ചക്രവർത്തിയാരാധനയിൽനിന്ന് സത്യാരാധനയിലേക്ക്
ഇസാമൂ സുഗിയൂര പറഞ്ഞ പ്രകാരം
രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ തോൽക്കുമെന്ന് 1945-ൽ ഉറപ്പായെങ്കിലും, കാമിക്കാസി (“ദിവ്യമായ കാറ്റ്”) ആഞ്ഞടിച്ച് ശത്രുക്കളെ തോൽപ്പിക്കുമെന്നു ഞങ്ങൾ ഉറച്ചു വിശ്വസിച്ചിരുന്നു. 1274-ലും 1281-ലും, ആക്രമിച്ചു കയറിയ മംഗോളിയരുടെ അനേകം പടക്കപ്പലുകളെ ജപ്പാന്റെ തീരത്തിന് അടുത്തുവെച്ച് നശിപ്പിക്കുകവഴി പിൻവാങ്ങാൻ അവരെ നിർബന്ധിതരാക്കിയ കൊടുങ്കാറ്റുകളെ പരാമർശിക്കുന്ന പദമാണ് കാമിക്കാസി.
ജപ്പാൻ സഖ്യകക്ഷികൾക്കു മുമ്പാകെ അടിയറവു പറഞ്ഞിരിക്കുന്നു എന്ന് 1945 ആഗസ്റ്റ് 15-ന് ഹിരോഹിതോ ചക്രവർത്തി രാഷ്ട്രത്തെ അറിയിച്ചപ്പോൾ അദ്ദേഹത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരുന്ന പത്തു കോടിയോളം ആളുകളുടെ പ്രതീക്ഷകളാണു തകർന്നുവീണത്. അന്ന് ഒരു സ്കൂൾ വിദ്യാർഥി ആയിരുന്ന എന്റെയും പ്രതീക്ഷകൾ തകർന്നടിഞ്ഞു. ‘ചക്രവർത്തി അല്ലെങ്കിൽ പിന്നെ ആരാണ് ജീവിച്ചിരിക്കുന്ന ദൈവം? ഞാൻ ആരെയാണ് ആശ്രയിക്കേണ്ടത്?’ എന്നു ഞാൻ ചിന്തിച്ചു.
വാസ്തവത്തിൽ, രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനേറ്റ പരാജയം എനിക്കും ആയിരക്കണക്കിന് മറ്റു ജപ്പാൻകാർക്കും സത്യദൈവമായ യഹോവയെക്കുറിച്ചു പഠിക്കുന്നതിനുള്ള വഴി തുറന്നുതന്നു. ജീവിതത്തിൽ ഞാൻ വരുത്തേണ്ടിവന്ന മാറ്റങ്ങളെക്കുറിച്ചു പറയുന്നതിനു മുമ്പ്, ഞാൻ വളർന്നുവന്ന മതപശ്ചാത്തലത്തെ കുറിച്ചു വിശദീകരിക്കാം.
ആദ്യകാല മതസ്വാധീനങ്ങൾ
1932 ജൂൺ 16-ന് നഗോയ എന്ന നഗരത്തിൽ ജനിച്ച ഞാൻ നാല് ആൺമക്കളിൽ ഏറ്റവും ഇളയവൻ ആയിരുന്നു. ആ നഗരത്തിൽ സ്ഥലം അളക്കുന്ന ഒരാളായിരുന്നു എന്റെ അച്ഛൻ. അമ്മയാണെങ്കിൽ ഷിന്റോ മതത്തിലെ ഒരു വിഭാഗമായ തെന്റിക്യോയിലെ തീക്ഷ്ണതയുള്ള വിശ്വാസി. എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠനു തെന്റിക്യോ ഗുരു ആകാനുള്ള മതപരിശീലനം ലഭിച്ചു. അമ്മയോട് എനിക്കു വളരെ അടുപ്പം തോന്നിയിരുന്നു. അവർ എന്നെ ആരാധനാ യോഗങ്ങൾക്കു കൊണ്ടുപോകുമായിരുന്നു.
ശിരസ്സ് നമിക്കാനും പ്രാർഥിക്കാനുമൊക്കെ ഞാൻ പഠിച്ചു. തെന്റി ഓ നോ മിക്കോത്തോ എന്നു വിളിക്കപ്പെടുന്ന ഒരു സ്രഷ്ടാവിലും മറ്റു ചെറു ദേവന്മാരിലും വിശ്വസിക്കാൻ തെന്റിക്യോ മതം പഠിപ്പിച്ചിരുന്നു. അതിലെ അംഗങ്ങൾ വിശ്വാസ രോഗശാന്തി നടത്തുകയും മറ്റുള്ളവർക്കു സേവനം ചെയ്യുന്നതിനും തങ്ങളുടെ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിനും ഊന്നൽ കൊടുക്കുകയും ചെയ്തിരുന്നു.
