മേഘങ്ങൾ—അവ ഒരു കഥ പറയുന്നു
“താഴ്വാരങ്ങൾക്കും കുന്നുകൾക്കും മീതെ പാറി നടക്കുമൊരു മേഘംപോൽ അലഞ്ഞുനടന്നു ഞാൻ ഏകാന്തനായ്”—വില്ല്യം വേഡ്സ്വർത്ത്, 1804
പുരാതന കാലത്തെയും ആധുനിക കാലത്തെയും കവികൾ പ്രചോദനത്തിനുവേണ്ടി ആകാശത്തിലേക്കും മേഘങ്ങളിലേക്കും തിരിഞ്ഞിട്ടുണ്ട്. ഏതുതരം കാലാവസ്ഥയാണ് പ്രതീക്ഷിക്കാവുന്നത് എന്ന് കാണേണ്ടതിന് നഗരവാസികൾ പോലും ആകാശത്തിലേക്ക് നോക്കുന്നു. പരിജ്ഞാനമുള്ള നാട്ടിൻപുറത്തുകാരൻ “രാത്രിയിലെ ചെമ്മാനം ഇടയന്റെ സന്തോഷം, പ്രഭാതത്തിലെ ചെമ്മാനം ഇടയന് മുന്നറിയിപ്പ്” എന്ന പഴഞ്ചൊല്ല് ഓർമ്മിക്കുന്നു. അത് വെറുമൊരു കെട്ടുകഥയാണോ? അല്ല, അത് സൂര്യന്റെ പ്രതിഫലനത്തിൽ നല്ലതോ ചീത്തയോ ആയ കാലാവസ്ഥയെ അർത്ഥമാക്കാൻ കഴിയുന്ന മേഘങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
വ്യത്യസ്ത ആകൃതിയിലും രൂപസംവിധാനത്തിലുമുള്ള മേഘങ്ങളുണ്ട്. അവ ഒരു കഥ പറയുന്നു. ആകാശത്തിൽ കൂടുതൽ കൂടുതൽ ഉയരത്തിലേക്ക് അടുക്കുകളായി ഉയർന്നു നിൽക്കുന്നതായി തോന്നുന്ന മേഘങ്ങളുണ്ട്. “കൂന” അല്ലെങ്കിൽ “കൂമ്പാരം” എന്നതിന്റെ ലത്തീൻ പദത്തിൽനിന്ന് അവ മിക്കപ്പോഴും ക്യുമുളസ് മേഘങ്ങൾ എന്ന് വിളിക്കപ്പെടുന്നു. മഴയ്ക്കുള്ള ക്യുമുളസ് മേഘങ്ങളാണെങ്കിൽ അവ ഇരുണ്ടവയോ ചാരനിറത്തിലുള്ളവയോ ആയിരിക്കും. “മഴ” എന്നതിന്റെ ലത്തീൻ പദം നിമ്പോ ആയതിനാൽ അവ അപ്പോൾ ക്യുമുളോനിമ്പസ് എന്ന് വിളിക്കപ്പെടുന്നു.
ആകാശത്തിൽ വളരെ ഉയരത്തിൽ ചുരുണ്ട നേരിയ തൂവലുകൾപോലെ കാണപ്പെടുന്ന മേഘങ്ങളെസംബന്ധിച്ചെന്ത്? മിക്ക മേഘങ്ങളെയും പോലെ മുഖ്യമായും ജലകണികകളാൽ നിർമ്മിതമായിരിക്കുന്നതിനുപകരം ഇവയുടെ ഉയരം നിമിത്തം ഇവ ഐസ് കണികകളാൽ നിർമ്മിതമാണ്. “ചുരുൾ” എന്നർത്ഥം വരുന്ന ലത്തീൻ പദത്തിൽനിന്ന് ഇവ സൈറസ് എന്ന് വിളിക്കപ്പെടുന്നു. മഞ്ഞും മഴയും പെയ്യുന്നതിനിടയാക്കുന്നതും താഴ്ന്ന് ആകാശത്തിൽ നിറഞ്ഞുകിടക്കുന്നതുമായ മേഘങ്ങൾ സ്റ്രറാററസ് (പാളികളായുള്ള) എന്ന് വിളിക്കപ്പെടുന്നു. എന്തുകൊണ്ടെന്നാൽ അവ ആകാശത്തിനു കുറുകെ ഒരു പുതപ്പുപോലെ അല്ലെങ്കിൽ ഒരു പാളിപോലെ തങ്ങിനിൽക്കുന്നു.
ഈ അടിസ്ഥാന ഇനങ്ങളിൽതന്നെ പല വ്യത്യാസങ്ങളുമുണ്ട്. നമ്മുടെ പ്രദേശത്ത് നാം കാണുന്നത് ഏതുതരം മേഘങ്ങളായിരുന്നാലും ആകാശത്തിൽ കാണപ്പെടുന്ന ഈ വൈവിധ്യങ്ങൾ സംബന്ധിച്ച് നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാം. ആകാശത്തിൽ മേഘങ്ങൾ കാണപ്പെടുന്ന ഒരു ഫോട്ടോയും മേഘങ്ങളില്ലാത്ത ഒരു ഫോട്ടോയും താരതമ്യം ചെയ്യുക. സാധാരണയായി അതിൽ ഏതാണ് മെച്ചമെന്ന് നിങ്ങൾ പെട്ടെന്നുതന്നെ തിരിച്ചറിയും.
എന്നാൽ മേഘങ്ങൾ എങ്ങനെയുണ്ടാകുന്നു? അതു മറെറാരു സന്ദർഭത്തിലേക്കുള്ള ഒരു വിഷയമാണ്. എന്നിരുന്നാലും അടുത്തപ്രാവശ്യം നിങ്ങൾ മേഘങ്ങൾ കാണുമ്പോൾ എലീഹൂവിന്റെ വാക്കുകൾ ഓർമ്മിക്കുക. “ആകാശത്തിലേക്ക് നോക്കി മേഘങ്ങളെ കാണുക, അവ തീർച്ചയായും നിന്നെക്കാൾ ഉയരത്തിലാണ്.” (ഇയ്യോബ് 35:5) അപ്പോൾ അവയുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തെ ഓർക്കുക.
[17-ാം പേജിലെ ചിത്രങ്ങൾ]
വലത്ത്: സൈറസ് മേഘങ്ങൾ
താഴെ: സൂര്യോദയത്തിലെ സ്റ്രറാറേറാ ക്യുമുളസ് മേഘങ്ങൾ
മുകളിൽ: ക്യുമുളസ് മേഘങ്ങൾ
ഇടത്ത്: ക്യുമുളോനിമ്പസ് മേഘങ്ങളിൽ കൊടുങ്കാററ് രൂപംകൊള്ളുന്നു.