നമ്മുടെ അമൂല്യ അന്തരീക്ഷം
ആയിരത്തിത്തൊള്ളായിരത്തറുപത്തൊന്ന് മേയ് 4-ന് മാൽകം റോസും വിക്ക് പ്രതറും 34.6 കിലോമീററർ ഉയരത്തിലേക്കു യാത്രചെയ്യുകയുണ്ടായി. അന്ന്, ഒരു പുതിയ റെക്കോർഡ് സ്ഥാപിക്കുന്നത് റോസിന് വലിയ കാര്യമല്ലായിരുന്നു. വെനീഷൻ ബ്ലൈൻഡ് ശ്രദ്ധാപൂർവം നീക്കി ആദ്യമായി ഗോണ്ടലയിൽനിന്നു പുറത്തേക്കു നോക്കിയപ്പോൾ കണ്ട ആ ദൃശ്യമാണ് അദ്ദേഹത്തിനു മതിപ്പുളവാക്കിയത്.
“ഞങ്ങൾ 30,500 മീററർ ഉയരത്തിലെത്തിയപ്പോൾ കണ്ട ആ കാഴ്ച അതിഗംഭീരമായിരുന്നു,” അദ്ദേഹം അനുസ്മരിക്കുന്നു. അന്തരീക്ഷത്തിലെ വ്യത്യസ്ത പാളികളെ കുറിക്കുന്ന വർണങ്ങൾകണ്ട് റോസ് വിസ്മയിച്ചുപോയി. ഭൂമിയിൽനിന്ന് ഏതാണ്ട് 16 കിലോമീററർവരെ ഉയരത്തിൽ കാണപ്പെടുന്ന “തിളങ്ങുന്നതും വെള്ളകലർന്ന നീലനിറമുള്ളതുമായ” ട്രോപ്പോസ്ഫിയർ ആണ് ആദ്യത്തേത്. പിന്നെ, ശൂന്യാകാശത്തിന്റെ കറുപ്പുമായി ഒടുവിൽ ചേരുന്നതുവരെ ഇരുണ്ടിരുണ്ടുവരുന്ന കടുംനീല സ്ട്രാറേറാസ്ഫിയർ ഉണ്ട്. “അന്തരീക്ഷത്തിന്റെ അഭൗമ സൗന്ദര്യംകണ്ട് ഞങ്ങൾ നിശ്ശബ്ദതയിൽ അത്ഭുതംകൂറിനിന്നു,” നാഷണൽ ജിയോഗ്രഫിക്കിൽ റോസ് എഴുതി.
തീർച്ചയായും, നമ്മുടെ മനോഹര അന്തരീക്ഷം വീക്ഷിക്കേണ്ട ഒന്നുതന്നെ.
ജീവൻ പരിരക്ഷിക്കുന്നു
ഭൂമിയെ ഏതാണ്ട് 80 കിലോമീററർ ഉയരത്തിൽ വലയം ചെയ്യുന്ന ഒരു വായു സമുദ്രമാണ് ഫലത്തിൽ നമ്മുടെ അന്തരീക്ഷം. 50 കോടി കോടി ടണ്ണിലധികം തൂക്കം വരുന്ന അത് സമുദ്ര നിരപ്പിൽ ചതുരശ്ര സെൻറിമീറററിന് 1.03 കിലോഗ്രാം ബലം നമ്മുടെ തലമേൽ ചെലുത്തുന്നു. അതുകൂടാതെ നമുക്കു ജീവിച്ചിരിക്കാനാവില്ല, കാരണം ഈ വായു സമ്മർദമാണ് നമ്മുടെ ശരീരദ്രാവകങ്ങൾ ബാഷ്പീകരിച്ചു പോകുന്നതിനെ തടയുന്നത്. മനുഷ്യജീവന്റെ നിലനിൽപ്പിന് മതിയായ അളവിലുള്ള വായുസമ്മർദം അന്തരീക്ഷത്തിന്റെ മുകൾഭാഗത്തില്ല. അതുകൊണ്ട് റോസിനും പ്രതറിനും മർദം ചെലുത്തിയിട്ടുള്ള ബഹിരാകാശ വസ്ത്രങ്ങൾ ധരിക്കേണ്ടിവന്നു. “കൃത്രിമ മർദമില്ലെങ്കിൽ നമ്മുടെ രക്തം തിളയ്ക്കുകയും രക്തവാഹിനികളും അവയവങ്ങളും പൊട്ടുകയും ചെയ്യും,” റോസ് വിവരിച്ചു.
