ബാങ്കോക്ക്—ഭൂത, വർത്തമാന, കാലങ്ങളുടെ ഒരു മിശ്രിതം
തായ്ലണ്ടിലെ ആളുകൾ അതിനെ ക്രുംഗ് തേപ്പ് അല്ലെങ്കിൽ “ദൂതൻമാരുടെ നഗരം” എന്ന് വിളിക്കുന്നു. പണ്ടത്തെ പാശ്ചാത്യസന്ദർശകർ അതിനെ കിഴക്കൻ വെനീസ് എന്നു വിളിച്ചു. ശേഷിച്ച നമുക്ക് അത് പുരാതന സയാംരാജ്യമായ തായ്ലണ്ടിന്റെ തലസ്ഥാനമായ ബാങ്കോക്ക് ആണ്.
പതിനാറാം നൂററാണ്ടിൽ യൂറോപ്യൻമാർ ആദ്യമായി തായ്ലണ്ടിൽ എത്തിയപ്പോൾ ബാങ്കോക്ക് ഒരു ചെറിയ മത്സ്യബന്ധന ഗ്രാമം മാത്രമായിരുന്നു. ചൈനീസ് വ്യാപാരികളും കൈത്തൊഴിൽക്കാരും അവിടെ വാസമുറപ്പിച്ചിരുന്നു. ഇന്ന് അമ്പതുലക്ഷത്തിലധികമാളുകളുള്ള ഈ തിരക്കേറിയ വൻനഗരം ഭൂത, വർത്തമാന, കാലങ്ങളുടെ ഒരു മനോജ്ഞമായ മിശ്രിതമാണെന്ന് ആണ്ടുതോറും വന്നെത്തുന്ന ഇരുപതുലക്ഷം വിനോദസഞ്ചാരികൾ കണ്ടെത്തുന്നു.
വൈരുദ്ധ്യങ്ങളുടെ നഗരം
ഇപ്പോഴത്തെ ചാക്രി രാജവംശത്തിലെ ആദ്യത്തെ രാജാവായ രാമാ ഒന്നാമൻരാജാവ് 1782-ൽ സയാമിന്റെ തലസ്ഥാനത്തെ തോൺബറിയിൽ നിന്ന് ചാവോ പ്രയാ നദിക്കക്കരെയുള്ള ബാങ്കോക്കിലേക്കു മാററി. ഇവിടെ നദിയുടെ വളവുള്ള കിഴക്കെ തീരത്ത് അദ്ദേഹം തന്റെ കൊട്ടാരം പണിതു—ഇപ്പോഴത്തെ ഗ്രാൻറ് പാലസ് കോംപ്ലക്സ്. മൂന്നു വശത്തും നദി തഴുകിയൊഴുകുന്ന ഈ നഗരത്തിനു കുറുകെ കനാലുകളുടെ ഒരു ശൃംഖലയുണ്ട്. അവ ക്ലോംഗ്സ് എന്നു വിളിക്കപ്പെടുന്നു. അവ ജലവിതരണത്തിനു മാത്രമല്ല, ഗതാഗതമാർഗ്ഗമായും കുളിസ്ഥലമായും ചന്തയായും ഉതകി. തീർച്ചയായും “കിഴക്കൻ വെനീസ്” എന്നത് ഉചിതമായ ഒരു പേരാണ്.
എന്നാൽ ഇന്ന് ഒരു സന്ദർശകൻ വെട്ടിത്തിളങ്ങുന്ന പ്രശാന്തമായ കനാലുകളുടെ തീരത്ത് ലളിത ഗ്രാമീണദൃശ്യങ്ങൾ കാണുകയില്ല. ജലമുഖങ്ങളിൽ പൊയ്ക്കാലുകളിലും മുളകൊണ്ടുള്ള ചങ്ങാടങ്ങളിലും നിർമ്മിതമായിരിക്കുന്ന വീടുകളിൽ മിക്കവയും പൊയ്പോയിരിക്കുന്നു. പകരം, അയാൾ കോൺക്രീററും നിയോൺലൈററുകളും തീരാത്ത ഗതാഗതകുരുക്കുകളും നിറഞ്ഞ ജനബഹുലമായ ഒരു തലസ്ഥാന നഗരം കണ്ടെത്തും. അവിടെ തെരുവിൽ കുറുകെ കടക്കുന്നതുപോലും ക്ലേശകരമായ ഒരനുഭവമായിരിക്കാം. കനാലുകൾ മിക്കതും നികത്തി നഗരറോഡുകൾ നിർമ്മിച്ചിരിക്കുകയാണ്. അതുപോലെ കനാലുകളുടെ വശങ്ങളിലുണ്ടായിരുന്ന വീടുകളുടെ സ്ഥാനത്ത് ഇപ്പോൾ രണ്ടും മൂന്നും നാലും നിലകളുള്ള “വ്യാപാരശാലക”ളാണുള്ളത്.
