ഗർഭച്ഛിദ്ര വിഷമസ്ഥിതി—ആറുകോടി ഹത്യകളാണോ പോംവഴി?
സംഭ്രാന്തയും ഭയപരവശയും അതിദുഃഖിതയുമായ ഒരു 15 വയസ്സുകാരി തന്റെ കാമുകൻ വെറുപ്പോടെ നടന്നുനീങ്ങുന്നതു നോക്കിനിൽക്കുന്നു. ഗർഭിണിയായിത്തീർന്നതുകൊണ്ട് അവളെ അവൻ വിഡ്ഢി എന്നു വിളിച്ചു. തങ്ങൾ പ്രേമബദ്ധരാണ് എന്നാണ് അവൾ വിചാരിച്ചത്.
താൻ തന്റെ ആറാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കുമ്പോൾ ഒരു സ്ത്രീ നിരാശാപൂർണയാകുന്നു. അവളുടെ ഭർത്താവു തൊഴിൽരഹിതനാണ്, കുഞ്ഞുങ്ങൾ എന്നും രാത്രി വിശന്ന് ഉറങ്ങുന്നു. സാധ്യതയനുസരിച്ചു മറെറാരു കുട്ടിയെക്കൂടെ പരിപാലിക്കാൻ അവർക്ക് എങ്ങനെ കഴിയും?
“ഏററവും മോശമായ ഒരു സമയത്താണ് ഇതു സംഭവിച്ചിരിക്കുന്നത്,” മോടിയായി വസ്ത്രം ധരിച്ച ഒരു സ്ത്രീ തന്റെ ഡോക്ടറോടു വിശദീകരിച്ചു. ഒടുക്കം അവൾ തന്റെ എഞ്ചിനിയറിങ്ങ് ബിരുദം സമ്പാദിച്ചിരിക്കുകയാണ്, പുതിയ ജോലിയിൽ പ്രവേശിക്കാൻ കാത്തിരിക്കുകയുമാണ്. അവളുടെ ഭർത്താവ് അഭിഭാഷകവൃത്തിയിൽ തികച്ചും ലയിച്ചിരിക്കുന്നു. ഒരു ശിശുവിനുവേണ്ടി അവർ എവിടെ സമയം കണ്ടെത്തും?
ഈ ആളുകളുടെ ജീവിതരീതിയിൽ വമ്പിച്ച വ്യത്യാസമുണ്ട്, വ്യത്യസ്ത വിഷമസ്ഥിതികളെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. പക്ഷേ അവർ ഒരേ പരിഹാരമാർഗം തിരഞ്ഞെടുക്കുന്നു: ഗർഭച്ഛിദ്രം.
ഗർഭച്ഛിദ്രം ഈ ദശാബ്ദത്തിലെ ഏററവും സ്ഫോടനാത്മകമായ വാദവിഷയങ്ങളിൽ ഒന്നാണ്, രാഷ്ട്രീയവും സാമൂഹികവും വൈദ്യശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ മേഖലകളിൽ ഉഗ്രമായ വാദപ്രതിവാദങ്ങൾക്കു തിരികൊളുത്തുന്നതുതന്നെ. ഐക്യനാടുകളിൽ, ജീവാനുകൂലികൾ അജാതശിശുക്കളുടെ അവകാശങ്ങൾക്കുവേണ്ടി മാർച്ചുചെയ്യുന്നു. തിരഞ്ഞെടുപ്പുവാദികളുടെ സമൂഹം സ്വാതന്ത്ര്യത്തിന്റെയും ഗർഭച്ഛിദ്രം വേണമോയെന്നു തീരുമാനിക്കാനുള്ള ഒരു സ്ത്രീയുടെ നിയമപരമായ അവകാശത്തിന്റെയും നിലപാടിൽ ഉറച്ചുനിൽക്കുന്നു. കുരിശുയോദ്ധാക്കൾ തിരഞ്ഞെടുപ്പുകളിലും കോടതിമുറികളിലും പള്ളികളിലും തെരുവുകളിൽ പോലും സ്വാതന്ത്ര്യപോരാളികളുമായി പടവെട്ടുന്നു.