തീർച്ചയായും, ശ്വസനം തുടരാനും നമുക്ക് ഈ വായു സമുദ്രം ആവശ്യമാണ്. എങ്കിലും കാണാൻ കഴിയാത്തതുകൊണ്ട് നമ്മിൽ പലരും അതിനെ നിസ്സാരമായി എടുക്കുന്നു. പുരാതന കാലത്തെ ഒരു മതഭക്തൻ വിലമതിപ്പോടെ ഇപ്രകാരം പറയുകയുണ്ടായി: “[ദൈവം] എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കു”ന്നു.—പ്രവൃത്തികൾ 17:24, 25.
നമ്മുടെ അന്തരീക്ഷമില്ലെങ്കിൽ വായുവിലെ പൊടിയെ അതിനുചുററും വെള്ളത്തുള്ളികൾ രൂപീകൃതമാകത്തക്കവിധം ഉയരത്തിൽ പിടിച്ചുനിർത്താൻ ഒരു മാധ്യമവും ഉണ്ടാവില്ലായിരുന്നു. അങ്ങനെ മഴയും ഉണ്ടായിരിക്കുമായിരുന്നില്ല. നമ്മുടെ അന്തരീക്ഷത്തിൽ അതില്ലായിരുന്നെങ്കിലോ സൂര്യന്റെ നേരിട്ടുള്ള കിരണങ്ങളേററ് നാം കരിഞ്ഞും രാത്രിയിൽ മരവിച്ചും പോകുമായിരുന്നു. രാത്രിയിൽ അമിതമായ തണുപ്പ് അനുഭവപ്പെടാതിരിക്കത്തക്കവണ്ണം സൂര്യന്റെ ചൂടിൽ കുറച്ച് തടഞ്ഞുനിർത്തിക്കൊണ്ട് അന്തരീക്ഷം ഒരു കമ്പിളിപുതപ്പുപോലെ വർത്തിക്കുന്നതിൽ നാം നന്ദിയുള്ളവരാണ്.
അതുമാത്രമല്ല, ഭൂമിയിലെ നിവാസികൾക്ക് ഉപദ്രവം ചെയ്യുന്ന ഉൽക്കകളിൽനിന്ന് അന്തരീക്ഷം സംരക്ഷണം നൽകുന്നു. “ബാഹ്യാകാശത്തിൽ നിന്നുള്ള ഖരവസ്തുക്കൾ ഓരോ ദിവസവും അന്തരീക്ഷത്തിന്റെ ബാഹ്യാതിർത്തിയിൽ അനേകായിരം ടൺ ഭാരത്തോടെ വന്നെത്തുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു”വെന്ന് അന്തരീക്ഷവുമായി പരിചയപ്പെടൽ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഹെർബെർട്ട് റിൽ വിശദീകരിക്കുന്നു. എന്നാൽ മിക്ക ഉൽക്കകളും ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിനുമുമ്പ് അന്തരീക്ഷത്തിൽവെച്ചു ശിഥിലമാക്കപ്പെടുന്നു.
അന്തരീക്ഷം നമ്മുടെ ജീവിതത്തിന് ആസ്വാദ്യത കൂട്ടുന്നു. അതു നമുക്ക് മനോഹരമായ നീലാകാശങ്ങളും പഞ്ഞിപോലത്തെ വെള്ളിമേഘങ്ങളും ഉൻമേഷദായകമായ മഴയും സൂര്യന്റെ ശോഭായമാനമായ ഉദയാസ്തമയങ്ങളും കാഴ്ചവെക്കുന്നു. ഇനിയും, അന്തരീക്ഷമില്ലായിരുന്നെങ്കിൽ നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരുടെ ശബ്ദം കേൾക്കാനാവില്ലായിരുന്നു, നമുക്കിഷ്ടപ്പെട്ട സംഗീതവും ശ്രവിക്കാനാവില്ലായിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ശബ്ദതരംഗങ്ങൾക്കു സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്. വായു ഏററവും നല്ല ശബ്ദവാഹിയാണ്. ബാഹ്യാകാശത്തിൽ ശബ്ദം കേൾക്കാനാവില്ലല്ലോ.
