ലോകത്തെ വീക്ഷിക്കൽ
അന്ധതയ്ക്കെതിരെ ജാഗ്രത
“2,00,000-ത്തിലധികം കാനഡക്കാർക്കു ഗ്ലോക്കോമ ഉണ്ടെങ്കിലും അവരിൽ പകുതി പേരേ അതു തിരിച്ചറിയുന്നുള്ളൂ” എന്ന് ദ പ്രിൻസ് ജോർജ് സിറ്റിസൺ വർത്തമാനപത്രം പറയുന്നു. അന്ധതയ്ക്ക് ഒരു പ്രധാന കാരണമായ ഗ്ലോക്കോമ ക്രമേണ, കണ്ണിനു പിന്നിലുള്ള നാഡീ കോശങ്ങൾ നശിക്കാൻ ഇടയാക്കുന്നു. തന്മൂലം, പാർശ്വിക കാഴ്ച ഇല്ലാതാകുന്നു, രോഗം മൂർധന്യാവസ്ഥയിൽ എത്തുമ്പോഴാണു കേന്ദ്രിക കാഴ്ച നഷ്ടപ്പെടുന്നത്. ഈ രോഗം ബാധിച്ചിരിക്കുന്ന പലരും ചികിത്സ തേടുന്നില്ല. കാരണം, വേദന അനുഭവപ്പെടുന്നില്ലെന്നു മാത്രമല്ല, വണ്ടിയോടിക്കാനും വായിക്കാനും മറ്റു ജോലികളിൽ ഏർപ്പെടാനും അപ്പോഴും അവർക്കു സാധിക്കുന്നു. ‘കാനഡയിലെ ഗ്ലോക്കോമ ഗവേഷണ സൊസൈറ്റി’ പറയുന്നപ്രകാരം, പ്രായം ചെന്നവർക്കും പ്രസ്തുത രോഗം ഉണ്ടായിട്ടുള്ള കുടുംബത്തിൽ നിന്നുള്ളവർക്കും 40-നു മേൽ പ്രായമുള്ള കറുത്തവർഗക്കാർക്കും കണ്ണിനുള്ളിൽ അതിമർദം അനുഭവപ്പെടുന്നവർക്കും ആണ് ഈ നേത്രരോഗം ബാധിക്കാൻ കൂടുതൽ സാധ്യത ഉള്ളത്. “രോഗം ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവരെ ഡോക്ടറെ കാണാൻ സഹായിക്കാനായാൽ ഞങ്ങളുടെ പകുതി പണി കഴിയും” എന്ന് ടൊറൊന്റോയിലെ സെന്റ് മൈക്കിൾസ് ഹോസ്പിറ്റലിലെ ഗ്ലോക്കോമ യൂണിറ്റിന്റെ ഡയറക്ടറായ നീരു ഗുപ്ത പറഞ്ഞു. “രോഗം നേരത്തെ കണ്ടുപിടിച്ചു ചികിത്സിച്ചാൽ കാഴ്ചശക്തി നശിക്കുകയില്ല എന്നതാണു വാസ്തവം.”
