ഗർഭച്ഛിദ്രത്തിന്റെ ദാരുണമായ വില
അഞ്ചുകോടിമുതൽ ആറുകോടിവരെ അജാതശിശുക്കൾ ഓരോ വർഷവും ഗർഭച്ഛിദ്രം മൂലം മരണമടയുന്നു. നിങ്ങൾക്ക് ആ സംഖ്യ ഉൾക്കൊള്ളാൻ കഴിയുന്നുവോ? അതു ഹവായി ദ്വീപുകളിലെ സമസ്തജനങ്ങളെയും ഓരോ ആഴ്ചയും തുടച്ചുനീക്കുന്നതുപോലെയാണ്!
മിക്ക ഗവൺമെൻറുകളും ഗർഭച്ഛിദ്രങ്ങളുടെ കൃത്യമായ രേഖകൾ സൂക്ഷിക്കാത്തതിനാൽ കൃത്യമായ എണ്ണം കൂട്ടിയെടുക്കുന്നതു ദുഷ്കരമാണ്. ഗർഭച്ഛിദ്രത്തെ നിയന്ത്രണവിധേയം അഥവാ നിയമവിരുദ്ധം ആക്കിയിരിക്കുന്നിടത്ത്, വിദഗ്ദ്ധർക്ക് ഒരു ഊഹാപോഹം നടത്താൻ മാത്രമേ സാധിക്കുന്നുള്ളു. എന്നാൽ ആഗോള ഗർഭച്ഛിദ്രത്തിന്റെ ബാഹ്യരൂപം ഏതാണ്ടു താഴെ പറയുന്നതുപോലെയാണ്.
ഐക്യനാടുകളിൽ, ഗർഭച്ഛിദ്രം ടോൺസിൽ ശസ്ത്രക്രിയ കഴിഞ്ഞാൽ അടുത്ത സ്ഥാനത്തുവരുന്ന ഏററവും സാധാരണമായ ശസ്ത്രക്രിയാനടപടിയാണ്. വർഷംതോറും, 15 ലക്ഷത്തിലധികം ഗർഭച്ഛിദ്രങ്ങൾ നടത്തപ്പെടുന്നു. ബഹുഭൂരിപക്ഷം സ്ത്രീകളും അവിവാഹിതരാണ്—അഞ്ചിൽ നാല് അവിവാഹിതസ്ത്രീകളും പ്രസവിച്ചതിന്റെ ഇരട്ടിപ്രാവശ്യം ഗർഭച്ഛിദ്രങ്ങൾ നടത്തിയപ്പോൾ, ശരാശരി വിവാഹിതരായ സ്ത്രീകൾ ഗർഭച്ഛിദ്രം നടത്തിയിരുന്നതിന്റെ പത്തിരട്ടി പ്രാവശ്യം പ്രസവിച്ചു.
മധ്യദക്ഷിണ അമേരിക്കയിൽ—ഏറെയും കത്തോലിക്കാ മതത്തിലെ—ഗർഭച്ഛിദ്ര നിയമങ്ങൾ ലോകത്തിൽ ഏററവും നിയന്ത്രണാത്മകമായിട്ടുള്ളതാണ്. എന്നിരുന്നാലും, സ്ത്രീകൾക്കു ഗൗരവമേറിയ ആരോഗ്യവിപത്തുകൾ വരുത്തിക്കൊണ്ടു നിയമവിരുദ്ധ ഗർഭച്ഛിദ്രം പെരുകിവരുന്നു. ഉദാഹരണത്തിന്, ബ്രസ്സീലിയൻ സ്ത്രീകൾ കഴിഞ്ഞവർഷം നാല്പതു ലക്ഷം ഗർഭച്ഛിദ്രങ്ങൾക്കു വിധേയരായി. അവരിൽ 4,00,000-ൽപ്പരം പേർക്ക് കുഴപ്പങ്ങൾനിമിത്തം വൈദ്യചികിത്സ തേടേണ്ടിവന്നു. ലാററിൻ-അമേരിക്കയിൽ മുഴുഗർഭധാരണങ്ങളുടെയും ഏതാണ്ടു നാലിലൊന്ന് അവസാനിപ്പിക്കപ്പെടുന്നു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ അററ്ലാൻറിക്കിലുടനീളം നിയമങ്ങൾ കർക്കശവുമാണ്. നിയമവിരുദ്ധ വൈദ്യൻമാരുടെ സഹായം തേടുന്ന ദരിദ്രരായ സ്ത്രീകളുടെ ഇടയിൽ വിശേഷിച്ചു ഹാനിയും മരണങ്ങളും സാധാരണമാണ്.