ഒരു അത്ഭുത മിശ്രിതം
പുരാതന നാളുകളിൽ മനുഷ്യർ അന്തരീക്ഷത്തെ ഒരൊററ പദാർഥമായാണു വീക്ഷിച്ചത്. എന്നാൽ അത് മുഖ്യമായും നൈട്രജനും ഓക്സിജനും എന്നു പറയുന്ന രണ്ടു പൂരക വാതകങ്ങളാൽ നിർമിതമാണെന്ന് പിന്നീട് 18-ാം നൂററാണ്ടിന്റെ അവസാനത്തിൽ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചു. അന്തരീക്ഷത്തിന്റെ ഏതാണ്ട് 78 ശതമാനം നൈട്രജനും 21 ശതമാനം ഓക്സിജനും ബാക്കി 1 ശതമാനം ആർഗൺ, ജലബാഷ്പം, കാർബൺഡൈ ഓക്സൈഡ്, നിയോൺ, ഹീലിയം, ക്രിപ്റേറാൺ, ഹൈഡ്രജൻ, സിനോൺ, ഓസോൺ തുടങ്ങിയ വാതകങ്ങളുമാണ്.
നമ്മുടെ ശരീരം ശ്വസനത്തിലൂടെ ഉള്ളിലേക്കെടുത്ത് പ്രാണനെ നിലനിർത്തുന്ന വായുവാണ് തീർച്ചയായും ഓക്സിജൻ. നമ്മുടെ അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് ഭൂമിയിലെ ജീവന് തികച്ചും പററിയതാണ്. അത് കാര്യമായി കുറഞ്ഞുപോയാൽ നമുക്ക് മന്ദത അനുഭവപ്പെടുകയും ഒടുവിൽ ബോധം നഷ്ടമാകുകയും ചെയ്യും. അതിന്റെ അളവ് വല്ലാതെ കൂടിപ്പോകുന്നെങ്കിലോ നനഞ്ഞ വൃക്ഷച്ചില്ലകളും കാട്ടുപുല്ലുകളും പോലും കത്തുമെന്നു പറയപ്പെട്ടിരിക്കുന്നു.
നൈട്രജൻ ഓക്സിജന്റെ ഒരു പരിപൂർണ ലായകമാണ്. എന്നിട്ടും അത് ജീവന്റെ നിലനിൽപ്പിൽ ഏറെക്കുറെ ക്രിയാത്മകമായ ഒരു പങ്കുവഹിക്കുന്നു. ജീവിക്കണമെങ്കിൽ എല്ലാ ജീവികൾക്കും അത് ആവശ്യമാണ്. മിന്നലിന്റെയും ഒരു പ്രത്യേക വർഗം ബാക്ടീരിയയുടെയും സഹായത്തോടെ ചെടികൾക്ക് നൈട്രജൻ അന്തരീക്ഷത്തിൽനിന്നു ലഭിക്കുന്നു. അങ്ങനെ നമുക്ക് നാം കഴിക്കുന്ന ആഹാരത്തിൽനിന്നു നൈട്രജൻ ലഭിക്കുന്നു.
നമ്മുടെ അന്തരീക്ഷം ഓക്സിജന്റെയും നൈട്രജന്റെയും കൃത്യ അനുപാതം നിലനിർത്തിപ്പോരുന്നത് ഒരത്ഭുതമാണ്. അതിസൂക്ഷ്മ ജീവികളുടെ വിലയേറിയ പ്രവർത്തനത്തിന്റെ ഫലമായി നൈട്രജൻ അന്തരീക്ഷത്തിലേക്കു തിരിച്ചുചെല്ലുന്നു. ഓക്സിജനെ സംബന്ധിച്ചെന്ത്? തീ കത്തിക്കാനും മനുഷ്യരുടെയും മൃഗങ്ങളുടെയും ശ്വസനത്തിനുമായി അതു വലിയ അളവുകളിൽ ഉപയോഗിക്കപ്പെടുന്നു. എന്നിട്ടും അന്തരീക്ഷം 21 ശതമാനം എന്ന അളവ് നിലനിർത്തുന്നു. എങ്ങനെ? പച്ചിലകളിലും ആൽഗകളിലും നടക്കുന്ന ഒരു രാസപ്രക്രിയയായ പ്രകാശസംശ്ലേഷണത്തിലൂടെ. ഈ പ്രക്രിയ അന്തരീക്ഷത്തിലേക്ക് ഓരോ ദിവസവും ശതകോടി ടണ്ണിലധികം ഓക്സിജനെ പുറത്തുവിടുന്നു.