കുട്ടി ആയിരുന്നപ്പോൾ എനിക്കു പലതിലും വലിയ ജിജ്ഞാസ തോന്നിയിരുന്നു. ചന്ദ്രനെയും രാത്രിയിൽ ആകാശത്തു കാണുന്ന എണ്ണമറ്റ നക്ഷത്രങ്ങളെയും നോക്കി ഞാൻ അമ്പരന്നു. കാണാൻ കഴിയുന്നതിനും അപ്പുറത്തേക്ക് ആകാശം എത്രമാത്രം വ്യാപിച്ചു കിടക്കുന്നുണ്ടാകും എന്നു ഞാൻ ചിന്തിച്ചിരുന്നു. ഞങ്ങളുടെ വീടിനു പുറകിലെ കൊച്ചു തൊടിയിൽ ഞാൻ നട്ട കത്തിരിയും വെള്ളരിയും വളർന്നുവരുന്നത് ഞാൻ സാകൂതം നിരീക്ഷിക്കുമായിരുന്നു. പ്രകൃതിയെ നിരീക്ഷിച്ചപ്പോൾ ദൈവത്തിലുള്ള എന്റെ വിശ്വാസം ബലപ്പെട്ടു.
യുദ്ധവർഷങ്ങൾ
എന്റെ പ്രാഥമിക വിദ്യാഭ്യാസവും രണ്ടാം ലോക മഹായുദ്ധവും ഒരേ കാലത്തായിരുന്നു—1939 മുതൽ 1945 വരെ. ഷിന്റോ മതത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്ന ചക്രവർത്തി ആരാധനയ്ക്ക് സ്കൂൾ വിദ്യാഭ്യാസത്തിലും ഊന്നൽ നൽകിയിരുന്നു. ദേശഭക്തിയും സൈനിക ചുവയും കലർന്ന ധാർമിക പരിശീലനം ഉൾപ്പെട്ടിരുന്ന ഷൂഷിൻ എന്ന തത്ത്വസംഹിതകൾ ഞങ്ങളെ പഠിപ്പിച്ചിരുന്നു. പതാക ഉയർത്തൽ ചടങ്ങുകൾ, ദേശീയ ഗാനാലാപനം, ചക്രവർത്തിയുടെ വിദ്യാഭ്യാസ ശാസനങ്ങളുടെ പഠനം, ചക്രവർത്തിയുടെ ചിത്രത്തിനു മുന്നിൽ ആദരാഞ്ജലി അർപ്പിക്കൽ എന്നിവയെല്ലാം ഞങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായിരുന്നു.
ചക്രവർത്തിയുടെ സൈന്യത്തിനു വിജയം ലഭിക്കാൻ ദൈവത്തോട് അപേക്ഷിക്കുന്നതിനു ഞങ്ങൾ അടുത്തുള്ള ഷിന്റോ ദേവാലയത്തിൽ പോകുക പതിവായിരുന്നു. എന്റെ രണ്ടു ജ്യേഷ്ഠന്മാർ സൈനിക സേവനത്തിൽ ആയിരുന്നു. ദേശഭക്തിപരവും മതപരവുമായി എനിക്കു ലഭിച്ച പരിശീലനം നിമിത്തം, ജാപ്പനീസ് സൈന്യത്തിന്റെ വിജയവാർത്തയിൽ ഞാൻ സന്തോഷിച്ചിരുന്നു.
ജപ്പാനിലെ വ്യോമയാന വ്യവസായത്തിന്റെ കേന്ദ്രമായിരുന്നു നഗോയ. തന്മൂലം, അത് അമേരിക്കൻ വ്യോമസേനയുടെ കനത്ത ആക്രമണങ്ങളുടെ ഒരു മുഖ്യ ലക്ഷ്യസ്ഥാനം ആയിത്തീർന്നു. പകൽസമയത്ത് ബി-29 സൂപ്പർഫോർട്രസ്സ് പോർവിമാനങ്ങൾ നഗരത്തിന് ഏകദേശം 30,000 അടി ഉയരത്തിൽനിന്ന് ഫാക്ടറി മേഖലകളിൽ ബോംബുവർഷം നടത്തിയിരുന്നു. രാത്രിയിൽ, 4,500 അടി വരെ താഴ്ന്നു പറക്കുന്ന ബോംബർ വിമാനങ്ങളെ സേർച്ച്ലൈറ്റുകളുടെ സഹായത്താൽ കാണാൻ കഴിയുമായിരുന്നു. തീബോംബുകൾ ഉപയോഗിച്ച് ആവർത്തിച്ചു നടത്തിയ വ്യോമാക്രമണങ്ങൾ പാർപ്പിട മേഖലകളെ ചുട്ടെരിച്ചു. യുദ്ധത്തിന്റെ അവസാനത്തെ ഒമ്പതു മാസക്കാലത്ത് നഗോയ നഗരം 54 പ്രാവശ്യം വ്യോമാക്രമണത്തിനു വിധേയമായി. അതു വിനാശം വിതയ്ക്കുക മാത്രമല്ല, 7,700-ൽ അധികം പേരുടെ മരണത്തിനും കാരണമായി.
