ടികളുടെ സ്കൂളിലെ അവധിക്കാലം ഫലപ്രദമായ സമയമാക്കിത്തീർക്കണമെന്ന് മെക്സിക്കോയിലെ മനഃശാസ്ത്രജ്ഞനും സർവ്വകലാശാലാപ്രൊഫസറുമായ റേഫെൽ മാർട്ടിനെസ് പറയുന്നു. മുന്നമേ ശ്രദ്ധാപൂർവം കാര്യങ്ങൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ സ്കൂളിലും ഭവനത്തിലും ലഭിക്കുന്ന നിർദ്ദേശങ്ങൾ സമന്വയിപ്പിക്കാൻ കഴിയും. മെക്സിക്കോ പട്ടണത്തിലെ ദിനപ്പത്രമായ യൂണിവേഴ്സൽ പറയുന്നതനുസരിച്ച് “സ്കൂൾ വിദ്യാഭ്യാസകേന്ദ്രമാണ്. എന്നാൽ അത് ഒരിക്കലും മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കു കൊടുക്കേണ്ട വിദ്യാഭ്യാസത്തിനു പകരമാകരുത്” എന്ന് മാർട്ടിനെസ് ചൂണ്ടിക്കാണിക്കുകയുണ്ടായി. മറ്റു കാര്യങ്ങളോടൊപ്പം വീട്ടുകാര്യങ്ങളിലെ പരിശീലനം, ചില ലൗകിക ജോലികൾ, സഹായമാവശ്യമുള്ളവരെയും അംഗവൈകല്യമുള്ളവരെയും സഹായിക്കൽ എന്നിവയുൾപ്പെടെയുള്ള ഒരു വഴക്കമുള്ള പട്ടിക അദ്ദേഹം നിർദ്ദേശിക്കുന്നു. “അവധിക്കാലം പൂർണ്ണമായ വിശ്രമത്തിന്റെ ഒരു സമയമായിരിക്കുന്നതിനു പകരം മറ്റു പ്രവർത്തനങ്ങളുടെ ഒരു സമയമായിരിക്കണ”മെന്ന് മാർട്ടിനെസ് ഉപദേശിക്കുന്നു.
ജോലിക്കാരെക്കുറിച്ചുള്ള ചിന്ത
ജാപ്പനീസ് കമ്പനികൾ വിവിധമണ്ഡലങ്ങളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. എന്നാൽ ആവശ്യമുള്ളപ്പോൾ അവർ തങ്ങളുടെ ജോലിക്കാരുടെ എണ്ണം കുറയ്ക്കാൻ മടിയുള്ളവരാണ്. ഒരു കമ്പനി തങ്ങളുടെ ജോലിക്കാരുടെ ജോലി നഷ്ടപ്പെടാതിരിക്കാൻവേണ്ടി വാരത്തിലെ ജോലിദിവസങ്ങളുടെ എണ്ണം മൂന്നാക്കി കുറയ്ക്കുകപോലും ചെയ്തു. സാധാരണയായി ജാപ്പനീസ് ജോലിക്കാർ തങ്ങളുടെ ജീവിതകാലം മുഴുവൻ തങ്ങളുടെ കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്ന ഒരു രീതിയാണുള്ളത്. ചില കമ്പനികൾ അവരുടെ കുട്ടികൾക്കു വിദ്യാഭ്യാസം കൊടുക്കുകയും അതേ കമ്പനിയിൽതന്നെ അവർക്കു ജോലി കൊടുക്കുകയും ചെയ്യുന്നു. എന്നാൽ സാമ്പത്തികസ്ഥിതിയിലെ പരിവർത്തനം നിമിത്തവും ലോകവിപണിയിലെ മത്സരം നിമിത്തവും ചില പ്രത്യേകമണ്ഡലത്തിലെ ജോലിക്കാരുടെ അമിതശമ്പളം നിമിത്തവും ചില കമ്പനികൾക്കു തങ്ങളുടെ ജോലിക്കാരുടെ എണ്ണം കുറയ്ക്കാതെ ഗത്യന്തരമില്ല. അന്യോന്യമുള്ള താത്പര്യം നിമിത്തം തങ്ങളുടെ ജോലിക്കാർക്കുവേണ്ടി പുതിയ ജോലികൾ കണ്ടുപിടിക്കാനുള്ള വലിയ ശ്രമവും ചെയ്യപ്പെടുന്നുണ്ട്.
