“ആററംബോംബ്” എന്റെ പിതാവിനെ “തടവിൽനിന്നു പുറത്തുചാടിച്ചു”
നഗരത്തെ തകർത്തു തരിപ്പണമാക്കുകയും ദശസഹസ്രക്കണക്കിനു വരുന്ന അതിലെ ജനങ്ങളെ തുടച്ചുമാററുകയും ചെയ്തുകൊണ്ട് 1945, ആഗസ്ററ് 6-ാം തീയതി രാവിലെ 8:15-നു ജപ്പാനിലെ ഹിരോഷിമയിൽ ഒരു ആററംബോംബ് പൊട്ടിത്തെറിച്ചു. ചക്രവർത്തിയെ ആരാധിക്കാനും ജപ്പാന്റെ സൈനികമേധാവിത്വത്തെ പിന്തുണയ്ക്കാനും വിസമ്മതിച്ച എന്റെ പിതാവ് ആ സമയത്ത് ഹിരോഷിമ ജയിലിലെ ഒരു അന്തേവാസിയായിരുന്നു.
സ്മരണാർഹമായ ആ പ്രഭാതത്തിലെ സംഭവം പിതാവ് പലവുരു വിവരിച്ചിട്ടുണ്ട്. “എന്റെ ജയിലറയുടെ മച്ചിൽ ഒരു പ്രകാശം കണ്ടു. ഉള്ള പർവതങ്ങളെല്ലാം ഒന്നിച്ച് തകർന്നുവീണാലെന്നപോലെ ഉഗ്രമായ ഉച്ചത്തിൽ ഒരു മുഴക്കം ഞാൻ കേട്ടു. പെട്ടെന്ന് ജയിലറയാകെ ഇരുൾമൂടി. കറുത്ത നിറത്തിൽ കാണപ്പെട്ട വാതകത്തിൽനിന്നു രക്ഷനേടാൻ ഞാൻ മെത്തക്കടിയിൽ എന്റെ തലയൊളിപ്പിച്ചു.
“ഏഴെട്ടു മിനിററിനു ശേഷം മെത്തയ്ക്കടിയിൽനിന്ന് ഞാൻ തലപൊക്കി നോക്കിയപ്പോൾ ആ ‘വാതകം’ അപ്രത്യക്ഷമായിരുന്നു. വീണ്ടും ഒരിക്കൽക്കൂടി വെളിച്ചം. അലമാരയിലുണ്ടായിരുന്ന സാധനങ്ങളും വളരെയധികം പൊടിയും നിലത്തുവീണിരുന്നു, ആകെ അലങ്കോലപ്പെട്ട ഒരു അവസ്ഥ. ജയിലിനെ വളഞ്ഞ് ഒരു ഉയർന്ന മതിലുണ്ടായിരുന്നതുകൊണ്ട് തീ അകത്തേക്കു കടന്നുപിടിച്ചില്ല.
“പിൻ ജനാലയിലൂടെ നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി! ജയിലിലെ പണിശാലകളും തടിക്കെട്ടിടങ്ങളുമെല്ലാം നിലംപൊത്തിയിരിക്കുന്നു. മുൻവശത്തെ കൊച്ചു ജനാലയിലൂടെ നോക്കിയപ്പോഴാകട്ടെ എതിർവശത്തുള്ള കെട്ടിടത്തിന്റെ അറകളെല്ലാം തകർന്നു തരിപ്പണമായിക്കഴിഞ്ഞിരിക്കുന്നു. അതിജീവിച്ച തടവുകാർ സഹായത്തിനായി നിലവിളിച്ചു. ഭയവും പരിഭ്രാന്തിയും മുററിനിന്നു. എങ്ങും സംഭ്രമത്തിന്റെയും കൊടുംഭീതിയുടെയും ഒരു ദൃശ്യം.”
“ആററംബോംബ് തടവിൽനിന്നു പുറത്തുചാടിച്ച” കാര്യം പിതാവ് പറയുന്നതു കേൾക്കാൻ ഒരു കൊച്ചുകുട്ടിയായിരുന്ന എനിക്ക് രസമായിരുന്നു. അന്യായമായി തടവിലാക്കപ്പെട്ടതുകൊണ്ട് ആ കഥ വിവരിച്ചപ്പോൾ അദ്ദേഹത്തിന് ഒരു കുററബോധവുമില്ലായിരുന്നു. പിതാവിനെതിരെ ആരോപിക്കപ്പെട്ട കുററങ്ങളെക്കുറിച്ചും തടവിലാക്കപ്പെട്ടിരുന്ന വർഷങ്ങളിൽ അദ്ദേഹം പരിചരിക്കപ്പെട്ട വിധത്തെക്കുറിച്ചും പറയുന്നതിനുമുമ്പ് എന്റെ മാതാപിതാക്കൾ റേറാഡൈഷായുമായി ബന്ധപ്പെടാനിടയായ വിധം ഞാൻ വിവരിക്കട്ടെ. ജപ്പാനിലെ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി അന്ന് അറിയപ്പെട്ടിരുന്നത് ആ പേരിലാണ്.
