പ്രയോജനമുള്ള പങ്കാളികൾ—ജന്തുലോകത്തിൽ
ഷേക്സ്പിയർ എഴുതി: “തങ്ങളുടെ സുഹൃത്തുക്കളെക്കുറിച്ച് ഗ്രാഹ്യമുണ്ടായിരിക്കാൻ പ്രകൃതി ജന്തുക്കളെ പഠിപ്പിക്കുന്നു.” നിശ്ചയമായും ജന്തുലോകത്തിൽ പ്രയോജനമുള്ള നിരവധി സഹകാരികളുണ്ട്. ഇതിലൊന്നാണ് ഒരു ദക്ഷിണാഫ്രിക്കൻ പക്ഷിയായിരിക്കുന്ന ഓക്സ്പെക്കർ (മൃഗംകൊത്തി).
ഏതാണ്ട് എട്ട് ഇഞ്ച് നീളമുള്ള ഈ പക്ഷിക്ക് വീതിയേറിയതും തടിച്ചതുമായ മഞ്ഞ അല്ലെങ്കിൽ ചെമന്ന ചുണ്ടും കുറിയ കാലുകളും ശക്തിയേറിയ നഖങ്ങളുമുണ്ട്. ഇത് സാധാരണയായി വീട്ടുമൃഗങ്ങളുടെമേലോ നീർക്കുതിരകൾ പോലുള്ള വേട്ടയാടപ്പെടുന്ന വലിയ മൃഗങ്ങളുടെ മേലോ ഇരിക്കുന്നതായി കണ്ടെത്തപ്പെടുന്നു. എന്തുകൊണ്ട്? ഓക്സ്പെക്കർ അതിന്റെ ആതിഥേയനെ കുത്തിവേദനിപ്പിക്കാതെ ചെള്ളുകളുടെ കൂട്ടങ്ങളെ നീക്കംചെയ്യാൻ ശ്രമിച്ചുകൊണ്ട് അവയുടെ ചർമ്മത്തിലെ ഓരോ രന്ധ്രത്തിലും ചുളുക്കിലും കൂലങ്കഷമായി പരിശോധിക്കുന്നതിന്റെ തിരക്കിലാണ്. എന്നാൽ ഇതിന്റെ വേല പ്രതിഫലമില്ലാത്തതല്ല. എന്തുകൊണ്ടെന്നാൽ ഈ ചെള്ളുകളാണ് ഓക്സ്പെക്കറുടെ തീററിയുടെ മുഖ്യ ഉറവ്.
മനുഷ്യനും മൃഗവും ഒരുപോലെ ഓക്സ്പെക്കറുടെ സേവനങ്ങളിൽനിന്ന് പ്രയോജനമനുഭവിക്കുന്നു. പക്ഷിശാസ്ത്രപഠിതാവായിരിക്കുന്ന ഒലിവർ ഓസ്ററിൻ ജൂനിയർ “കാട്ടുമനുഷ്യരും നാടൻകർഷകരും തങ്ങളുടെ കന്നുകാലികളിൽനിന്ന് ചെള്ളുകളെ നീക്കംചെയ്യുന്നതുനിമിത്തം [ഓക്സ്പെക്കറുകളെ] വിലമതിക്കുന്നു” എന്ന് കുറിക്കൊള്ളുന്നു. ആഫ്രിക്കൻ മൃഗവേട്ടക്കാർക്ക് ഓക്സ്പെക്കർ ഒരു ശല്യമാണ്. എങ്ങനെ? ഒരു ആഫ്രിക്കൻ നായാട്ടുകാരൻ തന്റെ ഇരയെ ആക്രമിക്കാവുന്ന ദൂരത്തോട് ഒളിഞ്ഞടുക്കുന്നത് സങ്കൽപ്പിക്കുക. പെട്ടെന്ന്, ജാഗ്രതയുള്ള ഈ കാവൽക്കാരൻ—ഓക്സ്പെക്കർ പക്ഷി—മുകളിലേക്ക് പറക്കുന്നു! ഇപ്പോൾ ഓക്സ്പെക്കർ ശബ്ദായമാനമായി, പ്രക്ഷുബ്ധമായി കരഞ്ഞുകൊണ്ട് അപകടം സമീപിച്ചിരിക്കുന്നു എന്ന് അതിന്റെ പങ്കാളിയെ ഓർമ്മപ്പെടുത്തുന്നു. വേട്ടമൃഗം പമ്പകടക്കുന്നു!