പന്നിക്കൂട് കളിക്കൂട്
പന്നിക്കൂട് കളിക്കൂടായപ്പോൾ “പന്നിക്കുഞ്ഞുങ്ങളുടെ തൂക്കം മറ്റ് പന്നിക്കൂടുകളിലെ പന്നിക്കുഞ്ഞുങ്ങളുടെ തൂക്കത്തെക്കാൾ 4 ശതമാനം പ്രതിദിനം വർദ്ധിക്കുകയുണ്ടായി.” കാനഡായിലെ ലാക്കോംബ് കൃഷിഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ അൽ സ്കേഫറുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ കാൽഗറി ഹെറാൾഡിൽ പ്രസിദ്ധീകരിച്ച ഈ റിപ്പോർട്ട് പന്നിയെ വളർത്തുന്നവർക്ക് ഒരു സുവാർത്തയായിരുന്നു. പന്നികൾക്ക് കളിക്കുന്നതിനുള്ള കളിപ്പാട്ടങ്ങളുണ്ടെങ്കിൽ അവ നന്നായി വളരുമെന്ന് സ്കേഫറുടെ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം അവയുടെ കൂടിനു കുറുകെ കെട്ടിയ ഒരു ചങ്ങലയിൽ വണ്ടിയുടെ ഒരു സാധാരണ ടയർ തൂക്കിയിട്ടുകൊണ്ട് ഇത് പരീക്ഷിച്ചുനോക്കി. “ചങ്ങലയിൽകൂടി ടയർ മുമ്പോട്ടും പിറകോട്ടും തള്ളിക്കൊണ്ടും റബ്ബറിനിട്ടു കടിച്ചുകൊണ്ടും” പന്നികൾ സമയം ചെലവഴിച്ചു. ഇങ്ങനെ കൂട്ടിലെ വഴക്കാളികളായ പന്നികളുടെ ആക്രമണങ്ങൾ ഭീരുക്കളായ പന്നികളോടായിരിക്കുന്നതിനു പകരം “കളിപ്പാട്ട”ത്തിനോടായി. പരിണതഫലമായി, രണ്ടു വർഷത്തെ പഠനത്തിനുശേഷം ചന്തയിൽ കൊണ്ടുപോയ ഈ കൂട്ടിലെ പന്നികൾക്ക് ചുരുക്കം ചില പരുക്കുകളും മാംസനഷ്ടവുമേ ഉണ്ടായിരുന്നുള്ളു.
നക്തത്രധൂളിവജ്രങ്ങൾ
ഉൽക്കാപിണ്ഡശകലങ്ങളെക്കുറിച്ചു പഠനം നടത്തുന്ന ഷിക്കാഗോയിലെ എൻറിക്കോ ഫേർമി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും യു. എസ് നാഷനൽ ബ്യൂറോയിൽനിന്നുമുള്ള ഗവേഷകർ രസകരമായ ഒരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നു. ചില ഉൽക്കാപിണ്ഡങ്ങളിൽ ചെറിയ വജ്രങ്ങൾ അടങ്ങിയിട്ടുണ്ട്. ഉൽക്കാപിണ്ഡശകലങ്ങളെ എക്സ്റേകളുടെയും ഇലക്ട്രോണിന്റെയും വിഭംഗനത്തിനു വിധേയമാക്കിയപ്പോൾ ഗവേഷകർ വജ്രത്തിന്റെ വ്യക്തമായ വിഭംഗന മാതൃക കാണുകയുണ്ടായെന്ന് ന്യൂ സയൻറിസ്റ്റ് റിപ്പോർട്ടുചെയ്യുന്നു. ശാസ്ത്രജ്ഞൻമാർ വജ്രങ്ങൾ ഒരു നക്ഷത്രം പ്രസരിപ്പിച്ച കാർബൺ സാന്ദ്രീകരിച്ചുണ്ടായതാണെന്നു വിശ്വസിക്കുകയും “സാദ്ധ്യതയനുസരിച്ച് ഇക്കാലം വരെയും കണ്ടുപിടിച്ചിട്ടുള്ള ഏറ്റം നല്ല പരീക്ഷണശാലാസംശ്ലേഷണത്തെക്കാൾ കാര്യക്ഷമമായി പ്രകൃതി വജ്രമുണ്ടാക്കുന്നു”വെന്ന് നിഗമനം ചെയ്യുകയും ചെയ്യുന്നു.
