ഗ്ലോക്കോമാ—കാഴ്ചശക്തിയുടെ നിഗൂഢ അപഹാരി
അവർ അവരുടെ 60-കളുടെ പ്രാരംഭത്തിൽ സാമർത്ഥ്യവും ചുറുചുറുക്കുമുള്ള ഒരു സ്ത്രീയാണ്. അവർ തന്റെ അടുക്കളയിൽ 20-ലധികം വർഷം സന്തുഷ്ടയായി ജോലി ചെയ്തിരിക്കുന്നു. അതിന്റെ ഓരോ ഇഞ്ചും അവർക്കു നന്നായി അറിയാം.
എന്നാൽ ഇന്ന് അവർ കൗണ്ടറിൽ ജോലി ചെയ്യവേ അവർ തിരിയുമ്പോൾ തുറന്നു കിടക്കുന്ന ഒരു അലമാരിയുടെ വാതിലിൽ തല ഇടിക്കുന്നു. അവർ മനസ്സാന്നിദ്ധ്യ കുറവിന്റെ അപകടങ്ങളെക്കുറിച്ച് സ്വയം പൊറുപൊറുക്കുന്നു. മിനിട്ടുകൾ കഴിഞ്ഞ് അവർ പിൻവാതിലിനടുത്ത് ഇട്ടിരുന്ന ചെരിപ്പുകളിൽ തട്ടിമറിയുന്നു.
ഇത് മനസ്സാന്നിദ്ധ്യമില്ലായ്മയൊ പെട്ടെന്നുണ്ടാകുന്ന ഒരു ഏകോപനക്കുറവൊ അല്ല. അത് ഒരു നിഗൂഢ അപഹാരി—ഈ സ്ത്രീയുടെ കാഴ്ചശക്തിയെ സാവകാശത്തിൽ മോഷ്ടിക്കുന്ന ഗ്ലോക്കോമാ ആണ്! ചികിത്സിക്കാതെ വിട്ടാൽ അത് കാഴ്ചശക്തി മുഴുവൻ മോഷ്ടിക്കും. എന്നാൽ ഗ്ലോക്കോമാ തടയാൻ, നിവാരണം വരുത്താൻ പോലും, കഴിയും. എങ്ങനെ?
നിങ്ങളുടെ ശ്രദ്ധേയമായ കണ്ണുകൾ
തുടക്കത്തിൽതന്നെ നിങ്ങൾ നിങ്ങളുടെ കണ്ണുകളുടെ രൂപകൽപ്പനയെക്കുറിച്ച് കുറച്ചൊക്കെ അറിഞ്ഞിരിക്കേണ്ടതുണ്ട്. നിങ്ങളുടെ കണ്ണ് ഒരു തെളിഞ്ഞ ദ്രാവകം നിറഞ്ഞിരിക്കുന്ന ഒരു തന്തുരൂപ കലാഗോളമാണ്. ഈ ഗോളത്തിന്റെ അതാര്യമായ വെളുത്തഭാഗമാണ് സ്ക്ലീറാ. തെളിഞ്ഞ ഭാഗമായ ശ്വേതമണ്ഡലത്തിലൂടെ [കോർണിയ] നിങ്ങൾക്ക് നിങ്ങളുടെ കണ്ണുകൾക്ക് നിറം പകരുന്ന ആ ലോലമായ കല—മിഴിമണ്ഡലം—കാണാൻ കഴിയും. മിഴിമണ്ഡലത്തിന്റെ [ഐറിസ്] മദ്ധ്യത്തിലുള്ള ആ ഇരുണ്ട വാതിലായ കൃഷ്ണമണിയിലൂടെ നിങ്ങളുടെ കണ്ണിലേക്ക് പ്രകാശം പ്രവേശിക്കുന്നു.
നിങ്ങളുടെ കൃഷ്ണമണിക്കു തൊട്ടുമുമ്പിൽ ഒരു തെളിഞ്ഞ ലെൻസ് ഉണ്ട്. നിങ്ങളുടെ കണ്ണിന്റെ പിമ്പിലെ സൂക്ഷ്മഗ്രാഹക കോശങ്ങളുടെ ഒരു മറയിലേക്ക്—ദൃഷ്ടിപടലത്തിലേക്ക്—നിങ്ങൾ കാണുന്നതിനെ കേന്ദ്രീകരിക്കുന്നതിന് ചെറു മാംസപേശികൾ ലെൻസിന്റെ ആകൃതി മാററുന്നു. നിങ്ങളുടെ കണ്ണുകൾ പ്രവർത്തിക്കുന്നതിന് ഉള്ളിൽ തെളിഞ്ഞതായിരിക്കണം, അവയുടെ ഗോളാകൃതി നിലനിർത്തുന്നതിന് വീർത്തിരിക്കയും വേണം.
