ഞാൻ യുദ്ധത്തിന്റെ ഫലശൂന്യത കണ്ടു
മുൻ യു. എസ്സ്. ആർമി ഡോക്ടറായിരുന്ന റസ്സൽ ഡിക്സന്റെ വിവരണം
അത് ഫിലിപ്പൈൻദ്വീപായ ലെയ്ത്തിയിൽ 1944-ൽ ആയിരുന്നു. ഞങ്ങൾ ശത്രുക്കളെ—വൃക്ഷങ്ങളിലും കുററിക്കാടുകളിലും ഒളിച്ചിരുന്ന ജപ്പാൻ സൈനികരെ—തെരഞ്ഞ് രംഗപരിശോധന നടത്തിക്കൊണ്ട് പുകയുന്ന വനത്തിൽ റോന്തുചുററുകയായിരുന്നു. ഞാൻ, ഒരു ഏററുമുട്ടലിന്റെ സമയത്ത് സാധാരണയായി നിരയുടെ ഒടുവിൽ, ബാൻഡേജുകളും സഹായങ്ങളുമായി പാഞ്ഞെത്തുന്നതിന് തയ്യാറായി നിന്നിരുന്ന ഒരു 19 വയസ്സുകാരനായ സൈനികനായിരുന്നു. ഞാൻ എങ്ങനെയൊ ഈ പ്രാവശ്യം നിരയുടെ ഒന്നാമത് നേതാവായിരുന്നു. ഞാൻ നിരുപദ്രവമെന്നു തോന്നിക്കുന്ന അപകടകരമായ കെണികളും നിനച്ചിരിക്കാതുള്ള ആക്രമണങ്ങളും പ്രതീക്ഷിച്ച് സംഭ്രാന്തനായിരുന്നു. അപ്പോൾ പെട്ടെന്ന് അവിശ്വസനീയമായ ചിലത് സംഭവിച്ചു.
ഒരു ജാപ്പനീസ് ഓഫീസർ ഒരു വെള്ളത്തുണി വീശിക്കൊണ്ടും “വെടിവെക്കരുതേ! വെടിവെക്കരുതേ! ഞാൻ ചിക്കാഗോയിൽനിന്നുള്ളവനാണ്! ഞാൻ ചിക്കാഗോയിൽനിന്നുള്ളവനാണ്!” എന്ന് വിളിച്ചുപറഞ്ഞുകൊണ്ടും എനിക്കു മുമ്പിൽ ഏതാനും വാര അകലെ ചാടിവീണു. ഒരു പ്രതിവർത്തനം നടത്താതിരിക്കാൻ കഴിയാത്ത വിധം കാഞ്ചിവലിക്കുന്ന ഞങ്ങളുടെ വിരലുകൾ അത്ര കുപിതമായിരുന്നു. എന്റെ പിന്നിലുണ്ടായിരുന്ന പട്ടാളക്കാരൻ തന്റെ റൈഫിളുപയോഗിച്ച് പല വട്ടം വെടിവെച്ചു—ഉന്നം പിഴക്കുകയും ചെയ്തു. “ഞാൻ ചിക്കാഗോയിൽനിന്നുള്ളവനാണ്!” എന്ന് ഓഫീസർ തുടർച്ചയായി മുറവിളികൂട്ടിക്കൊണ്ടിരുന്നതിനാൽ ശേഷിച്ച ഞങ്ങൾ ഞങ്ങളുടെ തോക്കുകൾ പ്രവർത്തിപ്പിച്ചില്ല.
അയാൾ തന്റെ ചരിത്രം വ്യക്തമായ അമേരിക്കൻ ഇംഗ്ലീഷിൽ വിശദീകരിക്കുമളവിൽ അയാൾ തന്റെ പോക്കററിൽനിന്ന് തിടുക്കത്തിൽ ഏതാനും ഫോട്ടോകൾ പുറത്തെടുത്തു. ഞാൻ അതിശയിച്ചുപോയി. ഇവിടെ ഞങ്ങൾ വനത്തിന്റെ നടുവിലായിരുന്നു, ഈ ജാപ്പനീസ് ക്യാപ്ററൻ ഞങ്ങളെ ചിക്കാഗോയിലുള്ള തന്റെ ഭാര്യയുടെയും മക്കളുടെയും ഫോട്ടോകൾ കാണിക്കുകയായിരുന്നു. അത് യഥാർത്ഥത്തിൽ സത്യമായിരുന്നു—അയാൾ ഒരു ജാപ്പനീസ് അമേരിക്കനായിരുന്നു!
“അവർ കീഴടങ്ങുകയില്ല”
യുദ്ധം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ് അയാൾ ജപ്പാനിലുള്ള തന്റെ മാതാപിതാക്കളെ സന്ദർശിക്കുന്നതിന് ചിക്കാഗോയിൽ നിന്ന് പോയതായിരുന്നു എന്ന് വ്യക്തമാക്കപ്പെട്ടു. അയാൾ ജപ്പാൻസൈന്യത്തിൽ ചേർക്കപ്പെട്ടു, ഇവിടെ അയാൾ ഐക്യനാടുകൾക്കെതിരെ പോരാടുകയുമായിരുന്നു. “നിങ്ങളുടെ കൂടെ മററാരെങ്കിലുമുണ്ടോ?” എന്ന് ഞങ്ങൾ അയാളോട് ചോദിച്ചു. അയാളിൽ നിന്ന് ഏതാനും അടി പിമ്പിൽ കുററിക്കാട്ടിൽ ഒളിച്ചിരുന്ന ഒരാളെ അയാൾ ചൂണ്ടിക്കാട്ടി. അയാളോട് അവിടെ നിന്ന് വേഗം പുറത്തുവരാൻ ഞങ്ങൾ ആജ്ഞാപിച്ചു! ഏകദേശം എന്റെ തന്നെ പ്രായമുള്ള ഒരു യുവ ജാപ്പനീസ് പട്ടാളക്കാരൻ പുറത്തുവന്നു. “ബാക്കിയുള്ളവർ എവിടെ?” “അവിടെ പിന്നിൽ” ക്യാപ്ററൻ തന്റെ പിമ്പിലുള്ള കാട്ടിലേക്ക് ചൂണ്ടിക്കാട്ടി.