മധ്യപൂർവദേശത്തുടനീളം, അനവധി രാജ്യങ്ങൾക്കു കർശനമായ ലിഖിതനിയമങ്ങളുണ്ട്. എന്നിട്ടും ഉയർന്ന പ്രതിഫലം കൊടുക്കാൻ കഴിവുള്ള സ്ത്രീകൾ വ്യാപകമായി ഗർഭച്ഛിദ്രം തേടുകയും അവർക്ക് അതു ലഭ്യമാകുകയും ചെയ്യുന്നു.
പടിഞ്ഞാറൻ യൂറോപ്പിന്റെ അധികഭാഗവും കുറെയൊക്കെ ഗർഭച്ഛിദ്രങ്ങൾ അനുവദിക്കുന്നു. അതിൽ സ്കാൻഡിനേവിയ ഏററവും കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തിയറുപത്തിയേഴിൽ ഈ നടപടി നിയമാനുസൃതമാക്കിയതു മുതലുള്ള ഗർഭച്ഛിദ്രങ്ങളുടെ രേഖ ബ്രിട്ടൻസ് നാഷണൽ ഹെൽത്ത് സർവിസ് സൂക്ഷിച്ചിട്ടുണ്ട്. അതു അവിഹിത ജനനങ്ങളുടെയും ലൈംഗികമായി പകരുന്ന രോഗങ്ങളുടെയും വേശ്യാവൃത്തിയുടെയും നിരവധി പുനരുത്പാദന ക്രമക്കേടുകളുടെയും വർധനവിനോടൊപ്പം ഗർഭച്ഛിദ്രങ്ങളുടെ ഒരു ഇരട്ടിക്കൽ നിരീക്ഷിക്കുകയുണ്ടായി.
പൂർവ യൂറോപ്പ് ഇപ്പോൾ മാററത്തിന്റെ ഒരു അവസ്ഥയിലാണ്. അതുകൊണ്ട് അവിടെ ഇപ്പോൾ ഗർഭച്ഛിദ്ര നിയമങ്ങളും അങ്ങനെയാണ്. സോവ്യററ് യൂണിയൻ ആയിരുന്നടത്ത് ഗർഭച്ഛിദ്രങ്ങൾ വർഷംതോറും 1.1 കോടി ആണെന്നു കണക്കാക്കപ്പെടുന്നു. ലോകമൊട്ടാകെയുള്ള ഏററവും വലിയ സംഖ്യകളിലൊന്ന്. ഗർഭനിരോധനമാർഗങ്ങൾ ദുർലഭവും സാമ്പത്തികാവസ്ഥകൾ മോശവുമായിരിക്കുക നിമിത്തം ആ പ്രദേശത്തെ സാധാരണക്കാരിയായ ഒരു സ്ത്രീ തന്റെ ജീവിതകാലത്ത് ആറുമുതൽ ഒൻപതുവരെ ഗർഭച്ഛിദ്രങ്ങൾക്കു വിധേയയായേക്കാം.