നിങ്ങളുടെ കണ്ണുകൾ ശൂന്യമല്ല. സ്രഷ്ടാവ് നിരന്തരം സ്വയം മാറിവെക്കുന്ന തെളിഞ്ഞ വസ്തുക്കൾ അവക്ക് പ്രദാനം ചെയ്തിട്ടുണ്ട്. കണ്ണിന്റെ അധികഭാഗവും—ലെൻസിന്റെ പിറകിലെ പിൻഭാഗം—കാചാ (ഗ്ലാസ്സ് പോലുള്ള) ഭദ്രവം [വിട്ര്യസ് ഹ്യൂമർ] കൊണ്ടു നിറഞ്ഞിരിക്കുന്നു, അത് തെളിഞ്ഞ ജെല്ലി പോലുള്ള ഒരു ദ്രാവകമാണ്. നിങ്ങളുടെ കണ്ണിന്റെ മുൻഭാഗം, കാചാഭദ്രവത്തിന്റെയും ശ്വേതമണ്ഡലത്തിന്റെയും ഇടക്കുള്ള ഭാഗത്ത്, അക്വിയസ് ഹ്യൂമർ (ജലീയ നേത്രോദം) അടങ്ങിയിരിക്കുന്നു—ആ പേർ സൂചിപ്പിക്കുന്നതുപോലെ ഒരു ജലദ്രാവകമാണിത്. നിങ്ങളുടെ മിഴിമണ്ഡലം നിങ്ങളുടെ കണ്ണിന്റെ ഈ ജലഭാഗത്തെ രണ്ട് ഭാഗങ്ങളായി തിരിക്കുന്നു: മുന്നറയും പിന്നറയും.
മിഴിമണ്ഡലത്തിനു പിൻപിൽ സിലിയറി ബോഡിയാണ് നിരന്തരം ഈ ജലദ്രാവകം ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ ദ്രാവകം അൽപ്പമായ മർദ്ദത്തിൻ കീഴിൽ സ്ഥിതിചെയ്യുന്നു, നിങ്ങളുടെ ശരീരത്തിലെ സാധാരണ മാററങ്ങൾക്കനുസരിച്ച് അതിന് അൽപ്പം വ്യതിയാനം ഉണ്ടാകുന്നു. ഈ ദ്രാവകം ക്രമേണ നിങ്ങളുടെ കൃഷ്ണമണിയിലൂടെ മുന്നറയിലേക്കും പിന്നീട് നിങ്ങളുടെ മിഴിമണ്ഡലത്തിന്റെ വക്കിലേക്കും ഒഴുകുന്നു. അവിടെനിന്ന് അത് ഒരു കലാ വലപ്പണിയിലൂടെ ഒരു പ്രസ്രവണ ചാലിലേക്ക് ഒഴുകുന്നു.
എന്നാൽ എന്തെങ്കിലും അവസ്ഥാവിശേഷം കൃഷ്ണമണിയിലൊ വലപ്പണിയിലൊ ചാലിലൊ തടസ്സം സൃഷ്ടിക്കുന്നുവെങ്കിലെന്ത്? അന്തർപ്രവാഹം ബഹിർപ്രവാഹത്തെ കവിയുമ്പോൾ മർദ്ദം കൂടാൻ തുടങ്ങുന്നു. ജലീയ നേത്രോദം കാചാ ഭദ്രവത്തിനെതിരെ മർദ്ദം ചെലുത്തുന്നു. കാചാ ഭദ്രവം ക്രമത്തിൽ ദൃഷ്ടിപടലത്തിലെ [റെററിനാ] രക്തക്കുഴലുകളിൻമേലും പ്രകാശഗ്രാഹികോശങ്ങളിൻമേലും വർദ്ധിച്ച ശക്തിയോടെ മർദ്ദം ചെലുത്തുന്നു.