ഒരു ഉദ്ദേശ്യം തേടി
പിതാവ് ഒരു വലിയ പുസ്തക പ്രേമിയായിരുന്നു. ചെറുപ്പത്തിൽത്തന്നെ അദ്ദേഹം സ്വയം മെച്ചപ്പെടാൻ ശ്രമിച്ചു. പ്രാഥമിക വിദ്യാലയത്തിൽ അഞ്ചാം ഗ്രേഡിൽ പഠിക്കുമ്പോൾതന്നെ അദ്ദേഹം വടക്കുകിഴക്കൻ ജപ്പാനിലെ ഈഷീനോമോരിയിലുള്ള തന്റെ വീട്ടിൽനിന്ന് ഒളിച്ചുകടന്നു. ഒരു ടിക്കററിനുള്ള പണം മാത്രമുണ്ടായിരുന്ന അദ്ദേഹം ടോക്കിയോയിലേക്ക് തീവണ്ടി കയറി. അവിടെ, രണ്ടുതവണ ജപ്പാൻ പ്രധാനമന്ത്രി പദം അലങ്കരിച്ച ഷീഗെനോബു ഓകുമായുടെ ഒരു വേലക്കാരനായി സേവിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. എന്നാൽ പ്രാകൃതവേഷം ധരിച്ച ഈ ഗ്രാമീണ പയ്യൻ ശ്രീ. ഓകുമായുടെ വസതിയിൽ ഹാജരായപ്പോൾ ജോലിക്കുവേണ്ടിയുള്ള അവന്റെ അപേക്ഷ നിരസിക്കപ്പെട്ടു. പിന്നീട് പിതാവിന് ഒരു പാൽക്കടയിൽ താമസിച്ചുകൊണ്ടു ജോലിചെയ്യാനുള്ള അവസരം കിട്ടി.
അപ്പോഴും ഒരു കൗമാരപ്രായക്കാരനായിരുന്ന പിതാവ് രാഷ്ട്രീയക്കാരുടെയും പണ്ഡിതൻമാരുടെയും പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങി. ഒരു പ്രഭാഷണത്തിൽ, വളരെ പ്രാധാന്യമുള്ള ഒരു പുസ്തകമായി ബൈബിൾ പരാമർശിക്കപ്പെട്ടു. അങ്ങനെ ഒത്തുവാക്യങ്ങളും ബൈബിൾ ഭൂപടവുംകൊണ്ടു നിറഞ്ഞ ഒരു ബൈബിൾ പിതാവ് സ്വന്തമാക്കി. താൻ വായിച്ച കാര്യങ്ങളിൽ അദ്ദേഹത്തിന് ആഴമായ മതിപ്പുളവാകുകയും മുഴു മനുഷ്യവർഗത്തിനും പ്രയോജനപ്പെടുന്ന പ്രവർത്തനത്തിലേർപ്പെടാൻ അദ്ദേഹം പ്രേരിതനാകുകയും ചെയ്തു.
ഒടുവിൽ പിതാവ് വീട്ടിൽ തിരിച്ചെത്തി. 24 വയസ്സുണ്ടായിരുന്ന അദ്ദേഹം 1931 ഏപ്രിലിൽ, 17 വയസ്സുകാരി ഹാഗീനോയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞയുടൻതന്നെ ഒരു ബന്ധു അദ്ദേഹത്തിന് റേറാഡൈഷാ പ്രസിദ്ധീകരിച്ച സാഹിത്യങ്ങൾ അയച്ചു കൊടുത്തു. വായിച്ച കാര്യങ്ങളിൽ മതിപ്പുളവായ അദ്ദേഹം ടോക്കിയോയിലുള്ള റേറാഡൈഷാക്ക് എഴുതി. 1931 ജൂണിൽ സെൻഡെയ് എന്ന സ്ഥലത്തുനിന്ന് മാററ്സ്യൂ ഈഷി എന്നു പേരുള്ള ഒരു മുഴുസമയ ശുശ്രൂഷക ഈഷീനോമോരിയിൽ അദ്ദേഹത്തെ സന്ദർശിച്ചു.a പിതാവ് അവരിൽനിന്ന് ഒരു സെററ് പുസ്തകങ്ങൾ വാങ്ങി. അതിൽ ദൈവത്തിന്റെ കിന്നരം, സൃഷ്ടി (ഇംഗ്ലീഷ്), ഗവൺമെൻറ് തുടങ്ങിയവ ഉൾപ്പെട്ടിരുന്നു.
ജീവിതത്തിൽ ഒരു ഉദ്ദേശ്യം കണ്ടെത്തൽ
പെട്ടെന്നു തന്നെ പിതാവ് അമർത്ത്യ മനുഷ്യ ദേഹിയുടെ അസ്തിത്വം, തീനരകത്തിലെ ക്രൂരമായ നിത്യദണ്ഡനം, സ്രഷ്ടാവിന്റെ ത്രിയേകത്വം തുടങ്ങിയ വിവിധ സഭാ പഠിപ്പിക്കലുകൾ തെററാണെന്നു മനസ്സിലാക്കി. (സഭാപ്രസംഗി 9:5, 10; യെഹെസ്കേൽ 18:4; യോഹന്നാൻ 14:28) ഈ ലോകത്തിന് ഒരു അവസാനമുണ്ടെന്നും അദ്ദേഹം മനസ്സിലാക്കി. (1 യോഹന്നാൻ 2:17) ശരിയായത് അറിയാനുള്ള ആഗ്രഹത്തിൽ അദ്ദേഹം റേറാഡൈഷായുടെ നിയമിത പ്രതിനിധിയുമായി ബന്ധപ്പെട്ടു. അദ്ദേഹം 1931 ആഗസ്ററിൽ പിതാവിനെ സന്ദർശിച്ചു. അവരുടെ ചർച്ചകളുടെ ഫലമായി പിതാവ് സ്നാപനമേൽക്കുകയും യഹോവയുടെ ഒരു മുഴുസമയ ശുശ്രൂഷകനായിത്തീരാൻ തീരുമാനിക്കുകയും ചെയ്തു.