അപ്പോഴേക്കും, പത്തു തീരദേശ നഗരങ്ങളുടെ നേർക്കു പടക്കപ്പലുകളിൽനിന്ന് ബോംബാക്രമണവും ഉണ്ടായി. ടോക്യോയ്ക്കു സമീപം അമേരിക്കൻ സൈന്യങ്ങൾ വന്നിറങ്ങാനുള്ള സാധ്യത ആളുകളുടെ സംസാരവിഷയമായി. രാജ്യത്തിന്റെ സംരക്ഷണാർഥം വാരിക്കുന്തങ്ങൾ ഉപയോഗിച്ച് പോരാടാൻ സ്ത്രീകൾക്കും ആൺകുട്ടികൾക്കും പരിശീലനം ലഭിച്ചു. “ഇച്ചിയോക്കൂ സോജിയോക്കൂസൈ” എന്നായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം. “കീഴടങ്ങുന്നതിനെക്കാൾ 10 കോടി പേർ മരിക്കാൻ തയ്യാർ” എന്നായിരുന്നു അതിന്റെ അർഥം.
1945 ആഗസ്റ്റ് 7-ലെ ഒരു ദിനപത്രത്തിൽ വന്ന തലക്കെട്ട് ഇങ്ങനെ ആയിരുന്നു: “ഹിരോഷിമയിൽ പുതിയ തരം ബോംബ് വീണിരിക്കുന്നു.” രണ്ടു ദിവസത്തിനു ശേഷം, മറ്റൊരു ബോംബ് നാഗസാക്കിയിലും വീണു. അവ അണുബോംബുകൾ ആയിരുന്നു. രണ്ടിടത്തുമായി 3,00,000-ത്തിൽ അധികം ആളുകൾ മരിച്ചുവെന്ന് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞു. പിന്നീട്, ആഗസ്റ്റ് 15-ന്, മരത്തോക്കുകൾ പിടിച്ചുകൊണ്ടുള്ള ഒരു പരിശീന മാർച്ചിന്റെ ഒടുവിൽ, ജപ്പാൻ കീഴടങ്ങുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ചക്രവർത്തി നടത്തിയ പ്രസംഗം ഞങ്ങൾ ശ്രവിച്ചു. ജയിക്കുമെന്ന ബോധ്യം ഉണ്ടായിരുന്ന ഞങ്ങൾ അതു കേട്ടപ്പോൾ തകർന്നുപോയി.
പുതിയൊരു പ്രത്യാശ ഉടലെടുക്കുന്നു
അമേരിക്കൻ സേനകൾ അധിനിവേശം തുടങ്ങിയപ്പോൾ, അമേരിക്ക യുദ്ധത്തിൽ ജയിച്ചിരിക്കുന്നുവെന്ന വസ്തുത ഞങ്ങൾ സാവധാനം അംഗീകരിച്ചു. ജപ്പാനിൽ ജനാധിപത്യം നിലവിൽ വന്നു, ഒപ്പം ആരാധനാ സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന ഒരു പുതിയ ഭരണഘടനയും. ജീവിതാവസ്ഥകൾ പരുക്കനായിരുന്നു, ഭക്ഷണമാണെങ്കിലോ തുച്ഛവും. വികലപോഷണത്തെ തുടർന്ന് 1946-ൽ എന്റെ പിതാവു മരിച്ചു.
അതിനിടെ, ഞാൻ പോയിരുന്ന സ്കൂളിൽ ഇംഗ്ലീഷ് പഠനപരിപാടി ആരംഭിച്ചു. നിപ്പോൺ ഹോസോ ക്യോക്കൈ റേഡിയോ നിലയം ഇംഗ്ലീഷ് സംഭാഷണ പരിപാടി തുടങ്ങി. കയ്യിൽ ഒരു പാഠപുസ്തകവും പിടിച്ച് പ്രസിദ്ധമായ ഈ പരിപാടി അഞ്ചു വർഷത്തോളം ഞാൻ ദിവസവും ശ്രദ്ധിച്ചു. ഒരു നാൾ ഐക്യനാടുകളിൽ പോകാൻ കഴിയുമെന്ന മോഹം അത് എന്നിൽ ഉളവാക്കി. ഷിന്റോ മതത്തിലും ബുദ്ധമതത്തിലും നിരാശ തോന്നിയതിനാൽ, ദൈവത്തെ കുറിച്ചുള്ള സത്യം ഒരുപക്ഷേ പാശ്ചാത്യ മതങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞേക്കുമെന്നു ഞാൻ ചിന്തിച്ചുതുടങ്ങി.
വാച്ച് ടവർ സൊസൈറ്റിയുടെ ഒരു മിഷനറി ആയ ഗ്രെയ്സ് ഗ്രിഗറിയെ 1951 ഏപ്രിൽ ആദ്യം ഞാൻ കണ്ടുമുട്ടി. നഗോയ റെയിൽവേ സ്റ്റേഷനു മുന്നിലായി വീക്ഷാഗോപുരത്തിന്റെ ഇംഗ്ലീഷ് പ്രതിയും ഒരു ബൈബിൾ വിഷയത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ജാപ്പനീസ് ഭാഷയിലുള്ള ചെറുപുസ്തകവും പിടിച്ച് നിൽക്കുകയായിരുന്നു അവർ. അത്തരം ഒരു വേല ചെയ്യാൻ അവർ കാട്ടിയ താഴ്മ എന്നിൽ മതിപ്പുളവാക്കി. ആ രണ്ടു പ്രസിദ്ധീകരണങ്ങളും വാങ്ങിയ ഞാൻ ബൈബിൾ പഠിക്കാനുള്ള അവരുടെ ക്ഷണം സത്വരം സ്വീകരിച്ചു. ഏതാനും ദിവസം കഴിഞ്ഞ് ബൈബിൾ പഠിക്കാൻ അവരുടെ വീട്ടിൽ ചെല്ലാമെന്ന് വാക്കും കൊടുത്തു.