ഈ കോശങ്ങളിൽനിന്നുള്ള നാഡീതന്തുക്കൾ കണ്ണിന്റെ പിമ്പിൽ ഒത്തുചേർന്ന് കപ്പിന്റെ ആകൃതിയിലുള്ള പ്രകാശീയ നാഡീശീർഷമായിത്തീരുന്നു. സാധാരണയായി ഇത് പ്രകാശീയ തളിക [ഒപ്ററിക് ഡിസ്ക്] എന്നു പരാമർശിക്കപ്പെടുന്നു. ഈ തളികക്കുള്ളിൽ ദർശനകോശങ്ങളില്ലാത്തതുകൊണ്ട് നിങ്ങൾക്കവിടെ ഒരു ചെറിയ അന്ധബിന്ദു ഉണ്ടായിരിക്കും. മർദ്ദം കൂടുമ്പോൾ രക്തപ്രവാഹം നിയന്ത്രിക്കപ്പെടുന്നു. പിങ്ക് നിറത്തിലുള്ള ഈ മൃദുല പ്രകാശീയ തളിക മങ്ങി ക്രമരഹിതമായിത്തീരുന്നു. അതിന്റെ കപ്പാകൃതിയിലുള്ള കേന്ദ്രത്തിന് ആഴവും വിസ്താരവും കൂടുന്നു. രക്തം കിട്ടാതെ വരുമ്പോൾ ദർശനകോശങ്ങൾക്ക് സുഗ്രാഹിത നഷ്ടപ്പെടുകയും അവ മരണമടയുകയും ചെയ്യുന്നു. അന്ധബിന്ദു വളരുകയും ദർശനമണ്ഡലം ചുരുങ്ങുകയും ചെയ്യുന്നു. ഈ അപരിഹാര്യമായ തകരാറ് വർഷങ്ങളോളം സാവധാനത്തിൽ തുടരുന്നു.
വിപുല വ്യാപകം—തിരിച്ചറിയാതെ
പഴകിയ വിവൃതകോണ ഗ്ലോക്കോമാ [Chronic open-angle glaucoma]. ക്ഷയിക്കുന്ന ദ്രാവക പ്രസ്രവണത്താലാണ് ഇത് ഉണ്ടാകുന്നത്. ഗ്ലോക്കോമായുടെ 70 മുതൽ 95 വരെ ശതമാനത്തിനും കാരണമിതാണ്. ഈ രോഗത്തിനിരയാകുന്നവർക്ക് പിന്നെയും നന്നായി കാണാനും വായിക്കാനും കഴിയും. എന്തുകൊണ്ടെന്നാൽ അവരുടെ കണ്ണുകളുടെ കേന്ദ്രങ്ങളിലുള്ള കോശങ്ങൾ ഒടുവിൽ മാത്രമേ ആക്രമിക്കപ്പെടുന്നുള്ളു. സാധാരണയായി ആദ്യ ഘട്ടങ്ങളിൽ യാതൊരു ലക്ഷണവും പ്രകടമാകുന്നില്ല.
പഴകിയ ഗ്ലോക്കോമാ ഗൂഢമായി ശക്തിപ്രാപിക്കുമ്പോൾ കണ്ണുകൾ ക്ഷീണിതമാണെന്നൊ അവയിൽ വെള്ളം നിറയുന്നുവെന്നൊ ചിലയാളുകൾ സംശയത്തോടെ പരാതി പറഞ്ഞേക്കാം. അല്ലെങ്കിൽ തങ്ങൾക്ക് പുതിയ കണ്ണാടി ആവശ്യമാണെന്ന് അവർ വിചാരിക്കുന്നു. പിന്നീട് അവർ വെളിച്ചങ്ങൾക്കു ചുററും ഒരു പ്രഭാവലയം കാണുകയും കണ്ണുകൾക്കു ചുററും വേദന അനുഭവിക്കുകയും ചെയ്തേക്കാം. അനേകരെ സംബന്ധിച്ചും പ്രാന്തകാഴ്ചയുടെ നഷ്ടം വിശദീകരിക്കാനാവാത്ത ഒരു “വിലക്തണത”ക്കിടയാക്കുന്നതു വരെ മുന്നറിയിപ്പ് കിട്ടുന്നില്ല. ഒടുവിൽ കേന്ദ്ര കാഴ്ചപോലും ഗണ്യമായി മോശമാകുന്നു. അപ്പോഴേക്കും ഗ്ലോക്കോമാ കാഴ്ച ശക്തിയുടെ അധികഭാഗത്തെയും അപഹരിച്ചുകഴിഞ്ഞിരിക്കും.
അക്യൂട്ട് ഓർ ക്ലോസ്ഡ്-ആംഗിൾ ഗ്ലോക്കോമാ ഐക്യനാടുകളിൽ റിപ്പോർട്ടുചെയ്യപ്പെടുന്ന കേസുകളുടെ ഏതാണ്ടു 10 ശതമാനത്തിനും കാരണമാണ്. ഇത് മുഖ്യമായി പ്രായമുള്ളവരുടെ ഒരു രോഗമാണ്, എന്തുകൊണ്ടെന്നാൽ നമ്മുടെ ലെൻസുകൾ, വിശേഷിച്ച് തിമിരമുള്ളപ്പോൾ, പ്രായമാകുന്നതോടെ വലുതാകുന്നു. ആഴംകുറഞ്ഞ ഒരു മുന്നറയും, ശ്വേതമണ്ഡലവും മിഴിമണ്ഡലവും തമ്മിൽ ഒരു ഇടുങ്ങിയ കോണവുമുള്ള കണ്ണുകളിൽ വിപുലമായിത്തീർന്ന ലെൻസുകൾ കൃഷ്ണമണിയിലൂടെയുള്ള ദ്രാവകപ്രവാഹത്തെ തടസ്സപ്പെടുത്തുന്നതിന് ക്രമേണ മുന്നോട്ടുനീങ്ങുന്നു. മിഴിമണ്ഡലത്തിനു പിമ്പിൽ സമ്മർദ്ദംകൂടുന്നു. അത് മുന്നോട്ട് തള്ളുകയും കോണബിന്ദുവിന്റെയും ചാലിന്റെയും അടുത്തു സ്ഥിതിചെയ്യുന്ന പ്രസ്രവണ വലപ്പണിയെ ഞെക്കിഅടക്കുകയുംചെയ്യുന്നു.
ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമാ സാധാരണയായി പഴകിയതല്ല, പിന്നെയോ കഠിനമാണ്. മർദ്ദത്തിന്റെ സാവധാനത്തിലുള്ള ഒരു വർദ്ധനവിനു പകരം ചിലപ്പോൾ മങ്ങിയ കാഴ്ച, മനംപിരട്ടൽ, ഛർദ്ദി എന്നിവയോടുകൂടെ വർദ്ധിച്ചുവരുന്ന വേദനയുണ്ടാകുന്നു. ഇത് ഒരു യഥാർത്ഥ മെഡിക്കൽ അടിയന്തിരതയാണ്! 48 മുതൽ 72 വരെ മണിക്കൂറിനുള്ളിൽ മർദ്ദംകുറക്കുന്നില്ലെങ്കിൽ പ്രസ്രവണ വലപ്പണിക്ക് സ്ഥിരമായ കേടു ഭവിച്ചേക്കാം. അത് പ്രകാശീയ നാഡിയുടെ അപരിഹാര്യമായ തകരാറിലേക്കു നയിക്കും.
മററു തരത്തിലുള്ള ഗ്ലോക്കോമായിൽ പ്രസ്രവണ വലപ്പണി വീക്കത്താലും രോഗത്താലും അല്ലെങ്കിൽ മിഴിമണ്ഡലത്തിലെ ഇളകിയ വർണ്ണകത്താലും തടസ്സപ്പെട്ടേക്കാം. കണ്ണിൽ ഏക്കുന്ന ഒരു അടിപോലെയുള്ള ഒരു ആഘാതത്തിന് ഗ്ലോക്കോമാ വരുത്തിക്കൂട്ടാൻകഴിയും. ചില കുട്ടികൾ ജൻമനാ ഗ്ലോക്കോമായോടെ പിറക്കുന്നു. ശൈശവത്തിൽത്തന്നെ അതിനു ചികിൽസിക്കേണ്ടതുണ്ട്. അവർക്ക് മററുള്ളവരെപ്പോലെ കാണാനോ വായിക്കാനോ കഴിയാത്തതുകൊണ്ട് അവർക്ക് പഠനവൈകല്യങ്ങളുണ്ടെന്നുപോലും തെററായി വിചാരിക്കപ്പെട്ടേക്കാം.
നേരത്തെയുള്ള രോഗനിർണ്ണയം—അതിപ്രധാനം
നേരത്തെ രോഗനിർണ്ണയംചെയ്യുകയാണെങ്കിൽ ഗ്ലോക്കോമായുടെ മിക്ക കേസുകളും ചികിൽസിച്ചുഭേദമാക്കാമെന്നുള്ളതാണ് അതുസംബന്ധിച്ചുള്ള സുവാർത്ത. വിശേഷിച്ച് 40 കഴിഞ്ഞ ഏതൊരാളിനും ക്രമമായ കണ്ണുപരിശോധന മർമ്മപ്രധാനമാണ്.
കണ്ണിന്റെ മർദ്ദങ്ങളെ പരിശോധിക്കുന്നതിനുള്ള ഒരു രീതിയിൽ ഡോക്ടർ ഔഷധതുള്ളികൾ ഒഴിച്ച് നിങ്ങളുടെ കണ്ണുകളെ മരപ്പിക്കുകയും അനന്തരം റേറാണോമീററർ എന്നു വിളിക്കപ്പെടുന്ന ഒരു ഉപകരണംകൊണ്ട് നിങ്ങളുടെ കോർണിയായിക്കെതിരെ മെല്ലെ അമർത്തുകയുംചെയ്യുന്നു. കോർണിയായിൽ അൽപ്പമായ ശക്തി പ്രയോഗിച്ചുകൊണ്ട് റേറാണോമീററർ നിങ്ങളുടെ കണ്ണിന്റെ ഉള്ളിലെ മർദ്ദം അളക്കുന്നു. ഇതാണ് ഗ്ലോക്കോമായുടെ അടിസ്ഥാന പരിശോധന. എന്നാൽ എല്ലായ്പ്പോഴും ഗ്ലോക്കോമാ ഇല്ലെന്നു തിട്ടപ്പെടുത്തിയാൽ മാത്രം പോര.
