ചെമ്മീൻ കൃഷിയിടത്തിൽനിന്നുള്ള ഒരു വിശിഷ്ടഭോജനമോ?
ഇക്വഡോറിലെ ഉണരുക! ലേഖകൻ
അതേ, കോടിക്കണക്കിന് ആളുകൾ ഇഷ്ടപ്പെടുന്ന സ്വാദിഷ്ടമായ ഈ സമുദ്രഭക്ഷ്യവിഭവം മിക്കപ്പോഴും കൃഷിയിടത്തിൽനിന്നാണു വരുന്നത്. എങ്കിലും ഉപഭോക്താവ് ഇതൊരിക്കലും അറിയാതിരുന്നേക്കാം. കാരണം, കൃഷിയിടത്തിലെ ചെമ്മീനും സമുദ്രത്തിലെ ചെമ്മീനും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. വാസ്തവത്തിൽ, ഇക്വഡോറിലെ പല ചെമ്മീൻ കുളങ്ങളിലും സമുദ്രത്തിൽനിന്നു നേരിട്ടു പിടിച്ച ചെമ്മീൻകുഞ്ഞുങ്ങളെയാണു ശേഖരിച്ചിരിക്കുന്നത്.
ഒന്നര സെൻറിമീറ്ററിൽ താഴെ നീളമുള്ള ഈ ചെമ്മീനെ, ഓരങ്ങളിൽ കണ്ടൽ വൃക്ഷങ്ങൾ വളർന്നുനിൽക്കുന്ന നദീമുഖത്തുനിന്നോ തീരത്തിനടുത്തുനിന്നോ ലാർവിറോസ് എന്നറിയപ്പെടുന്ന മീൻപിടുത്തക്കാർ വലവീശിപ്പിടിക്കുന്നു. പിന്നീട്, അവയെ വളർത്തുന്നതിനു കുളങ്ങളിലേക്കു കൊണ്ടുപോകുന്നു. എങ്കിലും വേണ്ടത്ര ചെമ്മീൻ ഈ മാർഗത്തിലൂടെ പ്രദാനം ചെയ്യാനാവില്ല. അതുകൊണ്ട്, പല ചെമ്മീൻ കൃഷിക്കാരും തങ്ങളുടെ കുളങ്ങളിലിടാൻ വേണ്ടത്ര ചെമ്മീൻകുഞ്ഞുങ്ങൾക്കായി ആധുനിക അക്വാകൾച്ചർ (ജലത്തിലെ കൃഷി) രീതികളോടുകൂടിയ ഹാച്ചറികളെ (മുട്ട വിരിയിക്കുന്ന സ്ഥലങ്ങൾ) ആശ്രയിക്കുന്നു. ചെമ്മീൻ കൃഷിയിടങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങളെ നമുക്കൊന്ന് അടുത്തു വീക്ഷിക്കാം.
ഒരു ഹാച്ചറി സന്ദർശനം
ഞങ്ങൾ സന്ദർശിച്ച ഹാച്ചറി സ്ഥിതിചെയ്തിരുന്നതു പസഫിക് തീരത്തുള്ള ഒരു മനോഹരമായ കടലോരത്താണ്. ഒരു ചെമ്മീൻ ഹാച്ചറി സ്ഥാപിക്കുന്നതു സമൃദ്ധമായി ഉപ്പുവെള്ളം ലഭിക്കുന്ന ഒരു ഉറവിനടുത്തായിരിക്കണം. ഹാച്ചറിയുടെ സങ്കീർണമായ ജലവിതരണ വ്യവസ്ഥയുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനാണത്. കടലിൽനിന്നു വെള്ളം പമ്പുചെയ്തെടുത്ത്, അരിച്ച്, ആവശ്യാനുസരണം ചൂടാക്കി അകത്തുള്ള വിവിധ ടാങ്കുകളിലേക്കു വിടുന്നു.
സാധാരണമട്ടിൽ വസ്ത്രധാരണംചെയ്ത, സൗഹൃദമനോഭാവമുള്ള ഒരു കൂട്ടം സമുദ്ര ജീവശാസ്ത്രജ്ഞന്മാരെയും സാങ്കേതികവിദഗ്ധരെയും മറ്റു ജീവനക്കാരെയും ഞങ്ങൾ കണ്ടുമുട്ടി. ഞങ്ങൾ ആദ്യം കണ്ടതു മെച്ചുറേഷൻ മുറിയാണ്. ഇവിടെ, സമുദ്രത്തിൽ ജീവിച്ചിരുന്ന ചെമ്മീനുകളെ 17,000 ലിറ്ററിന്റെ മെച്ചുറേഷൻ ടാങ്കുകളിൽ സൂക്ഷിക്കുന്നു. “ഈ ചെമ്മീൻ ഭക്ഷിക്കാനുള്ളതല്ല,” ഞങ്ങളുടെ വഴികാട്ടി വിശദമാക്കി. “പൂർണവളർച്ചയെത്തിയ നിലയിൽ പിടിച്ച് പ്രജനനത്തിനായി അവയെ കൊണ്ടുവന്നിരിക്കുന്നു.”