ഞാൻ തീവണ്ടിയിൽ ഇരുന്ന് വീക്ഷാഗോപുരം വായിക്കാൻ തുടങ്ങി. പ്രാരംഭ ലേഖനത്തിലെ “യഹോവ” എന്ന ആദ്യ വാക്ക് എന്റെ ശ്രദ്ധ ആകർഷിച്ചു. ആ നാമം മുമ്പൊരിക്കലും ഞാൻ കണ്ടിരുന്നില്ല. ഞാൻ കൊണ്ടുനടന്നിരുന്ന ചെറിയ ഇംഗ്ലീഷ്-ജാപ്പനീസ് നിഘണ്ടുവിൽ അത് ഉണ്ടായിരിക്കുമെന്നു ഞാൻ കരുതിയില്ല. എന്നാൽ, അതിൽ ആ നാമം ഉണ്ടായിരുന്നു! “യഹോവ . . . ബൈബിളിലെ ദൈവം” എന്ന് അതിൽ എഴുതിയിരുന്നു. അങ്ങനെ, ക്രിസ്ത്യാനിത്വത്തിന്റെ ദൈവത്തെ കുറിച്ചു ഞാൻ മനസ്സിലാക്കാൻ തുടങ്ങി!
ആ മിഷനറി ഭവനത്തിലെ എന്റെ ആദ്യ സന്ദർശന വേളയിൽ, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന നേഥൻ എച്ച്. നോർ ഏതാനും ആഴ്ചകൾക്കു ശേഷം നടത്താനിരിക്കുന്ന പ്രസംഗത്തെ കുറിച്ചു ഞാൻ അറിഞ്ഞു. തന്റെ സെക്രട്ടറിയായ മിൽട്ടൺ ഹെൻഷലിനോടൊപ്പം ജപ്പാൻ സന്ദർശിക്കുകയായിരുന്ന നോർ സഹോദരൻ നഗോയയിലും വരുന്നുണ്ടായിരുന്നു. എനിക്കു ബൈബിൾ ഗ്രാഹ്യം കുറവായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രസംഗം വളരെ ഇഷ്ടമായി. അതിനായി കൂടിവന്ന മിഷനറിമാരും മറ്റുള്ളവരുമായുള്ള സഹവാസവും ഞാൻ ആസ്വദിച്ചു.
ഗ്രെയ്സിനോടൊത്തുള്ള പഠനത്തിൽനിന്നു രണ്ടു മാസംകൊണ്ട് യഹോവ, യേശുക്രിസ്തു, മറുവില, പിശാചായ സാത്താൻ, അർമഗെദോൻ, പറുദീസാ ഭൂമി എന്നിവ സംബന്ധിച്ച അടിസ്ഥാന സത്യങ്ങൾ ഞാൻ മനസ്സിലാക്കി. രാജ്യത്തിന്റെ സുവാർത്ത പോലുള്ള സന്ദേശമായിരുന്നു ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നതും. ഞാൻ പഠനം ആരംഭിച്ച കാലത്തുതന്നെ സഭായോഗങ്ങളിൽ സംബന്ധിക്കാനും തുടങ്ങി. ആ കൂടിവരവുകളിലെ സൗഹാർദ അന്തരീക്ഷം എനിക്കു വളരെ ഇഷ്ടമായി. അത്തരം കൂടിവരവുകളിൽ മിഷനറിമാർ ജപ്പാൻകാരുമായി സ്വതന്ത്രമായി ഇടപെടുകയും ടാറ്റാമിയിൽ (പുൽപ്പായയിൽ) ഞങ്ങളോടൊപ്പം ഇരിക്കുകയും ചെയ്യുമായിരുന്നു.
1951 ഒക്ടോബറിൽ ഓസക്ക നഗരത്തിലെ നാക്കാനോഷിമ പബ്ലിക് ഹാളിൽ വെച്ച് ജപ്പാനിലെ ആദ്യത്തെ സർക്കിട്ട് സമ്മേളനം നടന്നു. അന്ന് മുഴു ജപ്പാനിലുമായി 300-ൽ താഴെ സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ എങ്കിലും, 50 മിഷനറിമാർ ഉൾപ്പെടെ, 300-ഓളം പേർ അതിൽ സംബന്ധിച്ചു. ആ സമ്മേളനത്തിൽ എനിക്ക് ചെറിയൊരു പരിപാടി ഉണ്ടായിരുന്നു. ഞാൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾ എന്നിൽ വളരെ മതിപ്പുളവാക്കി. തന്മൂലം, ആയുഷ്കാലം മുഴുവൻ യഹോവയെ സേവിക്കാൻ ഞാൻ ഹൃദയത്തിൽ നിശ്ചയിച്ചുറച്ചു. പിറ്റേന്ന്, അടുത്തുള്ള ഒരു പൊതു കുളിപ്പുരയിൽ വെച്ച് ഇളം ചൂടുവെള്ളത്തിൽ ഞാൻ സ്നാപനമേറ്റു.