പൂർവ യൂറോപ്പിലുടനീളം പൊതുവെ ഉദാരവൽക്കരണത്തിനുള്ള പ്രവണതയാണുള്ളത്. ഒരു നാടകീയമായ ദൃഷ്ടാന്തം റുമേനിയ ആണ്. അവിടെ മുൻഭരണകൂടം ജനസംഖ്യാവർധനവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗർഭച്ഛിദ്രത്തെ ശിക്ഷാർഹമായി പ്രഖ്യാപിക്കുകയും ഗർഭനിരോധനം വിലക്കുകയും ചെയ്തു. കുറഞ്ഞതു നാലു കുട്ടികൾ വീതമെങ്കിലും ഉണ്ടായിരിക്കാൻ സ്ത്രീകൾ നിർബന്ധിക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തിയെൺപത്തിയെട്ട് ആയപ്പോൾ റുമേനിയയിലെ അനാഥാലയങ്ങൾ ആലംബഹീനരായ ചെറുപ്പക്കാരെക്കൊണ്ടു നിറഞ്ഞുകവിയുകയായിരുന്നു. അങ്ങനെ, 1989-ലെ വിപ്ലവ ഗവൺൺമൻറു ഗർഭച്ഛിദ്രത്തിൻമേലുള്ള നിയന്ത്രണങ്ങൾ നീക്കിയതിനുശേഷം ഓരോ 4 ശിശുക്കളിലും 3 പേർ ഗർഭച്ഛിദ്രത്തിനിരയായി, യൂറോപ്പിലെ ഏററവും ഉയർന്ന അനുപാതം.
ഗർഭച്ഛിദ്രങ്ങളുടെ ഏററവും വലിയ സംഖ്യ ഏഷ്യക്കാണുള്ളത്. ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന അതിന്റെ നയവും നിർബന്ധിത ഗർഭച്ഛിദ്രങ്ങളും നിമിത്തം ചൈനീസ് ജനകീയ റിപ്പബ്ലിക്ക്, പ്രതിവർഷം 1.4 കോടി ഗർഭച്ഛിദ്രങ്ങൾ റിപ്പോർട്ടുചെയ്തുകൊണ്ടു പട്ടികയിൽ ഒന്നാമതു വരുന്നു. ജപ്പാനിൽ സ്ത്രീകൾ തങ്ങളുടെ ഗർഭച്ഛിദ്രത്തിനിരയാക്കപ്പെട്ട കുട്ടികളുടെ സ്മരണയ്ക്കായി ചെറിയ പ്രതിമകളെ താടിത്തുണികളും കളിക്കോപ്പുകളുംകൊണ്ട് അലങ്കരിക്കുന്നു. ഗർഭനിരോധന ഗുളികകളെക്കുറിച്ചു പൊതുജനങ്ങൾക്കു തികഞ്ഞ ഉത്ക്കണ്ഠയുണ്ട്. അങ്ങനെ കുടുംബാസൂത്രണത്തിന്റെ പ്രാഥമിക മാർഗം ഗർഭച്ഛിദ്രമാണ്.
ഏഷ്യയിലുടനീളം, പ്രത്യേകിച്ച് ഇന്ത്യയിൽ വൈദ്യശാസ്ത്ര സാങ്കേതികവിദ്യ വനിതാവകാശ പ്രവർത്തകർക്ക് അനുകൂലമല്ലാത്ത വിഷമസ്ഥിതി ഉളവാക്കിയിട്ടുണ്ട്. ജരായൂദ്രവശേഖരത്തിലൂടെയുള്ള ലിംഗനിർണയവും ശ്രവണാതീത കമ്പനങ്ങളും പോലെയുള്ള സാങ്കേതികവിദ്യകൾ ഗർഭധാരണത്തിന്റെ വളരെ നേരത്തെയുള്ള ഘട്ടങ്ങളിൽത്തന്നെ ശിശുവിന്റെ ലിംഗം നിർണയിക്കുന്നതിന് ഉപയോഗിക്കാൻ കഴിയും. പൗരസ്ത്യ സംസ്കാരം ദീർഘകാലം പുത്രൻമാർക്കു പുത്രിമാരെക്കാൾ വില കല്പിച്ചിരിക്കുന്നു. ആയതിനാൽ എവിടെ ലിംഗനിർണയനടപടികളും ഗർഭച്ഛിദ്രവും നിഷ്പ്രയാസം ലഭ്യമാണോ അവിടെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജനന അനുപാതത്തിന്റെ തുലനാവസ്ഥ തെററിച്ചുകൊണ്ട്, പെൺ ഭ്രൂണങ്ങൾ വലിയ സംഖ്യകളിൽ ഹത്യക്കിരയാകുന്നു. ഫലത്തിൽ, പെൺ ഭ്രൂണത്തെ ഹത്യക്കിരയാക്കാനുള്ള സ്ത്രീയുടെ അവകാശം ആവശ്യപ്പെടുന്ന വനിതാപ്രസ്ഥാനം ഇപ്പോൾ വിരോധാഭാസനിലപാടിലാണ്.