പ്രകാശസംശ്ലേഷണം കാർബൺഡൈ ഓക്സൈഡ് ഇല്ലാതെ നടക്കുകയില്ല. അന്തരീക്ഷത്തിൽ 0.03 ശതമാനം മാത്രമുള്ള ഒരു നാമമാത്ര വാതകമാണ് കാർബൺഡൈ ഓക്സൈഡ്. വളരാനും പഴങ്ങൾ, പരിപ്പുകൾ, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവ ഉത്പാദിപ്പിക്കാനുമായി സസ്യങ്ങൾ പ്രകാശത്തോടൊപ്പം കാർബൺഡൈ ഓക്സൈഡിനെയും ആശ്രയിക്കുന്നു. നമ്മുടെ ഗ്രഹത്തെ ചൂടുള്ളതാക്കി നിർത്തത്തക്കവണ്ണം കാർബൺഡൈ ഓക്സൈഡ് ചൂടിനെ ഭൂമിയിലേക്കു തിരിച്ചു പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ തടി, കൽക്കരി, വാതകം, എണ്ണ എന്നിവയുടെ അമിത കത്തിക്കൽ വഴി കാർബൺഡൈ ഓക്സൈഡിന്റെ അളവ് വർധിച്ചിരുന്നെങ്കിൽ ഒടുവിൽ ജീവൻ നിലച്ചുപോകത്തക്കവിധം ഭൂമിയിലെ ഊഷ്മാവ് അത്രമാത്രം കൂടിപ്പോകുമായിരുന്നു. അതേസമയം കാർബൺഡൈ ഓക്സൈഡ് തീരെ കുറഞ്ഞുപോകുന്നെങ്കിൽ പ്രകാശസംശ്ലേഷണം നിലയ്ക്കുകയും നാം പട്ടിണി കിടക്കുകയും ചെയ്യും.
ഭൂമിയിലെ ജീവൻ ആശ്രയിച്ചിരിക്കുന്ന മറെറാരു നാമമാത്ര വാതകമാണ് ഓസോൺ. അന്തരീക്ഷത്തിന്റെ മുകൾഭാഗമായ സ്ട്രാറേറാസ്ഫിയറിലുള്ള ഓസോൺ സൂര്യനിൽ നിന്നുള്ള അൾട്രാവയലററ് കിരണങ്ങളെ ആഗിരണം ചെയ്യുന്നു. അങ്ങനെ ഭൂമിയിലുള്ള നാം ഈ ഉപദ്രവകരമായ അൾട്രാവയലററ് കിരണങ്ങളിൽനിന്നു സംരക്ഷിക്കപ്പെടുന്നു.
അന്തരീക്ഷത്തെക്കുറിച്ച് നാം എത്ര കൂടുതൽ അറിയുന്നുവോ അത്ഭുതപ്പെടാനുള്ള കാരണവും അത്ര കൂടുതലായിരിക്കും. അതിലെ നൈട്രജന്റെയും ഓക്സിജന്റെയും മററു നാമമാത്ര വാതകങ്ങളുടെയും സംയോജനം വളരെ കൃത്യമാണ്. ഭൂമിയുടെ വലിപ്പവും സമനില നിലനിർത്താൻ പററിയതാണ്. ഭൂമി ചെറുതോ അതിന്റെ ഭാരം കുറവോ ആയിരുന്നെങ്കിൽ അതിന്റെ ഗുരുത്വാകർഷണം തീരെ കുറഞ്ഞുപോകുകയും നമ്മുടെ അമൂല്യ അന്തരീക്ഷത്തിന്റെ നല്ലൊരു ഭാഗം ബാഹ്യാകാശത്തിലേക്ക് എടുക്കപ്പെടുകയും ചെയ്യുമായിരുന്നു.
“അതേസമയം ഭൂമിയുടെ പിണ്ഡം ഇപ്പോൾ ആയിരിക്കുന്നതിനെക്കാൾ അൽപ്പം കൂടിയിരുന്നെങ്കിൽ വർധിച്ച ഗുരുത്വാകർഷണ ബലം നിമിത്തം വാതകങ്ങളുടെ ഒരു വലിയ അളവ് ഇവിടെ തങ്ങുമായിരുന്നു. . . . അന്തരീക്ഷത്തിലെ വാതകങ്ങൾ തമ്മിലുള്ള സൂക്ഷ്മ സമനില താളംതെററുമായിരുന്നു,” ജീവ പരിസ്ഥിതി (ഇംഗ്ലീഷ്) എന്ന ശാസ്ത്ര പാഠപുസ്തകം പ്രസ്താവിക്കുന്നു.