ഞങ്ങൾ ക്യാപ്ററനുമായി വിലപേശാൻ തുടങ്ങി. “നിങ്ങളുടെ ശേഷിച്ച സൈനികർ കീഴടങ്ങാൻ നിങ്ങൾ ഇടയാക്കുകയാണെങ്കിൽ ഞങ്ങൾ നിങ്ങളെ തടവുകാരാക്കാം. ഇല്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലും!” എന്ന് ഞങ്ങളുടെ സാർജൻറ് പറഞ്ഞു. ഓഫീസറുടെ മറുപടി ഞങ്ങൾക്കറിയാവുന്നതിനെ സ്ഥിരീകരിച്ചു: “അവർ കീഴടങ്ങുകയില്ല. അവരേക്കൊണ്ട് അതു ചെയ്യിക്കാൻ ഞങ്ങൾ പരിശ്രമിക്കുകയാണെങ്കിൽ അവർ ഞങ്ങളെ കൊന്നുകളയും.”
ആ യുവസൈനികനെ അവരുടെ അടുക്കലേക്ക് അയക്കാൻ ഞങ്ങൾ അയാളെ നിർബന്ധിച്ചു. ഒരു മിനിട്ടിനുള്ളിൽ ഞങ്ങൾ ഒരു വെടി കേട്ടു. ഞങ്ങൾ ജാപ്പനീസ് ഓഫീസറെ നോക്കുകയും അയാൾ ഇപ്രകാരം പറയുകയും ചെയ്തു: “അവർ അയാളെ കൊന്നുകളഞ്ഞു.” ഉള്ളിന്റെ ഉള്ളിൽ ആ യുവസൈനികനെപ്പററി ഞാൻ ദുഃഖിച്ചു. നേരത്തെ അനേകപ്രാവശ്യം എനിക്ക് ഉണ്ടായിട്ടുള്ളതും ഇനിയും അനേകം പ്രാവശ്യം ഉണ്ടാകുന്നതും ഒരേ വികാരമായിരുന്നു, യുദ്ധം വളരെ ഫലശൂന്യമാണെന്നുള്ള വികാരം.
ഞങ്ങളുടെ ആൾക്കാരിൽ രണ്ടുപേർ ആ ഓഫീസറെ ഞങ്ങളുടെ ബേയ്സ് ക്യാമ്പിലേക്ക് തിരികെ കൊണ്ടുപോയപ്പോൾ, ഞങ്ങളിൽ ശേഷിച്ചവർ തെരച്ചിൽ തുടർന്നു. ഞങ്ങളുടെ ആൾക്കാരിൽ ആരെങ്കിലും പ്രഹരിക്കപ്പെട്ടാൽ ശുശ്രൂഷചെയ്യാൻ ചികിൽസകൻ എന്ന നിലയിൽ ഞാൻ ഗ്രൂപ്പിന്റെ പിന്നണിയിൽ നിന്നിരുന്നു. ഏതാനും വാര അകലെ ഞങ്ങൾ ശേഷിച്ച ശത്രുക്കളെ കണ്ടെത്തി. ഒരു ഹ്രസ്വമായ സംഘട്ടനത്തിൽ അവരെല്ലാം കൊല്ലപ്പെട്ടു.
എന്നാൽ ഞങ്ങൾ മിക്കവാറും അതുല്യമായ ഒന്നു നേടി—ഞങ്ങൾ ഒരു അമേരിക്കൻ ഓഫീസറെ പിടിച്ചു—ജീവനോടെ പിടിക്കപ്പെടുന്ന താരതമ്യേന ചുരുക്കം പേരിൽ ഒരാൾ. എന്നാൽ തുടർച്ചയായ കൊലയിൽ എന്റെ ഹൃദയം അസ്വസ്ഥമായിരുന്നു.
ഒരു ഒക്ലഹോമാ നാടൻ ഡോക്ടറുടെ മകനായ ഞാൻ ഈ ദ്വീപവനാന്തരത്തിൽ എന്താണു ചെയ്തുകൊണ്ടിരുന്നത് എന്ന് ഞാൻ മിക്കപ്പോഴും സ്വയം ചോദിക്കുമായിരുന്നു. ഞാൻ എന്റെ പിതാവിന്റെ തത്വങ്ങൾ പിൻപററിയിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും ഇവിടെയായിരിക്കുകയില്ലായിരുന്നു എന്നതാണ് സത്യം. ഞാൻ സാദ്ധ്യതയനുസരിച്ച് തടങ്കലിൽ എത്തിച്ചേരുമായിരുന്നു. ‘അത് എങ്ങനെ’ എന്ന് നിങ്ങൾ ചോദിച്ചേക്കാം.
