റോഡിലെ രോഷം—നിങ്ങൾക്ക് എങ്ങനെ തരണം ചെയ്യാം?
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
കോപത്തെയും അതിന്റെ ഫലമായ അക്രമത്തെയും കുറിച്ചുള്ള റിപ്പോർട്ടുകൾ ലോക വാർത്തകളിൽ കൂടുതൽക്കൂടുതലായി സ്ഥാനംപിടിക്കുകയാണ്. ട്രോളി രോഷത്തിനും (സൂപ്പർമാർക്കറ്റിൽ ട്രോളികൾ അഥവാ ഭക്ഷ്യവണ്ടികൾ ഉന്തിക്കൊണ്ടു നടക്കുന്ന ഇടപാടുകാർ അന്യോന്യം പ്രകടിപ്പിക്കുന്ന കോപം) ഫോൺ രോഷത്തിനും (നിങ്ങൾ ഒരാളോടു ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ഫോൺ അറ്റൻഡുചെയ്യാൻ അയാളെ അനുവദിക്കുന്ന സംവിധാനംമൂലം നിങ്ങൾക്കുണ്ടാകുന്ന രോഷം) പുറമേ റോഡിലെ രോഷം ബ്രിട്ടനിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.
റോഡിലെ രോഷം വളരെ വ്യാപകമാണ്. ബ്രിട്ടനിൽ അത് “പകർച്ചവ്യാധിപോലെ പടർന്നുപിടി”ച്ചിരിക്കുന്നുവെന്ന് ഡ്രൈവിങ് ശീലങ്ങളെക്കുറിച്ചുള്ള 1996-ലെ ഒരു റിപ്പോർട്ട് പ്രസ്താവിക്കുകയുണ്ടായി. “അതായത് കഴിഞ്ഞവർഷം അവിടുത്തെ ഡ്രൈവർമാരിൽ ഏതാണ്ടു പകുതിപ്പേരും ഏതെങ്കിലും തരത്തിലുള്ള അക്രമത്തിനോ ദ്രോഹത്തിനോ വിധേയരായി”! ഒരു മോട്ടോർവാഹന സമിതി നടത്തിയ സർവേ ഒരു പടികൂടെ മുന്നോട്ടുപോയി. അതായത്, “പത്തു മോട്ടോർവാഹന ഡ്രൈവർമാരിൽ ഒമ്പതുപേർ തങ്ങൾ റോഡിലെ രോഷത്തിന് ഇരയായിട്ടുള്ളതായി അവകാശപ്പെടുന്നു”വെന്ന് അത് റിപ്പോർട്ടുചെയ്തു. രസാവഹമായി, “പത്ത് [മോട്ടോർവാഹന ഡ്രൈവർമാരിൽ] ആറു പേർ മാത്രമേ വണ്ടിയോടിക്കുന്ന സമയത്ത് തങ്ങൾതന്നെ കോപിച്ചതായി സമ്മതിച്ചുപറയുന്നുള്ളൂ”വെന്ന് അതേ സർവേ പ്രകടമാക്കി.
റോഡിലെ രോഷത്തിനിടയാക്കുന്നത് എന്താണ്? നിങ്ങൾ അതിന്റെ ഇരയാണെങ്കിൽ ആത്മസംരക്ഷണത്തിനായി നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? മറ്റൊരാൾ വണ്ടിയോടിക്കുന്ന രീതി നിങ്ങളെ കുപിതനാക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? വാസ്തവത്തിൽ, റോഡിലെ രോഷം ലോകവ്യാപകമായി ആളിപ്പടരുന്ന സ്ഥിതിക്ക് നിങ്ങൾക്ക് അതെങ്ങനെ തരണം ചെയ്യാം?
കാര്യവും കാരണവും
ഡ്രൈവർമാർ കോപിക്കുന്നതു സംബന്ധിച്ച പ്രശ്നം പുതിയ ഒന്നല്ല. ഇതിന്റെ ഒരു ആദ്യകാല ഉദാഹരണമാണ് ഇംഗ്ലീഷ് കവിയായ ലോർഡ് ബൈറൺ. 1817-ൽ എഴുതിയ ഒരു കത്തിൽ റോഡിൽവെച്ചുണ്ടായ ഒരു വഴക്കിനെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചിരുന്നു. മറ്റൊരു വഴിയാത്രക്കാരൻ ബൈറണിന്റെ കുതിരയോട് “അപമര്യാദയായി പെരുമാറിയതായി” പറയപ്പെടുന്നു. അപ്പോൾ കവി അയാളുടെ കരണത്തടിച്ചു.