“എന്റെ കണ്ണിൽ എന്തോ ഉണ്ടെന്ന് ഞാൻ വിചാരിച്ചു” എന്ന് മദ്ധ്യവയസ്കയായ ഒരു സ്ത്രീ പറഞ്ഞു. “കൺപോളകൾ എന്റെ കണ്ണിനെ അസഹ്യപ്പെടുത്തുന്നുവെന്ന് ഞാൻ വിചാരിച്ചതുകൊണ്ട് ഞാൻ കൺപോളയിൽ പിടിച്ചു വലിക്കുകയായിരുന്നു. പിന്നെ എനിക്ക് ഉച്ചിത്തൊലിയിൽ തരിപ്പ് അനുഭവപ്പെട്ടുതുടങ്ങി. കണ്ണ് ശല്യംചെയ്തുതുടങ്ങി.” അവളെ ഒരു കുടുംബഡോക്ടറും ഒരു കണ്ണുവിദഗ്ദ്ധനും പരിശോധിച്ചു. അയാൾ അവളുടെ നേത്ര മർദ്ദം പരിശോധിച്ചു. ഒരു ഞരമ്പുരോഗവിദഗ്ദ്ധനും അവളെ പരിശോധിച്ചു. ലക്ഷണങ്ങൾ നാഡീ സംബന്ധമാണെന്ന് അവർ പറഞ്ഞു.
അവളും അവളുടെ ഭർത്താവും മറെറാരു കണ്ണുരോഗവിദഗ്ദ്ധനിൽനിന്ന് രണ്ടാമതൊരു അഭിപ്രായം തേടി. അയാൾ ഒരു പരിശോധനയുടെ പരമ്പര നടത്തി. പ്രകോപനമുളവാക്കുന്ന ഒരു പരിശോധന—ഒററ ഇരിപ്പിന് 1.14 ലിററർ വെള്ളം കുടി—അവളുടെ ലക്ഷണങ്ങൾ വീണ്ടും ഉളവാകാൻതക്കവണ്ണം അവളുടെ കൺമർദ്ദത്തെ ഉയർത്തി. അവൾക്ക് പഴകിയ ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമ ഉണ്ടെന്ന് നിർണ്ണയിക്കപ്പെട്ടു. അവളുടെ കാഴ്ചശക്തി വീണ്ടെടുക്കപ്പെട്ടു.
ഒന്നാമത്തെ നേത്രരോഗവിദഗ്ദ്ധൻ ഗ്ലോക്കോമാ ഉണ്ടെന്ന് നിർണ്ണയിക്കുന്നതിൽ പരാജയപ്പെട്ടതെന്തുകൊണ്ടായിരുന്നു? ഒരു സംഗതി കൺമർദ്ദം ദിവസത്തിലും മാസത്തിലും ഉടനീളം വ്യത്യാസപ്പെട്ടിരിക്കാമെന്നതാണ്. ചില ആളുകൾക്ക് സാധാരണ മർദ്ദത്തിൽപോലും ഗ്ലോക്കോമായുടെ ഫലങ്ങൾ ഉണ്ടായിരിക്കാമെന്നതാണ് മറെറാരു സംഗതി. ഗ്ലോക്കോമാ ഇല്ലെന്ന് സുനിശ്ചിതമായി തിട്ടപ്പെടുത്തുന്നതിന് പരിശോധനയുടെ ഒരു പരമ്പരക്കേ കഴിയൂ.
“ഗ്ലോക്കോമാ നിർണ്ണയിക്കുന്നതിൽ മുഖ്യപരിഗണനയുടെ മൂന്ന് മണ്ഡലങ്ങളുണ്ടെന്ന്” ഒരു നേത്രശസ്ത്രക്രിയാവിദഗ്ദ്ധൻ പറയുന്നു. “അവ നേത്രമർദ്ദം, പ്രകാശീയ നാഡിയുടെ നില, കാഴ്ചാമണ്ഡലം എന്നിവയാണ്. മൂന്നും അസാധാരണമാണെങ്കിൽ അപ്പോൾ നാം ‘അത് ഏതുതരം ഗ്ലോക്കോമാ ആണ്’ എന്ന് ചോദിച്ചുതുടങ്ങുന്നു.”