എല്ലാം സമാധാനമായിരുന്നപ്പോൾ
ഞാൻ 1925-ൽ ഐക്യനാടുകളുടെ തെക്കുപടിഞ്ഞാറുള്ള ഒക്ലഹോമയിലെ ഒരു ചെറിയ പട്ടണമായ മൂർലാൻഡിൽ അഞ്ചുപേരിൽ നാലാമത്തവനായി ജനിക്കുകയും അവിടത്തെ ശാന്തമായ കാർഷിക അന്തരീക്ഷത്തിൽ വളർത്തപ്പെടുകയും ചെയ്തു. ഞങ്ങളുടെ മാതാപിതാക്കൾ 1931 മുതൽ യഹോവയുടെ സാക്ഷികൾ എന്നറിയപ്പെടുന്ന സമാധാന സ്നേഹികളായ ബൈബിൾ വിദ്യാർത്ഥികളായിരുന്നു. അവർ പതിവായി കുട്ടികളായ ഞങ്ങളെ ക്രമമായി ബൈബിൾ മീററിംഗുകൾക്ക് കൊണ്ടുപോയിരുന്നു, ചിലപ്പോൾ ഞങ്ങളുടെ അയൽക്കാരോട് ഒരു ഫോണോഗ്രാഫ് ഉപയോഗിച്ച് സാക്ഷീകരിച്ചുകൊണ്ട് വീടുതോറും പോകുമ്പോൾ ഞാൻ എന്റെ പിതാവിനെ അനുഗമിച്ചിരുന്നതായി ഓർമ്മിക്കുകയും ചെയ്യുന്നു. പബ്ലിക്ക് ബൈബിൾ പ്രസംഗങ്ങൾ പരസ്യപ്പെടുത്തിക്കൊണ്ട് വിജ്ഞാപന മാർച്ചുകൾ എന്ന് ഞങ്ങൾ വിളിച്ചിരുന്നതിലും ഞങ്ങൾ പങ്കുപററിയിരുന്നു. എന്നാൽ എനിക്ക് ജീവിതത്തിൽ മററു താൽപ്പര്യങ്ങളുണ്ടായിരുന്നു.
ഞാൻ കളികളെ, വിശേഷിച്ച് ബാസ്കററ്ബോളിനെയും ബെയ്സ്ബോളിനെയും സ്നേഹിച്ചിരുന്നു. ഞാൻ മികച്ച കളിക്കാരൻ അല്ലായിരുന്നു, എന്നാൽ ആൺകുട്ടികളുടെ ഒരു മാതൃക എന്ന നിലയിൽ ഞാൻ അത് ആസ്വദിച്ചിരുന്നു. എന്റെ സഹോദരൻമാരെപ്പോലെ എനിക്ക് ഉദ്ദേശം 16 വയസ്സുണ്ടായിരുന്നപ്പോൾ ഞാനും സാക്ഷികളുടെ യോഗങ്ങളിൽനിന്നും സഹവാസത്തിൽനിന്നും ഒഴുകിപ്പോയി എന്നതായിരുന്നു അന്തിമഫലം. ആ സമയത്ത് ഞങ്ങൾ ആത്മീയമൂല്യങ്ങളെ വിലമതിച്ചിരുന്നില്ല. ഇത് എന്റെ മാതാപിതാക്കളെ ദുഃഖിപ്പിച്ചിരുന്നിരിക്കും.
യുദ്ധത്തിന്റെ യാഥാർത്ഥ്യങ്ങൾ
ആയിരത്തിത്തൊള്ളായിരത്തി നാൽപ്പത്തിമൂന്നിൽ, 18-ാമത്തെ വയസ്സിൽ ഞാൻ യു. എസ്സ്. സേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ഒരു ജി ഐ (മെമ്പർ ഓഫ് യു. എസ്സ്. ആംഡ് ഫോഴ്സസ്) ആയിത്തീരുകയും ചെയ്തു. ഞാൻ യഹോവയുടെ സാക്ഷികളോടുള്ള സഹവാസം നിർത്തിയിരുന്നതിനാൽ ക്രിസ്തീയ നിഷ്പക്ഷത സംബന്ധിച്ച് എനിക്ക് ശക്തമായ ബോധ്യമില്ലായിരുന്നു, അതുകൊണ്ട് ഞാൻ തടവുശിക്ഷയിലേക്ക് നയിക്കുമായിരുന്ന ആ പ്രശ്നത്തിൽനിന്ന് ഒഴിഞ്ഞുമാറി. ക്രമേണ ഞാൻ ടെക്സാസ് എൽപാസൊയിലെ ഫോർട്ട് ബ്ലിസ്സിൽ ഒരു സൈനിക ഡോക്ടറാകാനുള്ള പരിശീലനത്തിനുവേണ്ടി നിയമിക്കപ്പെട്ടു. അവർ എന്നെ ഈ പരിശീലനത്തിനുവേണ്ടി തെരഞ്ഞെടുത്തതെന്തുകൊണ്ടായിരുന്നുവെന്ന് ഈ ദിവസം വരെ എനിക്കറിവില്ല. ഒരുപക്ഷേ എന്റെ പിതാവ് ഒരു ഡോക്ടറായിരുന്നു എന്ന വസ്തുതക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നിരിക്കാം.
ആ മെഡിക്കൽ പരിശീലനത്തിനുശേഷം ദക്ഷിണ പസഫിക്കിലുള്ള ഒരു ദ്വീപായ ന്യൂ കാലിഡോണിയായിലെ യു. എസ്സ്. സൈനികർക്കായുള്ള ഒരു റീപ്ലേസ്മെൻറ് ഡിപ്പോയിലേക്ക് ഞാൻ അയക്കപ്പെട്ടു. എന്റെ ആദ്യത്തെ യുദ്ധനിയമനം ഗുവാമിലെ 77-ാം ഇൻഫൻട്രി ഡിവിഷൻ എന്ന ന്യൂയോർക്ക് യൂണിററിലായിരുന്നു. ആസ്ട്രേലിയായ്ക്കും ജപ്പാനും ഏകദേശം മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ആ സമരതന്ത്രപ്രധാനമായ ദ്വീപ് ജപ്പാൻകാർ അധീനപ്പെടുത്തിയിരുന്നു. ഞങ്ങൾ 3-ാം മറൈൻ ഡിവിഷനോടൊപ്പം 1944 ജൂലൈ 21-ാം തീയതി അവിടെ ഇറങ്ങി. ഞങ്ങൾ പെട്ടെന്ന് യുദ്ധംചെയ്യാൻ പോയി. എനിക്ക് പെട്ടെന്ന് യഥാർത്ഥ യുദ്ധത്തിന്റെ ആദ്യ അനുഭവമുണ്ടായി.
