അമിതവേഗവും കടന്നാക്രമണവും ഒഴിവാക്കുക!
“ഇന്നാണ് കാർ കണ്ടുപിടിക്കുന്നതെങ്കിൽ അത് നിരോധിക്കപ്പെടും” എന്ന് ബ്രിട്ടനിലെ റോസ്പായുടെ (അപകടനിവാരണത്തിനുള്ള റോയൽ സൊസൈററി) റോഡ്സുരക്ഷിതത്വത്തിനുള്ള അസിസ്ററൻറ് ഡയറക്റററായ ജോഫ് ലാർജ് തറപ്പിച്ചുപറയുന്നു. “ഈ രാജ്യത്തുതന്നെ ഓരോ വർഷവും ഒരു ദശലക്ഷം പേരുടെ മൂന്നിലൊന്നിനെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്ന എന്തെങ്കിലും വിൽക്കാൻ നിങ്ങൾ ഒരിക്കലും അനുവദിക്കപ്പെടുകയില്ല.”
മോട്ടോർ വാഹനനിർമ്മാതാക്കൾ തങ്ങളുടെ ഉൽപ്പന്നത്തിന്റെ അപകടസാദ്ധ്യതയെ തിരിച്ചറിയുന്നുണ്ട്. അവർ ആധുനിക കാറുകളിൽ പണിതുചേർക്കുന്ന സുരക്ഷിതത്വസംവിധാനങ്ങളെ മെച്ചപ്പെടുത്താൻ വൻപണത്തുകകൾ മുടക്കുകയും തീവ്രയത്നം നടത്തുകയും ചെയ്യുന്നു. എന്നാൽ ലണ്ടനിലെ സണ്ടേ എക്സ്പ്രസ് മാഗസിൻ പ്രസ്താവിക്കുന്ന പ്രകാരം: “കാറിന്റെയും അതിലിരിക്കുന്നവരുടെയും സംരക്ഷണം കുറഞ്ഞ ചെലവിൽ സാദ്ധ്യമല്ലെന്ന് സുരക്ഷിതത്വത്തെക്കുറിച്ചു ബോധമുള്ള ഡ്രൈവർമാർക്കറിയാം.” പരസ്യം സുരക്ഷിതത്വസംവിധാനങ്ങളെ എടുത്തുപറഞ്ഞേക്കാമെങ്കിലും വാങ്ങുന്നയാളുടെ ശ്രദ്ധയെ പിടിച്ചെടുക്കുന്നതെന്താണ്? മിക്കപ്പോഴും അത് വാഹനത്തിന്റെ പ്രവർത്തനവും ഏററവും കുറഞ്ഞ സമയംകൊണ്ട് നേടുന്ന ഏററം കൂടിയ വേഗവും അതിന്റെ ശക്തിയും അതുപോലെതന്നെ അതിന്റെ തിളങ്ങുന്ന ലൈനുകളും പകിട്ടാർന്ന അലങ്കരണവുമാണ്.
ജർമ്മൻ മോട്ടോർഡ്രൈവർമാർക്ക് “വേഗത്തോട് ഭ്രാന്തമായ ഒരു ബന്ധമുണ്ടെന്ന്” റിട്ടയാർഡ് ജഡ്ജ് റിച്ചഡ് സ്പീജൽ വിശ്വസിക്കുന്നു. “ഇപ്പോഴും അപകടത്തിന്റെ അതിസാധാരണ കാരണം അതുതന്നെ.” “മോട്ടോർ വ്യവസായ പരസ്യം” ഈ മനോഭാവത്തെ ചൂഷണംചെയ്യുകയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. നിങ്ങളുടെ രാജ്യത്തും ഇതു സത്യമാണോ?