ലക്ഷക്കണക്കിനാളുകൾ ഓരോ പക്ഷത്തിന്റെയും വികാരവിജൃംഭിതമായ വാദങ്ങളാൽ കീറിമുറിക്കപ്പെട്ട് ഒരു വടംവലിയിൽ അകപ്പെട്ടിരിക്കുകയാണ്. “തിരഞ്ഞെടുപ്പുവാദികൾ”, “ജീവാനുകൂലികൾ” എന്നിങ്ങനെയുള്ള പദങ്ങൾത്തന്നെ തീരുമാനമെടുക്കാത്തവരെ ആകർഷിക്കുന്നതിനുവേണ്ടി സശ്രദ്ധം തിരഞ്ഞെടുത്തിട്ടുള്ളവയാണ്. സ്വാതന്ത്ര്യത്തെ വിഗ്രഹമാക്കി പൂജിക്കുന്ന ഈ യുഗത്തിൽ ആരാണു തിരഞ്ഞെടുപ്പ് ഇഷ്ടപ്പെടാത്തത്? എന്നാൽ വീണ്ടും, ജീവനുവേണ്ടി വാദിക്കാത്ത ആരെങ്കിലും കാണുമോ? തിരഞ്ഞെടുപ്പുവാദികളുടെ സമൂഹങ്ങൾ സുരക്ഷിതമല്ലാത്ത നിയമവിരുദ്ധ ഗർഭച്ഛിദ്രങ്ങൾക്കു വിധേയരാകുന്ന പീഡിത സ്ത്രീകളുടെ മരണങ്ങളെ നാടകീകരിക്കാൻ കോട്ട് ഹാങ്ങറുകൾ ചുഴററി കാണിക്കുന്നു. ജീവാനുകൂലവാദികൾ ലക്ഷക്കണക്കിന് അജാതമൃതരെ ഉഗ്രമായി ഓർമിപ്പിക്കാൻ ഗർഭച്ഛിദ്രത്തിനിരയായ ജാറുകണക്കിനു ഭ്രൂണങ്ങളെ വിദഗ്ദ്ധമായി ഉപയോഗിക്കുന്നു.
മാരകമായ ഈ മുഴുദുരന്തവും ലോറൻസ് എച്ച്. ട്രൈബിന്റെ ഗർഭച്ഛിദ്രം: മൗലികതകളുടെ സംഘട്ടനം (Abortion: The Clash of Absolutes) എന്ന പുസ്തകത്തിൽ സമുചിതമായി വർണിക്കപ്പെട്ടിരിക്കുന്നു. “ഒരു ഭ്രൂണത്തിന്റെ സമൂർത്ത മനുഷ്യത്വത്തെ അനായാസം വിഭാവനചെയ്യാൻ കഴിയുന്ന, അതിന്റെ ചിത്രം പൊക്കിപ്പിടിച്ചു വിലപിക്കുന്ന അനേകർ ആ ഭ്രൂണവും പേറിനടക്കുന്ന സ്ത്രീയെയും അവളുടെ മാനുഷിക കഷ്ടപ്പാടിനെയും കേവലം കാണുന്നില്ല. . . . ഗർഭിണിയെയും അവളുടെ ശരീരത്തെയും അനായാസം വിഭാവനചെയ്യാൻ കഴിയുന്ന, തന്റെ ഭാഗധേയത്തെ നിയന്ത്രിക്കാനുള്ള അവളുടെ അവകാശത്തിനുവേണ്ടി മുറവിളികൂട്ടുന്ന മററനേകർ കേവലം ആ സ്ത്രീയിലുള്ള ഭ്രൂണത്തെ വിഭാവനചെയ്യാതിരിക്കുന്നു, അനുവദിച്ചാൽ അതു നയിച്ചേക്കുമായിരുന്ന ജീവനെ യഥാർഥമെന്നു സങ്കല്പിക്കുന്നുമില്ല.”