ഗുവാമിനെക്കുറിച്ചുള്ള എന്റെ മുഖ്യമായ ധാരണ മഴയും മുട്ടോളം താഴുന്ന ചെളിയും കലാപങ്ങളും ആയിരുന്നു. പിന്നീട് ഉഗ്രമായ പീരങ്കിവെടികളുടെയും മോർട്ടാറുകളുടെയും ലക്ഷ്യത്തിലായിരിക്കുന്ന എന്റെ ആദ്യത്തെ അനുഭവമുണ്ടായി. വെടിവെക്കുന്ന തോക്കിന്റെ പ്രാരംഭ “വൂംഫ്” ശബ്ദത്തെതുടർന്ന് വെടിയുണ്ട വായുവിലൂടെ പായുന്ന ഭീതിപ്പെടുത്തുന്ന വിസിൽശബ്ദവും ഉണ്ടായിരുന്നു. ഓരോ വെടിയുണ്ടയും എത്ര അരികിൽ വന്ന് പതിക്കുമെന്ന് കാണുന്നതിന് ഞാൻ കാത്തിരുന്നു. ഞാൻ സത്യസന്ധനായിരിക്കണം—മിക്ക ജി ഐ-കളെയും പോലെ പല സന്ദർഭങ്ങളിലും ഞാൻ പേടിച്ചുപോയിട്ടുണ്ട്. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ഈ കുഴപ്പത്തിൽ നിന്ന് രക്ഷപെടാൻ ബുദ്ധിമോശമായി വിലപേശുന്നതിന് ശ്രമിക്കയും ചെയ്തു. അവൻ എന്നെ ഇതിൽനിന്ന് പുറത്തുവരുത്തിയാൽ, ഞാൻ അവനെ സേവിക്കും! ഉവ്വ്, ഞാൻ മറെറാരു കിടങ്ങുവിശ്വാസിയല്ലാതെ മററാരുമായിരുന്നില്ല!
ഞാൻ മറെറന്തിനെക്കാളും രാത്രികളെ ഭയപ്പെട്ടിരുന്നു. പ്രദേശം വളരെ പാറനിറഞ്ഞതല്ലെങ്കിൽ, നിങ്ങൾ സ്വന്തമായി 18 ഇഞ്ചു മുതൽ രണ്ട് അടി വരെ ആഴമുള്ള ഒരു നീളത്തിലുള്ള കിടങ്ങ് കുഴിക്കണമായിരുന്നു. ശത്രുക്കളോ നിങ്ങളുടെ കൂട്ടുകാരോ കാണാതവണ്ണം നിങ്ങൾ അതിൽ ഉറങ്ങണമെന്നതാണ് ആശയം. (എന്തൊരു പ്രത്യാശ!) ഇതു പ്രധാനമായിരുന്നു, എന്തുകൊണ്ടെന്നാൽ രാത്രിയിലെ നിയമം ഇതായിരുന്നു: ‘അത് അനങ്ങുന്നെങ്കിൽ അതിനെ കൊല്ലുക, ചോദ്യങ്ങൾ പിന്നീട് ചോദിക്കുക.’ അതുകൊണ്ട് ഞാൻ നിലനിരപ്പിനു താഴെയാണെന്ന് തിട്ടപ്പെടുത്തിയിരുന്നു, മിക്കപ്പോഴും സംഭവിച്ചതുപോലെ, ഞാൻ മഴവെള്ളത്തിലും ചെളിയിലും ഉറങ്ങേണ്ടിവന്നെങ്കിലും.
ആ രക്തദാഹംനിറഞ്ഞ യുദ്ധകാലങ്ങളിൽ ഞങ്ങളുടെ അടിസ്ഥാന ജൻമവാസനകൾ എന്തായിരുന്നു? മിക്കസംഗതിയിലും എന്റെ കാര്യത്തിൽ അത് “ദൈവവും രാജ്യവും” എന്നതല്ലായിരുന്നു എന്ന് നിങ്ങൾക്ക് ഉറപ്പു തരാൻ എനിക്കു കഴിയും. മററനേകം ചെറുപ്പക്കാരെയും പോലെ ഞാൻ റൈഫിളുകളാലും തീപ്പന്തങ്ങളാലും മോർട്ടാറുകളാലും പീരങ്കികളാലും ആത്മഹത്യാപരമായ ആക്രമണങ്ങളാലും കത്തികളാലും ബയനെററുകളാലും ജീവിതങ്ങൾ അണഞ്ഞുപോകുന്നത് കണ്ടു. ഇവയെല്ലാം എത്ര നിഷ്ഫലമായിരുന്നു എന്ന് ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു. ഞാൻ രക്ഷപ്പെടാൻ മാർഗ്ഗമില്ലാത്ത ഒരു പ്രത്യാശയില്ലാത്ത സാഹചര്യത്തിൽ കുരുക്കപ്പെട്ടതായി എനിക്ക് തോന്നി. മററുള്ള മിക്കവരേയുംപോലെ എന്റെ മുഖ്യ ലക്ഷ്യം അതിജീവനം ആയിരുന്നു.