മെച്ചുറേഷൻ റൂമിൽ കണിശമായ പ്രകാശസംവിധാനമാണ് പാലിക്കുന്നത്. ഉച്ചകഴിഞ്ഞ് 3.00 മണിക്കും അർധരാത്രിക്കും ഇടയ്ക്ക്—ഇണചേരൽ സമയത്ത്—തീവ്രത കുറഞ്ഞ വെളിച്ചം കെടുത്തുന്നു. ജീവനക്കാർ ഫ്ളാഷ്ലൈറ്റുകൾ ഉപയോഗിച്ച് മുട്ടയിടാറായ പെൺചെമ്മീനുകളെ തേടുന്നു. പിനയസ് വന്നീമൈ വർഗത്തിൽപ്പെട്ട പെൺചെമ്മീനുകളെ എളുപ്പത്തിൽ തിരിച്ചറിയാം. കാരണം, ആൺചെമ്മീന് ഉദരഭാഗത്തു വെളിയിലായി ഒരു ബീജസഞ്ചിയുണ്ട്. മുട്ടയിടാറായ പെൺചെമ്മീനെ ജീവനക്കാർ കണ്ടെത്തിക്കഴിഞ്ഞാൽ അതിനെ എടുത്തുമാറ്റി 260 ലിറ്ററിന്റെ ചെറിയ ഒരു പ്രജനന ടാങ്കിലേക്കു മാറ്റുന്നു.
മുട്ടയിടാറായ പെൺചെമ്മീനെ കോൺ ആകൃതിയിലുള്ള ഒരു ടാങ്കിന്റെ മുകൾഭാഗത്തിനടുത്ത് ഒരു തട്ടിൽ വെക്കുന്നു. ഓരോ ടാങ്കിനും ഓരോ പെൺചെമ്മീൻ എന്ന കണക്കിനാണു വെക്കുന്നത്. 1,80,000 അല്ലെങ്കിൽ അതിലേറെ മുട്ടകൾ ഇട്ടുകഴിയുന്നതുവരെ അതിനെ അവിടെത്തന്നെ സൂക്ഷിക്കുന്നു. മുട്ടകളിടവെ പശിമയുള്ള ബീജസഞ്ചിയുമായി സമ്പർക്കത്തിൽവരുത്തി അവയെ ബീജസങ്കലനം ചെയ്യിക്കുന്നു. പിന്നീട് പ്രജനന ടാങ്കിന്റെ ഫണൽപോലെയുള്ള അടിത്തട്ടിലൂടെ മുട്ടകളും വെള്ളവും ഒഴുക്കുന്നു. സാങ്കേതികവിദഗ്ധർ ഓരോ പ്രജനന ടാങ്കിലെയും മുട്ടകളുടെ എണ്ണം രേഖപ്പെടുത്തുന്നു.
മുട്ടവിരിഞ്ഞ് മണിക്കൂറുകൾക്കുശേഷം നിശ്ചിത സംഖ്യ ലാർവകളെ കൾച്ചർ ടാങ്ക് എന്നറിയപ്പെടുന്നതിലേക്കു മാറ്റുന്നു. ഇവ കൂറ്റൻ കുളിത്തൊട്ടികളെപ്പോലെ കാണപ്പെടുന്നു. അവയിൽ 11,000 ലിറ്റർ വെള്ളം കൊള്ളും. അടുത്ത 20 മുതൽ 25 വരെ ദിവസം ഈ ടാങ്കുകൾ വളർന്നുവരുന്ന ലാർവകൾക്കു ഭവനമായി ഉതകുന്നു. കടൽപ്പോച്ചകളും ഉണക്കിയ സമുദ്രഭക്ഷ്യവിഭവങ്ങളുമാണ് അവയുടെ തീറ്റ.