മധുരസ്വപ്നങ്ങൾക്കു ഭീഷണിയാകുന്ന നഗരാരവം
നാലു കോടിയിലധികം ഇറ്റലിക്കാർ—ജനസംഖ്യയുടെ 72-ഓളം ശതമാനം—പകൽ സമയം അമിതമായ അളവിൽ ശബ്ദ മലിനീകരണത്തിനു വിധേയരാകുന്നതായി ഇറ്റലിയിലെ പരിസ്ഥിതി മന്ത്രാലയം അഭിപ്രായപ്പെട്ടു. കോറിയേറാ ഡേല്ലാ സേറാ റിപ്പോർട്ടു ചെയ്യുന്നപ്രകാരം, ദീർഘനേരം അത്തരം ശബ്ദ മലിനീകരണത്തിനു വിധേയരാകുന്നതിന്റെ ദൂഷ്യഫലങ്ങൾ പലതാണ്: ഹൃദയമിടിപ്പു വർധിക്കുന്നു, ഹൃദയ ധമനികളിലെ രക്തസമ്മർദത്തിന് ഏറ്റക്കുറച്ചിൽ സംഭവിക്കുന്നു, ശ്വാസോച്ഛ്വാസത്തകരാറുകളും ഉദരവീക്കവും ഓക്കാനവും ഉണ്ടാകുന്നു. വൻ നഗരങ്ങളിൽ വാഹനങ്ങളുടെ ഒച്ച ആളുകളുടെ ഉറക്കത്തിനു തടസ്സം സൃഷ്ടിക്കുന്നു. നഗരത്തിൽ രാത്രിസമയത്തെ ഒച്ചയുടെ അളവ് 70 ഡെസിബെലിനു മുകളിൽ ആയേക്കാം എന്നതിനാൽ ഗാഢനിദ്രയ്ക്കും സ്വപ്നത്തിനും കുറവു സംഭവിക്കാൻ ഇടവരുന്നു. ഇറ്റലിയിലെ ഒരു പരിസ്ഥിതി സംഘടനയായ ലേഗാംബ്യെന്റെയുടെ ശാസ്ത്രവിഭാഗ ഡയറക്ടറായ ലൂച്ചിയാ വേൻറ്റൂറി ഇങ്ങനെ പറയുന്നു: ‘വൻ നഗരങ്ങളിൽ താമസിക്കുന്ന 1.8 കോടി ആളുകളിൽ ഓരോരുത്തർക്കും എന്നും രാത്രിയിൽ 30 മിനിട്ടു നേരത്തെ ഉറക്കം നഷ്ടമാകുന്നതായി കണക്കാക്കപ്പെടുന്നു. ഓരോ വർഷവും ആളാംപ്രതി 22 ഉറക്കമില്ലാത്ത രാത്രികൾക്കു തുല്യമാണ് ഇത്.’
പ്രശംസിക്കേണ്ടതു ബുദ്ധിശക്തിയെയോ ശ്രമത്തെയോ?
കുട്ടികളുടെ ബുദ്ധിശക്തിയെ പ്രശംസിക്കുന്നത് അവർക്കു നന്മ ചെയ്യും എന്ന് അനേകം മാതാപിതാക്കളും വിശ്വസിക്കുന്നു. എന്നാൽ, അത്തരം പ്രശംസകൾ കുട്ടിയുടെ പ്രചോദനത്തിനും ഭാവി നേട്ടങ്ങൾക്കും തടസ്സം സൃഷ്ടിച്ചേക്കാം എന്നു പുതിയ ഗവേഷണം തെളിയിക്കുന്നതായി ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിക്കുന്ന കൊളംബിയ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. പ്രൊഫസർ കാരൾ ഡ്വെക്കിന്റെ അഭിപ്രായത്തിൽ, കഠിനാധ്വാനത്തിന്റെ പേരിൽ കുട്ടികളെ പ്രശംസിക്കുന്നതാണ് ഏറെ നന്ന്; അത്, ജീവിതത്തിലെ വെല്ലുവിളികളെ വേണ്ടവിധത്തിൽ നേരിടാനുള്ള കുട്ടികളുടെ പ്രാപ്തിയെ ബലിഷ്ഠമാക്കും. “ബുദ്ധിശക്തിയുടെ പേരിൽ പ്രശംസിക്കപ്പെടുന്ന കുട്ടികൾ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിലാണു കൂടുതൽ താത്പര്യം കാണിക്കുന്നത്. അങ്ങനെ, മറ്റുള്ളവരുടെ മുന്നിൽ മിടുക്കു കാട്ടാനുള്ള ശ്രമത്തിൽ മിക്കപ്പോഴും അവർ സുപ്രധാനമായ എന്തെങ്കിലും പഠിക്കാൻ കിട്ടുന്ന അവസരം കളഞ്ഞുകുളിക്കുന്നു” എന്ന് ഡ്വെക്ക് അഭിപ്രായപ്പെട്ടു. നേരെ മറിച്ച്, ശ്രമങ്ങളെയും സ്ഥിരോത്സാഹത്തെയും പ്രതി പ്രശംസിക്കപ്പെടുന്നവർ പഠനത്തിലും പരാജയത്തെ മറികടക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഏറെ സാധ്യത. “തന്മൂലം, ഇത്തരം കുട്ടികൾ അറിവു നേടാനുള്ള ശ്രമത്തിൽ മിടുക്കു കാട്ടാനുള്ള അവസരത്തിനു തെല്ലും വില കൽപ്പിക്കാറില്ല. കൂടാതെ, പരീക്ഷയിൽ തോറ്റു പോകുന്നപക്ഷം അവർ തളർന്നു പിന്മാറുന്നുമില്ല,” ഡ്വെക്ക് പറയുന്നു.