ആ സംഗതിയിൽ ഞങ്ങളുടെ സമീപനം ജപ്പാൻകാരുടേതിൽനിന്ന് വ്യത്യസ്തമായിരുന്നു. അവർ പൂർണ്ണമായും ഉപദേശിക്കപ്പെട്ടിരുന്നു, ചക്രവർത്തിയുടെയും രാജ്യത്തിന്റെയും മഹത്വത്തിനുവേണ്ടി മരിക്കുന്നത് ഒരു മാന്യതയാണെന്ന് പരിഗണിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് അവർക്ക് നേവികപ്പലുകൾക്കും പട്ടാളക്കപ്പലുകൾക്കും എതിരെ കാമികെയ്സ് (ആത്മഹത്യ) വിമാനങ്ങൾ അയക്കാൻ കഴിഞ്ഞിരുന്നത്. കരയിൽ അവരുടെ ചാവേർപടകൾ തങ്ങളുടെ പുറത്ത് വെടിമരുന്നു നിറച്ച സഞ്ചി കെട്ടിക്കൊണ്ട് ഞങ്ങളുടെ കിടങ്ങുകളിലേക്ക് ഇഴഞ്ഞുവരാൻ ശ്രമിക്കുകയും ഞങ്ങളെയും അവരെയും തകർത്ത് നശിപ്പിക്കുകയും ചെയ്യുമായിരുന്നു. വ്യാജമത ആശയങ്ങൾ ഉപയോഗിച്ചുകൊണ്ട് ഭരണതലത്തിലെ ആഢ്യൻമാർ അവരെ എങ്ങനെ കബളിപ്പിച്ചിരുന്നു!
എന്നാൽ ഗുവാം ആരംഭം മാത്രമായിരുന്നു. പാപ്പുവാ ന്യൂ ഗിനിയാക്ക് തൊട്ടു വടക്ക് മാനസ് ദ്വീപിലെ പുനരധിവാസത്തിന്റെ ഒരു കാലഘട്ടത്തിനുശേഷം ഫിലിപ്പൈൻസിലുള്ള ലെയ്ത്തിയിലെ ഞങ്ങളുടെ അടുത്ത യുദ്ധരംഗത്തേക്ക് ഞങ്ങൾ അയക്കപ്പെട്ടു.
“ഞാൻ മരിക്കാൻ പോകയാണോ?”
അത് മുറിവേററവരുടെയും മരിച്ചവരുടെയും, യുദ്ധങ്ങളുടെ അതേ കഥതന്നെയായിരുന്നു. ഞാൻ മുറിവേററവരെ വെച്ചുകെട്ടുന്നതിന് ശ്രമിച്ചുകൊണ്ട് ചെളിയിൽകൂടെ ഇഴഞ്ഞുനീങ്ങി തിരക്കോടെ ജോലി ചെയ്തിരുന്നു. പല അവസരങ്ങളിലും ഞാൻ ഒരു ചങ്ങാതിയെ ഒരു സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചു കൊണ്ടുപോകുന്നതിനുമുമ്പ് ബാൻഡേജു കൊണ്ട് അമർത്തി മുറിവു വെച്ചുകെട്ടുന്നതിന് ശ്രമിച്ചുകൊണ്ട് അയാളുടെ കൂടെ ചെളിയിൽ കിടന്നിരുന്നു. മിക്കപ്പോഴും എനിക്ക് അയാളുടെ വേദന ശമിപ്പിക്കുന്നതിന് ഉടുപ്പിന്റെ കൈയോ ട്രൗസറിന്റെ കാലോ മുറിച്ച് പെട്ടെന്ന് മോർഫൈൻ സൾഫേററ് കുത്തിവെക്കേണ്ടിവരുമായിരുന്നു. ചിലർ എന്നോട് ചോദിക്കും: “ഇത് എത്ര ഗുരുതരമാണ് ഡോക്ടറേ? ഞാൻ മരിക്കാൻ പോകയാണോ? എന്നെ ഇവിടെ ഉപേക്ഷിക്കരുതേ!” ചിലപ്പോൾ എനിക്ക് വളരെയധികംപേരെ ശുശ്രൂഷിക്കേണ്ടതുണ്ടായിരുന്നതുകൊണ്ട്, എനിക്കു ആകെ ചെയ്യാൻ കഴിയുന്നത് അവരെ ശാന്തരാക്കാൻ ശ്രമിക്കയും ഞങ്ങൾ അവരുടെയടുക്കൽ മടങ്ങിചെല്ലുമെന്ന് അവരോടു പറയുകയും ചെയ്യുക എന്നതായിരുന്നു. അനേകം കേസുകളിലും ഞങ്ങൾ വളരെ വൈകിയാണ് ചെന്നിരുന്നത് എന്നതാണ് സത്യം. അവർ മരിച്ചുകഴിഞ്ഞിരിക്കും. യുദ്ധത്തിന്റെ ഫലശൂന്യത ഇത്തരത്തിലുള്ളതാണ്.