ബാങ്കോക്ക് അനേക വിധങ്ങളിൽ ഉയർന്ന ഓഫീസ് കെട്ടിടങ്ങളും എയർകണ്ടീഷനുള്ള ഷോപ്പിംഗ് കേന്ദ്രങ്ങളും കൊണ്ടു പൂർണ്ണമായ ഒരു പാശ്ചാത്യസ്വഭാവം സ്വീകരിച്ചിരിക്കുകയാണ്. എന്നാൽ അധുനാതനമായവയ്ക്ക് തൊട്ടടുത്തുതന്നെ പരമ്പരാഗത ബുദ്ധക്ഷേത്രങ്ങളും ദേവാലയങ്ങളും ബലികൂടീരങ്ങളും കാണാം. ഒരു ബുദ്ധവിഹാരത്തിനുള്ളിൽ സന്യാസിമാർ ധ്യാനിക്കുകയും മന്ത്രം ജപിക്കുകയും ചെയ്യുന്നു. ആളുകൾ അൽപ്പം സമാധാനവും ശാന്തിയും കണ്ടെത്താൻ ശ്രമിക്കുന്നു. തൊട്ടുവെളിയിൽ കാറുകളും ശബ്ദമുഖരിതമായ സാംലർകളും (മൂന്നു ചക്രങ്ങളുള്ള തുറന്ന ടാക്സികൾ) മോട്ടോർ സൈക്കിളുകളും ഇടമുറിയാതെ ഒഴുകുകയാണ്, പുകതുപ്പുന്ന ബസ്സുകളും ലോറികളും തെരുവുകളിൽ സ്തംഭനം സൃഷ്ടിക്കുന്നു. അവയിൽ ചിലത് വെറും ഏതാണ്ട് നൂറു വർഷം മുമ്പ് ആന പോകുന്ന വഴിത്താരകളായിരുന്നു.
നഗരത്തിലെ ജനവാസകേന്ദ്രങ്ങളിൽ ആളുകൾ എയർകണ്ടീഷൻ ചെയ്ത, പാശ്ചാത്യരീതിയിലുള്ള ബഹുശാലാഭവനങ്ങളിൽ താമസിക്കുന്നു. എന്നാൽ നഗരപ്രാന്തങ്ങളിലും ദരിദ്രപ്രദേശങ്ങളിലും മിക്കപ്പോഴും പല പരമ്പരാഗത തലമുറകളിലെ കുടുംബങ്ങൾ മരംകൊണ്ടു പണിത ചെറിയ വീടുകളിൽ താമസിക്കുന്നു, സാധാരണയായി മേൽക്കൂരയിൽ ഒരു ററി.വി. ആൻറിനാ ഉണ്ടായിരിക്കുമെങ്കിലും ഗൃഹോപകരണങ്ങൾ അധികം ഉണ്ടായിരിക്കുകയില്ല.
മതപരമായ ജീവിതം
തായ്ലണ്ടുകാരിലെ ഏതാണ്ട് 95 ശതമാനവും ബുദ്ധമതക്കാരാണ്, അതുകൊണ്ട് സന്ദർശകർ ആദ്യം കാണുന്ന സംഗതി പല തട്ടുകളുള്ള കൂർത്ത മേൽക്കൂരകളോടും സമൃദ്ധമായ ആഭരണങ്ങളോടുംകൂടിയ മട്ടച്ചുവരുകൾ സഹിതം നിലകൊള്ളുന്ന തിളങ്ങുന്ന ഒട്ടേറെ ക്ഷേത്രങ്ങൾ അല്ലെങ്കിൽ വാട്ടുകൾ ആയിരിക്കും. രാജ്യത്തെ 30,000 ബുദ്ധവിഹാരങ്ങളിൽ ഏതാണ്ടു 400-ഉം ബാങ്കോക്കിലാണ്. അവയിൽ ഏററം പ്രസിദ്ധമായത് മരതകബുദ്ധക്ഷേത്രമാണ്. അതാണ് രാജകീയ ചാപ്പൽ, പച്ചപ്പളുങ്കുകല്ലുകൊണ്ടു നിർമ്മിച്ച, 61-സെൻറീമീററർ ഉയരമുള്ള ഒരു ബുദ്ധപ്രതിമ അതിനകത്തിരിപ്പുണ്ട്. ഏററവുമധികം പൂജിക്കപ്പെടുന്ന വസ്തുവാണത്. അത് വളരെ പരിശുദ്ധമായി പരിഗണിക്കപ്പെടുന്നതിനാൽ മഴക്കാലത്തിന്റെയും ശീതകാലത്തിന്റെയും വേനൽക്കാലത്തിന്റെയും തുടക്കത്തിൽ അതിന്റെ മൂന്ന് വ്യത്യസ്ത അങ്കികൾ മാറുന്നത് രാജാവുതന്നെയാണ്.
