നമ്മുടെ അന്തരീക്ഷം സംരക്ഷിക്കപ്പെടുന്ന വിധം
നമ്മുടെ ആകാശത്തെ മാലിന്യംകൊണ്ടു നിറയ്ക്കുന്നത് മനുഷ്യർ മനസ്സോടെ നിർത്തിക്കൊള്ളുമോ? നമ്മുടെ അന്തരീക്ഷം സംരക്ഷിക്കപ്പെടാൻ പോകുന്നത് അങ്ങനെയായിരിക്കുമോ?
അല്ല, നമ്മുടെ അമൂല്യ അന്തരീക്ഷത്തിന്റെ സംരക്ഷണം മലിനീകരണവിരുദ്ധ മാർഗങ്ങൾക്കു മനുഷ്യൻ വഴങ്ങുന്നതിനെ ആശ്രയിച്ചിരിക്കുന്നില്ല. പകരം, ശുദ്ധമായ ഒരു അന്തരീക്ഷത്തെയും ഭൂമിയെയും ആനയിക്കുന്നത് പരമോന്നത അധികാരം കൈമുതലായുള്ള ഒരുവന്റെ ഇടപെടലായിരിക്കും.
നമ്മുടെ ഭൂമിക്കും അതുപോലെതന്നെ അതിലെ ജീവനും വേണ്ടി സ്രഷ്ടാവ് കരുതുന്നുവെന്നുള്ളത് അവൻ അതിനെ രൂപകൽപ്പന ചെയ്തിരിക്കുന്ന അത്ഭുതകരമായ വിധത്തിൽനിന്നു പ്രകടമാണ്. അനിശ്ചിത കാലത്തോളം, എന്നെന്നും നിലനിൽക്കാനാണ് അവൻ അതിനെ ഉണ്ടാക്കിയത്.—സങ്കീർത്തനം 104:5, 24.
സംരക്ഷണത്തിനുള്ള ഏർപ്പാടുകൾ
ഉദാഹരണത്തിന്, തന്നെത്താൻ കേടുപോക്കുകയും ശുദ്ധമാകുകയും ചെയ്യത്തക്കവിധമാണ് അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മേലന്തരീക്ഷത്തിലെ ഓസോണിന്റെ കാര്യം പരിഗണിക്കുക. ഭൂമിയിലെ മനുഷ്യർക്കു മാരകമായിരിക്കുന്ന അൾട്രാവയലററ് കിരണങ്ങളെ ആഗിരണം ചെയ്യത്തക്കവിധം വിദഗ്ധമായ രീതിയിലാണ് ഓസോൺ കവചം നിർമിക്കപ്പെട്ടിരിക്കുന്നത്. അതേസമയം അത് ഭൂമിയിലെ ജീവന് ആവശ്യമായ സുരക്ഷിത വെളിച്ചം കടന്നുപോകാൻ അനുവദിക്കുകയും ചെയ്യുന്നു.
മേലന്തരീക്ഷത്തിലേക്ക് ഉയരുന്ന മനുഷ്യനിർമിത ക്ലോറോഫ്ളൂറോകാർബണുകളാൽ ഓസോൺ കവചത്തിനു വല്ലാതെ ഹാനിതട്ടിക്കൊണ്ടിരിക്കയാണെന്നു നാം നേരത്തെ കണ്ടു. ഓസോൺ സംരക്ഷണകവചത്തിലെ കുറവു വീണ്ടും നികത്തുന്നതെങ്ങനെ? അത്ഭുതകരമെന്നു പറയട്ടെ, സ്വയം കേടുപോക്കത്തക്കവണ്ണമാണു സ്രഷ്ടാവ് അതു രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതേ, മേലന്തരീക്ഷത്തിൽ ഓസോൺ നിരന്തരം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു—സത്യത്തിൽ ഓസോൺ അരിച്ചുവിടുന്ന അതേ അപകടകാരികളായ കിരണങ്ങളിൽനിന്നു തന്നെ! അങ്ങനെ മമനുഷ്യന്റെ മലിനീകരണം ഓസോണിനെ വേഗത്തിൽ നശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ കുറെ ഓസോൺ വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
50 കോടി കോടി ടണ്ണിലധികം വരുന്ന വായുവിന്റെ അധികഭാഗവുമുള്ള താഴത്തെ അന്തരീക്ഷത്തിലും സാഹചര്യം സമാനമാണ്. പ്രകൃതി പരിവൃത്തികൾ ഈ വായുവിൽനിന്നു മാലിന്യങ്ങളെ അത്ഭുതകരമായ വിധങ്ങളിൽ നീക്കംചെയ്ത് അതിനെ വേഗത്തിൽ ശുദ്ധീകരിക്കുന്നു. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “കാററ് മാലിന്യങ്ങളെ ചിതറിക്കുന്നു. മഴയും മഞ്ഞും അവയെ നിലത്തേക്ക് ഒഴുക്കിക്കൊണ്ടുപോകുന്നു.”