പയനിയർ സേവന സന്തോഷം
ഒരു പയനിയർ—യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകരെ അങ്ങനെയാണ് വിളിക്കുന്നത്—ആയിത്തീരാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ കുടുംബത്തെ സഹായിക്കാനുള്ള കടപ്പാടും എനിക്കു തോന്നി. എന്റെ ആഗ്രഹം ധൈര്യസമേതം മേലധികാരിയെ അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “അതു നിങ്ങളെ സന്തുഷ്ടനാക്കുമെങ്കിൽ, നിങ്ങളോടു സഹകരിക്കാൻ എനിക്കു സന്തോഷമേയുള്ളൂ.” ആ മറുപടിയിൽ ഞാൻ വിസ്മയിച്ചുപോയി. വാരത്തിൽ രണ്ടു ദിവസമേ എനിക്കു ജോലി ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ എങ്കിലും, കുടുംബ ചെലവുകളിൽ അമ്മയെ സഹായിക്കാൻ സാധിച്ചിരുന്നു. വാസ്തവത്തിൽ, കൂട്ടിൽനിന്നു തുറന്നുവിട്ട ഒരു പക്ഷിയെപ്പോലെ എനിക്കു തോന്നി.
തുടർന്ന് അവസ്ഥകൾ മെച്ചപ്പെട്ടപ്പോൾ, 1954 ആഗസ്റ്റ് 1-ാം തീയതി ഞാൻ പയനിയറിങ് ആരംഭിച്ചു. ഞാൻ ആദ്യമായി ഗ്രെയ്സിനെ കണ്ടുമുട്ടിയ സ്ഥലത്തുനിന്ന് ഏതാനും മിനിറ്റുകൾ നടന്നാൽ എത്താവുന്ന, നഗോയ റെയിൽവേ സ്റ്റേഷനു പിന്നിലുള്ള, ഒരു സ്ഥലമായിരുന്നു എന്റെ പ്രദേശം. മാസങ്ങൾക്കു ശേഷം, പശ്ചിമ കിയൂഷൂ ദ്വീപിലെ ഒരു നഗരമായ ബെപ്പൂവിൽ പ്രത്യേക പയനിയറായി സേവിക്കാനുള്ള നിയമനം എനിക്കു ലഭിച്ചു. സുട്ടോമൂ മിയൂര എന്റെ പയനിയർ പങ്കാളിയായി നിയമിതനായി.a അക്കാലത്ത്, ആ ദ്വീപിൽ ഒരിടത്തും യഹോവയുടെ സാക്ഷികളുടെ സഭകൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ 22 സർക്കിട്ടുകളിലായി നൂറു കണക്കിനു സഭകൾ അവിടെ ഉണ്ട്!
പുതിയ ലോകത്തിന്റെ പൂർവ വീക്ഷണം
1956 ഏപ്രിലിൽ നോർ സഹോദരൻ വീണ്ടും ജപ്പാൻ സന്ദർശിച്ചപ്പോൾ ഒരു ഇംഗ്ലീഷ് വീക്ഷാഗോപുരത്തിൽനിന്ന് ഏതാനും ഖണ്ഡികകൾ ഉച്ചത്തിൽ വായിക്കാൻ എന്നോട് ആവശ്യപ്പെട്ടു. എന്തിനെന്ന് എന്നോടു പറഞ്ഞില്ല. എന്നാൽ, ഗിലെയാദ് മിഷനറി സ്കൂളിന്റെ 29-ാം ക്ലാസ്സിൽ സംബന്ധിക്കാൻ എന്നെ ക്ഷണിച്ചുകൊണ്ടുള്ള ഒരു കത്ത് ഏതാനും മാസങ്ങൾക്കു ശേഷം എനിക്കു ലഭിച്ചു. പിന്നീട് ആ വർഷം നവംബറിൽ അമേരിക്കയിലേക്കുള്ള ആവേശകരമായ ഒരു യാത്രയ്ക്കായി ഞാൻ പുറപ്പെട്ടു. അങ്ങനെ, എന്റെ ഒരു ചിരകാല സ്വപ്നം പൂവണിഞ്ഞു. ഏതാനും മാസങ്ങൾ ബ്രുക്ലിൻ ബെഥേൽ കുടുംബത്തോടൊത്തു താമസിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത്, അതു യഹോവയുടെ ദൃശ്യ സംഘടന ആണെന്ന എന്റെ വിശ്വാസത്തെ ബലപ്പെടുത്തി.