ഒരു മാതാവിന് അനുഭവപ്പെടുന്നത്
മററു വൈദ്യനടപടികൾ പോലെതന്നെ ഗർഭച്ഛിദ്രം ഒരളവുവരെ അപകടസാധ്യതയും വേദനയും വരുത്തുന്നു. ഗർഭധാരണസമയത്തു ഗർഭാശയമുഖം ശിശുവിനെ സംരക്ഷിക്കുന്നതിനുവേണ്ടി ഇറുകി അടഞ്ഞിരിക്കുന്നു. വിസ്താരപ്പെടുത്തുന്നതും ഉപകരണങ്ങൾ ഉള്ളിൽ കടത്തുന്നതും വേദനാപൂർണവും ആഘാതജനകവുമായിരിക്കാൻ കഴിയും. വായുമർദംകുറച്ചു കുട്ടിയെ വലിച്ചെടുക്കുന്ന ഗർഭച്ഛിദ്രം 30 മിനിറേറാ അതിൽ കൂടുതലോ എടുത്തേക്കാം. ആ സമയത്തു ചില സ്ത്രീകൾക്കു വേദനയും ഞരമ്പുവലിവും മിതമോ ശക്തമോ ആയി അനുഭവപ്പെട്ടേക്കാം. ലവണ ഗർഭച്ഛിദ്രം സമയത്തിനു മുമ്പെയുള്ള പ്രസവവേദന ജനിപ്പിക്കുന്നു, ചിലപ്പോൾ പ്രസവവേദന ആരംഭിക്കുന്നതിനു സഹായിക്കുന്ന ഒരു പദാർത്ഥമായ പ്രോസ്ററാഗ്ലാൻഡിനിന്റെ സഹായത്തോടെ. സങ്കോചങ്ങൾ മണിക്കൂറുകളോ ദിവസങ്ങൾ പോലുമോ നീണ്ടുനിൽക്കുന്നതും വേദനാപൂർണവും വൈകാരികമായി ക്ഷയിപ്പിക്കുന്നതും ആയിരിക്കാം.
ഗർഭച്ഛിദ്രത്തിന്റെ സത്വരമായ കുഴപ്പങ്ങളിൽ രക്തസ്രാവം, ഗർഭാശയമുഖത്തിനുണ്ടാകുന്ന ക്ഷതം അല്ലെങ്കിൽ മുറിവുകൾ, ഗർഭാശയത്തിനുണ്ടാകുന്ന സുഷിരങ്ങൾ, രക്തംകട്ടയാകൽ, അനസ്തേഷ്യയോടുള്ള പ്രതിപ്രവർത്തനം, ഞരമ്പുസംബന്ധമായ വേദനകൾ, പനി, വിറയൽ, ഛർദ്ദി എന്നിവ ഉൾപ്പെടുന്നു. ശിശുവിന്റെയോ മറുപിള്ളയുടെയോ ഭാഗങ്ങൾ ഗർഭാശയത്തിൽ അവശേഷിക്കുകയാണെങ്കിൽ രോഗാണുബാധയുടെ അപകടം വിശേഷിച്ചു വലിയതാണ്. പൂർണമല്ലാത്ത ഗർഭച്ഛിദ്രം സാധാരണമാണ്. അപ്പോൾ അവശേഷിച്ചിട്ടുള്ള അഴുകുന്ന കലയെ അല്ലെങ്കിൽ ഗർഭാശയത്തെത്തന്നെ നീക്കുന്നത് ആവശ്യമായി വന്നേക്കാം. ഗർഭച്ഛിദ്രം, വന്ധ്യത, ഗർഭാശയനാളിയിലെ ഗർഭധാരണം, ഗർഭമലസൽ, അകാലജനനം, ജനനവൈകല്യങ്ങൾ എന്നിവക്കു പിന്നീടുള്ള സാധ്യത അതിയായി വർധിപ്പിക്കുന്നു എന്ന് ഐക്യനാടുകളിലെയും ബ്രിട്ടനിലെയും മുൻ ചെക്കോസ്ലോവാക്യയിലെയും ഗവൺമെൻറു പഠനങ്ങൾ സൂചിപ്പിക്കുന്നു.
