ബൈബിളിന്റെ വീക്ഷണം
ഗർഭച്ഛിദ്രം—ക്രമാധികമായ ജനപ്പെരുപ്പത്തിന് പരിഹാരമോ?
ദേശീയ നയമൊ വ്യക്തിപരമായ തെരഞ്ഞെടുപ്പൊ ആയിരുന്നാലും ഗർഭച്ഛിദ്രം കഴിഞ്ഞകാലത്തും ഈ കാലത്തും ജനസംഖ്യാ നിയന്ത്രണത്തിനുള്ള ഒരു സർവ സാധാരണ ഉപാധിയായിരുന്നിട്ടുണ്ട്.
“5 കോടി 30 ലക്ഷം ഗർഭച്ഛിദ്രങ്ങളാണ് ചൈനയുടെ കഠോരവേദന” എന്ന ശീർഷകത്തിൻകീഴിലുള്ള ഒരു കനേഡിയൻ വർത്തമാനപ്പത്രത്തിലെ വിവരണം 1979 മുതൽ 1984 വരെയുള്ള കാലഘട്ടത്തിലെ ആ ഞെട്ടിക്കുന്ന സംഖ്യ ചൈനയിലെ പൊതുജനാരോഗ്യ മന്ത്രാലയം റിപ്പോർട്ട്ചെയ്തതായി ഉദ്ധരിക്കുന്നു. ഈ അഞ്ചുവർഷത്തെ ഗർഭച്ഛിദ്രത്തിന്റെ മൊത്തം സംഖ്യ കാനഡായുടെ ജനസംഖ്യയുടെ ഇരട്ടിയേക്കാൾ അധികമാണ്.
ജപ്പാൻ ആ രാജ്യത്ത് വർഷംതോറും നടക്കുന്ന 21 ലക്ഷം ഗർഭങ്ങളിൽ 30 ശതമാനം അലസിപ്പിക്കുന്നതായി കണക്കാക്കുന്നു. ഈ അജാത ശിശുക്കളിൽ ചിലതിന്റെ ഓർമ്മ രാജ്യത്തുടനീളമുള്ള ബുദ്ധ ക്ഷേത്രങ്ങളിൽ വെച്ചിട്ടുള്ള ചെറിയ കല്ലുകൾ, പ്ലാസ്ററിക്ക്, അല്ലെങ്കിൽ പ്ലാസ്ററർ എന്നിവയിൽ തീർത്ത കോലങ്ങളാൽ നിലനിർത്തപ്പെടുന്നു.
ലോകത്തിന്റെ മറുവശത്ത്, സ്വീഡനിൽ 1946 മുതൽ ആവശ്യപ്പെടുന്നവർക്ക്, “വൈദ്യശാസ്ത്രപരവും സാമൂഹ്യ-വൈദ്യശാസ്ത്രപരവും മനുഷ്യത്വപരവും പാരമ്പര്യശാസ്ത്രപരവുമായ കാരണങ്ങളാലൊ അജാതശിശുവിന് ക്ഷതമേററതിനാലൊ” ഗർഭച്ഛിദ്രം നടത്താൻ അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ, മററുരാജ്യങ്ങളിലെപ്പോലെ സ്വീഡനിലെ അനേകം സ്ത്രീകളും തങ്ങളുടെ കുടുംബങ്ങളുടെ വലിപ്പം പരിമിതപ്പെടുത്താൻ ഗർഭച്ഛിദ്രത്തെ സാമൂഹ്യമായി അംഗീകാരമുള്ളതും ജനസമ്മതിയുള്ളതുമായി കാണുന്നു.
ജനസമ്മതിയുണ്ടായിരുന്ന പുരാതന രീതി
പുരാതന ഏതെൻസിൽ ജനസംഖ്യാ വളർച്ച നിയന്ത്രിക്കാൻ ഗർഭച്ഛിദ്രത്തെ ഉപയോഗപ്പെടുത്തിയിരുന്നു. ചരിത്രകാരനായ വിൽഡ്യൂറൻറ് ദി സ്റേററി ഓഫ് സിവിലൈസേഷൻ എന്ന പുസ്തകത്തിൽ എഴുതിയിരിക്കുന്നതനുസരിച്ച്: “ഗർഭനിരോധന മാർഗ്ഗത്തിലൂടെയൊ ഗർഭച്ഛിദ്രത്തിലൂടെയൊ ശിശുഹത്യയിലൂടെയൊ സ്വമേധയാ കുടുംബത്തെ പരിമിതപ്പെടുത്തുന്നതായിരുന്നു അന്നത്തെ സാധാരണ രീതി.”