മിക്ക രാജ്യങ്ങളിലും, വാഹനങ്ങളുടെ എണ്ണം വർധിക്കുമ്പോൾ ഡ്രൈവർമാരുടെ ബുദ്ധിമുട്ടും വർധിക്കുന്നു. അക്രമാസക്തമായ ഡ്രൈവിങ്ങിനുള്ള കാരണത്തെ യു.എസ്. പത്രങ്ങൾ “റോഡിലെ രോഷം” എന്നു വർണിച്ചത് 1980-കളിലാണ്. റോഡിലെ രോഷം ഒരു കുറ്റകൃത്യമല്ലെങ്കിലും മറ്റു ഡ്രൈവർമാരുടെ വണ്ടിയോടിക്കൽ രീതിയാൽ പ്രകോപിതരായി മോട്ടോർവാഹന ഡ്രൈവർമാർ നടത്തുന്ന അനേകം അക്രമപ്രവർത്തനങ്ങളുടെയും പിന്നിലുള്ള വികാരങ്ങളെ അത് ഉചിതമായി വർണിക്കുന്നു.
ഞാൻ-ആദ്യം മനോഭാവം ഇപ്പോൾ നമ്മുടെ റോഡുകളെ വേട്ടയാടുകയാണ്. “അക്രമം പ്രവർത്തിക്കുന്നവർ അല്ലെങ്കിൽ കയ്യേറ്റക്കാർ തങ്ങൾ മറ്റാരുടെയെങ്കിലും സാമൂഹികവിരുദ്ധ പ്രവർത്തനത്തിന്റെ നീതിമാന്മാരായ ഇരകളാണെന്ന് മിക്കപ്പോഴും വിശ്വസിക്കുന്ന”തായി ഡ്രൈവിങ് ശീലങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്നവർ നിഗമനം ചെയ്യുന്നുവെന്ന് ലണ്ടനിലെ ദ ടൈംസ് പ്രസ്താവിക്കുന്നു. ഒരു ഡ്രൈവർ എത്ര ലക്കുകെട്ട് വണ്ടിയോടിച്ചാലും താൻ കുറ്റക്കാരനല്ലെന്ന് അയാൾക്കു തോന്നുന്നു. എന്നാൽ മറ്റൊരു ഡ്രൈവർ റോഡു മര്യാദയുടെ ചെറിയൊരു വശം ലംഘിക്കുമ്പോഴേക്കും രോഷം ആളിക്കത്തുന്നു.
യുവജനങ്ങളുടെയിടയിൽ വളരെ വ്യാപകമായിരിക്കുന്ന, വർധിച്ചുവരുന്ന മയക്കുമരുന്നു ദുരുപയോഗവും റോഡിലെ രോഷത്തിന് ഇടയാക്കുന്നു. ഒരു ആശുപത്രി ഉപദേശകൻ പറയുന്നതനുസരിച്ച് കൊക്കെയ്ൻ ദുരുപയോഗം “മദ്യപിച്ച് വണ്ടിയോടിക്കുന്നതിനു സമാനമാണ്.” മയക്കുമരുന്നുപയോഗിക്കുന്ന ഡ്രൈവർമാർക്ക് പലപ്പോഴും തങ്ങളുടെ കഴിവുകളെപ്പറ്റി അതിരുകവിഞ്ഞ വിശ്വാസം തോന്നാറുണ്ട്. അതുകൊണ്ട്, ചിലർ അപകടകരമായ വേഗത്തിൽ വണ്ടിയോടിക്കുന്നു. മറ്റുചിലർ യാതൊരു ക്രമവുമില്ലാതെയാണ് വണ്ടിയോടിക്കുന്നത്. അവരുടെ വിവേചനാശക്തി ക്ഷയിച്ചുപോയിരിക്കുന്നു.