കടൽപ്പൂവും കടൽചെമ്മീനും
മറെറാരസാധാരണ ബന്ധം ഒരു ചെറു കടൽജീവിയും കടൽചെമ്മീനും തമ്മിലുള്ളതാണ്. ഈ ചെറു കടൽജീവി ഒരു “കടൽപ്പൂ” എന്ന് ചിലപ്പോൾ വിളിക്കപ്പെടുന്ന നട്ടെല്ലില്ലാത്ത ഒരു ജീവിയാണ്. മിക്ക ചെറുജീവികൾക്കും മൽസ്യത്തിനും വെള്ളത്തിനടിയിലെ ഈ മനോഹര ജീവിയുടെ ഒരു ഉരസൽ തീർത്തും മരണത്തെ അർത്ഥമാക്കുന്നു. ഇതിന്റെ ഓരോ സ്പർശിനികൾക്കും ഒരു വിഷക്കൊമ്പ് തുളച്ചുകയററിക്കൊണ്ട് അതിന്റെ ഇരയെ പ്രവർത്തനരഹിതനാക്കാൻ കഴിയും. ഈ കടൽജീവി അതിന്റെ ഇരയെ അതിന്റെ വായിലേക്ക് സ്പർശിനിയുടെ അററംവരെ വലിച്ചുകൊണ്ടുവരുന്നു.
എന്നാൽ കടൽചെമ്മീൻ അതിന്റെ വിഷസ്പർശിനികളാൽ ബാധിക്കപ്പെടാതെ അവരുടെയിടയിൽ സുരക്ഷിതമായി കഴിയുന്നു. ഈ സഹജീവിതത്തിൽ, ചെമ്മീന് ഇരപിടിത്തക്കാരായ മററു ജീവികളിൽനിന്ന് സംരക്ഷണം ലഭിക്കുകയും അത് കടൽപ്പൂവിന്റെ ഉച്ചിഷ്ടങ്ങൾ നിർമ്മാർജ്ജനം ചെയ്യുമ്പോൾ അതിന് ഭക്ഷണം ലഭിക്കുകയും ചെയ്യുന്നു. ക്രമത്തിൽ, കടൽപ്പൂ കടൽചെമ്മീന്റെ മാലിന്യനിർമ്മാർജ്ജനസേവനങ്ങളിൽനിന്ന് പ്രയോജനമനുഭവിക്കുന്നു.
കടലിലെ മറ്റ് സഹകാരികൾ
മനുഷ്യരെപ്പോലെ മൽസ്യങ്ങൾ അണുസംക്രമണത്തിനും രോഗത്തിനും വിധേയമാണ്. എന്നാൽ ആരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടി ഒരു മൽസ്യത്തിന് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിയുമോ? നിശ്ചയമായും കഴിയും. എന്തുകൊണ്ടെന്നാൽ ചില മൽസ്യങ്ങൾ ക്ഷുരകൻ അല്ലെങ്കിൽ വൃത്തിയാക്കുന്നവൻ എന്ന് അറിയപ്പെടുന്ന മൽസ്യങ്ങളുമായി ഒരു ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ആഴത്തിൽ വസിക്കുന്ന ഈ ചെറുജീവിയെ സ്രാവുകളും തിരണ്ടികളും വ്ളാങ്കുകളും പല വിഭാഗങ്ങളും ആകാംക്ഷയോടെ തെരയുന്നു.