വിപുലമായ ചർച്ചകൾക്കുശേഷം താൻ ബൈബിളിൽനിന്നു പഠിക്കുന്നത് സത്യമാണെന്ന് അമ്മയ്ക്കും ബോധ്യമായി. അമ്മ യഹോവക്ക് തന്റെ ജീവിതം സമർപ്പിക്കുകയും 1931 ഒക്ടോബറിൽ സ്നാപനമേൽക്കുകയും ചെയ്തു. പിതാവ് തന്റെ വസ്തുവകകൾ ലേലത്തിൽ വിററപ്പോൾ അദ്ദേഹത്തിനു ബുദ്ധിഭ്രമം സംഭവിച്ചുവെന്ന് ബന്ധുക്കൾ വിചാരിച്ചു.
മുഴുസമയ ശുശ്രൂഷകരായുള്ള ജീവിതം
ലേലത്തിൽ വിററുകിട്ടിയ പണം മുഴുവനും തന്റെ അമ്മയെ ഏൽപ്പിച്ചിട്ട് പിതാവും മാതാവും 1931 നവംബറിൽ ടോക്കിയോയിലേക്കു പോയി. രാജ്യസുവാർത്തയെപ്പററി മററുള്ളവരോടു സംസാരിക്കേണ്ടത് എങ്ങനെയെന്നതു സംബന്ധിച്ച് അവർക്ക് നിർദേശങ്ങൾ ഒന്നും ലഭിച്ചിരുന്നില്ലെങ്കിലും അവിടെ എത്തിയതിന്റെ പിറേറ ദിവസം തന്നെ അവർ പ്രസംഗമാരംഭിച്ചു.—മത്തായി 24:14.
അവർക്കു ജീവിതം എളുപ്പമായിരുന്നില്ല. അന്ന് വെറും 17 വയസ്സുമാത്രം ഉണ്ടായിരുന്ന എന്റെ അമ്മയ്ക്ക് അതു വിശേഷാൽ പ്രയാസകരമായിരുന്നു. അവിടെ സഹവിശ്വാസികളോ യോഗങ്ങളോ സഭയോ ഒന്നും ഉണ്ടായിരുന്നില്ല. രാവിലെ 9:00 മുതൽ വൈകുന്നേരം 4:00 വരെ വീടുതോറും നടന്ന് ബൈബിൾ സാഹിത്യം വിതരണം ചെയ്യുന്ന ഒരു ദൈനംദിന പരിപാടി മാത്രമുണ്ടായിരുന്നു.
1933-ൽ അവർക്ക് ടോക്കിയോയിൽനിന്ന് കോബിലേക്ക് സ്ഥലംമാററം ലഭിച്ചു. അവിടെ 1934, ഫെബ്രുവരി 9-ന് ഞാൻ ജനിച്ചു. ഞാൻ ജനിക്കുന്നതിന് ഒരു മാസം മുമ്പുവരെ അമ്മ ശുശ്രൂഷയിൽ ഊർജസ്വലമായി പ്രവർത്തിച്ചു. അതിനുശേഷം എന്റെ മാതാപിതാക്കൾ യാമാഗൂച്ചി, ഊബ്, കൂർ എന്നിവിടങ്ങളിലേക്കും ഒടുവിൽ ഹിരോഷിമയിലേക്കും സ്ഥലംമാറി. ഓരോ സ്ഥലത്തും ഏതാണ്ട് ഒരു വർഷം വീതം പ്രസംഗിച്ചു.
എന്റെ മാതാപിതാക്കൾ അറസ്ററു ചെയ്യപ്പെട്ടു
ജപ്പാന്റെ സൈനികമേധാവിത്വം ശക്തിപ്രാപിച്ചപ്പോൾ വാച്ച് ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ നിരോധിക്കപ്പെടുകയും പ്രത്യേക രഹസ്യ പൊലീസ് സാക്ഷികളെ അടുത്തു നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്തു. 1939, ജൂൺ 21-ന് യഹോവയുടെ സാക്ഷികളുടെ ജപ്പാനിലാകമാനമുള്ള മുഴുസമയശുശ്രൂഷകരെ പിടികൂടി. അറസ്ററു ചെയ്യപ്പെട്ടവരിൽ എന്റെ പിതാവും മാതാവും ഉൾപ്പെട്ടിരുന്നു. ഞാൻ ഈഷീനോമോരിയിൽ എന്റെ വല്ല്യമ്മയുടെ സംരക്ഷണത്തിൽ ആക്കപ്പെട്ടു. എട്ടു മാസത്തെ തടവുജീവിതത്തിനു ശേഷം അമ്മയെ മോചിപ്പിക്കുകയും നിരീക്ഷണവിധേയമാക്കുകയും ചെയ്തു. ഒടുവിൽ 1942-ൽ സെൻഡെയിൽ ഞാൻ അമ്മയോടൊപ്പം ചേർന്നു.
അതിനിടയിൽ പിതാവിനെയും മററു സാക്ഷികളെയും രഹസ്യ പൊലീസ് ഹിരോഷിമ പൊലീസ് സ്റേറഷനിൽ വെച്ചു ചോദ്യം ചെയ്തു. ചക്രവർത്തിയെ ആരാധിക്കാനും ജപ്പാന്റെ സൈനികമേധാവിത്വത്തെ പിന്തുണയ്ക്കാനും അവർ വിസമ്മതിച്ചതുകൊണ്ട് സാക്ഷികൾ വല്ലാതെ മർദിക്കപ്പെട്ടു. യഹോവയെ ആരാധിക്കുന്നതിൽനിന്നു പിതാവിനെ പിൻമാററാൻ ചോദ്യംചെയ്ത ആളിന് കഴിഞ്ഞില്ല.