സമ്മർദത്തിന് ഡ്രൈവറുടെമേലുള്ള ഫലവും പരിചിന്തിക്കുക. മാഞ്ചെസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ കാരി കൂപ്പർ, 1990-കളിലെ ദൈനംദിന ജീവിതത്തിന്റെ സമ്മർദങ്ങളും അനിശ്ചിതത്വങ്ങളുമാണ് റോഡിലെ രോഷത്തിലധികത്തിനും കാരണമെന്നു പറയുന്നു. “ഡ്രൈവർമാർ കൂടുതൽ സമ്മർദമുള്ളവരായിത്തീരുന്നെന്നും അക്രമാസക്തമായ കയ്യേറ്റങ്ങളുടെ എണ്ണം വർധിക്കുന്നെന്നും” റോയൽ ഓട്ടോമൊബൈൽ ക്ലബ്ബിന്റെ വക്താവു പറയുന്നു. ജോലിസ്ഥലത്തേക്കും തിരിച്ചും ഇപ്പോൾ അനേകം മണിക്കൂർ ഡ്രൈവുചെയ്യുന്ന തിരക്കേറിയ ഒരു പബ്ലിക്ക് റിലേഷൻസ് എക്സിക്യൂട്ടീവ് തനിക്കിപ്പോൾ മുമ്പത്തെയത്രയും സഹിഷ്ണുതയില്ലെന്ന് സമ്മതിച്ചുപറയുന്നു. “മുമ്പ് ഞാൻ കാര്യമാക്കാതിരുന്ന നിസ്സാര കാര്യങ്ങൾ എന്നെയിപ്പോൾ പെട്ടെന്നു ചൊടിപ്പിക്കുകയും ദേഷ്യംപിടിപ്പിക്കുകയും ചെയ്യുന്നു”വെന്ന് അവർ പറഞ്ഞതായി ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഒരുപക്ഷേ നിങ്ങൾക്കും അതുപോലെതന്നെ തോന്നുന്നുണ്ടായിരിക്കാം. ഉണ്ടെങ്കിൽ എന്തു ചെയ്യാനാകും?
റോഡിലെ രോഷത്തിന് ഇടനൽകാതിരിക്കുക
മറ്റു ഡ്രൈവർമാർ പൂർണരല്ലെന്നു മനസ്സിലാക്കുക. അവർ വല്ലപ്പോഴും നിയമങ്ങൾ ലംഘിച്ചെന്നിരിക്കും. വണ്ടിയോടിക്കുമ്പോൾ ഈ വസ്തുത കണക്കിലെടുക്കണം. ഭവിഷ്യത്തുകൾ മുൻകൂട്ടി കാണുക. ഉദാഹരണത്തിന്, നിങ്ങൾ ഒന്നിലധികം ലെയ്നുകളുള്ള ഒരു ഹൈവേയിലെ സ്ലോ ലെയ്നിലൂടെയായിരിക്കാം വണ്ടിയോടിക്കുന്നത്. എന്നാൽ നിങ്ങൾ ഒരു ജംഗ്ഷനെ സമീപിക്കുന്നു. ഒരു കുറുക്കുവഴിയിലൂടെ വരുന്ന വാഹനങ്ങൾക്ക് അവിടെവെച്ച് ഹൈവേയിലേക്ക് സാവധാനം പ്രവേശിക്കാൻ കഴിയും. മുന്നോട്ടു നോക്കുമ്പോൾ ഒരു കാർ കുറുക്കുവഴിയിലൂടെ വന്ന് ഹൈവേയെ സമീപിക്കുന്നതു നിങ്ങൾ കാണുന്നു. നിങ്ങൾ ആ ലെയ്നിലൂടെ നേരത്തേതന്നെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതാണ്, നിങ്ങളുടെ ലെയ്നിലൂടെ വണ്ടിയോടിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട് എന്നു നിങ്ങൾ ന്യായവാദം ചെയ്യുമോ? ഹൈവേയിലേക്കു വരുന്ന വാഹനങ്ങളെ പോകാൻ അനുവദിക്കേണ്ടതെന്തുകൊണ്ടാണ്? മറ്റേ ഡ്രൈവർക്ക് ഹൈവേയിലേക്കു പ്രവേശിക്കാൻ കഴിയത്തക്കവണ്ണം സാധിക്കുമെങ്കിൽ നിങ്ങൾ മറ്റൊരു ലെയ്നിലേക്കു കടക്കേണ്ടതെന്തുകൊണ്ടാണ്? ഇത്രയും നേരം സഞ്ചരിച്ച ലെയ്നിലൂടെത്തന്നെയേ സഞ്ചരിക്കുകയുള്ളുവെന്ന് നിർബന്ധംപിടിച്ചുകൊണ്ട് മുമ്പത്തെ അതേ വേഗത്തിൽ അതിലൂടെ സഞ്ചരിക്കുന്നെങ്കിൽ എന്തു സംഭവിക്കുമെന്നു ചിന്തിക്കുക? ഒരുപക്ഷേ ഹൈവേയിലേക്കു വരുന്ന ഡ്രൈവറും അങ്ങനെതന്നെ ചിന്തിച്ചേക്കാം. ആരെങ്കിലുമൊരാൾ വിട്ടുകൊടുത്തേ പറ്റൂ, അല്ലെങ്കിൽ അപകടം സുനിശ്ചിതം.