ഈ മാംസഭുക്കുകൾ സമുദ്രത്തിനടിയിലെ ശുചീകരണ സ്റേറഷനുകളിൽ തങ്ങളുടെ ഊഴം കാത്ത് വരിവരിയായി നിൽക്കുന്നത് ഒന്ന് മനസ്സിൽ കാണുക. ആദ്യം ഒരു വലിയ സ്രാവാണ്. വൃത്തിയാക്കുന്ന മൽസ്യം സ്രാവിന്റെ ഏതൊരു രോഗബാധിത കലയും നീക്കം ചെയ്യാൻ അടി മുതൽ മുടി വരെ ശുചിയാക്കുന്നു. അതിനുശേഷം അത് സ്രാവിന്റെ ഭയാനകമായ, ദന്തനിബിഡ വായിലേക്ക് കടന്ന് അഴുകിയ ഭക്ഷണാവശിഷ്ടങ്ങളെയും പരജീവികളെയും കുമിളുകളെയും നീക്കംചെയ്യുന്നു. വൃത്തിയാക്കുന്ന മൽസ്യം തൊണ്ടയിലേക്കുപോയി തന്റെ സൂചിപോലിരിക്കുന്ന കൂർത്ത പല്ലുകൊണ്ട് തെരയുന്നു. അതിനുശേഷം ശകുലദ്വാരത്തിലൂടെ പുറത്തുകടക്കുന്നു. ജോലി നന്നായി ചെയ്തിരിക്കുന്നു—അടുത്ത രോഗി ദയവായി വന്നാലും!
ഇതിന്റെ കൂടുതൽ അടക്കമുള്ള പററുപടിക്കാരെ സംബന്ധിച്ചിടത്തോളം, വൃത്തിയാക്കുന്ന മൽസ്യം തന്റെ ജോലി നിർവഹിക്കുന്നതിനുവേണ്ടി മൽസത്തിന്റെ വായ് തുറപ്പിക്കാൻ മയക്കുന്നതിന് വശങ്ങളിലൂടെ ലോലമായി തെന്നിനീങ്ങിക്കൊണ്ട് ഒരു തരത്തിലുള്ള ഡാൻസ് കളിക്കുന്നതായി അറിയപ്പെടുന്നു. പെട്ടെന്ന് വായ് തുറക്കുകയും ജോലി നിർവഹിക്കപ്പെടുകയും ചെയ്യുന്നു. ചികിൽസ ലഭിക്കാൻ മിക്ക മൽസ്യങ്ങളും ആകാംക്ഷയുള്ളവരായിരിക്കുന്നതിനാൽ ലൈനിൽ കാത്തുനിൽക്കുന്നവരുടെയിടയിൽ ശണ്ഠകൾ പൊട്ടിപ്പുറപ്പെടുന്നതായി കാണപ്പെടുന്നുണ്ട്. ആറ് മണിക്കൂറിനുള്ളിൽ വൃത്തിയാക്കുന്ന ഒരു മൽസ്യം 300 മൽസ്യങ്ങളുടെ ജോലി തീർത്തിരിക്കുന്നു.
അതെ, അന്യോന്യം പ്രയോജനപ്രദമായ സേവനങ്ങൾ ചെയ്യുന്നതിൽ അത്തരം ജീവികൾ “നൈസർഗ്ഗികമായി ജ്ഞാനമുള്ളവ” എന്ന് ബൈബിൾ വിളിക്കുന്നവയാണെന്ന് തെളിഞ്ഞിരിക്കുന്നു. (സദൃശവാക്യം 30:24) ഒരുപക്ഷേ മനുഷ്യരായ നമുക്ക് അവയിൽനിന്ന് ഒരു പാഠം പഠിക്കുന്നതിനും മററുള്ളവരുടെ പ്രയോജനത്തിനുവേണ്ടി “കൊടുക്കൽ ശീല”മാക്കാൻ പഠിക്കുന്നതിനും കഴിയും!—ലൂക്കോസ് 6:38. (g88 4/22)