മുൻ യു. എസ്. സർജൻ ജനറൽ ആയിരുന്ന എസ്. എവ്റററ് കോപ്പ് “ഒരു ഗർഭച്ഛിദ്രം നടത്തിയിട്ടുള്ളവളും തനിക്ക് ഇനി ഉണ്ടാകുകയില്ലാത്ത ഒരു കുട്ടിക്കുവേണ്ടി അതിയായി ആഗ്രഹിക്കുന്നവളുമായ സ്ത്രീയുടെ വൈകാരിക പ്രതികരണത്തെ സംബന്ധിച്ചോ കുററബോധത്തെ സംബന്ധിച്ചോ ഒരു പഠനം” ആരും നടത്തിയിട്ടില്ലെന്നു പ്രസ്താവിക്കുകയുണ്ടായി.
ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള പഠനങ്ങൾ തങ്ങളുടെ നിയന്ത്രണ ഗ്രൂപ്പുകളിൽ ജീവനോടും ദൈവനിയമങ്ങളോടുമുള്ള ആദരവ നിമിത്തം കന്യകമാരായി സ്ഥിതിചെയ്യുന്ന സദാചാരനിഷ്ഠയുള്ള യുവക്രിസ്ത്യാനികളെ ഉൾപ്പെടുത്തേണ്ടതായിരുന്നു. ഇവർ ഏറെ ആരോഗ്യകരമായ ബന്ധങ്ങളും ഏറിയ ആത്മാഭിമാനവും നിലനിൽക്കുന്ന മനസ്സമാധാനവും ആസ്വദിക്കുന്നുണ്ടെന്ന് അങ്ങനെയുള്ള പഠനങ്ങൾ കണ്ടെത്തുമായിരുന്നു.
ഗർഭസ്ഥശിശുവിന് അനുഭവപ്പെടുന്നത്
മാതാവിന്റെ ഗർഭാശയത്തിന്റെ ഇളംചൂടിൽ സുരക്ഷിതമായി സുഖിച്ചുകിടക്കുകയും അനന്തരം മാരകമായ ശക്തിയാൽ പെട്ടെന്ന് ആക്രമിക്കപ്പെടുകയും ചെയ്യുന്നതു ഗർഭസ്ഥശിശുവിന് എങ്ങനെ അനുഭവപ്പെടുന്നു? ഈ കഥ ഒരിക്കലും പറയപ്പെടുകയില്ലാത്തതിനാൽ നമുക്കു ഊഹിക്കാൻ മാത്രമേ സാധിക്കുന്നുള്ളു.
ഗർഭച്ഛിദ്രങ്ങളിലധികവും ജീവന്റെ ആദ്യത്തെ 12 ആഴ്ചകളിൽ നടത്തപ്പെടുന്നു. ഈ ഘട്ടമാകുമ്പോഴേക്കു വളരെ ചെറിയ ഈ ഭ്രൂണം ശ്വാസോച്ഛ്വാസം നടത്തുന്നതിനും വിഴുങ്ങുന്നതിനും അഭ്യസിക്കുന്നു, അതിന്റെ ഹൃദയം സ്പന്ദിക്കുന്നുണ്ട്. അതിന് അതിന്റെ ചെറിയ കാൽവിരലുകൾ വളയ്ക്കുന്നതിനും മുഷ്ടി ചുരുട്ടുന്നതിനും അതിന്റെ ദ്രാവകലോകത്തിൽ ഇളകിമറിയുന്നതിനും കഴിയും—വേദന അനുഭവിക്കാനും കഴിയും.