പറക്കും കൊള്ളിവെപ്പുകാർ
ജപ്പാനിലെ കാമായിഷിയിലെ രണ്ടു തീപിടിത്തത്തിനു കാരണക്കാർ കാക്കകളാണെന്നു സംശയിക്കപ്പെടുന്നു. ഒരു ശ്മശാനത്തിലെ പുല്ലുകൾക്കു തീപിടിച്ച ആദ്യത്തെ സംഭവത്തിൽ തീ കെടുത്താൻ ചെന്ന അഗ്നിശമന പ്രവർത്തകർ കാക്കകൾക്ക് അതിൽ പങ്കുണ്ട് എന്നതിന്റെ തെളിവുകൾ കണ്ടെത്തി. നിഹോൺ കെയ്സൈ ഷിംബൂൺ ഇങ്ങനെ വിശദീകരിക്കുന്നു: “ശവകുടീരത്തിൽ വെച്ചിരുന്ന കേക്കു കഷണങ്ങൾ കൊത്തിയെടുത്തു കാക്കകൾ പറന്നു. ഉടൻതന്നെ അവ പറന്നകന്ന ദിശയിൽ തീപിടിത്തം ഉണ്ടായി. കത്തിക്കൊണ്ടിരുന്ന ചില സാമ്പ്രാണി തിരികളും അവിടെനിന്ന് അപ്രത്യക്ഷമായിരുന്നു. തീപിടിത്തം തുടങ്ങിയിടത്ത്, കാക്കകളുടെ കൊക്കിൽ നിന്നു താഴെ വീണിരിക്കാൻ ഇടയുള്ള മെഴുകു തിരികൾ കണ്ടെത്തി.” ഏകദേശം ഒരു വർഷത്തിനു ശേഷം, അതേ സ്ഥലത്തുതന്നെ ഒരു മലയോര പ്രദേശത്തു തീപിടിത്തം നടന്നതായി ഡെയ്ലി യോമിയുരി വർത്തമാനപത്രം റിപ്പോർട്ടു ചെയ്തു. കത്തിക്കൊണ്ടിരുന്ന ഒരു കടലാസുപെട്ടിയുമായി പറന്ന ഒരു കാക്ക അത് സമീപത്തുള്ള നദിയിൽ ഇടുന്നത് അവിടെനിന്ന ഒരു അഗ്നിശമന പ്രവർത്തകൻ കണ്ടു. തീപിടിത്തം തുടങ്ങിയതിന്റെ അടുത്തായി കത്തിക്കൊണ്ടിരുന്ന മറ്റൊരു കടലാസുപെട്ടി അഗ്നിശമന പ്രവർത്തകർ കണ്ടെടുത്തു. ഇത്തവണ കാക്കൾ ‘തീപ്പന്തങ്ങൾ’ കണ്ടെത്തിയത് എവിടെനിന്ന് ആയിരിക്കും? അവിടത്തെ ഒരു നിവാസി, ഉരുളക്കിഴങ്ങു ചിപ്സ് സൂക്ഷിച്ചിരുന്ന കടലാസുപെട്ടികൾ കൽക്കരി ചൂളയിൽ കത്തിച്ചതായി അവർ മനസ്സിലാക്കി.