എന്നാൽ ദുഃഖകരമെന്നു പറയട്ടെ, മമനുഷ്യന്റെ ആധുനിക ജീവിത ശൈലി നിമിത്തം ഈ “സൂക്ഷ്മ സമനില” താളംതെററുകയാണ്. ഈ സാഹചര്യം എത്ര ഗുരുതരമാണ്, നമ്മുടെ അമൂല്യ അന്തരീക്ഷം നാശത്തിൽനിന്നു സംരക്ഷിക്കപ്പെടുമെന്നുള്ളതിന് എന്തു പ്രത്യാശയാണുള്ളത്?
[5-ാം പേജിലെ ചതുരം]
സൂര്യാസ്തമയങ്ങൾക്കു മനോഹാരിതയേറുമ്പോൾ
ആകാശത്തിന്, കൺകുളിർക്കുന്ന ഒരു നീലിമ ലഭിക്കത്തക്കവിധമാണ് അന്തരീക്ഷം സൂര്യകിരണങ്ങളെ പ്രതിഫലിപ്പിക്കുന്നത്. പകലോൻ ചക്രവാളസീമയിലേക്ക് ഊളിയിടുമ്പോൾ അതിന്റെ കിരണങ്ങൾക്ക് അന്തരീക്ഷത്തിൽക്കൂടി കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്നു. ഇത് ഉജ്ജ്വലനിറങ്ങളുടെ ഒരു വൈവിധ്യം തന്നെ സൃഷ്ടിക്കുന്നു. നഗരവാസികൾ അവ ഒരിക്കലും കാണാനിടയില്ല.
വ്യവസായ നഗരങ്ങൾക്കു മീതെയുള്ള സൂര്യാസ്തമയങ്ങൾ സാധാരണ മങ്ങിയതും ചെമപ്പിന്റെ വർണഭേദങ്ങളൊഴികെ മററു നിറങ്ങളൊന്നും ഇല്ലാത്തതുമാണ്. പ്രദേശം വല്ലാതെ മലിനീകൃതമാണെങ്കിൽ “സൂര്യൻ ഒരു മങ്ങിയ ചെമപ്പു തകിടായി പ്രത്യക്ഷപ്പെട്ടിട്ട് ചക്രവാളത്തിൽ എത്തുന്നതിനു മുമ്പുതന്നെ മങ്ങിപ്പോകുന്നു” എന്ന് ന്യൂ സയൻറിസ്ററ് എന്ന ജേർണൽ നിരീക്ഷിക്കുന്നു.
“അസാധാരണമാംവിധം വ്യക്തവും മാലിന്യവിമുക്തവുമായ ഒരു അന്തരീക്ഷത്തിൽ സൂര്യാസ്തമയ വർണങ്ങൾ വിശേഷാൽ ഉജ്ജ്വലമാണ്. സൂര്യൻ നല്ല മഞ്ഞയും ചുററുമുള്ള ആകാശം ഓറഞ്ചിന്റെയും മഞ്ഞയുടെയും വർണഭേദങ്ങൾ ഉള്ളതുമായിരിക്കും. സൂര്യൻ ചക്രവാളത്തിനു താഴേക്കു മറയുമ്പോൾ വർണങ്ങൾ സാധാരണമായി ഓറഞ്ചിൽനിന്നു നീലയായി ക്രമേണ മാറുന്നു. സൂര്യൻ മറഞ്ഞുകഴിഞ്ഞാലും താഴെയുള്ള മേഘങ്ങൾ സൂര്യപ്രകാശം പ്രതിഫലിപ്പിച്ചുകൊണ്ടേയിരിക്കും.”
മാലിന്യവിമുക്തമായ ഒരു ലോകത്തിൽ ആസ്വദിക്കാൻ കഴിയുന്ന മനോജ്ഞമായ സൂര്യാസ്തമയങ്ങളുടെ വൈവിധ്യത്തെക്കുറിച്ചൊന്നു സങ്കൽപ്പിക്കുക!—വെളിപ്പാടു 21:3-5.