വളരെയേറെ ഭ്രൂണങ്ങൾ ഗർഭാശയത്തിൽനിന്നു പറിച്ചുമാററപ്പെടുകയും കൂർത്തമുനയോടുകൂടിയ ഒരു വാക്വംട്യൂബ് ഉപയോഗിച്ച് ഒരു ജാറിലേക്കു വലിച്ചിടപ്പെടുകയും ചെയ്യുന്നു. ഈ നടപടി വാക്വം ആസ്പിറേഷൻ എന്നറിയപ്പെടുന്നു. വീടുകളിലുപയോഗിക്കുന്ന വാക്വം ക്ലീനറിന്റെ 29 മടങ്ങു ശക്തിയോടുകൂടിയ ഈ വലിക്കൽ ചെറുശരീരത്തെ പറിച്ചുകീറുന്നു. മററു ശിശുക്കൾ വിസ്താരപ്പെടുത്തലും ക്യുറെറെറജും മുഖേന ഗർഭച്ഛിദ്രം ചെയ്യപ്പെടുന്നു. അതായതു വളയരൂപത്തിലുള്ള ഒരു കത്തി ഉപയോഗിച്ചു ഗർഭാശയാവരണം ചുരണ്ടുന്നു. ശിശു കഷണങ്ങളായി മുറിക്കപ്പെടുന്നു.
പതിനാറ് ആഴ്ചയിൽ കൂടുതൽ പ്രായമായ ഭ്രൂണങ്ങൾ ലവണ ഗർഭച്ഛിദ്രരീതിയാൽ അഥവാ ലവണവിഷപ്രയോഗരീതിയാൽ മരിച്ചേക്കാം. നീളമുള്ള ഒരു സൂചി ഉപയോഗിച്ചു ജലസഞ്ചി തുളച്ചു കുറെ ജരായൂദ്രവം വലിച്ചെടുക്കുകയും അതിനു പകരം ഒരു ഗാഢ ലവണലായനി നിറയ്ക്കുകയും ചെയ്യുന്നു. ശിശു വിഴുങ്ങുമ്പോഴും ശ്വാസോച്ഛ്വാസം നടത്തുമ്പോഴും അതിന്റെ ലോലമായ ശ്വാസകോശങ്ങൾ വിഷലായനികൊണ്ടു നിറയുന്നു, അത് ഞെരിപിരികൊണ്ടു പുളയുന്നു. വിഷത്തിന്റെ ക്ഷാരഗുണം ത്വക്കിന്റെ പുറംപാളിയെ പൊള്ളിച്ചുകൊണ്ട് അതിനെ പരുപരുത്തതും ചുക്കിച്ചുളുങ്ങിയതുമാക്കിമാററുന്നു. അതിന്റെ മസ്തിഷ്കത്തിൽനിന്നു രക്തസ്രാവം തുടങ്ങിയേക്കാം. ഒരു വേദനാകരമായ മരണം മണിക്കൂറുകൾക്കുള്ളിൽ സംഭവിച്ചേക്കാം. എങ്കിലും ചിലപ്പോൾ ഒന്നോ അതിലധികമോ ദിവസങ്ങൾക്കു ശേഷം പ്രസവവേദന ആരംഭിക്കുമ്പോൾ ജീവനുള്ള എന്നാൽ മരിച്ചുകൊണ്ടിരിക്കുന്ന ഒരു ശിശു പിറക്കുന്നു.
ഇവയോ സമാനമായ മാർഗങ്ങളോ മുഖേന നശിപ്പിക്കാൻ കഴിയാത്തവണ്ണം ശിശു അത്രമാത്രം വളർച്ചപ്രാപിച്ചിട്ടുണ്ടെങ്കിൽ ഒരു മാർഗം അവശേഷിക്കുന്നു—ഗർഭാശയഛേദനം, അതായത് ജീവനെ സംരക്ഷിക്കുന്നതിനുപകരം അതിനെ നശിപ്പിക്കുന്ന തന്ത്രപരമായ സിസേറിയൻ ഛേദനം. മാതാവിന്റെ ഉദരം ശസ്ത്രക്രിയയിലൂടെ തുറന്ന് ഒട്ടുമിക്കപ്പോഴും ജീവനുള്ള ഒരു ശിശുവിനെ പുറത്തെടുക്കുന്നു. അതു ചിലപ്പോൾ കരയുകപോലും ചെയ്തേക്കാം. എന്നാൽ അതു മരിച്ചേ പററൂ. ചില കുട്ടികളെ ശ്വാസംമുട്ടിച്ചോ വെള്ളത്തിൽ മുക്കിയോ മററു മാർഗങ്ങളിലൂടെയോ മനഃപൂർവം കൊല്ലുന്നു.