ഒരു ദീർഘമായ ഉറക്കം
അടുത്ത കാലത്ത് ഖനിത്തൊഴിലാളികൾ ഉത്തരധ്രുവവൃത്തത്തിനു തൊട്ടുമുകളിൽ നിർജ്ജനമായ യാക്കുട്ടിയാ സൈബീരിയൻ പ്രദേശത്ത് സ്വർണ്ണത്തിനായി കുഴിച്ചപ്പോൾ ഒരു അസാധാരണസംഗതി കണ്ടതായി അവകാശപ്പെട്ടു. ധ്രുവതുന്ദ്രാപ്രദേശത്ത് മുപ്പതടി താഴ്ചയിൽ അവർ ഗൗളിയെപ്പോലിരിക്കുന്ന ഒരു വാലുള്ള ഉഭയവാസ ജന്തു സ്ഥിരതുഷാരത്തിൽ കുടുങ്ങി കിടക്കുന്നതായി കണ്ടുപിടിച്ചു. ഖനിത്തൊഴിലാളികളെ അതിശയിപ്പിക്കുമാറ്, കുറെ സമയം ചൂടടിച്ചുകഴിഞ്ഞപ്പോൾ, “അത് ഉരുണ്ടതും വീങ്ങിയതുമായ കണ്ണുകളുള്ള അതിന്റെ തല അങ്ങോട്ടുമിങ്ങോട്ടും തിരിച്ചുകൊണ്ട് അഞ്ചുവിരലുകളുള്ള അതിന്റെ കാലുകളാൽ മെല്ലെ ഇഴഞ്ഞുനീങ്ങി”യെന്ന് ന്യൂസ് ഏജൻസി റ്റാസ് റിപ്പോർട്ടുചെയ്യുന്നു. ചുരുക്കം ചില ദിവസങ്ങൾക്കുശേഷം അതു ചത്തുപോയി. സുപ്തജീവിതം എന്നറിയപ്പെടുന്ന, ജീവചൈതന്യം കുറഞ്ഞ ഒരു അവസ്ഥയിൽ ഇത്തരം ജീവികൾക്ക് നൂറുകണക്കിനുമാത്രമല്ല, ആയിരക്കണക്കിനു വർഷം പോലും ജീവിച്ചിരിക്കുക സാദ്ധ്യമാണെന്ന് സോവ്യറ്റ്ശാസ്ത്രജ്ഞൻമാർ പറയുന്നു.