റോമാസാമ്രാജ്യത്തിലും ഗർഭച്ഛിദ്രം ജനസമ്മതിയുള്ളതായിരുന്നു. എന്തു കാരണത്താൽ? ഡ്യൂറൻറ് ഇപ്രകാരം തുടരുന്നു: “സ്ത്രീകൾ മാതൃത്വത്തോട് ബന്ധപ്പെട്ട സൗന്ദര്യത്തെക്കാൾ ലൈംഗികമായി ആകർഷകത്വമുള്ളവരായിരിക്കാൻ ആഗ്രഹിച്ചിരുന്നു; പൊതുവെ വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആഗ്രഹം വംശത്തിന്റെ ആവശ്യങ്ങൾക്കെതിരെ നിലകൊണ്ടിരുന്നതായി തോന്നുന്നു. . . . വിവാഹിതരായിരുന്നവരിൽ ഭൂരിപക്ഷം ഗർഭച്ഛിദ്രത്താലും ശിശുഹത്യയാലും ലൈംഗിക ബന്ധത്തിനിടയിലെ വിഘാതപ്പെടുത്തലിനാലും ഗർഭനിരോധന ഉപാധികളാലും തങ്ങളുടെ കുടുംബത്തിലെ അംഗസംഖ്യ പരിമിതപ്പെടുത്തിയിരുന്നതായി തോന്നുന്നു.” നമ്മുടെ കാലത്തെ ഗർഭച്ഛിദ്രങ്ങളുടെ വർദ്ധന ഇതേ കാരണങ്ങളാലല്ലേ?
ആദിമ ക്രിസ്തീയ വീക്ഷണം
തികച്ചും വിപരീതമായി, ആദിമക്രിസ്ത്യാനികൾ ഗർഭച്ഛിദ്രങ്ങൾക്ക് എതിരെ ഒരു ഉറച്ച നിലപാട് സ്വീകരിച്ചു. ഡ്യൂറൻറ് ഇങ്ങനെ കൂട്ടിച്ചേർത്തു: “അക്രൈസ്തവ സമൂഹത്തിൽ ജനസംഖ്യാനിയന്ത്രണത്തിനുവേണ്ടി ചെയ്തുകൊണ്ടിരുന്ന ഗർഭച്ഛിദ്രവും ശിശുഹത്യയും കൊലപാതകത്തോടു തുല്യമെന്നനിലയിൽ ക്രിസ്ത്യാനികൾക്ക് വിലക്കപ്പെട്ടവയായിരുന്നു.” സന്താന നിയന്ത്രണം ഗ്രീക്ക് റോമൻ യുഗങ്ങളുടെ ഒരു മുന്തിയ സാമൂഹ്യ പ്രതിഭാസമായിത്തീർന്നിരുന്നപ്പോൾ ക്രിസ്തീയ സമുദായം ജീവന്റെ വിശുദ്ധിയോടുള്ള ആദരവ് കെട്ടുപണിചെയ്യുന്ന കർശനമായ ധാർമ്മിക നിയമസംഹിതയിൽ ഉറച്ചുനിന്നു. പുരാതന ഇസ്രായേലിലെപ്പോലെ കുട്ടികൾ സ്രഷ്ടാവിന്റെ അനുഗ്രഹത്തിന്റെ ഒരു അടയാളമായിരുന്നു. സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “നോക്കൂ! മക്കൾ യഹോവയിൽനിന്നുള്ള ഒരു അവകാശമാകുന്നു; ഗർഭഫലം ഒരു പ്രതിഫലവുമാകുന്നു.”—സങ്കീർത്തനം 127:3.