ഞങ്ങളുടെ അടുത്ത യുദ്ധനിയമനം ഒക്കിനാവായുടെ തീരത്തുനിന്ന് അൽപ്പം അകലെ അന്ന് ജപ്പാന്റെ അധീനത്തിലായിരുന്ന ലിഷിമാ എന്ന ചെറു ദ്വീപിലേക്കായിരുന്നു. അവിടെ ഞാൻ പലപ്രാവശ്യം ഒരുമിച്ച് യുദ്ധംചെയ്ത ഒരു സ്നേഹിതനുണ്ടായിരുന്നു. അയാൾ യുദ്ധരംഗത്ത് ഒരിക്കലും അനാവശ്യമായി ഭാഗ്യപരീക്ഷണം നടത്തുകയൊ ബുദ്ധിമോശമായി എന്തെങ്കിലും ചെയ്യുകയൊ ചെയ്യാതെ എപ്പോഴും വളരെ ശ്രദ്ധപ്രകടമാക്കിയിരുന്നു. ശേഷിച്ച ഞങ്ങളെപ്പോലെ അയാളും അതിജീവിക്കാൻ ആഗ്രഹിച്ചു. ഒരു ദിവസം ലിഷിമായിലെ അവസാന പോരാട്ടത്തിൽ ഞങ്ങളിലനേകരും ശത്രുക്കളുടെ വെടിയിൽനിന്ന് രക്ഷപ്പെടുന്നതിനായി കമഴ്ന്നുകിടക്കുകയായിരുന്നു. അയാൾ എന്റെ മുമ്പിൽ ഏതാനും അടി അകലെയായിരുന്നു; അപ്പോൾ പെട്ടെന്ന് ഞങ്ങളുടെതന്നെ ടാങ്ക്മെഷീൻതോക്കുകൾ വലതുവശത്തേക്ക് വളരെ അകലെ അശ്രദ്ധമായി ചുഴററിക്കൊണ്ട് പല റൗണ്ട് വെടിവെക്കുകയും അയാളെയും മററ് മൂന്ന് ജി ഐ കളെയും സംഭവസ്ഥലത്തുതന്നെ കൊല്ലുകയും ചെയ്തു.
മറെറാരു സന്ദർഭത്തിൽ ഞങ്ങൾ ഞങ്ങളുടെ തന്നെ വിമാനങ്ങളാൽ ആക്രമിക്കപ്പെടുകയും ഞങ്ങളുടെ ആളുകളിൽ അനേകർ കൊല്ലപ്പെടുകയും ചെയ്തു. മാനുഷിക തെററും കൂടുതൽ വിഫലതയും.
അതേ ദ്വീപിൽ തന്നെ ഒരു സുപ്രസിദ്ധ യുദ്ധകാല ലേഖകനായിരുന്ന ഏർനി പൈൽ 1945 ഏപ്രിലിൽ ഒരു ഒളിപ്പോരുകാരന്റെ വെടിയേററ് മരണമടഞ്ഞു. ഒരു സന്ദർഭത്തിൽ അദ്ദേഹം എഴുതിയ ഈ വികാരങ്ങളോട് ഞാൻ യോജിച്ചിരുന്നു: “യുദ്ധത്തിലെ ഏതെങ്കിലും അതിജീവകന് വീണ്ടും എന്നെങ്കിലും എന്തിനോടെങ്കിലും എങ്ങനെ ക്രൂരനായിരിക്കാൻ കഴിയുമെന്ന് എനിക്ക് കാണാൻ കഴിയുന്നില്ല.” ഖേദകരമെന്നു പറയട്ടെ, അനുഭവം മറിച്ചാണ് തെളിയിക്കുന്നത്. മമനുഷ്യന്റെ ക്രൂരത തുടരുന്നു.
ഒരു പീരങ്കിയെ അഭിമുഖീകരിക്കുന്നു
ഞങ്ങളുടെ അടുത്ത നീക്കം ഒക്കിനാവായിൽനിന്ന് ഞങ്ങളെ വേർതിരിച്ചിരുന്ന തോടിനു കുറുകെ ആയിരുന്നു. ജപ്പാൻകാർ കുഴികളിലും ഗുഹകളിലും ഒളിഞ്ഞിരുന്നതിനാൽ ഒരിക്കൽകൂടി പുറത്തുവരുന്നത് പ്രയാസമായിരുന്നു.
ഒരു ദിവസം ഞാൻ പർവതനിരയിലെ ഒരു വലിയ പാറക്കല്ലിൽ, എന്റെ നേരെ മുമ്പിൽ ഒരു മലഞ്ചെരുവിൽ നടന്നുകൊണ്ടിരുന്ന പോരാട്ടം നിരീക്ഷിച്ചുകൊണ്ടിരിക്കയായിരുന്നു. പെട്ടെന്ന്, ഞാൻ ഒരു ജാപ്പനീസ് പീരങ്കിയുടെ വേർതിരിച്ചറിയാവുന്ന ശബ്ദം കേട്ടു. സെക്കൻറുകൾക്കകം ഏതാനും വാര അകലെ എന്റെ മുമ്പിൽ ഒരു വെടിയുണ്ട വന്നു പതിച്ചു. പോർക്കളത്തിന്റെ വക്കിൽ എനിക്ക് വളരെ അടുത്തായി ഒന്നു വന്നു വീഴുന്നത് അസാധാരണമായി തോന്നി. അടുത്തതായി ഞാൻ അറിഞ്ഞത്, മറെറാരുവൻ എനിക്കു തൊട്ടുപിന്നിൽ വെടിയേററു വീണു എന്നായിരുന്നു! ഒരുപക്ഷേ ശത്രു എന്നെ വലയം ചെയ്യുകയാണെന്ന് എനിക്ക് പെട്ടെന്ന് തോന്നി. ഞാൻ പെട്ടെന്ന് താഴെ ഇറങ്ങുകയും പാറയുടെ പിന്നിലേക്ക് മാറുകയും ചെയ്തു. മൂന്നാമത്തെ വെടിയുണ്ട ഞാൻ നേരത്തെ ഇരുന്നിരുന്ന സ്ഥലത്ത് നേരിട്ടു വന്നിടിച്ചു! അത് ഞാൻ കഷ്ടിച്ചു രക്ഷപെട്ട അനേക സന്ദർഭങ്ങളിൽ ഒന്നായിരുന്നു.