ഈ ധാർമികയുദ്ധം ഉഗ്രമായി നടക്കുമ്പോൾ അവകാശങ്ങളുടെ രണഭൂമിയിൽ ഈ വർഷം 5 കോടിമുതൽ 6 കോടിവരെ അജാത ഇരകൾ മരിച്ചുവീഴും.
ഈ വൈകാരിക വാദവിഷയത്തിൽ നിങ്ങൾ എവിടെ നിലകൊള്ളുന്നു? പിൻവരുന്ന ഈ പ്രമുഖചോദ്യങ്ങൾക്കു നിങ്ങളെങ്ങനെ ഉത്തരംപറയും: തീരുമാനമെടുക്കുക എന്നത് ഒരു സ്ത്രീയുടെ മൗലികാവകാശമാണോ? ഏതെങ്കിലും സാഹചര്യങ്ങളിൽ ഒരു ഗർഭച്ഛിദ്രം നീതീകരിക്കപ്പെടുന്നുവോ? ജീവൻ എപ്പോൾ ആരംഭിക്കുന്നു? വളരെ ചുരുക്കമായി ചോദിക്കപ്പെടുന്നതെങ്കിലും, ആത്യന്തികമായ ഒരു ചോദ്യം: ജീവന്റെയും സന്താനോൽപ്പാദനത്തിന്റെയും സ്രഷ്ടാവു ഗർഭച്ഛിദ്രത്തെ എങ്ങനെ വീക്ഷിക്കുന്നു?
ഗർഭച്ഛിദ്രത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. പുരാതന ഗ്രീസിലും റോമിലും ഗർഭച്ഛിദ്രം ഒരു സാധാരണ നടപടിയായിരുന്നു. യൂറോപ്പിൽ മധ്യയുഗങ്ങളിലും നാനകാലത്തും, ഗർഭസ്ഥശിശുവിന്റെ ചലനങ്ങൾ ആരംഭിക്കുന്നതുവരെ, അതായത്, ഗർഭാശയത്തിലുള്ള ജീവൻ മാതാവിന് അനുഭവവേദ്യമാകുന്നതുവരെ ഗർഭച്ഛിദ്രം അനുവദനീയമായി കണക്കാക്കപ്പെട്ടിരുന്നു. ലൈംഗിക വിപ്ലവത്തോടെ അതിന്റെ അനന്തരഫലവും വന്നെത്തി—ലക്ഷക്കണക്കിന് അനാവശ്യ ഗർഭധാരണങ്ങൾ.
ആയിരത്തിത്തൊള്ളായിരത്തിയറുപതുകൾ സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ ഉദയം കുറിച്ചു. പുനരുൽപ്പാദനാവകാശം എന്നു വിളിക്കപ്പെടുന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ഒരു അടിസ്ഥാനശില. ചിലർ ബലാൽസംഗത്താലോ അഗമ്യഗമനത്താലോ ഗർഭിണികളായ ഇരകളുടെയോ മാതാവിന്റെ ആരോഗ്യം അപകടത്തിലായിരിക്കുമ്പോൾ അവരുടെയോ ഗർഭച്ഛിദ്രാവകാശങ്ങൾക്കുവേണ്ടി മുറവിളികൂട്ടുന്നു. വൈദ്യശാസ്ത്ര സാങ്കേതികവിദ്യ സാധ്യതയുള്ള ജനനവൈകല്യങ്ങളും ശിശുവിന്റെ ലിംഗവും കണ്ടുപിടിക്കുന്നതിനു ഗർഭാശയത്തിലേക്ക് ഒരു ജാലകം തുറന്നിട്ടുണ്ട്. ഡോക്ടർമാരുടെ അശുഭാപ്തിവിശ്വാസത്തോടുകൂടിയ പൂർവാനുമാനത്തിന്റെ അടിസ്ഥാനത്തിൽ ഗർഭം അവസാനിക്കുന്നു. നാൽപ്പതു വയസ്സിനുമേൽ പ്രായമുള്ള സ്ത്രീകൾ വൈകല്യങ്ങൾ സംബന്ധിച്ച് ഉത്ക്കണ്ഠയുള്ളവരായിരുന്നേക്കാം.