ഉയർന്നുവരുന്ന ഗതാഗത തിരക്കും റോഡുകളുടെ കുറഞ്ഞുവരുന്ന ഗുണവും പോലെയുള്ള മററു ഘടകങ്ങൾ അനേകം രാജ്യങ്ങളിൽ ഡ്രൈവിംഗിനെ കൂടുതൽ അപകടകരമാക്കിത്തീർക്കുന്നു. ബ്രസീലിൽനിന്നുള്ള റിപ്പോർട്ടുകൾ അടയാളമിടാത്ത കവലകളുടെ അപകടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. “ഈ സാഹചര്യങ്ങളിൽ ഒന്നോ അധികമോ ഡ്രൈവർമാർ പെട്ടെന്ന് അന്ധാളിക്കുകയും അറച്ചുനിൽക്കുകയും ചെയ്യുന്നു, അതിന് ഒരു അപകടത്തിലേക്കു നയിക്കാൻ കഴിയും” എന്ന് ബ്രസീൽ ഹെറൾഡ് അഭിപ്രായപ്പെടുന്നു.
അങ്ങനെയുള്ള അപകടങ്ങളെ അഭിമുഖീകരിക്കുന്നതുകൊണ്ട് ഉയർന്ന പ്രവർത്തനശേഷിയുള്ള ആധുനിക വാഹനങ്ങളുടെ ഡ്രൈവർമാർ ഉത്തരവാദിത്തമുള്ള, നല്ല പരിശീലനമുള്ള, ശ്രദ്ധാലുക്കളായ ആളുകളായിരിക്കേണ്ടത് അത്യാവശ്യമാണ്. ട്രൈഗ് ഈ ട്രാഫിക്കെൻ (ഗതാഗതത്തിൽ സുരക്ഷിതമോ?) എന്ന സ്വീഡിഷ് പ്രസിദ്ധീകരണം ഈ അഭിപ്രായം നൽകുന്നു: “വോട്ടവകാശം കഴിഞ്ഞാൽ സമുദായത്തിനു നിങ്ങളെ ഭരമേൽപ്പിക്കാൻ കഴിയുന്ന ഏററം പ്രധാനപ്പെട്ട സംഗതി ഒരു ഡ്രൈവർലൈസൻസാണ്.”
കടന്നാക്രമണം സൂക്ഷിക്കുക!
വേഗത കൊല്ലുന്നു. മത്തുപിടിച്ച ഡ്രൈവർമാർ കൊല്ലുന്നു. ‘എന്നാൽ ഞാൻ വേഗപരിധിയോടു പററി നിൽക്കുന്നു, ഞാൻ ഡ്രൈവുചെയ്യാൻ പോകുമ്പോൾ യാതൊരു മദ്യവും കുടിക്കുന്നില്ല. ഡ്രൈവിംഗ് ഒരു ജീവൻമരണ സംഗതിയായിരിക്കാൻ കഴിയുമെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. എനിക്ക് കൂടുതലായി എന്തു ചെയ്യാൻ കഴിയും?’ എന്ന് നിങ്ങൾ പറഞ്ഞേക്കാം.
“കാർ ഒരു മനുഷ്യപ്രാപ്തിയെ, ചലനപ്രാപ്തിയെ, വർദ്ധിപ്പിക്കുന്നു. അത് അവന്റെ സ്വന്തം വിധത്തിൽ സാധിക്കുന്നതിനെക്കാൾ സത്വരം ദൂരങ്ങൾ പിന്നിടുന്നത് സാദ്ധ്യമാക്കുന്നു”വെന്ന് മനഃശാസ്ത്രജ്ഞനായ സുൽനാരാ പോർട്ട് ബ്രാസിൽ എഴുതുന്നു. “അത് അതിൽത്തന്നെ തെററല്ല” എന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. അപ്പോൾ പ്രശ്നം എവിടെയാണ്? സുൽനാരാ പറയുന്നതനുസരിച്ച് “ഒരോ ഡ്രൈവറും ആ പ്രാപ്തി കൈകാര്യം ചെയ്യുന്ന വിധത്തിലാണ് അത് സ്ഥിതിചെയ്യുന്നത്.”
