നിങ്ങൾ എപ്പോഴെങ്കിലും ഒരു ഹരിതവെളിച്ചം കണ്ടിട്ടുണ്ടോ?
മനോഹരമായ ഒരു സൂര്യാസ്തമയം കണ്ണിമയ്ക്കാതെ നോക്കിനിന്നുകൊണ്ട് ഒരു ദിവസത്തോടു വിടപറയുന്നത് എന്തൊരാസ്വാദ്യകരമാണ്! ഊഷ്മളമായ സൂര്യപ്രഭ ഭൗമാന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോൾ നിറങ്ങളുടെ ഒരു ഗംഭീര ദൃശ്യം പ്രദാനം ചെയ്യുന്നു. ഹരിതവെളിച്ചം എന്നു വിളിക്കപ്പെടുന്ന ഒരസാധാരണ പ്രതിഭാസം, വിസ്മയാവഹമായ ഈ ദൃശ്യത്തിന് അടിവരയിടുന്നു. പരിസ്ഥിതി അനുയോജ്യമാണെങ്കിൽ സൂര്യാസ്തമയത്തിന്റെ അവസാനനിമിഷത്തിൽ ഇളംപച്ചനിറമുള്ള ഈ വെളിച്ചം ഉണ്ടാകുന്നു. നീലവെളിച്ചം എന്നു വിളിക്കപ്പെടുന്ന അപൂർവമായ ഒരു ദൃശ്യം ഇതിലും മനോഹരമാണെന്നു പറയപ്പെടുന്നു.
വർണാഭമായ ഈ വെളിച്ചങ്ങളുണ്ടാക്കുന്നത് എന്താണ്? അവ നൊടിയിടകൊണ്ട് ഇല്ലതാകുന്നത് എന്തുകൊണ്ടാണ്? മാത്രമല്ല, അവ ഇത്ര വിരളമായിരിക്കുന്നതും എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങൾക്കുത്തരം നൽകുന്നതിന്, ആദ്യംതന്നെ നമുക്കു സൂര്യപ്രകാശവും ഭൂമിയുടെ അന്തരീക്ഷവും തമ്മിലുള്ള അന്യോന്യപ്രവർത്തനത്തെക്കുറിച്ച് ഒരടിസ്ഥാന ധാരണയുണ്ടായിരിക്കണം.
ഭൂമിയിലേക്കു പ്രവഹിക്കുന്ന സൂര്യപ്രകാശം മഴവില്ലിന്റെ എല്ലാ നിറങ്ങളും ഉൾക്കൊള്ളുന്നു. ഈ പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തെ തുളച്ചിറങ്ങുമ്പോൾ, ഭീമാകാരമായ ഒരു പ്രിസം പോലെ വർത്തിച്ചുകൊണ്ട് അന്തരീക്ഷം വെളിച്ചത്തെ പ്രകീർണനം ചെയ്യുകയോ ചിതറിക്കുകയോ ചെയ്യുന്നു. എന്നിരുന്നാലും, ഒരു പ്രകാശതരംഗം എത്രത്തോളം പ്രകീർണനം ചെയ്യുമെന്നത് അതിന്റെ തരംഗദൈർഘ്യത്തെ ആശ്രയിച്ചിരിക്കുന്നു.