തടവിലെ രണ്ടിലധികം വർഷങ്ങൾക്കുശേഷം പിതാവിനെ വിചാരണ നടത്തി. ഒരു സെഷന്റെ സമയത്ത് ജഡ്ജി ചോദിച്ചു: “മ്യൂറ, ചക്രവർത്തി തിരുമനസ്സിനെപ്പററി നിങ്ങൾ എന്താണു വിചാരിക്കുന്നത്?”
“ചക്രവർത്തി തിരുമനസ്സും ആദാമിന്റെ ഒരു പിൻഗാമിയാണ്, മർത്ത്യനായ ഒരു അപൂർണ മനുഷ്യൻ,” പിതാവ് ഉത്തരം പറഞ്ഞു. കോടതി എഴുത്തുകാരന് ആ പ്രസ്താവന കുറിച്ചെടുക്കാൻ പററാഞ്ഞവിധം അത് അയാളെ അത്രയധികം അമ്പരപ്പിച്ചുകളഞ്ഞു. അക്കാലത്ത് ജപ്പാൻകാരിൽ ഭൂരിപക്ഷവും ചക്രവർത്തി ദൈവമാണെന്നാണ് വിശ്വസിച്ചിരുന്നത്. പിതാവിന് അഞ്ചു വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ടു. വിശ്വാസം ഉപേക്ഷിക്കാത്തപക്ഷം ശേഷിച്ച ജീവിതകാലം മുഴുവൻ തടവിലായിരിക്കും എന്ന് ജഡ്ജി അദ്ദേഹത്തോടു പറഞ്ഞു.
അധികം താമസിയാതെ 1941 ഡിസംബറിൽ ജപ്പാൻ ഐക്യനാടുകളെ ഹവായിയിലെ പേൾ ഹാർബറിൽവെച്ച് ആക്രമിച്ചു. ജയിലിൽ ആഹാരമില്ലാതായി. ആവശ്യത്തിനു വസ്ത്രങ്ങളില്ലാഞ്ഞതുകൊണ്ട് ശൈത്യമാസങ്ങളിൽ പിതാവിന് തണുപ്പുള്ള അനേകം രാത്രികൾ ഉറങ്ങാതെ ചെലവഴിക്കേണ്ടിവന്നു. ആത്മീയ സഹവാസങ്ങളിൽനിന്നെല്ലാം വേർപെടുത്തപ്പെട്ടെങ്കിലും ജയിൽ ലൈബ്രറിയിൽ അദ്ദേഹത്തിന് ബൈബിൾ ലഭ്യമായിരുന്നു. അതു പിന്നെയും പിന്നെയും വായിച്ച് അദ്ദേഹം തന്റെ ആത്മീയ ബലം നിലനിർത്തി.
ബോംബു വീണപ്പോൾ
1945, ആഗസ്ററ് 6 പ്രഭാതം. ഒരു തടവുകാരൻ പിതാവുമായി പുസ്തകം കൈമാറാൻ ആഗ്രഹിച്ചു. ഇങ്ങനെ ചെയ്യുന്നതു നിരോധിക്കപ്പെട്ടിരുന്നു. എന്നാൽ മറേറ തടവുകാരൻ തന്റെ പുസ്തകം ഇടനാഴിയിലൂടെ പിതാവിന്റെ അറയിലേക്കു കടത്തിയ സ്ഥിതിക്ക് പിതാവും അയാളുടെ അറയിലേക്കു തന്റെ പുസ്തകം കടത്തിക്കൊടുത്തു. അതുകൊണ്ട് സാധാരണമായി മാററം വരാത്ത അദ്ദേഹത്തിന്റെ നിഷ്ഠ പാലിക്കുന്നതിനു പകരം വായിച്ചുകൊണ്ടിരിക്കുമ്പോഴാണു ബോംബുവീണത്. സാധാരണമായി രാവിലത്തെ ആ സമയത്ത് അദ്ദേഹം തന്റെ അറയിലുള്ള കക്കൂസിലായിരിക്കുമായിരുന്നു. സ്ഫോടനശേഷം പിതാവ് നോക്കിയപ്പോൾ കക്കൂസിന്റെ ഭാഗം മുഴുവനും അവശിഷ്ടങ്ങൾ വീണു തകർന്നു പോയിരിക്കുന്നതായി കണ്ടു.
പിന്നെ പിതാവിനെ അവിടെയടുത്തുള്ള ഈവാകൂനി ജയിലിലേക്കു കൊണ്ടുപോയി. പെട്ടെന്നുതന്നെ, ജപ്പാൻ സഖ്യസേനകൾക്കു കീഴടങ്ങി. യുദ്ധാനന്തര കലാപങ്ങൾക്കിടയിൽ അദ്ദേഹം തടവിൽനിന്നു മോചിതനായി. അദ്ദേഹം 1945 ഡിസംബറിൽ ഈഷീനോമോരിയിലുള്ള വീട്ടിൽ മടങ്ങിയെത്തി. അദ്ദേഹത്തിന്റെ ആരോഗ്യം നശിച്ചിരുന്നു. അദ്ദേഹത്തിന് 38 വയസ്സേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഒരു വയസ്സനെപ്പോലെ കാണപ്പെട്ടു. അദ്ദേഹം എന്റെ പിതാവാണെന്ന് ആദ്യം എനിക്കു വിശ്വസിക്കാനായില്ല.