ചെമ്മീൻ വളർച്ചയെത്തുന്ന ഇടം
ഇപ്പോൾ പോസ്റ്റ്ലാർവ എന്നു വിളിക്കപ്പെടുന്ന ചെമ്മീനെ കൃഷിയിടത്തിലേക്കു മാറ്റുന്നു. ഒരിക്കൽ അവിടെയായിക്കഴിഞ്ഞാൽ, ഹാച്ചറി ഉത്പാദിത ചെമ്മീനും അവയുടെ സമുദ്രത്തിൽ വളർന്ന ബന്ധുക്കൾക്കും ഒരേതരത്തിലുള്ള പരിചരണമായിരിക്കും ലഭിക്കുക. പുതിയ താപനിലയോടും ഉപ്പിന്റെ അളവിനോടുമുള്ള പൊരുത്തപ്പെടലിനെ നിയന്ത്രിക്കാൻ അവയെ ചെറിയ കുളങ്ങളിലാക്കുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം വലിയ കുളങ്ങളിലേക്കു കൊണ്ടുപോകാൻ തക്കവണ്ണം അവ പാകമായിക്കഴിഞ്ഞു. മനുഷ്യനിർമിത കുളങ്ങൾ ജലസംഭരണിയായ തോടിനോടു ചേർന്നു കിടക്കുന്നു. സമുദ്രത്തിൽനിന്നോ അഴിമുഖത്തുനിന്നോ ഈ കനാലിലേക്കു വെള്ളം പതിവായി പമ്പു ചെയ്യുന്നു. അടുത്തുള്ള കുളങ്ങൾക്ക് ഏതാണ്ട് 12 മുതൽ 25 വരെ ഏക്കർ വലുപ്പം കാണും. മൂന്നുമുതൽ അഞ്ചുവരെ മാസം ചെമ്മീൻ കുഞ്ഞുങ്ങളെ ഈ കുളങ്ങളിൽ വളരാൻ അനുവദിക്കുന്നു.
വളർച്ചയുടെ ഘട്ടത്തിൽ കുളങ്ങളിലെ ജലത്തിന്റെ ഓക്സിജൻ അളവു ദിവസേന നിരീക്ഷിക്കുന്നു. തീറ്റകൊടുക്കൽ പരിപാടിയിൽ മാറ്റങ്ങൾ വരുത്തുന്നതിനു ചെമ്മീനിന്റെ വളർച്ചയുടെ നിരക്കു വാരംതോറും പരിശോധിക്കുന്നു. പ്രതിവാരം 1 മുതൽ 2 വരെ ഗ്രാം തൂക്കം വെക്കുന്നതു നിലനിർത്താനുള്ള ശ്രമം നടക്കുന്നു.
വിളവെടുപ്പുസമയം
വിളവെടുപ്പുകാലത്തു കുളത്തിലെ വെള്ളം ഒഴുക്കിക്കളയവെ, കുളത്തിന്റെ കവാടത്തോടടുക്കുമ്പോൾ ചെമ്മീനെ വലവീശിപ്പിടിക്കുകയോ പമ്പു ചെയ്തെടുക്കുകയോ ചെയ്യുന്നു. എന്നിട്ട്, പായ്ക്കിങ്പ്ലാൻറിലേക്കു കൊണ്ടുപോകുന്നതിന്, പിടിച്ച ഉടനെതന്നെ ചെമ്മീൻ കഴുകിയെടുത്ത് ഐസ് കൊണ്ടു മൂടുന്നു. അവിടെവെച്ച്, വാങ്ങാൻ വരുന്ന ആൾ പ്രത്യേകം പറയുന്നില്ലെങ്കിൽ ചെമ്മീന്റെ തലകളഞ്ഞു കൊടുക്കും. പക്ഷേ അവയുടെ വാൽ കളയുന്നില്ല. ചെമ്മീൻ കഴുകി വലുപ്പമനുസരിച്ചു തരംതിരിക്കുന്നു. അതിനുശേഷം അവയെ പായ്ക്കുചെയ്തു മറ്റു സ്ഥലങ്ങളിലേക്കു കയറ്റിയയ്ക്കാൻ ശീതീകരിച്ചു കട്ടിയാക്കുന്നു. സാധാരണ ഇവയെ രണ്ടു കിലോഗ്രാമിന്റെ പെട്ടികളിലാണ് ആക്കുന്നത്.
അതുകൊണ്ട്, അടുത്തതവണ നിങ്ങൾ ആസ്വദിച്ച് ചെമ്മീൻ ഭക്ഷിക്കുമ്പോൾ സ്വാദിഷ്ടമായ ഈ ഭക്ഷ്യവിഭവം ലാറ്റിൻ അമേരിക്കയിലോ ഏഷ്യയിലോ വളർത്തിയതായിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഓർക്കും.
[24-ാം പേജിലെ ചിത്രം]
വിളവെടുപ്പുസമയത്തെ ചെമ്മീന്റെ വലുപ്പം
[24-ാം പേജിലെ ചിത്രം]
ചെമ്മീൻകുഞ്ഞുങ്ങളെ വലവീശിപ്പിടിക്കുന്ന മീൻപിടുത്തക്കാർ
[25-ാം പേജിലെ ചിത്രം]
ഹാച്ചറിക്കുള്ളിലെ കൾച്ചർ ടാങ്കുകൾ
[25-ാം പേജിലെ ചിത്രം]
പായ്ക്കിങ്പ്ലാൻറിൽ ചെമ്മീൻ വൃത്തിയാക്കുന്നു
[25-ാം പേജിലെ ചിത്രം]
വലുപ്പമനുസരിച്ചു ചെമ്മീൻ പായ്ക്ക്ചെയ്യുന്നു