ഫ്രഞ്ച് ദിനപ്പത്രമായ ലി മോണ്ടിയോടു നിങ്ങൾ യോജിക്കുമെന്നുള്ളതിനു സംശയമില്ല, അതിങ്ങനെ പ്രസ്താവിച്ചു: “പരക്കെ നട്ടുവളർത്തിയിരിക്കുന്ന ഒരു മനോഭാവം . . . നാം ശക്തിയുടെ ഒരു പ്രതീകമായി വാഹനമോടിക്കാനിടയാക്കുന്നു . . . ഒരുവന് മററുള്ളവരുടെ ഭോഷത്വത്തെ ഒഴിവാക്കാൻ കഴിയുകയില്ലെങ്കിൽ . . . , കുറഞ്ഞപക്ഷം തന്റെ ഡ്രൈവിംഗിനെ നിയന്ത്രിക്കാനെങ്കിലും അയാൾക്കു കഴിയും.”—ഇററാലിക്സ് ഞങ്ങളുടേത്.
ആധുനിക മോട്ടോറിംഗ് കൂടുതൽ പ്രയാസകരവും അപകടകരവുമാണ്, “ഡ്രൈവുചെയ്യുമ്പോഴത്തെ കടന്നാക്രമണത്തിന്റെയും അസഹിഷ്ണുതയുടെയും ഉയർന്ന തോത്” എന്ന് ഗ്ലാസ്ഗോ ഹെറൾഡ് വിളിച്ച സംഗതിനിമിത്തമാണിത്. “അപകടത്തിന്റെ വക്കിൽവരെ കൊണ്ടെത്തിച്ചിട്ടു പിൻമാറുന്ന സ്വഭാവവും വെട്ടിച്ചുകയററുന്ന വിദ്യകളും” ഇതിനോടു കൂട്ടാം. “അവ ശാരീരികമായ അക്രമത്തിന്റെയും ശണ്ഠയുടെയും ഘട്ടംവരെ വർദ്ധമാന”മായിരിക്കുകയാണ്. റോഡുകളിലെ വിനാശത്തിന് നിങ്ങൾക്കൊരു കുറിപ്പടി ഉണ്ട്. കനേഡിയൻ പോലീസ് സൂപ്രണ്ടായ കെൻ കോക്ക് ഇങ്ങനെ പറയുന്നു: “ആളുകൾ ചട്ടങ്ങളെല്ലാം മറന്നിരിക്കുകയാണ്—എല്ലാവർക്കും ധൃതിയാണ്. നാം കൂടുതൽ ആക്രമണോൽസുകരായിരിക്കണമെന്ന് നാം തിരിച്ചറിയുന്നു; എല്ലാവരും തള്ളിക്കയറുന്നു, ആരും ലൈനിൽ കാത്തുനിൽക്കാനാഗ്രഹിക്കുന്നില്ല.”
ഇന്നത്തെ ഡ്രൈവറുടെ സ്വഭാവമായ കടന്നാക്രമണം തീർച്ചയായും പ്രകോപനമുണ്ടാക്കുന്നു. “ഏററവും ഹീനമായ തെററ് പിമ്പിൽ വളരെയടുത്തു പിന്തുടരുന്നതാണ്. . . . മററുള്ളവർ എങ്ങനെ വിചാരിക്കുന്നുവെന്ന് റോഡുപയോക്താക്കളിൽ അധികംപേർ വിലമതിക്കുന്നില്ല. ദൃഷ്ടാന്തമായി, വേഗതയുള്ള കാറുകളുടെ ഡ്രൈവർമാർ മിക്കപ്പോഴും മോട്ടോർസൈക്കിളുകാർ ഒരു ശല്യമാണെന്ന് വിചാരിക്കുന്നു. അവർ വെല്ലുവിളിക്കപ്പെടുന്നുവെന്ന് വിചാരിക്കുകയും അസൂയപ്പെടുകയുംചെയ്യുന്നു, അസൂയക്ക് അനായാസം കടന്നാക്രമണത്തിനിടയാക്കാൻ കഴിയും” എന്ന് റെയ്നിഷർ മേർക്കർ റിപ്പോർട്ടുചെയ്യുന്നു. “തന്റെ മുന്നിൽ കയറി പോയപ്പോൾ അസ്വസ്ഥത തോന്നിയെന്നും നിന്ദിക്കപ്പെട്ടതായിപോലും വിചാരിച്ചെന്നും ചോദ്യംചെയ്യപ്പെട്ട മൂന്നിൽ ഒരാൾവീതം സമ്മതിക്ക”ത്തക്കവണ്ണം ഈ സ്വഭാവം അത്ര സാധാരണമാണ്.