അദ്ദേഹത്തിന്റെ വിശ്വാസം അപ്പോഴും ബലിഷ്ഠം
ജപ്പാൻ ആകെ കലങ്ങിമറിഞ്ഞ അവസ്ഥയിലായിരുന്നു. വിരലേലെണ്ണാൻ മാത്രമുണ്ടായിരുന്ന വിശ്വസ്തരായ സാക്ഷികൾ എങ്ങോട്ടൊക്കെ ചിതറിപ്പോയെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. യഹോവയുടെ സാക്ഷികളുടെ സാഹിത്യങ്ങളും ഞങ്ങൾക്കു ലഭ്യമല്ലായിരുന്നു. എങ്കിലും, യഹോവയുടെ രാജ്യത്തെയും പുതിയ ലോകത്തെയും സമീപിച്ചുകൊണ്ടിരിക്കുന്ന അർമഗെദോൻ യുദ്ധത്തെയും കുറിച്ചുള്ള സത്യം പിതാവ് എന്നെ ബൈബിളിൽനിന്നു നേരിട്ടു പഠിപ്പിച്ചു.—സങ്കീർത്തനം 37:9-11, 29; യെശയ്യാവു 9:6, 7; 11:6-9; 65:17, 21-24; ദാനീയേൽ 2:44; മത്തായി 6:9, 10.
പിന്നീട്, ഹൈസ്കൂളിൽ പരിണാമ സിദ്ധാന്തത്തെക്കുറിച്ച് പഠിച്ചപ്പോൾ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് ഞാൻ സംശയിക്കാൻ തുടങ്ങി. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് എന്നെ ബോധ്യപ്പെടുത്താൻ പിതാവ് ശ്രമിച്ചു. ഞാൻ വിശ്വസിക്കാൻ വൈമുഖ്യം കാട്ടിയപ്പോൾ ഒടുവിൽ അദ്ദേഹം പറഞ്ഞു: “ലോകത്തിലെ ജനങ്ങളിൽ ഭൂരിപക്ഷവും യുദ്ധത്തെ പിന്തുണച്ചു. രക്തം ചിന്തിയതിന്റെ കുററം വഹിക്കുകയും ചെയ്തു. എന്നാൽ ഞാൻ ബൈബിൾ സത്യത്തോടു പററിനിന്നു, സൈനികമേധാവിത്വത്തെയോ ചക്രവർത്തിയാരാധനയെയോ യുദ്ധത്തെയോ ഒരിക്കലും പിന്തുണച്ചില്ല. അതുകൊണ്ട് നീ നടക്കേണ്ടിയിരിക്കുന്ന യഥാർഥ ജീവിതപാതയേതെന്ന് നീ തന്നെ ശ്രദ്ധാപൂർവം പരിചിന്തിക്കുക.”
പിതാവ് എന്നെ പഠിപ്പിച്ചതും അദ്ദേഹം ജീവിച്ചുകാണിച്ചതുമായ കാര്യങ്ങളെക്കുറിച്ചു മനസ്സിലാക്കുകയും സ്കൂളിൽ പഠിച്ചത് അവയുമായി താരതമ്യപ്പെടുത്തുകയും ചെയ്തപ്പോൾ പരിണാമ സിദ്ധാന്തം സുബോധമുള്ള ഒരു ചിന്താഗതിയല്ലെന്നു ഞാൻ മനസ്സിലാക്കി. വിശ്വാസങ്ങൾക്കായി ഒരു പരിണാമസിദ്ധാന്തിയും ജീവൻ അപകടപ്പെടുത്തിയിട്ടില്ല. എന്നാൽ എന്റെ പിതാവ് തന്റെ വിശ്വാസങ്ങൾക്കുവേണ്ടി മരിക്കാൻ തയ്യാറായിരുന്നു.
1951 മാർച്ച്. യുദ്ധം അവസാനിച്ചിട്ട് അഞ്ചിലധികം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഒരു ദിവസം പിതാവ് ആസാഹി പത്രം വായിക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഹേ, അവർ വന്നു, അവർ വന്നു!” അദ്ദേഹം പത്രമെന്നെ കാണിച്ചു. അത് ഒസാക്കയിൽ എത്തിച്ചേർന്ന യഹോവയുടെ സാക്ഷികളുടെ അഞ്ചു മിഷനറിമാരെപ്പററിയുള്ള ഒരു ലേഖനമായിരുന്നു. സന്തോഷം കൊണ്ടു തുള്ളിച്ചാടിയ പിതാവ് പത്രക്കാരുമായി ബന്ധപ്പെടുകയും യഹോവയുടെ സാക്ഷികൾ ടോക്കിയോയിൽ ഒരു ബ്രാഞ്ച് ഓഫീസ് സ്ഥാപിച്ച കാര്യം മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹത്തിന് അഡ്രസ്സ് ലഭിക്കുകയും ബ്രാഞ്ച് സന്ദർശിക്കുകയും ചെയ്തു. അങ്ങനെ യഹോവയുടെ സ്ഥാപനവുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു.