ദരിദ്രബാധിതദേശങ്ങളിൽ, ഗർഭനിരോധനത്തിനുള്ള സൗകര്യങ്ങൾ പരിമിതമായി ലഭിക്കുന്ന അനേകം സ്ത്രീകൾ കൂടുതൽ കുട്ടികൾക്കുവേണ്ടി കരുതാൻ തങ്ങൾക്കാവില്ലെന്നു വിചാരിക്കുന്നു. തിരഞ്ഞെടുപ്പുവാദത്തിന്റെ നിർവചനത്തെ അതിന്റെ പരിധിവരെ വലിച്ചുനീട്ടിക്കൊണ്ട്, ചില ഗർഭിണികൾ ഗർഭധാരണസമയം ഉചിതമല്ലെന്ന് അവർ വിചാരിക്കുന്നതുകൊണ്ടോ അജാതശിശുവിന്റെ ലിംഗം മനസ്സിലാക്കുന്നതുകൊണ്ടും ആ ലിംഗത്തിലുള്ള കുട്ടിയെ അവർ ആഗ്രഹിക്കാത്തതുകൊണ്ടുമോ ഗർഭച്ഛിദ്രം നടത്താൻ തീരുമാനിക്കുന്നു.
ഈ പോരാട്ടത്തിലെ അനേകം വാക്ശരപ്രയോഗങ്ങൾ ജീവൻ എപ്പോൾ തുടങ്ങുന്നു എന്ന പ്രശ്നം കൈകാര്യം ചെയ്യുന്നു. സംയുക്ത അണ്ഡകോശം ജീവിക്കുന്നു എന്ന ആശയം സംബന്ധിച്ച് ആരും തന്നെ വാദിക്കുന്നില്ല. എന്നാൽ ചോദ്യം ഇതാണ്, എന്തായിട്ടു ജീവിക്കുന്നു? വെറും ശരീരകലയായിട്ടോ? അതോ അതു മനുഷ്യജീവിയാണോ? ഓക്കുമരത്തിന്റെ കായ് ഒരു ഓക്കുമരമാണോ? അപ്പോൾ, ഒരു ഭ്രൂണം ഒരു വ്യക്തിയാണോ? അതിനു പൗരാവകാശങ്ങളുണ്ടോ? വാക്കുകളെച്ചൊല്ലിയുള്ള ശണ്ഠക്ക് അന്തമില്ല. ഒരേ ആശുപത്രിയിൽത്തന്നെ ഡോക്ടർമാർ ഒരു അകാലശിശുവിന്റെ ജീവൻ രക്ഷപ്പെടുത്തുന്നതിനു വീരോചിതമായി പ്രവർത്തിക്കുകയും അതേസമയം അതേപ്രായത്തിലുള്ള ഒരു ഭ്രൂണത്തിന്റെ ജീവൻ അവസാനിപ്പിക്കുകയും ചെയ്തേക്കാമെന്നത് എന്തു വിരോധാഭാസമാണ്! ഗർഭാശയത്തിനുള്ളിലെ ഒരു ശിശുവിനെ കൊല്ലാൻ നിയമം അവരെ അനുവദിച്ചേക്കാം, എന്നാൽ ശിശു ഗർഭാശയത്തിനു പുറത്താണെങ്കിൽ അതു കൊലപാതകമാണ്.