1957 ഫെബ്രുവരിയിൽ, നോർ സഹോദരൻ ഞങ്ങൾ മൂന്നു വിദ്യാർഥികളെ ന്യൂയോർക്കിന്റെ വടക്കുള്ള സൗത്ത് ലാൻസിങ്ങിലെ ഗിലെയാദ് സ്കൂൾ കാമ്പസിലേക്ക് വാഹനത്തിൽ കൊണ്ടുപോയി. തുടർന്ന്, ഗിലെയാദ് സ്കൂളിൽ ചെലവഴിച്ച അഞ്ചു മാസം യഹോവയുടെ വചനത്തിൽ നിന്നുള്ള പ്രബോധനം എനിക്കു ലഭിച്ചു. സഹ വിദ്യാർഥികളുമൊത്ത് മനോഹരമായ ചുറ്റുപാടുകളിൽ കഴിയാനും സാധിച്ചു. അത് എനിക്ക് പറുദീസയുടെ ഒരു പൂർവ വീക്ഷണം ആയിരുന്നു. ആകെ ഉണ്ടായിരുന്ന 103 വിദ്യാർഥികളിൽ, ഞാൻ ഉൾപ്പെടെ, പത്തു പേരെ ജപ്പാനിലേക്കു നിയമിച്ചു.
എന്റെ നിയമനങ്ങളെ വിലമതിക്കുന്നു
1957 ഒക്ടോബറിൽ ഞാൻ മടങ്ങിവന്നപ്പോൾ ജപ്പാനിൽ ഏകദേശം 860 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഒരു സർക്കിട്ട് മേൽവിചാരകനായി സഞ്ചാര വേലയിൽ ഞാൻ നിയമിതനായി. എന്നാൽ ആദ്യം, നഗോയയിലെ ആഡ്രിയൻ തോംസൺ സഞ്ചാര വേല സംബന്ധിച്ച് ഏതാനും ദിവസത്തെ പരിശീലനം എനിക്കു തന്നു. ഫുജി പർവതത്തിന് അടുത്തുള്ള ഷിമിസൂ മുതൽ ഷിക്കോക്കൂ ദ്വീപു വരെയുള്ള പ്രദേശമായിരുന്നു എന്റെ സർക്കിട്ട്. ക്യോട്ടോ, ഓസക്ക, കോബെ, ഹിരോഷിമ എന്നീ വലിയ നഗരങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു.
1961-ൽ ഒരു ഡിസ്ട്രിക്റ്റ് മേൽവിചാരകനായി ഞാൻ നിയമിതനായി. വടക്കൻ ഹിമദ്വീപായ ഹൊക്കൈദോ മുതൽ ഉപോഷ്ണ മേഖലാ ദ്വീപായ ഓക്കിനാവയും പിന്നിട്ട് തായ്വാന് അടുത്തുള്ള ഇഷിഗാക്കി ദ്വീപുകൾ വരെയുള്ള യാത്ര—ഏകദേശം 3,000 കിലോമീറ്റർ—ആ നിയമനത്തിൽ ഉൾപ്പെട്ടിരുന്നു.
പിന്നീട്, ബ്രുക്ലിൻ ബെഥേലിൽ വെച്ചുള്ള ഗിലെയാദ് സ്കൂളിന്റെ പത്തു മാസത്തെ ഒരു കോഴ്സിന് 1963-ൽ ഞാൻ ക്ഷണിക്കപ്പെട്ടു. ലഭിക്കുന്ന ജോലിയോട് ഉചിതമായ വീക്ഷണം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം ആ കോഴ്സിൽ നോർ സഹോദരൻ ഊന്നിപ്പറയുകയുണ്ടായി. ഓഫീസിൽ ജോലി ചെയ്യുന്നതു പോലെ പ്രധാനപ്പെട്ട നിയമനമാണ് കക്കൂസ് വൃത്തിയാക്കുന്നതും എന്ന് അദ്ദേഹം പറഞ്ഞു. കക്കൂസ് വൃത്തിയുള്ളതല്ല എങ്കിൽ മുഴു ബെഥേൽ കുടുംബത്തെയും അവരുടെ പ്രവർത്തനത്തെയും അതു ബാധിച്ചേക്കാം എന്ന് അദ്ദേഹം പ്രസ്താവിച്ചു. പിൽക്കാലത്ത്, ജപ്പാനിലെ ബെഥേലിൽ കക്കൂസ് വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള ഒരു നിയമനം എനിക്കു ലഭിച്ചപ്പോൾ നോർ സഹോദരൻ നൽകിയ ആ ബുദ്ധ്യുപദേശം ഞാൻ ഓർത്തു.
ജപ്പാനിൽ മടങ്ങിവന്ന ശേഷം, ഞാൻ വീണ്ടും സഞ്ചാരവേലയിൽ നിയമിതനായി. രണ്ടു വർഷം കഴിഞ്ഞ്, അതായത് 1966-ൽ, മാറ്റ്സുയെ നഗരത്തിൽ ഒരു പ്രത്യേക പയനിയറായി സേവിച്ചിരുന്ന ജൂങ്കോ ഇവാസാക്കിയെ ഞാൻ വിവാഹം കഴിച്ചു. അന്ന് ജപ്പാനിലെ ബ്രാഞ്ച് മേൽവിചാരകനായിരുന്ന ലോയ്ഡ് ബാരിയാണ് ഹൃദയോഷ്മളമായ വിവാഹപ്രസംഗം നടത്തിയത്. തുടർന്ന് ജൂങ്കോ എന്നോടൊപ്പം സഞ്ചാര വേലയിൽ ചേർന്നു.