നീലപ്രകാശത്തിന്റെ തരംഗദൈർഘ്യം കുറവായതിനാൽ അവ അന്തരീക്ഷത്തിൽ വ്യാപകമായി പ്രകീർണനം ചെയ്യപ്പെടുന്നു. തെളിഞ്ഞ ഒരു ദിവസത്തിൽ സൂര്യൻ ചക്രവാളത്തിൽനിന്നു വളരെ മുകളിലായിരിക്കുമ്പോൾ ആകാശം നീലനിറമായി കാണപ്പെടുന്നത് അതുകൊണ്ടാണ്. എന്നാൽ, സൂര്യൻ ചക്രവാളത്തിനടുത്തായിരിക്കുമ്പോൾ—സൂര്യാസ്തമയ സമയത്തേതുപോലെ—സൂര്യപ്രകാശത്തിനു നമ്മുടെ കണ്ണിലെത്താൻ അന്തരീക്ഷത്തിലൂടെ ബഹുദൂരം സഞ്ചരിക്കേണ്ടിവരും. തത്ഫലമായി, ഏറ്റവും കൂടുതൽ പ്രകീർണനം ചെയ്യപ്പെടുന്ന നീലവെളിച്ചം നമ്മുടെ അടുക്കൽ എത്തുന്നില്ല. അതേസമയം, ചുവപ്പിനെപ്പോലെ ദൈർഘ്യമേറിയ തരംഗങ്ങൾക്ക് കട്ടിയേറിയ അന്തരീക്ഷം എളുപ്പത്തിൽ തുളച്ചിറങ്ങാൻ കഴിയും. ഇതു സൂര്യാസ്തമയത്തിന് സുപരിചിതമായ ചുവപ്പുനിറം അല്ലെങ്കിൽ ഓറഞ്ചുനിറം നൽകുന്നു.a
എങ്കിൽത്തന്നെയും, ചില പ്രത്യേക സാഹചര്യങ്ങളിൽ സൂര്യാസ്തമയ സമയത്ത് ഒരു ഹരിതവെളിച്ചമോ നീലവെളിച്ചമോ കാണാവുന്നതാണ്. ഇവ ഉണ്ടാകുന്നതെങ്ങനെയാണ്? ഏതാണ്ട് മറഞ്ഞുകഴിഞ്ഞിരിക്കുന്ന സൂര്യന്റെ പ്രകാശം മഴവില്ലിനെപ്പോലെ ഒരു വർണരാജിയായി പ്രകീർണനം ചെയ്യപ്പെടുന്നു. ചുവപ്പുവെളിച്ചം വർണരാജിയുടെ അടിയിലും നീലവെളിച്ചം മുകളിലുമായി കാണപ്പെടുന്നു. സൂര്യൻ അസ്തമിച്ചുകൊണ്ടിരിക്കെ വർണരാജിയുടെ ചുവപ്പുഭാഗം ചക്രവാളത്തിനു കീഴെ മറയുന്നു. നീലഭാഗത്തെ, അന്തരീക്ഷം പ്രകീർണനം ചെയ്യുന്നു. ദൃശ്യ പ്രകാശത്തിന്റെ അവസാന കണിക ഒരു പച്ചവെളിച്ചം സ്ഫുരിക്കാൻ ഇടയാക്കിയേക്കാവുന്നത് ഈ നിമിഷത്തിലാണ്. എന്നാൽ, പച്ച വെളിച്ചം എന്തുകൊണ്ട്? കാരണം പ്രകാശത്തിന്റെ മറ്റൊരു മൂല വർണം പച്ചയാണ്.
ആകാശം അത്യന്തം മലിനമായിട്ടുണ്ടെങ്കിൽ, ഹരിതവെളിച്ചം അപൂർവമായേ കാണാൻ സാധിക്കൂ. അസാധാരണമാംവിധം തെളിഞ്ഞ അന്തരീക്ഷത്തിലും ഉജ്ജ്വലമായ ഒരു വെളിച്ചം കാണാനാവശ്യമായ നീല പ്രകാശം ആകാശത്തെ തുളച്ചിറങ്ങുന്നെങ്കിലും മാത്രമേ നീലവെളിച്ചം പ്രത്യക്ഷമാകുകയുള്ളൂ.
[അടിക്കുറിപ്പ്]
a സൂര്യാസ്തമയത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, 1987 ഡിസംബർ 8-ലെ ഉണരുക!യുടെ [ഇംഗ്ലീഷ്] 16-ാം പേജ് കാണുക.
[24-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Sunset: ©Pekka Parviainen/SPL/Photo Researchers