റോഡിലെ രോഷത്തിന് ഇടനൽകാൻ ആഗ്രഹിക്കാത്ത ഡ്രൈവർ ബുദ്ധിപൂർവം ഭവിഷ്യത്തുകൾ മുൻകൂട്ടി കണ്ടുകൊണ്ട് പരിഗണനാപൂർവം വണ്ടിയോടിക്കുന്നു. സാധിക്കുമ്പോഴൊക്കെ അയാൾ വഴിമാറിക്കൊടുക്കുന്നു. കൂടാതെ, താൻ മറ്റേ ഡ്രൈവറോട് മര്യാദയായി പെരുമാറിയത് അയാൾ വിലമതിക്കാത്തപ്പോൾ കുപിതനാകുന്നുമില്ല. ഓരോ 3 ഡ്രൈവർമാരിലും ഒരാളുടെ മനോഭാവം അപകടകരമാണെന്ന് ബ്രിട്ടൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് മോട്ടോറിസ്റ്റ്സിന്റെ ഒരു പ്രതിനിധി കണക്കാക്കുന്നു. ഈ ഡ്രൈവർമാർക്ക് തങ്ങളുടെ വാഹനങ്ങൾ വിദഗ്ധമായി കൈകാര്യം ചെയ്യാൻ കഴിയുന്നെങ്കിലും അവർക്ക് മര്യാദയില്ല. അദ്ദേഹം അവരെ “നല്ല ഡ്രൈവർമാർ എന്നാൽ മര്യാദയില്ലാത്ത മോട്ടോർവാഹന ഡ്രൈവർമാർ” എന്നു വിളിക്കുന്നു.
മിക്ക ഡ്രൈവർമാരും ചിലപ്പോഴൊക്കെ മറ്റു റോഡു യാത്രക്കാരെ അവഗണിക്കാറുണ്ട്. എന്നാൽ ഇത് നിങ്ങൾ അങ്ങനെ പ്രവർത്തിക്കുന്നതിനുള്ള ന്യായീകരണമല്ല. സാധ്യമായ ഭവിഷ്യത്തുകൾ പരിചിന്തിക്കുക. തീർച്ചയായും, നിങ്ങളുടെ ശാഠ്യംമൂലം കൂട്ടിയിടിയുടെ ഒരു പരമ്പരതന്നെ സംഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. വികാരങ്ങൾ നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കാതിരിക്കുക. ഒരു ഡ്രൈവിങ് വിദഗ്ധൻ ഇങ്ങനെ ഉപദേശിക്കുന്നു: “നിങ്ങൾ റോഡിൽവെച്ചുള്ള പ്രകോപനത്തോട് ഒരിക്കലും പ്രതികരിക്കരുത്.” റോഡിൽവെച്ച് രോഷം പ്രകടിപ്പിക്കുന്നവരെപ്പോലെ ആകാതിരിക്കുക!
നിങ്ങൾ ഒരു ഇരയാണോ?