ഗ്ലോക്കോമാ ഉണ്ടെന്നു നിർണ്ണയിച്ചാൽ നേത്രഡോക്ടർ നിങ്ങളുടെ മിഴിമണ്ഡലത്തിന്റെ വിളുമ്പു പരിശോധിക്കുകയും നിങ്ങളുടെ മുന്നറകളുടെ ആഴം അളക്കുകയും ചെയ്തേക്കാം. നിങ്ങളുടെ പൊതു ആരോഗ്യത്തെക്കുറിച്ചും അയാൾ ചോദ്യങ്ങൾ ചോദിക്കും, അത് നിങ്ങളുടെ കണ്ണുകളെ അതിയായി ബാധിക്കുന്നു. ഉന്നത രക്തസമ്മർദ്ദം ഒരു ദൃഷ്ടാന്തമാണ്. “ഗ്ലോക്കോമായുടെ കുടുംബചരിത്രത്തോടുകൂടിയ ഏതൊരാളും ചികിൽസക്കുമുമ്പ് രക്തസമ്മർദ്ദം കുറക്കാൻ കണ്ണുകൾ പരിശോധിക്കേണ്ടതാണ്” എന്ന് ഒരു ഡോക്ടർ പറയുന്നു. കാരണം: ഉന്നത രക്തസമ്മർദ്ദം നേത്രമർദ്ദങ്ങൾ ഉയർത്തുന്നു. കണ്ണുകളുടെ അസഹ്യം രോഗിയെ അസ്വസ്ഥനാക്കുന്നു, രക്തസമ്മർദ്ദവും നേത്രമർദ്ദവും ഒരു തുടർച്ചയായ പരിവൃത്തിയിൽ വർദ്ധിക്കുകയുംചെയ്യുന്നു.
“എനിക്കറിയാവുന്ന ഒരു സ്ത്രീ ഒരു ഉന്നത രക്തസമ്മർദ്ദപ്രതിസന്ധിയോടെ ആശുപത്രിയിലാക്കപ്പെട്ടു,” ഡോക്ടർ തുടരുന്നു. “അവളുടെ കണ്ണുകൾ ശല്യംചെയ്യുകയായിരുന്നു, തന്നിമിത്തം ഒരു നേത്രരോഗവിദഗ്ദ്ധനെ സന്ദർശിച്ചു. അയാൾ പെട്ടെന്നുതന്നെ ലേസർരശ്മിശസ്ത്രക്രിയകൊണ്ട് അവളുടെ ഗ്ലോക്കോമായിക്കു ചികിൽസിച്ചു. അവളുടെ നേത്രമർദ്ദം സത്വരം താണു—അവളുടെ രക്തസമ്മർദ്ദവും അങ്ങനെതന്നെ.” അവളുടെ ഡോക്ടർമാർ ആദ്യംതന്നെ അവളുടെ രക്തസമ്മർദ്ദം കുറച്ചിരുന്നെങ്കിൽ അവൾക്ക് കാഴ്ച നഷ്ടപ്പെട്ടേനെ. അവളുടെ കണ്ണുകളിലെ ഉയർന്ന ദ്രാവകമർദ്ദം അവളുടെ രക്തപ്രവാഹം അവളുടെ പ്രകാശീയ നാഡികളിൽ എത്താതെ തടഞ്ഞേനെ.
ചികിൽസയിലുള്ള പുരോഗതികൾ
ഗ്ലോക്കോമായുടെ എല്ലാ ചികിൽസയും പ്രകാശീയനാഡിക്കു തകരാറുഭവിക്കുന്നതിനെ തടയാൻ കൺമണിക്കുള്ളിലെ മർദ്ദം കുറക്കാൻ ലക്ഷ്യം വെക്കുന്നു. സമീപവർഷങ്ങളിൽ അത്തരം ചികിൽസയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. ഓപ്പൺ-ആംഗിൾ ഗ്ലോക്കോമായുടെ കാര്യത്തിൽ, മിക്കപ്പോഴും ചികിൽസ ദിവസവും നേത്ര ഔഷധത്തുള്ളികൾ ഒഴിക്കുന്നതാണ്. കണ്ണിലെ നീർക്കെട്ട് കുറക്കുന്നതിനോ അതിന്റെ പുറത്തേക്കുള്ള ഒഴുക്കു വർദ്ധിപ്പിക്കുന്നതിനോ ഉള്ളിൽ കഴിക്കാനുള്ള മരുന്നുകളും നിർദ്ദേശിക്കാവുന്നതാണ്. ചിലപ്പോൾ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ഒരുതരം ലേസർചികിൽസ, ഒരു ഔട്ട്പേഷ്യൻറ് നടപടിക്രമം, മിക്ക കേസുകളിലും 25 ശതമാനംവരെ മർദ്ദം കുറച്ചുകൊണ്ട് ദ്രാവക പ്രസ്രവണത്തെ നാടകീയമായി മെച്ചപ്പെടുത്തുന്നു.