അപ്പോൾ, മനുഷ്യർ വായുവിനെ മലിനീകരിക്കുന്നതു നിർത്തിയാൽ, അല്ലെങ്കിൽ അത്തരം മലിനീകരണത്തെ വലിയ അളവിൽ പരിമിതപ്പെടുത്തിയാൽ എല്ലായിടത്തെയും വായു പെട്ടെന്ന് മാധുര്യവും സൗരഭ്യവുമുള്ളതായിത്തീരും എന്നതു സ്പഷ്ടം. എന്നാൽ ഇപ്രകാരം വിശദീകരിച്ചുകൊണ്ട് പരാമർശ ഗ്രന്ഥം പ്രശ്നത്തെ തിരിച്ചറിയിക്കുന്നു: “പല സ്ഥലങ്ങളിലും, കാലാവസ്ഥകൾക്ക് മാലിന്യങ്ങളെ നീക്കം ചെയ്യാൻ കഴിയുന്നതിനെക്കാൾ വേഗത്തിൽ അവ വായുവിൽ നിക്ഷേപിക്കപ്പെടുന്നു.”
അപ്പോൾപ്പിന്നെ മമനുഷ്യന്റെ സ്വാർഥമായ അന്തരീക്ഷ മലിനീകരണം എങ്ങനെ അവസാനിക്കും?
ഒരു ശുദ്ധീകരിക്കപ്പെട്ട ഭൂമി സമീപം
ദൈവത്താൽ മാത്രമേ, അവനിടപെടുമ്പോൾ മാത്രമേ, മലിനീകരണം നിലയ്ക്കൂ. അവൻ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കുമെന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (വെളിപ്പാടു 11:18) മനോഹരമായ ഈ ഭൂമിയെയും ജീവൻ പരിരക്ഷിക്കുന്ന അതിന്റെ അന്തരീക്ഷത്തെയും മലിനമാക്കാൻ അവൻ അത്യാർത്തിപൂണ്ട മനുഷ്യരെ അനിശ്ചിതകാലത്തോളം അനുവദിക്കില്ല. അവൻ ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു: “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.”—സങ്കീർത്തനം 37:9.
ദുഷ്പ്രവൃത്തിക്കാരുടെ നാശം എങ്ങനെയായിരിക്കും? അത് മമനുഷ്യന്റെ അപര്യാപ്തമായ ഗവൺമെൻറുകളെ മാററിസ്ഥാപിക്കുന്ന ദൈവത്തിന്റെ സ്വർഗീയ ഗവൺമെൻറ്, അവന്റെ രാജ്യം, മുഖാന്തരമായിരിക്കും. ബൈബിൾ ഇപ്രകാരം വാഗ്ദാനം ചെയ്യുന്നു: “ഈ രാജാക്കൻമാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം . . . ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” (ദാനീയേൽ 2:44) ഈ ദൈവരാജ്യ ഗവൺമെൻറിനുവേണ്ടിയാണ് യേശു തന്റെ അനുഗാമികളെ പ്രാർഥിക്കാൻ പഠിപ്പിച്ചത്: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്തായി 6:10.
മനുഷ്യരുടെമേൽ തന്റെ രാജ്യം ഭരണം നടത്തണമെന്നും അതുവഴി മാലിന്യരഹിതമായ ഒരു ചുററുപാടിൽ അവർ ജീവിതം ആസ്വദിക്കണമെന്നും ഉള്ളതാണു ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഇഷ്ടം. “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കാൻ ദൈവം തീരുമാനിച്ചിരിക്കുന്നതും അതുകൊണ്ടാണ്. (വെളിപ്പാടു 11:18) അത് വിടുതലിന്റെ എന്തോരു ഗംഭീര കൃത്യമായിരിക്കും!
സ്വാർഥമതികളായ മനുഷ്യർ ഭൂമിയുടെമേൽ കുന്നുകൂട്ടിയിരിക്കുന്ന എല്ലാ മലിനീകരണത്തിൽനിന്നും സ്വതന്ത്രമായി അതിൽ ജീവിക്കുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കുക! അന്ന് നമ്മുടെ അമൂല്യ അന്തരീക്ഷം ആരോഗ്യകരമായ ഒരു അവസ്ഥയിലേക്കു പുനഃസ്ഥാപിക്കപ്പെടും. ഈ ബൈബിൾ വാഗ്ദാനം നിവൃത്തിയേറുമ്പോൾ ഇതു സംഭവിക്കും: “ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3, 4; 2 പത്രൊസ് 3:13.
ദൈവം വാഗ്ദാനം ചെയ്യുന്ന നീതിവസിക്കുന്ന പുതിയ ലോകത്തിലേക്ക് അതിജീവിക്കണമെങ്കിൽ നിങ്ങളെന്തുചെയ്യണം? ദൈവം തന്റെ പ്രതിനിധിയായി ഭൂമിയിലേക്കയച്ച ആ ഒരുവന്റെ പഠിപ്പിക്കലുകൾ നിങ്ങൾ മനസ്സിലാക്കി അവ അനുസരിക്കേണ്ടിയിരിക്കുന്നു. (യോഹന്നാൻ 3:16; 7:29) ഈ ഒരുവനായ യേശുക്രിസ്തു പ്രാർഥനയിൽ ദൈവത്തോട് ഇപ്രകാരം പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
[10-ാം പേജിലെ ചിത്രം]
ശുദ്ധവും മാലിന്യരഹിതവുമായ ഒരു പറുദീസാ ഭൂമി സമീപം