ഒക്കിനാവാക്കുവേണ്ടിയുള്ള യുദ്ധം ഏകദേശം മൂന്നുമാസം നീണ്ടുനിന്നു. ഒരു ചരിത്ര പുസ്തകം ഇപ്രകാരം റിപ്പോർട്ടുചെയ്യുന്നു: “ഒക്കിനാവാ യുദ്ധം മദ്ധ്യ പസഫിക്കിലെ ഏററം ചെലവേറിയതായിരുന്നു. ഉദ്ദേശം അഞ്ചുലക്ഷം ആളുകൾ പോരാട്ടത്തിൽ ഉൾപ്പെട്ടിരുന്നു, 49,000 അമേരിക്കക്കാർ അത്യാഹിതത്തിൽ പെടുകയും അവരിൽ 12,500 പേർ മരിക്കുകയും ചെയ്തു. ആ ദ്വീപിൽ 1,10,000-ത്തിൽ പരം ജപ്പാൻകാർ കൊല്ലപ്പെട്ടു.” ഉദ്ദേശം 870 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള, ഫലത്തിൽ അജ്ഞാതമായിരുന്ന ഒരു ദ്വീപിനുവേണ്ടി കുറഞ്ഞപക്ഷം 1,22,000 പട്ടാളക്കാരും ആയിരക്കണക്കിന് സാധാരണ പൗരൻമാരും കൊല്ലപ്പെട്ടു.
ആ പോരാട്ടത്തിനുശേഷം പുനരധിവാസത്തിന്റെ ഒരു കാലത്തിനും ജപ്പാനെ ആക്രമിക്കുന്നതിനുവേണ്ടിയുള്ള ഒരുക്കത്തിനുംവേണ്ടി ഞങ്ങളെ ഫിലിപ്പൈൻസിലേക്ക് അയച്ചു. ഈ സമയത്ത് ഞാൻ ആഹ്ലാദകരമായ ഒരു കാഴ്ച കണ്ടു. ഞങ്ങളുടെ ഡിവിഷനിലേക്ക് പകരക്കാരെ അയച്ചു, അവരിൽ എന്റെ ഇളയ സഹോദരനായ റോജറും ഉണ്ടായിരുന്നു. എന്നിരുന്നാലും, അവൻ ഒരിക്കലും യുദ്ധപ്രവർത്തനം കണ്ടില്ല. 1945 ഓഗസ്ററ് 6-ാം തീയതി ജപ്പാൻനഗരമായ ഹിരോഷിമായിൽ ആദ്യത്തെ ആററംബോംബ് ഇട്ടു. മൂന്നുദിവസത്തിനുശേഷം നാഗസാക്കിയിൽ രണ്ടാമത്തെ ബോംബ് എറിഞ്ഞു. അത് യുദ്ധത്തിന്റെ അന്ത്യം കുറിച്ചു.
എന്നെ ചിന്തിപ്പിച്ച ഒരു മരണം
എന്റെ സഹോദരനെയും എന്നെയും ജപ്പാനിലെ സപ്പോറൊയിലെ കൈവശപ്പെടുത്തൽ സേനയിൽ നിയമിച്ചു. അധികം താമസിയാതെ എന്നെ പട്ടാളസേവനത്തിൽ നിന്ന് വിടർത്തി, എന്നാൽ എന്റെ സഹോദരൻ മറെറാരു വർഷത്തേക്കുകൂടി ജപ്പാനിൽ താമസിച്ചു. ഞാൻ ഭവനത്തിലേക്ക് ഒരു കുടുംബസ്വീകരണത്തിനുവേണ്ടി പുറപ്പെട്ടു.
ഒക്ലഹോമായിൽ തിരിച്ചെത്തിയശേഷം ഞാൻ വിട്ടുപോന്ന ജോലി ഏറെറടുക്കുകയും കോളജിൽ വീണ്ടും പോയി നാലുവർഷത്തെ പ്രീമെഡിക്കൽകോഴ്സും ഒരു വർഷത്തെ പോസ്ററു ഗ്രാഡുവേററ് ജോലിയും തീർക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ ഞാൻ ഒക്ലഹോമായിൽനിന്നുള്ള ഒരു വിദ്യാർത്ഥിനിയായിരുന്ന നാൻസി വുഡ് എന്ന ശാലീനയായ ഒരു പെൺകുട്ടിയെ കണ്ടുമുട്ടി. 18 മാസങ്ങൾക്കുള്ളിൽ ഞങ്ങൾ വിവാഹിതരായി. കഴിഞ്ഞ 40-ൽ പരം വർഷങ്ങളായി അവൾ എന്റെ വിശ്വസ്തപങ്കാളിയായിരിക്കുന്നു.
അപ്പോഴും ഞാൻ എന്റെ പിതാവിന്റെ മതമായ യഹോവയുടെ സാക്ഷികളിൽ കൂടുതലായ ഒരു താൽപ്പര്യവും എടുത്തിരുന്നില്ല. ഞാൻ എന്റെ സ്വന്തം താൽപ്പര്യങ്ങളിൽ വളരെയധികം മുഴുകിയിരുന്നു. പീന്നീട്, 1950-ൽ ദുരന്തം പ്രഹരിച്ചു.
ഒരു ഗ്രാമീണഡോക്ടർ എന്ന നിലയിൽ അപ്പോഴും ഊർജ്ജസ്വലനായിരുന്ന 66 വയസ്സുണ്ടായിരുന്ന എന്റെ പിതാവ് ഒരു ഹൃദയസ്തംഭനത്താൽ മരിച്ചു. അമ്മക്ക് ഇത് ഒരു കഠിനമായ അടിയായിരുന്നു. അദ്ദേഹത്തിന്റെ മരണം ഞങ്ങൾക്കെല്ലാം അപ്രതീക്ഷിത സംഭവമായിരുന്നു. ഞങ്ങൾ അഞ്ചു പുത്രൻമാർക്കും ഒരു പിതാവിനെയും ഒരു നല്ല സ്നേഹിതനെയും നഷ്ടപ്പെട്ടു. തീർച്ചയായും, ഞങ്ങളെല്ലാം അടുത്ത പട്ടണത്തിൽനിന്നുള്ള യഹോവയുടെ സാക്ഷികളിൽ പെട്ട ഒരാൾ നടത്തിയ ശവസംസ്കാര പ്രസംഗത്തിൽ സംബന്ധിച്ചു. ആ പ്രസംഗത്തിന് ഞങ്ങളിലെല്ലാം നീണ്ടുനിൽക്കുന്ന ഫലങ്ങൾ ഉണ്ടായിരുന്നു.