സംഗീത ചോരൻമാരെ ആക്രമിക്കുന്നു
റിക്കാർഡിംഗ് വ്യവസായം നിയമവിരുദ്ധമായി റിക്കാർഡുകൾ റ്റേപ് ചെയ്യുകയും വിറ്റഴിക്കുകയും ചെയ്യുന്ന സംഗീതചോരൻമാർക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ഒരു കമ്പനി റിക്കാർഡിംഗിലെ വളരെ സൂക്ഷ്മമായ ഒരു അഭീക്ഷ്ണത “വെട്ടിക്കളയുന്ന” ഒരു പ്രത്യേകമാർഗ്ഗം വികസിപ്പിച്ചെടുത്തിരിക്കുകയാണ്. അതുകൊണ്ട് വെട്ടിനോടു പ്രതികരിക്കുന്നതിന് സംവിധാനം ചെയ്തിരിക്കുന്ന സർക്യൂട്ടുകൾ ഒരു ടേപ് റിക്കാർഡറെ താനേ നിർത്തിക്കളയും. എന്നിരുന്നാലും ഈ പ്രക്രിയയുടെ സ്വരപരീക്ഷണം നടത്തിയിട്ടുള്ള വിദഗ്ദ്ധൻമാർ ഈ “വെട്ടുകൾ” സംഗീതത്തെ വളരെ മോശമായി ബാധിക്കുന്നുവെന്ന് തറപ്പിച്ചു പറയുന്നു. അങ്ങനെ സംഗീതവ്യവസായത്തെ ഇരയാക്കുന്നവരെ തടയാനുള്ള ഈ “വെട്ടുകൾ” മനുഷ്യരുടെ സ്വന്തം ശബ്ദമെന്നു തോന്നുന്ന റിക്കാർഡുകൾ ഉൽപ്പാദിപ്പിക്കാനുള്ള പല വർഷത്തെ സാങ്കേതികവിദ്യയെ ശൂന്യമാക്കിക്കളയുമെന്ന് സംഗീതജ്ഞരും സാങ്കേതികവിദഗ്ദ്ധരും റിക്കാർഡ് വാങ്ങുന്നവരും ശങ്കിക്കുന്നു. അങ്ങനെ അത് അവരെ പുതിയ ഇരകളാക്കുകയായിരിക്കും ചെയ്യുന്നത്.
“മത്സരത്തിന്റെ വിത്തുകൾ”
നിയമവിരുദ്ധമായ ഒരു സമരം അവസാനിപ്പിക്കുന്നതിനുള്ള കോടതിയുടെ ആജ്ഞയെ നിഷേധിച്ചതുനിമിത്തം 1987 ജൂലൈ മാസത്തിൽ ന്യൂ ജേഴ്സിയിലെ 110 അദ്ധ്യാപകരെ കോടതിയിൽ വിചാരണ ചെയ്തു. വിസ്താരം കേട്ട ജഡ്ജി പോൾ ആർ. ഹോട്ട് “വീണ്ടും ജോലിക്കു കയറാനുള്ള തന്റെ ആജ്ഞയെ അദ്ധ്യാപകർ നിഷേധിച്ചത് വിദ്യാർത്ഥികളെ വഷളാക്കിയെന്നും വിദ്യാർത്ഥികളിൽ നിയമത്തോടുള്ള അനാദരവും കോടതിയോടുള്ള അവജ്ഞയും വളർത്തിയെന്നും” പറഞ്ഞതായി ന്യൂയോർക്ക്റ്റൈംസ് റിപ്പോർട്ടുചെയ്തു. ജനങ്ങൾ നിയമത്തോടുള്ള ആദരവിൽനിന്നും സാമൂഹ്യശിഷ്ടാചാരത്തിൽനിന്നും ശിക്ഷണത്തിൽനിന്നും വഴുതിപ്പോകുന്നതിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട് ജഡ്ജി ഇങ്ങനെ പറഞ്ഞു: “മേലാൽ കാര്യങ്ങൾ ശരിയോ തെറ്റോ അല്ല. സകലവും നിഷ്പ്രഭമാണ്. നാം സദാചാരങ്ങൾ വെടിഞ്ഞിരിക്കുന്നു. നമ്മുടെ മര്യാദകൾ അപ്രത്യക്ഷപ്പെട്ടിരിക്കുന്നു. നാം മാന്യത നഷ്ടപ്പെടുത്തിയിരിക്കുന്നു.” എന്താണു കാരണം? “കുറച്ചാളുകളേ ശരിയും തെറ്റും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നുള്ളു”വെന്ന് ഹോട്ട് പറയുന്നു. “പിടിക്കപ്പെടുന്നതാണ് ഇപ്പോൾ പാപം, ലംഘനമല്ല.” മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോട് നിയമമനുസരിക്കണമെന്നു പറയുകയും അതേസമയം അവർ നികുതിയിലും ചെലവുകളുടെ കാര്യത്തിലും വെട്ടിപ്പുനടത്തുകയും വേഗതാപരിധിലംഘിക്കുകയും ചെയ്യുന്നുവെന്ന് വിശദീകരിച്ചുകൊണ്ട് അദ്ദേഹം മാതാപിതാക്കൻമാരുടെമേൽ കുറ്റം വെച്ചു. “നാം ഈ രാജ്യത്ത് ഭ്രാന്തുപിടിച്ച് മത്സരത്തിന്റെ വിത്തുകൾ വളർത്തുകയാണെന്ന് ഞാൻ വിചാരിക്കുന്നു.”