വാസ്തവത്തിൽ എല്ലാ ഡ്രൈവർമാരും എപ്പോഴെങ്കിലുമൊക്കെ റോഡിലെ രോഷത്തിന് ഇരയായിട്ടുണ്ട്. മുഷ്ടിചുരുട്ടി ഇടിക്കാനോങ്ങുന്നതും ചീത്ത വിളിക്കുന്നതും അക്രമാസക്തമായി വണ്ടിയോടിക്കുന്നതും ഒക്കെ പേടിപ്പെടുത്തുന്ന കാര്യങ്ങളാണ്, അവ പേടിപ്പെടുത്തുകയും ചെയ്യുന്നു. തീർച്ചയായും ഏറ്റവും നല്ല സംരക്ഷണം ഏറ്റുമുട്ടൽ ഒഴിവാക്കുന്നതാണ്. മറ്റൊരു ഡ്രൈവർ തന്റെ മുമ്പിൽ കയറാൻ ആഗ്രഹിച്ചപ്പോൾ റോഡിലെ രോഷത്തിനിരയായ ഒരാൾ ഭയപ്പെട്ടുപോയി. ഒടുവിൽ, കുപിതനായ ഡ്രൈവർ അയാളുടെ വാഹനത്തെ മറികടക്കുകയും മാർഗതടസ്സം സൃഷ്ടിക്കുകയും അവരുടെ കാറുകൾ തമ്മിൽ കൂട്ടിമുട്ടുമെന്ന് മറ്റേ ഡ്രൈവർ ഭയപ്പെടുമളവോളം വേഗത കുറച്ചോടിക്കുകയും ചെയ്തു. കുറെ ദൂരം അങ്ങനെ പോയി. രോഷത്തിനിരയായ ഡ്രൈവർ മറ്റൊരു വഴിയിലേക്കു തിരിഞ്ഞപ്പോൾ മാത്രമാണ് പ്രശ്നം അവസാനിച്ചത്.
മറ്റു ഡ്രൈവർമാർ നിങ്ങളുടെ മുമ്പിൽ കയറാൻ ആഗ്രഹിക്കുന്നതായി കാണുന്നപക്ഷം കഴിവതും വിട്ടുകൊടുത്തേക്കുക. സഞ്ചരിക്കുന്നിടത്തുകൂടെത്തന്നെയേ സഞ്ചരിക്കുകയുള്ളുവെന്ന് നിർബന്ധം പിടിക്കാതിരിക്കുക. നിങ്ങൾ മനഃപൂർവം മറ്റുള്ളവരെ പ്രകോപിപ്പിച്ചിരിക്കുന്നെങ്കിൽ മാപ്പുചോദിക്കുക. മനസ്സറിയാതെ ചെയ്തതാണെങ്കിലും ആംഗ്യത്തിലൂടെ ക്ഷമാപണം നടത്തുക. സൗമ്യമായ വാക്ക് കോപത്തെ ശമിപ്പിക്കുന്നുവെന്ന കാര്യം ഓർമിക്കുക.
കാരണം എന്തുതന്നെയായിരുന്നാലും, നിങ്ങൾ റോഡിലെ രോഷത്തിന് ഇരയാകുന്നപക്ഷം പകരംവീട്ടാതിരിക്കുക. “പകരത്തിനു പകരം ചെയ്യരുത്” എന്ന് ഫോക്കസ് മാഗസിൻ ഉപദേശിക്കുന്നു. അപകടകരമായ ആയുധമായി ഉപയോഗിക്കാവുന്ന സാധനങ്ങൾ നിങ്ങളുടെ കാറിൽ കൊണ്ടുപോകാതിരിക്കുക.” മറ്റു നിർദേശങ്ങൾ: കാറിന്റെ വാതിലുകൾ പൂട്ടിയിടുകയും ജനലുകൾ അടച്ചിടുകയും ചെയ്യുക. അക്രമിയുമായുള്ള ദൃഷ്ടി സമ്പർക്കം ഒഴിവാക്കുക.
റോഡിലെ രോഷം തരണം ചെയ്യുന്നതു സംബന്ധിച്ച മേൽപ്പറഞ്ഞ നിർദേശങ്ങൾ പുതിയതല്ല. ഇസ്രായേലിലെ ദാവീദ് രാജാവ് ദീർഘനാൾ മുമ്പു നൽകിയ ബുദ്ധ്യുപദേശവുമായി അത് ചേർച്ചയിലാണ്: “ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു;” അവൻ ബുദ്ധ്യുപദേശിക്കുന്നു. “നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു. കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക.”—സങ്കീർത്തനം 37:1, 8.
റോഡിലെ രോഷം വളർന്നുവരുകയാണെങ്കിലും അത് നിങ്ങളിൽ വളരാൻ അനുവദിക്കരുത്!