ക്ലോസ്ഡ് ആംഗിൾ ഗ്ലോക്കോമായുടെ കാര്യത്തിൽ മരുന്ന് താൽക്കാലിക ആശ്വാസം കൊടുക്കുന്നു. സാധാരണയായി മിഴിമണ്ഡലത്തിൽ ദ്വാരങ്ങൾ ഉണ്ടാക്കി മർദ്ദത്തെ സ്ഥിരമായി കുറക്കാൻ കഴിയും. ഇക്കാലത്ത്, ചുരുക്കംചില മിനിററുകൾകൊണ്ട് അവ ഉണ്ടാക്കാൻ കഴിയും. നേത്രശസ്ത്രക്രിയാവിദഗ്ദ്ധൻ ദ്രാവകമൊഴിച്ച് ഓരോ കണ്ണും മരപ്പിക്കുകയും അനന്തരം ഒരു ലേസർകൊണ്ട് മിഴിമണ്ഡലത്തിൽ ചെറുതെങ്കിലും ദൃശ്യമായ സുഷിരങ്ങൾ ഉണ്ടാക്കുകയുംചെയ്യുന്നു. മിക്കപ്പോഴും ശസ്ത്രക്രിയാവിദഗ്ദ്ധന് താൻ ഉണ്ടാക്കുന്ന ആദ്യ ദ്വാരത്തിലൂടെ ദ്രാവകം ഒഴുകിപ്പോകുന്നത് കാണാൻ കഴിയും.
അപൂർവരൂപങ്ങളിലുള്ള ഗ്ലോക്കോമാ ചികിത്സിക്കുന്നതിന് പ്രത്യേക ശസ്ത്രക്രിയാ വിദ്യകൾ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. നിയോവാസ്കുലർ ഗ്ലോക്കോമായിൽ രക്തക്കുഴലുകൾ നീർച്ചാലിൽ തടസ്സം സൃഷ്ടിക്കുന്നു. നേത്രശസ്ത്രക്രിയാവിദഗ്ദ്ധൻ ദ്രാവകം ഉൽപ്പാദിപ്പിക്കുന്ന കലയുടെ ഒരു ഭാഗം നശിപ്പിക്കുന്നതിന് ഒരു ലേസർ ഉപയോഗിച്ചേക്കാം. അല്ലെങ്കിൽ ദ്രാവകം വലപ്പണിയെ മറികടക്കാൻ അനുവദിക്കുന്ന ചെറിയ കുഴലുകൾ പിടിപ്പിച്ചേക്കാം. അയാൾക്ക് അൾട്രാ സൗണ്ടോ ക്രയോസർജറിയൊ (മരപ്പിക്കൽ) ലേസർ രീതികളൊ ഉപയോഗിച്ച് ദൃഷ്ടിപടലത്തിന്റെ വക്കിനെ വിഘ്നപ്പെടുത്താൻ കഴിയും. ആ ഭാഗത്തേക്കുള്ള രക്തമൊഴുക്ക് വർദ്ധിക്കും, തൻനിമിത്തം വിഘ്നപ്പെടുത്തുന്ന രക്തക്കുഴലുകൾ ചുരുങ്ങും. ഗ്ലോക്കോമാ കേസുകളുടെ ഒരു ചെറിയ ശതമാനം മാത്രമെ ചികിത്സിക്കാൻപാടില്ലാത്തയായി ഉള്ളു.
നിങ്ങളുടെ കാഴ്ചശക്തിയെ എങ്ങനെ സംരക്ഷിക്കാൻ കഴിയും?
നിവാരണശുശ്രൂഷ മർമ്മപ്രധാനം. നിങ്ങളുടെ കണ്ണുകൾ ഓരോ രണ്ടു വർഷവും കൂടുമ്പോൾ പരിശോധിപ്പിക്കുന്നുണ്ടോ? നിങ്ങൾക്ക് 40 വയസ്സ് കഴിഞ്ഞിരിക്കുകയും പ്രമേഹം, തിമിരം, നേത്രവീക്കം, അങ്ങേയററത്തെ വെള്ളെഴുത്ത്, ശുദ്ധരക്തരോഹിണിരോഗം ഗ്ലോക്കോമായുടെ ഒരു കുടുംബചരിത്രം എന്നിങ്ങനെയുള്ള അപകടപശ്ചാത്തലമുണ്ടായിരിക്കയും ചെയ്യുന്നെങ്കിൽ കുറഞ്ഞപക്ഷം വർഷത്തിലൊരിക്കൽ പരിശോധന നടത്തുക.