നഗരത്തിലെ ഏററം തിരക്കേറിയ കവലകളിലൊന്നിൽ ബാങ്കോക്കിലെ ഏററം കീർത്തിപ്പെട്ട ദേവാലയം സ്ഥിതിചെയ്യുന്നു. നാലു തലയുള്ള ഹിന്ദുദൈവമായ ബ്രഹ്മാവിന്റെ സ്വർണ്ണം പൂശിയ ഒരു പ്രതിമ അതിനകത്തുണ്ട്. ഇവിടെ തുടക്കം മുതലേ ബുദ്ധമതം ഹിന്ദുമതവുമായി കലർത്തപ്പെട്ടിരിക്കയാണ്.
പൗരസ്ത്യ നിഗൂഢതയുടെ മറെറാരു ഭാഗമാണ് നഗരത്തിലുടനീളമുള്ള അനേകം ബലികുടീരങ്ങൾ. തായ്ലണ്ടുകാർക്ക്, ഓരോ പറമ്പിലും ഒരു രക്ഷകാത്മാവ് അധിവസിക്കുന്നുണ്ട്, അതിനെ പ്രസാദിപ്പിക്കണം. അതുകൊണ്ട്, ഒരു വസതിയായാലും ഹോട്ടലായാലും ഒരു ബാങ്കായാലും ഒരു ഓഫീസ് കോംപ്ലക്സായാലും ഒരു സന്യാസിമഠംപോലുമായാലും ഏത് സൗധത്തോടുംകൂടെ ഒരു ബലികൂടീരം ഉയർത്തപ്പെടുന്നു.
മതപരമായ വിശ്വാസങ്ങളുടെയും ആശയങ്ങളുടെയും ഒരു കൂട്ടിക്കലർത്തൽ തായ്ലണ്ടുകാരുടെ മനോഭാവങ്ങൾക്കും ചിന്തക്കും പല വിധങ്ങളിൽ രൂപം കൊടുത്തിട്ടുണ്ട്. ബുദ്ധമതക്കാർക്ക് ജീവിതം മുഖ്യമായും ദൂരിതപൂർണ്ണമാണെന്നുള്ള വീക്ഷണമുണ്ടെങ്കിലും തായ്ലണ്ടുകാർ സാനുക്കിൽ (ഉല്ലാസം അഥവാ തമാശ) വിശ്വസിക്കുകതന്നെ ചെയ്യുന്നു. ഇത് അവരിൽ സുഖാസക്തവും അലസവുമായ ഒരു ആത്മാവുളവാക്കുന്നു. ചില കാര്യങ്ങളിൽ ഇത് സഹായകമായിരിക്കാമെങ്കിലും ക്രമീകൃതമായ ഗതാഗത ത്തിനോ ആവശ്യമായ നിയമപാലനത്തിനോ അത് തീർച്ചയായും അശേഷം സഹായകമല്ല. മായ് പെൻ റായ് (സാരമില്ല; അതുകൊണ്ടു കുഴപ്പമില്ല) ററ സാബായ് (കാര്യമാക്കേണ്ടതില്ല) എന്നിങ്ങനെയുള്ള മനോഭാവങ്ങൾ സാധനങ്ങൾ ക്രമരഹിതമായി ചിതറിച്ചിടുന്നതിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സഹായിക്കുന്നില്ല, അവ ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണത്തെ പ്രോൽസാഹിപ്പിക്കുന്നുമില്ല.