“ജീവന്റെ ഉറവിടമായ” യഹോവ അജാതശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെ തിരിച്ചറിയുന്നു എന്ന് ദൈവവചനമാകുന്ന ബൈബിളിൽ നിന്ന് വ്യക്തമാകുന്നു. എങ്ങനെ? ഒന്നാമതായി, അവൻ അജാതശിശുവിനെ കേവലം കലകളുടെ ഒരു ഗോളം എന്നതിനേക്കാൾ ഉപരി കരുതുന്നു എന്ന് ബൈബിൾ കാണിക്കുന്നു. ദൈവത്തിന്റെ അത്ഭുത സൃഷ്ടിക്രമീകരണത്തിലുള്ള തന്റെ താൽപ്പര്യത്തെ സങ്കീർത്തനക്കാരൻ ഈ വിധത്തിൽ വർണ്ണിച്ചിരിക്കുന്നു: “നീ [യഹോവ] എന്നെ എന്റെ അമ്മയുടെ ഉദരത്തിൽ മറച്ചു സൂക്ഷിച്ചിരുന്നു. . . . നിന്റെ കണ്ണുകൾ എന്റെ ഭ്രൂണത്തെത്തന്നെ കണ്ടു, നിന്റെ പുസ്തകത്തിൽ അതിന്റെ എല്ലാ ഭാഗങ്ങളും രേഖപ്പെടുത്തിയിരുന്നു.”—സങ്കീർത്തനം 36:9; 139:13-16.
കൂടാതെ, ദൈവം ഒരു ഗർഭസ്ഥശിശു ഉൾപ്പെടുന്ന സ്വഭാവിക സംഭവ ഗതിയിൽ അവിചാരിതമായി ഇടപെടുന്ന വ്യക്തിയോട് കണക്കുചോദിക്കുന്നു. മോശൈകനിയമം ഇപ്രകാരം പറഞ്ഞുകൊണ്ട് അത്തരക്കാരുടെമേൽ ഒരു ഭാരിച്ച ഉത്തരവാദിത്വം വെക്കുന്നു എന്നത് ശ്രദ്ധിക്കുക: “മനുഷ്യർ പരസ്പരം ശണ്ഠകൂടി ഒരു ഗർഭവതിയായ സ്ത്രീയെ പരുക്കേൽപ്പിക്കുകയും അവളുടെ ഗർഭഫലം നിർഗ്ഗമിക്കയും ചെയ്തതല്ലാതെ മറെറാരു ദ്രോഹവും സംഭവിക്കുന്നില്ലെങ്കിൽ; അയാൾ നിശ്ചയമായും അവളുടെ ഭർത്താവ് നിശ്ചയിക്കുന്ന പിഴ ചുമത്തപ്പെടണം; ന്യായാധിപൻമാർ തീരുമാനിക്കുന്നതുപോലെ അയാൾ കൊടുക്കണം. എന്നാൽ ഏതെങ്കിലും ദ്രോഹം സംഭവിക്കുന്നെങ്കിൽ അപ്പോൾ നിങ്ങൾ ജീവനു പകരം ജീവൻ കൊടുക്കണം.”—പുറപ്പാട് 21:22, 23, അമേരിക്കൻ സ്ററാൻഡേർഡ് വേർഷൻ.
യഹോവ ഒരു അവിചാരിതഗർഭമലസലിനെ അത്തരം ഗൗരവമുള്ള അനന്തരഫലമുളവാക്കുന്ന ഒരു കാര്യമായി വീക്ഷിക്കുന്നെങ്കിൽ ഗർഭച്ഛിദ്രത്തിന്റെ കാര്യത്തിലെന്നപോലെ മനഃപൂർവമായ ഇടപെടലിന് എത്ര കൂടുതൽ കണക്കുബോധിപ്പിക്കേണ്ടിവരും! പുറപ്പാട് 21-ാം അദ്ധ്യായത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ നിയമത്തിൽ അവൻ അജാതശിശുവിന്റെ പ്രായം സംബന്ധിച്ചു പരിമിതികൾ ഒന്നും വെച്ചിട്ടില്ലാത്തതിനാൽ അതുസംബന്ധിച്ച വാദങ്ങൾ തർക്കവിഷയമാകുന്നു.