മുഖ്യ മുൻഗണന—സുരക്ഷിതമായി ഡ്രൈവുചെയ്യുക!
ഐക്യനാടുകളിലെ പെരുവഴികളിൽ നടക്കുന്ന വർദ്ധിച്ച തോതിലുള്ള അക്രമം ഈ കടന്നാക്രമണത്തെ പ്രതിഫലിപ്പിക്കുന്നതായി തോന്നുന്നു. 1987 ആഗസ്ററ് 3-ലെ വാൾസ്ട്രീററ ജേണലിലെ ഒരു വാർത്ത “ഡ്രൈവർമാർ വർദ്ധിച്ച തോതിൽ അക്രമാസക്തരാകുന്നു” എന്ന തലക്കെട്ടിൽ ഇങ്ങനെ പ്രസ്താവിച്ചു: “രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ പെരുവഴികളിലെ വെടിവെപ്പുകളിലും മുഷ്ടിയുദ്ധങ്ങളിലും മററ് അംഗഭംഗപ്പെടുത്തലുകളിലും പോലീസ് ഒരു വർദ്ധനവു കാണുന്നു, അനേകവും ഡ്രൈവർമാർ തമ്മിലുള്ള ചെറിയ കൂട്ടിമുട്ടലിലാണ് തുടങ്ങുന്നത്. ചില കേസുകളിൽ മോട്ടോർയാത്രക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്.” 1987 ആഗസ്ററ് 6-ലെ ദി ന്യൂയോർക്ക് ടൈംസ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ജൂൺ പകുതി മുതൽ സതേൺ കാലിഫോർണിയാ വഴികളിൽ അക്രമം നാലുപേരെ കൊന്നു . . . 15 പേർക്കു പരിക്കേൽപ്പിക്കുകയും ചെയ്തു.”
ഇതു സംബന്ധിച്ചു സംശയമില്ല: നമ്മുടെ സ്വന്ത പ്രയോജനത്തിനും മററുള്ളവരുടെ പ്രയോജനത്തിനും സുരക്ഷിതമായ ഡ്രൈവിംഗ് അത്യന്താപേക്ഷിതമാണ്. ബ്രിട്ടനിലെ റോഡുകളിൽ ഓരോ വർഷവും നഷ്ടപ്പെടുന്ന ജീവനെക്കുറിച്ചു പരിതപിച്ച ശേഷം മുൻ ട്രാൻസ്പോർട്ട് സെക്രട്ടറിയായ ജോൺ മൂർ ഇങ്ങനെ പ്രോൽസാഹിപ്പിക്കുന്നു: “റോഡിലെ സുരക്ഷിതത്വം . . . റോഡുപയോക്താക്കളുടെ മുഖ്യ മുൻഗണനകളിൽ ഉൾപ്പെടേണ്ടതാണ്.”
അപ്പോൾ, പ്രായോഗികമായി നിങ്ങൾക്ക് സുരക്ഷിതമായി എങ്ങനെ ഡ്രൈവു ചെയ്യാൻ കഴിയും? നിങ്ങൾ എന്തിനുവേണ്ടി നോക്കണം? സുരക്ഷിതത്വമുള്ള, അനുഭവസമ്പന്നരായ ഡ്രൈവർമാർ എന്തു ബുദ്ധിയുപദേശം നൽകുന്നു? “സുരക്ഷിതമായ ഡ്രൈവിംഗ്ശീലങ്ങൾ നട്ടുവളർത്തുക” എന്ന ഞങ്ങളുടെ അടുത്ത ലേഖനം ഈ ചോദ്യങ്ങൾ പരിചിന്തിക്കും. (g88 1/8)