ഒരു ഡോക്ടർക്ക് അനുഭവപ്പെടുന്നത്
നൂററാണ്ടുകളായിട്ടു ഡോക്ടർമാർ, ആദരിക്കപ്പെടുന്ന വൈദ്യശാസ്ത്ര പ്രതിജ്ഞയിൽ വിശദമാക്കിയിട്ടുള്ള മൂല്യങ്ങളെ ആശ്ലേഷിച്ചിട്ടുണ്ട്. അതിന്റെ ഒരു ഭാഗം ഇങ്ങനെ പറയുന്നു: “ആവശ്യപ്പെട്ടാൽപ്പോലും ഞാൻ ആർക്കെങ്കിലും മാരകമായ ഒരു ഔഷധം കൊടുക്കുകയോ ആ ലക്ഷ്യത്തിൽ ബുദ്ധ്യുപദേശിക്കുകയോ ചെയ്യുകയില്ല, ഗർഭച്ഛിദ്രം ഉളവാക്കുന്നതിന് ഏതെങ്കിലും ഒരു സ്ത്രീക്കു വിനാശകരമായ ഔഷധം കൊടുക്കുകയും ഇല്ല. ചികിത്സയുടെ കല ഞാൻ കുററരഹിതമായും പവിത്രമായും സൂക്ഷിക്കും.”
ഗർഭാശയത്തിലെ ജീവനെ അവസാനിപ്പിക്കുന്ന ഡോക്ടർമാർ ധാർമികമായ എതെല്ലാം പോരാട്ടങ്ങളെയാണ് അഭിമുഖീകരിക്കുന്നത്? ഡോ. ജോർജ് ഫെഷ്ള് അത് ഈ വിധത്തിൽ വർണിക്കുന്നു: “താമസിച്ചുപരിശീലനം നടത്തുന്ന ഒരു ഡോക്ടർ എന്ന നിലയിൽ ഞാൻ നടത്തിയിട്ടുള്ള എന്റെ ആദ്യത്തെ ഗർഭച്ഛിദ്രങ്ങൾ എനിക്ക് ഒരു വൈകാരിക വേദനയും ഉണ്ടാക്കിയില്ല. . . . അതിനോടുള്ള എന്റെ അതൃപ്തി ആരംഭിച്ചതു നൂറുകണക്കിനു ഗർഭച്ഛിദ്രങ്ങൾക്കുശേഷമാണ്. . . . എന്തുകൊണ്ടാണ് എനിക്കു മാററം സംഭവിച്ചത്? എന്റെ ജോലിയുടെ ആദ്യ ഘട്ടത്തിൽ ഒരു വിവാഹിത ദമ്പതികൾ എന്നെ സമീപിക്കുകയും ഒരു ഗർഭച്ഛിദ്രത്തിനുവേണ്ടി അഭ്യർത്ഥിക്കുകയും ചെയ്തു. രോഗിയുടെ ഗർഭാശയമുഖം അയവില്ലാത്തതായിരുന്നതുകൊണ്ട്, ഗർഭച്ഛിദ്രം നടത്തുന്നതിനായി അതു വിസ്താരപ്പെടുത്താൻ എനിക്കു കഴിഞ്ഞില്ല. ഒരാഴ്ചയ്ക്കുള്ളിൽ അത് അയവുള്ളതായിത്തീരുമ്പോൾ മടങ്ങിവരാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു. ആ ദമ്പതികൾ മടങ്ങിവരുകയും തങ്ങളുടെ തീരുമാനം മാററിയെന്ന് എന്നോടു പറയുകയും ചെയ്തു. പിന്നീട് ഏഴു മാസത്തിനുശേഷം ഞാൻ അവരുടെ പ്രസവമെടുത്തു.”