ഒന്നാമതുതന്നെ, ഗർഭധാരണത്തെ തടയാനുള്ള ഗർഭനിരോധന മാർഗങ്ങളുടെ അപരിമിതമായ സൗകര്യമുള്ള “വിമോചിത” നവീനരിൽ നിന്നാണു നിയമാനുസൃത ഗർഭച്ഛിദ്രത്തിനു വേണ്ടി അത്യുച്ചത്തിലുള്ള ആഹ്വാനങ്ങൾ ഉണ്ടാകുന്നത്. പുനരുൽപ്പാദനാവകാശങ്ങൾ എന്നു പറയപ്പെടുന്ന ഒന്നിനുവേണ്ടി അവർ ഉഗ്രമായി അവകാശവാദം പുറപ്പെടുവിക്കുന്നു, സത്യത്തിൽ അവർ ഗർഭധാരണത്തിനും പുനരുൽപ്പാദനത്തിനുമുള്ള തങ്ങളുടെ പ്രാപ്തി ഇപ്പോൾത്തന്നെ ഉപയോഗിച്ചുകഴിഞ്ഞിരിക്കുന്നു. ഇപ്പോൾ അവർക്കു യഥാർത്ഥത്തിൽ വേണ്ടത് ആ പുനരുൽപ്പാദനത്തെ നശിപ്പിക്കുന്നതിനുള്ള അവകാശമാണ്. ന്യായീകരണമോ? “ഇത് എന്റെ ശരീരമാണ്!” എന്നാൽ യഥാർഥത്തിൽ ആണോ?
ഗർഭധാരണത്തിന്റെ ആദ്യത്തെ 12 ആഴ്ചകളിൽ, “തോല്പശയുടെ അവസ്ഥയിൽ അല്പമായ അളവിലുള്ള കലയെ നീക്കംചെയ്യാൻ വളരെ എളുപ്പമാണ്” എന്നു ഗർഭച്ഛിദ്രം—വാദവിഷയങ്ങൾ സംബന്ധിച്ചു പൗരൻമാർക്കുള്ള മാർഗനിർദേശം (Abortion —A Citizens’ Guide to the Issues) എന്ന പുസ്തകം പ്രസ്താവിക്കുന്നു. ഗർഭച്ഛിദ്രത്തെ “ഗോളപിണ്ഡത്തിന്റെ നീക്കംചെയ്യൽ” അഥവാ “ഗർഭധാരണഫലത്തിന്റെ അവസാനിപ്പിക്കൽ” ആയി കണക്കാക്കാൻ കഴിയുമോ? അതോ ഈ ‘പഞ്ചാരവാക്കുകൾ’ കയ്പ്പേറിയ സത്യത്തെ ആസ്വാദ്യമാക്കുന്നതിനും അസ്വസ്ഥമായ മനഃസാക്ഷികളെ സമാശ്വസിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണോ?
വേണ്ടാത്ത ആ കോശഘടന അതിന്റെതന്നെ ക്രോമസോമുകളുടെ ഗണത്താൽ പൂർണമായിരിക്കുന്ന, തഴച്ചുവളരുന്ന, പുഷ്ടിപ്രാപിച്ചുകൊണ്ടിരിക്കുന്ന, ഒരു ജീവനാണ്. ഒരു പ്രാവചനിക ആത്മകഥപോലെ അതു നിർമാണത്തിലിരിക്കുന്ന ഒരു അനുപമ വ്യക്തിയുടെ വിശദമായ കഥ പറയുന്നു. വിഖ്യാത ഭ്രൂണശാസ്ത്ര ഗവേഷണ പ്രൊഫസറായ എ. ഡബ്ലിയു. ലിലീ ഇപ്രകാരം വിശദീകരിക്കുന്നു: “ഭ്രൂണം മാതാവിന്റെ ഒരു അനുബന്ധം മാത്രമാണെന്നുള്ള വീക്ഷണം ജീവശാസ്ത്രപരമായി ഒരു ഘട്ടത്തിലും നമുക്കു സമ്മതിച്ചുകൊടുക്കാൻ സാധ്യമല്ല. ജനിതകമായിപ്പറഞ്ഞാൽ, മാതാവും ശിശുവും ഗർഭധാരണം മുതലേ വ്യത്യസ്ത വ്യക്തികളാണ്.”