മറിച്ച്, ദൗർഭാഗ്യങ്ങൾക്കു കാരണം കഴിഞ്ഞകാല കർമ്മ ഫലങ്ങളാണെന്നുള്ള വിശ്വാസം തായ്ലണ്ടുകാർ അസുഖകരമായ സാഹചര്യങ്ങൾ ക്ഷമാപൂർവം സഹിക്കുന്നതിന്റെ കാരണത്തെ വിശദീകരിക്കുന്നതായി തോന്നുന്നു. കർഷകൻ തന്റെ ക്ലേശകരമായ ജീവിതഭാഗധേയത്തിൽ സംതൃപ്തനാണ്. അതുപോലെതന്നെ, നഗരത്തിലെ സാധാരണക്കാരനായ ഡ്രൈവർ തന്റെ മുമ്പിലേക്ക് വണ്ടിയോടിച്ചുകയററുന്ന ആരെക്കുറിച്ചും അശേഷം അസ്വസ്ഥനാകുന്നില്ല. ഉച്ചതിരിഞ്ഞുള്ള പുഴുകുന്ന ചൂടിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കുകളിലൊന്നിൽ ആൾത്തിരക്കുള്ള ഒരു ബസ്സ് അകപ്പെടുമ്പോൾ പോലും അതിലെ യാത്രക്കാർ അസഹ്യപ്പെടുന്നില്ല. ഇതെല്ലാം ഉചിതമായി ജയ് യെൻ (സമചിത്തത) എന്ന് പരാമർശിക്കപ്പെടുന്നു.
മാറിക്കൊണ്ടിരിക്കുന്ന ഒരു നഗരം
പരമ്പരാഗത ജീവിതശൈലി ക്രമേണ അപ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും മൂത്തവരോടുള്ള ആദരവ് ഇപ്പോഴും കുട്ടിപ്രായം മുതലേ ഊന്നിപ്പറയപ്പെടുന്നു. ചെറുപ്പക്കാരായ വിദ്യാർത്ഥികൾ വായ് എന്ന് പറഞ്ഞുകൊണ്ട് കൈകൂപ്പി തലകുനിച്ച് തങ്ങളുടെ അദ്ധ്യാപകരെ അഭിവാദനം ചെയ്യുന്നതു കാണുന്നത് സന്തോഷകരമായ ഒരു കാഴ്ചയാണ്.
പീതാംബരധാരികളായ സന്യാസിമാർ തങ്ങളുടെ പതിവനുസരിച്ചുള്ള പ്രഭാതഭിക്ഷാടനം നടത്തുന്നത് ബാങ്കോക്കിൽ ഒരു പരിചിതകാഴ്ചയാണ്. അനേകം ചെറുപ്പക്കാർ ഇപ്പോഴും പാരമ്പര്യത്തെ ആദരിക്കുകയും ഒരു ഹ്രസ്വകാലഘട്ടത്തിലേക്ക് സന്യാസം സ്വീകരിക്കുകയും ചെയ്യുന്നു—തങ്ങളുടെ മുതലാളിയിൽനിന്ന് പൂർണ്ണശമ്പളം വാങ്ങിക്കൊണ്ട് അവധിയെടുക്കുമ്പോൾത്തന്നെ.
തായ്ലണ്ടിലെ സകല റോഡുകളും തലസ്ഥാനത്തു കൂടിച്ചേരുന്നു. അത് ബാങ്കോക്ക് പോസ്ററ “ഏഷ്യയിലെ—ഒരുപക്ഷേ ലോകത്തിലെതന്നെ—ഏററം തിരക്കു കൂടിയ ഗതാഗതം” എന്നു വിളിക്കുന്നത് വരുത്തിക്കൂട്ടുന്നു. ഈ റോഡുകളിലനേകവും നിർമ്മിച്ചത് നിലവിലുള്ള കനാലുകൾ നികത്തിയാണ്. തൻമൂലം അഴുക്കുചാൽ പ്രശ്നങ്ങളും ഓടയിലെ മലിനവസ്തുക്കളുടെ കൂമ്പാരങ്ങളും കൂടെക്കൂടെയുള്ള വെള്ളപ്പൊക്കവും—വിശേഷിച്ചും വാർഷിക മൺസൂൺകാലത്ത്—ഉണ്ടാകുന്നു.
