ആകാശത്തിനു നീലവർണ്ണം എന്തുകൊണ്ട്?
വിസ്തൃതമായ ബാഹ്യാകാശ മേഖലകൾ അന്ധകാര നിബിഢമാണ്. നാം ആകാശം എന്നു വിളിക്കുന്നത് ഭൂമിയെ വലയം ചെയ്യുന്ന അന്തരീക്ഷത്തെയാണ്; മാനുഷ നേത്രങ്ങൾക്കു ഗോചരമായ ബാഹ്യാകാശ മേഖല തന്നെ. ഈ വിശാലമായ വിഹായസ്സിലേക്കു നോക്കിക്കൊണ്ട് അനേകർ അതിശയത്തോടെ ചോദിച്ചിട്ടുണ്ട്, ‘ആകാശത്തിനു നീലവർണ്ണം എന്തുകൊണ്ട്?’ എന്തുകൊണ്ട് ദൃശ്യ വർണ്ണരാജിയിലെ മററ് അടിസ്ഥാന വർണ്ണങ്ങളായ വയലറേറാ പച്ചയോ മഞ്ഞയോ ഓറഞ്ചോ ചുവപ്പോ ആയിരിക്കുന്നില്ല?
ദൃശ്യ വർണ്ണരാജിയിൽ വ്യത്യസ്ത വർണ്ണങ്ങളായി കാണപ്പെടുന്ന വിവിധ തരംഗ ദൈർഘ്യങ്ങളുള്ള പ്രകാശ രശ്മികൾ സൂര്യപ്രകാശത്തിലടങ്ങിയിരിക്കുന്നു. ഈ പ്രകാശ തരംഗങ്ങളിൽ ഏററവും ദൈർഘ്യമുള്ളവ ചുവപ്പും ഏററവും ദൈർഘ്യം കുറഞ്ഞവ നീലയും അഥവാ വയലററും ആണ്. നമ്മുടെ അന്തരീക്ഷത്തിലെ വാതകതൻമാത്രകൾ ഹ്രസ്വ തരംഗ ദൈർഘ്യമുള്ള പ്രകാശത്തെ, അതായത് നീലയെ കൂടുതൽ തരംഗ ദൈർഘ്യമുള്ളവയേക്കാൾ അതായത് ചുവപ്പിനെക്കാൾ അധികമായി വിസരിപ്പിക്കുന്നു. തത്ഫലമായി ആകാശത്തിന് നീല വർണ്ണം കൈവരുന്നു. ധൂളിപടലങ്ങൾ പോലെയുള്ള അസംഖ്യം ഖരപദാർത്ഥ കണികകൾ അടങ്ങുന്ന വായു മണ്ഡലം ഒരു കണ്ണാടിയിൽ പ്രതിഫലിപ്പിക്കപ്പെടുന്നതുപോലെയുള്ള ദൃശ്യതയുടെ ഒരു പ്രത്യക്ഷത നൽകിക്കൊണ്ട് പ്രകാശത്തെ വിസരിപ്പിക്കുന്നു.
സൂര്യൻ ചക്രവാളത്തിന് സമീപമായിരിക്കുമ്പോൾ നമ്മുടെ കണ്ണുകളിലേക്കെത്തിച്ചേരാൻ സൂര്യപ്രകാശം ഏറെ അളവ് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നു. അപ്പോൾ ദീർഘ തരംഗങ്ങൾ ഹ്രസ്വ തരംഗങ്ങളെക്കാൾ മെച്ചമായി നുഴഞ്ഞു സഞ്ചരിക്കുന്നു. അങ്ങനെ ആകാശം കടുത്ത ഓറഞ്ചും ചുവപ്പും കലർന്ന വർണ്ണം പ്രാപിക്കുന്നു. വായുവിലുള്ള ഖരകണികകൾ ഈ ചുവക്കലിനു കരുത്തേകുന്നു. സമാനമായി ധൂമ പടലങ്ങളോ സാന്ദ്രമായ മേഘങ്ങളോ ആകാശത്തിൽ നിറയുമ്പോൾ സർവവർണ്ണത്തിലുള്ള പ്രകാശ തരംഗങ്ങൾക്കും പ്രകീർണ്ണനം സംഭവിക്കുന്നു. അതിന്റെ ഫലമായി ആകാശം ചാര നിറത്തിൽ കാണപ്പെടുന്നു.
അന്തരീക്ഷാകാശങ്ങളിൽ ദൈവം പ്രകാശത്തെ ഉപയോഗിക്കുന്നതിന്റെ ഈ ഗംഭീരപ്രകടനം നമ്മെ സങ്കീർത്തനക്കാരന്റെ വാക്കുകൾ അനുസ്മരിപ്പിക്കുന്നു: “ആകാശങ്ങൾ ദൈവത്തിന്റെ മഹത്വത്തെ ഘോഷിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ വർണ്ണിക്കുന്നു.”—സങ്കീർത്തനം 19:1. (g90 8/22)