നിരുത്തരവാദപരമായ പെരുമാററം
എങ്ങനെയായിരുന്നാലും, ഗർഭച്ഛിദ്രത്തിനുള്ള സൗകര്യങ്ങൾ ഉള്ളപ്പോൾ അനാവശ്യമായ ഗർഭധാരണത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ അടിയന്തിരാവശ്യം അനേകർക്കും തോന്നിയിട്ടില്ല. സംഭവിച്ചേക്കാവുന്ന ഏത് “അവിചാരിത ഗർഭധാരണങ്ങളെ”യും തടയാനുള്ള ഒരു മാർഗമായി അവർ ഗർഭച്ഛിദ്രത്തെ ഉപയോഗിക്കുന്നു.
ഈ നൂററാണ്ടിൽ താരുണ്യപ്രായം താഴ്ന്നതായി സ്ഥിതിവിവരക്കണക്കുകൾ പ്രകടമാക്കുന്നു. അതുകൊണ്ട്, ഇളം പ്രായക്കാർ സന്താനോൽപ്പാദനത്തിനു പ്രാപ്തരാണ്. എന്നാൽ ആ പദവിയോടൊപ്പം വരുന്ന ഭാരിച്ച ഉത്തരവാദിത്വത്തെക്കുറിച്ച് അവരെ പഠിപ്പിക്കുന്നുണ്ടോ? ശരാശരി അമേരിക്കക്കാർക്ക് 16 വയസ്സാകുന്നതോടെ കന്യകാത്വം നഷ്ടപ്പെടുന്നു, 5-ൽ 1-ന് 13 വയസ്സിനു മുമ്പേ തന്നെ. വിവാഹിതരായ സ്ത്രീപുരുഷൻമാരുടെ മൂന്നിലൊന്ന് ഒരു പ്രേമബന്ധം പുലർത്തുന്നു, അല്ലെങ്കിൽ കഴിഞ്ഞകാലത്ത് അങ്ങനെ ചെയ്തിട്ടുണ്ട്. ഗർഭച്ഛിദ്രത്തിനു തയ്യാറുള്ള കക്ഷികൾ വിവേചനാരഹിതമായി ലൈംഗികബന്ധത്തിലേർപ്പെടുന്നവരുടെ ഇടയിലുണ്ട്. എയ്ഡ്സിന്റെ വ്യാപനത്തെ തടയാൻ വേശ്യാവൃത്തി നിയമാനുസൃതമാക്കാൻ ചിലപ്പോഴുള്ള ആഹ്വാനംപോലെതന്നെ, ഗർഭച്ഛിദ്രത്തിന്റെ നിയമാനുസൃതമാക്കൽ ആ നടപടിയെ വൈദ്യശാസ്ത്രപരമായി ഏറെക്കുറെ ഭദ്രമാക്കിത്തീർത്തിരിക്കാം. എന്നാൽ അതു ധാർമികരോഗത്തിനു പുഷ്ടിപ്രാപിക്കാൻ കഴിയുന്നതും പുഷ്ടിപ്രാപിച്ചുകൊണ്ടിരിക്കുന്നതുമായ ഫലഭൂയിഷ്ഠമായ ചുററുപാട് സൃഷ്ടിക്കാൻ ഏറെ പ്രവർത്തിച്ചിട്ടുണ്ട്
അക്രമത്തിന്റെ ഇരകളോ അതോ സാഹചര്യത്തിന്റേതോ?