അന്ത്യംവരെ വിശ്വസ്തൻ
1952-ൽ ഞങ്ങളുടെ കുടുംബം സെൻഡെയിലേക്കു താമസം മാറി. വാച്ച് ടവർ സൊസൈററിയുടെ മിഷനറിമാരായ ഡോണൾഡ് ഹസ്ലററും മേബൽ ഹസ്ലററും അതേ വർഷം തന്നെ അങ്ങോട്ടു വരുകയും വീക്ഷാഗോപുര അധ്യയനം നടത്തുന്നതിനായി ഒരു വീട് വാടകയ്ക്കെടുക്കുകയും ചെയ്തു. ആദ്യംനടന്ന യോഗത്തിൽ വെറും നാലുപേർ മാത്രമേ ഹാജരുണ്ടായിരുന്നുള്ളൂ—ഹസ്ലററ് ദമ്പതികളും ഞാനും എന്റെ പിതാവും. പിന്നീട് ഷീനീച്ചി, മാസാക്കോ റേറാഹാറ, അഡലൈൻ നാകോ, ലിൽയൻ സാംസൺ എന്നിവർ മിഷനറിമാരെന്നനിലയിൽ സെൻഡെയിൽ ഹസ്ലററ് ദമ്പതികളോടു ചേർന്നു.
ഈ മിഷനറിമാരുമായുള്ള സഹവാസം ദൈവവചനത്തെയും സ്ഥാപനത്തെയും കുറിച്ചുള്ള ഞങ്ങളുടെ കുടുംബത്തിന്റെ അറിവു വർധിപ്പിച്ചു. യുദ്ധകാലത്തു നടന്ന സംഭവങ്ങളാൽ വിശ്വാസത്തിന് ഉലച്ചിൽ തട്ടിയ അമ്മ പെട്ടെന്നുതന്നെ ഞങ്ങളോടൊപ്പം യോഗങ്ങൾക്കു വരാനും വയൽശുശ്രൂഷയിൽ പങ്കെടുക്കാനും തുടങ്ങി. യഹോവയാം ദൈവത്തിന്റെ സേവനത്തിനായി ജീവിതം സമർപ്പിക്കാൻ ഞാൻ പ്രേരിതനായി. 1953, ഏപ്രിൽ 18-ന് സ്നാപനമേൽക്കുകയും ചെയ്തു.
യുദ്ധാനന്തരം പിതാവ് ഒരു ഇൻഷ്വറൻസ് ഏജന്റെന്നനിലയിൽ ജോലി നോക്കി. വൃക്കയ്ക്കുണ്ടായ തകരാറ്, ഉയർന്ന രക്തസമ്മർദം എന്നിങ്ങനെ തടവുശിക്ഷ വരുത്തിവെച്ച തകരാറുകൾ ഉണ്ടായിരുന്നിട്ടും ഒരു പയനിയർ എന്നനിലയിൽ മുഴുസമയ ശുശ്രൂഷ പുനരാരംഭിക്കാനുള്ള ഒരു ശക്തമായ ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഞാൻ സ്നാപനമേററ സമയത്തോടനുബന്ധിച്ചു തന്നെ അദ്ദേഹം ശുശ്രൂഷ പുനരാരംഭിച്ചു. പയനിയർ ശുശ്രൂഷ ദീർഘനാൾ തുടർന്നുകൊണ്ടു പോകുന്നതിൽനിന്ന് മോശമായ ആരോഗ്യം അദ്ദേഹത്തെ തടഞ്ഞെങ്കിലും ശുശ്രൂഷയ്ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ ഉത്സാഹം എന്നെ സർവകലാശാലാ പഠനം ഉപേക്ഷിച്ച് ജീവിതവൃത്തിയായി മുഴുസമയ ശുശ്രൂഷ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചു.
ഈസാമു സൂഗ്യൂറ എന്നു പേരുള്ള നഗോയയിൽനിന്നുള്ള ഒരു നല്ല ചെറുപ്പക്കാരൻ എന്റെ പയനിയർ പങ്കാളിയായി നിയമിക്കപ്പെട്ടു. 1955, മേയ് 1-ന് ക്യൂഷു ദ്വീപിലെ ബെപ്പുവിൽ ഞങ്ങൾ പ്രത്യേക പയനിയർമാരെന്ന നിലയിൽ ശുശ്രൂഷ ആരംഭിച്ചു. ആ മുഴു ദ്വീപിലുംകൂടി അന്ന് വിരലേലെണ്ണാൻ മാത്രം സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 39-ലധികം വർഷങ്ങൾക്കുശേഷം നമുക്ക് ഈ ദ്വീപിൽ 18,000-ത്തിലധികം സാക്ഷികളുടെ ആത്മീയമായി പുഷ്ടിപ്രാപിച്ചുവരുന്ന 15 സർക്കിട്ടുകൾ ഉണ്ട്. മുഴു ജപ്പാനിലുമുള്ള സാക്ഷികളുടെ എണ്ണം ഇപ്പോൾ 2,00,000-ത്തോളം വരും.
1956-ലെ വസന്തത്തിൽ ഈസാമുവിനും എനിക്കും ഐക്യനാടുകളിലെ വാച്ച് ടവർ ബൈബിൾ സ്കൂൾ ഓഫ് ഗിലെയാദിൽ പങ്കെടുക്കുന്നതിന് ക്ഷണം ലഭിച്ചു. ഞങ്ങൾ അത്യന്തം പുളകിതരായി. എന്നാൽ, യാത്രയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പായി ഒരു ശാരീരിക പരിശോധനയ്ക്കു വിധേയനായപ്പോൾ എനിക്ക് ക്ഷയരോഗമുണ്ടെന്ന് ഡോക്ടർമാർ കണ്ടുപിടിച്ചു. അതിദുഃഖിതനായി ഞാൻ സെൻഡെയിലെ വീട്ടിലേക്കു മടങ്ങി.