[23-ാം പേജിലെ ചതുരം/ചിത്രം]
റോഡിലെ രോഷത്തിന് കടിഞ്ഞാണിടൽ
റോഡിലെ രോഷത്തിന് വിരാമമിടുന്ന കാര്യത്തിൽ “ഒരുവന്റെ മനോഭാവത്തിനു മാറ്റംവരുത്തുന്നത് റോഡിലെ അക്രമത്തെ തടുക്കാനുള്ള എഞ്ചിനീയറിങ് ഉപാധികൾ പോലെതന്നെ പ്രധാനമാണ്” എന്ന് മോട്ടോർവാഹന സമിതി അഭിപ്രായപ്പെടുന്നു. നിങ്ങളുടെയും മറ്റു ഡ്രൈവർമാരുടെയും ഡ്രൈവിങ് പ്രാപ്തികൾ സംബന്ധിച്ച് വാസ്തവികമായ ഒരു വീക്ഷണം ഉണ്ടായിരിക്കുന്നത് റോഡിലെ രോഷത്തെ തരണം ചെയ്യുന്നതിന് അനിവാര്യമാണ്. മറ്റുള്ളവർ തെറ്റുകൾ വരുത്തുന്നുവെന്നത് വ്യക്തമാണെങ്കിലും വണ്ടിയോടിക്കുമ്പോൾ നിങ്ങൾക്കും പാകപ്പിഴകൾ സംഭവിക്കാറുണ്ട് എന്ന സംഗതി മറന്നുകൂടാ. റോഡ് നിയമങ്ങൾ പുച്ഛിച്ചു തള്ളുന്ന ഡ്രൈവർമാർ ഉണ്ടെന്നുള്ള വസ്തുത അംഗീകരിക്കുക. ഡ്രൈവു ചെയ്യുമ്പോൾ നിങ്ങൾക്കു പൂർണ ജാഗ്രത ഉണ്ടെന്ന് ഉറപ്പുവരുത്തുക. ക്ഷീണം സമ്മർദത്തിനിടയാക്കുന്നു. ക്ഷണനേരത്തേക്ക് ശ്രദ്ധപതറിയാൽ മതി, ഫലങ്ങൾ മാരകമായിരിക്കും.
പിൻവരുന്ന ഉപദേശവും കണക്കിലെടുക്കുക. ജ്ഞാനിയായ ശലോമോൻ രാജാവിന്റെ സദൃശവാക്യങ്ങളുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ശ്രദ്ധിക്കുക.
• നിങ്ങളുടെ വാഹനത്തിലെ യാത്രക്കാർ നിങ്ങളുടെ കോപം നിരീക്ഷിക്കുന്നുണ്ടോ? ശാന്തനാകാൻ ഒരുപക്ഷേ അവർ പറഞ്ഞേക്കാം. അവരുടെ ഉപദേശം തള്ളിക്കളയുകയും പിൻസീറ്റ് ഡ്രൈവർമാർ എന്നു വിളിച്ച് അവരെ പരിഹസിക്കുകയും ചെയ്യാതിരിക്കുക. ഒരു ശാന്തമനോഭാവം കൂടുതൽ ആരോഗ്യപ്രദമാണെന്നു മാത്രമല്ല, അത് അക്ഷരാർഥത്തിൽ നിങ്ങളുടെ ആയുസ്സ് വർധിപ്പിക്കുകയും ചെയ്തേക്കാം! “ശാന്തമനസ്സു ദേഹത്തിന്നു ജീവൻ.”—സദൃശവാക്യങ്ങൾ 14:30.
• മറ്റേ ഡ്രൈവറെക്കുറിച്ചു ചിന്തിക്കുക, പ്രശ്നങ്ങൾ ഒഴിവാക്കുക. “ജ്ഞാനി ഭയപ്പെട്ടു ദോഷം അകററിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിർഭയനായി നടക്കുന്നു.”—സദൃശവാക്യങ്ങൾ 14:16.
• ക്ഷമാപണപരമായ ആംഗ്യമോ വാക്കോ കൊണ്ട് കോപത്തെ ശമിപ്പിക്കുക. “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു.”—സദൃശവാക്യങ്ങൾ 15:1.
• മറ്റുള്ളവർ റോഡിൽവെച്ച് രോഷം പ്രകടിപ്പിക്കുന്നവരായിരുന്നേക്കാം, എന്നാൽ നിങ്ങൾ അവരെ അനുകരിക്കേണ്ടതില്ല. “കോപശീലനോടു സഖിത്വമരുതു.”—സദൃശവാക്യങ്ങൾ 22:24.
• മറ്റുള്ളവരുടെ വഴക്കുകളിൽ ഉൾപ്പെടാതിരിക്കുക. “കലഹം തുടങ്ങുംമുമ്പെ ഒഴിഞ്ഞുപോകൂ.”—സദൃശവാക്യങ്ങൾ 17:14, ഓശാന ബൈബിൾ.