രസാവഹമായി, ബലാൽസംഗ നിമിത്തമുണ്ടാകുന്ന ഗർഭധാരണം തുലോം വിരളമാണെന്നു പഠനങ്ങൾ തെളിയിക്കുന്നു. യു.എസ്.എ., മിന്നിയപ്പൊലിസിലെ ബലാൽസംഗത്തിന്റെ 3,500 തുടർച്ചയായ ഇരകളെ സംബന്ധിച്ച ഒരു സർവ്വേ, ഗർഭധാരണത്തിന്റെ ഒററ സംഭവം പോലും വെളിപ്പെടുത്തിയില്ല. മുൻ ചെക്കോസ്ലോവാക്ക്യയിലെ 86,000 ഗർഭച്ഛിദ്രങ്ങളിൽ ബലാൽസംഗം നിമിത്തമുള്ളത് 22 എണ്ണം മാത്രമായിരുന്നു. അങ്ങനെ, ഗർഭച്ഛിദ്രം തേടുന്നവരിൽ ഒരു ചെറിയ അംശം മാത്രമേ ഈ കാരണങ്ങളാൽ അതു തേടുന്നുള്ളു.
ഭേദമാക്കാനാവാത്ത ജനനവൈകല്യങ്ങളോടുകൂടി ദാരുണമായി വൈരൂപ്യം ഭവിക്കുമെന്നുള്ള, ശിശുക്കളെ സംബന്ധിച്ച ഭയജനകമായ മുന്നറിയിപ്പുകൾ സംബന്ധിച്ചെന്ത്? വൈകല്യത്തിന്റെ ആദ്യലക്ഷണം കാണുമ്പോൾത്തന്നെ ചില ഡോക്ടർമാർ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കാൻ തിടുക്കമുള്ളവരാണ്. അവർക്കു വൈകല്യനിർണയം സംബന്ധിച്ചു പൂർണനിശ്ചയം ഉള്ളവരായിരിക്കാൻ കഴിയുമോ? ഇങ്ങനെയുള്ള ദാരുണപ്രവചനങ്ങൾ അടിസ്ഥാനരഹിതമായേക്കാമെന്ന് അനേകം മാതാപിതാക്കൾക്കു സാക്ഷ്യപ്പെടുത്താൻ കഴിയുന്നു. അതു തെളിയിക്കുന്നതിന് അവർക്കു സന്തുഷ്ടരായ ആരോഗ്യമുള്ള കുട്ടികൾ ഉണ്ട്. വികലാംഗരെന്നു കരുതപ്പെടുന്ന കുട്ടികളുള്ള മററുചിലർ മാതാപിതാക്കളായിരിക്കുന്നതിൽ തികച്ചും സന്തുഷ്ടരാണ്. വാസ്തവത്തിൽ, ഐക്യനാടുകളിൽ ഗർഭച്ഛിദ്രം തേടുന്നവരുടെ 1 ശതമാനം മാത്രമേ ഭ്രൂണത്തിലെ സാധ്യതയുള്ള ചില വൈകല്യങ്ങൾ അറിയാനിടയാകുന്നതിനാൽ അങ്ങനെ ചെയ്യുന്നുള്ളു.
ഏതായാലും, നിങ്ങൾ ഈ ലേഖനം വായിക്കാനെടുത്ത സമയംകൊണ്ടു നൂറുകണക്കിന് അജാതശിശുക്കൾ മരിച്ചുകഴിഞ്ഞിരിക്കുന്നു. അത് എവിടെയാണു സംഭവിക്കുന്നത്? ഉൾപ്പെട്ടിരിക്കുന്നവരുടെ ജീവിതം എങ്ങനെ ബാധിക്കപ്പെടുന്നു?
[4-ാം പേജിലെ ആകർഷകവാക്യം]
മാതാവ്: “ഇത് എന്റെ ശരീരമാണ്!”
ശിശു: “അല്ല! ഇത് എന്റെ ശരീരമാണ്!”