ആ സമയമായപ്പോഴേക്കും പിതാവിന്റെ ശാരീരികാരോഗ്യം മോശമായിക്കഴിഞ്ഞിരുന്നു. അദ്ദേഹം ഭവനത്തിൽ ശയ്യാവലംബനായി കഴിയുകയായിരുന്നു. ഞങ്ങളുടെ വാടക വീടിന് ഒൻപതു ചതുരശ്ര മീററർ വലിപ്പം വരുന്ന, കച്ചിപ്പായ് ഇട്ടിരുന്ന ഒരേ ഒരു മുറിയേ ഉണ്ടായിരുന്നുള്ളൂ. ഞാനും പിതാവും വശംചേർന്നു കിടന്നു. പിതാവിനു ജോലിചെയ്യാൻ കഴിയാതെ വന്നതിനാൽ ഞങ്ങളുടെ ധനപരമായ ആവശ്യങ്ങൾ ശ്രദ്ധിക്കുന്നതിൽ അമ്മയ്ക്കു വളരെയധികം കഷ്ടപ്പെടേണ്ടിവന്നു.
1957 ജനുവരിയിൽ വാച്ച് ടവർ സൊസൈററിയുടെ അന്നത്തെ വൈസ് പ്രസിഡണ്ടായിരുന്ന ഫ്രെഡ്റിക് ഡബ്ലിയൂ. ഫ്രാൻസ് ജപ്പാൻ സന്ദർശിച്ചു. ക്യോട്ടോയിൽ ഒരു പ്രത്യേക കൺവെൻഷൻ ക്രമീകരിക്കപ്പെട്ടു. അതിൽ പങ്കെടുക്കാൻ പിതാവ് അമ്മയെ നിർബന്ധപൂർവം പ്രോത്സാഹിപ്പിച്ചു. ഞങ്ങളെ രോഗാവസ്ഥയിൽ ഇട്ടേച്ചുപോകാൻ അമ്മയ്ക്കു മനസ്സില്ലായിരുന്നെങ്കിലും പിതാവ് പറഞ്ഞതുകേട്ട് അമ്മ കൺവെൻഷനിൽ പങ്കെടുത്തു.
പിന്നെ പെട്ടെന്നുതന്നെ പിതാവിന്റെ അവസ്ഥ ദിവസം ചെല്ലുന്തോറും മോശമായിത്തുടങ്ങി. ഞങ്ങളിരുവരും ഒന്നിച്ചു കിടക്കവേ ഞാൻ ആകുലപ്പെടാൻ തുടങ്ങി. നമ്മളെങ്ങനെ കഴിഞ്ഞുകൂടുമെന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. അതിന് അദ്ദേഹം മറുപടി പറഞ്ഞത് ഇപ്രകാരമാണ്: “നാം യഹോവയാം ദൈവത്തെ സേവിച്ചിരിക്കുന്നു, ജീവൻ പണയം വെച്ചുകൊണ്ടുപോലും. അവൻ അത്യുന്നത ദൈവമാണ്. നീ എന്തിനാണ് വിഷമിക്കുന്നത്? നമുക്ക് ആവശ്യമുള്ളത് യഹോവ തീർച്ചയായും പ്രദാനം ചെയ്യും.” എന്നിട്ട് ഏററവും സ്നേഹത്തോടെ അദ്ദേഹം എന്നെ ഇങ്ങനെ ഉപദേശിച്ചു: “നീ കുറെക്കൂടെ ശക്തമായ ഒരു വിശ്വാസം നട്ടുവളർത്തണം.”
1957, മാർച്ച് 24-ാം തീയതി പിതാവ് ശാന്തനായി അന്ത്യശ്വാസം വലിച്ചു. ശവസംസ്കാരശേഷം പിതാവിന്റെ ജോലിസംബന്ധമായ കാര്യങ്ങളുടെ കണക്കുതീർക്കുന്നതിനായി ഞാൻ അദ്ദേഹം ജോലിചെയ്തിരുന്ന ഇൻഷ്വറൻസ് കമ്പനി സന്ദർശിച്ചു. തിരികെപ്പോരുമ്പോൾ ബ്രാഞ്ച് മാനേജർ എന്റെ കയ്യിൽ ഒരു പേപ്പർ ബാഗ് തന്നിട്ടു പറഞ്ഞു: “ഇതു നിങ്ങളുടെ പിതാവിന്റേതാണ്.”
വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഞാൻ അതിനുള്ളിൽ ഒരു വലിയ തുക തന്നെ കണ്ടെത്തി. പിന്നീട് മാനേജരോടു ഞാൻ ഇതിനെപ്പററി ചോദിച്ചപ്പോൾ പിതാവിന്റെ ശമ്പളത്തിൽനിന്ന് അദ്ദേഹത്തിന്റെ അറിവുകൂടാതെ മാസംതോറും കിഴിവു ചെയ്തിരുന്ന ഒരു പ്രീമിയത്തിൽനിന്നായിരുന്നു ആ പണമെന്ന് അദ്ദേഹം വിശദീകരിച്ചു. അങ്ങനെ “നമുക്ക് ആവശ്യമുള്ളത് യഹോവ തീർച്ചയായും പ്രദാനം ചെയ്യും” എന്ന പിതാവിന്റെ വാക്കുകൾ സത്യമായി ഭവിച്ചു. ഇത് യഹോവയുടെ സംരക്ഷണാത്മക കരുതലിലുള്ള എന്റെ വിശ്വാസം അതിയായി വർധിപ്പിച്ചു.