അവയുടെ കാതുകൾക്കു സംഗീതം
എലികളെ ഒന്നിച്ചുകൂട്ടി നശിപ്പിക്കുന്നതിനുവേണ്ടി ഹാമിലിനിലെ ഐതിഹാസിക കുഴൽവായനക്കാരൻ തന്റെ സംഗീതകുഴൽ വായിച്ചു. അടുത്ത കാലത്ത് ടോക്കിയോയിൽ ഒരു “കുഴൽവായനക്കാരൻ” പ്രത്യക്ഷപ്പെട്ട് ആധുനികസംഗീതക്കുഴൽ ഉപയോഗിച്ചുകൊണ്ട് എലികളെ കുരുക്കിലാക്കി. ഇന്നത്തെ “കുഴൽവായനക്കാരൻ” ഒരു കമ്പനിയാണ്. അത് പാരിസ്ഥിതികശുചിത്വത്തിൽ പ്രത്യേകവൽക്കരിക്കുന്നു. ഡെയിലി യോവൂരി പറയുന്നതനുസരിച്ച് 20 വർഷത്തെ ഗവേഷണത്തിനുശേഷം ഉയർന്ന കെട്ടിടങ്ങളിൽനിന്ന് എലികളെ നീക്കം ചെയ്യുന്നതിന് അത് ഒരു സക്ഷൻ പൈപ്പ് പദ്ധതി രൂപപ്പെടുത്തിയിരിക്കുകയാണ്. ഓരോ ഏഴടി അകലത്തിലും ദ്വാരങ്ങളുള്ള പൈപ്പുകൾ തറയിലും ഭിത്തികളിലുമായി സ്ഥാപിച്ചിരിക്കുന്നു. സംഗീതമോ? എലികൾ 20-38 കിലോ ഹെർട്ട്സ് അഭീക്ഷ്ണതയുള്ള ശബ്ദാതീത തരംഗങ്ങളാൽ ആശയവിനിയമം ചെയ്യുന്നു. കംപ്യൂട്ടർ വയറുകളിലെ തരംഗങ്ങൾ പോലും അവയെ ആകർഷിക്കുന്നു. കുഴലുകൾ എലികളെ “വിളിക്കുന്നതിന്” ശബ്ദാതീതതരംഗങ്ങൾ പുറപ്പെടുവിക്കുന്നു. അവ അപ്പോൾ ദ്വാരങ്ങളിലൂടെ പ്രവേശിച്ച് ഒരു നിർമ്മാർജ്ജനഭാഗത്തേക്ക് വലിച്ചെടുക്കപ്പെടുന്നു. കാർബൺഡയോക്സൈഡിനാൽ ശ്വാസംമുട്ടി ചാകുമ്പോൾ അവ ശുചിത്വത്തിനുവേണ്ടി നീക്കംചെയ്യപ്പെടാൻ പെട്ടെന്ന് ഒരു വിനൈൽഷീറ്റിൽ പൊതിയപ്പെടുന്നു. ഹാമിലിൻ മുതൽ ടോക്കിയോ വരെയുള്ള നിഗമനം ഒന്നുതന്നെയാണ്: കുഴൽസംഗീതത്തോടുള്ള ആസക്തി എലികൾക്ക് അപകടകരമായിരിക്കാൻകഴിയും.