ലക്ഷണങ്ങളെ നിസ്സാരമായി ചികിത്സിക്കരുത്. ഒരു നേത്ര ഡോക്ടറെ പെട്ടെന്ന് കാണുക.
രണ്ടാമതൊരു അഭിപ്രായം തേടുക, നിങ്ങൾക്കു സംശയമുണ്ടെങ്കിൽ. കൂട്ടുകാരോട് അവർക്കറിയാവുന്ന നേത്രഡോക്ടർമാരെക്കുറിച്ച് ചോദിക്കുക. അവർക്ക് വിവിധ ആധുനിക സജ്ജീകരണങ്ങൾ ഉണ്ടോയെന്നും ആരായുക. അവരുടെ പരിശോധനകൾ പൂർണ്ണമായിരുന്നോ?
നിങ്ങൾക്ക് ഗ്ലോക്കോമാ ഉണ്ടെന്ന് നിർണ്ണയിച്ചിരിക്കുന്നുവോ? നിങ്ങളുടെ ഡോക്ടറുടെ ശുപാർശകൾ അടുത്ത് പിൻപററക. ഗ്ലോക്കോമാ നിയന്ത്രിക്കുന്നതിനുള്ള പരാജയത്തിന്റെ ഒന്നാം നമ്പർ കാരണം രോഗിയുടെ അനുസരണക്കുറവാണെന്ന് ഒരു മെഡിക്കൽ മാസിക പ്രസ്താവിക്കുന്നു.
ഡോക്ടറെ കാണാനുള്ള തീരുമാനത്തിന് ഒരിക്കലും വീഴ്ച വരുത്തരുത്. മിക്ക ഡോക്ടർമാരും ഗ്ലോക്കോമാ രോഗികൾക്ക് മൂന്നു മുതൽ ആറു മാസം വരെയുള്ള കാലഘട്ടത്തിൽ പരിശോധനകൾ പട്ടികപ്പെടുത്തുന്നു. എന്തുകൊണ്ടെന്നാൽ ആ സമയം കൊണ്ട് അവരുടെ കണ്ണുകൾക്ക് വലിയ മാററങ്ങൾ ഉണ്ടായേക്കാം. കൂടാതെ, മിക്കവരിലും ഏറെക്കുറെ ഒരു വർഷം കഴിയുമ്പോൾ നേത്രൗഷധങ്ങൾ ഫലപ്രദമല്ലാതായിത്തീരുന്നു. മിക്കപ്പോഴും പുതിയ കുറിപ്പ് ആവശ്യമായിത്തീരുന്നു.
ഔഷധ പ്രയോഗം സംബന്ധിച്ച് വിശ്വസ്തരായിരിക്കുക. കാലാവധി കഴിഞ്ഞ ഔഷധങ്ങൾ ഉപയോഗിക്കരുത്. വിശേഷിച്ച് ഹൃദ്രോഗ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങളെ ചികിത്സിക്കുന്ന മററു ഡോക്ടർമാരെ നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഔഷധങ്ങളെക്കുറിച്ച് അറിയിക്കുക. നിങ്ങൾക്ക് ഗ്ലോക്കോമാ ഉണ്ടെന്ന് പ്രസ്താവിച്ചിരിക്കുന്നതും നിങ്ങളുടെ നേത്രഡോക്ടറുടെ പേരും നിങ്ങൾ ഉപയോഗിക്കുന്ന മരുന്നിന്റെ പേരും ഡോസേജും കുറിച്ചിരിക്കുന്നതുമായ ഒരു കാർഡ് കൊണ്ടുനടക്കുക.
ഓർക്കുക: ഗ്ലോക്കോമാ സംബന്ധിച്ച് എന്തു ചെയ്യണമെന്ന് അറിയാമെങ്കിൽ, നമ്മെത്തന്നെ സംരക്ഷിക്കാൻ ഉത്സാഹവുമുണ്ടെങ്കിൽ, മിക്കവാറും എല്ലായ്പ്പോഴും ഗ്ലോക്കോമായെ കീഴടക്കാൻ കഴിയും. (g88 5/8)
[15-ാം പേജിലെ കണ്ണിന്റെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.) വിട്രിയസ് ഹ്യൂമർ, അക്വിയസ് ഹ്യൂമർ, കൃഷ്ണമണി, കോർണിയ, ഐറിസ്, ലെൻസ്, സിലിയറി ബോഡി, ഒപ്ററിക്ക് ഡിസ്ക്, റെററിന, സ്ക്ലീറ
[17-ാം പേജിലെ ചിത്രം]
ഗ്ലോക്കോമായ്ക്കുവേണ്ടിയുള്ള ഒപ്റേറാമെട്രിസ്ററ് പരിശോധന