തുടർച്ചയായ സേവനത്തിന്റെ പതിററാണ്ടുകൾ
വീട്ടിലിരുന്ന് ആരോഗ്യരക്ഷ നടത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആ പണം എന്നെ സഹായിച്ചു. ഒരു വർഷം കഴിഞ്ഞ് 1958-ൽ അമ്മയ്ക്കും എനിക്കും പ്രത്യേക പയനിയർമാരായി നിയമനം ലഭിച്ചു. അതിനുശേഷം, ജപ്പാനിൽ ഒരു സഞ്ചാര മേൽവിചാരകനായി ഞാൻ സേവനമനുഷ്ഠിച്ചു. പിന്നീട് 1961-ൽ ബ്രുക്ക്ളിൻ, ന്യൂയോർക്കിലെ യഹോവയുടെ സാക്ഷികളുടെ ലോക ഹെഡ്ക്വാർട്ടേഴ്സിൽ ഗിലെയാദ് സ്കൂളിലെ പത്തു മാസ-കോഴ്സിൽ പങ്കെടുക്കാൻ എനിക്കു പദവി ലഭിച്ചു.
ജപ്പാനിലേക്കു മടങ്ങിവന്നപ്പോൾ ഞാൻ വീണ്ടും ഒരു സഞ്ചാരമേൽവിചാരകനെന്ന നിലയിൽ സഭകളെ സേവിക്കാൻ തുടങ്ങി. പിന്നെ 1963-ൽ ടോക്കിയോയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽ സേവനമനുഷ്ഠിക്കുകയായിരുന്ന യാസുക്കോ ഹാബായെ വിവാഹം കഴിച്ചു. 1965 വരെ അവൾ സഞ്ചാരവേലയിൽ എന്നോടൊപ്പം പങ്കെടുത്തു. 1965-ൽ ഞങ്ങൾ ടോക്കിയോയിലെ ബ്രാഞ്ച് ഓഫീസിൽ സേവനത്തിനായി ക്ഷണിക്കപ്പെട്ടു. അന്നുമുതൽ ഞങ്ങൾ ഒന്നിച്ചു സേവനമനുഷ്ഠിച്ചിരിക്കുന്നു—ആദ്യം ടോക്കിയോയിലെ ബ്രാഞ്ചിൽ, പിന്നെ നൂമാസൂവിൽ, ഇപ്പോൾ എബീനായിൽ.
1965 വരെ അമ്മ ഒരു പ്രത്യേക പയനിയർ ശുശ്രൂഷകയായി സേവനമനുഷ്ഠിച്ചു. അന്നുമുതൽ അനേകമാളുകളെ ബൈബിൾ സത്യങ്ങൾ സ്വീകരിക്കാൻ സഹായിച്ചുകൊണ്ട് അവർ പ്രവർത്തനനിരതയായി തന്നെ കഴിഞ്ഞിരിക്കുന്നു. അമ്മയ്ക്ക് ഇപ്പോൾ 79 വയസ്സുണ്ട്, എന്നാൽ താരതമ്യേന ആരോഗ്യവതിയാണ്. അവർ അടുത്തുതന്നെ താമസിക്കുകയും എബീനാ ബ്രാഞ്ച് ഓഫീസിനു സമീപം ഞങ്ങൾ പങ്കെടുക്കുന്ന സഭയിൽത്തന്നെ ഹാജരാകുകയും ചെയ്യുന്നുവെന്നുള്ളത് ഞങ്ങൾക്കു സന്തോഷമാണ്.
ഹിരോഷിമയുടെമേലുള്ള ആററംബോംബു സ്ഫോടനത്തെ എന്റെ പിതാവിന് അതിജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ യഥാർഥത്തിൽ യഹോവക്ക് നന്ദി പറയുന്നു. അദ്ദേഹം വിശ്വാസം കാത്തുസൂക്ഷിച്ചു. പുതിയ ലോകത്തിൽ അദ്ദേഹത്തെ തിരികെ സ്വാഗതം ചെയ്യുകയും അദ്ദേഹം കാണാൻ വളരെ വളരെ ആഗ്രഹിച്ചിരുന്ന അർമഗെദോൻ യുദ്ധത്തെ ഞങ്ങൾ അതിജീവിച്ചതെങ്ങനെയെന്ന് അദ്ദേഹത്തോടു വിവരിക്കുകയും ചെയ്യണമെന്നുള്ളത് എന്റെ ആഗ്രഹമാണ്. (വെളിപ്പാടു 16:14, 16; 21:3, 4)—ററ്സുട്ടോമൂ മ്യൂറ പറഞ്ഞപ്രകാരം.
[അടിക്കുറിപ്പുകൾ]
a മാററ്സ്യൂ ഈഷിയുടെ ജീവിത കഥയ്ക്കുവേണ്ടി ദയവായി 1988, മേയ് 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 21-5 പേജുകൾ കാണുക.
[11-ാം പേജിലെ ചിത്രം]
കററ്സുവോ മ്യൂറയും ഹഗിനോ മ്യൂറയും പുത്രൻ ററ്സുട്ടോമൂവിനോടൊപ്പം
[15-ാം പേജിലെ ചിത്രം]
ജപ്പാൻ ബ്രാഞ്ച് ഓഫീസിൽ ജോലിചെയ്യുന്ന ററ്സുട്ടോമൂ മ്യൂറ
[13-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Hiroshima Peace and Culture Foundation from material returned by the United States Armed Forces Institute of Pathology