ആയുധങ്ങൾ കൊണ്ടുനടക്കുന്നത് അപകടകരം
“തോക്കു കൈവശം വെക്കുന്ന, തട്ടിക്കൊണ്ടുപോകപ്പെടുന്ന കാറിലുള്ളവർക്ക് തോക്കില്ലാത്ത മറ്റുള്ളവരെ അപേക്ഷിച്ചു വെടിയേൽക്കാനുള്ള സാധ്യത നാലിരട്ടിയാണ്” എന്ന് ദക്ഷിണാഫ്രിക്കൻ വർത്തമാനപത്രമായ ദ നെറ്റാൽ വിറ്റ്നെസ് പ്രസ്താവിക്കുന്നു. “തോക്കുകൾ കൈവശം വെച്ചിരിക്കുന്നവർ കൈത്തോക്കുകൾക്കായി കൊള്ളയടിക്കപ്പെടാനുള്ള സാധ്യത അവർ അവ ഉപയോഗിക്കാനുള്ള സാധ്യതയെക്കാൾ നാലിരട്ടിയാണ്” എന്ന് ആ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. 12 ശതമാനം തട്ടിക്കൊണ്ടു പോകൽ കേസുകളിലും ആക്രമണകാരികൾ ഇരകളുടെ നേർക്കു നിറയൊഴിച്ചതായി പൊലീസ് സ്റ്റേഷനിലെ കേസുവിവര രജിസ്റ്റർ പരിശോധിച്ചതിൽ നിന്നു വ്യക്തമായി. എന്നാൽ, ഇരകൾ ആത്മരക്ഷാർഥം തോക്ക് ഉപയോഗിക്കാൻ മുതിർന്ന കേസുകളിൽ ആ സംഖ്യ 73 ശതമാനമായി ഉയർന്നതായി കണക്കുകൾ കാട്ടുന്നു. ഗവേഷകനായ ആന്റണി ആൾട്ട്ബെക്കർ ഇങ്ങനെ നിഗമനം ചെയ്തു: “തോക്കു കൂടെ കരുതുന്നതു സുരക്ഷിതത്വബോധം പകർന്നേക്കാമെങ്കിലും അത് യഥാർഥത്തിൽ സംരക്ഷണമേകുന്നില്ല.”
“കടലാമ പാത”
ഓരോ വർഷവും ഡിസംബറിൽ, 10,000 പച്ചക്കടലാമകൾ അറ്റ്ലാന്റിക് സമുദ്രത്തിലെ കൊച്ചു ദ്വീപായ അസെൻഷനിലേക്കു പ്രജനനത്തിനായി എത്തുന്നു. ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ബ്രിട്ടനിലെയും ഇറ്റലിയിലെയും ശാസ്ത്രജ്ഞന്മാർ, ഈയിടെ പ്രസ്തുത ദ്വീപിനും ബ്രസീലിലെ തീരദേശ നഗരമായ റെസിഫെയ്ക്ക് അടുത്തുള്ള കടലാമകളുടെ തീറ്റിസ്ഥലത്തിനും ഇടയ്ക്ക് ഒരു “കടലാമ പാത” കണ്ടെത്തിയതായി ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഏഴുമാസ പ്രജനനകാലത്തിന്റെ ഒടുവിൽ എല്ലാ കടലാമകളും ബ്രസീലിലേക്കുള്ള ആദ്യത്തെ 300 കിലോമീറ്റർ ഒരേ പാതയിൽ യാത്ര ചെയ്യുന്നു. പിന്നീട് അവ വെവ്വേറെ പാതയിൽ സഞ്ചരിച്ച് വ്യത്യസ്ത തീറ്റിസ്ഥലങ്ങളിലേക്കു പോകുന്നു. എന്നാൽ, തിരികെ ബ്രസീലിലേക്ക് 2,000 കിലോമീറ്റർ നീന്തിക്കടക്കാൻ അപ്രാപ്തമായ കുരുന്നുകളെ സംബന്ധിച്ചെന്ത്? അവ അറ്റ്ലാന്റിക്, കരീബിയൻ കടലുകളിലുടനീളം ഒഴുക്കിൽപ്പെട്ട് ജെല്ലിമത്സ്യങ്ങളെയും പ്ലവകങ്ങളെയും കുശാലായി ഭക്ഷിച്ചു ജീവിക്കുന്നു. അഞ്ചോ ആറോ വർഷത്തിനു ശേഷം അവ, ബ്രസീലിലെ തീറ്റിസ്ഥലങ്ങളിലേക്കുള്ള വഴി സ്വയം കണ്ടുപിടിക്കുന്നതായി കരുതപ്പെടുന്നു. പിന്നീട്, 20 വയസ്സാകുമ്പോൾ അവ കൂട്ട ദേശാന്തരഗമനക്കാരോടു ചേർന്നു പ്രജനനത്തിനായി അസെൻഷൻ ദ്വീപിലേക്കു മടങ്ങുന്നു.