1968-ൽ ഞങ്ങളുടെ നിയമനത്തിനു മാറ്റം വന്നു. ആ വർഷം പരിഭാഷാ വേലയ്ക്കായി എന്നെ ടോക്യോയിലെ ബ്രാഞ്ച് ഓഫീസിലേക്കു വിളിക്കുകയുണ്ടായി. ബെഥേലിൽ മുറികൾ കുറവായിരുന്നതിനാൽ, ടോക്യോയിലെ സൂമിദ വാർഡിൽനിന്നു ഞാൻ ദിവസവും പോയിവരുകയായിരുന്നു. ജൂങ്കോ പ്രാദേശിക സഭയിൽ പ്രത്യേക പയനിയറായി സേവിക്കുകയും ചെയ്തു. അപ്പോഴേക്കും, കൂടുതൽ ബ്രാഞ്ച് സൗകര്യങ്ങൾ ആവശ്യമായി വന്നു. അങ്ങനെ, ഫുജി പർവതത്തിൽനിന്ന് വളരെ അകലെയല്ലാത്ത നുമാസൂവിൽ 1970-ൽ പുതിയ സ്ഥലം വാങ്ങി. അവിടെ ഒരു മൂന്നു നില ഫാക്ടറി കെട്ടിടവും പാർപ്പിടത്തിനുള്ള ഒരു കെട്ടിടവും പണിതു. നിർമാണം തുടങ്ങുന്നതിനു മുമ്പ് അവിടെ ഉണ്ടായിരുന്ന പല ഭവനങ്ങളും, സഭാ മേൽവിചാരകന്മാർക്കു പരിശീലനം നൽകുന്ന രാജ്യ ശുശ്രൂഷാ സ്കൂളിനു വേണ്ടി ഉപയോഗിക്കുകയുണ്ടായി. ആ സ്കൂളിലെ വിദ്യാർഥികളെ പഠിപ്പിക്കാനുള്ള പദവി എനിക്കു ലഭിച്ചപ്പോൾ ജൂങ്കോ അവർക്കു വേണ്ടി ഭക്ഷണം തയ്യാറാക്കി. ശുശ്രൂഷയ്ക്കായി നൂറു കണക്കിനു ക്രിസ്തീയ പുരുഷന്മാർക്കു പ്രത്യേക പരിശീലനം ലഭിക്കുന്നതു കാണുന്നതു പുളകപ്രദമായിരുന്നു.
അമ്മ ആശുപത്രിയിലാണ്, നില വളരെ മോശമാണ് എന്ന് അറിയിക്കുന്ന ഒരു അടിയന്തിര ടെലഗ്രാം സന്ദേശം ഒരു ദിവസം ഉച്ചകഴിഞ്ഞ് എനിക്ക് ലഭിച്ചു. ബുള്ളറ്റ് ട്രെയിനിൽ നഗോയയിൽ എത്തിയ ഞാൻ ഉടനടി ആശുപത്രിയിലേക്കു തിരിച്ചു. അമ്മ അബോധാവസ്ഥയിൽ ആയിരുന്നു. രാത്രി ഞാൻ അമ്മയുടെ കിടക്കയ്ക്ക് അരികെ നിന്നു. പിറ്റേന്ന് അതിരാവിലെ അമ്മ മരിച്ചു. നുമാസൂവിലേക്കു തിരിച്ചു പോകവേ, അമ്മ ജീവിതത്തിൽ അനുഭവിച്ച ക്ലേശങ്ങളെയും എനിക്കു നൽകിയ സ്നേഹത്തെയും കുറിച്ച് ഓർത്തപ്പോൾ കണ്ണുനീർ അടക്കാനായില്ല. യഹോവയുടെ ഹിതമെങ്കിൽ, പുനരുത്ഥാനത്തിൽ ഞാൻ അമ്മയെ വീണ്ടും കാണും.
ബെഥേൽ കുടുംബത്തിന് നുമാസൂവിലെ സൗകര്യങ്ങൾ മതിയാകാതെ വന്നതിനാൽ എബിന നഗരത്തിൽ 18 ഏക്കർ സ്ഥലം വാങ്ങി. 1978-ൽ അവിടെ പുതിയ ബ്രാഞ്ച് സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചു. ഇപ്പോൾ ആ സ്ഥലത്തൊട്ടാകെ ഫാക്ടറി കെട്ടിടങ്ങളും പാർപ്പിട കെട്ടിടങ്ങളുമാണ്. കൂടാതെ, 2,800 പേർക്ക് ഇരിക്കാവുന്ന ഒരു സമ്മേളന ഹാളും അതിലുണ്ട്. ഏറ്റവും പുതുതായി പണി കഴിപ്പിച്ചത് 13 നിലകളുള്ള രണ്ടു പാർപ്പിട കെട്ടിടങ്ങളും അഞ്ച് നിലകളുള്ള ഒരു പാർക്കിങ്/സർവീസ് കെട്ടിടവുമാണ്. അത് ഈ വർഷാരംഭത്തിലാണു പൂർത്തിയായത്. ഇവിടെ ഇപ്പോൾ 530 ബെഥേൽ കുടുംബാംഗങ്ങൾ ഉണ്ട്. എന്നാൽ, കൂടുതലായ സൗകര്യങ്ങൾ ഉള്ളതിനാൽ 900 പേർക്കു താമസിക്കാൻ സാധിക്കും.