ക്രമാധികമായ ജനപ്പെരുപ്പത്തിനുള്ള പരിഹാരം
എന്നിരുന്നാലും വർദ്ധിച്ചുവരുന്ന ഭക്ഷ്യക്ഷാമം, മതിയായ പാർപ്പിടമില്ലായ്മ, ശുദ്ധജലക്ഷാമം എന്നിവമൂലം ജനപ്പെരുപ്പം തടയുന്നതിനുള്ള ഒരു മാർഗ്ഗമെന്നനിലയിൽ ഗർഭച്ഛിദ്രത്തെ തിരഞ്ഞെടുക്കുന്നത് ഭാവിതലമുറകളുടെമേലുള്ള സമ്മർദ്ദം കുറക്കും എന്ന് ചിലർ ന്യായവാദം ചെയ്യുന്നു. എന്നിരുന്നാലും ലോകജനസംഖ്യയെ ഭൂമിയുടെ പരിസ്ഥിതിയുമായി സമതുലിതമാക്കുന്നതിനുള്ള ഏകമാർഗ്ഗം ഇതുമാത്രമാണോ?
ഏതാണ്ട് 6,000 വർഷങ്ങൾക്കുമുമ്പ് ഭൂഗ്രഹത്തിലെ ജനസംഖ്യയെ സംബന്ധിച്ചുള്ള തന്റെ ഉദ്ദേശ്യം യഹോവയാം ദൈവം വെളിപ്പെടുത്തി. ആദ്യ മാനുഷ ദമ്പതികളോട് യഹോവ ഇപ്രകാരം പ്രഖ്യാപിച്ചു: “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയെ നിറക്കുകയും അതിനെ കീഴടക്കുകയും ചെയ്യുക.” (ഉൽപ്പത്തി 1:28) യഹോവയുടെ പ്രഖ്യാപിത ഉദ്ദേശ്യം ഭൂമിയെ നിറയ്ക്കാനാണ്, ക്രമാതീതമായി ജനസംഖ്യയെ പെരുപ്പിക്കാനല്ല എന്ന് കുറിക്കൊള്ളുക. സ്രഷ്ടാവ് ലോകജനസംഖ്യയിൽ ഒരു സന്തുലിതാവസ്ഥ കൈവരിക്കും—ന്യായമായ ജനസാന്ദ്രതയും പരിസ്ഥിതി സന്തുലിതാവസ്ഥയും മതിയായ അളവിൽ ഭക്ഷ്യോൽപ്പാദനവും നിലനിർത്തും.—യെശയ്യാവ് 65:17-25.
മാനുഷ പുനരുൽപ്പാദനപ്രാപ്തിയുടെ സ്രഷ്ടാവുതന്നെ ഈ പൂർണ്ണമായ സന്തുലിതാവസ്ഥ നിലനിർത്താൻ തക്കവണ്ണം അതിന്റെ ഉപയോഗത്തെ നിയന്ത്രിക്കും എന്ന് നിഗമനം ചെയ്യുന്നത് തികച്ചും ന്യായയുക്തമാണ്. ജനസംഖ്യാവർദ്ധനവ് നിയന്ത്രിക്കുന്നതിന് ഗർഭച്ഛിദ്രം ആവശ്യമായിരിക്കയില്ല. യഹോവ തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ രാജ്യം മുഖാന്തരം ഒരു ആഗോളപറുദീസായിൽ ജീവിക്കുന്ന അനുസരണമുള്ള മനുഷ്യവർഗ്ഗത്താൽ ഭൂമി സുഖപ്രദമായ രീതിയിൽ നിറക്കപ്പെടുമെന്ന് ഉറപ്പുവരുത്തും.—യെശയ്യാവ് 55:8-11; വെളിപ്പാട് 21:1-5. (g88 4/8)
[27-ാം പേജിലെ ആകർഷകവാക്യം]
“ഗർഭച്ഛിദ്രവും ശിശുഹത്യയും . . . കൊലപാതകത്തിനു തുല്യമെന്ന നിലയിൽ ക്രിസ്ത്യാനികൾക്ക് വിലക്കപ്പെട്ടവയായിരുന്നു.”—ചരിത്രകാരനായ വിൽ ഡ്യൂറൻറ്
[26-ാം പേജിലെ ചിത്രം]
“ഒരു ഭ്രൂണത്തിന് ആറുമാസം പ്രായമുള്ളപ്പോൾ അതിന് കാണുന്നതിനും കേൾക്കുന്നതിനും അനുഭവിക്കുന്നതിനും രുചിക്കുന്നതിനും പഠിക്കുന്നതിനുംപോലും കഴിയും.”—ഡോ. ററി. വെർനി, “ദി സീക്രററ് ലൈഫ് ഓഫ് ദി അൺബോൺ” എന്ന പുസ്തകത്തിന്റെ കർത്താവ്