പ്രസംഗകൻ, ഭൂമി സമാധാനപൂർണ്ണമായ ഒരു പറുദീസാവസ്ഥയിലേക്ക് പുനഃസ്ഥിതീകരിക്കപ്പെടുമ്പോൾ ഡാഡ് പുനരുത്ഥാനത്തിൽ മടങ്ങി വരുമെന്ന് ബൈബിളിൽ നിന്ന് കാണിച്ചു. ഇതെല്ലാം വർഷങ്ങൾക്കുമുമ്പ് ഞാൻ അറിഞ്ഞിരുന്നതിലേക്ക് എന്റെ ഓർമ്മയെ പായിച്ചു. താമസിയാതെ നാൻസിയും ഞാനും സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. ഞാൻ എത്രയധികം പഠിച്ചുവോ അത്രയധികം ലോകം എത്ര വ്യാമിശ്രവും യുദ്ധം എത്ര വിഫലവും ആണെന്ന് തിരിച്ചറിഞ്ഞു—ആ ജീവിതങ്ങളെല്ലാം രാഷ്ട്രീയ ഭരണകർത്താക്കളുടെ സ്വാർത്ഥപൂർവകമായ അധികാരതൃഷ്ണയെ ഉന്നമിപ്പിക്കുന്നതിന് ഹോമിക്കപ്പെടുകയാണുണ്ടായത്, എല്ലാ രാജ്യങ്ങളിലെയും വൈദികരാൽ പൊറുക്കപ്പെട്ടുകൊണ്ടുതന്നെ.
മനുഷ്യർ സമാധാന വസതികളിൽ ജീവിക്കുമ്പോൾ
ആയിരത്തിതൊള്ളായിരത്തി പതിനാലുമുതലുള്ള സംഭവങ്ങൾ അന്ത്യകാലത്തെ സംബന്ധിച്ച യേശുവിന്റെ പ്രവചനത്തിന്റെ ഒരു വ്യക്തമായ നിവൃത്തിയായിരുന്നു എന്ന് ഞാൻ തിരിച്ചറിയുകയും ചെയ്തു. അവൻ പറഞ്ഞിരുന്നതെല്ലാം ഒരു തലമുറക്കുള്ളിൽ സംഭവിക്കേണ്ടതായിരുന്നു. അതുകൊണ്ട്, പെട്ടെന്ന് ഭൂമിയിലെ സകല ദുഷ്പ്രവൃത്തിക്കാരെയും നീക്കംചെയ്യുന്നതിനുള്ള ഒരു നീതിയുള്ള യുദ്ധം, ദൈവത്തിന്റെ യുദ്ധമായ അർമ്മഗെദ്ദോൻ, സംഭവിക്കുകയും ദൈവത്തിന്റെ രാജ്യഗവൺമെൻറിന്റെ സമാധാനപൂർവകമായ ഭരണത്തിൻകീഴിൽ പുനഃസ്ഥാപിക്കപ്പെടുന്ന ഒരു ഭൂമിയുടെ മുന്നോടി ആയിരിക്കുകയും ചെയ്യും.—വെളിപ്പാട് 11:18; 21:1-4.
നാൻസിയും ഞാനും 1950-ൽ സ്നാനമേററു. ഞങ്ങളുടെ കോളജ് വിദ്യാഭ്യാസം തുടരുന്നതിനു പകരം ഞങ്ങൾ 1956-ൽ മുഴുസമയ ശുശ്രൂഷ ഏറെറടുക്കുന്നതിനുവേണ്ടി ഞങ്ങളുടെ കാര്യാദികൾ ക്രമീകരിച്ചു. പല വർഷങ്ങളിൽ ഞങ്ങൾ ഐക്യനാടുകളുടെ അനേകം ഭാഗങ്ങളിൽ സഞ്ചാരശുശ്രൂഷയിൽ പ്രസംഗിച്ചിട്ടുണ്ട്. അവിടെ ഞാൻ സർക്കിട്ട്മേൽവിചാരകനായും ഡിസ്ട്രിക്ട് മേൽവിചാരകനായും സേവിച്ചിരിക്കുന്നു. എട്ടുവർഷത്തിലധികം ഞാൻ സഭാമൂപ്പൻമാർക്കുവേണ്ടിയുള്ള രാജ്യശുശ്രൂഷാസ്കൂളിൽ പ്രബോധിപ്പിക്കുകയും മുഴുസമയശുശ്രൂഷകർക്കുവേണ്ടിയുള്ള പയനിയർസ്കൂളിൽ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒൻപത് വർഷങ്ങളിൽ ഞങ്ങൾ ന്യൂയോർക്കിലെ ബ്രൂക്ക്ളിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്ത് സേവിക്കുകയും ചെയ്തിരിക്കുന്നു. (g88 4/8)
[17-ാം പേജിലെ റസ്സൽ ഡിക്സന്റെ ചിത്രം]
[18-ാം പേജിലെ ചിത്രം]
ഞങ്ങൾ പ്രവർത്തിക്കുന്ന യഹോവയുടെ സാക്ഷികളുടെ ആസ്ഥാനത്ത് എന്റെ ഭാര്യയോടൊത്ത്
[19-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. Army photo