പ്രശ്നം കൂടുതൽ വഷളാക്കുന്നതിന് ആണ്ടുതോറും നാലിൽപരം സെൻറീമീററർ എന്ന നിരക്കിൽ ബാങ്കോക്ക് താണുകൊണ്ടിരിക്കുകയാണ്! അങ്ങനെ, ഭൂത, വർത്തമാന, കാലങ്ങളുടെ അത്യന്തം മനോജ്ഞമായ ഒരു മിശ്രിതമായ “കിഴക്കൻ വെനീസ്” താമസിയാതെ “കിഴക്കൻ അററ്ലാൻറിസ്” ആയിത്തീരുമോ? (g88 1/8)
[18-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ബാങ്കോക്കിലെ കമ്പോളം
നീണ്ടുകൂർത്ത ചുണ്ടുള്ള ഒരു കൊച്ചുവള്ളത്തിൽ ചന്തയിൽ പോകുന്നതിനെക്കുറിച്ചും മടങ്ങിവരുമ്പോൾ അതുപോലെയുള്ള മററു വള്ളങ്ങളിൽനിന്ന് പഴങ്ങളും പച്ചക്കറികളും വാങ്ങുന്നതിനെക്കുറിച്ചും ചിന്തിക്കുക. അസാധാരണമോ? നിങ്ങൾ പുതുമയുള്ള ബാങ്കോക്കിൽ ജീവിക്കുകയും അവിടത്തെ പൊങ്ങിക്കിടക്കുന്ന കമ്പോളത്തിൽ കൂടെക്കൂടെ പോകുകയും ചെയ്യുന്നുവെങ്കിൽ അസാധാരണമല്ല.
വികസിച്ചുവരുന്ന ഈ പ്രധാന നഗരത്തിൽ ആധുനിക സ്റൈറലിലുള്ള കമ്പോളങ്ങളുമുണ്ടെന്നുള്ളത് സത്യം തന്നെ. എന്നാൽ ബാങ്കോക്കിലെ ക്ലോംഗുകളിൽ അഥവാ കനാലുകളിൽ സ്ഥിതിചെയ്യുന്ന ചന്തയേക്കാൾ ഹൃദയഹാരിയായ മറെറാന്നുമില്ല. ഈ കനാലുകൾ ഈ തലസ്ഥാനനഗരിയെ ഒരു ജലാശയ നെററ്വർക്ക് കൊണ്ട് അലങ്കരിക്കുന്നു.
പൊങ്ങിക്കിടക്കുന്ന കമ്പോളത്തിൽ വിസ്താരമുള്ള ലാമ്പ്ഷേഡുകൾ പോലുള്ള തൊപ്പികൾകൊണ്ടു പൂർണ്ണമാക്കിയ പരമ്പരാഗതവേഷമണിഞ്ഞ വനിതാബോട്ടുയാത്രക്കാരെ നിങ്ങൾ കാണുന്നു. മുളത്തൊപ്പിധാരികളായ ഈ കച്ചവടക്കാർ ആകാംക്ഷാഭരിതരായ പതിവുകാർക്ക് തങ്ങളുടെ ചരക്കുകൾ കൊണ്ടുനടന്നു വിൽക്കുന്നു. ഒരു വള്ളം നിറയെ മധുരമുള്ള ഉഷ്ണമേഖലാപഴങ്ങളാണ്; മറെറാന്നിൽ സമൃദ്ധി വിളിച്ചോതുന്ന കായ്കറിസസ്യങ്ങളാണ്. അടുത്തതിൽ കടൽഭക്ഷ്യങ്ങളുടെ ഒരു മിശ്രിതമാണ്.
ഈ ഷോപ്പിംഗെല്ലാം നിങ്ങളെ വിശപ്പും ദാഹവുമുള്ളവരാക്കുന്നുവെങ്കിൽ വ്യാകുലപ്പെടരുത്. ഒരു വള്ളത്തിനടുത്തേക്കുതന്നെ തുഴഞ്ഞുചെല്ലുക. അവിടെ ഒരു മുഖ്യ പാചകക്കാരി മസാലയുടെ വശ്യമായ സുഗന്ധംപരത്തുന്ന ഒരു ഭക്ഷ്യപാത്രത്തിങ്കൽ കാത്തുനിൽക്കുന്നു. അവൾ അത്യന്തം ആസ്വാദ്യമായ ചില ഭോജ്യങ്ങൾ പാചകം ചെയ്യുകയാണ്. ഒന്നു വാങ്ങി തിന്നുനോക്കുക! അല്ലെങ്കിൽ ക്ലോംഗിന്റെ മറുതീരത്തെ വള്ളത്തിങ്കലേക്ക് തെന്നിനീങ്ങുക. അവിടെ തണുത്ത പഴവർഗ്ഗപാനീയങ്ങൾ വിൽക്കാൻ വെച്ചിട്ടുണ്ട്. നിങ്ങൾ കീഴും മേലുമായി ചലിക്കുന്ന വള്ളങ്ങളുടെ ഗതാഗതകുരുക്കിൽനിന്ന് സാവധാനത്തിൽ മാറിപ്പോകുമ്പോൾ അവ നിങ്ങളുടെ ദാഹം ശമിപ്പിക്കും.
[കടപ്പാട്]
Tourism Authority of Thailand
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photos: Tourism Authority of Thailand