സന്തോഷിക്കാൻ നിരവധി കാരണങ്ങൾ
ബൈബിൾ പ്രവചനങ്ങൾ നിവർത്തിക്കുന്ന, അതായത് ‘കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരുന്ന’ കാഴ്ച അതീവ സന്തോഷം പകരുന്ന ഒന്നാണ്. (യെശയ്യാവു 60:22) “ജപ്പാനിൽ എത്ര സാക്ഷികളുണ്ട്?” എന്ന് 1951-ൽ എന്റെ ഒരു ജ്യേഷ്ഠൻ ചോദിച്ചത് ഞാൻ ഓർക്കുന്നു.
“260-ഓളം വരും,” ഞാൻ മറുപടി നൽകി.
“അത്രയേ ഉള്ളോ?” പരിഹാസ രൂപേണ അദ്ദേഹം തിരിച്ചു ചോദിച്ചു.
അപ്പോൾ ഞാൻ ഓർത്തത് ഇങ്ങനെയാണ്, ‘ഈ ഷിന്റോ-ബുദ്ധമത രാജ്യത്തുനിന്നു തന്റെ ആരാധനയിലേക്കു യഹോവ എത്ര പേരേ കൂട്ടിവരുത്തുമെന്നു കാലം തെളിയിച്ചുകൊള്ളും.’ യഹോവ അതിന് ഉത്തരം നൽകിയിരിക്കുന്നു! ഇന്നു ജപ്പാനിൽ പ്രസംഗ പ്രവർത്തനത്തിനു നിയമിച്ചു കൊടുക്കാത്തതായ ഒരു പ്രദേശവും ഇല്ല. സത്യാരാധകരുടെ എണ്ണം 3,800 സഭകളിലായി 2,22,000-ത്തിലും കവിഞ്ഞിരിക്കുന്നു!
മുഴുസമയ ശുശ്രൂഷയിൽ ഞാൻ ചെലവിട്ട 44 വർഷങ്ങൾ—അതിൽ സ്നേഹമയിയായ ഭാര്യയോടൊത്തുള്ള 32 വർഷങ്ങളും—വിശേഷാൽ സന്തോഷപ്രദം ആയിരുന്നു. അതിൽ 25 വർഷക്കാലം ബെഥേലിലെ പരിഭാഷാ വിഭാഗത്തിലാണു ഞാൻ സേവിച്ചത്. 1979 സെപ്റ്റംബറിൽ ജപ്പാനിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് കമ്മിറ്റിയിലെ അംഗമാകാൻ ഞാൻ ക്ഷണിക്കപ്പെട്ടു.
ആത്മാർഥതയും സമാധാനപ്രിയവുമുള്ള ആളുകളെ യഹോവയുടെ ആരാധനയിലേക്കു വരാൻ സഹായിക്കുന്നതിൽ ചെറിയൊരു പങ്കുണ്ടായിരിക്കാൻ കഴിഞ്ഞത് ഒരു പദവിയും അനുഗ്രഹവുമായി ഞാൻ കരുതുന്നു. ചക്രവർത്തിക്കു ഭക്തി നൽകുന്നതിൽനിന്ന് ഏക സത്യദൈവമായ യഹോവയുടെ ആരാധനയിലേക്കു വന്ന എന്നെപ്പോലെ പലരുമുണ്ട്. യഹോവയുടെ വിജയപക്ഷത്തേക്കു വരാനും സമാധാനം കളിയാടുന്ന പുതിയ ലോകത്തിലെ അനന്തജീവൻ പ്രാപിക്കാനും ഇനിയും കൂടുതൽ പേരെ സഹായിക്കുക എന്നതാണ് എന്റെ ആത്മാർഥമായ ആഗ്രഹം.—വെളിപ്പാടു 22:17.
[അടിക്കുറിപ്പുകൾ]
a അദ്ദേഹത്തിന്റെ പിതാവ് ഹിരോഷിമയിലെ അണുബോംബു സ്ഫോടനത്തെ അതിജീവിച്ച ഒരു വിശ്വസ്ത സാക്ഷി ആയിരുന്നു. 1945-ലെ ആ സ്ഫോടന സമയത്ത് അദ്ദേഹം ഒരു ജാപ്പനീസ് ജയിലിൽ ആയിരുന്നു. 1994 ഒക്ടോബർ 8 ലക്കം ഉണരുക!യുടെ 11-15 പേജുകൾ കാണുക.
[29-ാം പേജിലെ ചിത്രം]
ചക്രവർത്തി ആരാധനയെ കേന്ദ്രീകരിച്ചുള്ള സ്കൂൾ വിദ്യാഭ്യാസം
[കടപ്പാട]
The Mainichi Newspapers
[29-ാം പേജിലെ ചിത്രം]
ഫ്രാൻസ് സഹോദരനോടൊപ്പം ന്യൂയോർക്കിൽ
[29-ാം പേജിലെ ചിത്രം]
ഭാര്യ ജൂങ്കോയോടൊപ്പം
[31-ാം പേജിലെ ചിത്രം]
പരിഭാഷാ വിഭാഗത്തിൽ സേവിക്കുന്നു