പിഴകൾ, പിഴകൾ, കൂടുതൽ പിഴകൾ!
ബ്രസീലിൽ സവോപോളോയിലെ ഏതാണ്ട് 120 ലക്ഷം നഗരവാസികൾക്ക് ഗതാഗതപ്രശ്നങ്ങളുണ്ട്. ഒരു മാസം 12,18,491 പേർക്ക് ഗതാഗതപ്രശ്നം നിമിത്തം പിഴയിട്ടു. വർഷാവസാനം നഗരത്തിലെ 40 ലക്ഷം വാഹനങ്ങളിൽ 30 ലക്ഷത്തിനും പിഴയിടുമെന്നു പ്രതീക്ഷിക്കുന്നു. നടപ്പാതയിൽ വാഹനങ്ങൾ പാർക്കുചെയ്യുന്നതുനിമിത്തം ഓരോ മാസവും ഏതാണ്ട് 30,000 വാഹനങ്ങൾക്ക് 420 രൂപാവീതം പിഴയിട്ടതായി എസ്റ്റാഡോ ഡി സാവോ പോളോ റിപ്പോർട്ടുചെയ്തു. നിയമപ്പുസ്തകങ്ങളനുസരിച്ച് ഒരു കാളക്കൂട്ടത്തെ തെരുവിലൂടെ കൊണ്ടുപോയാൽ അതിനും പിഴയുണ്ട് (Cz$1,149), നടപ്പാക്കുന്നില്ലെങ്കിലും. നടപ്പാതയിൽ കുതിരവണ്ടി ഇട്ടാൽ പിഴയുണ്ട് (Cz$384). കാൽനടക്കാരന്റെമേൽ വീഴാവുന്നതുപോലെ ജന്നലഴിയിൽ ഒരു സാധനം തൂക്കിയിട്ടാൽ Cz$99 പിഴയുണ്ട്. ഒരു സംഭവം അനേകർ ഇപ്പോഴും ഓർക്കുന്നുണ്ട്. ഒരു ബേക്കറിയുടെ ടെറസ്സിൽ വളർത്തിയിരുന്ന ഒരു പന്നി ഒരിക്കൽ വിരണ്ട് വേലിക്കു വെളിയിലേക്കു ചാടി ഒരു കാൽനടക്കാരന്റെമേൽ വീണ് അയാളുടെ കൈ ഒടിച്ചു. പിഴ ഈടാക്കി.
കലങ്ങിയ വെള്ളങ്ങൾ
യിസ്രയേലി ഉറവുകളനുസരിച്ച് യോർദ്ദാനിലെയും യിസ്രായേലിലെയും ജലവിതരണം അവരുടെ ഉത്തര അയൽരാജ്യമായ സിറിയയിലെ പ്രമുഖ പദ്ധതികൾ നിമിത്തം ഗുരുതരമായി അപകടത്തിലായിരിക്കുകയാണ്. യോർദ്ദാന്റെ ഏറ്റവും വലിയ പോഷകനദിയായ നാറ്റ് അൽ യാർമുക്കിലെ വെള്ളം “24,700 ഏക്കർ നിലം” കൃഷിക്ക് ഉപയുക്തമാക്കുന്നതിനുവേണ്ടി വടക്കോട്ടു തിരിച്ചുവിടുന്നതിനുള്ള പദ്ധതി നടന്നുകൊണ്ടിരിക്കുകയാണ്. ഈ ലക്ഷ്യത്തിൽ വലിയ തടാകങ്ങൾ കുഴിച്ചിട്ടുണ്ട്, അവയോട് “160 മൈൽ വരുന്ന തുറന്ന കനാലുകൾ” ബന്ധിപ്പിക്കും. സിറിയാ 5,00,000 നിവാസികളെ ദക്ഷിണഗോലാൻ പീഠഭൂമിയിലേക്കു മാറ്റി പാർപ്പിക്കാൻ ആസൂത്രണംചെയ്യുകയാണ്. (g87 11/22)