കൂടുതൽ ബാലഭടന്മാർ
“യുദ്ധങ്ങളിൽ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം പൂർവാധികം വർധിച്ചിരിക്കുകയാണ്. രണ്ടു മൂന്നു വർഷം മുമ്പ് 2,50,000 ആയി കണക്കാക്കപ്പെട്ടിരുന്ന അവരുടെ സംഖ്യ ഇപ്പോൾ 3,00,000 ആയി ഉയർന്നിരിക്കുന്നു” എന്ന് ‘ഐക്യരാഷ്ട്രങ്ങളുടെ ഗവൺമെന്റ്-ഇതര ഏകോപന സമിതി’ പ്രസിദ്ധീകരിക്കുന്ന ഗോ ബിറ്റ്വീൻ റിപ്പോർട്ടു ചെയ്യുന്നു. ഇപ്പോൾ ലോകമെമ്പാടും നടക്കുന്ന 30 യുദ്ധങ്ങളിൽ ബാലഭടന്മാർ—ചിലർക്കു വെറും എട്ടു വയസ്സേ ഉള്ളൂ—ഉൾപ്പെട്ടിരിക്കുന്നു. യുഎൻ സെക്രട്ടറി ജനറലിന്റെ, ‘കുട്ടികൾക്കും സായുധ പോരാട്ടങ്ങൾക്കുമായുള്ള പ്രത്യേക പ്രതിനിധി’ ഓലാരാ ഓട്ടൂണൂ പറയുന്നപ്രകാരം, “യുദ്ധോപകരണങ്ങൾ ആകാൻ കുട്ടികളുടെ മേൽ നിർബന്ധം ചെലുത്തപ്പെടുന്നു. ബാലഭടന്മാർ ആയി അവരെ നിയമിക്കുന്നു, അല്ലെങ്കിൽ അതിനായി അവരെ തട്ടിക്കൊണ്ടു പോകുന്നു. അങ്ങനെ, മുതിർന്നവരെ പോലെ അക്രമ സ്വഭാവം പ്രകടിപ്പിക്കാൻ അവർ നിർബന്ധിക്കപ്പെടുന്നു.” ബാലഭടന്മാരുടെ എണ്ണത്തിലുള്ള വർധനവിനെതിരെ ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി, “സായുധ സേനയിൽ ചേർക്കപ്പെടുന്നവരുടെ പ്രായപരിധി 18 ആയി ഉയർത്താനും അതിൽ താഴെ പ്രായമുള്ളവരെ ചേർക്കുന്നത് ഒരു യുദ്ധകുറ്റകൃത്യമായി കരുതാനും” ഉള്ള നിർദേശത്തെ പിന്തുണയ്ക്കുന്നതായി വസ്തുതകളും കണക്കുകളും 1998 (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം പറയുന്നു.
പ്രായം ചെന്നവർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു
“ഏറ്റവും പുതിയ ഇന്റർനെറ്റ് ജനസംഖ്യാ പഠനം അനുസരിച്ച്, മുമ്പു വിചാരിച്ചിരുന്നതിനെ അപേക്ഷിച്ച് പ്രായം ചെന്നവരിൽ [50-ഉം അതിലധികവും പ്രായമുള്ളവർ] കൂടുതൽ പേർ ഇപ്പോൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നു” എന്ന് ഇസഡ്ഡിനെറ്റിന്റെ പത്രപ്രവർത്തകയായ മാരിയാ സെമിനെറിയോ റിപ്പോർട്ടു ചെയ്യുന്നു. സർവേ നടത്തിയ സംഘടനയുടെ പ്രസിഡന്റായ ടിം കോബ് പറയുന്നപ്രകാരം, “ഇന്റർനെറ്റ് ഇപ്പോൾ പൂർവാധികം മുഖ്യധാരാ മാധ്യമങ്ങളുടെ നിരയിലേക്കു വന്നുകൊണ്ടിരിക്കുന്നു. മേലാൽ അതു സാങ്കേതിക ജ്ഞാനമുള്ളവരുടെ മാത്രം കുത്തകയല്ല.” ഉദാഹരണത്തിന്, ഐക്യനാടുകളിൽ 50-ലധികം പ്രായമുള്ള മുതിർന്നവരിൽ 40 ശതമാനം പേർക്കെങ്കിലും വീടുകളിൽ കമ്പ്യൂട്ടർ ഉണ്ട്. അവരിൽ 70 ശതമാനവും ഇന്റർനെറ്റ് ഉപയോഗിക്കുന്നു.