“വർഷങ്ങൾക്കുശേഷം, ഞാൻ ആ ദമ്പതികളുടെ കുട്ടി ജെഫ്റിയോടൊപ്പം ടെന്നിസ് ക്ലബ്ബിലെ നീന്തൽക്കുളത്തിൽ കളിക്കുകയുണ്ടായി. അവിടെ അവന്റെ മാതാപിതാക്കളും ഞാനും അംഗങ്ങളായിരുന്നു. അവൻ സന്തുഷ്ടനും കോമളനുമായിരുന്നു. ജെഫ്റിയുടെ സാധ്യതയുള്ള ജീവിതത്തെ അവസാനിപ്പിക്കുന്നതിൽനിന്ന് എന്നെ തടഞ്ഞതു വെറുമൊരു സാങ്കേതിക തടസ്സമാണെന്ന് ഓർക്കുമ്പോൾ എനിക്കു ഭീതിയുളവാകുന്നു. . . . കേവലം മാതാവിന്റെ ശുപാർശപ്രകാരം, വളർച്ചപ്രാപിച്ച ഒരു ഭ്രൂണത്തെ ഭാഗംഭാഗമായി പിച്ചിച്ചീന്തുന്നതു സമൂഹം അനുവദിച്ചുകൊടുക്കരുതാത്ത ഒരു നീചപ്രവൃത്തിയാണെന്നു ഞാൻ വിശ്വസിക്കുന്നു.”
ഗർഭച്ഛിദ്രത്തിനു സഹായിക്കുന്നതു നിർത്തിയ ഒരു നേഴ്സ് ഗർഭച്ഛിദ്ര ക്ലിനിക്കിലെ തന്റെ തൊഴിലിനെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ ജോലികളിലൊന്നു ഗർഭച്ഛിദ്രം നടത്തപ്പെട്ട ശിശുക്കളുടെ അവയവങ്ങൾ എണ്ണുന്നതായിരുന്നു. . . . ഗർഭാശയത്തിൽ ശിശുവിന്റെ ഭാഗങ്ങളുമായി പെൺകുട്ടി വീട്ടിൽ പോകുകയാണെങ്കിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം. രണ്ടു കൈയും രണ്ട് കാലും ഉടലും തലയും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനു ഞാൻ ഭാഗങ്ങളെടുത്തു സൂക്ഷ്മമായി പരിശോധിക്കുമായിരുന്നു. . . . എനിക്ക് നാലു കുട്ടികളുണ്ട്. . . . എനിക്ക് അനുരഞ്ജനപ്പെടുത്താൻ കഴിയാഞ്ഞവിധം എന്റെ തൊഴിൽജീവിതവും വ്യക്തിപരമായ ജീവിതവും തമ്മിൽ വളരെ വലിയൊരു സംഘട്ടനമുണ്ടായിരുന്നു. . . . ഗർഭച്ഛിദ്രം ദുസ്സഹമായ ഒരു ജോലിയാണ്.”
[7-ാം പേജിലെ ചിത്രം]
ആൺകുട്ടികളെ കൂടുതൽ ഇഷ്ടപ്പെടുന്ന ഏഷ്യയിൽ, ഡോക്ടർമാർ ആയിര ക്കണക്കിനു പെൺഭ്രൂണങ്ങളെ ഗർഭച്ഛിദ്രം നടത്തുന്നു
[കടപ്പാട്]
Photo: Jean-Luc Bitton/Sipa Press
[8-ാം പേജിലെ ചിത്രം]
ഗർഭച്ഛിദ്ര വിരുദ്ധ പ്രകടനത്തിൽവച്ചു പത്രലേഖകൻ നിയമപരമായി ഗർഭച്ഛിദ്രം ചെയ്യപ്പെട്ട 20 ആഴ്ച പ്രായമായ ഭ്രൂണത്തിന്റെ ഛായാച്ചിത്രം കാണിക്കുന്നു
[കടപ്പാട്]
Photo: Nina Berman/Sipa Press
[8-ാം പേജിലെ ചിത്രം]
യു. എസ്. എ., വാഷിങ്ടൺ, ഡി. സിയിലെ ഗർഭച്ഛിദ്രത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രകടനം
[കടപ്പാട്]
Photo: Rose Marston/Sipa Press
[9-ാം പേജിലെ ചിത്രം]
ഐക്യനാടുകളിൽ, ഗർഭച്ഛിദ്രം തേടുന്ന സ്ത്രീകളിൽ 5-ൽ 4 പേർ അവിവാഹിതരാണ്