എയ്ഡ്സ്—“മാരക സാംക്രമിക രോഗങ്ങളിൽ ഒന്നാമൻ”
“ലോകത്തിൽ ഇപ്പോൾ മാരക സാംക്രമിക രോഗങ്ങളിൽ ഒന്നാമൻ എയ്ഡ്സ് ആണ്” എന്ന് ഐക്യരാഷ്ട്ര എയ്ഡ്സ് പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പീറ്റർ പ്യോ അഭിപ്രായപ്പെടുന്നു. 1997-ൽ ലോകവ്യാപകമായുള്ള മാരക സാംക്രമിക രോഗങ്ങളിൽ എയ്ഡ്സ് ഏഴാം സ്ഥാനത്തായിരുന്നു എന്ന് സയൻസ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ, 1998-ൽ അത് ഇസ്ക്കീമിയ ഹൃദ്രോഗം, സെറിബ്രരക്തക്കുഴൽ രോഗം, ശ്വസനനാളത്തിന്റെ കീഴ്ഭാഗത്തെ ബാധിക്കുന്ന രോഗം എന്നിങ്ങനെ സാംക്രമികമല്ലാത്ത രോഗങ്ങൾ ഒഴികെ മറ്റെല്ലാ രോഗങ്ങളെയും പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്തി. ആഫ്രിക്കയിൽ ഇന്ന് സാംക്രമികമല്ലാത്ത മാരക രോഗങ്ങളെ പോലും കടത്തിവെട്ടി അത് ഒന്നാം സ്ഥാനത്തു ജൈത്രയാത്ര തുടരുന്നു. കഴിഞ്ഞ വർഷം ആഫ്രിക്കയിൽ മാത്രം എയ്ഡ്സ് ഏകദേശം 18,30,000 പേരുടെ ജീവൻ അപഹരിച്ചു. രണ്ടാം സ്ഥാനത്തു നിൽക്കുന്ന മാരക രോഗമായ മലമ്പനി കൊന്നൊടുക്കിയതിന്റെ ഇരട്ടിയാണ് അത് എന്ന് ഓർക്കണം.
സമ്മർദം അനുഭവിക്കുന്ന അമ്മമാരും കുഞ്ഞുങ്ങളും
ഗർഭിണികൾ സദാ സമ്മർദത്തിൽ ആയിരിക്കുന്നത് അജാത ശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു എന്ന് കനേഡിയൻ വർത്തമാനപത്രമായ നാഷണൽ പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. കെന്റക്കിയിലെ ലെക്സിങ്ടനിലുള്ള കെന്റക്കി കോളെജ് ഓഫ് മെഡിസിൻ യൂണിവേഴ്സിറ്റിയിലെ പഥിക് വധ്വ പറയുന്നതനുസരിച്ച്, ഗർഭാശയത്തിന്റെ അവസ്ഥ “കുഞ്ഞിന്റെ വളർച്ചയെ സ്വാധീനിക്കുന്നു. അമ്മ അനുഭവിക്കുന്ന സമ്മർദം നിമിത്തം കുഞ്ഞിനു രോഗം പിടിപെടാൻ ഉയർന്ന സാധ്യതയുമുണ്ട്.” സമ്മർദം അനുഭവിക്കുന്ന ഗർഭിണികൾ “മാസം തികയാതെ പ്രസവിക്കുന്നതിന് ഏറെ സാധ്യതയുണ്ട്” എന്ന് ആ റിപ്പോർട്ടു പറയുന്നു. “ആയാസമകറ്റാൻ ഉതകുന്ന വ്യായാമങ്ങൾ ചെയ്യുന്നതു സമ്മർദം അനുഭവിക്കുന്ന ഗർഭിണികളുടെ രക്തസമ്മർദം കുറയ്ക്കാനും ഗർഭാശയത്തിന്റെ അവസ്ഥ കൂടുതൽ ആരോഗ്യാവഹമാക്കാനും സഹായിക്കും” എന്ന് സൗത്ത് കരോളിനയിലുള്ള ക്ലെംസൻ സർവകലാശാലയിലെ ഗവേഷകർ നിർദേശിക്കുന്നു.